ഒട്ടുമിക്ക കർഷകർക്കും അറിയാവുന്ന ഒരേയൊരു ഇംഗ്ലീഷ് പദമായിരിക്കും, ‘സ്വാമിനാഥൻ റിപ്പോർട്ട്’ അഥവാ, ‘സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട്’ എന്നത്. മിനിമം താങ്ങുവില (എം.എസ്.പി.) = മൊത്തം ഉത്പാദനച്ചിലവ് + 50 ശതമാനം (C2+50 ശതമാനം എന്നും അറിയപ്പെടുന്നു) എന്ന അതിന്റെ പ്രധാന ശുപാർശയെക്കുറിച്ചും അവർക്കറിയാമായിരിക്കണം.
സർക്കാരിന്റേയും ഉദ്യോഗസ്ഥവൃന്ദത്തിന്റേയും, ശാസ്ത്രത്തിന്റെതന്നെയും മേഖലയിൽ മാത്രമല്ല പ്രൊഫസ്സർ എം.എസ്. സ്വാമിനാഥൻ സ്മരിക്കപ്പെടുക. നാഷണൽ കമ്മീഷൻ ഫോർ ഫാർമേഴ്സ് റിപ്പോർട്ട് (എൻ.സി.എഫ്) നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ദശലക്ഷക്കണക്കിന് കർഷകരുടെ ഹൃദയത്തിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം.
ഇന്ത്യൻ കർഷകർ അതിനെ ലളിതമായി ‘സ്വാമിനാഥൻ റിപ്പോർട്ട്’ എന്ന് വിളിക്കുന്നു. കാരണം, എൻ.സി.എഫിന്റെ അദ്ധ്യക്ഷനായി ഇരിക്കുമ്പോഴാണ് അതിന്റെ റിപ്പോർട്ടുകളിൽ അദ്ദേഹം സ്വാധീനമുപയോഗിക്കുകയും, അതിൽ തന്റെ മുദ്ര പതിപ്പിക്കുകയും, അതിലേക്കുള്ള വലിയ സംഭാവനകൾ നൽകുകയും ചെയ്തത്.
യു.പി.എ. സർക്കാരും എൻ.ഡി.എ. സർക്കാരും ഒരുപോലെ വഞ്ചിച്ചതിന്റെ കഥകൂടിയാണ് ആ റിപ്പോർട്ടിന് പറയാനുണ്ടാവുക. ആദ്യത്തെ റിപ്പോർട്ട് സമർപ്പിച്ചത് 2004 ഡിസംബറിലായിരുന്നു, അഞ്ചാമത്തെയും അവസാനത്തെയും റിപ്പോർട്ട് 2006 ഒക്ടോബറിലും. കാർഷികപ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തില്ലെന്നത് പോകട്ടെ – ഏറ്റവും ആവശ്യമുള്ളതായിരുന്നു അത് - അതിനെക്കുറിച്ച് ഒരുമണിക്കൂർ ചർച്ചപോലും ഉണ്ടായില്ല. ആദ്യത്തെ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഇന്നേക്ക് 19 വർഷം കഴിഞ്ഞിരിക്കുന്നു.
മറ്റ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കൂട്ടത്തിൽ, സ്വാമിനാഥൻ റിപ്പോർട്ടും - പ്രത്യേകിച്ചും അതിലെ എം.എസ്.പി. ഫോർമുല നിർദ്ദേശം - വേഗത്തിൽ നടപ്പാക്കും എന്ന് ഉറപ്പുകൊടുത്തിട്ടാണ് 2014-ലെ മോഡി സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ സംഭവിച്ചതെന്താണ്? ആ നിർദ്ദേശങ്ങൾ കമ്പോളവിലകളെ തകർക്കുമെന്ന ന്യായം പറഞ്ഞ്, സുപ്രീം കോടതിയിൽ സത്യവാങ്മൂലം അതിവേഗതയിൽ സമർപ്പിക്കുകയാണ് ആ സർക്കാർ ചെയ്തത്.
ആ റിപ്പോർട്ട് കർഷകർക്ക് ‘കൂടുതൽ’ അനുകൂലമായേക്കും എന്നതായിരിക്കാം യു.പി.എ.യുടേയും എൻ.ഡി.എ.യുടേയും പിന്മാറ്റത്തിന്റെ കാരണം. ഇന്ത്യൻ കാർഷികമേഖലയെ കോർപ്പറേറ്റുകൾക്ക് കൈമാറാൻ ശ്രമിക്കുകയായിരുന്നു ഇരുസർക്കാരുകളും. സ്വാതന്ത്ര്യത്തിനുശേഷം, കാർഷികമേഖലയെ സംബന്ധിച്ചിടത്തോളമുണ്ടായ, ആദ്യത്തെ ഗുണപരമായ രൂപരേഖ എന്ന് വിളിക്കാവുന്ന ഒന്നായിരുന്നു ആ റിപ്പോർട്ട്. കൃഷിയിലെ വളർച്ചയെ അളക്കേണ്ടത്, കാർഷികോത്പാദനത്തിന്റെ മാനദണ്ഡമനുസരിച്ചല്ല, മറിച്ച്, കർഷകരുടെ വരുമാനത്തിലുണ്ടാവുന്ന വളർച്ചയുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള ഒരു മനുഷ്യന്റെ നേതൃത്വത്തിലുണ്ടായതാണ് ആ റിപ്പോർട്ട്.
അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ ഓർമ്മകൾ, 2005-ലേക്ക് എന്നെ കൊണ്ടുപോകുന്നു. അന്ന് എൻ.സി.എഫിന്റെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. വിദർഭ സന്ദർശിക്കണമെന്ന് അദ്ദേഹത്തോട് ഞാൻ അഭ്യർത്ഥിച്ചു. ചില സീസണുകളിൽ, പ്രതിദിനം 6-8 കർഷകർവരെ ആത്മഹത്യ ചെയ്യുന്ന കാലമായിരുന്നു അത്. എത്രത്തോളം ദുരിതമയമാകാമോ, അത്രത്തോളം പരിതാപകരമായിരുന്നു അവസ്ഥ. മാധ്യമങ്ങളിൽനിന്ന് നിങ്ങളതൊരിക്കലും അറിയാനിടയില്ലെങ്കിലും. (ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മഹത്യാപരമ്പര വിദർഭയിലെ ആറ് ജില്ലകളെ ഉലച്ചുകൊണ്ടിരുന്ന 2006-ൽ, വിദർഭയുടെ പുറത്തുനിന്ന് വന്ന്, അത് റിപ്പോർട്ട് ചെയ്തിരുന്ന പത്രപ്രവർത്തകർ കേവലം 6 പേർ മാത്രമായിരുന്നു. അതേസമയത്തുതന്നെ, മുംബൈയിൽ നടന്നിരുന്ന ലഖ്മി ഫാഷൻ വാരം റിപ്പോർട്ട് ചെയ്യാനാകട്ടെ 512 അംഗീകൃത പത്രപ്രവർത്തകരാണ് തമ്പടിച്ചിരുന്നത്. ദിവസേന നൽകിവന്നിരുന്ന പാസ്സുപയോഗിച്ച് മറ്റൊരു 100 പേരും. വിരോധാഭാസമെന്ന് തോന്നാം, ആ ഫാഷൻ വാരത്തിന്റെ പ്രമേയമാകട്ടെ, പരുത്തിയായിരുന്നു. റാമ്പിൽ അത് അവർ പ്രദർശിപ്പിച്ചുവെച്ചിരുന്നു. ഒരുമണിക്കൂർ വിമാനത്തിൽ പറന്നാലെത്തുന്ന തൊട്ടപ്പുറത്ത്, ആ പരുത്തിയുണ്ടാക്കുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ആ സമയത്ത് സ്വന്തം ജീവനുകളെടുക്കുകയായിരുന്നു)
വീണ്ടും 2005-ലേക്ക് മടങ്ങാം. അന്ന്, ഞങ്ങൾ പത്രപ്രവർത്തകരുടെ അഭ്യർത്ഥന, പ്രൊഫ. സ്വാമിനാഥൻ കേൾക്കുകയും ഞങ്ങൾ കരുതിയതിലും അതിവേഗത്തിൽ ഒരു എൻ.സി.എഫ്. സംഘത്തോടൊപ്പം അവിടേക്കെത്തുകയും ചെയ്തു.
വിലാസ്റാവ് ദേശ്മുഖിന്റെ സർക്കാർ പരിഭ്രാന്തരായി. ഉദ്യോഗസ്ഥ-സാങ്കേതികവിദഗ്ദ്ധ വൃന്ദത്തോടൊപ്പമുള്ള സമ്മേളനങ്ങളും കാർഷിക കോളേജുകളിലെ ചില ചടങ്ങുകളുമൊക്കെയായി സർക്കാരിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തെ കൊണ്ടുപോകാനും മറ്റുമായിരുന്നു അവർ പദ്ധതിയിട്ടത്. എന്നാൽ, സൌമ്യതയുടെ ആൾരൂപമായ അദ്ദേഹമാകട്ടെ, അതിന് സമ്മതിച്ചെങ്കിലും, ആദ്യം ഈ പ്രദേശത്ത്, എന്നോടും ഞങ്ങളുടെ സഹപ്രവർത്തകരായ ജയ്ദീപ് ഹർദികറിനെപ്പോലുള്ളവരോടുമൊപ്പം യാത്ര ചെയ്യാനാണ് താത്പര്യമെന്ന് സർക്കാരിനെ അറിയിച്ചു. അദ്ദേഹം ഞങ്ങളോടൊപ്പം വരികയും ചെയ്തു.
വാർദ്ധയിൽ ഞങ്ങൾ അദ്ദേഹത്തെ ശ്യാംറാവു ഖടേലയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ കർഷകരായ രണ്ട് ആണ്മക്കളും ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ, ഞങ്ങൾ ശ്യാംറാവുവിന്റെ വീട്ടിലേക്കെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം മരിച്ചുപോയിരുന്നു. അനാരോഗ്യവും, വിശപ്പും, ആണ്മക്കളുടെ മരണവും അദ്ദേഹത്തെ ആകെ തളർത്തിയിരുന്നു എന്ന് ഞങ്ങളറിഞ്ഞു. ശ്യാംറാവു മരിച്ചുപോയതിനാൽ യാത്ര മാറ്റിവെക്കാമെന്ന് സംസ്ഥാനസർക്കാർ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും, ആ വീട്ടിൽ പോയി അവർക്ക് ആദരാഞ്ജലി നേരണമെന്ന് സ്വാമിനാഥൻ നിർബന്ധം പിടിച്ചു. അദ്ദേഹം അവിടെ പോവുകയും ചെയ്തു.
അടുത്തുള്ള മറ്റ് ചില വീടുകൾകൂടി സന്ദർശിച്ച്, ആത്മഹത്യ ചെയ്തവരുടെ കഥകൾ കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കാർഷികവിഷയത്തിൽ ജ്ഞാനസമ്പന്നനായ വിജയ് ജവാന്ധിയ എന്ന ബുദ്ധിജീവി, വൈഫാദ്, വാർദ്ധ മേഖലയിലെ ദുരിതമനുഭവിക്കുന്ന കർഷകരെ സംഘടിപ്പിച്ച് നടത്തിയ അവിസ്മരണീയമായ ഒരു യോഗത്തിലും അന്ന് സ്വാമിനാഥൻ പങ്കെടുക്കുകയുണ്ടായി. യോഗത്തിനിടയ്ക്ക് ഒരു പ്രായംചെന്ന കർഷകൻ എഴുന്നേറ്റ് നിന്ന്, എന്തുകൊണ്ടാണ് സർക്കാർ ഞങ്ങളെ ഇത്രയധികം വെറുക്കുന്നത്, ഞങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ ഇനി ഞങ്ങൾ തീവ്രവാദികളാവുകയാണോ ചെയ്യേണ്ടത് എന്ന് ചോദിച്ചു. അത്യധികം വേദനയോടെ, പ്രൊഫസ്സർ ആ മനുഷ്യനേയും മറ്റുള്ളവരേയും കേൾക്കുകയും, ക്ഷമയോടെ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
സ്വാമിനാഥന് അപ്പോൾ പ്രായം 80-കളായിരുന്നു. ആ പ്രായത്തിലും അദ്ദേഹം പ്രദർശിപ്പിച്ച അക്ഷീണതയും ശാന്തതയും സൌമ്യതയും ഞങ്ങളെ അത്ഭുതപ്പെടുത്തി. ജനങ്ങളുമായി സംസാരിക്കുമ്പോൾ, തന്റെ അഭിപ്രായങ്ങൾക്കും പ്രവർത്തനങ്ങൾക്കും നേരെ വിമർശനമുന്നയിക്കുന്നവരോടുപോലും അദ്ദേഹം ഇടപഴകുന്ന രീതി ഞങ്ങൾ നിരീക്ഷിച്ചു. അവരുടെ ചില വിമർശനങ്ങളെ അംഗീകരിക്കുകപോലും ചെയ്തു അദ്ദേഹം. വ്യക്തിപരമായി തന്നോട് പറഞ്ഞ വിമർശനാത്മകമായ കാര്യങ്ങൾ പരസ്യമായി പറയുന്നതിനായി ആളുകളെ താൻതന്നെ ഒരുക്കുന്ന ഒരു സെമിനാറിലേക്കും ശില്പശാലയിലേക്കും ക്ഷണിക്കാൻ മനസ്സുകാണിക്കുന്ന മറ്റൊരാളെ ഈ നിമിഷംവരെ ഞാൻ കണ്ടിട്ടില്ല.
പതിറ്റാണ്ടുകൾക്ക് മുമ്പുള്ള തന്റെ സ്വന്തം ചില പ്രവർത്തനത്തിൽ വന്നുഭവിച്ചിട്ടുള്ള പോരായ്മകളേയും തെറ്റുകുറ്റങ്ങളേയും ഇന്ന് തിരിച്ചറിയുകയും അതിനെ അഭിമുഖീകരിക്കുകയും അദ്ദേഹത്തിന്റെ അനന്യമായ ആ സ്വഭാവവിശേഷംതന്നെയാണ് ഏറ്റവും മുന്നിട്ടുനിൽക്കുക. ഹരിതവിപ്ലവത്തോടൊപ്പംതന്നെ, രാസവളങ്ങളും കീടനാശിനികളും നിയന്ത്രണാതീതമായി വ്യാപിച്ചത്, മുൻകൂട്ടികാണാനോ സങ്കല്പിക്കാനോ സാധിച്ചില്ലെന്നതിൽ അദ്ദേഹം ഞെട്ടൽ പ്രകടിപ്പിച്ചു. പിന്നീടുള്ള പതിറ്റാണ്ടുകളിൽ, പരിസ്ഥിതിയോടും പരിസരങ്ങളോടും കൂടുതൽ ശ്രദ്ധ അദ്ദേഹം വെച്ചുപുലർത്തി. ജനിതകമാറ്റം വരുത്തിയ വിളകൾ നിയന്ത്രണങ്ങളില്ലാതെ, അതിവേഗം വ്യാപിക്കുന്നതിനെ ശക്തമായി വിമർശിക്കുകയും ചെയ്തു, കഴിഞ്ഞ ചില വർഷങ്ങളിൽ അദ്ദേഹം.
മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥന്റെ മരണത്തോടെ ഇന്ത്യയ്ക്ക് നഷ്ടമായത് അതിന്റെ ഏറ്റവും വിശിഷ്ടനായ കാർഷിക ശാസ്ത്രജ്ഞനെ മാത്രമല്ല, വലിയൊരു ചിന്തകനേയും മനുഷ്യസ്നേഹിയേയുംകൂടി ആയിരുന്നു.
2023 സെപ്റ്റംബർ 29-ന് ദ് വയർ എന്ന മാധ്യമത്തിലാണ് ഈ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചത്.
പരിഭാഷ: രാജീവ് ചേലനാട്ട്