ഞാൻ ഒരു പെയിന്ററാണെന്ന് ഞാൻ കരുതുന്നില്ല . ഒരു പെയിന്ററിനുണ്ടായിരിക്കേണ്ട ഗുണങ്ങളൊന്നും എനിക്കില്ല . പക്ഷേ എന്റെ കൈയ്യിൽ കഥകളുണ്ട് . എന്റെ ബ്രഷുപയോഗിച്ച് കഥകളെഴുതാനാണ് ഞാൻ ശ്രമിക്കുന്നത് . എന്റെ വരകളൊക്കെ പൂർണ്ണമാണെന്ന് ഞാൻ അവകാശപ്പെടുന്നുമില്ല . ധാരാളം പെയിന്റർമാരുടെ കലാപ്രവർത്തനത്തെക്കുറിച്ച് ഞാൻ പഠിക്കാനും മനസ്സിലാക്കാനും തുടങ്ങിയത് , ഇക്കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങളായി മാത്രമാണ് . അതല്ലാതെ എനിക്കൊരു അറിവുമില്ല . ഒരു കഥ പറയാനാണ് ഞാൻ പെയിന്റ് ചെയ്തത് . കഥ ആവിഷ്കരിക്കാൻ സാധിച്ചാൽ എനിക്ക് സംതൃപ്തി കിട്ടുന്നു . ഒരു ആഖ്യാനം എഴുതുന്നതുപോലെയാണ് ഞാൻ പെയിന്റ് ചെയ്യുന്നത് ."

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയുടെ ഗ്രാമപ്രദേശത്തുള്ള ധുബുലിയയിലെ ഒരു കലാകാരിയാണ് ലബനി. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, ആ ഗ്രാമം ഒരു ആർമി ക്യാമ്പിന്റെ സ്റ്റേഷനായിരുന്നു. ഒരു വ്യോമമേഖലയുമുണ്ടായിരുന്നു അവിടെ. ബ്രിട്ടീഷുകാർ ക്യാമ്പ് സ്ഥാപിച്ചതിൽ‌പ്പിന്നെ, അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങൾക്ക് തങ്ങളുടെ കൃഷിസ്ഥലങ്ങൾ നഷ്ടപ്പെട്ടു. പിന്നീട്, വിഭജനകാലത്ത്, ഗ്രാമത്തിൽനിന്നുള്ള ധാരാളമാളുകൾ അതിർത്തിക്കപ്പുറത്തേക്ക് താമസം മാറ്റി. “എന്നാൽ ഞങ്ങൾ പോയില്ല. ഞങ്ങളുടെ മുതിർന്നവർക്ക് അത് ഇഷ്ടവുമായിരുന്നില്ല. ഞങ്ങളുടെ പൂർവ്വികരെ അടക്കിയ മണ്ണാണിത്. ഇവിടെ ജീവിച്ച് മരിക്കാനാണ് ഞങ്ങൾക്ക് ആഗ്രഹം.” ഭൂമിയുമായുള്ള ആ ബന്ധവും, അതിന്റെ പേരിൽ നടക്കുന്ന സംഭവങ്ങളുമൊക്കെയാണ് ഈ കലാകാരിയുടെ സംവേദനക്ഷമതയെ കുട്ടിക്കാലം‌തൊട്ട് രൂപപ്പെടുത്തിയത്

കുട്ടിയായിരുന്നപ്പോൾ, അച്ഛൻ അവളെ കുറച്ച് വർഷങ്ങൾ പതിവായി ഒരു ട്യൂട്ടറുടെയടുത്ത് കൊണ്ടുപോയിരുന്നു. പെയിന്റിംഗിൽ താത്പര്യം ജനിച്ചത് അങ്ങിനെയാണ്. പത്ത് സഹോദരങ്ങളിൽ, ലബനിയുടെ അച്ഛന് മാത്രമാണ് വിദ്യാഭ്യാസം ലഭിച്ചത്. ആ തലമുറയിൽ വിദ്യാഭ്യാസം സിദ്ധിച്ച ആദ്യത്തെ ആളായിരുന്നു അദ്ദേഹം. താഴേത്തട്ടിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ അദ്ദേഹം കൃഷിക്കാർക്കും തൊഴിലാളികൾക്കുംവേണ്ടി സഹകരണസ്ഥാപനങ്ങൾ തുടങ്ങിയെങ്കിലും, വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കിയില്ല. “എന്തെങ്കിലും പൈസ കൈയ്യിൽ വന്നാൽ അച്ഛൻ എനിക്ക് പുസ്തകം വാങ്ങിത്തരും. മോസ്കോ പ്രസ്സ് റാഡിഗ പബ്ലിഷേർസ് ബംഗാളി ഭാഷയിൽ പരിഭാഷപ്പെടുത്തിയ ധാരാളം ബാലസാഹിത്യങ്ങൾ ഞങ്ങളുടെ വീടുകളിൽ എത്തിയിരുന്നു. ആ പുസ്തകങ്ങളിലെ ചിത്രങ്ങൾ എനിക്കിഷ്ടമായിരുന്നു. ചിത്രംവരയോടുള്ള ആദ്യത്തെ പ്രചോദനം എനിക്ക് കിട്ടിയത് അവയിൽനിന്നാണ്,” ലബനി പറയുന്നു.

അച്ഛൻ തുടങ്ങിവെച്ച ആ ആദ്യകാല പരിശീലനം അധികകാലം നീണ്ടുനിന്നില്ല. എന്നാൽ, 2016-ൽ പെയിന്റിംഗിനോടുള്ള ഇഷ്ടം തിരിച്ചുവന്നു. ഭാഷ അവളെ കൈയ്യൊഴിയാൻ തുടങ്ങുമ്പോൾ. രാജ്യത്തിന്റെ നിസ്സംഗാവസ്ഥമൂലം ആൾക്കൂട്ടക്കൊല രാജ്യത്ത് വർദ്ധിക്കുന്ന കാലമായിരുന്നു അത്. ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഭൂരിപക്ഷ സമുദായം നിഷേധിക്കുകയും ചെയ്തിരുന്നു. കൊൽക്കൊത്തയിലെ ജാദവ്പുർ സർവകലാശാലയിൽ എം.ഫിൽ പഠനത്തിന്റെ അവസാനഘട്ടത്തിലെത്തിയ ലബനിയെ, രാജ്യത്തിന്റെ ഈ യാഥാർത്ഥ്യം എന്തെന്നില്ലാതെ അലോരസപ്പെടുത്തിയെങ്കിലും, അവൾക്ക് അതിനെക്കുറിച്ച് ഒന്നും എഴുതാൻ സാധിച്ചില്ല.

“ഒരു വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ആ കാലം‌വരെ എഴുതാൻ എനിക്ക് ഇഷ്ടമായിരുന്നു. ബംഗ്ല ഭാഷയിൽ ഏതാനും ചില ലേഖനങ്ങൾ ഞാൻ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ പെട്ടെന്ന്, ഭാഷ തികയാതെ വന്നു. എല്ലാറ്റിൽനിന്നും ഓടിയൊളിക്കാൻ ഞാൻ ആഗ്രഹിച്ചു. അപ്പോഴാണ് ഞാൻ പെയിന്റിംഗ് തുടങ്ങിയത്. കിട്ടുന്ന കടലാസ്സുകഷണങ്ങളിലെല്ലാം ഞാൻ സമുദ്രത്തിന്റെ വിവിധ ഭാവങ്ങൾ വാട്ടർ കളറിൽ വരയ്ക്കാൻ തുടങ്ങി. അക്കാലത്ത് (2016-17) ഞാൻ ഒന്നിനുപിന്നാലെ മറ്റൊന്നായി, സമുദ്രത്തെക്കുറിച്ചുള്ള ധാരാളം പെയിന്റിംഗുകൾ ചെയ്തു. കലങ്ങിമറിഞ്ഞൊരു ലോകത്തിൽ സമാധാനം കണ്ടെത്താനുള്ള എന്റെ ശ്രമമായിരുന്നു അത്

സ്വന്തം നിലയ്ക്ക് കലാകാരിയായി മാറിയ ആളാണ് ലബനി.

PHOTO • Labani Jangi
PHOTO • Labani Jangi

അച്ഛൻ പരിചയപ്പെടുത്തിയ ഒരു ട്യൂട്ടറിൽനിന്നാണ് കുട്ടിക്കാലംതൊട്ട് ലബനിക്ക് പെയിന്റിംഗിൽ പരിശീലനം കിട്ടിയതെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല

PHOTO • Labani Jangi
PHOTO • Labani Jangi

വർദ്ധിച്ചുവരുന്ന വർഗ്ഗീയവിദ്വേഷത്തിന്റെ പിടിയിൽ രാജ്യം അമരാൻ തുടങ്ങിയ 2016-നും 2017-നുമിടയിലാണ്, സ്വന്തമായി കല സ്വായത്തമാക്കിയ കലാകാരി വീണ്ടും പെയിന്റിംഗിലേക്ക് തിരിഞ്ഞത്. അകത്തും പുറത്തും നീറിക്കൊണ്ടിരിക്കുന്ന അസ്വസ്ഥതകളെ നേരിടാൻ 25 വയസ്സുള്ള ആ കലകാരിക്ക് ഈയൊരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളു

(2016-20) വർഷങ്ങളിലേക്കുള്ള യു.ജി.സി-മൌലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഫോർ മൈനോറിറ്റി സ്റ്റുഡന്റ്സ് ലഭിച്ചതിനുശേഷം, 2017-ൽ അവർ ജാദവ്പുർ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള സെന്റർ ഫോർ നാഷണൽ സയൻസസ്, കൽക്കട്ടയിൽ ഡോക്ടറൽ പ്രോഗ്രാമിന് ചേർന്നു. മുമ്പ് തുടങ്ങിവെച്ചിരുന്ന, കുടിയേറ്റത്തൊഴിലാളികളെക്കുറിച്ചുള്ള പഠനം തുടർന്നുവെങ്കിലും, ‘ദി ലൈവ്സ് ആൻഡ് വേൾഡ് ഓഫ് ബംഗാളി മൈഗ്രന്റ് ലേബർ’ (ബംഗാളി കുടിയേറ്റത്തൊഴിലാളിയുടെ ജീവിതവും ലോകവും) എന്ന കൂടുതൽ വിശാലമായ ഒരു പഠന പ്രൊജക്ടിലൂടെ ഇത്തവണ അവർ ആ തൊഴിലാളികളുടെ ജീവിതയാഥാർത്ഥ്യത്തിന്റെ ആഴങ്ങളിലേക്കിറങ്ങി

തന്റെ ഗ്രാമത്തിൽനിന്ന് കൂടുതൽക്കൂടുതൽ ആളുകൾ നിർമ്മാണജോലികൾക്കായി കേരളത്തിലേക്കും, ഹോട്ടൽ ജോലികൾക്കായി മുംബൈയിലേക്കും കുടിയേറുന്നത് ലബനി കണ്ടിരുന്നു. “എന്റെ അച്ഛന്റെ സഹോദരന്മാരും അവരുടെ കുടുംബത്തിലെ അംഗങ്ങളും – സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ - ബംഗാളിന് പുറത്ത് ഇപ്പൊഴും കുടിയേറ്റത്തൊഴിലാളികളായി ജോലി ചെയ്യുന്നു,” അവർ പറയുന്നു. ആ വിഷയം മനസ്സിനോട് ഏറ്റവുമടുത്ത് നിൽക്കുന്നതാണെങ്കിലും ധാരാളം ഫീൽഡ് വർക്കുകൾ ആവശ്യമുള്ള ഒന്നായിരുന്നു. “അപ്പോഴേക്കാണ് കോവിഡ് വന്നത്. ഏറ്റവുമധികം ദുരിതമനുഭവിച്ചത്, കുടിയേറ്റത്തൊഴിലാളികളാണ്. ഗവേഷണം തുടരാനുള്ള ആഗ്രഹംതന്നെ ഇല്ലാതായപോലെ തോന്നി എനിക്ക്. വീട്ടിൽ തിരിച്ചെത്താനും, ചികിത്സ കണ്ടെത്താനും, ശ്മശാനത്തിലും ശവപ്പറമ്പുകളിലും ഒരിടം കണ്ടെത്താൻ‌പോലും അവർ ബുദ്ധിമുട്ടുമ്പോൾ എങ്ങിനെയാണ് എന്റെ പഠനാവശ്യങ്ങൾക്കായി അവരുടെയടുത്ത് പോയി ചോദ്യങ്ങൾ ചോദിക്കുക? അവരുടെ സാഹചര്യങ്ങളെ മുതലെടുക്കാൻ എനിക്ക് തോന്നിയില്ല. എന്റെ ഫീൽഡ് വർക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്നതിനാൽ, പി.എച്ച്.ഡി നീണ്ടുനീണ്ടുപോയി

ഇത്തവണ ലബനി ബ്രഷ് വീണ്ടും കൈയ്യിലെടുത്തു. പീപ്പിൾസ് ആർക്കൈവ്സ് ഓഫ് റൂറൽ ഇന്ത്യ -യുടെ (പാരി) താളുകളിൽ ആ കുടിയേറ്റത്തൊഴിലാളികളുടെ ജീവിതം രേഖപ്പെടുത്താൻ. “സായ്നാഥിന്റെ ചില ലേഖനങ്ങൾ, ഗണശക്തി എന്ന ബംഗാളി ദിനപ്പത്രത്തിന്റെ എഡിറ്റോറിയൽ പേജുകളിൽ വരാറുണ്ടായിരുന്നു. അങ്ങിനെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നു. അപ്പോഴാണ് സ്മിതാ ദീദി എന്നോട്, ആദ്യം ഒരു ലേഖനത്തിലേക്കും, പിന്നീട് ഒരു കവിതയിലേക്കും ചിത്രങ്ങൾ വരച്ചുതരാൻ ആവശ്യപ്പെട്ടത്.” (സ്മിത ഖാടോർ, പാരിയുടെ മുഖ്യ പരിഭാഷാ എഡിറ്ററാണ്). 2020 മുഴുവൻ സമയവും ലബനി ജംഗി പാരിയിൽ ഫെല്ലോ ആയി ജോലി ചെയ്തു. തന്റെ ഗവേഷണത്തിൽ വരുന്ന ആളുകളുടെ മാത്രമല്ല, മഹാവ്യാധിയെ അതിജീവിക്കാൻ ശ്രമിക്കുന്ന കൃഷിക്കാരുടേയും ഗ്രാമീണ സ്ത്രീകളുടേയുമൊക്കെ ജീവിതത്തെ അവർ ബ്രഷിൽ ആവിഷ്കരിച്ചു.

ഗ്രാമീണജീവിതത്തിന്റെ അതിജീവനശക്തിയിലും, വ്യവസ്ഥാപരമായ വെല്ലുവിളികളിലുമാണ് പാരിയിലെ എന്റെ ജോലിക്കിടയിൽ ഞാൻ ശ്രദ്ധ പതിപ്പിക്കുന്നത്. ഈ ആഖ്യാനങ്ങളെ എന്റെ കലയുമായി കൂട്ടിയിണക്കുന്നതിലൂടെ, അവരുടെ ജീവിത സങ്കീർണ്ണതകളുമായി താദാത്മ്യമപ്പെടുന്ന ദൃശ്യാവിഷ്കാരങ്ങളാണ് ഞാൻ സൃഷ്ടിക്കുന്നത്. ഗ്രാമീണ ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവുമായ യാഥാർത്ഥ്യങ്ങളുടെ സമ്പന്നമായ വൈവിദ്ധ്യങ്ങളെ സംരക്ഷിക്കാനും പങ്കുവെക്കാനുമാണ് കല എന്ന എന്ന മാധ്യമത്തിലൂടെ ഞാൻ ശ്രമിക്കുന്നത്.”

PHOTO • Labani Jangi
PHOTO • Labani Jangi

കർഷകപ്രക്ഷോഭങ്ങളേയും മഹാവ്യാധികാലത്തെ കുടിയേറ്റ പ്രതിസന്ധികളേയും കുറിച്ച് പാരിക്കുവേണ്ടി അവർ ചെയ്ത കലാപ്രവർത്തനങ്ങൾ ഞങ്ങളുടെ റിപ്പോർട്ടുകൾക്ക് ഒരു അടിയന്തരസ്വഭാവവും കാഴ്ചപ്പാടും നൽകുകയുണ്ടായി

PHOTO • Labani Jangi
PHOTO • Labani Jangi

2020-ൽ, പാരി ഫെലോ എന്ന നിലയ്ക്ക്, തന്റെ ബ്രഷിൽനിന്നുള്ള ധീരമായ വരകളും നിറങ്ങളുംകൊണ്ട് ധാരാളം കഥകളെ ലബനി സമ്പന്നമാക്കിയിട്ടുണ്ട്

ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ലബനിക്ക് ബന്ധമില്ല. പക്ഷേ തന്റെ കലയെ രാഷ്ട്രീയമായിട്ടാണ് അവർ വീക്ഷിക്കുന്നത്. ‘ജാദവ്പുരിൽ പഠിക്കാൻ വന്നതിനുശേഷം ഞാൻ ധാരാളം പെയിന്റർമാരെ കണ്ടു. രാഷ്ട്രീയ പോസ്റ്ററുകളും. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള എന്റെ ചിത്രീകരണങ്ങൾ, അവയുമായുള്ള വിനിമയത്തിലൂടെയും, പിന്നെ, തീർച്ചയായും എന്റെ സംവേദനത്തിന്റേയും ഫലമായി ഉണ്ടായവയാണ്. വിദ്വേഷം സാധാരണവത്കരിക്കപ്പെടുകയും, ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള ആക്രമണങ്ങൾ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്ന മുസ്ലിം സ്ത്രീ എന്ന ദൈനംദിനാനുഭവങ്ങളിൽനിന്നാണ് അവരുടെ ആശയങ്ങൾ വരുന്നത്.

“നമ്മൾ, നമ്മുടെ കഴിവുകൾ, നൈപുണ്യം, കഠിനാദ്ധ്വാനം എന്നിവയേയൊന്നും അംഗീകരിക്കാൻ ഈ ലോകത്തിന് താത്പര്യമില്ല,” ലബനി പറയുന്നു. “ഇത്തരം മായ്ച്ചുകളയലിൽ നമ്മുടെ സ്വത്വത്തിന് വലിയ പങ്കുണ്ട്. ഇന്നും അത് അങ്ങിനെയാണ്. പല ആളുകളെയും സംബന്ധിച്ചിടത്തോളം, കലയ്ക്ക്, അതൊരു മുസ്ലിം സ്ത്രീയുടെ കലയാവുമ്പോൾ പ്രത്യേകിച്ചും, വേറിട്ടൊരു അസ്തിത്വമില്ല.” ഭാഗ്യമുണ്ടെങ്കിൽ, ശരിയായ ഒരു രക്ഷാധികാരിയെ കിട്ടുന്നതുവരെ. “അതിനൊരു ഇടം കൊടുക്കുകയോ, അതുമായി, വിമർശിക്കാനാണെങ്കിൽ‌പ്പോലും സംവദിക്കുകയോ ചെയ്യാറില്ല. അതുകൊണ്ടാണ് മായ്ച്ചുകളയൽ എന്ന് ഞാൻ പറഞ്ഞത്. കലയുടേയും സാഹിത്യത്തിന്റേയും അങ്ങിനെ പലതിന്റേയും ചരിത്രത്തിൽ ഈ പ്രക്രിയ പ്രത്യക്ഷപ്പെടുന്നുണ്ട്,” ലബനി പറയുന്നു. പക്ഷേ താൻ വരച്ച പെയിന്റിംഗുകൾ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പതിവായി ഇടാറുണ്ട് ലബനി.

അങ്ങിനെ, ഫേസ്ബുക്കിലൂടെയാണ്, ചട്ടോഗ്രാമിലെ ചിത്രഭാഷാ ആർട്ട് ഗ്യാലറി അവരുടെ രചനകളുമായി ബന്ധപ്പെട്ടതും, 2022 ഡിസംബറിൽ ആദ്യത്തെ സോളൊ പ്രദർശനം നടത്താൻ അവരെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചതും.

PHOTO • Courtesy: Labani Jangi
PHOTO • Courtesy: Labani Jangi

ചട്ടോഗ്രാമിലെ ചിത്രഭാഷാ ആർട്ട് ഗ്യാലറിയിൽ 2022-ൽ നടന്ന ലബനിയുടെ പെയിന്റിംഗുകളുടെ ഏകാംഗ പ്രദർശനം

PHOTO • Labani Jangi
PHOTO • Labani Jangi

സ്ത്രീകളായ ആത്മീയഗുരുക്കളെ ആദരിച്ചിരുന്ന പഴയ കാലത്തെ ദർഗ്ഗകൾ അപ്രത്യക്ഷമായിട്ടുണ്ടാവാമെങ്കിലും, സ്വന്തം അവകാശങ്ങൾക്കായി പൊരുതുന്ന സ്ത്രീകളിൽ ആ പഴയ ആത്മീയഗുരുക്കളുടെ ഊർജ്ജം മരിച്ചിട്ടില്ല. ലബനിയുടെ പെയിന്റിംഗുകളും അതുതന്നെയാണ് ചെയ്യുന്നത്

ബീബീർ ദർഗ എന്ന ആശയം ലബനിക്ക് കിട്ടിയത് കുട്ടിക്കാലത്താണ്. ബംഗ്ലാദേശിന്റെ വർത്തമാനകാല സാഹചര്യവും അതിന് സഹായിച്ചു. യാഥാസ്ഥിതിക ഇസ്ലാമിന്റെ ഉദയം വീണ്ടും അവിടെ കാണാൻ കഴിയുമെന്നാണ് ലബനിയുടെ അഭിപ്രായം. ആത്മീയഗുരുക്കളാ‍യ സ്ത്രീകളുടെ സ്മരണയ്ക്കായുള്ള ദർഗകളാണ് ബീബി കാ ദർഗ . “കുട്ടിക്കാലത്ത്, എന്റെ ഗ്രാമത്തിൽ, സ്ത്രീകൾക്കുള്ള രണ്ട് ദർഗകളുണ്ടായിരുന്നു.  സാംസ്കാരികമായ ചില ആചാരങ്ങളും പണ്ട് അവിടെ അനുഷ്ഠിച്ചിരുന്നു. എന്തെങ്കിലും ആഗ്രഹമോ ശപഥമോ എടുക്കാൻ നൂൽ കെട്ടുക, ആഗ്രഹം സഫലമായാൽ, ഒരുമിച്ചിരുന്ന് സദ്യയുണ്ണുക തുടങ്ങി, ആ സ്ഥലത്തിന് ചുറ്റുമായി, സാംസ്കാരികസമന്വയത്തിന്റെ ഒരു കൂട്ടം ആചാരങ്ങളുണ്ടായിരുന്നു.

“എന്നാൽ, അവയൊക്കെ എന്റെ കണ്മുന്നിൽ‌‌വെച്ച് അപ്രത്യക്ഷമായി. അതിന്റെ സ്ഥാനത്ത് പിന്നീട് ഒരു മക്തബ് (വായനശാല) വന്നു. യാഥാസ്ഥിതികരായ മുസ്ലിം ജനങ്ങൾക്ക് സൂഫികളുടെ ദർഗ യിലോ, മസറു കളിലോ (ശവകുടീരം) വിശ്വാസമില്ലായിരുന്നു. അവ പൊളിച്ചുകളഞ്ഞ്, അതിന്റെ സ്ഥാനത്ത് മസ്ജിദ് പണിയാനായിരുന്നു അവരുടെ ശ്രമം. ഇപ്പോഴും കുറച്ച് ദർഗ കൾ ബാക്കി നിൽക്കുന്നുണ്ടെങ്കിലും അതെല്ലാം പുരുഷന്മാരായ ആത്മീയഗുരുക്കന്മാരുടെ മാത്രമാണ്. ബീബി ദർഗ കളെല്ലാം ഇല്ലാതായി, ഞങ്ങളുടെ സാംസ്കാരികമായ ഓർമ്മകളിൽനിന്ന് അവയുടെ പേരുപോലും മായ്ച്ചുകളഞ്ഞു.”

