“കടലാസ്സായിരുന്നു കൃത്യമായിട്ടുള്ളത്. യന്ത്രത്തിലാവുമ്പോൾ ഏത് ബട്ടണാണ് ഞെക്കുന്നത്, ആർക്കാണ് വോട്ട് കിട്ടുന്നതെന്നൊന്നും നിങ്ങൾക്കറിയാൻ പറ്റില്ല!”

അതിനാൽ, ഇ.വി.എമ്മിനേക്കാൾ (ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകൾ) പേപ്പർ ബാലറ്റുകളാണ് തനിക്ക് താത്പര്യമെന്ന് കൽമുദീൻ അൻസാരി പറയുന്നു പലാമുവിലെ കുംനി ഗ്രാമത്തിലെ താമസക്കാരനായ ആ 52-കാരൻ പ്രാദേശിക കാലിച്ചന്തയിൽ വന്നതായിരുന്നു. ഏപ്രിലിലെ കടുത്ത ചൂടിൽനിന്ന് രക്ഷപ്പെടാൻ ഒരു വെളുത്ത തുണി അദ്ദേഹം തലയിൽ കെട്ടിയിട്ടുണ്ട്. ഗംച്ച, ഒരു നേർമ്മയുള്ള പരുക്കൻ പരുത്തിത്തുണി. തൂവാലയായോ സ്കാർഫായോ ഉപയോഗിക്കുന്ന ഒന്ന്. വിവിധ ഉപയോഗങ്ങളുള്ള ഒരു അലങ്കാരത്തുണി എന്നും അർത്ഥമുണ്ട്. തന്റെ കാളയെ വിൽക്കാനായി, പത്തറിലെ ഈ ചന്തയിലേക്കെത്താൻ 13 കിലോമീറ്ററുകൾ കാൽനടയായി യാത്രചെയ്താണ് അയാളെത്തിയത്. “ഞങ്ങൾക്ക് പണം ആവശ്യമാണ്,” അയാൾ പറയുന്നു.

കഴിഞ്ഞ വർഷം (2023) അദ്ദേഹത്തിന്റെ നെൽക്കൃഷി പൂർണ്ണമായി നശിച്ചു. റാബി സീസണിൽ കടുക് വിതച്ചുവെങ്കിലും മൂന്നിൽ രണ്ടും കളകൾക്ക് തീറ്റയായി. 2.5 ക്വിന്റൽ ഞങ്ങൾ വിളവെടുത്തു. അത് മുഴുവൻ കടം തിരിച്ചടയ്ക്കാൻ ചിലവായി,” കൽമുദീൻ പറയുന്നു.

കൃഷിക്കാരനായ കൽമുദീൻ നാല് ബിഗയിൽ (ഏകദേശം മൂന്നേക്കർ) കൃഷി ചെയ്യുന്നു. നാട്ടിലെ സ്വകാര്യ പലിശപ്പണക്കാരിൽനിന്ന് ഒന്നിലധികം കടങ്ങളെടുത്തിട്ടുണ്ട്. “അവർ ധാരാ‍ളം പൈസ വസൂലാക്കി,” അദ്ദേഹം പറയുന്നു. ഓരോ നൂറ് രൂപയ്ക്കും ചുമത്തുന്ന അഞ്ച് രൂപ മാസപ്പലിശ നടുവൊടിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞാൻ 16,000 രൂപ കടമെടുത്തു. ഇപ്പോളത് 20,000 ആയി. എന്നാൽ ഞാൻ 5,000 രൂപ മാത്രമേ തിരിച്ചടച്ചിട്ടുള്ളു.”

തന്റെ കാളയെ വിൽക്കുക എന്ന വഴി മാത്രമേ അദ്ദേഹത്തിന്റെ മുമ്പിലുള്ളു. “ഇതുകൊണ്ടാണ് കർഷകർ ദുരിതങ്ങളനുഭവിക്കുന്നത്. കൃഷി പരിശീലിച്ച എനിക്ക് ഇപ്പോൾ കാളയെ വിൽക്കേണ്ടി വരുന്നു,” 2023-ൽ നല്ല മഴ കിട്ടുമെന്ന് പ്രതീക്ഷിച്ച കൽമുദീൻ പറയുന്നു.

PHOTO • Ashwini Kumar Shukla

പൽമുവിലെ കുംനി ഗ്രാമത്തിലെ കർഷാനായ കൽമുദീൻ അൻസാരി 13 കിലോമീറ്റർ നടന്നാണ് പത്തറിലെ കാളച്ചന്തയിൽ കാളയെ വിൽക്കാൻ വന്നത്. കീടശല്യവും മഴയില്ലാത്തതും ചേർന്ന് കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ നെൽക്കൃഷിയെ പൂർണ്ണമായി തകർത്തു. നാട്ടിലെ സ്വകാര്യ പലിശപ്പണക്കാരിൽനിന്ന് ഒന്നിലധികം തവണ കടമെടുത്തിട്ടുണ്ട് അദ്ദേഹം

ജാർഘണ്ടിൽ, 70 ശതമാനം കർഷകർക്കും സ്വന്തമായി ഒരു ഹെക്ടറിൽ താഴെ മാത്രമേ ഭൂമിയുള്ളു. കൃഷിഭൂമിയിൽ ഭൂരിഭാഗവും ( 92 ശതമാനവും ) മഴയെ ആശ്രയിക്കുന്നവയാണ്. മൂന്നിലൊരു ഭാഗം മാത്രമാണ് ( 33 ശതമാനം ) ജലസേചനത്തിനായി കിണറുപയോഗിക്കുന്നത്. കൽമുദീനെപ്പോലെയുള്ള ചെറുകിട കർഷകർക്ക് അപകടസാധ്യതകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. അതിനാൽ അവർ വിത്തിനും വളത്തിനും കടം വാങ്ങുന്നു.

അതിനാൽ, ഈ വരുന്ന 2024 പൊതുതിരഞ്ഞെടുപ്പിൽ, തന്റെ ഗ്രാമത്തിൽ ജലസേചന സൌകര്യം കൊണ്ടുവരുന്ന ആർക്കും താൻ വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ന്യൂ ദില്ലിയിൽനിന്ന് 1,000 കിലോമീറ്റർ അകലെ, ടെലിവിഷനും സ്മാർട്ട് ഫോണും ഒന്നുമില്ലാതെ ജീവിക്കുന്ന അദ്ദേഹം പറയുന്നത്, ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള ദേശീയ വാർത്തകളൊന്നും കേട്ടിട്ടില്ലെന്നാണ്.

ചന്തയിൽ, വിവിധ ഉപഭോക്താക്കളുമായി മൂന്ന് മണിക്കൂറോളം വിലപേശി ഒടുവിൽ, കൽമുദിൻ തന്റെ കാളയെ 5,000 രൂപയ്ക്ക് വിറ്റു. 7,000 രൂപ കിട്ടുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്

കാളയെ വിറ്റതിനുശേഷം കൽമുദിന് ബാക്കിയുള്ളത് രണ്ട് പശുക്കളും ഒരു കിടാവുമാണ്. അതിനെ നിലനിർത്തിക്കൊണ്ടുതന്നെ, ഏഴംഗങ്ങളുള്ള തന്റെ കുടുംബത്തെ പോറ്റാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. “കർഷകർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നവർക്ക് ഞങ്ങൾ വോട്ട് ചെയ്യും,” അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

2022-ൽ തുടർച്ചയായ വരൾച്ചയിൽ സംസ്ഥാനത്ത് കനത്ത നഷ്ടമുണ്ടായി. സംസ്ഥാനം ഏകദേശം മുഴുവനായിത്തന്നെ – 226 ബ്ലോക്കുകൾ - വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. അടുത്ത വർഷം (2023) 158 ബ്ലോക്കുകൾ വരൾച്ചയെ നേരിട്ടു.

PHOTO • Ashwini Kumar Shukla

മഴയെ മാത്രം ആശ്രയിച്ച് കഴിയുന്ന ജാർഘണ്ടിലെ മിക്ക കൃഷിഭൂമികളും, 2022-ലും 2023-ലും തുടർച്ചയായി വരൾച്ച അനുഭവിച്ചു. ജലസേചനാ‍വശ്യങ്ങളുടെ മൂന്നിലൊരു ഭാഗം മാത്രമേ കിണറുകൾ നിർവഹിക്കുന്നുള്ളു. അതിനാൽ, ഇത്തവണ, ഗ്രാമത്തിൽ ജലസേചന സൌകര്യം കൊണ്ടുവരുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന് കൽമുദിൻ പറയുന്നു

ഇവിടെ, പലാമു ജില്ലയിലെ 20 ബ്ലോക്കുകൾ മുഴുവനിലും കഴിഞ്ഞ വർഷം മഴക്കുറവ് അനുഭവപ്പെട്ടു. അതിനാൽ ഈ വർഷം, സംസ്ഥാനം വാഗ്ദാനം ചെയ്ത സഹായം – ഓരോ കുടുംബത്തിനും 3,500 രൂപ – പലർക്കും കിട്ടാത്തതിനാൽ, പൊതുതിരഞ്ഞെടുപ്പിലെ പ്രധാന സംസാരവിഷയമാവുന്നുണ്ട്. “വരൾച്ചാ ആശ്വാസം കിട്ടാനുള്ള അപേക്ഷ പൂരിപ്പിക്കുന്നതിന് (2022-ൽ) ഞാൻ 300 രൂപ കൊടുത്തു. അടുത്ത വർഷം (2023-ൽ) 500 രൂപയും. എന്നിട്ടും ഇതുവരെയായും ഒന്നും കിട്ടിയിട്ടില്ല,” സോനാ ദേവി പറയുന്നു.

ഉച്ചയായപ്പോഴേക്കും, ജാർഘണ്ടിലെ ബാരൻ ഗ്രാമത്തിൽ ചൂട് 37 ഡിഗ്രി സെൽ‌ഷ്യസ്‌വരെ ഉയർന്നു. ഒരു ഉളിയും ചുറ്റികയുമുപയോഗിച്ച് 50 വയസ്സുള്ള സോനാ ദേവി വിറക് വെട്ടുകയായിരുന്നു. പാചകം ചെയ്യുന്നതിനാണ് വിറക്. ഭർത്താവ് കാമേഷ് ഭുയയ്ക്ക് കഴിഞ്ഞ വർഷം പക്ഷാഘാതം വന്നതിൽപ്പിന്നെയാണ് സോനാ ദേവി ഈ പണി ഏറ്റെടുത്തത്. ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്ന ഭുയ ദളിത് സമുദായക്കാരാണ് ഈ ദമ്പതികൾ.

2014-ൽ നിലവിലെ എം.എൽ.എ.യായ അലോക് ചൌരാസ്യയ്ക്കുവേണ്ടി പ്രചാരണം നടത്തുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 6,000 രൂപയിലധികം പിരിച്ചുകൊടുക്കുകയും ചെയ്തിരുന്നുവെങ്കിലും, ആ നിയമസഭാ സാമാജികൻ “കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരുതവണ പോലും ഈ പ്രദേശത്ത് കാൽ കുത്തിയിട്ടില്ല” എന്ന് കാമേഷ് പറയുന്നു.

സ്വന്തമായുള്ള 15 കത്ത ഭൂമിയിലാണ് (കഷ്ടിച്ച് അരയേക്കർ) അവരുടെ ഇരുമുറികളുള്ള മൺ‌വീട് നിൽക്കുന്നത്. “രണ്ടുവർഷത്തോളം കൃഷിയേ ഉണ്ടായിട്ടില്ല. 2022-ൽ തീരെ വെള്ളം കിട്ടിയില്ല. 2023-ൽ അല്പം മഴ കിട്ടിയെങ്കിലും നെൽച്ചെടികൾ നന്നായി വളർന്നില്ല,” സോന പറയുന്നു.

പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ തിരിച്ച് ചോദിച്ചു” “ആരാണ് ഞങ്ങളോട് ചോദിക്കുന്നത്. വോട്ടിന്റെ സമയത്ത് മാത്രം അവർ (രാഷ്ട്രീയക്കാർ) വന്ന് ‘ചേച്ചീ’, ‘സഹോദരാ’, ‘അമ്മാവാ‘ എന്നൊക്കെ വിളിക്കും. ജയിച്ചുകഴിഞ്ഞാൽ ഞങ്ങളെ തിരിച്ചറിയുകപോലുമില്ല,” രണ്ടുവർഷത്തെ തുടർച്ചയായ വരൾച്ചയും ഭർത്താവിന്റെ പക്ഷാഘാതവും മൂലം 30,000 രൂപയുടെ കടത്തിൽ‌പ്പെട്ടിരിക്കുകയാണ് 50 വയസ്സുള്ള അവർ. “ഞങ്ങളെ സഹായിക്കുന്ന പാർട്ടിക്ക് മാത്രമേ ഞങ്ങൾ വോട്ട് ചെയ്യൂ.”

“നിങ്ങൾ (ആ രാഷ്ട്രീയക്കാരെ) കാണാൻ പോയാൽ, അവർ നിങ്ങളെ കസേരയിലിരിക്കാൻ ക്ഷണിക്കും. ഞങ്ങൾ ചെന്നാലോ, പുറത്ത് കാത്തുനിർത്തിക്കും,” ഈ റിപ്പോർട്ടറെ നോക്കി അവർ തുറന്നടിച്ചു.

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

വെള്ളമില്ലാത്തതിനാൽ പലാമുവിലെ ചിയാങ്കി ഗ്രാമത്തിലെ (ഇടത്ത്) പാടങ്ങളിൽ കൃഷി ചെയ്തിട്ടില്ല. റാബി സീസണിൽ കൃഷിക്കാർ ഗോതമ്പ് വിതയ്ക്കാറുണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ കിണറുകളെല്ലാം വറ്റിവരണ്ടതിനാൽ, കുടിവെള്ളംകൂടി ഇല്ലാതാവുന്ന സ്ഥിതിയാണ്. മൂന്നുവർഷം മുമ്പ് നിർമ്മിച്ച കനാൽ (വലത്ത്) അന്നുമുതൽ ഇന്നുവരെ വരണ്ട് കിടക്കുകയാണ്

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

ഇടത്ത്: പലാമുവിലെ ബാരാൻ ഗ്രാമത്തിലെ സോനാ ദേവിക്ക് വരൾച്ചാ ആശ്വാസത്തിനായുള്ള അപേക്ഷ പൂരിപ്പിക്കാൻ 2023-ൽ പണം കൊടുക്കേണ്ടിവന്നു. ഇതുവരെയായിട്ടും പണം കിട്ടിയിട്ടുമില്ല. ‘കഴിഞ്ഞ വർഷം (2022-ൽ) ഒട്ടും വെള്ളമുണ്ടായിരുന്നില്ല,’ അവർ പറയുന്നു. വലത്ത്: അവരുടെ അയൽക്കാരിയായ മാൽതി ദേവിക്ക് പ്രധാൻ മന്ത്രി ആവാസ് യോജനപ്രകാരം വീട് ലഭിച്ചു. ‘ഞങ്ങൾ ഗ്രാമത്തിലെ മറ്റ് സ്ത്രീകളുമായി ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾ സംസാരിച്ച്, ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കും,’ അവർ പറയുന്നു

45 വയസ്സുള്ള മാൽതി, ദേവി സോനയുടെ അയൽക്കാരിയും കൃഷിക്കാരിയുമാണ്. ഒരേക്കറിൽത്താഴെയുള്ള സ്വന്തം സ്ഥലത്ത് കൃഷി നടത്തുന്ന അവർ, കർഷകത്തൊഴിലാളിയായും ജോലി ചെയ്യാറുണ്ട്. “സ്വന്തം ഭൂമിയിൽനിന്ന് കിട്ടുന്നതിന് പുറമേ, ഞങ്ങൾക്ക് മറ്റുള്ളവരുടെ പാട്ടക്കൃഷിയിൽനിന്ന് ചുരുങ്ങിയത് 15 ക്വിന്റൽ അരിയെങ്കിലും കിട്ടാറുണ്ടായിരുന്നു. ഈ വർഷം ഞങ്ങൾ ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെങ്കിലും ചന്തയിൽ വിൽക്കാനുള്ളത്ര കിട്ടിയില്ല,” അവർ കൂട്ടിച്ചേർത്തു.

പ്രധാൻ മന്ത്രി ആവാസ് യോജനപ്രകാരം വീട് ലഭിച്ച അവർ, താൻ ഇത്തവണ, കോൺഗ്രസ്സിന്റെ കൈപ്പത്തിക്ക് പകരം, മോദിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നു. “ഞങ്ങൾ ഗ്രാമത്തിലെ സ്ത്രീകൾ ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾ സംസാരിക്കുകയും ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളിൽ ചിലർക്ക് ഹാൻഡ് പമ്പ് ആവശ്യമാണ്. ചിലർക്ക് കോളനിയും. ഇതെല്ലാം ആരാണോ ചെയ്തുതരുന്നത്, അവർക്ക് ഞങ്ങൾ വോട്ട് ചെയ്യും,” അവർ പറയുന്നു.

*****

“പയർവർഗ്ഗങ്ങൾ, ഗോതമ്പ്, അരി, എല്ലാറ്റിനും വിലകൂടി,” ആശാ ദേവി പറയുന്നു. പലാമുവിലെ ചിയാങ്ക് ഗ്രാമത്തിലെ താമസക്കാരിയാണ് അവർ. മുപ്പത് വയസ്സിനടുത്ത് പ്രായമുള്ള ആ ദമ്പതിമാർക്ക് ആറ് മക്കളാണുള്ളത്; ഭർത്താവ്, 35 വയസ്സുള്ള സഞ്ജയ് സിംഗ് ഒരു തൊഴിലാളിയായി ജോലി ചെയ്യുന്നു. ജാർഘണ്ടിലെ 32 പട്ടികഗോത്രങ്ങളിലൊന്നായ ചെറു ഗോത്രക്കാരാണ് ഈ കുടുംബം. “നല്ല വിളവ് കിട്ടുന്ന കാലമാണെങ്കിൽ രണ്ട് വർഷത്തേക്കുള്ള ഭക്ഷണമുണ്ടാവും. ഇപ്പോൾ അതേ സാധനങ്ങൾ ഞങ്ങൾ വില കൊടുത്ത് വാങ്ങുകയാണ്,” അവർ കൂട്ടിച്ചേർത്തു.

പണപ്പെരുപ്പം, വരൾച്ച തുടങ്ങിയ വിഷയങ്ങൾക്കാണോ അവർ വോട്ട് ചെയ്യുക എന്ന ചോദ്യത്തിന് ആശാ ദേവി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. “ആളുകൾ പറയുന്നു, വിലക്കയറ്റമാണെന്ന്. മോദിജി ഒന്നും ചെയ്യുന്നില്ല. എന്നിട്ടും നമ്മൾ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയാണ്,” ഉറപ്പോടെ അവർ ഈ റിപ്പോർട്ടറോട് പറഞ്ഞു. 1,600 രൂപ ഫീസ് കൊടുത്ത് ഒരു കുട്ടിയെ മാത്രമേ സ്കൂളിലേക്ക് അയയ്ക്കാൻ സാധിക്കുന്നുള്ളു എന്നും അവർ സൂചിപ്പിച്ചു.

2019-ലെ പൊതുതിരഞ്ഞെടുപ്പിൽ, ഭാരതീയ ജനത പാർട്ടിയുടെ വിഷ്ണു ദയാൽ റാം മൊത്തം വോട്ടിന്റെ 62 ശതമാനം നേടി വിജയിച്ചു. രാഷ്ട്രീയ ജനതാ ദളിന്റെ ഘുരാൻ റാമിനെയാണ് അയാൾ തോൽ‌പ്പിച്ചത്. ഈ വർഷം വിഷ്ണു ദയാൽ റാം ഒരിക്കൽക്കൂടി ബി.ജെ.പി. സ്ഥാനാർത്ഥിയാണ്. രാഷ്ട്രീയ ജനതാ ദൾ അവരുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കുന്നതയേയുള്ളു. 18 ലക്ഷം വോട്ടർമാരുണ്ട് മണ്ഡലത്തിൽ.

പണപ്പെരുപ്പത്തിന് പുറമേ, വരൾച്ചയും വലിയൊരു ആശങ്കയാവുകയാണ്. “കുടിക്കുന്ന വെള്ളത്തിനെക്കുറിച്ചുപോലും ആളുകൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഗ്രാമത്തിലെ മിക്ക കിണറുകളും വറ്റിക്കഴിഞ്ഞു. ഹാൻഡ് പമ്പിലൂടെ വെള്ളം വരുന്നത് വളരെ വൈകിയാണ്,” ആശാ ദേവി പറയുന്നു. “കനാൽ നിർമ്മിച്ചതിൽ‌പ്പിന്നെ ഒരിക്കലും അതിൽ വെള്ളം വന്നിട്ടില്ല.”

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

ഇടത്ത്: ചിയാങ്കിയിലെ താമസക്കാരിയായ ആശാ ദേവി ഗ്രാമത്തിൽ ഒരു പലചരക്ക് കട നടത്തുന്നുണ്ട്. ഭർത്താവ് ദിവസക്കൂലിക്കാരനായി ജോലി ചെയ്യുന്നു. ‘പയർ, ഗോതമ്പ്, അരി, എല്ലാറ്റിനും വില കൂടി,’ അവർ പറയുന്നു. ബാരാനിലെ കർഷകനായ സുരേന്ദ്ര ചൌധുരി തന്റെ കാളയെ വിൽക്കുന്നതിനാണ് ചന്തയിൽ വന്നത്

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

ചിയാങ്കി ഗ്രാമത്തിലെ അമ്രിക സിംഗിന് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം രൂപ നഷ്ടമായി. അയാളുടെ കിണർ (വലത്ത്) ഈ വർഷം വറ്റി. 'കർഷകനെ സംരക്ഷിക്കാൻ ആരുണ്ട്? നല്ല വില കിട്ടുന്നതിനായി എത്ര സമരങ്ങളാണ് കർഷകർ നടത്തിയതെന്ന് നോക്കൂ. എന്നിട്ടും ഒന്നും നടന്നില്ല,’ അയാൾ പറയുന്നു

അദ്ദേഹത്തിന്റെ അയൽക്കാരനും സഹഗോത്രക്കാരനുമായ അമ്രിക സിംഗിന് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം രൂപ നഷ്ടമായി. “മുമ്പൊക്കെ, കൈയ്യിൽ ഒന്നുമില്ലെങ്കിലും ഞങ്ങൾ പച്ചക്കറികൾ വിറ്റിരുന്നു. ഈ വർഷം എന്റെ കിണർ വറ്റി.”

പലാമുവിലെമ്പാടുമുള്ള മറ്റ് കർഷകരെപ്പോലെ, അമ്രികയും പ്രദേശത്തെ ജലക്ഷാമത്തെക്കു ഉയർത്തിക്കാട്ടി. “വെള്ളമില്ലാതെ കൃഷിക്ക് ഒരർത്ഥവുമില്ല. കിണറ്റിലെ വെള്ളംകൊണ്ട് നിങ്ങൾക്ക് എത്രത്തോളം കൃഷി ചെയ്യാനാവും.”

നോർത്ത് കൊയിൽ നദിയിലെ മണ്ഡൽ അണക്കെട്ട് നിർമ്മിച്ചത് കൃഷിക്കാരുടെ സഹായിക്കാനായിരുന്നു. “നേതാക്കന്മാർ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നു. മണ്ഡൽ ഡാമിൽ ഒരു ഗേറ്റ് സ്ഥാപിക്കുമെന്ന് 2019-ൽ മോദി പറഞ്ഞു. അത് ചെയ്തിരുന്നെങ്കിൽ വെള്ളം കിട്ടിയേനേ,” അമ്രിക സിംഗ് പറയുന്നു. “കർഷകനെ സംരക്ഷിക്കാൻ ആരുണ്ട്? നല്ല വില കിട്ടുന്നതിനായി കർഷകർ എത്ര സമരങ്ങൾ നടത്തിയെന്ന് നോക്കൂ. എന്നിട്ടും ഒന്നും നടന്നില്ല. സർക്കാർ അദാനിയേയും അംബാനിയേയും സഹായിക്കുകയാണ്, അവർക്ക് ഇളവുകൾ കൊടുത്തുകൊണ്ട്. എന്നാൽ കർഷകരുടെ കാര്യമോ?”

“നോക്കൂ, ഇപ്പോൾ ബി.ജെ.പി. സർക്കാരാണ് ഭരിക്കുന്നത്. എന്തെങ്കിലും കുറച്ച് കിട്ടുന്നുണ്ടെങ്കിൽ അത് അവർ കാരണമാണ്. അവർ ഒന്നും ചെയ്തിട്ടില്ലെന്നുതന്നെ കരുതുക, മറ്റുള്ളവരും ഒന്നും ചെയ്തിട്ടില്ലല്ലോ”, സുരേന്ദർ എന്ന കർഷകൻ പറയുന്നു. ഇലക്ടറൽ ബോണ്ട്, തൊഴിലില്ലായ്മ എന്നിവയെയൊക്കെ അദ്ദേഹം തള്ളിക്കളയുന്നു. “അതൊക്കെ വലിയ ആളുകളുടെ കാര്യമാണ്. ഞങ്ങൾക്ക് വിദ്യാഭ്യാസമൊന്നുമില്ല. പലാമു ജില്ലയുടെ പ്രശ്നം ജലസേചനമാണ്. കർഷകർ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.”

പലാമുവിലെ ബാരാൻ ഗ്രാ‍മത്തിൽ സുരേന്ദറിന് അഞ്ച് ബിഗ (3.5 ഏക്കർ) സ്ഥലം സ്വന്തമായുണ്ട്. കൃഷിചെയ്യാൻ മഴയെയാണ് അവർ ആശ്രയിക്കുന്നത്. “ആളുകൾ വെറുതെയിരുന്ന് ചൂത് കളിക്കുന്നു. ഞങ്ങൾ കൃഷിയിൽ ഭാഗ്യം പരീക്ഷിക്കുന്നു.”

പരിഭാഷ: രാജീവ് ചേലനാട്ട്

Ashwini Kumar Shukla

अश्विनी कुमार शुक्ला, झारखंड के स्वतंत्र पत्रकार हैं, और नई दिल्ली के भारतीय जन संचार संस्थान (2018-2019) से स्नातक कर चुके हैं. वह साल 2023 के पारी-एमएमएफ़ फ़ेलो हैं.

की अन्य स्टोरी Ashwini Kumar Shukla
Editor : Priti David

प्रीति डेविड, पारी की कार्यकारी संपादक हैं. वह मुख्यतः जंगलों, आदिवासियों और आजीविकाओं पर लिखती हैं. वह पारी के एजुकेशन सेक्शन का नेतृत्व भी करती हैं. वह स्कूलों और कॉलेजों के साथ जुड़कर, ग्रामीण इलाक़ों के मुद्दों को कक्षाओं और पाठ्यक्रम में जगह दिलाने की दिशा में काम करती हैं.

की अन्य स्टोरी Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat