ധനികനോ ദരിദ്രനോ, യുവാവോ വൃദ്ധനോ ആയിക്കൊള്ളട്ടെ, മഹാരാജാവിന്റെ പാദം വണങ്ങണമെങ്കിൽ ആദ്യം സ്വന്തം ചെരിപ്പഴിച്ചുവെക്കണം. എന്നാൽ ഒരു ചെറുപ്പക്കാരൻ, വണങ്ങാൻ വിസമ്മതിച്ച്, നിവർന്നുനിന്ന് മഹാരാജാവിന്റെ കണ്ണുകളിലേക്ക് തറപ്പിച്ചുനോക്കി. വിമതസ്വരങ്ങളെ നിർദ്ദയമായി അടിച്ചൊതുക്കുന്ന ചരിത്രമുള്ള മഹാരാജാവിനോടുള്ള ഈ ധിക്കാരം, പഞ്ചാബിലെ ജോഗ ഗ്രാമത്തിലെ മുതിർന്നവരെ ഭയപ്പെടുത്തുകയും, മർദ്ദക ഭരണാധികാരിയെ ക്രുദ്ധനാക്കുകയും ചെയ്തു.
ആ ചെറുപ്പക്കാരന്റെ പേർ ജഗീർ സിംഗ് ജോഗ എന്നായിരുന്നു. ബോളിവുഡിലെ പ്രശസ്തനടിയും ഇപ്പോൾ മണ്ഡിയിലെ എം.പി.യുമായ കങ്കണ റണാവത്തിനെ സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ കുൽവിന്ദർ കൌർ തല്ലുന്നതിനും ഒമ്പത് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ഈ സംഭവം. പട്യാലയിലെ മഹാരാജ ഭൂപിന്ദർ സിംഗിനെതിരെയായിരുന്നു ജോഗിയുടെ ആ നിവർന്നുനിൽപ്പ്. പാവപ്പെട്ട കൃഷിക്കാരുടെ ഭൂമി കൊള്ളയടിച്ചിരുന്ന കവർച്ചക്കാരായ ജന്മിമാരെ സംരക്ഷിച്ചിരുന്നവനായിരുന്നു ആ മഹാരാജ്. 1930-ലാണ് സംഭവം. അതിന് തൊട്ടുപിന്നാലെ നടന്ന കാര്യങ്ങൾ നാടൻപാട്ടുകളായി, എന്നാൽ പരിശോധിക്കാവുന്ന ചരിത്രമായി നഷ്ടമാവുകയും ചെയ്തു. എന്നാൽ, വീണ്ടും പോരടിക്കുന്നതിനായി ജോഗ ബാക്കിയായി.
ഒരു പതിറ്റാണ്ടിനുശേഷം ജോഗയും ലാൽ പാർട്ടിയിലെ സഖാക്കളും ചേർന്ന് ഐതിഹാസികമായ ഒരു സമരം നടത്തി, കിഷൻഗറിലെ (ഇപ്പോൾ സംഗ്രൂർ ജില്ല) 784 ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കൃഷിയിടങ്ങൾ, ഭൂപിന്ദറിന്റെ മകന്റെ കൈയ്യിൽനിന്ന് പിടിച്ചെടുത്ത്, ഭൂരഹിതർക്ക് വിതരണം ചെയ്തു. ആ ഭൂപിന്ദറിന്റെ ചെറുമകനാണ് പഞ്ചാബിലെ മുൻ മുഖ്യമന്ത്രിയും, പട്യാലയിലെ മുൻ രാജകുടുംബാംഗവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്.
ആ ഭൂസമരവും മറ്റ് പ്രക്ഷോഭങ്ങളും നടത്തിയതിന് നഭ ജയിലിലായിരുന്ന ജോഗയെ 1954-ൽ ജനങ്ങൾ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. അപ്പോഴും അദ്ദേഹത്തിന്റെ പേരിൽ കേസുണ്ടായിരുന്നുവെങ്കിലും. തീർന്നില്ല, വീണ്ടും 1962-ലും, 1967-ലും, 1972-ലും അദ്ദേഹം എം.എൽ.എ.യായി വിജയിക്കുകയും ചെയ്തു.
