സഹിക്കാനാവാത്ത ഉഷ്ണകാലത്തിനുശേഷം മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിൽ അവസാനം തണുപ്പുകാലമെത്തി. വിശ്രമം ആഘോഷിച്ചതിനുശേഷം രാത്രിയിലെ ഷിഫ്റ്റിനുവേണ്ടി തയ്യാറാവുകയായിരുന്നു ദാമിനി (യഥാർത്ഥ പേരല്ല). “ഞാൻ പി.എസ്.ഒ (പൊലീസ് സ്റ്റേഷൻ ഓഫീസർ) ഡ്യൂട്ടിയിലായിരുന്നു. വാക്കി-ടോക്കികളും ആയുധങ്ങളും വിതരണം ചെയ്യുന്ന ചുമതല എനിക്കായിരുന്നു,” അവർ പറയുന്നു.

ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ സ്റ്റേഷൻ ഹൌസ് ഓഫീസർ അഥവാ പൊലീസ് ഇൻസ്പെക്ടർ (എസ്.എച്ച്.ഒ./പി.ഐ) അവരോട്, അയാളുടെ വോക്കി-ടോക്കി ചാർജ് ചെയ്യാനുള്ള ബാറ്ററിയുമായി സ്റ്റേഷൻ വളപ്പിലുള്ള ഔദ്യോഗിക ഭവനത്തിൽ എത്താൻ ആവശ്യപ്പെട്ടു. അർദ്ധരാത്രി കഴിഞ്ഞിരുന്നു. ഇത്തരം ജോലികൾക്കായി സ്വന്തം വീട്ടിലേക്ക് വിളിപ്പിക്കുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമായിരുന്നെങ്കിലും, ഇതൊക്കെ പതിവായിരുന്നു. “ഉദ്യോഗസ്ഥർ ഈ ഉപകരണങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ട്. മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ ഞങ്ങൾക്ക് അനുസരിക്കാതിരിക്കാനും സാധിക്കില്ല,” ദാമിനി പറയുന്നു.

അതിനാൽ, 1.30-നോടടുപ്പിച്ച് ദാമിനി പി.ഐ.യുടെ വീട്ടിലേക്ക് നടന്നു.

അകത്ത് മൂന്നുപേർ ഇരിക്കുന്നുണ്ടായിരുന്നു. പി.ഐ.യും, ഒരു സാമൂഹിക പ്രവർത്തകനും ഒരു ഥാന കർമചാരി യും (പൊലീസ് സ്റ്റേഷനിലെ ചെറിയ അർദ്ധ-ഔദ്യോഗിക ജോലികൾ ചെയ്യാൻ നിയോഗിക്കുന്ന ഒരു സന്നദ്ധ തൊഴിലാളി). “ഞാൻ അവരെ ശ്രദ്ധിക്കാതെ, മുറിയിലിരിക്കുന്ന മേശയിൽ വെച്ചിരിക്കുന്ന വോക്കി-ടോക്കിയുടെ ബാറ്ററി മാറ്റാൻ തുടങ്ങി,” 2017 നവംബറിലെ ആ രാത്രിയെക്കുറിച്ചാലോചിച്ച്, അസ്വസ്ഥതയോടെ അവർ പറയുന്നു. തിരിഞ്ഞുനിൽക്കുന്ന അവർ പെട്ടെന്ന്, വാതിൽ സാക്ഷയിടുന്നത് കേട്ടു. “എനിക്ക് മുറിയിൽനിന്ന് പോകണമെന്നുണ്ടായിരുന്നു. ഞാൻ പരമാവധി ശക്തി ഉപയോഗിച്ച് ശ്രമിക്കുകയും ചെയ്തു. പക്ഷേ രണ്ടുപേർ എന്റെ കൈ ബലമായി പിടിച്ച്, എന്നെ കിടക്കയിലേക്കിട്ടു. എന്നിട്ട്..ഓരോരുത്തരായി എന്നെ ബലാത്കാരം ചെയ്തു.”

2.30-ഓടെ, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ദാമിനി വീട്ടിൽനിന്ന് വേച്ചുവേച്ച് പുറത്തുവന്ന് ബൈക്കിൽ കയറി വീട്ടിലേക്ക് പോയി. “എന്റെ മനസ്സ് മരവിച്ചിരുന്നു. എന്റെ തൊഴിലിനെക്കുറിച്ചും, നേടാൻ ആഗ്രഹിച്ച കാര്യങ്ങളെക്കുറിച്ചും ആലോചിച്ചുകൊണ്ടിരുന്നു..എന്നിട്ടിപ്പോൾ ഇതാണോ?” അവർ ചോദിക്കുന്നു.

