സുനിത ഭുർക്കുഡെയുടെ മാതൃഭാഷ കൊലാമിയാണെങ്കിലും ഈ പരുത്തിക്കർഷക ദിവസത്തിന്റെ അധികനേരവും ഉപയോഗിക്കുന്നത് മറാത്തി ഭാഷയാണ്. "ഞങ്ങളുടെ പരുത്തി വിൽക്കണമെങ്കിൽ കമ്പോളത്തിലെ ഭാഷ അറിഞ്ഞേ തീരൂ” അവർ പറയുന്നു.

മഹാരാഷ്ട്രയിലെ യവത്‌മാൾ ജില്ലയിലെ അവരുടെ കൊലാം ആദിവാസി കുടുംബം വീട്ടിൽ സംസാരിക്കുന്ന ഭാഷ കൊലാമിയാണ്. സുർ ദേവി പോഡിലുള്ള (കോളനി) അവരുടെ അമ്മവീട്ടിൽ മുത്തച്ഛനും മുത്തശ്ശിയും മറാത്തി ഭാഷ സംസാരിക്കാൻ കഷ്ടപ്പെട്ടിരുന്നത് അവർക്ക് ഇപ്പോഴും ഓർമ്മയുണ്ട്. “അവർ ഒരിക്കലും സ്കൂളിൽ പോയിരുന്നില്ല മുറിഞ്ഞ വാചകങ്ങളിൽ അവർ മറാത്തി തപ്പിത്തടഞ്ഞ് സംസാരിക്കുമായിരുന്നു.”

എന്നാൽ കുടുംബത്തിലെ കൂടുതൽക്കൂടുതൽ അംഗങ്ങൾ പരുത്തി വിൽക്കാൻ കമ്പോളങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ അവർ ആ ഭാഷ പഠിച്ചെടുത്തു. ഇന്ന് അവരുടെ ഭുൽ‌ഗാഡ് ഗ്രാമത്തിലെ പോഡിൽ എല്ലാ കൊലാം ആദിവാസികളും ഒന്നിലധികം ഭാഷ സംസാരിക്കുന്നവരാണ് അവർ മറാത്തിയും അല്പം ചില ഹിന്ദി  വാക്യങ്ങളും, കൊലാമിയും സംസാരിക്കുന്നവരാണ്.

മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലുങ്കാന, ചത്തീസ്ഗഡ് തുടങ്ങിയ സ്ഥലങ്ങളിലെ മുഖ്യ ദ്രാവിഡ ഭാഷയാണ് കൊലാമി. “നിശ്ചയമായും അപകടത്തിലായ” ഭാഷകളുടെ കൂട്ടത്തിലാണ് യുനെസ്കോവിന്റെ അറ്റ്ലസ് ഓഫ് ദ വേൾഡ്സ് ലാംഗ്വേജ് ഇൻ ഡേഞ്ചർ കൊലാമിയെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

“പക്ഷേ ഞങ്ങളുടെ ഭാഷ മരിക്കുന്നില്ല ഞങ്ങൾ അത് ഉപയോഗിക്കുന്നു,” 40 വയസ്സുള്ള സുനിത തർക്കിച്ചു.

PHOTO • Ritu Sharma
PHOTO • Ritu Sharma

കൊലാം ആദിവാസി പരുത്തിക്കർഷകയാണ് സുനിത ഭുർക്കുഡെ. മഹാരാഷ്ട്രയിലെ യുവത്മാലിലെ ഭുൽ‌ഗാഡ് ഗ്രാമത്തിലെ കൊലാം ഗോത്രത്തിന്റെ രജിസ്റ്റർ സൂക്ഷിക്കുന്നുണ്ട് പ്രേരണ ഗ്രാം വികാസ് (വലത്ത്) എന്ന സർക്കാരിതര സംഘടന

മഹാരാഷ്ട്രയിലെ കൊലാം ആദിവാസികളുടെ ജനസംഖ്യ 194,671 ( 2013 -ലെ സ്റ്റാറ്റിസ്റ്റിക്കൽ പ്രൊഫൈൽ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ്. ഇൻ ഇന്ത്യ) ആണെങ്കിലും, കൊലാമി തങ്ങളുടെ മാതൃഭാഷയാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്, അവരിൽ പകുതിപ്പേർ മാത്രമാണ്.

