“കുട്ടിക്കാലം മുതൽക്കേ എനിക്ക് ചിത്രം വരയ്ക്കാൻ ഇഷ്ടമായിരുന്നു. ഒന്നാം ക്ലാസ്സിലായിരുന്നപ്പോൾ ടീച്ചർ ഞങ്ങളോട് ഒരു ഓറഞ്ചോ മത്തങ്ങയോ ഒക്കെ വരയ്ക്കാൻ പറയുമ്പോൾ ഞാൻ വേഗത്തിൽ വരയ്ക്കാറുണ്ടായിരുന്നു”, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി രമേശ് ദത്ത പറയുന്നു. “അങ്ങിനെയാണ് എല്ലാം തുടങ്ങിയത്”.
അസമിലെ നിരവധി വൈഷണവവിഹാരങ്ങളിലൊന്നായ മജൂലിയിലെ ഗരാമുർ സാരു സത്രയുടെ നാടകപ്രവർത്തനങ്ങളിൽ മുഖംമൂടി നിർമ്മിക്കുകയും സെറ്റുണ്ടാക്കുകയും ചെയ്യുന്നവരിൽ പ്രമുഖനാണ് അദ്ദേഹം. ദ്വീപിലുള്ളവർ, രമേശ് ദാ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അദ്ദേഹം അധികമൊന്നും സംസാരിക്കുന്ന പ്രകൃതക്കാരനല്ലെങ്കിലും നിരവധി കഴിവുകളുള്ള ഒരാളാണ്. ബ്രഹ്മപുത്രയിലെ ഏറ്റവും വലിയ ദ്വീപായ മജൂലിയിലെ പ്രാദേശിക തിയറ്ററിനേയും സംഗീത-കലാ മേഖലയേയും സജീവമായി നിലനിർത്തുകയുംചെയ്യുന്ന വ്യക്തിയാണ് രമേശ്.
“കുട്ടിയായിരുന്നപ്പോൾ, പാവകളി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവർ പാവകളുണ്ടാക്കുന്നത് കണ്ട് ഞാൻ ആ കല പഠിച്ചെടുത്തു. ഞാനന്ന് രണ്ടാം ക്ലാസിലായിരുന്നുവെന്ന് തോന്നു. ഞാൻ പാവകളുണ്ടാക്കി, സ്കൂളിൽ അവയെ പ്രദർശിപിച്ചിരുന്നു”, അദ്ദേഹം ഓർക്കുന്നു.
പ്രദർശനമില്ലാത്ത സമയത്തൊക്കെ അദ്ദേഹം, താനുണ്ടാക്കുന്ന ഈ കലാരൂപങ്ങളെ വീടിനടുത്തുള്ള ഒരു തുറന്ന ഷെഡ്ഡിൽ സൂക്ഷിക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ സന്ദർശിക്കുന്ന സമയത്ത്, അതിനകത്തെ ഒരു തട്ടിൽ ഒരു ബോട്ട് കമഴ്ത്തിവെച്ചിരിക്കുന്നത് കണ്ടു. രമേശ് ഉണ്ടാക്കിയ മുഖംമൂടികളുടെയടുത്ത് പെയിന്റിന്റെ ഡബ്ബകളും ബ്രഷുകളുമൊക്കെ വെച്ചിരുനു. അവയിൽ രാസ് മഹോത്സവത്തിനായി ഉണ്ടാക്കിയ ഒരു കൊറ്റിയുടെ, എടുത്തുമാറ്റാവുന്ന മുഖംമൂടിയും അവയിലുണ്ടായിരുന്നു. (വായിക്കുക: മജൂലിയുടെ വിവിധ മുഖംമൂടികൾ )
ഇന്ന് അദ്ദേഹം മുഖംമൂടിയൊന്നും നിർമ്മിക്കുന്നില്ലെങ്കിലും, ആ കലാരൂപത്തെയും, അത് അവതരിപ്പിക്കുന്ന പത്മശ്രീ പുരസ്കാരം നേടിയ ഹേമ ചന്ദ്ര ഗോസ്വാമിയെപ്പോലുള്ളവരെയുമൊക്കെ അദ്ദേഹത്തിന് ബഹുമാനമാണ്. “അദ്ദേഹത്തിന്റെ മുഖംമൂടികളുടെ ഇമയനങ്ങുകയും ചുണ്ടുകൾ ചലിക്കുകയും ചെയ്യുന്നു. മുഖംമൂടി കലയെ അദ്ദേഹം ലോകപ്രശസ്തവും പ്രചാരമുള്ളതുമാക്കി മാറ്റി. ധാരാളം ശിഷ്യസമ്പത്തും അദ്ദേഹത്തിനുണ്ട്”. രമേശ് പറയുന്നു.
രാസ് ഉത്സവകാലത്ത്, മുഖംമൂടികൾ നന്നാക്കുന്ന ജോലി അദ്ദേഹം ഏറ്റെടുക്കാറുണ്ട്. കൂട്ടത്തിൽ, സെറ്റുകളുടെ ഡിസൈനുകളും ഗരമൂർ സാരു സത്രയിലെ അവതരണത്തിന് അവശ്യമായ സ്റ്റേജ് സാമഗ്രികളും ഉണ്ടാക്കുന്നു. “നാളെയാണ് രാസ് ഉത്സവമെങ്കിൽ, ഇന്നുതന്നെ സെറ്റുണ്ടാക്കാൻ എനിക്ക് സാധിക്കും” (വായിക്കുക: രാസ് മഹോത്സവവും മജൂലിയിൽ സത്രകളും )
ഗായൻ-ബായൻ, ഭവോന തുടങ്ങി, സത്രത്തിൽ സംഘടിപ്പിക്കുന്ന വിവിധ വൈഷ്ണവ സത്രിയ അവതരണങ്ങളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. ആദ്യത്തേത്, ഗായകരും (ഗായാൻ) വാദ്യോപകരണവാദകരും (ബായൻ) അവതരിപ്പിക്കുന്ന നാടൻ കലയാണ്. രണ്ടാമത്തേത് ഒരു നാടകരൂപവും. സത്രിയ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ ഈ അവതരണങ്ങൾ ആദ്യമായി കൊണ്ടുവന്നത്, 15-ആം നൂറ്റാണ്ടിലെ സന്ന്യാസിവര്യനും സാമൂഹിക പരിഷ്കർത്താവുമായ ശ്രീമന്ത ശങ്കരദേവനാണ്.
സത്രത്തിൽ നടക്കുന്ന അവതരണങ്ങൾക്ക് സംഗീതത്തിന്റെ അകമ്പടി നൽകുക എന്ന ചുമതലയാണ് ഗായനുകൾക്കും ബായനുകൾക്കുമുള്ളത്.
“1984-ൽ പീതാംബർ ദേവ് സാംസ്കൃതിക വിദ്യാലയത്തിൽവെച്ചാണ് ഞാൻ ഗായൻ-ബായൻ പഠിക്കാൻ തുടങ്ങിയത്. 13 വയസ്സിൽ. ആദ്യം ഞാൻ ഇവ രണ്ടും പഠിച്ചുവെങ്കിലും പിന്നീട് എന്റെ ഗുരു എന്നോട് ഒരു ഗായൻ ആവാൻ ആവശ്യപ്പെട്ടു. അതുകൊണ്ട് അതാണ് ഞാൻ പിന്നീട് പഠിച്ചത്”, രമേശ് പറയുന്നു.
*****
അദ്ദേഹം ഇരിക്കുന്ന മുറിയിൽ മങ്ങിയ വെളിച്ചമാണുള്ളത്. പച്ച നിറമടിച്ച ചുമർ മണ്ണും സിമന്റുകൊണ്ട് പ്ലാസ്റ്റർചെയ്തിരിക്കുന്നു. രമേശ് ദായുടെ പിൻഭാഗത്തായി ഒരു രകൃതിദൃശ്യം തൂക്കിയിട്ടിട്ടുണ്ട്. അവിടെ കാണുന്ന എല്ലാ പെയിന്റിംഗുകളും അച്ഛൻ വരച്ചതാണെന്ന് അദ്ദേഹത്തിന്റെ ആറുവയസ്സുള്ള മകൾ അനുഷ്ക ഞങ്ങൾക്ക് പറഞ്ഞുതന്നു.
വീട്ടിലെ പശുത്തൊഴുത്തിന്റെ ഒരു ഭാഗമാണ് അദ്ദേഹത്തിന്റെ സ്റ്റുഡിയോ. ഉച്ച മുഴുവൻ അദ്ദേഹം കരാർ കിട്ടിയ രണ്ട് ശില്പങ്ങൾ ചെയ്യുന്നത് ഞങ്ങൾ നോക്കിനിന്നു. നാംഘറിന്റെ (പ്രാർത്ഥനാമന്ദിരാം) ഗേറ്റുകളിൽ സ്ഥാപിക്കാനുള്ള ജൊയ്-ബിജൊയ് രൂപങ്ങളായിരുന്നു അവ. കഴിഞ്ഞ 20 വർഷങ്ങളായി അദ്ദേഹം ഇത്തരത്തിൽ പ്രതിമകളുണ്ടാക്കുന്നു. ഒരു പ്രതിമയുണ്ടാക്കാൻ ഏകദേശം 20 ദിവസം വേണമെന്ന് അദ്ദേഹം പറഞ്ഞു.
“ആദ്യം മരമുപയോഗിച്ച് ഞാൻ ചട്ടക്കൂടുണ്ടക്കുന്നു. പിന്നെ അതിൽ മണലും സിമന്റ് മിശ്രിതവും ഒഴിച്ച്, ഉണക്കാൻ വെക്കുന്നു. ജൊയ്-ബിജോയ് രൂപങ്ങളുടെ ശരീരത്തിന് ഉളികൊണ്ട് ആകൃതി കൊടുത്ത് അദ്ദേഹം വിശദീകരിച്ചുതന്നു. “കുറച്ച് ദിവസം കഴിഞ്ഞാൽ, ഞാൻ ശില്പങ്ങൾക്ക് രൂപം നൽകാൻ തുടങ്ങും. സൂക്ഷ്മമായ ജോലികളൊക്കെ അവസാനമാണ് ചെയ്യുക”.
കൈകാലുകൾപോലുള്ള ശരീരഭാഗങ്ങളൊക്കെ രൂപപ്പെടുത്തുന്നത്, വാഴത്തടി ഉപയോഗിച്ചാണ് “നാട്ടിലെ കടകളിൽനിന്ന് കിട്ടുന്ന സാമഗ്രികളുപയോഗിച്ചാണ് ഞാൻ മൂർത്തിയെ (ശില്പത്തെ) നിർമ്മിക്കുന്നത്”, രമേശ് ദാ പറയുന്നു. “ഇക്കാലത്ത് ഞങ്ങൾ അധികവും ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്ക് പെയിന്റുകളാണ്. പണ്ടൊക്കെ ഡിസ്റ്റംബർ പെയിന്റ് ഉപയോഗിച്ചിരുന്നു. എന്നാൽ അത് വേഗം നിറം മങ്ങും”.
ശില്പത്തിൽനിന്ന് അല്പം അകന്നുനിന്ന്, അതിന്റെ അനുപാതങ്ങൾ അദ്ദേഹം വിലയിരുത്തുന്നു. പിന്നീട്, കുറച്ചുകൂടി കോൺക്രീറ്റ് മിശിതം ഉണ്ടാക്കി വീണ്ടും പണി തുടരുന്നു. “ജോലി ചെയ്യുമ്പോൾ അധികം സംസാരിക്കാറില്ല അദ്ദേഹം. ശല്യമുണ്ടാക്കുന്നത് ഇഷ്ടമല്ല”, ജോലിയിൽ അദ്ദേഹത്തെ സഹായിക്കുന്ന ഭാര്യ നീത, ഒരു ചെറിയ പുഞ്ചിരിയോടെ ഞങ്ങളോട് പറയുന്നു. “ഈ പണിയിൽ മുഴുകുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് അദ്ദേഹം”.
ഗരാമൂറിനടുത്തുള്ള ഖർജാൻപറിലെ നാംഘറിനുവേണ്ടി താൻ നിർമ്മിച്ച ഗുരു അക്സോണിനെക്കുറിച്ച് (ഗുരുവിന്റെ പീഠം) ദത്തയ്ക്ക് വലിയ അഭിമാനമാണ്. പ്രാർത്ഥനാമന്ദിരത്തിന്റെ ശ്രീകോവിലിനകത്ത് ചതുർമുഖ ശില്പമാണ് ആക്സോൺ. “ഞാൻ ആക്സോൺ കോൺക്രീറ്റുകൊണ്ട് ഉണ്ടാക്കി, മരംപോലെ തോന്നിപ്പിക്കുന്ന പെയിന്റ് കൊടുത്തു. ‘സത്രാധികാരി’യാണ് അതിനെ പൂജിച്ച് ഉദ്ഘാടനം ചെയ്തത്. അദ്ദേഹംപോലും അത് മരമാണെന്നാണ് കരുതിയത്”, സന്തോഷത്തോടെ ദത്ത പറയുന്നു.
കുടുംബത്തിനുള്ള വീട് നിർമ്മിക്കാനുള്ള തിരക്കിലുമായിരുന്നു അദ്ദേഹം. “മഴക്കാലമാണ്. അതുകൊണ്ടാണ് തീരാൻ വൈകുന്നത്”, നീത പറയുന്നു.
നാല് സഹോദരരിൽ മൂത്തയാളാണ് ദത്ത. കുടുംബത്തിൽ, കല തൊഴിലായെടുത്ത ഒരേയൊരാളും. 8-ആം ക്ലാസ്സ് മുതൽ. “ഇതെന്റെ തൊഴിലാണ്. എനിക്ക് കൃഷിഭൂമിയൊന്നുമില്ല”, അദ്ദേഹം പറയുന്നു. “ജോലിയില്ലാത്തപ്പോൾ, നീക്കിയിരുപ്പിനെ ആശ്രയിക്കേണ്ടിവരും. ജീവിതം മുന്നോട്ട് പോവുന്നു. ചിലപ്പോൾ ആളുകൾ ഭാവൊന (പരമ്പരാഗത നാടകം) ചെയ്യാൻ ക്ഷണിക്കാറുണ്ട്. അവർക്ക് സഹായിക്കാൻ ആളുവേണം. അതുകൊണ്ട് ഞാൻ പോവും”.
“ചിലർ 1,000 രൂപ തരും, ചിലർ 1,500-ഉം. മറ്റ് ചിലർ 300 രൂപയും. നമ്മൾ എന്ത് പറയാനാണ്? ഇത് സമുദായ സേവനമാണ്. ഞാൻ എന്റെ കൂലി പറയും. എന്നാൽ ആളുകൾ അവരുടെ ശേഷിക്കനുസരിച്ചായിരിക്കും തരിക”.
ഇത്തരം പരിമിതികൾ മനസ്സിലാകുമെങ്കിലും, ‘പണമില്ലാതെ ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചെയ്തുതുടങ്ങാൻതന്നെ പൈസ വേണം. ആ പണം കിട്ടാൻ ചിലപ്പോൾ ബുദ്ധിമുട്ടാറുമുണ്ട്”, അദ്ദേഹം പറയുന്നു.
മുമ്പ് ചെയ്തുവെച്ച രൂപങ്ങൾ വാടകയ്ക്ക് കൊടുത്തിട്ടാണ് ഇത്തരം പ്രശ്നങ്ങൾ അദ്ദേഹം ചിലപ്പോൾ പരിഹരിക്കുന്നത്. 2014-ൽ ഉണ്ടാക്കിയ വിഷ്ണുവിന്റെ മത്സ്യാവതാരത്തിന്റെ രൂപംപോലെയുള്ളവ. “അന്നെനിക്ക് ഇതിനുള്ള സാധനങ്ങൾ വാങ്ങാൻ 400 രൂപയായി. ചിലപ്പോൾ ആ 400 രൂപപോലും കൈയ്യിലുണ്ടാവില്ല”. സാധനങ്ങൾ വാടകയ്ക്ക് കൊടുത്ത് അദ്ദേഹം പിന്നീടുള്ള ആറുവർഷത്തിനിടയിൽ, 50,000 രൂപയോളം സമ്പാദിച്ചിട്ടുണ്ട്.
ചെയ്യുന്ന ജോലിക്ക് നിശ്ചിതമായ നിരക്കുകളൊന്നും ദത്തയ്ക്കില്ല. ചിലപ്പോൾ ശില്പം ചെറുതാണെങ്കിലും, അദ്ധ്വാനം കൂടുതലായിരിക്കും. “ചിലപ്പോൾ, ചെയ്യുന്ന ജോലിക്ക് കിട്ടുന്ന കൂലി മതിയാവില്ല”, അദ്ദേഹം പറയുന്നു.
“ചീട്ടുകളിപോലെയാണ്. പ്രതീക്ഷകളില്ലാത്തിടത്ത്, പ്രതീക്ഷകൾ കണ്ടെത്തണം”.
മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ ഫെല്ലോഷിപ്പ് ഉപയോഗിച്ച് ചെയ്ത റിപ്പോർട്ട്
പരിഭാഷ: രാജീവ് ചേലനാട്ട്