മഹാരാഷ്ട്രയിലെ പ്രകൃതിരമണീയമായ തില്ലാരി വനങ്ങളിലൂടെ പോവുകയായിരുന്നു ഞങ്ങൾ. കാടിനോട് ചേർന്നുകിടക്കുന്ന കോളനികളിലെ സ്ത്രീകളെ കണ്ട്, അവരുടെ ആരോഗ്യകാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ആ യാത്ര. ഇടയന്മാരുടെ വീടുകളാണ് ആ കോളനിയിലുള്ളത്. മഹാരാഷ്ട്രയിലെ കോൽഹാപുർ ജില്ലയിലെ ചാന്ദ്ഗഡ് പട്ടണത്തിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്കിടയിൽ, വഴിവക്കിൽ ഒരു സ്ത്രീയെ കാണാനിടയായി. ഏകദേശം അമ്പതുവയസ്സ് പ്രായം വരും. കൈയ്യിലൊരു പുസ്തകവുമായി ഒരു മരച്ചുവട്ടിൽ, തന്റെ നാല് ആടുകളേയും മേയ്ച്ച്, സന്തോഷവതിയായി ഇരിക്കുകയായിരുന്നു അവർ.
മേയ് മാസത്തിലെ കാർമേഘം മൂടിയ ഒരു മദ്ധ്യാഹ്നത്തിലെ ഈ അസാധാരണമായ കാഴ്ച കണ്ട് ഞങ്ങൾ കാർ നിർത്തി അവരുടെയടുത്തേക്ക് തിരിച്ച് നടന്നു. വിത്തോബയുടെ ഭക്തയാണ് രേഖ രമേഷ് ചാന്ദ്ഗഡ്. മഹാരാഷ്ട്രയിലെയും കർണ്ണാടകയിലെയും വിവിധ സമുദായങ്ങളുടെ ആരാധനാമൂർത്തിയാണ് വിത്തോബ. രേഖയുമായുള്ള സംഭാഷണത്തിനിടയിൽ അവർ ഞങ്ങൾക്ക് നാംദേവിന്റെ ഒരു അഭംഗ് (ഭജൻ) പാടിത്തന്നു. വിത്തോബയുടെ നാമം ഉച്ചരിക്കുന്ന അഭംഗായിരുന്നു അത്. മഹാരാഷ്ട്രയിൽ ജീവിച്ചിരുന്ന, പഞ്ചാബിൽ വളരെയധികം ആദരിക്കപ്പെടുന്ന ഋഷിവര്യനായ കവിയായിരുന്നു നാംദേവ്. വാർകാരി പന്ഥിന്റെ പ്രചാരകനായിരുന്ന നാംദേവിന്റെ അഭംഗുകൾ ഭക്തിപ്രസ്ഥാനത്തിന്റെ ആവിഷ്കാരങ്ങളായിരുന്നു. അനുഷ്ഠാനങ്ങളൊന്നുമില്ലാത്ത ഭക്തിമാർഗ്ഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന അവ, മതപരമായ പൌരോഹിത്യത്തെ വെല്ലുവിളിച്ചു. ഭക്തിപ്രസ്ഥാനത്തിന്റെ അനുയായിയായിരുന്നു രേഖത്തായ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്തർ ആഷാഢമാസത്തിലും (ജൂൺ-ജൂലായ് മാസങ്ങളിൽ) കാർത്തികമാസത്തിലും (ഒക്ടോബർ-നവംബർ മാസങ്ങൾ, ദീപാവലിക്ക് ശേഷം), ധ്യാനേശ്വരൻ, തുക്കറാം, നാംദേവ് ആദിയായ പുണ്യാത്മാക്കളുടെ ഭക്തിഗീതങ്ങളും കാവ്യങ്ങളുമാലപിച്ച് സംഘങ്ങളായി യാത്ര ചെയ്യും. വാരി എന്നാണ് ഈ യാത്ര അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ സോലാപ്പുർ ജില്ലയിലുള്ള പന്ധാർപുർ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ഭക്തരോടൊപ്പം രേഖത്തായിയും മുടങ്ങാതെ ചേരാറുണ്ട്.
“എന്റെ മക്കൾ പറയാറുണ്ട്, ‘ആടിനെ മേയ്ക്കുകയൊന്നും വേണ്ട, വീട്ടിൽ സന്തോഷമായി ഇരുന്നാൽ മതിയെന്ന്’. എന്നാൽ എനിക്ക് ഇവിടെയിരുന്ന് വിതോബയെ മനസ്സിൽ ധ്യാനിച്ച് ആ ഭജനുകൾ പാടാനാണ് ഇഷ്ടം. സമയം പോകുന്നതറിയില്ല. മനസ്സിൽ ആനന്ദം നിറയും”, ദീപാവലിക്ക് ശേഷമുള്ള കാർത്തിക് വാരിയിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന രേഖത്തായി പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്