മുതുമല കടുവസങ്കേതത്തിൽ കണ്ണുകൾക്ക് വിശ്രമമുണ്ടെങ്കിലും കാതുകൾക്കില്ല. നമുക്കറിയാത്ത ഭാഷകളിൽ പക്ഷികളും മൃഗങ്ങളും പരസ്പരം ആശയവിനിമയം ചെയ്യുന്നു. അവയ്ക്കിടയിൽ, തമിഴ് നാട്ടിലെ നീലഗിരിക്കുന്നുകളിലെ വിവിധ ഗോത്രങ്ങളുടെ ഭാഷകളും.

നലയ്യവോടുത്തു ?” ( സുഖമല്ലേ ), എന്ന് ചോദിക്കുന്നു ബേട്ടക്കുറുമ്പകൾ . ഇരുളർ ചോദിക്കുന്നത് , ‘ സന്ധകിതയ്യ ?” എന്നാണ് .

ചോദ്യം ഒന്നുതന്നെ. വ്യത്യസ്തമായ സ്വാഗതരീതികൾ.

Left: A Hoopoe bird after gathering some food.
PHOTO • K. Ravikumar
Right: After a dry spell in the forests, there is no grass for deer to graze
PHOTO • K. Ravikumar

ഇടത്ത്: ഒരു ഉപ്പൻ ഭക്ഷണം ശേഖരിച്ചതിനുശേഷം. വലത്ത്: വേനൽക്കാലത്തിനുശേഷം കാട്ടിൽ, മാനുകൾക്ക് മേയാൻ പുല്ലില്ല

പശ്ചിമഘട്ടത്തിന്റെ ഈ തെക്കൻ പ്രദേശത്തെ മൃഗങ്ങളുടേയും മനുഷ്യരുടേയും സംഗീതം, മറ്റിടങ്ങളിലെ വാഹനങ്ങളുടേയും യന്ത്രങ്ങളുടേയും ശബ്ദങ്ങളിൽനിന്ന് വേറിട്ട് നിൽക്കുന്നു. ഇത്, വീടിന്റെ ശബ്ദമാണ്.

പൊക്കാപുരത്തെ (ഔദ്യോഗികരേഖകളിൽ ബൊക്കാപുരം) മുതുമല കടുവാസങ്കേതത്തിനകത്തെ കുറുംബർ പാടി എന്ന ചെറിയ തെരുവിലാണ് ഞാൻ താമസിക്കുന്നത്. ഫെബ്രുവരി അവസാനം മുതൽ മാർച്ച് ആദ്യം‌വരെ, ഈ പ്രശാന്തമായ സ്ഥലം, തൂങ്ങാനഗരം (ഉറങ്ങാത്ത നഗരം) പോലെയുള്ള നഗരം‌പോലെയായി രൂപം മാറും. മധുര എന്ന വലിയ നഗരത്തിനെയും തൂങ്ങാനഗരമെന്നാണ് വിളിക്കുക. പൊക്കാപുരം മാരിയമ്മൻ എന്ന ദേവതയുടെ ആഘോഷവുമായി ബന്ധപ്പെട്ടാണ് ഈ വലിയ രൂപമാറ്റം ഉണ്ടാവുക. ആറ് ദിവസം, പട്ടണം തിരക്കും, ആഘോഷവും പാട്ടുംകൊണ്ട് നിറയും. എന്നാലും, എന്റെ ഊരിനെക്കുറിച്ച് (ഗ്രാമം) ചിന്തിക്കുമ്പോൾ, എന്റെ കഥയുടെ തീരെ ചെറിയൊരു ഭാഗം മാത്രമാണത്.

ഇത് കടുവാസങ്കേതത്തിന്റേയോ എന്റെ ഗ്രാമത്തിന്റേയോ കഥയല്ല. എന്റെ ജീവിതത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന ഒരാളെക്കുറിച്ചുള്ളതാണ് – ഭർത്താവ് ഉപേക്ഷിച്ചതിനുശേഷം, അഞ്ച് മക്കളെ വളർത്തി വലുതാക്കിയ ഒറ്റയാറ്റ ഒരു സ്ത്രീയെക്കുറിച്ചുള്ളത്. ഇത് എന്റെ അമ്മയെക്കുറിച്ചുള്ള കഥയാണ്.