PHOTO • Jyoti

രൂ‍ക്ഷമായ ജലക്ഷാമത്താൽ ദീർഘകാലമായി ദുരിതമനുഭവിക്കുന്ന മറാത്ത്‌വാഡ പ്രദേശത്ത്, കാർഷികവൃത്തിയിൽനിന്നുള്ള സ്ഥിരവരുമാ‍നമൊക്കെ വറ്റിപ്പോയിരിക്കുന്നു. പൊലീസ് വകുപ്പടക്കമുള്ള സർക്കാർ ജോലികൾക്കാണ് കൂടുതൽ ആവശ്യക്കാർ

*****

ഓർമ്മവെച്ച കാലം മുതൽ ദാമിനി ആഗ്രഹിച്ചിരുന്നത് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥയാകാനായിരുന്നു. അവരുടെ കഠിനാദ്ധ്വാനത്തിന്റെ തെളിവുകളാണ് അവർ നേടിയ മൂന്ന് ബിരുദങ്ങൾ, ഇംഗ്ലീഷിലും, എഡ്യുക്കേഷനിലും, നിയമത്തിലുമുള്ളവ. “ഞാൻ എന്നും ക്ലാസ്സിൽ മുന്നിലായിരുന്നു. കോൺസ്റ്റബിളായിരുന്നപ്പോൾ, പൊലീസ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് പരീക്ഷ പാസ്സായി ഐ.പി.എസിൽ ചേരണമെന്നായിരുന്നു എന്റെ സ്വപ്നം.”

2007-ൽ ദാമിനി പൊലീസ് സേനയിൽ ചേർന്നു. ആദ്യത്തെ കുറച്ച് വർഷങ്ങൾ ട്രാഫിക്ക് വകുപ്പിലും, മറാത്ത്‌വാഡയിലെ ചില പൊലീസ് സ്റ്റേഷനുകളിൽ കോൺസ്റ്റബിളായും ജോലി ചെയ്തു. “സീനിയോറിറ്റി കിട്ടാനും, കഴിവുകൾ വർദ്ധിപ്പിക്കാനുമായിരുന്നു ഓരോ തവണയും എന്റെ ശ്രമം,” ദാമിനി ഓർക്കുന്നു. പക്ഷേ, എത്ര കഠിനമായി അദ്ധ്വാനിച്ചിട്ടും, പുരുഷമേധാവിത്വമുള്ള പൊലീസ് സ്റ്റേഷനുകളിൽ‌വെച്ച് അവർക്കുണ്ടായ അനുഭവങ്ങൾ നിരാശപ്പെടുത്തുന്നവയായിരുന്നു.

“പുരുഷന്മാരായ സഹപ്രവർത്തകർ മുനവെച്ചും മറ്റും ചിലപ്പോൾ പരിഹസിക്കും. പ്രത്യേകിച്ചും ജാതിയുടേയും ലിംഗസ്വത്വത്തിന്റേയും പേരിൽ. ഒരു ജീവനക്കാരൻ എന്നോട് പറഞ്ഞത്, ‘സർ പറയുന്നതുപോലെ അനുസരിച്ചാൽ, ജോലിഭാരം അധികമുണ്ടാവില്ല. നല്ല പൈസയും കിട്ടും’ എന്നായിരുന്നു. അവരെ ബലാത്കാരം ചെയ്തതായി ആരോപിക്കപ്പെടുന്ന അതേ ഥാന കർമചാരിയായിരുന്നു അത് പറഞ്ഞത്. നിയമനടപടിയെടുക്കുമെന്നും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങുകയും, ലൈംഗികത്തൊഴിലാളികളേയും വനിതാ കോൺസ്റ്റബിൾമാരേയും പി.ഐ.യുടെ സ്വന്തം വീട്ടിൽ എത്തിക്കുകയും ചെയ്തിരുന്നു അയാൾ എന്ന് ദാമിനി പറയുന്നു.

“പരാതിപ്പെടണമെങ്കിൽ‌പ്പോലും നമ്മുടെ മേലുദ്യോഗസ്ഥന്മാർ മിക്കപ്പോഴും പുരുഷന്മാരായിരിക്കും. അവർ നമ്മളെ അവഗണിക്കും,” ദാമിനി കൂട്ടിച്ചേർക്കുന്നു. സ്ത്രീവിരുദ്ധതയിലും പീഡിപ്പിക്കലിലും വനിതാ പൊലീസുദ്യോഗസ്ഥരും ഒട്ടും പിന്നിലല്ല. മഹാരാഷ്ട്രയിലെ ആദ്യത്തെ വനിത കമ്മീഷണർ എന്ന വിശേഷണത്തിനർഹയായ, ഡോ. മീരാൻ ചദ്ധ ബോർവാങ്കർ എന്ന റിട്ടയേഡ് ഇന്ത്യൻ പൊലീസ് സർവീസ് (ഐ.പി.എസ്.) ഉദ്യോഗസ്ഥ പറയുന്നത്, വനിതാ പൊലീസുകാരുടെ തൊഴിലിടം ഇന്ത്യയിൽ ഒട്ടും സുരക്ഷിതമല്ല എന്നാണ്. “തൊഴിലിടത്തിലെ ലൈംഗികാക്രമണങ്ങൾ ഒരു യാഥാർത്ഥ്യമാണ്. കോൺസ്റ്റബിൾ തസ്തികയിലുള്ള സ്ത്രീകളാണ് ഇത് കൂടുതലും നേരിടുന്നത്, എന്നാൽ മുതിർന്ന വനിതാ ഉദ്യോഗസ്ഥരേയും ഒഴിവാക്കാറില്ല,” അവർ സൂചിപ്പിക്കുന്നു.

സ്ത്രീകൾക്കുനേരെ തൊഴിലിടത്തിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ (നിവാരണവും നിരോധനവും പരിഹാരവും) നിയമം 2013-ൽ നടപ്പാക്കിയത് സ്ത്രീകളെ തൊഴിലിടത്തിലെ ലൈംഗികാക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനും, അതിനെക്കുറിച്ചുള്ള അവബോധം തൊഴിൽദാതാക്കൾ നൽകാനും ഉദ്ദേശിച്ചുകൊണ്ടായിരുന്നു. “പൊലീസ് സ്റ്റേഷനുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരും. അവർ ഈ നിബന്ധനകൾ അനുസരിക്കാനും ബാധ്യസ്ഥരാണ്. എസ്.എച്ച്.ഒ. അഥവാ പി.ഐ ആണ് ‘തൊഴിൽദാതാവ്’. നിയമം നടപ്പാക്കൽ അയാളുടെ ചുമതലയുമാണ്,” ബംഗളൂരുവിലെ ആൾട്ടർനേറ്റീവ് ലോ ഫോറത്തിലെ അഭിഭാഷകയായ പൂർണ രവിശങ്കർ പറയുന്നു. തൊഴിലിടത്തിലെ ഉപദ്രവങ്ങളെക്കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യാൻ - ദാമിനിയുടെ കാര്യത്തിലെന്നപോലെ, ആവശ്യമെങ്കിൽ പി.ഐ.ക്കെതിരേയും പരാതി ഉന്നയിക്കാൻ ഒരു ആഭ്യന്തര പരാതി സമിതി (ഇന്റേണൽ കം‌പ്ലേയ്ന്റ്സ് കമ്മിറ്റി – ഐ.സി.സി) രൂപവത്കരിക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നുണ്ട്. “ഐ.സി.സി.കൾ മിക്കവാറും കടലാസ്സിൽ മാത്രമേ കാണൂ” എന്ന് ഡോ. ബോർവങ്കർ സൂചിപ്പിക്കുന്നു.

സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ (സി.എസ്.ഡി.എസ്) ലോക്നീതി പ്രോഗ്രാം ഫോർ കം‌പാരറ്റീവ് ഡെമോക്രസി നടത്തിയ സ്റ്റാറ്റസ് ഓഫ് പൊലീസിംഗ് ഇൻ ഇന്ത്യ എന്ന 2019-ലെ സർവേയിൽ, മഹാരാഷ്ട്രയടക്കം രാജ്യത്തിലെ 21 സംസ്ഥാനങ്ങളിലായി 105 സ്ഥലങ്ങളിലെ 11,834 പൊലീസ് അംഗങ്ങളെ അഭിമുഖം ചെയ്യുകയുണ്ടായി. വനിതാ പൊലീസ് സേനാംഗങ്ങളിലെ നാലിലൊരാൾ (24 ശതമാനം), തങ്ങളുടെ സ്റ്റേഷൻ പരിധിയിലോ തൊഴിലിടത്തിലോ അത്തരം ആഭ്യന്തര പരാതി കമ്മിറ്റികളൊന്നും നിലവിലില്ലെന്ന് അഭിപ്രായപ്പെട്ടതായി ആ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വനിതാ പൊലീസ് സേനാംഗങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളെ എണ്ണിത്തിട്ടപ്പെടുത്തുക എന്നത് ഒരു വെല്ലുവിളിയാകുന്നതും ഇതേ കാരണത്താലാണ്.

“ഞങ്ങളോട് ഈ നിയമത്തെക്കുറിച്ച് ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങിനെയൊരു കമ്മിറ്റിയുമുണ്ടായിട്ടില്ല,” ദാമിനി വ്യക്തമാക്കുന്നു.

തൊഴിലിടത്തിലോ ഓഫീസ് പരിസരത്തോ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ 2014 മുതൽ നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻ.സി.ബി‌ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ‘സ്ത്രീകളുടെ അന്തസ്സിന് ദോഷ വരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള അതിക്രമങ്ങൾ’ (നവീകരിച്ച ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354-ഉം, തത്തുല്യമായ ഭാരതീയ ന്യായ സംഹിത അഥവാ ബി.എൻ.എസിലെ സെക്ഷൻ 74-ഉം) എന്ന വിഭാഗത്തിലാണ് അവ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022-ൽ നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ കണക്കുപ്രകാരം ഇന്ത്യയിലൊട്ടാകെ ഈ വിഭാഗത്തിൽ 422 ഇരകളുള്ളതിൽ 46-ഉം മഹാരാഷ്ട്രയിലാണ്. യഥാർത്ഥ എണ്ണം ഇതിലും കൂടുതലാവാനാണ് സാധ്യത.

*****

2017 നവംബറിലെ ആ രാത്രി ദാമിനി വീട്ടിലെത്തിയപ്പോൾ മനസ്സിൽ നിരവധി ചോദ്യങ്ങളും, പുറത്ത് പറഞ്ഞാലുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചിന്തകളും, തന്നെ ബലാത്കാരം ചെയ്തവരെ ഓരോ ദിവസവും ഓഫീസിൽ നേർക്കുനേർ കാണേണ്ടിവരുമ്പോഴുള്ള അവസ്ഥയുമൊക്കെ മിന്നിമറിയുകയായിരുന്നു. “മേലുദ്യോഗസ്ഥരുടെ ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാത്തതുകൊണ്ടായിരിക്കുമോ ഇങ്ങനെ സംഭവിച്ചത്, ഇനി എന്താണ് ചെയ്യുക എന്നൊക്കെ ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.” നാലഞ്ച് ദിവസങ്ങൾക്കുശേഷം അവർ ഓഫീസിൽ പോകാനുള്ള ധൈര്യം വീണ്ടെടുത്തു. എന്നാൽ ഇതിനെക്കുറിച്ച് തത്ക്കാലം എന്തെങ്കിലും പറയുകയോ ചെയ്യുകയോ വേണ്ടെന്ന് തീരുമാനിച്ചു. “ഞാനാകെ അസ്വസ്ഥയായിരുന്നു. ഒരാൾ എടുക്കേണ്ട നടപടികളെക്കുറിച്ച് (സമയബന്ധിതമായ പരിശോധനയും) എനിക്ക് അറിയാമായിരുന്നു..പക്ഷേ എന്തുകൊണ്ടോ..,” ദാമിനി മുഴുമിച്ചില്ല.

എന്നാൽ ഒരാഴ്ചയ്ക്കുശേഷം രേഖാമൂലമുള്ള പരാതിയുമായി അവർ മറാത്ത്‌വാഡയിലെ ജില്ലകളിലൊന്നിലെ സൂപ്രണ്ട് ഓഫ് പൊലീസിനെ (എസ്.പി.) കാണാൻ പോയി. ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്.ഐ.ആർ) ഫയൽ ചെയ്യാൻ എസ്.പി. ആവശ്യപ്പെട്ടില്ല. അതിനുപകരം, ദാമിനി ഭയന്നതുപോലെ തിരിച്ചടികൾ നേരിടാൻ തുടങ്ങി. “പൊലീസ് സ്റ്റേഷനിൽനിന്ന് എന്റെ സർവീസ് റിക്കാർഡ് എസ്.പി. ആവശ്യപ്പെട്ടു. എന്റെ സ്വഭാവം നല്ലതല്ലെന്നും ജോലിസമയത്ത് മാന്യമല്ലാത്ത പെരുമാറ്റത്തിൽ ഏർപ്പെടാറുണ്ടെന്നും, ആരോപണവിധേയനായ പി.ഐ. സൂചിപ്പിച്ചു,” ദാമിനി പറയുന്നു.

കുറച്ച് ദിവസത്തിനുശേഷം രണ്ടാമതൊരു പരാതികൂടി, ദാമിനി എസ്.പി.ക്ക് അയച്ചുവെങ്കിലും അതിനും പ്രതികരണമുണ്ടായില്ല. “മേലുദ്യോഗസ്ഥരെ കാണാൻ ശ്രമിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. അതേസമയം, എനിക്ക് തന്നിരുന്ന ചുമതലകളൊക്കെ ഞാൻ നിർവഹിക്കുന്നുമുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ ആ ബലാത്സഗത്തിൽനിന്ന് ഗർഭിണിയായെന്ന് അറിഞ്ഞത്.”

അതിനടുത്ത മാസം, നാലുപേജുള്ള ഒരു പരാതി അവർ എഴുതി അത് എസ്.പി.ക്ക് തപാൽ വഴിയും വാട്ട്സാപ്പ് വഴിയും അയച്ചു. 2018 ജനുവരിയിൽ, ബലാത്സംഗം കഴിഞ്ഞ് രണ്ടാമത്തെ മാസം പ്രാഥമികാന്വേഷണത്തിനുള്ള ഉത്തരവായി. “ഒരു വനിതാ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസിനായിരുന്നു (എ.എസ്.പി) അന്വേഷണച്ചുമതല. ഞാൻ എന്റെ ഗർഭസംബന്ധമായ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നുവെങ്കിലും, അവർ അതൊന്നും അവരുടെ കണ്ടെത്തലിന്റെ കൂടെ വെച്ചിരുന്നില്ല. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന നിഗമനത്തിൽ എ.എസ്.പി. എത്തി. 2019 ജൂണിൽ, അന്വേഷണവിധേയമായി എന്നെ സസ്പെൻഡ് ചെയ്തു,” ദാമിനി പറയുന്നു.

PHOTO • Priyanka Borar

‘പരാതിപ്പെടണമെങ്കിൽ‌പ്പോലും നമ്മുടെ മേലുദ്യോഗസ്ഥന്മാർ മിക്കപ്പോഴും പുരുഷന്മാരായിരിക്കും. അവർ നമ്മളെ അവഗണിക്കും,' ദാമിനി കൂട്ടിച്ചേർക്കുന്നു. സ്ത്രീവിരുദ്ധതയിലും പീഡിപ്പിക്കലിലും വനിതാ പൊലീസുദ്യോഗസ്ഥരും ഒട്ടും പിന്നിലല്ല’

ഈ സമയത്തൊന്നും ദാമിനിക്ക് അവളുടെ കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നില്ല. ബലാത്സംഗം നടക്കുന്നതിന് ഒരുവർഷം മുമ്പ്, 2016-ൽ അവർ വിവാഹമോചിതയായിരുന്നു. നാല് സഹോദരിമാരുടേയും ഒരു സഹോദരന്റേയും മീതെയുള്ള ആളായതിനാൽ, വിരമിച്ച പൊലീസ് കോൺസ്റ്റബിളായിരുന്ന അച്ഛന്റേയും ഗൃഹനാഥയായ അമ്മയുടേയും പിന്തുണ തനിക്കുണ്ടാവുമെന്ന് അവർ പ്രതീക്ഷിച്ചു. “എന്നാൽ, കുറ്റാരോപിതരിലൊരാൾ അച്ഛനെ, എന്നെക്കുറിച്ച് കള്ളക്കഥകൾ പറഞ്ഞ് ഇളക്കാൻ നോക്കി. ഞാൻ സ്റ്റേഷനിൽ‌വെച്ച് ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടാറുണ്ടെന്നും, ഞാൻ ഗുണമില്ലാത്തവളാണെന്നും, വെറുതെ കേസിന് പോയി പ്രശ്നങ്ങളിൽ ചെന്ന് ചാടരുതെന്നും അയാൾ അച്ഛനോട് പറഞ്ഞു,” ദാമിനി പറയുന്നു. അച്ഛൻ ദാമിനിയുമായി സംസാരിക്കാതായി. അത് അവരെ വല്ലാതെ ഉലച്ചുകളഞ്ഞു. “എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഞാൻ അത് അവഗണിച്ചു. അല്ലാതെന്ത് ചെയ്യും?”

ഇതും പോരാഞ്ഞ്, താൻ തുടർച്ചയായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് ദാമിനിക്ക് തോന്നാൻ തുടങ്ങി. “ആരോപണവിധേയർ, പ്രത്യേകിച്ചും ആ കർമചാരി , ഞാൻ പോകുന്നിടത്തൊക്കെ എന്റെ പിന്നാലെ വരാൻ തുടങ്ങി. ഞാൻ അതീവജാഗ്രതയോടെയാണ് നടന്നത്. ഉറക്കവും ഭക്ഷണത്തിനുള്ള രുചിയും പോയി. ശരീരവും മനസ്സും വല്ലാതെ ക്ഷീണിതമായിരുന്നു.”

എന്നിട്ടും അവർ പിടിച്ചുനിന്നു. 2018 ഫെബ്രുവരിയിൽ അവർ ജില്ലയിലെ ഒരു താലൂക്കിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ (ജെ.എം.എഫ്.സി) സമീപിച്ചു. സർക്കാർ ഉദ്യോഗസ്ഥനെതിരേ പരാതി കൊടുക്കാൻ മേലുദ്യോഗസ്ഥരുടെ അനുവാദം കിട്ടിയില്ല എന്ന പേരിൽ (നവീകരിച്ച ക്രിമിനൽ പ്രൊസിജ്യൂവർ കോഡ് സെക്ഷൻ 197-ഉം, പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത അഥവാ ബി.എൻ.എസ്.എസ്) സെക്ഷൻ 218-ഉം) പ്രകാരം ദാമിനിയുടെ കേസ് തള്ളിക്കളഞ്ഞു. ഒരാഴ്ചയ്ക്കുശേഷം അവർ വീണ്ടും മറ്റൊരു അപേക്ഷ ഫയൽ ചെയ്തു. ഒടുവിൽ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട്, പൊലീസ് സ്റ്റേഷനോട് ഒരു എഫ്.ഐ.ആർ ഫയൽ ചെയ്യാൻ ആജ്ഞാപിച്ചു.

“മൂന്ന് മാസത്തെ മടുപ്പിനും നിരാശയ്ക്കുംശേഷം കോടതിയുടെ വിധി എന്റെ ആത്മവീര്യം വർദ്ധിപ്പിച്ചു,” ആ സംഭവം ഓർത്ത് ദാമിനി പറയുന്നു. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. എഫ്.ഐ.ആർ ഫയൽ ചെയ്ത് രണ്ടുദിവസം കഴിഞ്ഞപ്പോൾ, കുറ്റകൃത്യം നടന്ന സ്ഥലം – പി.ഐ.യുടെ വീട് – പരിശോധിച്ചു. കൃത്യം നടന്ന് മൂന്നുമാസം കഴിഞ്ഞതിനാൽ, സ്വാഭാവികമായും തെളിവൊന്നും ലഭിച്ചില്ല. ആരേയും അറസ്റ്റ് ചെയ്തില്ല.

അതേ മാസം, ദാമിനിക്ക് ഗർഭച്ഛിദ്രമുണ്ടാവുകയും കുട്ടിയെ നഷ്ടപ്പെടുകയും ചെയ്തു.

*****

2019 ജൂലായിൽ ദാമിനിയുടെ കേസ് അവസാനമായി നടന്നിട്ട് അഞ്ച് വർഷമാകുന്നു. സസ്പെൻഷനിലായിരുന്നപ്പോഴും തന്റെ പരാതി ഇൻസ്പെക്ടർ ജനറലിലേക്ക് (ഐ.ജി.) എത്തിക്കാൻ ദാമിനി ശ്രമിച്ചുവെങ്കിലും അയാൾ ദാമിനിയെ കാണാൻ കൂട്ടാക്കിയില്ല. ഒരു ദിവസം ദാമിനി അയാളുടെ കാറിന്റെ മുമ്പിൽ കയറിനിന്ന് തടഞ്ഞ്, കഥ വിവരിച്ചു. “എന്നോട് ചെയ്ത കാര്യങ്ങൾ എണ്ണമിട്ട് വിവരിച്ച് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. അപ്പോൾ എന്നെ തിരിച്ചെടുത്തുകൊണ്ടുള്ള ഓർഡർ അയാൾ തന്നു,” ദാമിനി പറയുന്നു. 2020 ഓഗസ്റ്റിൽ ദാമിനി പൊലീസ് സേനയിൽ വീണ്ടും നിയമിക്കപ്പെട്ടു.

ഇന്ന് അവർ മറാത്ത്‌വാഡയിലെ ഒഴിഞ്ഞ ഒരു സ്ഥലത്ത് ജീവിക്കുന്നു. ആ പരിസരത്ത് ആകെയുള്ള വീട് അവരുടേതാണ്. ബാക്കിയുള്ളത് കുറച്ച് പാടങ്ങളും. അധികമാളുകളൊന്നും ചുറ്റുവട്ടത്തില്ല.

PHOTO • Jyoti

ഓർമ്മവെച്ച കാലം മുതൽ ദാമിനി ആഗ്രഹിച്ചിരുന്നത് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥയായി ഭാവി സുരക്ഷിതമാക്കണമെന്നായിരുന്നു. ഉയർന്ന തൊഴിലില്ലായ്മാനിരക്കുള്ള ഒരു പ്രദേശമായിരുന്നു അത്

“ഇവിടെ എനിക്ക് സുരക്ഷിതത്വം തോന്നുന്നു. ചുരുക്കം ചില കർഷകരൊഴിച്ച് അധികമാരും ഈ ഭാഗത്തേക്ക് വരാറില്ല,” പുനർവിവാഹത്തിൽനിന്നുള്ള ആറുമാസം പ്രായമുള്ള മകളേയും കളിപ്പിച്ചുകൊണ്ട്, ആശ്വാസത്തോടെ ദാമിനി പറയുന്നു. “എല്ലാ സമയവും സമ്മർദ്ദത്തിലായിരുന്നു ഞാൻ. എന്നാൽ ഇവൾ ജനിച്ചതോടെ വലിയ സമാധാനം തോന്നിത്തുടങ്ങി.” ഭർത്താവ് നല്ലവണ്ണം പിന്തുണ നൽകുന്നുണ്ട്. കുട്ടി ജനിച്ചതിൽ‌പ്പിന്നെ, അച്ഛനുമായുള്ള ബന്ധവും ഭേദമായി.

ബലാത്സംഗം ചെയ്യപ്പെട്ട പൊലീസ് സ്റ്റേഷനിലല്ല ഇപ്പോൾ അവർ ജോലി ചെയ്യുന്നത്. പകരം, അതേ ജില്ലയിലെ മറ്റൊരു സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളിന്റെ ചുമതലയിലാണ് അവർ. രണ്ട് സഹപ്രവർത്തകർക്കും അടുത്ത ചില സുഹൃത്തുക്കൾക്കും മാത്രമേ, അവർ കടന്നുപോയ ദുരനുഭവത്തെക്കുറിച്ച് അറിയൂ. ജോലിസ്ഥലത്തെ – പഴയതും പുതിയതും – ആർക്കും അവർ എവിടെയാണ് താമസിക്കുന്നതെന്ന് അറിയില്ല. എന്നാലും, അവർക്ക് അത്ര സുരക്ഷയൊന്നും തോന്നുന്നില്ല.

“പുറത്ത്, യൂണിഫോമിലല്ലെങ്കിൽ ഞാൻ മുഖം വസ്ത്രംകൊണ്ട് മറയ്ക്കും. ഒറ്റയ്ക്ക് ഒരിക്കലും പുറത്ത് പോകാറില്ല. എപ്പോഴും മുൻ‌കരുതലെടുക്കാറുണ്ട്. അവർ എന്റെ വീട്ടിലേക്ക് എത്തരുത്,” ദാമിനി പറയുന്നു.

ഇത് നേരിട്ടുള്ള ഭീഷണിയല്ല.

കുറ്റാരോപിതനായ കർമചാരി തന്റെ പുതിയ തൊഴിൽ‌സ്ഥലത്തും, ജോലി നോക്കാറുള്ള ചെക്പോയിന്റുകളിലും ഇടയ്ക്കിടയ്ക്ക് വരാറുണ്ടെന്നും മർദ്ദിക്കാറുണ്ടെന്നും ദാമിനി ആരോപിക്കുന്നു. “ഒരിക്കൽ, എന്റെ കേസ് ജില്ലാ കോടതിയിൽ വിചാരണ നടക്കുമ്പോൾ എന്നെ ബസ് സ്റ്റോപ്പിൽ തടഞ്ഞുനിർത്തി തല്ലി.” അമ്മ എന്ന നിലയ്ക്ക്, ദാമിനിയുടെ ഏറ്റവും വലിയ ആശങ്ക, തന്റെ മകളെക്കുറിച്ചാണ്. “അവളെ അവർ എന്തെങ്കിലും ചെയ്താലോ?”, കുട്ടിയെ മുറുക്കെ പിടിച്ചുകൊണ്ട്, പരിഭ്രമത്തോടെ അവർ ചോദിക്കുന്നു.

2023 മേയ് മാസത്തിൽ ഈ റിപ്പോർട്ടർ ദാമിനിയെ കണ്ടു. മറാത്ത്‌വാഡയിലെ ഉഷ്ണവും, ഏഴ് വർഷത്തോടടുക്കുന്ന നിയമത്തിനായുള്ള പോരാട്ടവും, തുറന്ന് പറഞ്ഞതിന് ഉപദ്രവിക്കപ്പെടുമോ എന്ന പേടിയും എല്ലാമായിട്ടും, അവരുടെ ആത്മവീര്യം ഇപ്പൊഴും പോയിട്ടില്ല. അത് വളരുകതന്നെയാണ്. “കുറ്റാരോപിതരെല്ലാം ജയിലിൽ പോകുന്നത് എനിക്ക് കാണണം. എനിക്ക് പൊരുതണം.”

ലിംഗപരവും ലൈംഗികവുമായ അക്രമങ്ങളെ ( എസ് . ജി . ബി . വി ) അതിജീവിച്ചവർക്ക് പരിചരണം കൊടുക്കുന്നതിനുവേണ്ടി , സാമൂഹികവും സ്ഥാപനപരവും ഘടനാപരവുമായ തടസ്സങ്ങളെക്കുറിച്ച് പഠിക്കാനുള്ള ദേശവ്യാപകമായ ഒരു റിപ്പോർട്ടിംഗ് പ്രോജക്ടിന്റെ ഭാഗമാണ് ഈ കഥ . ഡോക്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സിന്റെ പിന്തുണയോടെയുള്ള ഒരു സംരംഭമാണ് ഇത് .

കഥയിലെ അതിജീവിതകളുടേയും കുടുംബാംഗങ്ങളുടേയും പേരുകൾ അവരുടെ സ്വകാര്യത മാനിച്ച് മാറ്റിയിട്ടുണ്ട്

പരിഭാഷ: രാജീവ് ചേലനാട്ട്

Jyoti

ज्योति, पीपल्स आर्काइव ऑफ़ रूरल इंडिया की एक रिपोर्टर हैं; वह पहले ‘मी मराठी’ और ‘महाराष्ट्र1’ जैसे न्यूज़ चैनलों के साथ काम कर चुकी हैं.

की अन्य स्टोरी Jyoti
Editor : Pallavi Prasad

पल्लवी प्रसाद, मुंबई की एक स्वतंत्र पत्रकार, यंग इंडिया फ़ेलो और लेडी श्रीराम कॉलेज से इंग्लिश लिट्रेचर में स्नातक हैं. वह जेंडर, संस्कृति और स्वास्थ्य पर लिखती हैं.

की अन्य स्टोरी Pallavi Prasad
Series Editor : Anubha Bhonsle

अनुभा भोंसले एक स्वतंत्र पत्रकार हैं, और साल 2015 की पारी फ़ेलो रह चुकी हैं. वह आईसीएफ़जे नाइट फ़ेलो भी रही हैं, और मणिपुर के इतिहास और आफ़्स्पा के असर के बारे में बात करने वाली किताब ‘मदर, व्हेयर्स माई कंट्री’ की लेखक हैं.

की अन्य स्टोरी Anubha Bhonsle
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat