‘സ്വാതന്ത്ര്യസമരകാലത്തും കാര്യങ്ങൾ മോശമായി തോന്നിയ സമയങ്ങളുണ്ടായിരുന്നു. നിങ്ങൾക്ക് ജയിക്കാൻ കഴിയില്ലെന്ന് ഞങ്ങളോട് പലരും പറഞ്ഞ നിമിഷങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിനെതിരായിട്ടാണ് നിങ്ങളുടെ പോരാട്ടം. എന്നാൽ എല്ലാ മുന്നറിയിപ്പുകൾക്കും ഭീഷണികൾക്കും അതീതമായി ഞങ്ങൾ ഉയർന്നു. പോരാട്ടങ്ങൾ തുടർന്നു. അതുകൊണ്ടാണ് ഞങ്ങൾ ഇന്ന് ഇവിടെയെത്തിയിട്ടുള്ളത്.‘
ആർ. നല്ലകണ്ണ്
*****
“മഞ്ഞപ്പെട്ടിക്ക് വോട്ട്ചെയ്യുക,'' വ്യാപകമായി ആഹ്വാനങ്ങൾ ഉയർന്നു. “ഐശ്വര്യമായ മഞ്ഞപ്പെട്ടിയെ തെരഞ്ഞെടുക്കുവിൻ.''
1937-ൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ നടന്ന മദ്രാസ് പ്രസിഡൻസിയിലേക്കുള്ള പ്രവിശ്യാ തെരഞ്ഞെടുപ്പായിരുന്നു ഇത്.
പെരുമ്പറ മുഴക്കി മുദ്രാവാക്യങ്ങൾ വിളിച്ചിരുന്ന യുവാക്കളിൽനിന്നാണ് ആ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നത്. അവരിൽ ഭൂരിഭാഗത്തിനും വോട്ട്ചെയ്യാനുള്ള പ്രായമായിട്ടിലായിരുന്നു. പ്രായമായിരുന്നെങ്കിൽപ്പോലും അവരിൽ പലർക്കും വോട്ട് ചെയ്യാനും കഴിയുമായിരുന്നില്ല. പ്രായപൂർത്തിയായ എല്ലാ മുതിർന്നവർക്കും വോട്ട്ചെയ്യാൻ കഴിയില്ലായിരുന്നു.
ഫ്രാഞ്ചൈസി നിയന്ത്രണങ്ങൾ ഭൂമി ഉടമസ്ഥർക്കും വസ്തുവകകൾ കൈകാര്യംചെയ്തിരുന്നവർക്കും ഗ്രാമപ്രദേശങ്ങളിൽ സമ്പന്നരായ കർഷകർക്കും അനുകൂലമായിരുന്നു.
വോട്ട് ചെയ്യാൻ അവസരമില്ലാത്ത യുവാക്കൾ തെരഞ്ഞെടുപ്പിനായി ശക്തമായി പ്രചാരണം നടത്തുന്നത് പുതിയ കാര്യമായിരുന്നില്ല.
1935 ജൂലായിൽ ജസ്റ്റിസ് പാർട്ടിയുടെ മുഖപത്രം ചെറുതല്ലാത്ത അവജ്ഞയോടെ ഇങ്ങനെ കുറിച്ചു:
“വിദൂരമായ ഏത് ഗ്രാമാന്തരവും നിങ്ങൾക്ക് സന്ദർശിക്കാം. അവിടെയെല്ലാം കോൺഗ്രസ് ഖദർ യൂണിഫോമും ഗാന്ധിതൊപ്പിയും ധരിച്ച് ത്രിവർണ്ണ ബാനർ ഉയർത്തിപ്പിടിച്ച നിരവധിയായ പാവപെട്ട കുട്ടികളുടെ കൂട്ടങ്ങളെ നിങ്ങൾക്ക് കാണാനാകും. ഈ പുരുഷന്മാരിൽ ഏതാണ്ട് എൺപത് ശതമാനവും തൊഴിലാളികളും സന്നദ്ധപ്രവർത്തകരുമാണ്. അവർക്ക് വോട്ടില്ല. സ്വത്തില്ലാത്തവരും തൊഴിലില്ലാത്തവരുമായ ഇവർ നൂറുകണക്കിന് നഗര-ഗ്രാമപ്രദേശങ്ങളിൽനിന്നുള്ളവരാണ്.''
1937-ലെ ആ ചെറുപ്പക്കാരിൽ ഒരാളായിരുന്നു അന്ന് കഷ്ടിച്ച് 12 വയസ്സ് മാത്രമുള്ള ആർ. നല്ലകണ്ണ്. ഇപ്പോൾ അദ്ദേഹത്തിന് 97 വയസ്സായിരിക്കുന്നു. ആ ദരിദ്രരായ കുട്ടികളിൽ ഒരാളായിരുന്ന കാലത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. “ഭൂമിയുടെമേൽ ഉടമസ്ഥതയിലുള്ളവർക്കും പത്ത് രൂപയോ അതിൽക്കൂടുതലോ ഭൂനികുതി അടയ്ക്കുന്നവർക്കും വോട്ടുചെയ്യാം', അദ്ദേഹം ഓർക്കുന്നു. 1937-ലെ വോട്ടെടുപ്പ് സമ്മതിദാനാവകാശത്തിന്റെ കാര്യത്തിൽ അല്പം വിശാലത കണ്ടു. “എന്നാൽ, ഏതാണ്ട് 15-20 ശതമാനത്തിലധികം മുതിർന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്ന തീരുമാനത്തിൺ മാറ്റമുണ്ടായില്ല,'' എന്ന് അദ്ദേഹം പറയുന്നു. ഒരു മണ്ഡലത്തിലും 1,000 മുതൽ 2,000വരെ ആളുകളിലധികംപേർ വോട്ട് ചെയ്തിട്ടില്ല.
നല്ലകണ്ണ് ജനിച്ചത് അന്നത്തെ തിരുനെൽവേലി ജില്ലയിലുള്ള ശ്രീവൈകുണ്ഠത്തിലാണ്. ഇന്ന്, ശ്രീവൈകുണ്ഡം താലൂക്ക് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് (1997-വരെ ടൂട്ടിക്കോറിൻ എന്നറിയപ്പെട്ടിരുന്നത്) സ്ഥിതിചെയ്യുന്നത്.
നല്ലകണ്ണുവിന്റെ ആക്ടിവിസം ചെറിയപ്രായത്തിലേ ആരംഭിച്ചു.
“ഞാൻ കുട്ടിയായിരുന്നപ്പോൾ എന്റെ പട്ടണത്തിനടുത്തുള്ള തൂത്തുക്കുടിയിലെ മിൽത്തൊഴിലാളികൾ പണിമുടക്കി. അത് ഹാർവെമിൽ ഗ്രൂപ്പിൽപ്പെട്ട ഒന്നായിരുന്നു. ഇത് പഞ്ചാലൈ (പരുത്തിമില്ലുകൾ) തൊഴിലാളികളുടെ സമരം എന്നറിയപ്പെട്ടു.
“അവർക്ക് പിന്തുണ നൽകുന്നതിനായി ഞങ്ങളുടെ പട്ടണത്തിലെ എല്ലാ വീടുകളിൽനിന്നും അരി ശേഖരിച്ച് തൂത്തുക്കുടിയിലെ സമരക്കാരുടെ കുടുംബങ്ങൾക്ക് പെട്ടികളിൽ അയച്ചുകൊടുക്കും. ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാരായിരുന്നു അരി ശേഖരിക്കാൻ പോയിരുന്നത്.'' അവിടെയെല്ലാം ആളുകൾ ദരിദ്രരായിരുന്നു. “എന്നാൽ എല്ലാവീടുകളും എന്തെങ്കിലും സംഭാവന ചെയ്തു. അന്ന് എനിക്ക് വെറും അഞ്ചോ ആറോ വയസ്സായിരുന്നു, തൊഴിലാളികളുടെ സമരത്തോടുള്ള ഈ ഐക്യദാർഢ്യം എന്നിൽ വലിയ സ്വാധീനം ചെലുത്തി. അതിനർത്ഥം ഞാൻ രാഷ്ട്രീയത്തിൽ ഇടപെടാൻ വളരെ നേരത്തെതന്നെ ശീലിക്കുമെന്നായിരുന്നു,''
ഞങ്ങൾ നല്ലകണ്ണിനെ 1937-ലെ വോട്ടെടുപ്പിലേക്ക് തിരിച്ചു കൊണ്ടുവന്നു: മഞ്ഞൾപ്പെട്ടി അല്ലെങ്കിൽ മഞ്ഞപ്പെട്ടിക്ക് വോട്ട് ചെയ്യുന്നതിലൂടെ താങ്കൾ എന്താണ് ഉദ്ദേശിച്ചത്?
“അന്ന് മദ്രാസിൽ രണ്ട് പ്രധാന രാഷ്ട്രീയപ്പാർട്ടികളേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസും ജസ്റ്റിസ് പാർട്ടിയും. ചിഹ്നങ്ങൾക്ക് പകരം ഏതെങ്കിലും നിറത്തിലുള്ള ബാലറ്റുപെട്ടി ഉപയോഗിച്ചാണ് പാർട്ടികളെ തിരിച്ചറിഞ്ഞത്. ഞങ്ങൾ പ്രചാരണം നടത്തിയ കോൺഗ്രസിന് മഞ്ഞപെട്ടി അനുവദിച്ചു. ജസ്റ്റിസ്പാർട്ടിക്ക് ഒരു പച്ചൈപെട്ടി – പച്ചപ്പെട്ടി ഉണ്ടായിരുന്നു. “താൻ ഏത് പാർട്ടിയെ പിന്തുണയ്ക്കുന്നുവെന്ന് വോട്ടർക്ക് തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാർഗം അതായിരുന്നു.
അതെ, അപ്പോഴും വോട്ടെടുപ്പിന് ചുറ്റും ധാരാളം നിറങ്ങളും നാടകങ്ങളും ഉണ്ടായിരുന്നു. ദേവദാസി പ്രചാരകയായ തഞ്ചാവൂർ കാമുകണ്ണമ്മാൾ എല്ലാവരോടും ആഭരണപ്പെട്ടിയിൽ വോട്ട്ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു എന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു.
ആ കാലഘട്ടത്തിലെ ആഭരണപ്പെട്ടികൾക്ക് സ്വർണ്ണമോ മഞ്ഞയോ ഒരു സാധാരണ നിറമായിരുന്നു. മഞ്ഞപെട്ടികൾ വോട്ടുകൾ കൊണ്ട് നിറയ്ക്കാൻ വായനക്കാരോട് ആഹ്വാനം ചെയ്യുന്ന ഒരു തലക്കെട്ട് ഹിന്ദുതന്നെ ഒരിക്കൽ കൊടുത്തിരുന്നു.
“തീർച്ചയായും, എനിക്ക് അന്നത്തെ ആ 12 വയസ്സിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല,'' നല്ലകണ്ണ് പറയുന്നു. ``പക്ഷേ ഞാൻ പുറത്തുപോയി എനിക്ക് കഴിയുന്നത്ര ശക്തമായി പ്രചാരണം നടത്തി. മൂന്ന് വർഷത്തിനപ്പുറം തെരഞ്ഞെടുപ്പിന് അതീതമായുള്ള രാഷ്ട്രീയപ്രചാരണങ്ങളിൽ അദ്ദേഹം ഏർപ്പെടും എന്നത് ആരുമന്ന് പ്രവചിച്ചില്ല. പ്രചാരണത്തിനിടയിൽ അദ്ദേഹം പറ എന്ന പരമ്പരാഗത ചെണ്ട അടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
എന്നാൽ അദ്ദേഹം ഒരിക്കലും ഒരു കോൺഗ്രസ് അനുഭാവിയായിരുന്നില്ല. “പതിനഞ്ചുവയസ്സ് മുതൽ ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ)-യിൽ അംഗമായിരുന്നു,'' നല്ലകണ്ണ് പറഞ്ഞു. സുഹൃത്തുക്കൾക്ക് അദ്ദേഹം സഖാവ് ആർ.എൻ.കെ. ആയിരുന്നു. പാർട്ടിയുടെ ഔപചാരിക അംഗത്വത്തിന് പ്രായമാകുന്നതുവരെ അദ്ദേഹം കാത്തിരുന്നു.
എന്നാൽ അടുത്ത ഏതാനും ദശകങ്ങളിൽ തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ഉയർന്ന നേതാക്കളിൽ ഒരാളായി ആർ.എൻ.കെ. ഉയർന്നുവന്നു.
മഞ്ഞൾപെട്ടിയ്ക്കല്ല (മഞ്ഞപ്പെട്ടി) മറിച്ച് ചെങ്കൊടിക്ക് (ചുവന്നപതാക) ശക്തിപകരാനാണ് പിന്നീട് അദ്ദേഹം ശ്രമിച്ചത്.
*****
"ഞങ്ങളുടെ തിരുനെൽവേലിയിൽ അന്ന് ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ പേരും ‘സ്കൂൾ‘ എന്നുതന്നെയായിരുന്നു''
ചെന്നൈയിലെ തന്റെ വീട്ടിലെ ചെറിയ ഓഫീസിൽ ഇരുന്നു നല്ലകണ്ണ് ഞങ്ങളോട് സംസാരിച്ചു. അദ്ദേഹത്തിന്റെ മേശയുടെ അരികിൽ ഒരുവശത്ത്, ഒരുകൂട്ടം ചെറിയ പ്രതിമകൾ ഉണ്ടായിരുന്നു. ലെനിനും മാർക്സും പെരിയാറും അദ്ദേഹത്തോട് തൊട്ടടുത്തിരുന്നു. അവർക്ക് സമീപം അംബേദ്കറുടെ ഒരു സ്വർണ്ണനിറമുള്ള കൊച്ചുപ്രതിമ, അതിനടുത്തായി വിപ്ലവകാരിയായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ഒരു വലിയ രേഖാചിത്രം.
ചെറിയ പെരിയാർ പ്രതിമയ്ക്ക് പിന്നിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ ഫോട്ടോ നോക്കിവരച്ച മറ്റൊരു രേഖാചിത്രം. ഇവയ്‌ക്കെല്ലാം അടുത്തായി, ‘വെള്ളം മിതമായി ഉപയോഗിക്കൂ‘ എന്ന് നമ്മോട് ആവശ്യപ്പെടുന്ന ഒരു കലണ്ടർ.
ഞങ്ങൾ മൂന്നാംതവണ തുടർച്ചയായി സംഭാഷണത്തിലേർപ്പെടുന്ന ഈ മനുഷ്യന്റെ ബൗദ്ധികവികാസവും ചരിത്രവും ഒറ്റനോട്ടത്തിൽ വിലയിരുത്താൻ ഈ പ്രദർശിപ്പിക്കപ്പെട്ട ശില്പങ്ങൾ മതിയാകും.
അത് 2022 ജൂൺ 25 ആയിരുന്നു. .അദ്ദേഹവുമായുള്ള ഞങ്ങളുടെ ആദ്യ അഭിമുഖം നടന്നത് 2019-ലാണ്.