“ഞങ്ങളുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവർ മറാത്തി പഠിക്കുന്നു ബുദ്ധിമുട്ടുള്ള ഭാഷയല്ല അത്. പക്ഷേ കൊലാമി ബുദ്ധിമുട്ടുള്ളതാണ്” സുനിത പറഞ്ഞു. എന്നിട്ട് ഇത്രയുംകൂടി കൂട്ടിച്ചേർത്തു. “സ്കൂളുകളിൽ ഞങ്ങളുടെ ഭാഷ സംസാരിക്കാൻ അറിയുന്ന അധ്യാപകരില്ല.” അച്ഛൻ മരിച്ചപ്പോൾ രണ്ടാം ക്ലാസ്സിൽ പഠനം മതിയാക്കിയതാണ് സുനിത.

തന്റെ മൂന്നേക്കർ ഭൂമിയിൽ പരുത്തി പറിക്കുന്ന ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സുനിതയെ പാരി സന്ദർശിച്ചത്.”സീസൺ കഴിയുന്നതിനുമുമ്പ് എനിക്ക് വിളവെടുക്കണം” അവർ ഞങ്ങളോട് പറഞ്ഞു. പരുത്തി ചെടിയിൽനിന്ന് വെളുത്ത പരുത്തി താളത്തിൽ പറിച്ചെടുക്കുകയായിരുന്നു അവരുടെ കൈകൾ മിനിറ്റുകൾക്കുള്ളിൽ അവരുടെ സഞ്ചി പകുതിയോളം നിറഞ്ഞു.

“അവസാനത്തെ രണ്ട് താസ് (മറാത്തിയിലും കൊലാമിയിലും വരി എന്നാണ് ഈ വാക്കിന്റെ അർത്ഥം) ‘ കാപാസ് ’ (മറാത്തിയിൽ പരുത്തി എന്നർത്ഥം) ആണ് ഇത്” സുനിത പറഞ്ഞു. തന്റെ വസ്ത്രത്തിന് മുകളിൽ അവർ മറ്റൊരു ഷർട്ടുകൂടി ധരിച്ചിരുന്നു. കാരണം, “ഉണങ്ങിയ റെക്കയും (കൊലാമിയിൽ കാലിക്സ് എന്ന് പറയും) ഗഡ്ഡി യും (കള, കൊലാമിയിൽ വീഡ് എന്ന് വിളിക്കുന്നു) പറിക്കുമ്പോൾ അതിന്റെ കറ പറ്റിപ്പിടിച്ച് പലപ്പോഴും സാരി കീറി പോകാറുണ്ട്, സുനിത പറയുന്നു. പരുത്തിയുടെ പൂക്കളെ ഉൾക്കൊള്ളുന്ന പുറംഭാഗമാണ് കാലിക്സ്. പരുത്തിപ്പാടങ്ങളിൽ കാണപ്പെടുന്ന പൊതുവായ കളയാണ് ഗഡ്ഡി.

ഉച്ചച്ചൂട് വർദ്ധിച്ചപ്പോൾ അവർ ഒരു സെലങ്ക വലിച്ചുടുത്തു. സൂര്യാഘാതം തടയാൻ ഉപയോഗിക്കുന്ന ഒരു ചെറിയ പരുത്തിത്തുണിയാണ് അത്. എന്നാൽ പാടത്തെ പണിയിൽ ഉപയോഗിക്കുന്ന പ്രധാന വസ്ത്രം ഒഡ്ഡിയാണ്. ചുമലിലും അരയിലും കെട്ടിവെക്കുന്ന, പറിച്ചെടുക്കുന്ന പരുത്തി ഇടാൻ ഉപയോഗിക്കുന്ന നീളമുള്ള ഒരുതരം കോട്ടൺ സാരിയാണ് അത്. വിളവെടുക്കുന്ന സീസണിൽ, ദിവസവും, ഏഴ് മണിക്കൂറോളം, അല്പം മാത്രം വിശ്രമിച്ച്, ജോലി ചെയ്യേണ്ടിവരും. ഇടയ്ക്ക്, അടുത്തുള്ള കിണറ്റിൽ പോയി ഈറ് (കൊലാമിയിൽ വെള്ളം) കുടിച്ച് ശരീരം തണുപ്പിക്കും.

PHOTO • Ritu Sharma
PHOTO • Ritu Sharma

സുനിത മൂന്നേക്കർ പാടത്ത് പരുത്തി കൃഷി ചെയ്യുന്നുണ്ട്. ‘സീസൺ അവസാനിക്കുന്നതിനുമുമ്പ് എനിക്ക് വിളവെടുക്കണം.’ ദിവസം മുഴുവൻ അവർ പരുത്തി പറിക്കുന്ന ജോലി ചെയ്യും. ഇടയ്ക്ക് വല്ലപ്പോഴും സമീപത്തുള്ള കിണറ്റിൽനിന്ന് വെള്ളം (കൊലാമിയിൽ ഈർ എന്ന് പേര്) കോരിക്കുടിക്കും

PHOTO • Ritu Sharma
PHOTO • Ritu Sharma

ചെടികൾമൂലം സാരി കീറാതിരിക്കാൻ സുനിത ഒരു ഷർട്ടും അധികമായി ധരിക്കുന്നു. ഉച്ചയ്ക്ക് ചൂട് കൂടുമ്പോൾ, തലപ്പാവായി ഉപയോഗിക്കുന്ന സെലംഗ ധരിക്കും – സൂര്യാഘാതം ഏൽക്കാതിരിക്കാൻ. പരുത്തി സൂക്ഷിക്കാൻ അരയ്ക്ക് ചുറ്റും ഒഡ്ഡി എന്ന വസ്ത്രവും അവർ ധരിക്കാറുണ്ട്

സീസണിന്റെ അവസാനത്തിൽ (2024 ജനുവരിയിൽ) സുനിത 1,500 കിലോഗ്രാം പരുത്തി വിളവെടുത്തു. 2023 ഒക്ടോബർ മുതൽക്കുള്ളത്. “പരുത്തി വിളവെടുക്കുന്നത് ഒരിക്കലും ഒരു വെല്ലുവിളിയല്ല. ഞാനൊരു കർഷക കുടുംബത്തിൽനിന്നാണ് വരുന്നത്.”

20 വയസ്സുള്ളപ്പോഴാണ് അവരുടെ വിവാഹം. 15 വർഷങ്ങൾക്കുശേഷം 2014-ൽ ഭർത്താവ് മരിച്ചു. “അദ്ദേഹത്തിന് മൂന്ന് ദിവസം പനിയായിരുന്നു”. രോഗം കലശലായപ്പോൾ സുനിത അയാളെ യവത്‌മാലിലെ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി. “എല്ലാം പെട്ടെന്നായിരുന്നു. ഇപ്പോഴും എനിക്ക് മരണകാരണം അറിയില്ല.”

രണ്ട് കുട്ടികളാണ് അവർക്കുള്ളത്: “അർപ്പിതയ്ക്കും ആകാശിനും കഷ്ടി 10 വയസ്സുള്ളാപ്പോഴാണ് മനുസ് (ഭർത്താവ്) മരിച്ചത്. പാടത്ത് ഒറ്റയ്ക്ക് പോകാൻ പേടിച്ചിരുന്ന സമയമുണ്ടായിരുന്നു.” അടുത്തുള്ള പാടത്തെ കർഷകസുഹൃത്തുക്കളുടെ വിശ്വാസം പിടിച്ചുപറ്റാൻ, മറാത്തിയിലുള്ള അവരുടെ അറിവ് സഹായിച്ചിട്ടുണ്ടെന്ന് സുനിത വിശ്വസിക്കുന്നു. “നമ്മൾ പാടത്തോ മാർക്കറ്റിലോ ആണെങ്കിൽ, അവരുടെ ഭാഷ സംസാരിക്കണം, വേണ്ടേ? അവർക്ക് നമ്മുടെ ഭാഷ അറിയുമോ?,” സുനിത ചോദിക്കുന്നു.

ഇപ്പോഴും കൃഷി ചെയ്യുന്നുണ്ടെങ്കിലും, പുരുഷന്മാർക്ക് ആധിപത്യമുള്ള പരുത്തി കമ്പോളത്തിൽ പങ്കെടുക്കുന്നതിന് ആളുകളിൽനിന്ന് എതിർപ്പ് നേരിടുന്നുണ്ടെന്ന് അവർ പറയുന്നു. അതുകൊണ്ട് വില്പനയിൽനിന്ന് അവർ വിട്ടുനിന്നു. “ഞാൻ വിളവെടുക്കുക മാത്രമേ ചെയ്യുന്നുള്ളു. വിൽക്കുന്നതൊക്കെ ആകാശാണ്.”

പരുത്തിയുടെ വിളവെടുക്കുമ്പോൾ സുനിത ഭുർകുഡെ സംസാരിക്കുന്നത് കാണാം

സുനിത ഭുർക്കുഡെയുടെ മാതൃഭാഷ കൊലാമിയാണെങ്കിലും ദിവസത്തിന്റെ അധികനേരവും അവർ ഉപയോഗിക്കുന്നത് മറാത്തി ഭാഷയാണ്. ‘ഞങ്ങളുടെ പരുത്തി വിൽക്കണമെങ്കിൽ കമ്പോളത്തിലെ ഭാഷ അറിഞ്ഞേ തീരൂ,’ അവർ പറയുന്നു.

*****

അതീവ ദുർബ്ബല ഗോത്രവിഭാഗമായി (പി.വി.ടി.ജി) പട്ടികപ്പെടുത്തിയിട്ടുള്ളവരാന് കൊലാം ആദിവാസി സമൂഹം. മഹാരാഷ്ട്രയിൽ അത്തരം മൂന്ന് വിഭാഗങ്ങളുണ്ട്. ആന്ധ്ര പ്രദേശ്, തെലുങ്കാന, മധ്യ പ്രദേശ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലും അവർ താമസിക്കുന്നു.

മഹാരാഷ്ട്രയിൽ ഈ സമുദായം സ്വയം വിശേഷിപ്പിക്കുന്നത്, ‘കൊലവർ’, അല്ലെങ്കിൽ ‘കൊല’ എന്നാണ്. മുളയോ മരക്കൊമ്പോ വെട്ടുന്നവർ എന്നാണ് അതിന്റെ ഏകദേശ അർത്ഥം. മുളകൊണ്ടുള്ള കൊട്ടകളും, പായകളും, അരിപ്പകളും ഉണ്ടാക്കലാണ് അവരുടെ പരമ്പരാഗത തൊഴിൽ.

“ഞാൻ കുട്ടിയായിരുന്നപ്പോൾ എന്റെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ സ്വന്തമാവശ്യത്തിന് മുളയിൽനിന്ന് വ്യത്യസ്ത സാധനങ്ങളുണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.” കാട്ടിൽനിന്ന് സമതലത്തിലേക്ക് നീങ്ങിയപ്പോൾ, കാടും വീടും തമ്മിലുള്ള ദൂരം വർദ്ധിച്ചു. “എന്റെ അച്ഛനമ്മമാർ ഈ പണിയൊന്നും പഠിച്ചില്ല,” അവർ പറയുന്നു. അവർക്കും അതറിയില്ല.

കൃഷി അവരുടെ ഉപജീവനമാണ്. “എനിക്ക് സ്വന്തമായി കൃഷിയിടമുണ്ടെങ്കിലും, വിളവ് നഷ്ടപ്പെട്ടാൽ, ആരുടെയെങ്കിലും കൃഷിസ്ഥലത്ത് പോയിട്ടുവേണം എനിക്ക് ജീവിക്കാൻ,” കൊലാം ഗോത്രത്തിൽ പലരും യോജിക്കുന്ന ഒരഭിപ്രായമാണ് അവർ പറയുന്നത്. കർഷകത്തൊഴിലാളികളായി ജോലിയെടുക്കുന്ന അവരിടെ ഭൂരിഭാഗവും, കാർഷികവായ്പകളും കടങ്ങളും വീട്ടാൻ പെടാപ്പാട് പെടുകയാണ്. 2023 ജൂണിലെ വിത്തിടുന്ന സീസണിൽ സുനിത 40,000 രൂപ വായ്പയെടുത്തിരുന്നു.

“പരുത്തി വിറ്റുകഴിഞ്ഞാൽ പിന്നെ ജൂൺ‌വരെ ജോലിയൊന്നുമില്ല. മേയ് മാസമാണ് ഏറ്റവും ബുദ്ധിമുട്ട്,” അവർ സൂചിപ്പിക്കുന്നു. ഏകദേശം 1,500 കിലോഗ്രാം പരുത്തി വിളവെടുത്ത തനിക്ക് കിലോഗ്രാമിന് 62-65 രൂപയാണ് കിട്ടിയതെന്ന് അവർ പറയുന്നു “അതായത്, ഏകദേശം 93,000 രൂപ. പലിശക്കാരനിൽനിന്നെടുത്ത വായ്പയും, പലിശ 20,000 രൂപയും അടച്ചുകഴിഞ്ഞാൽ, എന്റെ കൈയ്യിൽ ബാക്കിയുണ്ടാവുക 35,000 രൂപയാണ്. അതുകൊണ്ട് വേണം കൊല്ലം മുഴുവൻ ജീവിക്കാൻ.”

PHOTO • Ritu Sharma
PHOTO • Ritu Sharma

മറ്റ് കൊലാം ആദിവാസികളെപ്പോലെ (അതീവ ദുർബ്ബല ഗോത്രവിഭാഗം) സുനിതയും പറയുന്നത്, ‘വിളവ് നശിച്ചാൽ ആരുടെയെങ്കിലും പാടത്ത് പോയി ജോലി ചെയ്യേണ്ടിവരും’ എന്നാണ്. ഈ വിഭാഗത്തിലെ മിക്കയാളുകളും, കടവും വായ്പയും തിരിച്ചടയ്ക്കാൻ പെടാപ്പാട് പെടുന്ന കർഷകത്തൊഴിലാളികളാണ്

PHOTO • Ritu Sharma
PHOTO • Ritu Sharma

ഇടത്ത്: ഘുബദ്‌ഹെട്ടി ഗ്രാമത്തിലെ കർഷകസ്ത്രീകൾ മകര സംക്രാന്തി (വിളവെടുപ്പുത്സവം) ആഘോഷിക്കുന്നു. വലത്ത്: വിത്തുകൾ, ഗോത്ര വിത്ത് ബാങ്കിൽ സംരക്ഷിച്ചുവെക്കുന്നു

നാട്ടിലെ ചെറുകിട കടക്കാർ ചെറിയ സംഖ്യയൊക്കെ അവർക്ക് കടമായി കൊടുക്കാറുണ്ട്. പക്ഷേ അതൊക്കെ എല്ലാവർഷവും മഴക്കാലത്തിനുമുമ്പ് കൊടുത്തുതീർക്കണം. “അവിടെ 500, ഇവിടെ 500..ഒടുവിൽ നമ്മുടെ കൈയ്യിൽ ഒന്നുമുണ്ടാവില്ല. ദിവസം മുഴുവൻ ജോലി ചെയ്ത് ചാവുക!”, ദയനീയമായ ഒരു ചിരി ചിരിച്ച് അവർ മറ്റെവിടേക്കോ കണ്ണയച്ചു.

മൂന്നുവർഷം മുമ്പ് സുനിത രാസവളമുപയോഗിച്ചുള്ള കൃഷിയിൽനിന്ന് ജൈവകൃഷിയിലേക്ക് മാറി.. “മിശ്രവിള/ഇടവിളയാണ് ഞാൻ തിരഞ്ഞെടുത്തത്,” അവർ പറയുന്നു. ഗ്രാമത്തിലെ കർഷകസ്ത്രീകൾ സ്ഥാപിച്ച് വിത്തുബാങ്കിൽനിന്ന്  അവർക്ക് ചെറുപയർ, ഉഴുന്നുപരിപ്പ്, ചോളം, ബജ്ര, എള്ള്, മധുരച്ചോളം, തുവരപ്പരിപ്പ് എന്നിവയുടെ വിത്തുകൾ ലഭിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ, ജോലിയില്ലാത്ത വലഞ്ഞ കഴിഞ്ഞ കൊല്ലത്തെ മേയ്, ജൂൺ മാസങ്ങളിൽ നിലനിൽക്കാൻ അവർക്ക് സാധിച്ചത്, തുവരപ്പരിപ്പും ചെറുപയറും കൃഷിചെയ്തതുകൊണ്ടാണ്.

പക്ഷേ, ഒരു പ്രശ്നം പരിഹരിച്ചാപ്പോഴേക്കും അടുത്ത പ്രശ്നം പൊങ്ങിവന്നു. തുവരപ്പരിപ്പ് നന്നായി ലഭിച്ചപ്പോൾ മറ്റ് വിളകൾ നല്ല ഫലം തന്നില്ലാ. “കാട്ടുപന്നികൾ അവയൊക്കെ നശിപ്പിച്ചു,” സുനിത പറയുന്നു.

*****

സൂര്യൻ അസ്തമിക്കാറായപ്പോഴേക്കും സുനിത താൻ വിളവെടുത്ത പരുത്തികൾ ഒരു കിഴിയിൽ കെട്ടിവെച്ചു. അന്നത്തേക്കുള്ള പണി അവർ തീർത്തുകഴിഞ്ഞു. പരുത്തിച്ചെടികളുടെ അവസാനത്തെ വരികളിൽനിന്ന് ആറ് കിലോ പരുത്തി അവർക്ക് കിട്ടി.

എന്നാൽ നാളേക്ക് മറ്റൊരു കാര്യം അവർക്ക് ചെയ്തുതീർക്കേണ്ടതുണ്ട്. ശേഖരിച്ച പരുത്തിയിൽനിന്ന് കളകളും ഉണങ്ങിയ റെക്കകളും മാറ്റണം. പിന്നെ അടുത്ത ദിവസത്തേക്കുള്ള പണി. ഇവയെയെല്ലാം കമ്പോളത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കുക.

PHOTO • Ritu Sharma
PHOTO • Ritu Sharma

ശേഖരിച്ച പരുത്തി ഒരു വട്ടത്തിലുള്ള ഭാണ്ഡത്തിലാക്കി വീ ശേഖരിച്ച പരുത്തി ഒരു വട്ടത്തിലുള്ള ഭാണ്ഡത്തിലാക്കി വീട്ടിൽ സൂക്ഷിക്കുന്നു ട്ടിൽ സൂക്ഷിക്കുന്നു

“പാടത്തെ കൃഷിയൊഴിച്ച്, മറ്റെന്തിനെക്കുറിച്ചെങ്കിലും ആലോചിക്കാൻ സമയമില്ല,” നാശത്തിന്റെ വക്കിലെത്തിയ കൊലാമി ഭാഷയെ സൂചിപ്പിച്ചുകൊണ്ട് അവർ പറയുന്നു. സുനിതയ്ക്കും സമൂഹത്തിനും മറാത്തി ഒഴുക്കോടെ സംസാരിക്കാൻ അറിയാതിരുന്ന കാലത്ത്, എല്ലാവരും “മറാത്തി സംസാരിക്ക്, മറാത്തി സംസാരിക്ക്” എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോൾ ആ ഭാഷ പഠിച്ചുകഴിഞ്ഞപ്പോൾ “ഞങ്ങൾ കൊലാമി സംസാരിക്കണമെന്നാണ്” എല്ലാവരും പറയുന്നത്. ചിരിച്ചുകൊണ്ട് സുനിത പറയുന്നു.

“ഞങ്ങൾ ഞങ്ങളുടെ ഭാഷ സംസാരിക്കുന്നു, ഞങ്ങളുടെ കുട്ടികളും. പുറത്ത് സഞ്ചരിക്കുമ്പോൾ മാത്രമേ ഞങ്ങൾ മറാത്തി സംസാരിക്കാറുള്ളു. വീട്ടിലെത്തിയാൽ ഞങ്ങളുടെ ഭാഷതന്നെയാണ് സംസാരിക്കുക.”

“ഞങ്ങളുടെ ഭാഷ ഞങ്ങളുടേതായിത്തന്നെ ഇരിക്കണം. കൊലാമി കൊലാമിയായിട്ടും മറാത്തി മറാത്തിയായിട്ടും. അതാണാവശ്യം,” സുനിത പറഞ്ഞുനിർത്തി.

പ്രേരണ ഗ്രാമ വികാസ് സൻസ്ഥ, മാധുരി ഖാഡ്സെ, ആശ കരേവ, ദ്വിഭാഷി സായ്‌കിരൺ ടെകാം എന്നിവരോട് റിപ്പോർട്ടർ നന്ദി പ്രകാശിപ്പിക്കുന്നു.

ഇന്ത്യയിലെ നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഭാഷകളെ, ആ ഭാഷ സംസാരിക്കുന്നവരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും രേഖപ്പെടുത്തിവെക്കുന്ന പാരിയുടെ പ്രൊജക്ടാണ് എൻ‌ഡേൻ‌ജേഡ് ലാംഗ്വേജസ് പ്രോജക്ട് (ഇ.എൽ.പി.)

പരിഭാഷ: രാജീവ് ചേലനാട്ട്

Ritu Sharma

ऋतु शर्मा, पारी की लुप्तप्राय भाषाओं की संपादक हैं. उन्होंने भाषा विज्ञान में परास्नातक की पढ़ाई है, और भारत में बोली जाने वाली भाषाओं को संरक्षित और पुनर्जीवित करने की दिशा में कार्यरत हैं.

की अन्य स्टोरी Ritu Sharma
Editor : Sanviti Iyer

संविति अय्यर, पीपल्स आर्काइव ऑफ़ रूरल इंडिया में बतौर कंटेंट कोऑर्डिनेटर कार्यरत हैं. वह छात्रों के साथ भी काम करती हैं, और ग्रामीण भारत की समस्याओं को दर्ज करने में उनकी मदद करती हैं.

की अन्य स्टोरी Sanviti Iyer
Editor : Priti David

प्रीति डेविड, पारी की कार्यकारी संपादक हैं. वह मुख्यतः जंगलों, आदिवासियों और आजीविकाओं पर लिखती हैं. वह पारी के एजुकेशन सेक्शन का नेतृत्व भी करती हैं. वह स्कूलों और कॉलेजों के साथ जुड़कर, ग्रामीण इलाक़ों के मुद्दों को कक्षाओं और पाठ्यक्रम में जगह दिलाने की दिशा में काम करती हैं.

की अन्य स्टोरी Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat