തന്റെ പാടത്ത് നിൽക്കുന്ന ചുരുക്കം ആവണക്ക് ചെടികളിലേക്ക് നോക്കുമ്പോൾ നാരായൺ ഗയ്ൿവാഡിന് തന്റെ കോലാപ്പൂരി ചെരുപ്പുകൾ ഓർമ്മവരുന്നു. 20 വർഷങ്ങൾക്ക് മുമ്പാണ് അയാൾ അത് അവസാനമായി ഉപയോഗിച്ചത്. “കോലാപ്പൂർ ചപ്പലുകൾ (ചെരുപ്പുകൾ) ഞങ്ങൾ ആവണക്കെണ്ണ ഉപയോഗിച്ച് തുടച്ചുവെക്കാറുണ്ടായിരുന്നു. അവയുടെ ആയുസ്സ് കൂട്ടാൻ അവ ഉപകരിച്ചിരുന്നു”, ആ എണ്ണയും, മേഖലയിലെ പ്രശസ്തമായ ചെരുപ്പും തമ്മിലുള്ള ബന്ധം വിശദീകരിച്ചുകൊണ്ട് ആ 77 വയസ്സുള്ള കർഷകൻ പറയുന്നു.
കോലാപ്പൂരി ചപ്പലുകൾ മിനുസപ്പെടുത്താനാണ് ആവണക്കെണ്ണ കോലാപ്പൂർ ജില്ലയിൽ പ്രാഥമികമായും ഉപയോഗിച്ചിരുന്നത്. എരുമയുടേയോ പശുവിന്റേയോ തോലുപയോഗിച്ചുണ്ടാക്കുന്ന ആ ചെരുപ്പിന്റെ മാർദ്ദവവും ആകൃതിയും നിലനിർത്താനായി എണ്ണ പുരട്ടാറുണ്ടായിരുന്നു. അതിനേറ്റവും അനുയോജ്യമായ എണ്ണ ആവണക്കിന്റേതാണ്.
കോലാപ്പൂരിന്റെ തനത് കൃഷിയല്ലെങ്കിലും, ആവണക്കിന് (റിസിനസ് കമ്മ്യൂണിസ്) ഈ മേഖലയിൽ വലിയ പ്രചാരമുണ്ടായിരുന്നു. പച്ചയിലകളും കട്ടിയുള്ള തണ്ടുകളുമുള്ള ഈ ചെടി വർഷം മുഴുവൻ വളർത്താൻ കഴിയുന്ന ഒന്നായിരുന്നു. ലോകത്ത് ആവണക്ക് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. 2021-22-ൽ 16.5 ലക്ഷം ടൺ ആവണക്ക് വിത്തുകളാണ് ഇന്ത്യ ഉത്പാദിപ്പിച്ചത്. ആവണക്ക് ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ ഗുജറാത്ത്, ആന്ധ്ര പ്രദേശ്, തമിഴ് നാട്, ഒഡിഷ, രാജസ്ഥാൻ എന്നിവയാണ്.
“എന്റെ അച്ഛൻ 96 വയസ്സുവരെ ജീവിച്ചു. എല്ലാ വർഷവും അദ്ദേഹം ആവണക്ക് കൃഷി ചെയ്തു”, അച്ഛന്റെ പാരമ്പര്യം പിന്തുടർന്ന്, എല്ലാ വർഷവും തന്റെ 3.25 ഏക്കർ ഭൂമിയിൽ ആവണക്ക് കൃഷി ചെയ്യുന്ന നാരായൺ പറയുന്നു. 150 വർഷത്തിലധികമായി തന്റെ കുടുംബം ഈ കൃഷി ചെയ്തുപോരുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. “പയറിന്റെ ആകൃതിയിലുള്ള, ഇരണ്ടി എന്ന തനത് ഇനത്തെ ഞങ്ങൾ സംരക്ഷിച്ചുപോന്നു. ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടാകും അതിന്. ഇപ്പോൾ ഞാനും ഭാര്യയും മാത്രമാണ് ഇതിന്റെ സൂക്ഷിപ്പുകാർ”, കടലാസ്സിൽ പൊതിഞ്ഞ ആ വിത്തുകൾ ചൂണ്ടിക്കാട്ടി, നാരായൺ പറയുന്നു.