ഇത്തരം നശീകരണങ്ങളുടെ രീതി വ്യാപകമാണെങ്കിലും, മറ്റൊരു സമാന്തര രീതികൂടി കാണാനാവുമെന്ന് ലബനി ചൂണ്ടിക്കാട്ടുന്നു. ഓർമ്മകളെ അത്തരത്തിൽ ആസൂത്രിതമായും അക്രമാസക്തമായും ഇല്ലാതാക്കുന്നതിനെതിരേ പൊരുതുന്ന ഒരു ആശയധാര. “ബംഗ്ലാദേശിലെ കലാപ്രദർശനത്തിനുള്ള സമയമായപ്പോൾ, മസറു കൾ തകർത്തതിനെക്കുറിച്ചുള്ള ആലോചനയോടൊപ്പംതന്നെ, ത`ങ്ങളുടെ നഷ്ടപ്പെട്ട ഭൂമിയും അവകാശങ്ങളും തിരിച്ചുപിടിക്കാൻ ഇന്നും പൊരുതിക്കൊണ്ടിരിക്കുന്ന സ്ത്രീകളുടെ കീഴടക്കാനാവാത്ത ചെറുത്തുനിൽ‌പ്പുകളെക്കുറിച്ചും എനിക്ക് ചിന്തിക്കാതിരിക്കാനായില്ല. മസറു കൾ എന്ന നിർമ്മിതികൾ നശിപ്പിച്ചിട്ടും, അവ നൽകുന്ന ഊർജ്ജമാണ് സ്ത്രീകളുടെ ആ ചെറുത്തുനിൽ‌പ്പുകളുടെ ആണിവേര്.

ജനങ്ങളുടെ ശബ്ദത്തെ ഉച്ചത്തിലാക്കുകയും, നിരവധി കവിതകൾക്കും ലേഖനങ്ങൾക്കും പുസ്തകങ്ങൾക്കും പുതുജീവൻ നൽകുകയും ചെയ്തു, ലബനിയുടെ പെയിന്റിംഗുകൾ. “കലാകാരന്മാരായാലും എഴുത്തുകാരായാലും ശരി, നമ്മളെല്ലാം പരസ്പരബന്ധിതരാണ്. ഷഹീറിനെ, താൻ ഭാവനയിൽ കണ്ടതുപോലെത്തന്നെ ഞാൻ പെയിന്റ് ചെയ്തിരിക്കുന്നുവെന്ന് കേശവ് ഭാവു ( അംബേദ്ക്കറിൽനിന്ന് പ്രചോദിതനായി സാൽ‌വേയുടെ വിമോചനഗാനം ) പറഞ്ഞത് ഞാൻ ഓർക്കുന്നു. എനിക്കതിൽ അത്ഭുതവുമില്ല. കാരണം, ഒരേ ഭാവനയും സംഘസ്മരണകളും, പൊതുവായ കഥകളുടെ ആത്മാവും പങ്കിടുന്നവരാണ് ഞങ്ങൾ. ഞങ്ങളുടെ വ്യക്തിപരവും, സാമൂഹികവും സാംസ്കാരികവുമായ സ്വത്വങ്ങൾ എത്രതന്നെ വിഭിന്നമാണെങ്കിലും,” ലബനി പറയുന്നു.

PHOTO • Courtesy: Labani Jangi
PHOTO • Courtesy: Labani Jangi
PHOTO • Courtesy: Labani Jangi
PHOTO • Courtesy: Labani Jangi

ഇന്ത്യയ്ക്കകത്തും പുറത്തും പ്രസിദ്ധീകരിക്കപ്പെട്ട സർഗ്ഗാത്മകവും അക്കാദമികവുമായ തലങ്ങളിലുള്ള പല പുസ്തകങ്ങളുടേയും കവർച്ചിത്രങ്ങളിൽ ലബനിയുടെ പെയിന്റിംഗുകൾ ഇടം കണ്ടെത്തിയിട്ടുണ്ട്

PHOTO • Courtesy: Labani Jangi
PHOTO • Labani Jangi

ഇടത്ത്: 2024 മാർച്ചിൽ അഹമ്മദാബാദിലെ ഗാന്ധിനഗർ ഐ.ഐ.ടി സംഘടിപ്പിച്ച കോമിക്സ് കോൺക്ലേവ് 2.0-ൽ ലബനി തന്റെ ചിത്രങ്ങൾ അവതരിപ്പിച്ചു. വലത്ത്: 2022 ഓഗസ്റ്റിൽ, മല്ലികാ സാരഭായ് ക്യൂറേറ്റ് ചെയ്ത തിയറ്റർ ഫ്രം ദി സ്ട്രീറ്റ്സ് എന്ന ഒരു പ്രൊജക്ടിൽ, ഇന്ത്യ, വെനസ്വേല, ഫലസ്തീൻ, ലബനോൺ തുടങ്ങിയ രാജ്യങ്ങളിലെ കവികൾക്കും കലാകാരന്മാർക്കുമൊപ്പം ലബനിയും തന്റെ കലാസൃഷ്ടികൾ അവതരിപ്പിച്ചു

ലബനിയുടെ പെയിന്റിംഗുകളിലെ കടുത്ത നിറങ്ങൾ, ചടുലമായ വരകൾ, മനുഷ്യജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം എന്നിവ, സാംസ്കാരികമായ ഏകശിലാത്മകത്വത്തിനെതിരെയുള്ള ചെറുത്തുനിൽ‌പ്പുകളുടേയും സംഘസ്മരണകളുടേയും, സ്വത്വങ്ങളുടേയും സംസ്കാരങ്ങളുടേയും, ശിഥിലീകരണങ്ങൾക്കിടയിൽ പാലങ്ങൾ തീർക്കുന്നതിന്റേയും കഥ പറയുന്നവയാണ്. “ഒരു ഉട്ടോപ്യയുടെ അടിയന്തിരമായ ആവശ്യമാണ് എനിക്ക് പ്രചോദനം തരുന്നതെന്നാണ് ഞാൻ ഊഹിക്കുന്നത്. നമുക്ക് ചുറ്റും പരക്കുന്ന ഹിംസയോടുള്ള പ്രതികരണമെന്ന നിലയിൽ, പുതിയൊരു സമൂഹത്തെക്കുറിച്ച് സ്വപ്നം കാണേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയമായ സംവാ‍ദങ്ങൾ പലപ്പോഴും നശീകരണവുമായി താദാത്മ്യപ്പെടുന്ന ഒരു ലോകത്ത്, എന്റെ പെയിന്റിംഗുകൾ, മൃദുവെങ്കിലും, പ്രതിഷേധത്തിനും അതിജീവനത്തിനും കഴിവുള്ള ഭാഷയായി മാറുന്നു,” ലബനി പറയുന്നു.

ജീവിതത്തിലെ ആദ്യത്തെ 10 വർഷം അമ്മൂമ്മയോടൊപ്പം ചിലവഴിച്ചപ്പോൾ ലബനിക്ക് കിട്ടിയ ഭാഷയാണത്. “ഞങ്ങളെ രണ്ടുപേരേയും - എന്റെ സഹോദരനേയും എന്നെയും – നോക്കിവളർത്താൻ അമ്മയ്ക്ക് ബുദ്ധിമുട്ട് തോന്നി. വീട് വളരെ ചെറുതായിരുന്നതുകൊണ്ട് അമ്മ എന്നെ അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) വീട്ടിലേക്കയച്ചു. അവിടെ അമ്മയുടെ സഹോദരിയുമുണ്ടായിരുന്നു. ഒരു ദശകക്കാലം എന്നെ നോക്കിയത് അവരാണ്. അവിടെ വീടിനടുത്ത് ഒരു കുളമുണ്ടായിരുന്നു. എല്ലാ ഉച്ചയ്ക്കും അവിടെയിരുന്നാണ് ഞങ്ങൾ തുന്നൽ‌പ്പണി ചെയ്തിരുന്നത്. ഒരു പ്രത്യേക സ്റ്റിച്ചിംഗിലൂടെ, സങ്കീർണ്ണമായ കഥകൾ സൂചിത്തുമ്പുപയോഗിച്ച് അമ്മൂമ്മ ചെയ്യാറുണ്ടായിരുന്നു. ലളിതമായ വരകളിലൂടെ സങ്കീർണ്ണമായ കഥകൾ പറയുന്ന വിദ്യ ലബനി പഠിച്ചത് അവരുടെ അമ്മൂമ്മയിൽനിന്നാണ്. എന്നാൽ നിരാശയ്ക്കും പ്രതീക്ഷയ്ക്കുമിടയിലുള്ള സ്ഥലത്ത് പാർക്കുന്ന വിദ്യ പഠിച്ചതാകട്ടെ, സ്വന്തം അമ്മയിൽനിന്നും.

PHOTO • Courtesy: Labani Jangi
PHOTO • Courtesy: Labani Jangi

ഇടത്ത്: അബ്ബയും (അച്ഛൻ) മായുമാണ് (അമ്മ) ലബനിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ. ലബനിയുടെ പോരാട്ടവീര്യത്തിന് രൂപം കൊടുത്തത് അവരാണ്. വലത്ത്: കലാകാരിയുടെ അമ്മൂമ്മ (അമ്മയുടെ അമ്മ). ജീവിതത്തിന്റെ ആദ്യത്തെ പത്തുവർഷം അവരോടൊപ്പം ജീവിച്ചപ്പോഴാണ്, കാന്താ ജോലിയും (തുന്നൽ‌പ്പണി), കഥ പറച്ചിലുമടക്കം പലതും ലബനി സ്വായത്തമാക്കിയത്

PHOTO • Courtesy: Labani Jangi
PHOTO • Courtesy: Labani Jangi

ഇടത്ത്: ഉത്തർ പ്രദേശിലെ ഗിരിരാജ്പുർ ഗ്രാമത്തിൽ ഖന്ദേര ആർട്ട് സ്പേസ് എന്ന പേരിൽ, കുട്ടികൾക്കും യുവജനങ്ങൾക്കുംവേണ്ടി ലബനിയും മറ്റ് ചില കലാകാരന്മാരും ചേർന്ന് ഒരു കമ്മ്യൂണിറ്റി ആർട്ട് സംരംഭം തുടങ്ങിയിട്ടുണ്ട്. വലത്ത്: പഞ്ജേരി ആർട്ടിസ്റ്റ്സ് യൂണിയൻ അംഗമാണ് അവർ

“ചെറുപ്പത്തിൽ ഞാൻ പരീക്ഷകളിൽ വളരെ മോശം പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. കണക്കിലും ചിലപ്പോൾ സയൻസിലും എനിക്ക് പൂജ്യം കിട്ടാറുണ്ടായിരുന്നു. അപ്പോഴൊക്കെ അമ്മ എന്നിൽ വിശ്വാസമർപ്പിച്ചിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അച്ഛന് എന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നിട്ടും. അടുത്ത തവണ എനിക്ക് നന്നായി ചെയ്യാൻ കഴിയുമെന്ന് അമ്മ എപ്പോഴും ആശ്വസിപ്പിക്കുമായിരുന്നു. അവരില്ലായിരുന്നെങ്കിൽ ഞാനിതുവരെ എത്തില്ലായിരുന്നു. ആഗ്രഹമുണ്ടായിരുന്നിട്ടും സ്കൂളിൽ പോകാൻ കഴിയാതിരുന്നയാളാണ് എന്റെ അമ്മ. വിവാഹം കഴിച്ച് അയയ്ക്കപ്പെട്ടു. അതുകൊണ്ട് എന്നിലൂടെയാണ് അവർ അവരുടെ ജീവിതം ജീവിച്ചുതീർക്കുന്നത്. കൊൽക്കൊത്തയിൽനിന്ന് ഞാൻ വരുമ്പോൾ അവർ എന്റെയടുത്ത് വന്നിരുന്ന്, വളരെ താത്പര്യത്തോടെ പുറം‌ലോകത്തെ കഥകളൊക്കെ കേട്ട് മനസ്സിലാക്കും. ആ ലോകത്തെ എന്റെ കണ്ണുകളിലൂടെയാണ് അവർ കാണുന്നത്.”

എന്നാൽ ഭയപ്പെടുത്തുന്ന ഒരു സ്ഥലമാണ് ലോകം. കലയുടെ വാണിജ്യവത്ക്കരിക്കപ്പെട്ട ലോകം‌പോലും. “എന്റെ വൈകാരികമായ സത്ത നഷ്ടപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു. വലിയൊരു കലാകാരിയാവാനുള്ള ആഗ്രഹത്തിൽ, വൈകാരികമായ ഒരു സ്ഥാനചലനമോ എന്റെ ആളുകളിൽനിന്നും, എന്റെ കലയുടെ മൂല്യങ്ങളിൽനിന്നും അകലാനോ എനിക്കിഷ്ടമല്ല. ഇപ്പോഴും ഞാൻ, പണം, സമയം എന്നിവയ്ക്കായി ബുദ്ധിമുട്ടാറുണ്ട്. എന്നാൽ, ആത്മാവ് പണയപ്പെടുത്താതെ ഈ ലോകത്ത് നിലനിൽക്കുന്നതിനുവേണ്ടിയാണ് ഞാനേറ്റവുമധികം പോരാടുന്നത്.”

PHOTO • Courtesy: Labani Jangi
PHOTO • Labani Jangi
PHOTO • Labani Jangi

പഞ്ജേരി ആർട്ടിസ്റ്റ്സ് യൂണിയന്റെ അംഗമെന്ന നിലയിൽ സാംസ്കാരികവും ബൌദ്ധികവുമായ സംവാദങ്ങളുടെ സഹകരണത്തിൽ ആഴത്തിൽ ഇടപെടുന്ന ലബനി ഇന്ത്യയിൽ പലയിടത്തായി നാല് ഗ്രൂപ്പ് എക്സ്ബിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്

PHOTO • Ritayan Mukherjee

തന്റെ ഏറ്റവും വലിയ പോരാട്ടം, ‘ആത്മാവിനെ കമ്പോളത്തിൽ വിൽക്കാൻ ഇടവരാതെ ഈ ലോകത്ത് പിടിച്ചുനിൽക്കാ’നുള്ളതാണെന്ന് പറയുന്നു, നിരവധി പുരസ്കാരങ്ങൾ കിട്ടിയ ഈ കലാകാരി

കവർ ചിത്രം: ജയന്തി ബുരുഡ
പരിഭാഷ: രാജീവ് ചേലനാട്ട്

Pratishtha Pandya

प्रतिष्ठा पांड्या, पारी में बतौर वरिष्ठ संपादक कार्यरत हैं, और पारी के रचनात्मक लेखन अनुभाग का नेतृत्व करती हैं. वह पारी’भाषा टीम की सदस्य हैं और गुजराती में कहानियों का अनुवाद व संपादन करती हैं. प्रतिष्ठा गुजराती और अंग्रेज़ी भाषा की कवि भी हैं.

की अन्य स्टोरी Pratishtha Pandya
Editor : P. Sainath

पी. साईनाथ, पीपल्स ऑर्काइव ऑफ़ रूरल इंडिया के संस्थापक संपादक हैं. वह दशकों से ग्रामीण भारत की समस्याओं की रिपोर्टिंग करते रहे हैं और उन्होंने ‘एवरीबडी लव्स अ गुड ड्रॉट’ तथा 'द लास्ट हीरोज़: फ़ुट सोल्ज़र्स ऑफ़ इंडियन फ़्रीडम' नामक किताबें भी लिखी हैं.

की अन्य स्टोरी पी. साईनाथ
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat