ലക്ഷദ്വീപസമൂഹത്തിലെ ദ്വീപുകൾ കേരവൃക്ഷങ്ങളാൽ സമൃദ്ധമാണ്. തേങ്ങയിൽനിന്നുള്ള ചകിരി വേർതിരിച്ചെടുക്കുന്നതാണ് ഇവിടുത്തെ മുഖ്യവ്യവസായങ്ങളിലൊന്ന്.
മത്സ്യബന്ധനം, തെങ്ങുകൃഷി എന്നിവയോടൊപ്പം മുഖ്യമായ തൊഴിലാണ് കയറുപിരിക്കലും. തേങ്ങയിൽനിന്ന് ചകിരി വേർതിരിക്കുന്ന ഏഴ് യൂണിറ്റുകളും, ആറ് കയറുത്പാദനകേന്ദ്രങ്ങളും ഏഴ് കയർപിരി യൂണിറ്റുകളുമുണ്ട് ലക്ഷദ്വീപിൽ (2011-ലെ സെൻസസ് പ്രകാരം)
രാജ്യത്തെ ഈ മേഖലയിൽ ഏഴുലക്ഷത്തിനുമീതെ തൊഴിലാളികൾ പണിയെടുക്കുന്നു. അവരിൽ 80 ശതമാനവും സ്ത്രീകളാണ് . ചകിരി മടഞ്ഞ്, അതിൽനിന്ന് കയർ ഉത്പാദിപ്പിക്കുന്ന തൊഴിലിൽ ഏർപ്പെട്ടവർ. സാങ്കേതികവിദ്യയുടെ വികാസവും കായികാദ്ധ്വാനത്തിൽനിന്ന് യന്ത്രത്തിലേക്കുള്ള ചുവടുമാറ്റവുമുണ്ടായിട്ടും, കയർ ഉത്പന്നങ്ങളുടെ നിർമ്മാണം ഇപ്പോഴും വലിയ കായികാദ്ധ്വാനം ആവശ്യമായ തൊഴിലാണ്.
കവരത്തിയിലും ലക്ഷദ്വീപിലുമുള്ള കൊയർ പ്രൊഡക്ഷൻ കം ഡെമോൺസ്ട്രേഷൻ സെന്ററിൽ (കയറുത്പാദന, പ്രദർശനകേന്ദ്രം) 14 സ്ത്രീകളുടെ ഒരു സംഘം ആറ് യന്ത്രങ്ങളുപയോഗിച്ച് ചകിരി വേർതിരിച്ച് കയറുണ്ടാക്കുന്നു. തിങ്കൾമുതൽ ശനിവരെയുള്ള ദിവസങ്ങളിൽ ദിവസവും എട്ടുമണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഇവരുടെ പ്രതിമാസവരുമാനം 7,700 രൂപയ്ക്കടുത്താണ്. ഷിഫ്റ്റിന്റെ ആദ്യപകുതിയിൽ കയർ ഉത്പാദനവും രണ്ടാം പകുതിയിൽ യന്ത്രം വൃത്തിയാക്കലുമാണ് ഉൾപ്പെടുന്നതെന്ന് 50 വയസ്സായ ബി. റഹ്മത്ത് ബീഗം പറയുന്നു. കിലോഗ്രാമിന് 35 രൂപവെച്ചാണ് കയറുകൾ കേരളത്തിലെ കയർ ബോർഡിന് വിൽക്കുന്നത്.
ഈ ചകിരിമടയൽ, ചുരുട്ടൽ യന്ത്രയൂണിറ്റുകൾ വരുന്നതിനുമുൻപ്, ഈ തൊഴിൽ ചെയ്തിരുന്നത് പരമ്പരാഗതരീതിയിൽ മനുഷ്യാദ്ധ്വാനമുപയോഗിച്ചായിരുന്നു. കൈകൾ മാത്രം ഉപയോഗിച്ചാണ് തേങ്ങയിൽനിന്ന് ചകിരി വേർതിരിച്ചിരുന്നതും, അതിൽനിന്ന് നൂലുകളുണ്ടാക്കി, അവ പിരിച്ച് പായകളും, കയറുകളും വലകളും ഉണ്ടാക്കിയിരുന്നത്. “ഞങ്ങളുടെ മുതുമുത്തച്ഛന്മാരും മുത്തശ്ശികളും അതിരാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കവരത്തിയുടെ വടക്കുള്ള കടൽത്തീരത്ത് പോയി, തേങ്ങകൾ മണ്ണിൽ കുഴിച്ചിട്ടിരുന്നു. ഒരു മാസംവരെ”, ഫാത്തിമ പറയുന്നു.
“പിന്നീട് അവ മെതിച്ച് (വടിയുപയോഗിച്ച് തല്ലുന്ന ജോലി) ചകിരിയെടുത്ത് കയറുണ്ടാക്കും, ഇതുപോലെ..”, ആ രീതി കാണിച്ചുതന്നുകൊണ്ട് 38 വയസ്സുള്ള അവർ പറഞ്ഞു. “ഇന്ന് കയറുകൾക്ക് ഗുണനിലവാരമില്ല. ബലം കുറഞ്ഞവയാണ് അവ”, കവരത്തിയിലെ ഓൾ ഇന്ത്യാ റേഡിയോവിൽ വാർത്താവായനക്കാരിയായ അവർ കൂട്ടിച്ചേർത്തു.
കൈകൾകൊണ്ട് കയറുണ്ടാക്കിയിരുന്നത് ഓർത്തെടുക്കുകയാണ് ലക്ഷദ്വീപിലെ ബിത്ര ഗ്രാമത്തിലെ അബ്ദുൾ ഖാദർ. ഈ കയർ ഉപയോഗിച്ചാണ് തന്റെ ബോട്ട് കരയിൽ കെട്ടിനിർത്തിയിരുന്നതെന്ന് 63 വയസ്സുള്ള ആ മുക്കുവൻ പറയുന്നു. വായിക്കാം: ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ മഹാസങ്കടം
പരമ്പരാഗതരീതിയിലും ആധുനികരീതിയിലും ചകിരിയിൽനിന്ന് കയറുണ്ടാക്കുന്ന കവരത്തി കയറുത്പാദന കേന്ദ്രത്തിലെ അബ്ദുൾ ഖാദറിനെയും തൊഴിലാളികളെയും അനുഗമിക്കുകയാണ് ഈ വീഡിയോയിൽ.
പരിഭാഷ: രാജീവ് ചേലനാട്ട്