തങ്ങൾ വളർത്തുന്ന കാസ്റ്റർ പയറുകളിൽനിന്ന്, നാരായണും, 66 വയസ്സുള്ള ഭാര്യ കുസുമും എണ്ണയും വാറ്റിയെടുക്കുന്നുണ്ട്. ചുറ്റുവട്ടത്തൊക്കെ ധാരാളം എണ്ണമില്ലുകൾ വന്നിട്ടും, അദ്ധ്വാനം ആവശ്യമായ ഈ ജോലി അവർ ഇന്നും തുടരുന്നു. “പണ്ടെല്ലാം, ഞങ്ങൾ മൂന്നുമാസത്തിലൊരിക്കൽ എണ്ണ വാറ്റിയെടുത്തിരുന്നു”, നാരായൺ പറയുന്നു.
“ഞാൻ കുട്ടിയായിരുന്നപ്പോൾ, എല്ലാ വീടുകളിലും ആവണക്ക് വളർത്തുകയും എണ്ണ വാറ്റിയെടുക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ എല്ലാവരും അത് നിർത്തി, കരിമ്പ് കൃഷി ചെയ്യാൻ തുടങ്ങി”, കുസും പറയുന്നു. ആവണക്കെണ്ണ വാറ്റിയെടുക്കാനുള്ള വിദ്യ അവർ പഠിച്ചത് ഭർത്തൃമാതാവിൽനിന്നാണ്.
2000 വരെ, നാരായൺ ഗയ്ൿവാഡിന്റെ കുടുംബം ചുരുങ്ങിയത് 100 ആവണക്ക് ചെടികൾ സ്വന്തം ഭൂമിയിൽ കൃഷി ചെയ്തിരുന്നു. ഇപ്പോൾ അത് 15 എണ്ണമായി ചുരുങ്ങി. കോലാപ്പൂരി ജില്ലയിലെ ജംഭാലി ഗ്രാമത്തിൽ, ഇപ്പോഴും അത് വളർത്തുന്ന വിരലിലെണ്ണാവുന്ന കർഷക കുടുംബങ്ങളിൽ ഒന്നാണ് അദ്ദേഹത്തിന്റേത്.
കോലാപ്പൂരി ചെരുപ്പുകൾക്കുള്ള ആവശ്യക്കാർ കുറഞ്ഞത്, പ്രദേശത്തെ ആവണക്കെണ്ണയുടെ ഉത്പാദനത്തെയും സാരമായി ബാധിച്ചു. “കോലാപ്പൂരി ചപ്പലുകൾക്ക് വില വളരെ കൂടുതലാണ്. ചുരുങ്ങിയത് 2,000 രൂപയെങ്കിലും ഉണ്ടാവും ഇപ്പോൾ”, നാരായൺ വിശദീകരിക്കുന്നു. രണ്ട് കിലോഗ്രാമിനടുപ്പിച്ചുവരും ആ പാദരക്ഷകളുടെ ഭാരം. കർഷകർക്കിടയിൽ അതിന്റെ പ്രചാരം കുറഞ്ഞു. വിലയും ഭാരവും കുറഞ്ഞ റബ്ബർ ചെരുപ്പുകളാണ് ഇപ്പോൾ ആളുകൾക്ക് പഥ്യം. “മാത്രമല്ല, എന്റെ അണ്മക്കൾ വലിയ രീതിയിൽ കരിമ്പ് കൃഷി ചെയ്യാനും ആരംഭിച്ചു”, ആവണക്ക് കൃഷിയിൽനിന്ന് അകലാനുണ്ടായ കാരണം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
10 വയസ്സായപ്പോഴാണ്, ആദ്യമായി, ആവണക്കെണ്ണ വാറ്റാൻ നാരായണനെ പഠിപ്പിച്ചത്. “എല്ലാം അടിച്ചുവാരി കൂട്ടിവെക്ക്”, പാടത്ത് കിടക്കുന്ന അഞ്ചുകിലോയിലധികം വരുന്ന ആവണക്ക് പരിപ്പുകൾ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞത് നാരായൺ ഓർത്തെടുത്തു. നട്ടുകഴിഞ്ഞാൽ 3-4 മാസത്തിനകം, ആവണക്ക് ചെടികളിൽ പയറുകൾ മുളയ്ക്കും. ശേഖരിച്ച പയറുകൾ മൂന്നുദിവസം വെയിലത്തിട്ട് ഉണക്കും.
ഉണങ്ങിയ പയറിൽനിന്ന് എണ്ണ വാറ്റുന്ന പ്രക്രിയ അദ്ധ്വാനം ആവശ്യമുള്ള ഒന്നാണ്. “ചെരുപ്പകളിട്ട്, ഉണങ്ങിയ പയറുകൾ ഞങ്ങൾ ചവിട്ടി മെതിക്കും. അപ്പോൾ അതിന്റെ മുള്ളുകളുള്ള ഭാഗത്തുനിന്ന് വിത്തുകൾ വേറിട്ടുവരും”, നാരായൺ വിശദീകരിക്കുന്നു. ഇനി ഈ വിത്തുകൽ, മണ്ണുകൊണ്ടുണ്ടാക്കിയ പരമ്പരാഗത ചൂളയിലിട്ട് ചുട്ടെടുക്കും.
ചുട്ടെടുത്തുകഴിഞ്ഞാൽ, ഉണങ്ങിയ ആവണക്ക് വിത്തുകളിൽനിന്ന് എണ്ണയെടുക്കാനുള്ള ഒരുക്കമായി.
ബുധനാഴ്ചകളിൽ, നാരായൺ, അമ്മ കാസാബായിയെ, ആവണക്ക് ചവിട്ടിമെതിക്കാൻ സഹായിക്കും. “ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഞങ്ങൾ പാടത്ത് പണിയെടുക്കും. വ്യാഴാഴ്ചമുതൽ ശനിയാഴ്ചവരെ അവിടെനിന്ന് കിട്ടുന്നഉത്പന്നങ്ങൾ (പച്ചക്കറിയും ധാന്യങ്ങളും) സമീപത്തുള്ള ചന്തകളിൽ കൊണ്ടുപോയി വിൽക്കും. ബുധനാഴ്ച മാത്രമാണ് ഒഴിവ് കിട്ടുക”, നാരായൺ ഓർമ്മിക്കുന്നു.
ആറ് പതിറ്റാണ്ട് കഴിഞ്ഞ് ഇന്നും, ഗെയ്ൿവാഡുകൾ ബുധനാഴ്ചകളിൽ മാത്രമേ ആവണക്ക് പൊടിക്കാറുള്ളു. ഈ ഒക്ടോബറിലെ പകൽസമയത്ത്, കുസുമിന്റെ അയൽക്കാരിയും ബന്ധുവുമായ വന്ദന മഗ്ദൂമിന്റെ വീട്ടിൽ അവർ ഇരുവരും ഉഖൽ-മുസൽ ഉപയോഗിച്ച് കായികമായി വിത്തുകൾ പൊടിക്കുകയാണ്.
ഉഖൽ എന്നത്, കറുത്ത കല്ലുകൾകൊണ്ടുണ്ടാക്കിയ ഒരു ഉരലാണ്. വീട്ടിലെ തളത്തിൽ, നിലത്ത്, 6-8 ഇഞ്ച് താഴ്ചയിലാണ് അത് സ്ഥാപിച്ചിരിക്കുന്നത്. കുസും നിലത്തിരുന്ന് സഗ്വാൻ മരംകൊണ്ടുണ്ടാക്കിയ ഉയരമുള്ള മുസൽ (ഉലക്ക) പൊക്കാൻ സഹായിക്കുന്നു. വന്ദന നിന്നുകൊണ്ട്, ഉലക്ക ഉപയോഗിച്ച്, ആവണക്ക് വിത്തുകൾ ശക്തിയായി ഇടിച്ച് പൊടിക്കുന്നു.
“അന്നൊന്നും മിക്സിയും ഗ്രൈൻഡറുകളും ഇല്ലല്ലോ”, വർഷങ്ങൾ പഴക്കമുള്ള ഈ ഉപകരണങ്ങളെ ഉദ്ദേശിച്ച് കുസും വിശദീകരിക്കുന്നു.
പൊടിക്കൽ പ്രക്രിയ തുടങ്ങി മുപ്പത് മിനുട്ട് കഴിയുമ്പോഴേക്കും ആവണക്കെണ്ണ രൂപപ്പെടാൻ തുടങ്ങിയത് കുസും കാണിച്ചുതരുന്നു. “റബ്ബറുപോലെ ഒരു സാധനം വലിയ താമസമില്ലാതെ ഉണ്ടാവും”, തള്ളവിരലിൽ പറ്റിപ്പിടിച്ച കറുത്ത നിറമുള്ള ഒരു മിശ്രിതം കാണിച്ച് അവർ വിശദീകരിക്കുന്നു.
രണ്ടുമണിക്കൂർ കൂടി ഇടിച്ചുകഴിഞ്ഞതിനുശേഷം, കുസും ആ മിശ്രിതം ഉരലിൽനിന്ന് ഒരു പാത്രത്തിലിട്ട്, തിളച്ച വെള്ളം ചേർത്തു. രണ്ട് കിലോഗ്രാം പൊടിച്ച ആവണക്ക് വിത്തുകൾക്ക് അഞ്ച് ലിറ്റർ തിളച്ച വെള്ളം ആവശ്യമാണെന്ന് അവർ പറഞ്ഞു. വീടി് പുറത്തുള്ള ഒരു അടുപ്പിൽ വീണ്ടും ആ മിശ്രിതം തിളപ്പിച്ചു. പുക കാരണം, കണ്ണുകൾ തുറന്നുവെക്കാൻ കുസും ബുദ്ധിമുട്ടി. “ഇത് ഞങ്ങൾക്ക് ശീലമായി”, ചുമച്ചുകൊണ്ട് അവർ പറയുന്നു.
മിശ്രിതം തിളയ്ക്കാൻ തുടങ്ങുമ്പോൾ കുസും എന്റെ ഷർട്ടിൽനിന്ന് ഒരു നൂൽ പറിച്ചെടുത്ത് അതിലിടുന്നു. “ഈ ജോലി ചെയ്യുമ്പോൾ പുറത്തുള്ള ആളുകളുണ്ടെങ്കിൽ, ഞങ്ങൾ അവരുടെ തുണിയിൽനിന്ന് ഒരു നൂൽ വലിച്ചെടുക്കും. അങ്ങിനെ ചെയ്തില്ലെങ്കിൽ അവർ എണ്ണ മോഷ്ടിക്കും”, കുസും വിശദീകരിച്ചു. “കുടുംബത്തിൽ പെടത്തവർ എണ്ണ മോഷ്ടിക്കുമെന്നുള്ളത് പഴയ കാലത്തെ ഒരു അന്ധവിശ്വാസമാണ്. അതിനാണ് അവർ ആ നൂൽ ഇടുന്നത്” നാരായൺ പെട്ടെന്നുതന്നെ ആശ്വസിപ്പിക്കാൻ നോക്കി.
വെള്ളത്തിന്റെയും പൊടിച്ച ആവണക്ക് പരിപ്പിന്റെയും മിശ്രിതം, കുസും ഒരു വലിയ മരത്തിന്റെ സ്പൂൺ ഉപയോഗിച്ച് ഇളക്കിക്കൊണ്ടിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ എണ്ണ വേറിട്ട്, മുകളിൽ ഒഴുകിനടക്കാൻ തുടങ്ങി.
“ഞങ്ങൾ ഒരിക്കലും എണ്ണ വിറ്റിരുന്നില്ല. സൌജന്യമായി കൊടുത്തുവന്നു” ജംഭാലിയുടെ സമീപത്തെ ഗ്രാമങ്ങളിൽനിന്നുള്ള ആളുകൾ എണ്ണ വാങ്ങാൻ വന്നിരുന്ന കാലം ഓർത്തെടുത്ത് നാരായൺ പറയുന്നു. “കഴിഞ്ഞ നാലുവർഷമായി എണ്ണ വാങ്ങാൻ ആരും വന്നിട്ടില്ല”, ഒരരിപ്പ വെച്ച് എണ്ണ അരിച്ചെടുക്കുമ്പോൾ കുസും പറയുന്നു.
ലാഭത്തിനുവേണ്ടി എണ്ണ വിൽക്കുന്ന കാര്യം, ഇന്നേവരെ, ഗെയ്ൿവാഡുകാർ ചിന്തിച്ചിട്ടില്ല.
എന്നാൽ ആവണക്ക് ഉത്പാദനത്തിൽനിന്നുള്ള പ്രതിഫലം തീരെ തുച്ഛമാണ്. സമീപത്തുള്ള ജയ്സിംഗ്പുർ പട്ടണത്തിലെ വ്യാപാരികൾ കിലോഗ്രാമിന് 20-25 രൂപ നിരക്കിലാണ് ആവണക്ക് വാങ്ങുക”, കുസും പറയുന്നു. വ്യവസായങ്ങളിൽ, പുറമേ തേക്കുന്നതിനും, മിനുസപ്പെടുത്താനും, മെഴുകിലും പെയിന്റുകളിലും ചേർക്കാനുമാണ് ആവണക്കെണ്ണ ഉപയോഗിക്കുക. സോപ്പ്, സൌന്ദര്യവർദ്ധകവസ്തുക്കൾ, എന്നിവയിൽപ്പോലും അത് ഉപയോഗിക്കാറുണ്ട്.
“ഇപ്പോൾ ആളുകൾക്ക്, എണ്ണ കായികമായി വാറ്റാനുള്ള സമയമില്ല. ആവശ്യം വരുമ്പോൾ അവർ കമ്പോളത്തിൽനിന്ന്, തയ്യാറാക്കിവെച്ച ആവണക്കെണ്ണ വാങ്ങും”, കുസും പറയുന്നു.
ഇക്കാലത്തുപോലും, ഗെയ്ൿവാഡുകൾ, ആവണക്കിന്റെ കാലാകാലമായി തെളിയിക്കപ്പെട്ട ഗുണങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു. “തലയിൽ ഒരു ആവണക്കില വെച്ചാൽ, അത് നിങ്ങളെ ശാന്തമാക്കും”, നാരായൺ പറയുന്നു. പ്രാതലിനുമുമ്പ് ഇരണ്ടി എണ്ണ കഴിച്ചാൽ, വയറ്റിലെ കൃമികളെ അത് നശിപ്പിക്കും”.
“ഒരു ആവണക്ക് ചെടി, കൃഷിക്കാരന്റെ കുടയാണ്’, മിനുസമുള്ള ഇലകളുടെ, വെള്ളം തെറിപ്പിച്ചുകളയുന്ന കൂർത്ത ഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് നാരായൺ പറയുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള നീണ്ട മഴക്കാലത്ത് ഇത് പ്രയോജനകരമാണ്. “പൊടിച്ച ആവണക്ക് പരിപ്പുകൾ നല്ല ജൈവവളവുംകൂടിയാണ്”, നാരായൺ പറയുന്നു.
പരമ്പരാഗതമായി ധാരാളം ഉപയോഗങ്ങളുണ്ടെങ്കിലും, ആവണക്ക് ചെടികൾ കോലാപ്പൂരിലെ കൃഷിയിടങ്ങളിൽനിന്ന് അപ്രത്യക്ഷമാവുകയാണ്.
കോലാപ്പൂരിലെ കരിമ്പുകൃഷിക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം, ഇരണ്ടിയുടെ കുറഞ്ഞുവരുന്ന പ്രചാരത്തെ കൂടുതൽ വഷളക്കി. മഹാരാഷ്ട്ര സർക്കാരിന്റെ ഗസറ്റീർസ് ഡിപ്പാർട്ടുമെന്റ് കാണിക്കുന്നത്, 1955-56-ൽ 48,361 ഏക്കർ സ്ഥലത്ത് കരിമ്പുകൃഷി ചെയ്തിരുന്നത്, 2022-23-ൽ 4.3 ലക്ഷം ഏക്ക ർ ആയി വർദ്ധിച്ചിട്ടുണ്ടെന്നാണ്.
“എന്റെ കുട്ടികൾപോലും ഇതുവരെയായി ആവണക്ക് വളർത്താനോ എണ്ണ ഊറ്റിയെടുക്കാനോ പഠിച്ചിട്ടില്ല”, നാരായൺ പറയുന്നു. “അവർക്ക് സമയമില്ല”. മക്കളായ 49 വയസ്സുള്ള മാരുതിയും 47 വയസ്സുള്ള ഭഗത് സിംഗും കർഷകരാണ്. കരിമ്പടക്കം വിവിധ വിളകൾ അവർ കൃഷി ചെയ്യുന്നു. മകൾ, 48 വയസ്സുള്ള മിനാതായ് വീട്ടമ്മയാണ്.
കായികമായി എണ്ണ ഊറ്റിയെടുക്കുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ നാരായണിന്റെ മറുപടി, “ഒരു ബുദ്ധിമുട്ടുമില്ല. ഞങ്ങൾക്കിത് നല്ല വ്യായാമമാണ്”.
“എനിക്ക് ചെടികൾ സംരക്ഷിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എല്ലാ വർഷവും ആവണക്ക് ചെടികൾ നടുന്നു”, ഉറച്ച് ബോധ്യത്തോടെ അദ്ദേഹം പറയുന്നു. ഈ അദ്ധ്വാനത്തിൽനിന്ന് അവർ സാമ്പത്തികമായ ലാഭമൊന്നും പ്രതീക്ഷിക്കുന്നതേയില്ല. ആ പാരമ്പര്യം തുടർന്നുപോകാനാണ് അവർ ആഗ്രഹിക്കുന്നതും.
10 അടി പൊക്കമുള്ള കരിമ്പിന്റെ ഇടയിലും, നാരായണും കുസുമും അവരുടെ ആവണക്ക് ചെടികളെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു.
ഗ്രാമങ്ങളിലെ കരകൌശലക്കാരെക്കുറിച്ചുള്ള സങ്കേത് ജെയിനിന്റെ പരമ്പരയിലെ ഒരു കഥയാണിത് . മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ പിന്തുണയുമുണ്ട് .
പരിഭാഷ: രാജീവ് ചേലനാട്ട്