'എനിക്ക് ഏറ്റവും പ്രചോദനം നൽകിയ കവി ഭാരതിയാർ ആയിരുന്നു' – നല്ലകണ്ണ് പറയുന്നു. “പലപ്പോഴും അദ്ദേഹത്തിന്റെ കവിതകളും പാട്ടുകളും നിരോധിക്കപ്പെട്ടിരുന്നു.'' കവിയുടെ അസാധാരണഗാനമായ 'സുതിന്തരപല്ലു'വിലെ (സ്വാതന്ത്ര്യഗാനം) ചില വരികൾ അദ്ദേഹം ഉദ്ധരിക്കുന്നു. “ഭാരതീയർ അത് എഴുതിയത് 1909-ലാണ്. അത് വ്യക്തമാക്കുന്നത് 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് 38 മുമ്പുതന്നെ അദ്ദേഹം അത് ആഘോഷിക്കുന്നു എന്നാണ്.''
“
ഞങ്ങൾ നൃത്തംചെയ്യും,
ഞങ്ങൾ പാടും
കാരണം നമ്മൾ സ്വാതന്ത്ര്യത്തിന്റെ സന്തോഷം കൈവരിച്ചിരിക്കുന്നു.
നമ്മൾ ബ്രാഹ്മണരെ സാർ എന്ന് വിളിച്ചിരുന്ന കാലംപോയി.
വെള്ളക്കാരെ തമ്പുരാൻ എന്ന് വിളിച്ചിരുന്ന കാലംപോയി.
നമ്മിൽനിന്ന് ഭിക്ഷവാങ്ങിയവരെ നമ്മൾ സല്യൂട്ട്
ചെയ്ത സമയം കഴിഞ്ഞു.
നമ്മളെ കളിയാക്കിയവരെ സേവിക്കുന്ന കാലം കഴിഞ്ഞു.
എല്ലായിടത്തും സ്വാതന്ത്ര്യത്തെകുറിച്ച് മാത്രമാണ്
സംസാരം..."
നല്ലകണ്ണ് ജനിക്കുന്നതിന് നാലുവർഷംമുമ്പ് 1921-ൽ ഭാരതി മരിച്ചു. പാട്ട് അതിലും നേരത്തെ എഴുതിയതാണ്. എന്നാൽ അതും ഭാരതിയുടെ മറ്റ് കവിതകളും പോരാട്ടത്തിന്റെ വർഷങ്ങളിൽ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. ആർ.എൻ.കെ.യ്ക്ക് 12 വയസ്സ് തികയുന്നതിന് മുമ്പുതന്നെ അദ്ദേഹം ഭാരതിയുടെ നിരവധി പാട്ടുകളും കവിതകളും മനഃപാഠമാക്കിയിരുന്നു. അദ്ദേഹത്തിന് ഇന്നും ചില വാക്യങ്ങളും വരികളും അക്ഷരാർത്ഥത്തിൽ ഓർമ്മിക്കാൻ കഴിയും. “ഹിന്ദി പണ്ഡിറ്റ് പല്ലവേഷം ചെട്ടിയാരിൽനിന്ന് ഞാൻ അവയിൽ ചിലത് സ്കൂളിൽവെച്ച് പഠിച്ചു,'' അദ്ദേഹം പറയുന്നു. തീർച്ചയായും, അവയൊന്നും ഔദ്യോഗിക പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്നില്ല.
“എസ്. സത്യമൂർത്തി സ്‌കൂളിൽ വന്നപ്പോൾ അദ്ദേഹത്തിൽനിന്ന് ഭാരതിയാർ എഴുതിയ ഒരു പുസ്തകം എനിക്കും കിട്ടി. അത് അദ്ദേഹത്തിന്റെ തേസീയഗീതം എന്ന കവിതകളുടെ സമാഹാരമായിരുന്നു. സത്യമൂർത്തി ഒരു സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയക്കാരനും കലകളുടെ പരിപോഷകനും ആയിരുന്നു. 1917-ലെ റഷ്യയിലെ ഒക്‌ടോബർ വിപ്ലവത്തെ അഭിനന്ദിച്ച ആദ്യവ്യക്തികളിൽ ഒരാളാണ് ഭാരതി. അതിനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം ഒരു പാട്ടും എഴുതി.
ഭാരതിയോടുള്ള സ്നേഹത്തിലൂടെയും എട്ട് പതിറ്റാണ്ടുകളായി അദ്ദേഹം ഭാഗഭാക്കായ കർഷക-തൊഴിലാളിവർഗ സമരങ്ങളുടെയും കണ്ണാടിയിലൂടെ നല്ലകണ്ണുവിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.
അങ്ങനെയല്ലാതെ 'സഖാവ് ആർഎൻകെ'യുടെ കഥ പറയാൻ ബുദ്ധിമുട്ടാണ്. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ആത്മാഭിമാനമുള്ള ഒരാളാണിത്. അദ്ദേഹം നമ്മോട് പറയുന്ന മഹത്തായ സംഭവങ്ങളുടെയും പണിമുടക്കുകളുടെയും സമരങ്ങളുടെയും കേന്ദ്രസ്ഥാനത്ത് സ്വയം സ്ഥാപിക്കാൻ അദ്ദേഹം വിസമ്മതിക്കുന്നു. അവയിൽ ചിലതിൽ അദ്ദേഹത്തിന്റെ പങ്ക് സുപ്രധാനമായിരുന്നു. പക്ഷേ അത് അങ്ങനെ ചിത്രീകരിക്കാനോ വിവരിക്കാനോ നിങ്ങൾക്ക് ഒരിക്കലും അദ്ദേഹത്തെ ലഭിച്ചെന്നുവരില്ല.
“നമ്മുടെ സംസ്ഥാനത്തെ കർഷകപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു സഖാവ് ആർഎൻകെ,'' ജി. രാമകൃഷ്ണൻ പറയുന്നു. ‘ജി.ആർ’ സിപിഐ (എം)-ന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. എന്നാൽ 97 വയസ്സുള്ള സിപിഐ നേതാവിന്റെ പങ്കിനേയും സംഭാവനയേയും നിരുപാധികം അദ്ദേഹം അഭിവാദ്യംചെയ്യുന്നു. “കൗമാരംമുതൽ പതിറ്റാണ്ടുകളായി തുടരുന്ന പ്രവർത്തനങ്ങളിലൂടെ ശ്രീനിവാസ് റാവുവിനൊപ്പം സംസ്ഥാനത്തുടനീളം കിസാൻ സഭയുടെ അടിത്തറ സൃഷ്ടിച്ചത് അദ്ദേഹമാണ്. അവ ഇന്നും ഇടതുപക്ഷത്തിന്റെ ശക്തിയുടെ ഉറവിടങ്ങളായി തുടരുന്നു. തമിഴ്‌നാട്ടിലുടനീളം അശ്രാന്തമായ പ്രചാരണങ്ങളിലൂടെയും സമരങ്ങളിലൂടെയും കർഷകമുന്നേറ്റം സൃഷ്ടിക്കാൻ നല്ലകണ്ണു ശ്രമിച്ചു.''
നല്ലകണ്ണിന്റെ സമരങ്ങൾ കർഷകരുടെ പോരാട്ടങ്ങളെ കൊളോണിയൽവിരുദ്ധ പ്രസ്ഥാനവുമായി പലപ്പോഴും സമന്വയിപ്പിച്ചു. കൂടാതെ, വളരെപ്രധാനമായി, അന്നത്തെ തമിഴ്നാട്ടിലെ വളരെ നിർണായകമായിരുന്ന ഫ്യൂഡൽവിരുദ്ധ പോരാട്ടങ്ങളോടൊപ്പവും അദ്ദേഹം നിലനിന്നു. അവയും 1947-നുശേഷം ശക്തമായി തുടർന്നുപോന്നു. മറന്നുപോയ പല സ്വാതന്ത്ര്യങ്ങൾക്കും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ബ്രിട്ടീഷ് ഭരണത്തിൽനിന്നുള്ള സ്വാതന്ത്ര്യം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്‌ഷ്യം.
“ഞങ്ങൾ രാത്രികളിൽ അവരോട് യുദ്ധംചെയ്തു. അവരെ കല്ലെറിഞ്ഞു. ഞങ്ങളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ അവ മാത്രമായിരുന്നു. അവരെ തുരത്തുക എന്നത് ലക്ഷ്യവും. ചിലപ്പോഴൊക്കെ അത് കടുത്ത പോരാട്ടങ്ങളായി മാറിയിരുന്നു. 1940-കളിൽ നടന്ന പ്രതിഷേധങ്ങളിൽ ഇത് പലതവണ സംഭവിച്ചു. ഞങ്ങൾ അപ്പോഴും ചെറിയ കുട്ടികളായിരുന്നു. പക്ഷേ ഞങ്ങൾ പോരാടി. രാവും പകലും. ഞങ്ങളുടെ തരത്തിലുള്ള ആയുധങ്ങളുമായി!''
“യുദ്ധമോ? ആരോട്? എന്തിന്? എവിടെനിന്നാണ് അവരെ ഓടിച്ചത്?''
എന്റെ പട്ടണത്തിനടുത്തുള്ള ഉപ്പളത്തിലായിരുന്നു യുദ്ധം. ഉപ്പളങ്ങൾ എല്ലാം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. അവയിലെ തൊഴിലാളികളുടെ അവസ്ഥ ദയനീയമായിരുന്നു.
മില്ലുകൾക്കുചുറ്റും ഉണ്ടായതുപോലെ ഇവിടെയും പതിറ്റാണ്ടുകൾ നീണ്ട സമരങ്ങൾ ഉണ്ടായി. വലിയ പ്രതിഷേധങ്ങൾ ഉണ്ടായി. അവർക്ക് ധാരാളം പൊതുജന പിന്തുണയും അനുഭവവും കിട്ടി.
“ഉപ്പളം ഉടമകളുടെ ഏജന്റുമാരായി മാത്രമാണ് പൊലീസ് പ്രവർത്തിച്ചത്. ഒരു ഏറ്റുമുട്ടലിൽ ഒരു സബ് ഇൻസ്പെക്ടർ മരിച്ചു. അവിടെ പോലീസ് സ്റ്റേഷനുനേരെ ആക്രമണംപോലും ഉണ്ടായി. തുടർന്ന് അവർ ഒരു മൊബൈൽ പട്രോളിംഗ് യൂണിറ്റ് സ്ഥാപിച്ചു. അവർ പകൽസമയത്ത് ഉപ്പളങ്ങളിലേക്ക് പോകുകയും രാത്രി ഞങ്ങളുടെ ഗ്രാമങ്ങൾക്ക് സമീപം ക്യാമ്പ്ചെയ്യുകയും ചെയ്യും. അപ്പോഴാണ് ഞങ്ങൾ അവരുമായി ഏറ്റുമുട്ടിയത്.'' ഈ പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും ഏതാനും വർഷങ്ങൾ നീണ്ടുനിന്നു. ഒരുപക്ഷേ അതിലുംകൂടുതൽ. ഇത് നടന്നത് 1942-ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു.
കൗമാരക്കാരനായ നല്ലകണ്ണ് ഇതിലെല്ലാം പങ്കെടുത്തത് അച്ഛൻ രാമസാമി തേവർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. കർഷകനായ തേവർക്ക് ഏകദേശം 4-5 ഏക്കർ ഭൂമി ഉണ്ടായിരുന്നു. അദ്ദേഹത്തിന് ആറ് മക്കളുമുണ്ടായിരുന്നു. ചെറുപ്പക്കാരനായ ആർ.എൻ.കെ. പലപ്പോഴും വീട്ടിൽ ശിക്ഷിക്കപ്പെട്ടു. ചിലപ്പോഴൊക്കെ അച്ഛൻ അവന്റെ സ്കൂൾ ഫീസ് അടയ്‌ക്കാൻ വിസമ്മതിച്ചു.
“ആളുകൾ അദ്ദേഹത്തോട് പറയും "നിങ്ങളുടെ മകൻ പഠിക്കുന്നില്ലേ? അവൻ എപ്പോഴും പുറത്ത്നിന്ന് ആക്രോശിക്കുകയാണ്. അവൻ പോയി കോൺഗ്രസിൽ ചേർന്നതായി തോന്നുന്നു." സ്കൂളിൽ ഫീസ് അടയ്ക്കാനുള്ള സമയപരിധി ഓരോരുത്തർക്കും എല്ലാ 14-നും 24-നും ഇടയിലാണ്.
“ഞാൻ അദ്ദേഹത്തോട് ഫീസ് ചോദിച്ചാൽ, അദ്ദേഹം എന്നോട് ആക്രോശിക്കും: "നീ പഠനം ഉപേക്ഷിച്ച് നിന്റെ അമ്മാവന്മാരെ ഫാമിൽ പോയി സഹായിക്കൂ."
“സമയം കഴിയുമ്പോൾ അച്ഛനോട് അടുപ്പമുള്ള ആരെങ്കിലും വന്നു അദ്ദേഹത്തെ സമാധാനിപ്പിക്കും. ഞാൻ ഇതുവരെ ചെയ്തതുപോലെ ഇനി സംസാരിക്കില്ലെന്നും പ്രവർത്തിക്കില്ലെന്നും അവർ അദ്ദേഹത്തിന് വാക്ക് കൊടുക്കുമായിരുന്നു. അപ്പോൾ മാത്രമേ അദ്ദേഹം ഫീസ് നൽകൂ.''
എന്നിരുന്നാലും, 'എന്റെ ജീവിതത്തേയും എന്റെ വഴികളേയും അദ്ദേഹം എത്രയധികം എതിർത്തുവോ അത്രയധികം എന്നിലെ പ്രതിഷേധങ്ങൾ വളർന്നു. “ഞാൻ മധുരയിലെ ഹിന്ദു കോളേജിൽ തമിഴിൽ ഇന്റർമീഡിയറ്റ് ലെവൽവരെ എത്തി. കോളജ് യഥാർത്ഥത്തിൽ ഉണ്ടായിരുന്നത് തിരുനെൽവേലി ജംഗ്ഷനിലായിരുന്നു. എന്നാൽ ഹിന്ദു കോളേജ്, മധുര എന്നായിരുന്നു അതിന്റെ പേര്. ഞാൻ അവിടെ പഠിച്ചത് രണ്ടുവർഷംമാത്രം. എനിക്ക് കൂടുതൽ പോകാൻ കഴിഞ്ഞില്ല.''
കാരണം അദ്ദേഹം വലിയ അളവിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു. അദ്ദേഹം വളരെ എളിമയുള്ളവനായിരുന്നെങ്കിലും സംഘാടനത്തിൽ പ്രാവീണ്യം നേടിത്തുടങ്ങിയിരുന്നു. ആർ.എൻ.കെ. അതിവേഗം ഒരു യുവനേതാവായി ഉയർന്നുവരുകയായിരുന്നു. എന്നാൽ ഒരിക്കലും വലിയ സ്ഥാനമാനങ്ങൾ കാംക്ഷിക്കാഞ്ഞ ഒരാൾ.
അദ്ദേഹം ഉൾപ്പെട്ട സംഭവങ്ങളുടെയും പ്രവർത്തനങ്ങളുടെയും കാലക്രമത്തിലുള്ള ഒരു പട്ടിക സൂക്ഷിക്കുക പ്രയാസമാണ്. അവയിൽ അധികവും വ്യത്യസ്തമായ സാഹചര്യങ്ങളിൽ സംഭവിച്ചതുമാണ്.
സ്വാതന്ത്ര്യസമരകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചില നിമിഷങ്ങൾ അദ്ദേഹം ചുരുക്കിപ്പറയുന്നു. പ്രധാനമായും 'ക്വിറ്റ് ഇന്ത്യാ സമരത്തെ ചുറ്റിപ്പറ്റിയുള്ള പോരാട്ടങ്ങൾ.' ആ സമയത്ത് അദ്ദേഹത്തിന് 17 വയസ്സ് തികഞ്ഞിരുന്നില്ല, പക്ഷേ ഇതിനകം പ്രതിഷേധങ്ങളിലെ ഒരു പ്രധാനവ്യക്തിത്വമായി മാറിയിരുന്നു. പ്രായത്തിൽ 12-നും 15-നും ഇടയിലുള്ള വർഷങ്ങൾ കോൺഗ്രസുകാരനിൽനിന്ന് കമ്മ്യൂണിസ്റ്റിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തിന്റെ സമയമായിരുന്നു.
എത്തരത്തിലുള്ള പ്രതിഷേധയോഗങ്ങളിലാണ് താങ്കൾ പങ്കെടുക്കുകയോ സംഘടിപ്പിക്കാൻ സഹായിക്കുകയോ ചെയ്തത്?
തുടക്കത്തിൽ ഞങ്ങൾ ഉപയോഗിച്ചിരുന്നത് പാട്ടകൊണ്ടുള്ള മെഗാഫോണുകൾ ആയിരുന്നു. ഏത് ഗ്രാമത്തിലോ പട്ടണത്തിലോ ചെന്നാലും ഏത് മേശയ്ക്കും കസേരയ്ക്കും അടുത്ത്ചെന്ന് പാടും. പ്രധാനമായും മേശ ഞങ്ങൾ ആവശ്യപ്പെട്ടത് പ്രാസംഗികന് മുകളിൽ കയറിനിന്ന് ജനക്കൂട്ടത്തെ അഭിസംബോധനചെയ്യാനുള്ള സൗകര്യം എന്നനിലയിൽ ആയിരുന്നു. തീർച്ചയായും ജനങ്ങൾ വലിയ അളവിൽ തടിച്ചുകൂടും. അങ്ങനെ പറയുമ്പോഴും, ആളുകളെ ഒന്നിച്ചുകൂട്ടുന്നതിൽ തനിക്കുള്ള സിദ്ധിയെക്കുറിച്ച് അദ്ദേഹം വളരെകുറച്ച് മാത്രമേ പറയുന്നുള്ളൂ. അദ്ദേഹത്തെപ്പോലുള്ള കാലാളുകളായിരുന്നു അന്ന് വലിയ ജനക്കൂട്ടങ്ങളെ സാധ്യമാക്കിയത്.
“അതിനുശേഷം ജീവാനന്ദത്തെപ്പോലുള്ള പ്രഭാഷകർ ആ മേശകളിൽ കയറിനിന്നുകൊണ് സാമാന്യം വലിപ്പമുള്ള ആ സദസ്സിനോട് സംസാരിക്കും. അതും മൈക്കുകളില്ലാതെ. അദ്ദേഹത്തിന് അവയുടെ ആവശ്യം ഉണ്ടായിരുന്നില്ല.
“ക്രമേണ, ഞങ്ങൾക്ക് മെച്ചപ്പെട്ട മൈക്കുകളും ഉച്ചഭാഷിണികളും ലഭിച്ചുതുടങ്ങി. അവയിൽ ഏറ്റവും പ്രിയങ്കരമായത് ‘ചിക്കാഗോ മൈക്കുകൾ’ എന്ന് വിളിക്കപ്പെട്ടിരുന്നവയായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. അല്ലെങ്കിൽ ചിക്കാഗോ റേഡിയോ സംവിധാനങ്ങൾ. “തീർച്ചയായും, ഞങ്ങൾക്ക് അവയുടെ ചിലവ് പലപ്പോഴും താങ്ങാൻ കഴിയുന്നതായിരുന്നില്ല.''
ബ്രിട്ടീഷ് അടിച്ചമർത്തൽ ഉണ്ടായപ്പോൾ നിങ്ങൾ എങ്ങനെയാണു നേരിട്ടത്? അപ്പോൾ നിങ്ങളുടെ ആശയവിനിമയം എങ്ങനെ ആയിരുന്നു?
“അത്തരം നിരവധി സാഹചര്യങ്ങൾ ഉണ്ടായിരുന്നു. 1946-ലെ റോയൽ ഇന്ത്യൻ നേവി കലാപംപോലെ. കമ്മ്യൂണിസ്റ്റുകാർക്കെതിരെ വ്യാപകമായ അടിച്ചമർത്തൽ ഉണ്ടായി. എന്നാൽ റെയിഡുകൾ നേരത്തെയും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാർ ചിലപ്പോൾ ഗ്രാമങ്ങളിലെ എല്ലാ പാർട്ടി ഓഫീസുകളും പരിശോധിക്കും. സ്വാതന്ത്ര്യലബ്ധിക്കുശേഷം പാർട്ടി നിരോധിക്കപ്പെട്ടശേഷവും സമാനമായത് സംഭവിച്ചു.
ഞങ്ങൾ ബുള്ളറ്റിനുകളും മാസികകളും പുറത്തിറക്കിയിരുന്നു. ഉദാഹരണത്തിന് ജനശക്തി ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്ക് മറ്റ് ആശയവിനിമയരീതികളും ഉണ്ടായിരുന്നു. അവയിൽ ചിലത് നൂറ്റാണ്ടുകൾ പഴക്കമുള്ള ലളിതമായ സിഗ്നലുകൾ ആയിരുന്നു.
“കട്ടബൊമ്മന്റെ (പതിനെട്ടാം നൂറ്റാണ്ടിലെ ഐതിഹാസികമായ ബ്രിട്ടീഷ് വിരുദ്ധ പോരാളി) കാലംമുതൽ ആളുകൾ വീടിന്റെ കവാടത്തിൽ വേപ്പിൻ ചില്ലകൾ എടുത്തുവെയ്ക്കാറുണ്ടായിരുന്നു. ഉള്ളിലെ ഒരാൾക്ക് വസൂരിയോ മറ്റസുഖങ്ങളോ ഉള്ളതായി സൂചിപ്പിക്കുന്ന ഒരു അടയാളമായിരുന്നു അത്. എന്നാൽ അവിടെ ഒരു മീറ്റിംഗ് നടക്കുന്നു എന്നതിന്റെ രഹസ്യചിഹ്നമായും ഇത് ഉപയോഗിക്കപ്പെട്ടു.''
“വീടിനുള്ളിൽ ഒരു കുഞ്ഞ് കരയുന്ന ശബ്ദം ഉണ്ടായാൽ, അതിനർത്ഥം മീറ്റിംഗ് ഇപ്പോഴും തുടരുകയാണെന്നാണ്. കവാടത്തിനടുത്തുള്ള ചാണകം നനഞ്ഞിരിക്കുകയാണെകിൽ അവിടെ യോഗം തുടരുന്നു എന്നായിരുന്നു അർഥം. പ്രവേശനകവാടത്തിനടുത്തുള്ള ചാണകം ഉണങ്ങി ഇരിക്കുകയാണെങ്കിൽ അവിടെ അപകടം പതിയിരിക്കുന്നതിനാൽ പിന്തിരിഞ്ഞു പോകണം എന്നായിരുന്നു അർഥം. അല്ലെങ്കിൽ യോഗം അവസാനിച്ചു എന്നർത്ഥം.''
“സ്വാതന്ത്ര്യസമരത്തിൽ ആർ.എൻ.കെ.യുടെ ഏറ്റവും വലിയ പ്രചോദനം എന്തായിരുന്നു?''
“കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം.''
*****
“അറസ്റ്റിലായപ്പോൾ ഞാൻ എന്തിനാണ് മീശ വടിച്ചത്'' ആർ.എൻ.കെ. ചിരിച്ചു. “ഞാൻ ഒരിക്കലും അത് ചെയ്തില്ല. എന്റെ മുഖം മറയ്ക്കുന്ന വിധം ഞാൻ ഒരിക്കലും അത് വർത്തിയിരുന്നില്ല. അങ്ങനെയാണെങ്കിൽ, ഞാൻ എന്തിന് ഒരെണ്ണം വളർത്തണമായിരുന്നു?''
‘എന്നാൽ എന്റെ താടി പോലീസ് സിഗരറ്റ് ഉപയോഗിച്ച് കത്തിച്ചു. മദ്രാസ് സിറ്റിയിലെ ഒരു ഇൻസ്പെക്ടർ ആയിരുന്ന കൃഷ്ണമൂർത്തി എനിക്ക് ഏൽപ്പിച്ച പീഡനത്തിന്റെ ഭാഗമായിരുന്നു അത്. പുലർച്ചെ 2 മണിക്ക് അയാൾ എന്റെ കൈകൾ കെട്ടി. പിറ്റേന്ന് രാവിലെ 10 മണിക്ക് മാത്രം അയാൾ അവ അഴിച്ചു. എന്നിട്ട് അയാൾ തന്റെ ബാറ്റൺകൊണ്ട് എന്നെ വളരെനേരം അടിച്ചു’.
മറ്റ് പല സ്വാതന്ത്ര്യസമരസേനാനികളെപോലെ അദ്ദേഹവും, വ്യക്തിഗതമായ യാതൊരു വിദ്വേഷവും കൂടാതെയാണ് ആ സംഭവം ഓർക്കുന്നത്. അദ്ദേഹത്തിന് തന്നെ പീഡിപ്പിച്ചവനോട് വിരോധമില്ല. തന്റെ പ്രതികാരം തീർക്കാൻ ആർഎൻകെ. പിന്നീടൊരിക്കലും ആ പോലീസ് ഇൻസ്പെക്ടറെ അന്വേഷിച്ചിട്ടില്ല. ഒരിക്കൽപോലും അങ്ങനെ ചെയ്യാൻ അദ്ദേഹത്തിന് തോന്നിയിട്ടില്ല.
‘ഇത് യഥാർത്ഥത്തിൽ സംഭവിച്ചത് 1948-ലാണ്’. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം,'' അദ്ദേഹം പറയുന്നു. ‘മദ്രാസ് ഉൾപ്പെടെ പല പ്രവിശ്യകളിലും പാർട്ടി നിരോധിക്കപ്പെട്ടിരുന്നു, 1951വരെ അങ്ങനെതന്നെ തുടർന്നു..
എന്നാൽ ഞങ്ങൾക്ക് ഫ്യൂഡൽവിരുദ്ധ പോരാട്ടങ്ങളും അതേസമയം നടത്തേണ്ടിയിരുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കണം. ഞങ്ങൾക്ക് വലിയ ഒരു വില കൊടുക്കേണ്ടിവന്നു. ഇവ എല്ലാം 1947-ന് വളരെമുമ്പുതന്നെ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനുശേഷവും തുടരുകയും ചെയ്തു.
“സ്വാതന്ത്ര്യപ്രസ്ഥാനം, സാമൂഹ്യപരിഷ്കരണം, ഫ്യൂഡൽവിരുദ്ധസമരങ്ങൾ - എന്നിവയെ ഞങ്ങൾ സംയോജിപ്പിച്ചു. അങ്ങനെയാണ് ഞങ്ങൾ പ്രവർത്തിച്ചത്.
മെച്ചപ്പെട്ടതും തുല്യവുമായ വേതനത്തിനായി ഞങ്ങൾ പോരാടി. അയിത്തോച്ചടനത്തിനായി ഞങ്ങൾ പോരാടി. ക്ഷേത്രപ്രവേശന സമരങ്ങളിൽ ഞങ്ങൾ വലിയ പങ്കുവഹിച്ചു.''
“ജമീന്ദാരി സമ്പ്രദായം നിർത്തലാക്കുന്നതിനുള്ള പ്രചാരണം തമിഴ്നാട്ടിലെ ഒരു പ്രധാന പ്രസ്ഥാനമായിരുന്നു. സംസ്ഥാനത്തിന് പല പ്രധാന ജമീന്ദാരിമാരും ഉണ്ടായിരുന്നു. മിരാസ്ദാരി (പാരമ്പര്യാവകാശത്തിൽ കൈവശംവെച്ചിരുന്ന ഭൂമി), ഇനാംദാരി (ഭരണാധികാരി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സൗജന്യമായി നൽകിയ ഭൂമി) എന്നീ സംവിധാനങ്ങൾക്കെതിരെ ഞങ്ങൾ പോരാടി. കമ്മ്യൂണിസ്റ്റുകാരായിരുന്നു ഈ പോരാട്ടങ്ങളുടെ മുൻനിരയിൽ. ഞങ്ങൾക്ക് എതിരിടാൻ വളരെ വലിയ ഭൂപ്രഭുക്കളും അവരുടെ സ്വകാര്യ സായുധഗുണ്ടകളും ഉണ്ടായിരുന്നു.
“പുന്നിയൂർ സാംബശിവ അയ്യർ, നെടുമനം സാമിയപ്പ മുതലിയാർ, പൂണ്ടി വണ്ടിയാർ തുടങ്ങിയ ചിലരുണ്ടായിരുന്നു. അവർ ആയിരക്കണക്കിന് ഏക്കർ ഫലഭൂയിഷ്ഠമായ ഭൂമികൈവശമുണ്ടായിരുന്നു.'' ചരിത്രത്തിന്റെ രസകരമായ ഒരു പഠനമുറിയിലാണ് ഞങ്ങൾ ഇരിക്കുന്നത്.
ആ ചരിത്രം സൃഷ്ടിക്കാൻ സഹായിച്ച ഒരു മനുഷ്യനിൽനിന്ന് ഒരുകാലത്തെ നേരിട്ട് കേൾക്കുന്നു.
‘സ്വാതന്ത്ര്യപ്രസ്ഥാനം, സാമൂഹ്യപരിഷ്കരണം, ഫ്യൂഡൽവിരുദ്ധസമരങ്ങൾ - എന്നിവയെ ഞങ്ങൾ സംയോജിപ്പിച്ചു. മെച്ചപ്പെട്ടതും തുല്യവുമായ വേതനത്തിനായി ഞങ്ങൾ പോരാടി. തൊട്ടുകൂടായ്മാനിർമാർജനത്തിനായി ഞങ്ങൾ പോരാടി. ക്ഷേത്രപ്രവേശന സമരങ്ങളിൽ ഞങ്ങൾ വലിയ പങ്കുവഹിച്ചു’
നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രഹ്മതേയം, തേവതാനം തുടങ്ങിയ അനാചാരങ്ങളും ഉണ്ടായിരുന്നു.
ആദ്യത്തേതിൽ, ഭരണാധികാരികൾ ബ്രാഹ്മണർക്ക് ഭൂമി സൗജന്യമായി നൽകികയായിരുന്നു. അവർ ഭരിക്കുകയും ലാഭമുണ്ടാക്കുകയും ചെയ്തു. അവർ നേരിട്ട് കൃഷി ചെയ്യില്ല. പക്ഷേ ലാഭം അവർക്കായിരിക്കും. തേവതാനത്തിന് കീഴിൽ ക്ഷേത്രങ്ങൾക്ക് അത്തരം ഭൂമി സമ്മാനമായി ലഭിക്കും. ‘ചിലപ്പോൾ ഒരു ക്ഷേത്രത്തിന് ഒരു ഗ്രാമം മുഴുവൻ സമ്മാനമായി ലഭിച്ചെന്നിരിക്കും. ചെറിയ കുടിയാന്മാരും തൊഴിലാളികളും ഇത്തരം സംവിധാനങ്ങളുടെ ദയയിൽമാത്രം ജീവിച്ചു. അവർക്കെതിരെ ചെറുവിരൽ അനക്കിയ ഏതൊരാളും ഒഴിപ്പിക്കപ്പെടും.
“ഇത് നോക്കൂ. മഠങ്ങൾ അല്ലെങ്കിൽ ആശ്രമങ്ങൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനങ്ങൾ ആറ് ലക്ഷം ഏക്കർ ഭൂമിയുടെ ഉടമസ്ഥരായിരുന്നു. ഒരുപക്ഷേ ഇപ്പോൾപോലും. എന്നാൽ ജനങ്ങളുടെ അചഞ്ചലമായ സമരങ്ങളുടെ മുൻപിൽ അവരുടെ അധികാരം ശക്തമായി വെട്ടിക്കുറയ്ക്കപ്പെട്ടു.''
“തമിഴ്നാട് ജമീന്ദാരി ഉന്മൂലനനിയമം 1948-ൽ നിലവിൽവന്നു. എന്നാൽ നഷ്ടപരിഹാരം ലഭിച്ചത് ജമീന്ദാർമാർക്കും ഭീമൻ ഭൂവുടമകൾക്കുമാണ്. അവർക്കുവേണ്ടി ഭൂമിയിൽ അദ്ധ്വാനിച്ചവർക്കല്ല. സമ്പന്നരായ കുടിയാന്മാർക്ക് കുറച്ച് നഷ്ടപരിഹാരം എങ്കിലും ലഭിച്ചു. വയലിൽ പണിയെടുക്കുന്ന പാവപ്പെട്ടവർക്ക് ഒന്നും കിട്ടിയില്ല. 1947-49 കാലഘട്ടത്തിൽ ഈ ക്ഷേത്രഭൂമികളിൽനിന്ന് ധാരാളം കുടിയൊഴിപ്പിക്കലുകൾ ഉണ്ടായി.''
"കർഷകർക്ക് ഭൂമിയുണ്ടെങ്കിൽ മാത്രമേ അവർക്ക് നന്നായി ജീവിക്കാൻ കഴിയൂ" എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങൾ വലിയ പ്രതിഷേധങ്ങൾ ആരംഭിച്ചു.
ഇവയായിരുന്നു ഞങ്ങളുടെ പോരാട്ടങ്ങൾ. 1948 മുതൽ 1960വരെ സാധാരണ കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാട്ടം നടത്തി. മുഖ്യമന്ത്രിസ്ഥാനത്തെത്തിയ സി. രാജഗോപാലാചാരി (രാജാജി) ജന്മിമാരുടെയും മഠങ്ങളുടെയും പക്ഷംപിടിച്ചു. ഞങ്ങൾ പറഞ്ഞു: "ഭൂമി, മണ്ണിൽ പണിയെടുക്കുന്നവർക്കുള്ളതാണ്.'' രേഖകൾ കൈവശമുള്ളവർക്കാണ് ഭൂമിയെന്ന് രാജാജിയും പറഞ്ഞു. എന്നാൽ ഈ ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കും ഉണ്ടായിരുന്ന സമ്പൂർണശക്തിയെ തകർക്കുന്നതായിരുന്നു ഞങ്ങളുടെ സമരങ്ങൾ. ഞങ്ങൾ അവരുടെ വിളവെടുപ്പ് നിയമങ്ങളും പ്രോട്ടോക്കോളുകളും ലംഘിച്ചു. ഞങ്ങൾ അടിമകളാകാൻ വിസമ്മതിച്ചു.
“തീർച്ചയായും, ഇതെല്ലാം അന്നത്തെ വിശാലമായ സാമൂഹികപോരാട്ടങ്ങളിൽനിന്ന് വേർപെടുത്തി കാണാനാകില്ല.''
“ഒരു രാത്രി ഒരു ക്ഷേത്രത്തിൽ നടന്ന പ്രതിഷേധത്തിന് സാക്ഷിയായത് ഞാൻ ഓർക്കുന്നു. എല്ലാ ക്ഷേത്രങ്ങളിലും രഥോത്സവം ഉണ്ടായിരിക്കും. രഥങ്ങൾ കയറുകൊണ്ട് മുന്നോട്ട് വലിക്കുന്നത് കർഷകരായിരുന്നു. കുടിയൊഴിപ്പിക്കൽ തുടർന്നാൽ കർഷകർ എവിടെയും രഥം വലിക്കാൻ മുന്നോട്ട് വരില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വിതയ്ക്കുന്നതിന് പ്രതിഫലമായി കുറച്ച് ധാന്യം തിരികെ എടുക്കാനുള്ള ഞങ്ങളുടെ അവകാശവും ഞങ്ങൾ ഉറപ്പിച്ചുപറഞ്ഞു.''
സംഭാഷണം ഇവിടെ എത്തുമ്പോൾ അദ്ദേഹം സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള കാലഘട്ടങ്ങൾക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുകയാണ്. ഒരുതലത്തിൽ, അത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. മറ്റൊന്നിൽ, അത് അക്കാലത്തെ സാമൂഹിക സങ്കീർണ്ണതകളെ ഞങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തുന്നു. അതായത് അവയിൽ നിരവധി സ്വാതന്ത്ര്യങ്ങൾ ഉൾപ്പെട്ടിരുന്നു ഈ സമരങ്ങളിൽ ചിലതിന് വ്യക്തമായ ആരംഭതീയതിയും അവസാനതീയതിയും ഇല്ലായിരുന്നു. ആർഎൻകെ.യെപ്പോലുള്ളവർ ആ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ശക്തമായി ഉറച്ചുനിന്നു.
“ഞങ്ങൾ പതിറ്റാണ്ടുകളോളം തൊഴിലാളികൾക്കുനേരെ ഉണ്ടാകുന്ന മർദ്ദനങ്ങൾക്ക് എതിരെ പോരാടി.
1943ലും ദളിത് തൊഴിലാളികൾ വ്യാപകമായി ചാട്ടവാറടിക്ക് ഇരയായി. ചാട്ടകൊണ്ട് ഉണ്ടാക്കിയ മുറിവുകളിൽ ചാണകവെള്ളം കോരി ഒഴിച്ചു. പുലർച്ചെ നാലോ അഞ്ചോ മണിക്ക് അവർ ജോലിക്ക് പോകേണ്ടിയിരുന്നു. കോഴി കൂവുന്ന നേരത്ത്. കന്നുകാലികളെ കുളിപ്പിക്കാനും ചാണകം ശേഖരിക്കാനും വയലിൽ നനയ്ക്കാനും അവർ ആ സമയത്ത് മിരാസ്ദാർമാരുടെ പുരയിടങ്ങളിൽ ഉണ്ടായിരുന്നിരിക്കണം. അന്നത്തെ തഞ്ചാവൂർ ജില്ലയിൽ തിരുതുറൈപൂണ്ടിക്ക് സമീപം ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടെയാണ് ഞങ്ങൾ പ്രതിഷേധം നടത്തിയത്”.
കിസാൻ സഭയുടെ ശ്രീനിവാസ്റാവുവിന്റെ നേതൃത്വത്തിൽ ഒരു വലിയ പ്രകടനം അവിടെ നടന്നു. ചെങ്കൊടി പിടിച്ചതിന് അവർ നിങ്ങളെ തല്ലുകയാണെങ്കിൽ, അവരെ തിരിച്ച് അടിച്ചിരിക്കണം,' 'എന്നതായിരുന്നു ഞങ്ങൾ അവിടുത്തെ പോരാടുന്ന മനുഷ്യരിൽ ഉണ്ടാക്കിയിരുന്ന വികാരം. ഒടുവിൽ ഈ ചാട്ടവാറടിയും ചാണകവെള്ളത്തിന്റെ ഉപയോഗവും മറ്റ് അനാചാരങ്ങളും നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് തിരുതുറൈപൂണ്ടിയിലെ മിറാസ്ദാർമാർക്കും മുതലിയാർമാർക്കും കരാർ ഒപ്പിടേണ്ടിവന്നു.
1940-കൾമുതൽ 1960-കൾവരെയും അതിനുശേഷവും നടന്ന മഹത്തായ പോരാട്ടങ്ങളിൽ താൻ വഹിച്ച വലിയ പങ്ക് ആർ.എൻ.കെ. ഒരിക്കലും ഉയർത്തികാണിച്ചില്ല. ശ്രീനിവാസ്റാവുവിന്റെ പിൻഗാമിയായി അദ്ദേഹം തമിഴ്‌നാട് അഖിലേന്ത്യാ കിസാൻസഭയുടെ (എഐകെഎസ്) തലവനായി.
1947-ന് ശേഷമുള്ള ദശാബ്ദങ്ങളിൽ, നിശബ്ദനായി പ്രവർത്തിച്ച ഈ കാലാൾ പടയാളി കർഷകരുടെയും തൊഴിലാളികളുടെയും പോരാട്ടങ്ങളിൽ ശക്തമായ ഒരു നേതൃത്വമായി ഉയർന്നുവന്നു.
*****
രണ്ടുപേരും ഒരേപോലെ ആവേശഭരിതരും വികാരാധീനരും ആയിരുന്നു. ഞങ്ങൾ സിപിഐ(എം) നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന എൻ. ശങ്കരയ്യയുടെ വീട്ടിൽ ഒരുമിച്ചിരുന്ന് സംഭാഷണം നടത്തുകയായിരുന്നു.
അതായത് ഞങ്ങൾ അദ്ദേഹത്തോടും നല്ലകണ്ണിനോടും ഒരുമിച്ചാണ് സംസാരിച്ചത്. ഒരുമിച്ച് എട്ട് പതിറ്റാണ്ടുകളിൽ പോരാട്ടം നടത്തിയ ആ സഖാക്കൾ പരസ്പരം അഭിവാദ്യം ചെയ്യുന്ന രീതി മുറിയിലെ ബാക്കിയുള്ളവരുടെ വികാരങ്ങളെയും ആഴത്തിൽ സ്പർശിച്ചു.
60 വർഷങ്ങൾക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രണ്ടായി പിളർന്നപ്പോൾ അവർ വ്യത്യസ്ത വഴികളിലൂടെ പോയി. അത് സൌഹാർദ്ദപരമായ വേർപിരിയൽ ആയിരുന്നില്ല.
“എന്നാൽ അതിനുശേഷവും ഞങ്ങൾ പല വിഷയങ്ങളിലും സമരങ്ങളിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്,'' നല്ലകണ്ണ് പറയുന്നു.
“പരസ്പരം മുൻപ് പുലർത്തിയിരുന്ന അതേ സൗഹൃദമനോഭാവത്തോടെ.''
“ഞങ്ങൾ രണ്ടുപേരും കണ്ടുമുട്ടുമ്പോൾ, അന്നത്തെപ്പോലെ ഇന്നും ഞങ്ങൾ ഒരു പാർട്ടിയാണ്,' ശങ്കരയ്യ പറയുന്നു.
ഇന്നത്തെ കാലത്ത് വർഗീയ കലാപത്തിന്റെയും വിദ്വേഷത്തിന്റെയും കാര്യത്തിൽ വരുന്ന വർദ്ധനയോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും? രാജ്യത്തിന്റെ ഭാവിയിലേക്കുള്ള നിലനിൽപ്പിനെ സംബന്ധിച്ച് അവർക്ക് ഭയമുണ്ടോ? സ്വാതന്ത്ര്യം നേടിയെടുക്കാൻ തങ്ങൾ സഹായിച്ച ഒരു രാഷ്ട്രമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
“സ്വാതന്ത്ര്യസമരകാലത്തും കാര്യങ്ങൾ ഇരുളടഞ്ഞതായി തോന്നിയ സമയങ്ങളുണ്ടായിരുന്നു,'' നല്ലകണ്ണ് പറയുന്നു. “നിങ്ങൾക്ക് ജയിക്കാൻ കഴിയില്ലെന്ന് ഞങ്ങളോട് പലരും പറഞ്ഞു. നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന് എതിരായാണ് പോരാടുന്നത്. ആ സമരത്തിൽനിന്ന് ഞങ്ങളെ അകറ്റിനിർത്താൻ ചിലർ ഞങ്ങളുടെ കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
എന്നാൽ ആ മുന്നറിയിപ്പുകൾക്കും ഭീഷണികൾക്കും അതീതമായി ഞങ്ങൾ ഉയർന്നു. അതിശക്തമായി പോരാടുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങൾ ഇന്ന് ഇവിടെ ഇങ്ങനെ നിൽക്കുന്നത്.''
“വിശാലമായ ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയുണ്ട് എന്ന് അവർ ഇരുവരും പറഞ്ഞു. പണ്ടത്തെപ്പോലെ മറ്റുള്ളവരിൽനിന്ന് പഠിക്കാനും അവരിലേക്ക് എത്തിച്ചേരാനും ശ്രമങ്ങൾവേണം. “ഇഎംഎസ് (നമ്പൂതിരിപ്പാട്) പോലും ഇന്ന് അദ്ദേഹത്തിന്റെ മുറിയിൽ ഗാന്ധിജിയുടെ ഫോട്ടോ വെക്കുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു,'' ആർഎൻകെ. പറഞ്ഞു.
ഇന്ന് നമുക്കിടയിൽ അനേകലക്ഷക്കണക്കിന് ആളുകളെ ഭയചകിതരാക്കുന്ന വർത്തമാനകാല രാഷ്ട്രീയത്തിന്റെ അവസ്ഥ കണ്ടിട്ടും അവർ രണ്ടുപേർക്കും എങ്ങനെയാണ് ശാന്തരായി തുടരാനാകുന്നത്? നല്ലകണ്ണ് ഇങ്ങനെ മറുപടി പറഞ്ഞു: “ഇതിലും മോശമായ കാലം കണ്ടിട്ടുള്ളവരാണ് ഞങ്ങൾ”.
പിൻകുറിപ്പ്:
പിൻകുറിപ്പ്: 2022-ലെ സ്വാതന്ത്ര്യദിനത്തിന്റെയന്ന് – അപ്പോഴേക്കും ദി ലാസ്റ്റ് ഹീറോസ്: ഫൂട്ട്സോൾജേഴ്സ് ഓഫ് ഇന്ത്യൻ ഫ്രീഡം പ്രസ്സിലേക്ക് പോവുകയും, ആർ.എൻ.കെ.യ്ക്ക് തമിഴ് നാട് സർക്കാർ തഗൈസൽ തമിഴർ അവാർഡ് സമ്മാനിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിനും തമിഴ് സമൂഹത്തിനും ഏറ്റവുമധികം സംഭാവനകൾ നൽകിയ മഹദ് വ്യക്തികൾക്ക് സംസ്ഥാനം നൽകുന്ന ഈ പരമോന്നത പുരസ്കാരം 2021-ലാണ് സ്ഥാപിതമായത്. 10 ലക്ഷം രൂപ അടങ്ങുന്ന ഈ ക്യാഷ് പ്രൈസ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഫോർട്ട് സെന്റ് ജോർജ്ജിന്റെ മുമ്പിൽവെച്ചാണ് ആർ.എൻ.കെ.യ്ക്ക് നൽകിയത്.
പരിഭാഷ: കെ.എ. ഷാജി