ആകാശം ഇരുട്ടുമ്പോൾ, നിറമുള്ള വൈദ്യുതാലങ്കാരങ്ങളൊക്കെ പിടിപ്പിച്ച ഓം ശക്തിയുടെ വലിയ കട്ടൌട്ടിന് ജീവൻവെച്ചു. ദേവതയ്ക്കുവേണ്ടി ബംഗ്ലാമേടിലെ ഇരുളരുടെ വർഷംതോറുമുള്ള തീമിതിതിരുവിഴ, അഥവാ, കനൽനടത്ത ആഘോഷം നടക്കുകയാണ്.
വൈകീട്ട് മുഴുവൻ കത്തിക്കൊണ്ടിരുന്ന വിറകുകൾ കനലുകളാകാൻ തുടങ്ങിയിരുന്നു. സന്നദ്ധപ്രവർത്തകർ അതിനെ ഒരു പൂക്കളംപോലെ പരത്തിയിട്ടു. അതുകൊണ്ടാണ് ഇരുളർ തീമിതി എന്ന ഈ ചടങ്ങിനെ, പൂമിതി, അഥവാ, പൂനടത്തം എന്നും വിളിക്കുന്നത്.
അന്തരീക്ഷത്തിൽ ഒരു ആകാംക്ഷ പ്രത്യക്ഷമാണ്. ശക്തിയുടേയും ബലത്തിന്റേയും പ്രതിരൂപമായി, തമിഴ് നാട്ടിൽ ഒന്നടങ്കം ആരാധിക്കപ്പെടുന്ന, ഒം ശക്തി എന്ന ഇരുളരുടേതല്ലാത്ത ദേവതയിൽ വിശ്വാസമർപ്പിക്കാനായി, സമീപത്തുള്ള ഗ്രാമങ്ങളിൽനിന്നൊക്കെ ആളുകൾ ഒത്തുകൂടിയിരുന്നു.
ഇരുളർ സമുദായത്തെ (ഇരുള എന്നും പറയപ്പെടുന്നു) തമിഴ് നാട്ടിൽ പട്ടികഗോത്രക്കാരായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ഏഴ് കന്യാമൂർത്തികളിലൊരാളായ കണ്ണിയമ്മയെയാണ് അവർ പരമ്പരാഗതമായി ആരാധിക്കുന്നത്. ഓരോ ഇരുള ഭവനത്തിലും ആ ദേവതയെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു കലശമുണ്ടായിരിക്കും (മൺപാത്രം). ഒരു കെട്ട് വേപ്പിലയുടെ മുകളിലായിട്ടാണ് ആ കലശം വെക്കുക.
ബംഗ്ലാമേട്ടിലെ ഇരുളരുടെ ഓം ശക്തി ആഘോഷത്ത് എങ്ങിനെയാണ് വിശദീകരിക്കുക?
1990-കളുടെ അവസാനം നടന്ന ഒരു സംഭവം വിവരിക്കുകയാണ് 36 വയസ്സുള്ള ജി. മണികണ്ഠൻ. അദ്ദേഹത്തിന്റെ അനിയത്തി ഇരുളസമുദായത്തിന് പുറത്തുള്ള ഒരാളുമായി ഇഷ്ടത്തിലായപ്പോൾ ഗ്രാമത്തിൽ ജാതിസംഘർഷം പുറപ്പെടുകയും, രാത്രിക്കുരാത്രി അദ്ദേഹത്തിന്റെ കുടുംബത്തിന് ചെറുക്കനൂർ ഗ്രാമത്തിലെ അവരുടെ വീട്ടിൽനിന്ന് പലായനം ചെയ്യേണ്ടിവരികയും ചെയ്തു. ചെറുക്കനൂർ തടാകക്കരയിലുള്ള ഒരു കുടിലിലാണ് കുടുംബം അഭയം പ്രാപിച്ചത്.
“രാത്രി മുഴുവൻ ഗൌളി ചിലച്ചിരുന്നു. അത് കേട്ടപ്പോൾ സമാധാനമായി. അമ്മനിൽനിന്നുള്ള (ദേവത) നല്ല ശകുനമായിട്ടാണ് ഞങ്ങളതിനെ കരുതിയത്. ഓം ശക്തിയാണ് ആ രാത്രി തങ്ങളുടെ ജീവൻ രക്ഷിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
*****
“ഓടിപ്പോന്നതിനാൽ, ഭക്ഷണവും ജോലിയും ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾക്ക് ഭക്ഷണമൂട്ടാൻ എന്റെ അമ്മ പാടത്തുനിന്ന് നിലക്കടലകൾ ശേഖരിക്കുകയും, ചെറിയ മൃഗങ്ങളെ വേട്ടയാടുകയും ചെയ്തു. അമ്മൻ മാത്രമാണ് ഞങ്ങളെ രക്ഷിച്ചത് (വായിക്കുക: ബംഗ്ലാമേട്ടിൽ എലികളോടൊപ്പം മറ്റൊരു വഴിയിൽ )
മണികണ്ഠന്റെ കുടുംബവും അവരോടൊപ്പം ഓടിപ്പോന്ന മറ്റ് ചിലരും ഒടുവിൽ ബംഗ്ലാമേട്ടിൽ താമസമുറപ്പിച്ചു. ചെറുക്കനൂർ തടാകത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരെയായിരുന്നു അത്. തടാകത്തിനടുത്തുള്ള പാടത്ത് അവർ പണിയും കണ്ടെത്തി.
ആദ്യം 10-ൽത്താഴെ കുടുംബങ്ങളുണ്ടായിരുന്ന ബംഗ്ലാമേട്ടിൽ ഇപ്പോൾ 55 ഇരുള കുടുംബങ്ങളുണ്ട്. ചെറുക്കനൂർ ഇരുളർ കോളണി എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന അവിടെ, ഒരു തെരുവിന്റെ ഇരുഭാഗങ്ങളിലുമായിട്ടാണ് വീടുകളുള്ളത്. അതിന് ചുറ്റും ഒരു കള്ളിമുൾപ്രദേശവുമുണ്ട്. ഏറെക്കാലത്തെ പോരാട്ടത്തിനുശേഷമാണ് 2018-ൽ അവിടേക്ക് വൈദ്യുതി എത്തിയത്. ഏതാനും പുത്തൻ വീടുകളുമുണ്ട് ഇന്നവിടെ. വരുമാനത്തിനായി ഇരുളർ ദിവസക്കൂലി ജോലികളേയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പിനേയും (എം.എൻ.ആർ.ഇ.ജി.എ) ആശ്രയിക്കുന്നു. മിഡിൽ സ്കൂൾ കഴിഞ്ഞ ചുരുക്കം ചിലരിലൊരാളാണ് മണികണ്ഠൻ.
ഇവിടെ താമസമായതിനുശേഷം മണികണ്ഠന്റെ അച്ഛൻ - ഇരുളരുടെ നേതവ്, പി. ഗോപാൽ - തടാകത്തിനടുത്തുള്ള ഒരു പൊതുസ്ഥലത്ത് ഓം ശക്തിക്ക് വേണ്ടി ഒരു ക്ഷേത്രം നിർമ്മിച്ചു. ദുരിതകാലത്ത് തങ്ങളെ സഹായിച്ച അമ്മനോടുള്ള ഉപകാരസ്മരണയ്ക്കായി. 2018-ൽ മരിക്കുന്നതുവരെ അദ്ദേഹം അവിടെ പൂജാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. “ക്ഷേത്രം ചെറിയൊരു കുടിലായിരുന്നു. തടാകത്തിൽനിന്നുള്ള മണ്ണെടുത്താണ് ഞങ്ങൾ വിഗ്രഹമുണ്ടാക്കിയത്. ആദി തീമിതി തിരുവഴ തുടങ്ങിവെച്ചത് എന്റെ അച്ഛനാണ്”, മണികണ്ഠൻ പറയുന്നു.
ഗോപാലിന്റെ മരണശേഷം, മണികണ്ഠന്റെ മൂത്ത ജ്യേഷ്ഠൻ ജി. സുബ്രഹ്മണി അച്ഛൻ വഹിച്ചിരുന്ന പൂജാരിയുടെ ചുമതല ഏറ്റെടുത്തു. ആഴ്ചയിൽ ഒരു ദിവസം അദ്ദേഹം അമ്പലത്തിന്റെ ചുമതലകൾ നോക്കുന്നു. ബാക്കിയുള്ള ആറ് ദിവസവും കൂലിപ്പണിക്ക് പോവും.
കഴിഞ്ഞ 15 വർഷത്തിലേറെയായി ബംഗ്ലാമേട് ഇരുളർ ഓം ശക്തിയോടുള്ള തങ്ങളുടെ വാക്ക് പാലിച്ചുകൊണ്ട് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. കനൽനടത്തത്തിലാണ് അത് അവസാനിക്കുക. ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ കാലവർഷം ചൂടിനൊരു ശമനം വരുത്തുന്ന ആടിമാസത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്. ഇരുളരുടെയിടയിൽ ഈയടുത്ത് തുടങ്ങിയതാണെങ്കിലും, തീമിതി എന്നത്, ആടിമാസത്തിൽ, തിരുവള്ളുവർ ജില്ലയിലെ തിരുത്താണി താലൂക്കിൽ പൊതുവായി നടക്കുന്ന ഒരു ആഘോഷമാണ്. ഇതിഹാസകാവ്യമായ മഹാഭാരതത്തിലെ ദ്രൌപദി അമ്മൻ, മാരിയമ്മൻ, റോജാ അമ്മൻ, രേവതി അമ്മൻ ആദിയായ ദേവതമാർക്ക് ഭക്തന്മാർ സമർപ്പിക്കുന്ന വഴിപാടാണത്.
‘വേനൽക്കാലത്ത്, ആളുകൾ പലപ്പോഴും അമ്മൻമൂലം (മീസിൽസ് - അഞ്ചാം പനി) രോഗികളാവാറുണ്ട്. ആ കാലം കടന്നുപോകാനായിട്ടാണ് ഞങ്ങൾ അമ്മനെ പ്രാർത്ഥിക്കാറുള്ളത്”, മണികണ്ഠൻ പറഞ്ഞു. അമ്മൻ എന്നത് ഇവിടെ ദേവതയേയും രോഗത്തേയും ഒരുപോലെ സൂചിപ്പിക്കുന്ന പദമായി ഉപയോഗിക്കുന്നു. ദേവതയാണ് ഈ രോഗം വരുത്തുന്നതും രോഗശാന്തി നൽകുന്നതും എന്നാണ് അതിന്റെ പിന്നിലെ സങ്കല്പം.
ബംഗ്ലാമേടിൽ ഗോപാൽ തീമിതി ഉത്സവം തുടങ്ങിയതിൽപ്പിന്നെ, സമീപത്തുള്ള ഗുഡിഗുണ്ട ഗ്രാമത്തിലെ ഇരുളരല്ലാത്ത ഒരു കുടുംബവും ഇത് സംഘടിപ്പിക്കുന്നതിൽ ഇപ്പോൾ പങ്കാളീകളാവുന്നുണ്ട്. സ്വന്തം ഗ്രാമത്തിൽനിന്ന് ഓടിപ്പോകേണ്ടിവന്ന ഗോപാലിന്റെ കുടുംബം ഈ കുടുംബക്കാരുടെ പാടത്തെ കുടിലിലാണ് അഭയം തേടിയത്.
ഇരുള വിഭാഗക്കാരല്ലാത്ത 10 കുടുംബാംഗങ്ങളും സുഹൃത്തുക്കളും തുടക്കം മുതൽക്ക് കനൽനടത്തം നടത്തിവരുന്നുണ്ട്” 57 വയസ്സുള്ള ടി.എൻ. കൃഷ്ണൻ - പളനി എന്ന പേരിലും സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്നു – എന്ന നിലമുടമ പറയുന്നു. ഓം ശക്തിയെ പ്രാർത്ഥിച്ചതുകൊണ്ടാണ് സന്താനഭാഗ്യമുണ്ടായതെന്ന് പളനിയുടെ കുടുംബാംഗങ്ങൾ വിശ്വസിക്കുന്നു.
ആദ്യമുണ്ടായിരുന്ന ചെറിയ ക്ഷേത്രത്തിന്റെ സ്ഥാനത്ത്, ചെറുതെങ്കിലും ഉറപ്പുള്ള ക്ഷേത്രം ഇരുളർക്ക് പണിഞ്ഞുകൊടുത്തുകൊണ്ടാണ് ആ കുടുംബം അവരുടെ നന്ദി പ്രകാശിപ്പിച്ചത്.
*****
ബംഗ്ലാമേടിലെ ഇരുളരുടെ ഉത്സവാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ്, ആടിയിലെ തീമിതിക്കും ദിവസങ്ങൾക്ക് മുമ്പുതന്നെ ആരംഭിക്കും. കനൽനടത്തം നടത്താൻ ഉദ്ദേശിക്കുന്നവർ കണങ്കൈയ്യിൽ ഒരു കാപ്പ് (വിശുദ്ധ ചരട്) ധരിക്കും. ഉത്സവദിവസം വരെ തുടരുന്ന വ്യക്തിപരമായ ശുചിത്വവും പാലിക്കും.
“കാപ്പ് ധരിച്ചുകഴിഞ്ഞാൽ, ഞങ്ങൾ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മഞ്ഞവസ്ത്രം ധരിച്ച് അമ്പലത്തിൽ പോകും. മാംസാഹാരങ്ങൾ വർജ്ജിക്കുകയും ഗ്രാമത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കുകയും ചെയ്യും”, ബംഗ്ലാമേടിൽ ഒരു ചെറിയ കട നടത്തുന്ന എസ്. സുമതി പറഞ്ഞു. ചിലർ ഈ ആചാരം ഒരാഴ്ചയോ അതിൽക്കൂടുതലോ ആചരിക്കും. “ആവുന്നിടത്തോളം ദിവസം ഒരാൾക്ക് ഇത് ചെയ്യാവുന്നതാണ്. കാപ്പ് ധരിച്ചാൽ ഞങ്ങൾക്ക് ഗ്രാമത്തിന് വെളിയിലേക്ക് പോകാൻ പറ്റില്ല”, മണികണ്ഠൻ പറഞ്ഞു.
വിവിധ സംസ്കാരങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ആദാനപ്രദാനങ്ങളെയാണ് ഈ ആചാരങ്ങൾ വെളിവാക്കുന്നതെന്ന് ഡോ. എം. ദാമോദരൻ പറഞ്ഞു. ലാഭേതര സംഘടനയായ എയ്ഡ് ഇന്ത്യയുടെ ഭാഗമായി ഈ സാമുദായികവിഭാഗവുമായി അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് അദ്ദേഹം. “നോമ്പ് നോൽക്കുക, ഉപവാസമിരിക്കുക, പ്രത്യേക നിറമുള്ള വസ്ത്രം ധരിക്കുക, കൂട്ടായി ഉത്സവങ്ങൾ ആഘോഷിക്കുക എന്നതൊക്കെ, ഇരുളക്കാരല്ലാത്ത മറ്റ് പല വിഭാഗങ്ങളിലും ഇപ്പോൾ വ്യാപകമാണ്. ഇരുള വിഭാഗത്തിലേക്കും ഇത് ഇപ്പോൾ കടന്നുവന്നിരിക്കുന്നു. എന്നാൽ എല്ലാ ഇരുള കോളണികളും ഇത്തരം ആചാരങ്ങൾ പിന്തുടരുന്നു എന്ന് അർത്ഥമില്ല”, അദ്ദേഹം വിശദീകരിച്ചു.
തങ്ങളുടെ തീരെച്ചെറിയ സമ്പാദ്യങ്ങളെല്ലാം സ്വരുക്കൂട്ടി, ബംഗ്ലാമേടിലെ ഇരുളർ എല്ലാ ആചാരങ്ങളും നടത്തിവരുന്നു. ഉത്സവദിവസം രാവിലെ വേപ്പിലയുടെ കുലകൾകൊണ്ട് അമ്പലത്തിലേക്ക് പോകുന്ന വഴികളിലെ മരങ്ങൾ അലങ്കരിക്കും. ഉച്ചഭാഷിണികളിൽനിന്ന് ഉച്ചത്തിലുള്ള ഭക്തിഗാനങ്ങൾ ഒഴുകും. തെങ്ങിൻപ്പൂക്കുലകളും ഉയരമുള്ള വാഴകളുംകൊണ്ട് ക്ഷേത്രത്തിന്റെ മുൻവശം അലങ്കരിക്കും.
മഞ്ഞവസ്ത്രം ധരിച്ച് കാപ്പണിഞ്ഞവർ അമ്പലത്തിലേക്ക് ചടങ്ങുകൾക്കായി എത്തുന്നു. അമ്മനിൽനിന്നുള്ള ‘അരുൾവാക്ക്’ എന്ന അരുളപ്പാടോടുകൂടിയാണ് ദിവസത്തിലെ ചടങ്ങുകൾ ആരംഭിക്കുക. ദേവി, ഇടനിലക്കാരിലൂടെ പറയുന്ന വാക്കുകളാണെന്നാണ് സങ്കല്പം. “അമ്മൻ ആരുടെയെങ്കിലും ദേഹത്ത് കയറി, അവരിലൂടെയായിരിക്കും പിന്നീട് സംസാരിക്കുക”, മണികണ്ഠൻ പറയുന്നു. “വിശ്വാസമില്ലാത്തവർ അമ്പലത്തിൽ കാണുക കല്ലിനെ മാത്രമായിരിക്കും. ഞങ്ങൾക്ക് അത് യഥാർത്ഥമായ ഒന്നാണ്. ജീവനുള്ളത്. അവൾ ഞങ്ങളുടെ അമ്മയാണ്. ഞങ്ങളുടെ കുടുംബത്തിലുള്ള ഒരാളോട് സംസാരിക്കുന്നതുപോലെയാണ് ഞങ്ങൾ അവളോട് സംസാരിക്കുക. ഒരമ്മയ്ക്ക് ഞങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഉപദേശങ്ങൾ നൽകാനും സാധിക്കും”.
എല്ലാവർഷവും അരുൾവാക്ക് പുറപ്പെടുവിക്കുന്ന മണികണ്ഠന്റെ സഹോദരി കണ്ണിയമ്മ, ആടിന്റെയും കോഴിയുടേയും ചോര കലർത്തിയ ചോര അമ്പലത്തിന് ചുറ്റും, ഗ്രാമാതിർത്തികളിലും വിതറുന്നു. സന്നദ്ധപ്രവർത്തകർ അരിയും റാഗിയും ചേർത്ത കൂഴ് എന്ന ചൂടുള്ള കഞ്ഞി പാചകം ചെയ്ത് സമൂഹത്തിന് വിതരണം ചെയ്യുന്നു. വൈകുന്നേരത്ത്, പൂക്കളും വാഴത്തണ്ടും കൊണ്ടുള്ള വലിയൊരു ബൊക്കയുണ്ടാക്കുന്നു. വൈകീട്ടത്തെ ദേവതയുടെ യാത്ര തുടങ്ങാനുള്ള തയ്യാറെടുപ്പാണ് അത്.
ആദ്യകാലത്തെ മണ്ണുകൊണ്ടുള്ള അമ്പലം, വർഷങ്ങൾ കഴിഞ്ഞപ്പോൾ ഉറപ്പുള്ള അമ്പലത്തിന് വഴിമാറി. ബംഗ്ലാമേടിലെ കനൽനടത്തം കാണാൻ പളനിയുടെ ഗുഡിഗുണ്ടയടക്കമുള്ള സമീപത്തെ ഗ്രാമങ്ങളിൽനിന്നെല്ലാം വലിയ ആൾക്കൂട്ടം ഒത്തുചേരുന്നു. “ഈ ഉത്സവം ഒരിക്കൽപ്പോലും നടത്താതിരുന്നിട്ടില്ല. കോവിഡുകാലത്തുപോലും. ആ രണ്ട് വർഷങ്ങളിൽ ചെറിയ രീതിയിലാണ് നടത്തിയിരുന്നതെന്ന് മാത്രം”, മണികണ്ഠൻ പറഞ്ഞു. കോവിഡിന്റെ മുമ്പുള്ള വർഷം, 2019-ൽ 800 ഓളം ആളുകൾ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഈയടുത്ത കാലത്ത്, പളനിയുടെ കുടുംബമാണ് എല്ലാ സന്ദർശകർക്കുമുള്ള സൌജന്യഭക്ഷണം, അഥവാ അന്നദാനം നടത്തുന്നത്. “2019-ൽ ഞങ്ങൾ ഒരുലക്ഷം രൂപയിലധികം ചിലവഴിച്ചു. 140 കിലോഗ്രം ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ മാത്രം”, പളനി പറഞ്ഞു. കോവിഡിന് മുമ്പുണ്ടായിരുന്നത്ര ആളുകൾ ഇപ്പോൾ വീണ്ടും വരാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എല്ലാവരും സന്തോഷത്തോടെയാണ് മടങ്ങിപ്പോകുന്നത്”, അദ്ദേഹം പറഞ്ഞു. വർദ്ധിച്ച ചിലവുകൾ നേരിടാൻ, തന്റെ സുഹൃത്തുക്കളിൽനിന്ന് പളനി സഹായം തേടുന്നു.
“ഞങ്ങൾ അമ്പലത്തിനായി കെട്ടിടം നിർമ്മിച്ചതിൽപ്പിന്നെ, ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇരുളർക്ക് ഇത് ഒറ്റയ്ക്ക് താങ്ങാനാവില്ല, ശരിയല്ലേ”, അദ്ദേഹം ചോദിക്കുന്നു. ഗുഡിഗുണ്ട ഓം ശക്തി ക്ഷേത്രം എന്നാന് ഇപ്പോൾ ആ ക്ഷേത്രം അറിയപ്പെടുന്നത്.
*****
“പുതിയ അമ്പലം പണിതപ്പോൾ, ഞങ്ങളുടെ മൺവിഗ്രഹത്തിന് പകരം ശിലകൊണ്ട് തീർത്ത ഒരു വിഗ്രഹം വന്നു. അമ്പലങ്ങളിൽ അങ്ങിനെയാണ് അഭിഷേകം ചെയ്യുന്നതെന്ന് അവർ പറയുന്നു”, മണികണ്ഠൻ പറയുന്നു. “ഞങ്ങൾ ഞങ്ങളുടെ മൺവിഗ്രഹം അതിന്റെ തൊട്ടടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങളെ രക്ഷിക്കുന്ന മണ്ണാണത്”.
“അവർ ഒരു അയ്യരെ വിളിച്ച് (ബ്രാഹ്മണ പുജാരി) ഞങ്ങൾ സമർപ്പിച്ച അരിയും വേപ്പിലകളുമൊക്കെ മാറ്റി”, അദ്ദേഹം പറയുന്നു. “ഞങ്ങൾ ചെയ്തിരുന്നതിൽനിന്ന് വ്യത്യസ്തമായിട്ടാണ് ഇപ്പോൾ അവർ ചെയ്യുന്നത്”, ഒരല്പം വിഷമത്തോടെ അദ്ദേഹം പറയുനു.
“കണ്ണിയമ്മയെപ്പോലെയുള്ള ദേവതകളുടെ ആരാധനയിൽ പൊതുവെ വിശദമായ ചടങ്ങുകളൊന്നുമുണ്ടാകാറില്ല. സമുദായം മുഴുവനായും പങ്കെടുക്കലും പതിവില്ല”, ഡോ. ദാമോധരൻ പറയുന്നു. നരവംശ ശാസ്ത്രത്തിൽ വലിയ ബിരുദങ്ങളുള്ള ആളാണ് അദ്ദേഹം. “ചടങ്ങുകളിലുള്ള ശ്രദ്ധയും, അത് ചെയ്യുന്ന രീതിയും ഒരു ബ്രാഹ്മണ പുരോഹിതനെക്കൊണ്ട് അത് സാധൂകരിക്കുന്ന രീതിയുമൊക്കെ ഇപ്പോൾ പതിവായിരിക്കുന്നു. വിവിധ സംസ്കാരങ്ങളുടെ തനതായ ആരാധനാരീതികളെയൊക്കെ ഇപ്പോൾ ഏകതാനമാക്കുന്ന തിരക്കിലാണ്”.
ബംഗ്ലാമേടിലെ തീമിതി ഓരോ വർഷവും കൂടുതൽ വിപുലമാകുമ്പോൾ, ഉത്സവം തങ്ങളുടെ നിയന്ത്രണത്തിൽനിന്ന് പോവുകയാണെന്ന് മണികണ്ഠനും കുടുംബത്തിനും തോന്നിത്തുടങ്ങിയിരിക്കുന്നു.
“മുമ്പ്, എന്റെ അച്ഛനായിരുന്നു ഭക്ഷണത്തിന്റെ ചിലവുകൾ മോയ് ഉപയോഗിച്ച് (ഭക്ഷണം കഴിഞ്ഞ് ആളുകൾ നൽകുന്ന പണം ) നടത്തിയിരുന്നത്. ഇപ്പോൾ അവരാണ് (പളനിയുടെ കുടുംബം) എല്ലാ ചിലവുകളും നോക്കിനടത്തുന്നത്. ‘മണി, നീ കാപ്പിന്റെ ചടങ്ങിൽ മാത്രം ശ്രദ്ധിച്ചാൽ മതി’ എന്നാണ് അവർ പറയുന്നത്‘” പളനിയുടെ പാടത്ത് ജോലി ചെയ്യുന്ന മണികണ്ഠൻ പറയുന്നു.
ചടങ്ങിനെക്കുറിച്ചുള്ള ലഘുലേഖയിൽ ഇരുളരെക്കുറിച്ചുള്ള ഒരു പരാമർശവുമില്ല. അന്തരിച്ച ഗോപാലിന്റെ ‘വഴിമുറൈ’യെക്കുറിച്ചുള്ള (പൈതൃകം) ഒരു ചെറിയ വരി മാത്രമേ അതിലുള്ളു. “ഞങ്ങളുടെ അച്ഛന്റെ പേര് ചേർക്കാൻ ഞങ്ങൾക്ക് നിർബന്ധിക്കേണ്ടിവന്നു. ആരുടേയും പേര് അതിൽ വേണ്ടെന്ന അഭിപ്രായമായിരുന്നു അവർക്ക്”, മണികണ്ഠൻ പറയുന്നു.
ഇതൊക്കെയാണെങ്കിലും, തീമിതിയുടെ ദിവസം, കനൽനടത്തക്കാർ ഇത്തരം ആശങ്കകളൊക്കെ മാറ്റിവെച്ച്, കുളിച്ച്, മഞ്ഞവസ്ത്രങ്ങളെടുത്ത്, കഴുത്തിൽ പൂമാലകളൊക്കെ ചാർത്തി തങ്ങളുടെ ഭക്തി തെളിയിക്കാൻ തയ്യാറെടുക്കുന്നു. ശരീരം മുഴുവൻ ചന്ദനം ചാർത്തിയിരുന്നു അവർ. കൈകളിൽ വേപ്പിലയുടെ കുലകളും. “ആ ദിവസം അമ്മൻ ഞങ്ങളുടെ കൂടെ ഉണ്ടെന്ന് തോന്നും. അതുകൊണ്ടാണ് പുരുഷന്മാർപോലും പൂക്കളണിയുന്നത്”, കണ്ണിയമ്മ പറയുന്നു.
കനൽനടത്തക്കാർ ഓരോരുത്തരായി തീക്കുണ്ഡം താണ്ടുമ്പോൾ ആവേശം സാവാധാനം ഉയർന്നുയർന്ന് മൂർദ്ധന്യത്തിലെത്തുന്നു ചിലർ ആർത്തുവിളിക്കുന്നു, ചിലർ പ്രാർത്ഥിക്കുന്നു. പലരും തങ്ങളുടെ മൊബൈലുകളെടുത്ത് രംഗം ചിത്രീകരിക്കുന്നു.
ഒരിക്കൽ ഇരുളരുടെ തീരെച്ചെറുതായിരുന്ന ക്ഷേത്രത്തിന് പുതിയ പേരും പുതിയ വിഗ്രഹവും വരികയും, ക്ഷേത്രത്തിന്റെയും ഉത്സവത്തിന്റെയും നടത്തിപ്പിൽ സമൂലമായ മാറ്റം വരികയും ചെയ്തിട്ടും, മണികണ്ഠനും അദ്ദേഹത്തിന്റെ കുടുംബവും, അമ്മന് അവരുടെ അന്തരിച്ചുപോയ അച്ഛൻ നൽകിയ വാഗ്ദാനം ഇപ്പോഴും നിറവേറ്റുന്നു. തങ്ങളുടെ ജീവൻ രക്ഷിച്ചതിന് അവർ അവളോട് നന്ദി പറയുന്നു. തീമിതിയുടെ ദിവസം, അവർ അവരുടെ എല്ലാ ആശങ്കകളും മറ്റൊരു ദിവസത്തേക്കായി മാറ്റിവെക്കുന്നു.
കുറിപ്പ്: തീമിതി ഉത്സവം കാണാൻ 2019-ൽ ഈ റിപ്പോർട്ടർ ബംഗ്ലാമേട് സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇവിടെ ചേർത്തിട്ടുള്ളത്.
പരിഭാഷ: രാജീവ് ചേലനാട്ട്