Left: Amma stops to look up at the blue sky in the forest. She was collecting cow dung a few seconds before this.
PHOTO • K. Ravikumar
Right: Bokkapuram is green after the monsoons, while the hills take on a blue hue
PHOTO • K. Ravikumar

ഇടത്ത്: കാട്ടിൽ, നീലാകാശത്തിലേക്ക് നോക്കിക്കൊണ്ട് നിൽക്കുന്ന അമ്മ. ഈ പടമെടുക്കുന്നതിന് തൊട്ടുമുമ്പ് അവർ ചാണകം ശേഖരിക്കുകയായിരുന്നു. വലത്ത്: കാലവർഷത്തിനുശേഷം പച്ചപുതച്ച് നിൽക്കുന്ന ബൊക്കാപുരം. നീലനിറമാർന്ന കുന്നുകൾ

*****

എന്റെ ഔദ്യോഗിക നാമം കെ. രവികുമാർ എന്നാണെങ്കിലും, എന്റെ ആളുകൾക്കിടയിൽ ഞാൻ അറിയപ്പെടുന്നത് മാരൻ എന്ന പേരിലാണ്. പേട്ടക്കുറുമ്പർ എന്നാണ് ഞങ്ങളുടെ സമുദായം സ്വയം വിശേഷിപ്പിക്ക്ക്കുന്നതെങ്കിലും ഔദ്യോഗികമായി ഞങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത് ബേട്ടക്കുറുമ്പർ എന്നാണ്.

ഈ കഥയിലെ നായിക എന്റെ അമ്മയായ മേതിയാണ്. ശരിക്കുള്ള പേരും ആളുകൾ വിളിക്കുന്ന പേരുമാണ് അത്. എന്റെ അപ്പ (അച്ഛൻ) കൃഷ്ണൻ. സമുദായത്തിൽ കേതൻ എന്ന് പേര്. അഞ്ച് സഹോദരരിലൊരാളാണ് ഞാൻ; മൂത്ത സഹോദരി ചിത്ര (സമുദായത്തിൽ ചിത്തിര എന്ന് വിളിക്കുന്നു), മൂത്ത സഹോദരൻ രവിചന്ദ്രൻ (മാധൻ), രണ്ടാമത്തെ ചേച്ചി ശശികല (കേത്തി), എന്റെ ഇളയ അനിയത്തി കുമാരി (കിന്മാരി). എന്റെ മൂത്ത ഏട്ടനും ചേച്ചിയും വിവാഹിതരാണ്. അവരുടെ കുടുംബത്തൊടൊപ്പം തമിഴ് നാട്ടിൽ ഗൂഡല്ലൂർ ജില്ലയിലെ പാലവാടി ഗ്രാമത്തിൽ താമസിക്കുന്നു.

എന്റെ ആദ്യത്തെ ഓർമ്മകളിലൊന്ന്, എന്റെ അച്ഛന്റെയോ അമ്മയുടേയോ കൂടെ, അങ്കണവാടിയിൽ പോകുന്നതാണ്. സർക്കാർ നടത്തുന്ന ശിശുപരിചരണ കേന്ദ്രമാണ് അത്. അവിടെ ഞാൻ എന്റെ കൂട്ടുകാരോടൊത്ത് എല്ലാവിധ വികാരങ്ങളും – ആനന്ദം, സന്തോഷം, ദേഷ്യം, സങ്കടം – എല്ലാം അനുഭവിച്ചു. വൈകീട്ട് 3 മണിക്ക്, അച്ഛനമ്മമാരിൽ ഒരാൾ വന്ന് എന്നെ വീട്ടിലേക്ക് കൊണ്ടുപോകും.

മദ്യത്തിന് അടിമയാകുന്നതിന് മുമ്പ് എന്റെ അപ്പ വളരെ സ്നേഹമുള്ള ഒരാളായിരുന്നു. കുടി തുടങ്ങിയതിൽ‌പ്പിന്നെ, ആൾ അക്രമാസക്തനും, ചുമതലാബോധം നഷ്ടപ്പെട്ടവനുമായി. “ചീത്ത കൂട്ടുകെട്ടായിരുന്നു അദ്ദേഹത്തിന്റെ ആ സ്വഭാവത്തിന് കാരണം” എന്ന് എന്റെ അമ്മ പറയാറുണ്ടായിരുന്നു.

Left: My amma, known by everyone as Methi.
PHOTO • K. Ravikumar
Right: Amma is seated outside our home with my sister Kumari and my niece, Ramya
PHOTO • K. Ravikumar

ഇടത്ത്: മേതി എന്ന് എല്ലാവരാലും അറിയപ്പെടുന്ന എന്റെ അമ്മ. വലത്ത്: അനിയത്തി കുമാരി, എന്റെ പെങ്ങളുടെ മകൾ ര‌മ്യ എന്നിവരോടൊപ്പം അമ്മ വീടിന്റെ മുമ്പിലിരിക്കുന്നു

വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ്മ, ഒരിക്കൽ കള്ളുകുടിച്ച് വന്ന് അച്ഛൻ അമ്മയെ ചീത്ത വിളിക്കാൻ തുടങ്ങിയതായിരുന്നു. അമ്മയെ തല്ലുകയും, അമ്മയുടെ അച്ഛനമ്മമാരേയും സഹോദരങ്ങളേയും (അന്ന് അവർ ഞങ്ങളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്) ഏറ്റവും വൃത്തികെട്ട ഭാഷയിൽ അപമാനിക്കുകയും ചെയ്തു. കേൾക്കാൻ നിർബന്ധിതരായെങ്കിലും അവരത് ഗൌനിക്കാതെ വിട്ടു. ഇത്തരം ബഹളങ്ങൾ പിന്നീട് നിത്യസംഭവമായി മാറി.

ഒരു സംഭവം ഞാൻ വ്യക്തമായി ഓർക്കുന്നുണ്ട്. ഞാൻ 2-ആം ക്ലാസ്സിലായിരുന്നു അന്ന്. പതിവുപോലെ അപ്പ കുടിച്ച്, ദേഷ്യപ്പെട്ട് വീട്ടിൽ വന്ന് അമ്മയേയും എന്നേയും സഹോദരങ്ങളേയും തല്ലിച്ചതച്ചു. ഞങ്ങളുടെ തുണികളും സാധനങ്ങളുമൊക്കെ വാരി തെരുവിലിട്ട്, വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. ആ രാത്രി ഞങ്ങൾ തെരുവിൽ അമ്മയെ കെട്ടിപ്പിടിച്ച് കഴിച്ചുകൂട്ടി. തണുപ്പുകാലത്ത് ചെറിയ മൃഗങ്ങൾ അവരുടെ അമ്മയുടെ ചൂട് പറ്റിക്കഴിയുന്നതുപോലെ.

ഞങ്ങൾ പഠിക്കാൻ പോയിരുന്ന ജി.ടി.ആർ മിഡിൽ സ്കൂളിൽ - സർക്കാരിന്റെ ഗോത്രസ്ഥാപനമായിരുന്നു അത് – താമസ, ഭക്ഷണ സൌകര്യങ്ങളുണ്ടായിരുന്നതുകൊണ്ട് മൂത്ത സഹോദരനും സഹോദരിയും അവിടെ നിൽക്കാൻ തീരുമാനിച്ചു. അക്കാലത്ത് ഞങ്ങൾക്കെല്ലാവർക്കും ആവശ്യത്തിലധികമുണ്ടായിരുന്നത് കരച്ചിലും കണ്ണീരുമായിരുന്നു. ഞങ്ങൾ വീട്ടിൽത്തന്നെ തുടർന്നും താമസിച്ചു. വീടിന്റെ പുറത്തേക്ക് മാ‍റി.

എപ്പോഴാണ് അടുത്ത യുദ്ധമുണ്ടാവുക എന്ന ഭയത്തിലായിരുന്നു ഞങ്ങളെല്ലാം. ഒരു രാത്രി അപ്പ കുടിച്ച് വന്ന് അമ്മയുടെ സഹോദരനുമായി ശാരീരികമായി ഏറ്റുമുട്ടി. അപ്പ, കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അമ്മാവനെ പരിക്കേൽ‌പ്പിക്കാൻ നോക്കിയെങ്കിലും മൂർച്ച കുറവായതിനാൽ അമ്മാവൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. കുടുംബത്തിലെ എല്ലാവരും ചേർന്ന് ഇടപെട്ട്, അച്ഛനെ ആക്രമിച്ചു. ബഹളത്തിനിടയിൽ അമ്മയുടെ കൈ പിടിച്ചിരുന്ന എന്റെ ചെറിയ അനിയത്തി വീണ്, തലയ്ക്ക് പരിക്കുപറ്റി. ഞാൻ തണുത്ത് മരവിച്ച്, നിസ്സഹായനായി, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ അവിടെ നിന്നു.

അടുത്ത ദിവസം രാവിലെ മുറ്റത്തൊക്കെ അമ്മാവന്റേയും അച്ഛന്റേയും ചോര ഉണങ്ങി കറുത്ത് കിടക്കുന്നത് കണ്ടു. പാതിരാത്രിക്ക് അച്ഛൻ ആടിയാടി വന്ന് എന്നേയും അനിയത്തിയേയും മുത്തച്ഛന്റെ വീട്ടിൽനിന്ന് ഇറക്കി, പാടത്തിന് നടുവിലുള്ള അദ്ദേഹത്തിന്റെ ചെറിയ വീട്ടിലേക്ക് കൊണ്ടുപോയി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ അച്ഛനമ്മമാർ വിവാഹമോചിതരായി.

Left: My mother cutting dry wood with an axe. This is used as firewood for cooking.
PHOTO • K. Ravikumar
Right : The soft glow of the kerosene lamp helps my sister Kumari and my niece Ramya study, while our amma makes rice
PHOTO • K. Ravikumar

ഇടത്ത്: എന്റെ അമ്മ ഒരു മഴു ഉപയോഗിച്ച് വിറക് വെട്ടുന്നു. ഭക്ഷണം പാകം ചെയ്യാനാണ് ഇതുപയോഗിക്കുന്നത്. വലത്ത്: മണ്ണെണ്ണ വിളക്കിന്റെ ചെറിയ വെളിച്ചത്തിൽ എന്റെ അനിയത്തിമാരായ കുമാരിയും മരുമകൾ ര‌മ്യയും പഠിക്കുമ്പോൾ അമ്മ ചോറുണ്ടാക്കുന്നു

ഗൂഡല്ലൂരിലെ കുടുംബ കോടതിയിൽ, എന്റെ സഹോദരങ്ങളും ഞാനും അമ്മയോടൊപ്പം താമസിക്കാനുള്ള ആഗ്രഹം അറിയിച്ചു. കുറച്ചുകാലം ഞങ്ങൾ സന്തോഷത്തോടെ, അമ്മയുടെ അച്ഛനമ്മമാരുടെ വീട്ടിൽ താമസിച്ചു. അച്ഛന്റേയും അമ്മയുടേയും വീടുണ്ടായിരുന്ന അതേ തെരുവിൽത്തന്നെയായിരുന്നു ആ വീടും.

കഷ്ടകാലം വന്നതോടെ, സന്തോഷത്തിന് ദീർഘായുസ്സുണ്ടായില്ല. ഭക്ഷണം പ്രശ്നമായിത്തുടങ്ങി. എന്റെ മുത്തച്ഛന് കിട്ടിയിരുന്ന 40 കിലോഗ്രാം റേഷൻ എല്ലാവർക്കും തികഞ്ഞിരുന്നില്ല. മിക്ക ദിവസവും എന്റെ മുത്തച്ഛൻ രാത്രി വെറുംവയറ്റിൽ കിടന്നുറങ്ങും. ഞങ്ങൾക്ക് ഭക്ഷണമുണ്ടെന്ന് ഉറപ്പാക്കാൻ. ചിലപ്പോൾ, അമ്പലങ്ങളിൽനിന്നുള്ള പ്രസാദം കൊണ്ടുവരും ഞങ്ങളുടെ വയർ നിറയ്ക്കാൻ. അപ്പോഴാണ് അമ്മ കൂലിപ്പണിക്ക് പോകാൻ തീരുമാനിച്ചത്.

*****

പഠിപ്പിക്കാനുള്ള സാമ്പത്തികമായ കഴിവ് കുടുംബത്തിനില്ലാതിരുന്നതിനാൽ എന്റെ അമ്മ 3-ആം ക്ലാസ്സിൽ‌വെച്ച് പഠിപ്പ് നിർത്തി. തന്റെ താഴെയുള്ളവരെയൊക്കെ നോക്കി വളർത്തി അവർ കുട്ടിക്കാലം ചിലവഴിച്ചു. 18 വയസ്സിൽ അച്ഛനെ വിവാഹം കഴിക്കുകയും ചെയ്തു.

പൊക്കാപുരത്തുനിന്ന് 10 കിലോമീറ്റർ അകലെയുള്ള സിംഗാര ഗ്രാമത്തിലെ ഒരു വലിയ കാപ്പിത്തോട്ടത്തിലെ കാന്റീനിലേക്ക് വിറക് ശേഖരിക്കുന്ന പണിയായിരുന്നു അപ്പയ്ക്ക്. നീലഗിരിയിലെ ഗൂഡല്ലൂർ ബ്ലോക്കിലായിരുന്നു ആ ഗ്രാമം.

ഞങ്ങളുടെ പ്രദേശത്തെ മിക്കവരും അവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞപ്പോൾ അമ്മ വീട്ടിലിരുന്ന് ഞങ്ങളെ നോക്കിവളർത്തി. വിവാഹമഓചനത്തിനുശേഷം അമ്മ സിംഗാര കാപ്പിത്തോട്ടത്തിൽ ദിവസക്കൂലിക്ക് ചേർന്ന്, ദിവസം 150 രൂപ സമ്പാദിക്കാൻ തുടങ്ങി.

Left: After quitting her work in the coffee estate, amma started working in her friends' vegetable garden.
PHOTO • K. Ravikumar
Right: Here, amma can be seen picking gourds
PHOTO • K. Ravikumar

ഇടത്ത്: കാപ്പിത്തോട്ടത്തിലെ ജോലിയുപേക്ഷിച്ചതിനുശേഷം അമ്മ ഒരു കൂട്ടുകാരിയുടെ പച്ചക്കറിത്തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങി. വലത്ത്: പടവലങ്ങ പറിക്കുന്ന അമ്മയാണ് ചിത്രത്തിൽ

എല്ലാ ദിവസവും, മഴയായാലും വെയിലായാലും രാവിലെ 7 മണിക്ക് പണിക്ക് പോവും. “ഊണിന്റെ സമയത്തുപോലും വിശ്രമിക്കില്ല’ എന്ന് അമ്മയെക്കുറിച്ച് കൂടെയുള്ള ജോലിക്കാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഈ ജോലി ചെയ്ത്, എട്ടുകൊല്ലം അമ്മ വീട് പരിപാലിച്ചു. സന്ധ്യയ്ക്ക്, വളരെ വൈകി, 7.30-നുപോലും, അമ്മ, മുഴുവൻ നനഞ്ഞ്, ക്ഷീണിതയായി വീട്ടിൽ വരുന്നത് എനിക്കോർമ്മയുണ്ട്. മഴ നനയാതിരിക്കാൻ ഒരു ടവൽ മാത്രം പുതച്ചിട്ടുണ്ടാകും. അത്തരം മഴദിവസങ്ങളിൽ വീടിന്റെയകം മുഴുവൻ ചോരുന്നുണ്ടാകും പല ഭാഗത്തായി. ഓരോരോ ചോർച്ചയ്ക്ക് കീഴെയും പാത്രങ്ങൾ വെച്ച് അമ്മ അങ്ങോട്ടുമിങ്ങോട്ടും നടക്കും.

തീ കൂട്ടാൻ ഇടയ്ക്ക് ഞാനും സഹായിക്കും. എന്നിട്ട്, രാത്രി 11 മണിവരെ അതിന്റെ ചുറ്റും ഞങ്ങളെല്ലാമിരുന്ന് വർത്തമാനം പറയും.

ചില രാത്രികളിൽ, ഞങ്ങൾ കിടക്കുമ്പോൾ, ഉറങ്ങുന്നതിന് മുമ്പ്, അവർ ഞങ്ങളോട് അവരുടെ കഷ്ടപ്പാടുകൾ പങ്കുവെക്കും. ചിലപ്പോൾ അതൊക്കെ ഓർത്ത് അവർ കരയുകയും ചെയ്യും. അത് കേട്ട് ഞങ്ങൾ കരയാൻ തുടങ്ങിയാലുടൻ അവർ എന്തെങ്കിലും തമാശ പറഞ്ഞ് ഞങ്ങളെ ചിരിപ്പിക്കാൻ ശ്രമിക്കും. സ്വന്തം മക്കൾ കരയുന്നത് കാണാൻ കെൽ‌പ്പുള്ള ഏതെങ്കിലും അമ്മമാർ ഭൂമുഖത്തുണ്ടോ?

Before entering the forest, amma likes to stand quietly for a few moments to observe everything around her
PHOTO • K. Ravikumar

കാട്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, അമ്മ കുറച്ചുനേരം നിശ്ശബ്ദയായി ചുറ്റുപാടുകൾ ശ്രദ്ധിച്ച് നിൽക്കും

ഒടുവിൽ ഞാൻ, അമ്മയുടെ തൊഴിൽ‌ദാതാക്കൾ നടത്തിയിരുന്ന മസിനഗുഡിയിലെ ശ്രീ ശാന്തി വിജയ ഹൈസ്കൂളിൽ ചേർന്നു. തൊഴിലാളികളുടെ കുട്ടികൾക്കുള്ള സ്കൂളായിരുന്നു അത്. അവിടെ പോകുന്നത് ജയിലിൽ പോകുന്നതിന് തുല്യമായിരുന്നു എനിക്ക്. എന്റെ അഭ്യർത്ഥനകളൊന്നും മാനിക്കാതെ അമ്മ എന്നെ അവിടെ ചേർത്തു. വാശി പിടിച്ചപ്പോൾ തല്ലുകപോലും ഉണ്ടായി. അവസാനം ഞങ്ങൾ മുത്തച്ഛന്റെയും മുത്തശ്ശിയുടേയും വീട്ടിൽനിന്ന്, മൂത്ത സഹോദരി ചിത്രയുടെ ഭർത്താവിന്റെ വീട്ടിലേക്ക് താമസം മാറ്റി. രണ്ട് മുറികളുള്ള ചെറിയൊരു കുടിലായിരുന്നു അത്. എന്റെ ചെറിയ അനിയത്ത് കുമാരി, ജി.ടി.ആർ മിഡിൽ സ്കൂളിൽ തുടരുകയും ചെയ്തു.

10-ആം ക്ലാസ്സ് പരീക്ഷയ്ക്കായുള്ള അമിതമായ സമ്മർദ്ദം സഹിക്കാതെ എന്റെ സഹോദരി ശശികല സ്കൂൾ പഠനം അവസാനിപ്പിച്ച് വീട്ടുജോലികളിൽ അമ്മയെ സഹായിക്കാൻ ചേർന്നു. ഒരുവർഷത്തിനുശേഷം അവൾക്ക് തിരുപ്പുരിലെ ഒരു തുണിക്കമ്പനിയിൽ ജോലി കിട്ടി. വർഷത്തിൽ ഒന്നോ രണ്ടോ തവണ അവൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നിരുന്നു. അവൾക്ക് ശമ്പളമായി കിട്ടിയിരുന്ന 6,000 രൂപ അഞ്ചുവർഷം ഞങ്ങൾക്ക് താങ്ങായി. മൂന്ന് മാസം കൂടുമ്പോൾ ഞാനും അമ്മയും അവളെ കാണാൻ അങ്ങോട്ടും പോവും. കൈയ്യിലുള്ള സമ്പാദ്യം അവൾ ഞങ്ങളെ ഏൽ‌പ്പിക്കുകയും ചെയ്യും. അവൾ ജോലിക്ക് പോകാൻ തുടങ്ങി ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും അമ്മ കാപ്പിത്തോട്ടത്തിലെ ജോലി അവസാനിപ്പിച്ച്, എന്റെ ചേച്ചി ചിത്തിരയുടെ കുട്ടിയെ നോക്കലും വീട് പരിപാലിക്കലുമായി കഴിയാൻ തുടങ്ങി.

10-ആം ക്ലാസ് കഴിഞ്ഞ് ഞാൻ കോത്തഗിരി സർക്കാർ ബോർഡിംഗ് സ്കൂളിൽ ഹയർ സെക്കൻഡറിക്ക് ചേർന്നു. നല്ലൊരു ജോലി എനിക്ക് കിട്ടണമെന്ന വാശിയോടെ എന്റെ പഠനച്ചിലവിനായി അമ്മ, ചാണകവരളികൾ വിൽക്കാൻ തുടങ്ങി.

വീട്ടിൽനിന്ന് പോകുമ്പോൾ അപ്പ ഞങ്ങളുടെ വീട് നശിപ്പിക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിരുന്നു. മദ്യക്കുപ്പികളെ മണ്ണെണ്ണവിളക്കുകളായി മാറ്റിയാണ് ഞങ്ങൾ പഠിച്ചിരുന്നത്. പിന്നെ, ചെമ്പിന്റെ രണ്ട് വിളക്കുകൾ വാങ്ങി. ഞാൻ 12-ആം ക്ലാസ്സിലെത്തിയപ്പോഴാണ് ഞങ്ങൾ വൈദ്യുതി കണക്ഷനെടുത്തത്. ആ പത്തുകൊല്ലക്കാലം ഞങ്ങളുടെ ജീവിതത്തിൽ വെളിച്ചം വീശിയത് ആ ചെമ്പ് വിളക്കുകളായിരുന്നു.

ഉദ്യോഗസ്ഥന്മാരുമായി ധാരാളം വഴക്കിട്ടും, കറന്റിനെക്കുറിച്ചുള്ള തന്റെ അകാരണമായ ഭയം മറികടന്നുമാണ് അമ്മ വൈദ്യുതിബന്ധം തിരിച്ചെടുത്തത്. ഒറ്റയ്ക്കാവുമ്പോൾ സ്വിച്ചുകളൊക്കെ ഓഫാക്കി അമ്മ വിളക്കുകളെ മാത്രം ആശ്രയിച്ചു. വൈദ്യുതിയോടുള്ള അമ്മയുടെ പേടിയുട് കാരണം ചോദിച്ചപ്പോൾ, സിംഗാരയിൽ ഒരു സ്ത്രീ ഷോക്കടിച്ച് മരിച്ചതായി കേട്ടറിഞ്ഞ പണ്ടത്തെ ഒരു സംഭവം അമ്മ ഓർത്തെടുത്തു.

Left: Our old house twinkling under the stars.
PHOTO • K. Ravikumar
Right: Even after three years of having an electricity connection, there is only one light bulb inside our house
PHOTO • K. Ravikumar

ഇടത്ത്: നക്ഷത്രങ്ങൾക്ക് താഴെ കണ്ണ് ചിമ്മുന്ന ഞങ്ങളുടെ വീട്. വലത്ത്: വീട്ടിൽ വൈദ്യുതി വന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും, വീട്ടിൽ ഒരേയൊരു ബൾബ് മാത്രമേ ഉണ്ടായിരുന്നുള്ളു

ഉപരിപഠനത്തിനായി ഞാൻ ജില്ലാ തലസ്ഥാനമായ ഉദഗമണ്ഡലത്തിലെ (ഊട്ടി) ആർട്ട്സ് കൊളേജിൽ ചേർന്നു. എന്റെ ഫീസിനും, പുസ്തകത്തിനും വസ്ത്രത്തിനുമായി അമ്മ വായ്പയെടുത്തു. അവ തിരിച്ചടയ്ക്കാൻ അവർ പച്ചക്കറിത്തോട്ടത്തിൽ ജോലി ചെയ്യുകയും ശേഖരിച്ച ചാണകവരളികൾ വിൽക്കുകയും ചെയ്തു. ആദ്യമൊക്കെ അമ്മ പൈസ അയച്ചുതന്നിരുന്നുവെങ്കിലും അധികം താമസിയാതെ, ഞാൻ, എന്റെ സ്വന്തമാവശ്യങ്ങൾക്കും, വീട്ടിലേക്കയക്കാനുമുള്ള പണത്തിനായി, ഒരു കാറ്ററിംഗ് സർവീസ് കമ്പനിയിലെ പാർട്ട് ടൈം ജോലി ചെയ്യാൻ തുടങ്ങി. 50 വയസ്സ് കഴിഞ്ഞ അമ്മ ഒരിക്കൽ‌പ്പോലും, ആരുടെയെങ്കിലും മുമ്പിൽ പണത്തിനായി കൈ നീട്ടിയിട്ടില്ല. എന്ത് പണിയാണെങ്കിലും ചെയ്യാൻ തയ്യാറായിരുന്നു അവർ.