“പഞ്ചാബിന്റെ അന്തരീക്ഷത്തിൽ എപ്പോഴും പ്രതിഷേധങ്ങൾ ഉയരാറുണ്ട്. പഞ്ചാബിലെ വ്യക്തിഗതവും തനിയെ പൊട്ടിപ്പുറപ്പെടുന്നതുമായ പ്രതിഷേധസമരങ്ങളിലെ ഏറ്റവും പുതിയ സംഭവമാണ് കുൽവിന്ദർ കൌറിന്റേത്. അത് ജോഗയിൽ തുടങ്ങിയതോ കുൽവിന്ദറിൽ അവസാനിക്കുന്നതോ ആയ ഒന്നല്ല,” ജോഗയുടെ ജീവചരിത്രകാരനായ ജഗ്തർ സിംഗ് പറയുന്നു. ഇങ്കുലാബി യോദ്ധ: ജഗീർ സിംഗ് ജോഗ (വിപ്ലവസേനാനി: ജഗീർ സിംഗ് ജോഗ) എന്ന പുസ്തകത്തിന്റെ രചയിതാവാണ് വിരമിച്ച കൊളേജ് അദ്ധ്യാപകനായ ജഗ്തർ സിംഗ്.
എടുത്തുപറയാൻതക്ക പശ്ചാത്തലമൊന്നുമില്ലാത്ത സാധാരണക്കാരായ പൌരന്മാരിൽനിന്നാണ് ഇത്തരം വ്യക്തിഗതവും, തനിയെ പൊട്ടിപ്പുറപ്പെടുന്നതുമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടുള്ളത്. കപൂർത്തല ജില്ലയിലെ മഹിവാൽ ഗ്രാമത്തിലെ ഒരു ചെറുകിട കർഷക കുടുംബത്തിൽനിന്നാണ് കുൽവിന്ദർ കൌർ എന്ന സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ വരുന്നത്. അവരുടെ അമ്മ വീർ കൌർ ഇപ്പൊഴും ഒരു കർഷകയാണ്. അവരെയാണ് കങ്കണ റണാവത്ത് പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തതെന്നാണ് കുൽവിന്ദറിന് അനുഭവപ്പെട്ടത്.
ജോഗയ്ക്ക് മുമ്പ്, പ്രേംദത്ത വർമ്മ നടത്തിയ പ്രതിഷേധവും ചരിത്രത്തിലുണ്ട്. ഭഗത്‌സിംഗിനും സഖാക്കൾക്കുമെതിരേ ചുമത്തിയ ലാഹോർ ഗൂഢാലോചനക്കേസിന്റെ വാദം കോടതിയിൽ നടക്കുമ്പോൾ, ആദ്യം ഒരു സഖാവും പിന്നീട് കൂറുമാറി മാപ്പുസാക്ഷിയുമായ ജയ്‌ഗോപാലിനുനേരെ ചെരിപ്പെറിഞ്ഞായിരുന്നു ആ പ്രതിഷേധം. “മുൻകൂട്ടി തീരുമാനിച്ചതായിരുന്നില്ല. പെട്ടെന്നുണ്ടായ ഒരു പ്രതിഷേധമായിരുന്നു അത്. കേസ് വിസ്താരത്തിന്റെ സമയത്ത്, അദ്ദേഹത്തിനും സുഹൃത്തുക്കൾക്കും കഠിനമായ പീഡനം സഹിക്കേണ്ടിവന്നു,” എന്ന് ഭഗത്‌സിംഗ് റീഡർ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ പ്രൊഫ. ചമൻ ലാൽ പറയുന്നു.
കുറ്റവിചാരണ എന്ന പേരിൽ നടന്ന പ്രഹസനത്തിനുശേഷം, ഭഗത്‌സിംഗിനേയും രണ്ട് സഖാക്കളേയും 1931 മാർച്ച് 23-ന് തൂക്കിക്കൊന്നു. (അന്ന്, പ്രായത്തിൽ ഏറ്റവും ഇളയതായിരുന്ന വർമ്മയ്ക്ക് അഞ്ചുവർഷത്തെ തടവാണ് കിട്ടിയത്). കൃത്യം ഒരു വർഷം കഴിഞ്ഞ്, അവരുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാംവാർഷികത്തിൽ, കണ്ടാൽ വെടിവെക്കുമെന്ന പൊലീസിന്റെ ഭീഷണിയെ വകവെക്കാതെ, 16 വയസ്സുള്ള ഹർകിഷൻ സിംഗ് സുർജീത് ഹോഷിയാർപുർ ജില്ലാ കോടതിയുടെ മുകളിലുള്ള ബ്രീട്ടീഷ് പതാക ചീന്തിയെറിഞ്ഞ്, പകരം, ത്രിവർണ്ണപതാക നാട്ടി.
“യൂണിയൻ ജാക്കിനെ താഴ്ത്താനുള്ള ആഹ്വാനം നടത്തിയത് യഥാർത്ഥത്തിൽ കോൺഗ്രസ് പാർട്ടിയായിരുന്നുവെങ്കിലും, സുർജീറ്റ്ഗ് സ്വന്തം നിലയ്ക്ക് അത് ചെയ്തപ്പോൾ പാർട്ടി പിന്മാറാൻ തുടങ്ങി. ബാക്കിയൊക്കെ ചരിത്രമാണ്,” അജ്മീർ സിധു പാരിയോട് പറഞ്ഞു. നിരവധി ദശകങ്ങൾക്കുശേഷം ഓർമ്മയുടെ ഇടനാഴിയിലൂടെ യാത്ര ചെയ്യുമ്പോൾ സുർജീത് പറയുന്നു, “അന്ന് ഞാൻ ചെയ്ത കാര്യമോർത്ത് ഇന്നും ഞാൻ അഭിമാനിക്കുന്നു.” പതാക പാറിച്ച് ആറ് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ--യുടെ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറിയായിക്കഴിഞ്ഞിരുന്നു.
1932-ലെ പതാകയുയർത്തൽ കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കുള്ളിൽ മറ്റൊരു സംഭവമുണ്ടായി. സുർജീത്തിന്റെ സഖാവായിരുന്ന – സുർജിത്തിനേക്കാൾ ചെറുപ്പമായിരുന്നു അയാൾക്കന്ന് - ഭഗത് സിംഗ് ഝുഗ്ഗിയാൻ മറ്റൊരു നാടകീയമായ പ്രതിഷേധം പ്രകടിപ്പിച്ചു. 11 വയസ്സുള്ള കുട്ടിയായിരുന്നു അയാൾ. 3-ആം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയപ്പോഴാണ് സംഭവം. സദസ്സിൽവെച്ച് വിദ്യാഭ്യാസ വകുപ്പ് പുരസ്കാരങ്ങൾ നൽകുമ്പോൾ, ‘ബ്രിട്ടാനിയ സിന്ദാബാദ്, ഹിറ്റ്ലർ മൂർദ്ദാബാദ്’ എന്ന് വിളിക്കാ അധികാരികൾ ആ കുട്ടിയോട് ആവശ്യപ്പെട്ടു. ഝുഗ്ഗിയാൻ സദസ്സിനുനേരെ തിരിഞ്ഞ്, ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. “ബ്രിട്ടാനിയ മൂർദ്ദാബാദ്, ഹിന്ദുസ്ഥാൻ സിന്ദാബാദ്.”
അവനെ തല്ലിച്ചതച്ച്, സ്കൂളിൽനിന്ന് പുറത്താക്കി. പിന്നെയൊരിക്കലും അവൻ ആ പടി കയറിയില്ല. എന്നാൽ തന്റെ ജീവിതാവസാനംവരെ, ആ പ്രവൃത്തിയിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. ആ കഥ ഇവിടെ വായിക്കാം. മരിക്കുന്നതിന് ഏകദേശം ഒരുവർഷം മുമ്പ്, 2022-ൽ, തന്റെ 95-ആം വയസ്സിൽ അദ്ദേഹം പാരിയുടെ സ്ഥാപക-പത്രാധിപർ പി.സായ്നാഥുമായി സംസാരിക്കുകയാണ് അതിൽ.
മൊഹാലിയിൽവെച്ച് കുൽവിന്ദറിനെ കണ്ടതിനുശേഷം സഹോദരൻ ഷെർ സിംഗ് മഹിവാൾ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഇതേ വികാരമായിരുന്നു പ്രതിദ്ധ്വനിച്ചത്. സ്വന്തമായി ആറേക്കർ ഭൂമിയുള്ള ആളാണ് ഷെർ സിംഗ് മഹിവാൾ. “അവളോ ഞങ്ങളോ, ആ പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നില്ല. അതുകൊണ്ട് മാപ്പ് പറയുന്ന പ്രശ്നമുദിക്കുന്നില്ല,” അയാൾ പറഞ്ഞു.
സമാനമായ രീതിയിലുള്ള വ്യക്തിഗത പ്രതിഷേധങ്ങളാൽ നിറഞ്ഞതാണ് പഞ്ചാബിന്റെ സമീപ ഭൂതകാലം. കർഷക ആത്മഹത്യകളും, ലഹരിയടിമത്തവും, വ്യാപകമായ തൊഴിലില്ലായ്മയും മൂലം പഞ്ചാബിന്റെ പരുത്തിമേഖല 2014-ൽ അത്യധികം കലുഷിതമായിരുന്നു. എവിടെനിന്നും ഒരു സഹായവും വരാത്തതിൽ നിരാശനായ വിക്രം സിംഗ് ധനൌല, തന്റെ ഗ്രാമത്തിൽനിന്ന് 100 കിലോമീറ്റർ സഞ്ചരിച്ച് ഖന്ന ടൌണിലേക്ക് യാത്ര ചെയ്തു. അവിടെയായിരുന്നു, 2014 ഓഗസ്റ്റ് 15-ന് അന്നത്തെ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ ത്രിവർണ്ണപതാക ഉയർത്താൻ തീരുമാനിച്ചിരുന്നത്.
ബാദൽ സംസാരിക്കാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് ധനൌല അദ്ദേഹത്തിനുനേരെ ചെരിപ്പെറിഞ്ഞത്. “അയാളുടെ മുഖത്തേക്ക് കൃത്യമായി എറിയാൻ അറിയാത്തതുകൊണ്ടല്ല വേദിയിലേക്ക് എറിഞ്ഞത്. വ്യാജവിത്തുകളും രാസവളങ്ങളും മൂലം കൃഷി നശിച്ച് ആത്മഹത്യ ചെയ്ത കർഷകരുടേയും തൊഴിലില്ലാത്ത ചെറുപ്പക്കാരുടേയും ശബ്ദം കേൾക്കാൻ അദ്ദേഹത്തിന്റെ കാത് തുറപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് എനിക്കുണ്ടായിരുന്നത്.”
ബർണാല ജില്ലയിലെ ധനൌല ഗ്രാമത്തിൽ ഇപ്പൊഴും താമസിക്കുന്ന ധനൌല 26 ദിവസമാണ് അന്ന് ജയിലിൽ കഴിഞ്ഞത്. അന്ന് ചെയ്തതിൽ എന്തെങ്കിലും കുറ്റബോധം തോന്നുന്നുണ്ടോ? “പ്രതീക്ഷയ്ക്ക് ഒരു വകയുമില്ലാതിരിക്കുമ്പോഴാണ് ഇന്ന് കുൽവിന്ദർ കൌർ ചെയ്തതുപോലെയോ, പത്തുവർഷം മുമ്പ് ഞാൻ ചെയ്തതുപോലെയോ ഒക്കെ ഒരാൾ പ്രവർത്തിക്കുന്നത്,” അദ്ദേഹം പാരിയോട് പറഞ്ഞു. ബ്രിട്ടീഷ് രാജ് മുതൽ ഇന്നത്തെ ബി.ജെ.പി.സർക്കാരിന്റെ കാലംവരെ, എല്ലാക്കാലത്തും, ഒറ്റപ്പെട്ട പ്രതിഷേധസ്വരങ്ങൾ, വിവിധ പ്രതിദ്ധ്വനികളുള്ളതും, നിശ്ചയദാർഢ്യം സ്ഫുരിക്കുന്നതും, വരുംവരായ്കകളെക്കുറിച്ച് ആശങ്കപ്പെടാത്തതുമായ സ്വരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
2020-ൽ കർഷകപ്രക്ഷോഭത്തിന്റെ മൂർദ്ധന്യത്തിൽ, മൂന്ന് വിവാദ കാർഷികനിയമങ്ങൾ ക്കെതിരേ – പിന്നീടവ യൂണിയൻ സർക്കാർ പിൻവലിക്കാൻ നിർബന്ധിതമായി - പ്രതിഷേധിച്ചുകൊണ്ടിരുന്ന സ്ത്രീകൾക്കെതിരേ വൃത്തികെട്ട പരാമർശങ്ങൾ നടത്തിയതോടെയാണ് കങ്കണ റണാവത്തിന്റെ പഞ്ചാബുമായുള്ള ബന്ധത്തിൽ മാറ്റം വന്നത്. “ഹ..ഹ..ഹ..ഇതേ മുത്തശ്ശിയല്ലേ (അച്ഛന്റെ അമ്മ) ടൈം മാഗസിനിൽ ഏറ്റവും ശക്തയായ ഇന്ത്യൻ സ്ത്രീ എന്ന പേരിൽ വന്നത്. ഇപ്പോൾ അവരെ 100 രൂപയ്ക്ക് കിട്ടും,” ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്.
പഞ്ചാബിലെ ജനങ്ങൾ കങ്കണയുടെ വാക്കുകൾ മറന്നിട്ടില്ലെന്ന് തോന്നുന്നു. പിന്നെയും പിന്നെയും അത് പ്രതിദ്ധ്വനിക്കുകയുണ്ടായി. “100-ഉം 200-ഉം രൂപ കിട്ടുന്നതുകൊണ്ടാണ് കർഷകർ ദില്ലിയിൽ പ്രതിഷേധിക്കുന്നതെന്ന് അവർ (കങ്കണ) അന്ന് പറഞ്ഞു. ആ സമയത്ത് എന്റെ അമ്മയും പ്രതിഷേധക്കാർക്കൊപ്പമായിരുന്നു” ജൂൺ 6-ന് കുൽവിന്ദർ കൌർ പറയുന്നു. എന്നാൽ വിചിത്രമെന്ന് പറയട്ടെ, കുൽവിന്ദർ കങ്കണയുടെ ചെകിട്ടത്തടിക്കുന്ന ദൃശ്യങ്ങൾ എവിടെയും ആരും കണ്ടിട്ടില്ല. സംഭവിച്ചതെന്തായാലും, അത് ജൂൺ 6-ന് തുടങ്ങിയ ഒരു വിഷയമല്ലതന്നെ.
എടുത്തുപറയാൻതക്ക പശ്ചാത്തലമൊന്നുമില്ലാത്ത സാധാരണക്കാരായ പൌരന്മാരിൽനിന്നാണ് ഇത്തരം വ്യക്തിഗതവും, തനിയെ പൊട്ടിപ്പുറപ്പെടുന്നതുമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടുള്ളത്
ജൂൺ 6-ലെ ‘സ്ലാപ്പ്ഗേറ്റ്’ സംഭവത്തിന് മുമ്പ്, 2021 ഡിസംബർ 3-ന് മണാലിയിൽനിന്ന് കങ്കണ റണാവത്ത് മടങ്ങുമ്പോൾ, പഞ്ചാബിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി, കർഷകർസ്ത്രീകൾ അവരുടെ കാർ തടഞ്ഞിരുന്നു. മറ്റ് നിവൃത്തിയൊന്നുമില്ലാതെ, അന്ന് കങ്കണയ്ക്ക് മാപ്പ് പറയേണ്ടിയും വന്നു. ഇപ്പോൾ നടക്കുന്ന ഈ സംഭവങ്ങളിലും, കുൽവിന്ദർ കൌറിനും, സഹോദരൻ ഷെർ സിംഗ് മഹിവാളിനും ബന്ധുക്കൾക്കും, അവരുടെ കുടുബത്തിന്റെ അന്തസ്സും അഭിമാനവുമാണ് വിഷയമാകുന്നത്.
“എത്രയോ തലമുറകളായി ഞങ്ങൾ സുരക്ഷാസേനയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്,” മഹിവാൾ പാരിയോട് പറഞ്ഞു. “കുൽവിന്ദറിന് മുമ്പ്, എന്റെ മുത്തച്ഛന്റെ അഞ്ച് കുടുംബാംഗങ്ങൾ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്റെ മുത്തച്ഛനടക്കം. അദ്ദേഹത്തിന്റെ മൂന്ന് ആണ്മക്കളും ഇന്ത്യൻ സൈന്യത്തിലെ അംഗങ്ങളായിരുന്നു. ഈ രാജ്യത്തിനുവേണ്ടി, 1965-ലും 1971-ലും അവർ യുദ്ധം ചെയ്തു. ആ ഞങ്ങൾക്ക്, ദേശസ്നേഹം തെളിയിക്കാൻ, ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്ന കങ്കണയുടെ സർട്ടിഫിക്കറ്റ് എന്തിനാന്?” ഷെർ സിംഗ് മഹിവാൾ ചോദിക്കുന്നു.
കുൽവിന്ദർ കൌർ ഇപ്പോൾ സസ്പെൻഷനിലാണ്. ഒരു സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന്റെ ഭാര്യയുമാണ് കുൽവിന്ദർ. അഞ്ച് വയസ്സുള്ള ആൺകുട്ടിയും ഒമ്പത് വയസ്സുള്ള പെൺകുട്ടിയുമുണ്ട് ഈ ദമ്പതികൾക്ക്. ഒരുപക്ഷേ സി.ഐ.എസ്.എഫിലെ ജോലി കുൽവിന്ദറിന് നഷ്ടപ്പെട്ടേക്കാം. എന്നാലും, സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തത്തിന്റെ ഭാരം ഏറ്റെടുക്കുമ്പോഴും, തങ്ങളുടെ പ്രവൃത്തി കൂടുതൽ നല്ലൊരു ഭാവിയുണ്ടാക്കാനുള്ള വിത്തുകളാണെന്ന്, വ്യക്തിഗതമായ പ്രതിഷേധങ്ങൾ നടത്തുന്നവർക്ക് ബോദ്ധ്യമുണ്ടെന്ന് പഞ്ചാബിനെ അറിയുന്നവർക്ക് നല്ലവണ്ണം അറിയാം. “ഞങ്ങളുടെ സ്വപ്നങ്ങൾ ഇല്ലാതായിട്ടില്ല എന്നതിന്റെ പ്രതീകങ്ങളാണ് ജോഗയും കൌറും,” മുൻ സി.പി.ഐ. എം.എൽ.എ ആയ ഹർദേവ് സിംഗ് ആർഷി പറയുന്നു. ആര് പതിറ്റാണ്ട് മുമ്പാണ് ആദ്യമായി ജഗീർ സിംഗ് ജോഗയുമായി അദ്ദേഹം ബന്ധപ്പെടുന്നത്. ജഗീർ സിംഗിന്റെ ജോഗ ഗ്രാമത്തിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് ആർഷിയുടെ ദത്തെവാസ് ഗ്രാമം. ജോഗ രണ്ട് ഗ്രാമങ്ങളും ഇന്ന് മൻസ ജില്ലയിലാണ്.
നഭ ജയിലിൽ കഴിയുമ്പോൾത്തന്നെയാണ് ജോഗയെ 1954-ൽ പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുത്തത്. സുർജീത്, ഭഗത് സിംഗ് ഝുഗ്ഗിയാൻ, പ്രേം ദത്ത വർമ്മ തുടങ്ങിയവർ പഞ്ചാബിന്റെ അതിദീർഘമായ ഒറ്റയാൾ പ്രതിഷേധത്തിന്റേയും പോരാട്ടത്തെക്കുറിച്ചുള്ള നാടോടിഗാനങ്ങളുടേയും ഭാഗമാണ്.
സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തത്തിന്റെ ഭാരം വ്യക്തികളെന്ന നിലയ്ക്ക് ഏറ്റെടുക്കുമ്പോഴും, കൂടുതൽ നല്ലൊരു ഭാവിയുണ്ടാക്കാനുള്ള വിത്തുകളാണ് അവരുടെ ധൈര്യം വിതയ്ക്കുന്നത്
കുൽവിന്ദർ കൌറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള റാലികളും, ജാഥകളും, പഞ്ചാബിലും ചണ്ഡീഗഡിലും തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. കുൽവിന്ദറിന്റെ അടിയെ ആഘോഷിക്കുകയോ, ആ ചെയ്തത് ശരിയാണെന്നോ ഒന്നും ആ ജാഥകൾ അവകാശപ്പെടുന്നില്ല. പഞ്ചാബിലെ കർഷകരുടെ ആത്മാഭിമാനത്തിനും അന്തസ്സിനും വേണ്ടി, ഒരു വെറും കോൺസ്റ്റബിൾ, പ്രശസ്തയും എം.പി.യുമായ അധികാരകേന്ദ്രത്തിനെതിരേ നിവർന്നുനിന്നു എന്ന നിലയ്ക്കാണ് അവരീ വിഷയത്തെ ആഘോഷിക്കുന്നത്. ലളിതമായി പറഞ്ഞാൽ, പഞ്ചാബിന്റെ ഒറ്റയാൾ പോരാട്ടങ്ങളുടെ പാരമ്പര്യത്തിൽപ്പെട്ട ഒന്നായിട്ടാണ് അവർ കുൽവിന്ദറിന്റെ പ്രവൃത്തിയെ വിലയിരുത്തുന്നത്.
ഈ സംഭവം, സംസ്ഥാനത്തുടനീളം, കവിതകളുടേയും പാട്ടുകളുടേയും അവതരണങ്ങളുടേയും കാർട്ടൂണുകളുടേയും ഒരു കുത്തിയൊഴുക്കുതന്നെ സൃഷ്ടിച്ചു. ഇന്ന് പാരി, അവയിലെ ഒരു കവിത ഇവിടെ അവതരിപ്പിക്കുന്നു. പ്രശസ്ത നാടകരചയിതാവും, പഞ്ചാബി ട്രിബ്യൂണിന്റെ മുൻ എഡിറ്ററുമായ സ്വരാജ്ബിർ സിംഗാണ് ഈ കവിത എഴുതിയത്.
പുരസ്കാരങ്ങളും, നിയമസഹായവും, പിന്തുണയറിയിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾക്കുമിടയിൽ, ഒരുപക്ഷേ കുൽവിന്ദർ കൌറിന് സുരക്ഷാസേനയിലെ തന്റെ ഉദ്യോഗം നഷ്ടമായെന്നുവരാം. എന്നാൽ, ജോഗയെപ്പോലെ, പഞ്ചാബ് നിയമസഭയിൽ അവരേയും ഒരു വലിയ ഉത്തരവാദിത്തം കാത്തിരിക്കുന്നുണ്ടാവാം – സമീപകാലത്തുതന്നെ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ. അവർ മത്സരിക്കുമെന്നുതന്നെയാണ് പഞ്ചാബിലെ നിരവധിയാളുകൾ പ്രതീക്ഷിക്കുന്നത്.
___________________________________________________
അമ്മേ, പറയൂ
സ്വരാജ്ബിർ
അമ്മേ,
എന്റെ അമ്മേ,
നിന്റെ
ഹൃദയത്തിലെന്താണ് അമ്മേ,
എന്നോട്
പറയൂ
എന്റെ
മനസ്സിലാകട്ടെ, അഗ്നിപർവ്വതങ്ങൾ
പൊട്ടുകയും
ഒലിക്കുകയും ചെയ്യുകയാണ്.
കടന്നുപോകുന്ന
ഓരോ ദിവസങ്ങളിലും
നമ്മുടെ
കരണത്തടിക്കുന്നവർ ആരാണ്?
നമ്മുടെ
തെരുവുകളെ ലംഘിച്ചുകൊണ്ട്,
നമ്മുടെ
ടി.വി. ചതുരങ്ങളിൽ അലറിവിളിക്കുന്നത്?
ധീരന്റേയും
ശക്തന്റേയും
മർദ്ദനങ്ങൾ
നമ്മൾ സഹിക്കുന്നു
ഭൂമിയിലെ
ശപിക്കപ്പെട്ടവർ വേദന അനുഭവിക്കുന്നു.
നാട്
വാഗ്ദാനം ചെയ്യുന്നത്
നുണകൾ
മാത്രമാണ്
എന്നാൽ
ചിലപ്പോൾ,
അതെ,
അപൂർവ്വമായി ചിലപ്പോൾ
തല്ലുകൊണ്ട്
ഒരു ദരിദ്രപ്പെൺകൊടി എഴുന്നേൽക്കുന്നു
അവളുടെ
നെഞ്ചിൽ വികാരങ്ങൾ ചിറകടിക്കുന്നു
അവൾ
എഴുന്നേറ്റ് കൈവീശുന്നു
ഭരിക്കുന്ന
ചെകുത്താന്മാരെ അവൾ വെല്ലുവിളിക്കുന്നു
ഈ
അടി,
ഈ
ചുട്ടയടി, അത് അടിയല്ല, അമ്മേ,
ഒരു
കരച്ചിലാണത്, ഒരു നിലവിളി,
വേദനിക്കുന്ന
ഹൃദയത്തിന്റെ ഒരലർച്ച.
ചിലർ
അത് ശരിയായെന്ന് പറയുന്നു.
ചിലർ
തെറ്റെന്നും
ചിലർ
സഭ്യമെന്നും ചിലർ അസഭ്യമെന്നും
എന്റെ
ഹൃദയം നിനക്കായി കേഴുന്നു.
ശക്തന്മാർ
നിന്നേയും നിന്റെ ആളുകളേയും
ഭീഷണിപ്പെടുത്തി
ശക്തന്മാർ
നിന്നെ വെല്ലുവിളീച്ചു.
ആ
ശക്തന്മാരാണ് എന്റെ ഹൃദയത്തെ
മുറിവേൽപ്പിച്ചത്
ഇതെന്റെ
ഹൃദയമാണ് അമ്മേ,
എന്റെ
വിലപിക്കുന്ന ഹൃദയം.
ഇതിനെ
മാന്യമെന്നോ പരുക്കനെന്നോ
വിളിച്ചുകൊള്ളു,
അത്
നിനക്കായി കരഞ്ഞുവിളിക്കുകയാണ്
ചിലർ
പറയുന്നു അത് തെറ്റാണെന്ന്,
ചിലർ
പറയുന്നു, ശരിയാണെന്നും.
എന്നാലും,
ഇതെന്റെ ഹൃദയമാണ് അമ്മേ.
നിന്നോട്
സംസാരിക്കുന്ന
എന്റെ
ധിക്കാരിയായ ചെറിയ ഹൃദയം
(പരിഭാഷപ്പെടുത്തിയത് ചരൺജിത്ത് സൊഹാൽ)
സ്വരാജ്ബിർ ഒരു നാടകകൃത്തും, പത്രപ്രവർത്തകനും, പഞ്ചാബി ട്രിബ്യൂണിന്റെ മുൻ എഡിറ്ററുമാണ്.
പരിഭാഷ: രാജീവ് ചേലനാട്ട്