"മഴക്കാലം തുടങ്ങുന്നതിന് മുൻപ് ഗ്രാമസഭാ കെട്ടിടം നവീകരിക്കാൻ സാധിച്ചാൽ നല്ലതായിരിക്കും," സരിതാ അസുർ ലുപുങ്പാട്ടിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറയുന്നു.
അൽപനേരം മുൻപ്, ഗ്രാമത്തിലെ പ്രധാന തെരുവിൽ ഒരു പെരുമ്പറക്കാരൻ കൊട്ടിയറിയിച്ചതനുസരിച്ച് ഗ്രാമയോഗം തുടങ്ങിയിരുന്നു. സ്ത്രീകളും പുരുഷന്മാരും അവരുടെ വീടുകളിൽനിന്നിറങ്ങി ഗ്രാമസഭാ സെക്രട്ടേറിയറ്റിൽ ഒത്തുകൂടിയിട്ടുണ്ട്. ഇതേ രണ്ടു മുറി കെട്ടിടം നവീകരിക്കാനാണ് യോഗത്തിൽ സരിത പണം ആവശ്യപ്പെടുന്നത്.
ജാർഖണ്ഡിലെ ഗുംല ജില്ലയിലുള്ള ഈ ഗ്രാമത്തിലെ ജനങ്ങൾ സരിതയുടെ അഭിപ്രായത്തോട് ഉടനടി യോജിക്കുകയും അവർ മുന്നോട്ടുവെച്ച പ്രമേയം പാസ്സാക്കുകയും ചെയ്തു.
"ഇവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങൾക്കുതന്നെയാണെന്ന് ഇന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ ഗ്രാമസഭയ്ക്ക് ഞങ്ങളുടെ ഗ്രാമത്തിൽ വികസനം കൊണ്ടുവരാൻ കഴിയും. ഞങ്ങളെല്ലാവരും, പ്രത്യേകിച്ച് സ്ത്രീകൾ, ഗ്രാമസഭയുടെ പ്രവർത്തനത്തിലൂടെ ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്," മുൻ ദേശീയ ഹോക്കി താരമായ സരിത ഈ ലേഖകനോട് പിന്നീട് പറഞ്ഞു.
ഗുംല ജില്ലയിലെ ലുപുങ്പാട്ട് ഗ്രാമത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഗ്രാമസഭ ജാർഖണ്ഡിൽ ഇപ്പോൾ ഒരു സംസാരവിഷയമാണ്. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽനിന്ന് ഏകദേശം 165 കിലോമീറ്റർ അകലെയായി, ഗുംല ജില്ലാ ആസ്ഥാനത്തുനിന്ന് ഒരുമണിക്കൂർ ദൂരത്തിലുള്ള ഈ വിദൂര ഗ്രാമത്തിൽ എത്തിച്ചേരുക അത്ര എളുപ്പമല്ല. ഒരു കുന്ന് കയറി, അവിടെനിന്ന് താഴേയ്ക്ക് ഒരു ടാറിടാത്ത റോഡിലൂടെ സഞ്ചരിച്ചുവേണം കാടിനകത്തുള്ള ഈ ഗ്രാമത്തിലെത്താൻ. ഈ പ്രദേശങ്ങളിൽ വലിയ പൊതുഗതാഗത വാഹനങ്ങൾ അത്ര എളുപ്പത്തിൽ കിട്ടില്ലെങ്കിലും, ഓട്ടോറിക്ഷകളും ചെറുവാഹനങ്ങളും വല്ലപ്പോഴും കടന്നുപോകാറുണ്ട്
അസുർ സമുദായക്കാരായ ഏകദേശം 100 കുടുംബങ്ങളാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. അസുർ സമുദായത്തെ അതീവ ദുർബല ഗോത്രവിഭാഗമായാണ് കണക്കാക്കുന്നത്. ഗുംല ജില്ലയ്ക്ക് പുറമേ ജാർഖണ്ഡിലെ ലോഹാർദാഗാ, പലാമു, ലാട്ടെഹാർ എന്നീ ജില്ലകളിലും താമസിക്കുന്ന ഇക്കൂട്ടരുടെ സംസഥാനത്തെ മൊത്തം ജനസംഖ്യ 22,459 ആണ്. ( ഇന്ത്യയിലെ പട്ടിക വർഗ്ഗങ്ങളുടെ സ്ഥിതിവിവര കണക്കുകൾ, 2013 )
ഗ്രാമീണരിൽ പകുതിയോളം പേർ നിരക്ഷരരാണെങ്കിലും ഗ്രാമസഭയിൽ നടക്കുന്ന പ്രവൃത്തികളെല്ലാം കൃത്യമായി രേഖകളിൽ റെക്കോർഡ് ചെയ്യുന്നുണ്ട്. "ഇവിടെ എല്ലാത്തിനും കൃത്യമായ രേഖകളുണ്ട്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഞങ്ങൾ അജണ്ട നിശ്ചയിക്കുന്നത്," മുൻ ഫുടബോൾ താരവും ഊർജ്ജസ്വലനായ യുവനേതാവുമായ സഞ്ചിത് അസുർ പറയുന്നു. "ഇവിടത്തെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഈ ഗ്രാമസഭ," താരതമ്യേന മെച്ചപ്പെട്ട ലിംഗസമത്വം അവകാശപ്പെടാവുന്ന കമ്മിറ്റിയുടെ പൊതുനിലപാട് പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മുൻകാലങ്ങളിൽ ഗ്രാമസഭയിൽ പുരുഷന്മാർ മാത്രമാണ് പങ്കെടുത്തിരുന്നതെന്ന് സരിത ചൂണ്ടിക്കാട്ടുന്നു. "അവിടെ എന്താണ് ചർച്ച ചെയ്തിരുന്നതെന്നുപോലും ഞങ്ങൾ സ്ത്രീകൾ അറിഞ്ഞിരുന്നില്ല," ആ മുൻ ദേശീയ ഹോക്കി താരം പറയുന്നു. ഗ്രാമത്തിലെ കുടുംബങ്ങൾ തമ്മിലുള്ള വഴക്കുകൾ പരിഹരിക്കുന്നതിനാണ് അന്നത്തെ ഗ്രാമസഭാ യോഗങ്ങൾ ഊന്നൽ കൊടുത്തിരുന്നത്. "എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഞങ്ങൾ ഗ്രാമസഭയിൽ പങ്കെടുത്ത് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഞങ്ങളുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്," സരിത സന്തോഷത്തോടെ കൂട്ടിച്ചേർക്കുന്നു.
ഗ്രാമസഭകളിൽ പങ്കെടുക്കുന്നത് ആസ്വദിക്കുന്നതിനൊപ്പം തങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകകൂടി ചെയ്യുന്നുണ്ടെന്നാണ് ഗ്രാമത്തിലെ മറ്റ് താമസക്കാർ പറയുന്നത്. "ഇവിടത്തെ വെള്ളപ്രശ്നം ഞങ്ങൾ പരിഹരിച്ചു കഴിഞ്ഞു. നേരത്തെയെല്ലാം സ്ത്രീകൾ വെള്ളം കൊണ്ടുവരാനായി വളരെ ദൂരം സഞ്ചരിക്കണമായിരുന്നു. എന്നാൽ ഇപ്പോൾ ഗ്രാമത്തിലെ തെരുവിൽ വെള്ളം ലഭ്യമാകുന്നുണ്ട്. അതുപോലെ മുൻപെല്ലാം റേഷൻ വാങ്ങാൻ ഞങ്ങൾ മറ്റൊരു ഗ്രാമത്തിലേക്ക് പോകേണ്ടതുണ്ടായിരുന്നു. ഇപ്പോൾ അതും അധികം ദൂരത്തല്ലാതെ കിട്ടുന്നുണ്ട്," ബെനഡിക്ട് അസുർ പറയുന്നു. "ഇത് മാത്രമല്ല, ഞങ്ങൾ ഞങ്ങളുടെ ഗ്രാമത്തെ ഖനനത്തിൽ നിന്നും രക്ഷിക്കുക കൂടി ചെയ്തു."
കാട്ടിൽ ബോക്സൈറ്റ് ഖനനം നടത്തുന്നതിന് മുന്നോടിയായി സർവ്വേ നടത്താൻ പുറത്തുനിന്ന് ചില ആളുകൾ എത്തിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഗ്രാമത്തിൽ അലാറം മുഴക്കി, അവരെ തിരിച്ചയച്ചത് ഗ്രാമീണർ ഓർത്തെടുത്തു.
ലുപുങ്പാട്ട് ഗ്രാമവാസികൾ ഗ്രാമസഭാ കമ്മിറ്റിക്ക് പുറമേ മറ്റ് ഏഴ് കമ്മിറ്റികൾക്കുകൂടി രൂപം നൽകിയിട്ടുണ്ട് - അടിസ്ഥാനസൗകര്യ കമ്മിറ്റി, പൊതുസ്വത്തുമായി ബന്ധപ്പെട്ട കമ്മിറ്റി, കൃഷികാര്യ കമ്മിറ്റി, ആരോഗ്യകാര്യ കമ്മിറ്റി, ഗ്രാമരക്ഷാ കമ്മിറ്റി, വിദ്യാഭ്യാസ കാര്യ കമ്മിറ്റി, വിജിലൻസ് കമ്മിറ്റി എന്നിങ്ങനെ.
"ഓരോ കമ്മിറ്റിയും അതിനു കീഴിൽ വരുന്ന വിഷയങ്ങളും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയുമെല്ലാം ചർച്ച ചെയ്യുന്നു. പിന്നീട് അവർ തങ്ങളുടെ തീരുമാനങ്ങൾ അടിസ്ഥാന സൗകര്യ കമ്മിറ്റിയെ അറിയിക്കുകയും അവർ അത് ഗ്രാമവികസന കമ്മിറ്റിക്ക് കൈമാറുകയും ചെയ്യും," ഗ്രാമസഭയിൽ അംഗമായ ക്രിസ്റ്റഫർ പറയുന്നു. "പ്രാദേശികതലത്തിൽ ജനാധിപത്യം ശക്തിപ്പെടുത്തിയാൽ, ജനങ്ങളുടെ ക്ഷേമവും സാമൂഹികനീതിയും ഉറപ്പാക്കാനാകും," അസീം പ്രേംജി ഫൗണ്ടേഷനിലെ സെന്റർ ഫോർ ഡെവലപ്മെന്റിന്റെ തലവനായ അശോക് സർക്കാർ പറയുന്നു.
ഗ്രാമസഭാ കമ്മിറ്റിയിൽ എല്ലാ ഗ്രാമീണർക്കും പങ്കെടുക്കാമെന്നുള്ളതിനാൽ ഓരോ വിഷയത്തിലും അവർ അന്തിമ തീരുമാനം എടുക്കുകയും ഗ്രാമത്തലവനും വാർഡ് മെമ്പർമാരും ആ തീരുമാനങ്ങൾ ചെയിൻപൂരിലെ ബ്ലോക്ക് ഓഫീസിൽ അറിയിക്കുകയും ചെയ്യുന്നു.
"സാമൂഹിക പെൻഷൻ, ഭക്ഷ്യസുരക്ഷ, റേഷൻ കാർഡുകൾ എന്നിങ്ങനെ ഗ്രാമത്തിന് ലഭ്യമായ എല്ലാ പദ്ധതികളും ഗ്രാമസഭയുടെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് നടപ്പിലാക്കുന്നത്," ഗുംല ജില്ലയിലെ ചെയിൻപൂർ ബ്ലോക്കിന്റെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായ (ബി.ഡി.ഒ) ഡോക്ടർ ശിശിർ കുമാർ സിംഗ് പറയുന്നു.
കോവിഡ്-19 മഹാമാരിയുടെ സമയത്ത് നിരവധി കുടിയേറ്റത്തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങിയപ്പോൾ, സാമൂഹിക സംഘടനകളോട് സഹകരിച്ച് ഗ്രാമസഭയാണ് ക്വാറന്റീൻ സെന്റർ (സചിവാലയ്) ഒരുക്കുകയും താമസക്കാർക്കുള്ള ഭക്ഷണവും വെള്ളവും മരുന്നുമെല്ലാം ഏർപ്പാടാക്കുകയും ചെയ്തത്.
സ്കൂളിൽ പോകാനാകാതെ അലഞ്ഞുതിരിയുന്ന കുട്ടികൾക്കായി ഗ്രാമസഭയ്ക്ക് കീഴിലെ ഗ്രാമവിഭ്യാഭ്യാസകാര്യ കമ്മിറ്റി വ്യത്യസ്തമായ ഒരു പരിഹാരമാർഗം മുന്നോട്ടുവെച്ചു: "ഗ്രാമത്തിലെ അഭ്യസ്തവിദ്യനായ ഒരു യുവാവിനെ നിയമിച്ച് ഈ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ യുവാവിന് ശമ്പളമായി ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളും ദിവസേന ഓരോ കുട്ടിക്കും ഒരു രൂപവീതം നൽകുകയും ചെയ്തു," ക്രിസ്റ്റഫർ അസുർ വിവരിച്ചു.
"നേരത്തെയെല്ലാം, ഗ്രാമസഭ എന്ന പേരിൽ ബ്ലോക്ക് ഉദ്യോഗസ്ഥർ ഒരു രജിസ്റ്ററുമായി ഗ്രാമം സന്ദർശിക്കുകയും ഗ്രാമത്തിനായുള്ള പദ്ധതികളും ഗുണഭോക്താക്കളെയുമെല്ലാം തിരഞ്ഞെടുത്ത് രജിസ്റ്ററുമായി മടങ്ങുകയുമായിരുന്നു പതിവ്," ക്രിസ്റ്റഫർ പറയുന്നു. ഇതിനാൽ, അർഹരായ ഒട്ടേറെ പേർക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു.
എന്നാൽ ലുപുങ്പാട്ടിലെ ഗ്രാമസഭ ഇതിനെല്ലാം ഒരു മാറ്റം കൊണ്ടുവന്നിരിക്കുന്നു.
പരിഭാഷ: പ്രതിഭ ആര്. കെ .