മൂത്ത ചേച്ചിയുടെ മക്കൾ അല്പം വളർന്നപ്പോൾ, അമ്മ അവരെ അങ്കണവാടിയിലാക്കിയിട്ട്, ഉണങ്ങിയ പശുച്ചാണകം ശേഖരിക്കാൻ പാടത്ത് പോകും. ആഴ്ച മുഴുവനും അത് ശേഖരിച്ച് ഒരു ബക്കറ്റിലാക്കി, 80 രൂപയ്ക്ക് വിൽക്കും. രാവിലെ 9 മണിക്ക് പോയാൽ വൈകീട്ട് 4 മണിക്കേ വരൂ. ഉച്ചയ്ക്ക് എന്തെങ്കിലും കാട്ടുപഴം കഴിച്ച് വിശപ്പടക്കും.

ഇത്ര കുറച്ച് ഭക്ഷണം കഴിച്ചിട്ടും എങ്ങിനെ ഈ ആരോഗ്യം നിലനിർത്തുന്നു എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, “ഞാൻ കുട്ടിക്കാലത്ത് കാട്ടിലെ ഇലവർഗ്ഗങ്ങളും ഇറച്ചിയും കിഴങ്ങുകളുമൊക്കെ ധാരാളം കഴിച്ചിട്ടുണ്ട്. അതിന്റെ ആരോഗ്യമാണ് ഇപ്പോഴും.” കാട്ടിലെ ഇലവർഗ്ഗങ്ങൾ! ഉപ്പ് മാത്രമിട്ട, ചൂടുള്ള കഞ്ഞിവെള്ളം കഴിച്ച് അമ്മ ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

വിചിത്രമെന്ന് പറയട്ടെ, “എനിക്ക് വിശക്കുന്നു” എന്ന് അമ്മ ഒരിക്കൽ‌പ്പോലും പറഞ്ഞതായി എനിക്കോർമ്മയില്ല. ഞങ്ങൾ കുട്ടികൾ ഭക്ഷണം കഴിക്കുന്നത് കണ്ട് അവർ എപ്പോഴും സന്തോഷിച്ചു.

വീട്ടിൽ ഞങ്ങൾക്ക് മൂന്ന് നായ്ക്കളുണ്ട്. ദിയ, ഡിയോ, രാസാത്തി. പിന്നെ ആടുകളും. അവയുടെ രോമങ്ങളുടെ നിറമാണ് അവയ്ക്കിട്ടത്. ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളാണ് അവരെല്ലാം. ഞങ്ങളെ സ്നേഹിക്കുന്നതുപോലെത്തന്നെ അമ്മ അവയേയും സ്നേഹിക്കുന്നു. അവ തിരിച്ചും അങ്ങിനെത്തന്നെ. എല്ലാ ദിവസവും രാവിലെ അമ്മ അവയ്ക്ക് വെള്ളവും ഭക്ഷണവും കൊടുക്കും. ആടുകൾക്ക് ഇലയും, തിളപ്പിച്ച കഞ്ഞിവെള്ളവും.

Left: Amma collects and sells dry cow dung to the villagers. This helped fund my education.
PHOTO • K. Ravikumar
Right: The dogs and chickens are my mother's companions while she works in the house
PHOTO • K. Ravikumar

ഇടത്ത്: അമ്മ ഉണങ്ങിയ ചാണകവരളികൾ ശേഖരിച്ച് ഗ്രാമീണർക്ക് വിൽക്കുന്നു. ഇതിൽനിന്നുള്ള പണം എന്റെ പഠനത്തെ സഹായിക്കുകയുണ്ടായി. വലത്ത്: വീട്ടിൽ ജോലി ചെയ്യുമ്പോൾ, നായ്ക്കളും ആടുകളുമാണ് അമ്മയുടെ കൂട്ടുകാർ

Left: Amma taking the goats into the forest to graze.
PHOTO • K. Ravikumar
Right: Amma looks after her animals as if they are her own children.
PHOTO • K. Ravikumar

ഇടത്ത്: അമ്മ ആടുകളെ കാട്ടിൽ മേയ്ക്കാൻ കൊണ്ടുപോകുന്നു. വലത്ത്: സ്വന്തം കുട്ടികളെപ്പോലെയാണ് അമ്മ തന്റെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത്

അമ്മ തികഞ്ഞ ഭക്തയാണ്. പരമ്പരാഗത ദൈവങ്ങളേക്കാൾ വിശ്വാസം ജഡസാമിയിലും അയ്യപ്പനിലുമാണ് അമ്മയ്ക്ക്. ആഴ്ചയിൽ ഒരുദിവസം അവർ വീട് വൃത്തിയാക്കി, ജഡസാമിയുടെ അമ്പലത്തിൽ പോയി, സ്വന്തം വിഷമങ്ങൾ അവരുമായി പങ്ക് വെക്കും.

സ്വന്തമാവശ്യത്തിന് അമ്മ ഒരു സാരി വാങ്ങുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. അമ്മയുടെ പക്കലുള്ള സാരികൾ - ആകെ എട്ടെണ്ണം – അമ്മായിയും മൂത്ത ചേച്ചിയും സമ്മാനിച്ചവയാണ്. ഒരു പരാതിയും പ്രതീക്ഷകളുമില്ലാതെ അമ്മ ആ സാരികൾ മാറിമാറി ഉടുക്കുന്നു.

ഞങ്ങളുടെ വീട്ടിലെ വഴക്കുകളെക്കുറിച്ച് ഗ്രാമീണർ പണ്ട് പരദൂഷണം പറയാറുണ്ടായിരുന്നു. എന്നാലിന്ന്, ഇത്രയധികം പ്രാരാബ്ധങ്ങൾ താണ്ടിയിട്ടും എന്റെ സഹോദരരും ഞാനും നല്ല നിലയിലെത്തിയത് കാണുമ്പോൾ അതവരെ അത്ഭുതപ്പെടുത്തുന്നു. സ്വന്തം പ്രാരാബ്ധങ്ങൾ മക്കളെ ബാധിക്കാതെ അവരെ വളർത്തി വലുതാക്കിയതിന് ഇന്ന് അതേ ആളുകൾ അമ്മയെ അഭിനന്ദിക്കുകയാണ്.

തിരിഞ്ഞുനോക്കുമ്പോൾ, സ്കൂളിലേക്ക് അമ്മ എന്നെ നിർബന്ധിച്ച് പറഞ്ഞയച്ചതിൽ ഞാൻ സന്തോഷിക്കുകയാണ്. ശ്രീ ശാന്തി വിജയ ഹൈസ്കൂളിൽ പഠിക്കാൻ കഴിഞ്ഞത് ആലോചിക്കുമ്പോഴും സന്തോഷം തോന്നുന്നു. അവിടെനിന്നാണ് ഞാൻ ഇംഗ്ലീഷ് പഠിച്ചത്. ആ സ്കൂളും അമ്മയുടെ നിർബന്ധവുമില്ലായിരുന്നെങ്കിൽ എന്റെ ഉപരിപഠനം ഒരുപക്ഷേ അസാധ്യമായേനേ. അമ്മ എനിക്ക് ചെയ്തുതന്ന കാര്യങ്ങൾക്ക് ഒരിക്കലും തിരിച്ച് കൊടുക്കാൻ എനിക്കാവില്ല. എന്റെ ജീവിതത്തിന് ഞാനവരോട് കടപ്പെട്ടിരിക്കുന്നു.

എല്ലാ ദിവസത്തിന്റെയും അവസാനം, അമ്മ കാലുകൾ നീട്ടിവെച്ച് വിശ്രമിക്കുന്നത് കാണുമ്പോൾ ഞാൻ ആ പാദങ്ങളിലേക്ക് നോക്കും. വർഷങ്ങളോളം അദ്ധ്വാനിച്ച കാലുകളാണ് അത്. ജോലിസംബന്ധമായി പലപ്പോഴും വെള്ളത്തിൽനിന്ന് ജോലി ചെയ്യേണ്ടിവന്നിട്ടും, അമ്മയുടെ കാല്പാദങ്ങൾ വരണ്ട നിലം‌പോലെ വിണ്ടുകിടക്കുന്നു. ആ വിള്ളലുകളാണ് ഞങ്ങളെ വളർത്തിയത്.

No matter how much my mother works in the water, her cracked feet look like dry, barren land
PHOTO • K. Ravikumar

പലപ്പോഴും വെള്ളത്തിൽനിന്ന് ജോലി ചെയ്യേണ്ടിവന്നിട്ടും അമ്മയുടെ കാല്പാദങ്ങൾ വരണ്ടുണങ്ങിയ നിലം‌പോലെ വിണ്ടുകിടന്നു

പരിഭാഷ: രാജീവ് ചേലനാട്ട്

K. Ravikumar

के. रविकुमार के एक उभरते फ़ोटोग्राफ़र और डाक्यूमेंट्री फ़िल्ममेकर हैं, और तमिलनाडु के मुदुमलई टाइगर रिज़र्व में स्थित गांव बोक्कापुरम में रहते हैं. रवि ने पलनी स्टूडियो से फ़ोटोग्राफ़ी सीखी है, जिसे पारी के फ़ोटोग्राफ़र पलनी कुमार चलाते हैं. रवि अपने बेट्टकुरुम्ब आदिवासी समुदाय के जीवन और आजीविकाओं का दस्तावेज़ीकरण करना चाहते हैं.

की अन्य स्टोरी K. Ravikumar
Editor : Vishaka George

विशाखा जॉर्ज, पीपल्स आर्काइव ऑफ़ रूरल इंडिया की सीनियर एडिटर हैं. वह आजीविका और पर्यावरण से जुड़े मुद्दों पर लिखती हैं. इसके अलावा, विशाखा पारी की सोशल मीडिया हेड हैं और पारी एजुकेशन टीम के साथ मिलकर पारी की कहानियों को कक्षाओं में पढ़ाई का हिस्सा बनाने और छात्रों को तमाम मुद्दों पर लिखने में मदद करती है.

की अन्य स्टोरी विशाखा जॉर्ज
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat