"ഈ പ്രദേശം ഏറെക്കുറെ ഒരു സിമന്റ് കാടായി മാറിയിരിക്കുന്നു," കൊൽഹാപൂർ ജില്ലയിലെ ഉച്ഗാംവ് ഗ്രാമത്തിൽനിന്നുള്ള സഞ്ജയ് ചവാൻ എന്ന കർഷകൻ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ, ഉച്ഗാവോനിൽ തൊഴിൽശാലകളും വ്യവസായങ്ങളും വളർന്നുവന്നതിനൊപ്പംതന്നെ ഇവിടത്തെ ഭൂഗർഭജലവിതാനം പടിപടിയായി താഴുകയും ചെയ്തിട്ടുണ്ട്.
"ഞങ്ങളുടെ കിണറുകളിൽ ഇപ്പോൾ വെള്ളമില്ല," 48 വയസ്സുകാരനായ ഈ കർഷകൻ പറയുന്നു.
മഹാരാഷ്ട്രയിലെ കൊൽഹാപൂർ, സാംഗ്ലി, സത്താര ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഏകദേശം 14 ശതമാനം കിണറുകളിൽ ജലവിതാനം താഴുന്നതായി 2019-ലെ ഗ്രൗണ്ട് വാട്ടർ ഇയർ ബുക്ക് ഓഫ് മഹാരാഷ്ട്ര രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഈ പ്രദേശത്തെ കിണറുകളുടെ ശരാശരി ആഴം 30 അടിയിൽനിന്ന് 60 അടിയായതായി ഡ്രില്ലിങ് കോൺട്രാക്ടറായ രത്തൻ റാത്തോഡ് പറയുന്നു.
ഉച്ഗാംവിലെ എല്ലാ വീടുകളിലും ഇപ്പോൾ കുഴൽക്കിണറുകളുണ്ടെന്ന് സഞ്ജയ് പറയുന്നു. വലിയ അളവിലാണ് ഇവ ഭൂഗർഭജലം ഊറ്റുന്നത്. "ഇരുപതുവർഷം മുൻപ് ഉച്ഗാംവിൽ ആകെ 15-20 കുഴൽക്കിണറുകളാണുണ്ടായിരുന്നത്. എന്നാലിന്ന് ഇവിടെ 700-800 കുഴൽക്കിണറുകളുണ്ട്," ഉച്ഗാംവിലെ മുൻ ഉപ ഗ്രാമമുഖ്യനായ മധുകർ ചവാൻ പറയുന്നു.
ഉച്ഗാംവിലെ ഗ്രാമവാസികൾക്ക് ദിവസേന 25 മുതൽ 30 ലക്ഷം ലിറ്റർവരെ വെള്ളം ആവശ്യമുണ്ടെങ്കിലും "[...] ഒന്നിടവിട്ട ദിവസങ്ങളിൽ 10-12 ലക്ഷം ലിറ്റർ വെള്ളം മാത്രമാണ് ഗ്രാമത്തിന് ലഭിക്കുന്നത്," മധുകർ പറയുന്നു. ഗ്രാമം കടുത്ത ജലപ്രതിസന്ധി നേരിടേണ്ടിവന്നേക്കാവുന്ന സാഹചര്യമാണ് ഉടലെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കൊൽഹാപൂരിലെ താഴുന്ന ജലവിതാനംമൂലം ദുരിതമനുഭവിക്കുന്ന കർഷകരെ അനുഗമിക്കുകയാണ് ഈ ഹ്രസ്വചിത്രത്തിലൂടെ.
പരിഭാഷ: പ്രതിഭ ആര്‍. കെ .