“എന്നെ അംഗീകരിക്കാൻ വിസമ്മതിച്ചത് എന്റെ കുടുംബം മാത്രമാണ്. മുക്കുവരല്ല. ബോട്ടുടമസ്ഥർ എന്നെ കാണുന്നത് നല്ല കൈരാസി (ഭാഗ്യം കൊണ്ടുവരുന്നത്) ഉള്ളവളായിട്ടാണ്. ലേലം വിളിക്കുന്ന ആ ഭിന്നലിംഗ സ്ത്രീ സന്തോഷത്തോടെ പറയുന്നു.
“അവരെന്നെ തള്ളിപ്പറഞ്ഞില്ല. ഞാൻ ആരാണെന്നത് അവർക്കൊരു പ്രശ്നമേയല്ല. അവരുടെ മീനുകൾ ഞാൻ വിൽക്കണം. അത്രയേയുള്ളു”.
ഗൂഡല്ലൂർ ഓൾഡ് ടൌൺ തുറമുഖത്തെ 30 സ്ത്രീ ലേലക്കാരിൽ ഒരുവളാണ് 37 വയസ്സുള്ള മനീഷ. “നല്ല ഉച്ചത്തിൽ ലേലം വിളിക്കാൻ കഴിയുന്നതിനാൽ എനിക്ക് നല്ല ഉയർന്ന വില കിട്ടും. എന്റെയടുത്തുനിന്ന് വാങ്ങാൻ ധാരാളംപേർ വരുന്നുണ്ട്”, അവർ പറയുന്നു. മറ്റുള്ളവരേക്കാൾ ഉച്ചത്തിലാണ് അവർ വില്പനക്കാരെ വിളിക്കുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നതിനും എത്രയോ മുമ്പുതന്നെ മനീഷ മീൻ ലേലവും ഉണക്കമീൻ വില്പനയും നടത്താൻ തുടങ്ങിയിരുന്നു. ഈ തൊഴിലിൽ ഏർപ്പെടുന്നതുകൊണ്ട് ബോട്ടുടമസ്ഥരും മുക്കുവരുമായി അവർക്ക് സമ്പർക്കം പുലർത്തേണ്ടിവരാറുണ്ട്. “അവർക്ക് ഒരു പ്രശ്നവുമില്ല. മറ്റുള്ളവരേക്കാൾ നന്നായി ഞാൻ ലേലം ചെയ്യുന്നു”.
ബോട്ടുടമസ്ഥരുടെ ധാർമ്മിക പിന്തുണയില്ലായിരുന്നെങ്കിൽ തനിക്ക് 2012-ൽ ശസ്ത്രക്രിയ ചെയ്യാൻ കഴിയുമായിരുന്നില്ലെന്ന് അവർ പറയുന്നു. അവരിൽ ഒരാളെയാണ്, ശസ്ത്രക്രിയ കഴിഞ്ഞ്, അധികം താമസിക്കാതെ, അടുത്തുള്ള ഒരമ്പലത്തിൽവെച്ച് അവർ വിവാഹം കഴിച്ചതും.
ഉണക്കമീൻ കച്ചവടം നല്ലരീതിയിൽ നടത്തിയിരുന്ന ഒരാളുടെകൂടെ, 17-ആമത്തെ വയസ്സിൽ മനീഷ ജോലി ആരംഭിച്ചു. ആ തൊഴിൽ പഠിച്ചതിനുശേഷം അടുത്ത പത്തുവർഷത്തിനുള്ളിൽ സ്വന്തം നിലയിൽ കച്ചവടം ചെയ്യാൻ തുടങ്ങി. “ഈ കച്ചവടത്തിലൂടെ ധാരാളം പരിചയങ്ങൾ ഞാനുണ്ടാക്കി. വെയിലത്ത് ഉണക്കമീൻ വിൽക്കുന്നതിനുപകരം, മത്സ്യം ലേലം ചെയ്തുകൂടേ എന്ന് അവരിൽ ചിലർ എന്നോട് ചോദിച്ചു. അങ്ങിനെ, മെല്ലെമെല്ലെ, ഞാനതിലേക്കെത്തി”.
മത്സ്യം ലേലം ചെയ്യാനുള്ള അവകാശം ലഭിക്കണമെങ്കിൽ, ലേലം ചെയ്യുന്നവർ - അവരിൽ 90 ശതമാനവും സ്ത്രീകളാണ് – ബോട്ടുടമസ്ഥർക്ക് മുൻകൂറായി പണം നൽകണം. “റിംഗ്-സെയ്ൻ വലകളുപയോഗിച്ച് മീൻ പിടിക്കുന്ന നാല് ബോട്ടുകൾക്കായി ഞാൻ ലേലം ചെയ്യുന്നുണ്ട്. ഓരോരുത്തർക്കും മൂന്നോ നാലോ ലക്ഷം മുൻകൂറായി കൊടുത്തിട്ടാണ് ഞാൻ തുടങ്ങിയത്. കുറച്ച് സമ്പാദ്യമുണ്ടാക്കാൻ കഴിഞ്ഞു. സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങേണ്ടിയും വന്നു”, മനീഷ പറയുന്നു. “വായ്പകൾ തിരിച്ചടയ്ക്കാൻ, ഉണക്കമീൻ കച്ചവടത്തിൽനിന്നും, ലേലത്തിൽനിന്നുമുള്ള ലാഭം ഞാൻ ഉപയോഗിക്കാറുണ്ടായിരുന്നു”.
മത്സ്യം തുറമുഖത്തെത്തിയാലാണ് മനീഷയെപ്പോലുള്ള ലേലക്കാർ ജോലിയാരംഭിക്കുക. ‘ സുരുകുവലൈ ’, അഥവാ, റിംഗ്-സെയ്ൻ വലകളുപയോഗിച്ച് വലിയ ബോട്ടുകൾ പിടിച്ച മീനുകളാണ് വിൽക്കാൻ കൊണ്ടുവരുന്നത്. ചിലപ്പോൾ, കുടുംബങ്ങളിലെ ചിലർ സംഘം ചേർന്ന് ചെറിയ ഫൈബർ ബോട്ടുകളിൽ പോയി പിടിച്ചുകൊണ്ടുവരുന്ന മീനുകളുമുണ്ടാവും.
“മത്സ്യം ചീഞ്ഞിട്ടുണ്ടെങ്കിൽ അത് കോഴിത്തീറ്റയായി ഉപയോഗിക്കും. അല്ലെങ്കിൽ ഭക്ഷണയോഗ്യമായ ഉണക്കമീനായി വിൽക്കും”, അവർ വിശദീകരിക്കുന്നു. ഉണ്ടാക്കുന്ന ലാഭം വീണ്ടും നിക്ഷേപിച്ച് അവർ കച്ചവടം വളർത്തി.
മനീഷ ഉണക്കമീൻ വിറ്റിരുന്ന സ്ഥലം, വരാൻ പോകുന്ന മറ്റൊരു തുറമുഖത്തിനുള്ള ഒരു ബോട്ട് ഹൌസ് നിർമ്മിക്കാൻ ഏറ്റെടുത്തതൊടെയാണ് കാര്യങ്ങൾ മാറിമറിയാൻ തുടങ്ങിയത്. മുമ്പും വെല്ലുവിളികൾ നേരിട്ടിട്ടുണ്ട് അവർ. വീടുകളുടെ പരിസരത്ത് മീൻ നാറുന്നുവെന്ന് പറഞ്ഞ് ചില ആളുകൾ ഹരജികൾ അയച്ചിരുന്നു. സ്ഥലം പോയതോടെ, കച്ചവടം നടത്താനും മീനുകൾ കിട്ടാനും ബുദ്ധിമുട്ടായി. അവർ ആ കച്ചവടം അവസാനിപ്പിക്കുകയും ചെയ്തു.
*****
2020-ൽ കോവിഡ് 19 മൂലമുള്ള ഗതാഗത നിയന്ത്രണവും വിതരണശൃംഖലയിലുണ്ടായ തടസ്സവും മൂലം, തുറമുഖത്ത് ബോട്ടുകൾ അധികം വരുകയും പോവുകയും ചെയ്യാതായി. 2021-ൽ പഴ്സ്-സെയ്ൻ വലകൾക്ക് വന്ന നിരോധനം മറ്റൊരു തിരിച്ചടിയായി. തമിഴ് നാട് മറൈൻ ഫിഷറീസ് റെഗുലേഷൻ നിയമങ്ങൾക്ക് വന്ന ഭേദഗതിയിലൂടെയാണ് ആ നിരോധനം വന്നത്. വായിക്കുക: മീനുണക്കലും ചുരുങ്ങുന്ന സമ്പാദ്യവും
ഭർത്താവിന്റെ സ്റ്റീൽ ബോട്ടിൽ മനീഷ 2019-ൽ കുറച്ച് പണം നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. “ഈ ബോട്ടുകളിൽ നിക്ഷേപിക്കാൻ ധാരാളമാളുകൾ ഞങ്ങൾക്ക് ലോണുകൾ തന്നു. ഞങ്ങളുടെ കൈയ്യിൽ ബോട്ടുണ്ടായിരുന്നു. നാല് ബോട്ടുകളിൽ ഓരോന്നിലും 20 ലക്ഷം രൂഅ വീതം ഞാൻ നിക്ഷേപിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ നിരോധനം വന്നതോടെ, ആരും അത് വാങ്ങാതായി. ബോട്ടുകൾ മീൻ പിടിക്കാൻ പോയില്ലെങ്കിൽ ഞങ്ങൾക്ക് വരുമാനമൊന്നുമുണ്ടാവില്ല. അപ്പോൾ എങ്ങിനെ വായ്പ തിരിച്ചടയ്ക്കും?”
എന്നാൽ 2023 ജനുവരിയിൽ, തമിഴ് നാട് സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന ഭാഗത്ത് പഴ്സ്-സെയ്ൻ വലകളുപയോഗിക്കാൻ സുപ്രീം കോടതി അനുവാദം നൽകി. സവിശേഷ സാമ്പത്തിക മേഖലയുടെ (എക്സ്ക്ലൂസീവ് ഇക്കോണമിക്ക് സോൺ) അകത്ത്, നിബന്ധനകളോടെ ഉപയോഗിക്കാൻ മാത്രമായിരുന്നു ആ അനുവാദം. ഗൂഡല്ലൂരിലെ റിംഗ്-സെയ്ൻ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള സംഘർഷങ്ങൾമൂലം, മനീഷ ലേലത്തിനെടുത്തിരുന്ന ബോട്ടുകൾക്ക് പുതുച്ചേരിയിൽ ബോട്ടുകളടുപ്പിക്കേണ്ട അവസ്ഥ വന്നു. സ്വർണ്ണാഭരണങ്ങൾ (105 പവൻ) വിൽക്കുകയും, മൂന്ന് നിലയുള്ള കോൺക്രീറ്റ് വീട് ബാങ്കിന് പണയം വെക്കുകയും ചെയ്തിട്ടും 25 ലക്ഷം രൂപ അപ്പോഴും മനീഷയ്ക്ക് വായ്പാ തിരിച്ചടവുണ്ടായിരുന്നു.
ആവശ്യമായ എല്ലാ രേഖകളും നൽകാമെന്ന് ഉറപ്പ് പറഞ്ഞിട്ടും, ഗൂഡല്ലൂർ ഓൽഡ് ടൌണിലെ വാർഡിൽ പ്രവർത്തിച്ചിരുന്ന 20 സ്വയം സഹായസംഘങ്ങളിൽ ഒന്നുപോലും മനീഷയ്ക്ക് വായ്പ കൊടുക്കാൻ തയ്യാറായില്ല. “അവർ എനിക്ക് പണം തരാൻ വിസമ്മതിച്ചു. ഞാൻ ഒരു ഭിന്നലിംഗ സ്ത്രീയായതിനാൽ, അവർക്കെന്നെ വിശ്വാസമില്ല”, മനീഷ പറയുന്നു. അതിനാൽ സ്വകാര്യ വായ്പകളുപയോഗിച്ചാണ് അവർ നിക്ഷേപം നടത്തിയിരുന്നത്.
ബാങ്കിന്റെ സഹായവും സർക്കാരിന്റെ പിന്തുണയും കിട്ടിയിരുന്നെങ്കിൽ സഹായകമായേനേ എന്ന് അവർ വിശ്വസിക്കുന്നു. “സർക്കാർ ഏതാണ്ട് 70 ഭിന്നലിംഗ വ്യക്തികൾക്ക്, തിരുമണികുഴിയിൽ ഒറ്റമുറി വീട് നൽകിയിട്ടുണ്ട്. പക്ഷേ അത് കാടിന്റെ നടുക്കാണ്. വെള്ളവും ഗതാഗതസൌകര്യവുമില്ല. ആരാണ് അങ്ങോട്ട് പോവുക? വീടുകളാകട്ടെ, ചെറുതും, ഒറ്റപ്പെട്ടതുമാണ്. ആരെങ്കിലും ഞങ്ങളെ കൊന്നാൽപ്പോലും ആരും അറിയില്ല. നിലവിളിച്ചാൽപ്പോലും കേൾക്കാൻ ആരുമുണ്ടാവില്ല. ഞങ്ങൾ ആ വീടിന്റെ പട്ടയം സർക്കാരിനുതന്നെ തിരിച്ചുകൊടുത്തു”.
*****
അഞ്ച് സഹോദരരിൽ ഏറ്റവും ഇളയ കുട്ടിയായ മനീഷ ജനിച്ചപ്പോൾ പുരുഷനായിരുന്നു. 15-ആമത്തെ വയസ്സിൽ വരുമാനമുണ്ടാക്കാൻ തുടങ്ങി. കസ്റ്റംസ് ഉദ്യോഗസ്ഥനായ അച്ഛന്റെ നാട് പുതുച്ചേരിയിലെ പിള്ളൈചാവടി ഗ്രാമമായിരുന്നുവെങ്കിലും, ഗൂഡല്ലൂർ ഓൾഡ് ടൌൺ ഹാർബറിലായിരുന്നു അയാൾക്ക് ജോലി. അച്ഛന്റെ രണ്ടാം ഭാര്യയായിരുന്നു അമ്മ. പട്ടികജാതി വിഭാഗക്കാരിയായ അമ്മ, തൊട്ടടുത്തുതന്നെ ഒരു ചായക്കട നടത്തിവന്നിരുന്നു.
മനീഷയുടെ അച്ഛന്റെ ആദ്യത്തെ ഭാര്യയും മക്കളും അദ്ദേഹത്തിന്റെ ഗ്രാമത്തിലാണ് കഴിഞ്ഞിരുന്നത്. മദ്യപനായ അയാൾ ഒരിക്കലും വീട്ടിലുണ്ടാവുകയോ, ഗൂഡല്ലൂരിലെ കുടുംബത്തിന് ജീവിക്കാനുള്ള വക നൽകുകയോ ചെയ്തിട്ടില്ല.
മനീഷയുടെ മൂത്ത ജ്യേഷ്ഠൻ 50 വയസ്സുള്ള സൌന്ദരരാജൻ, അമ്മയേയും സഹോദരരേയും പുലർത്താനായി 15 വയസ്സിൽത്തന്നെ മത്സ്യബന്ധനത്തിന് പോകാൻ തുടങ്ങി. 45 വയസ്സുള്ള ശകുന്തള, 43 വയസ്സുള്ള ഷക്കീല, 40 വയസ്സുള്ള ആനന്ദി എന്നിവരാണ് മനീഷയുടെ സഹോദരിമാർ. ഷക്കീല ഒരു മത്സ്യവ്യാപാരിയാണ്. മറ്റുള്ളവർ വിവാഹം കഴിച്ച് സ്വന്തം വീടുകളിൽ കഴിയുന്നു.
എല്ലാ സഹോദരരും 15 വയസ്സാകുമ്പോഴേക്കും ജോലി ചെയ്യാൻ തുടങ്ങി. മനീഷയുടെ അമ്മയും സഹോദരിയും തുറമുഖത്ത് ചായയും പലഹാരങ്ങളും വിറ്റിരുന്നു. ഏറ്റവും ചെറിയ കുട്ടിയായതിനാൽ, അമ്മ പറയുന്ന ജോലികൾ ചെയ്ത് മനീഷയും കഴിഞ്ഞുപോന്നു. 2002-ൽ 16-ആമത്തെ വയസ്സിൽ ഗൂഡല്ലൂരിലെ ഇന്ത്യൻ ടെക്നിക്കൻ ഇൻസ്റ്റിട്യൂറ്റിൽ (ഐ.ടി.ഐ.) ചേർന്ന് ഒരുവർഷത്തെ വെൽഡിംഗ് കോഴ്സ് പൂർത്തിയാക്കി. ഒരുമാസത്തോളം ഒരു വെൽഡിംഗ് വർക്ക്ഷോപ്പിൽ ജോലി ചെയ്തുവെങ്കിലും അവൾക്കത് ഇഷ്ടപ്പെട്ടില്ല.
പിന്നീട്, ഉണക്കമീൻ വ്യാപാരം നടത്തുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് – അതിൽ, മത്സ്യം തലയിൽ ചുമക്കുകയും, വൃത്തിയാക്കുകയും, ഉപ്പ് പുരട്ടി ഉണക്കുകയും എല്ലാം ചെയ്യേണ്ടിവന്നു - ദിവസത്തിൽ 75 രൂപ സമ്പാദിക്കാൻ തുടങ്ങി.
ഉണക്കമീൻ വ്യാപാരത്തിന്റെ പാഠങ്ങൾ പഠിച്ചതിനുസേഷം, 2006-ൽ 20 വയസ്സിൽ, സ്വയം വെട്ടിനിരപ്പാക്കിയ ഒരു സ്ഥലത്തിരുന്ന്, സ്വന്തമായി ഉണക്കമീൻ കച്ചവടം മനീഷ ആരംഭിച്ചു. രണ്ട് സഹോദരിമാരുടേയും വിവാഹത്തെത്തുടർന്ന് കടബാധ്യത കൂടിക്കൂടിവന്നു. അപ്പോഴാണ് മനീഷ രണ്ട് പശുക്കളെ വാങ്ങി പാൽ വിൽക്കാൻ തുടങ്ങിയത്. ഉണക്കമീൻ കച്ചവടത്തോടൊപ്പം. ഇപ്പോൾ അഞ്ച് പശുക്കളും, ഏഴ് ആടുകളും, 30 കോഴികളുമുണ്ട് അവർക്ക് സ്വന്തമായി. അതിന്റെ കൂടെ മത്സ്യലേലവും വില്പനയും.
*****
10 വയസ്സുതൊട്ടേ തന്റെ ലിംഗസ്വത്വത്തെക്കുറിച്ച് അവർക്ക് അസംതൃപ്തി തോന്നിയിരുന്നുവെങ്കിലും, കൌമാരപ്രായത്തിൽ, സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതിനുശേഷമാണ് മനീഷ അതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്. അമ്മയ്ക്കും സഹോദരിക്കും ആഭരണങ്ങളും സാരികളും വാങ്ങുമ്പോൾ തനിക്കുവേണ്ടിയും ചിലത് മാറ്റിവെക്കാൻ അവർ തുടങ്ങി. 20 വയസ്സായപ്പോൾ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ അവർ തീരുമാനിച്ചു.
മറ്റ് ഭിന്നലിംഗ വ്യക്തികളുമായി അവർ ഇടപെടാൻ തുടങ്ങി. മനീഷയുടെ ഒരു സുഹൃത്ത് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ മുംബൈയിൽ പോവുകയുണ്ടായി. 15 വർഷം അവിടെ താമസിച്ചതിനുശേഷമാണ് പിന്നീട് ആ സുഹൃത്ത് ഗൂഡല്ലൂരിലേക്ക് മടങ്ങിവന്നത്. അവർ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും കുടുംബത്തെ വിട്ട് മുംബൈയിലേക്ക് പോകാൻ മനീഷ ആഗ്രഹിച്ചില്ല.
പകരം, ഗൂഡല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി, ഒരു മന:ശാസ്ത്രവിദഗ്ദ്ധന്റേയും അഭിഭാഷകന്റേയും സർട്ടിഫിക്കറ്റുകൾ ഹാജരാക്കി. അതിനും പുറമേ, എന്തുകൊണ്ട് താൻ ഈ വഴി തിരഞ്ഞെടുക്കുന്നു എന്ന് അധികാരികളെ ബോദ്ധ്യപ്പെടുത്തേണ്ടിയും വന്നു മനീഷയ്ക്ക്. കച്ചവടത്തിൽനിന്ന് ലഭിച്ച പണമാണ് അവർ ശസ്ത്രക്രിയയ്ക്കും തുടർച്ചികിത്സയ്ക്കുമായി വിനിയോഗിച്ചത്.
ലിംഗമാറ്റത്തിന്റെ കാലത്ത് കുടുംബവുമായുള്ള മനീഷയുടെ ബന്ധത്തിന് ഉലച്ചിലുണ്ടായി. അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത് താൻതന്നെ നിർമ്മിച്ച വീട്ടിലായിരുന്നു മനീഷയുടെ താമസമെങ്കിലും, ശസ്ത്രക്രിയയ്ക്കുശേഷം അമ്മയും സഹോദരിമാരും അവളോട് സംസാരിക്കാൻ വിമുഖത കാണിച്ചു. അമ്മ ആകെ തകർന്നുപോയിരുന്നു. ഭക്ഷണവും അധികം കഴിക്കാതായി. താൻ കാണാനിടയായ മറ്റ് ഭിന്നലിംഗ വ്യക്തികളെപ്പോലെ, തെരുവിൽ യാചിച്ച് നടക്കരുതെന്ന് മനീഷയെ മറ്റുള്ളവർ മുഖേന അറിയിക്കാനും അവർ മടിച്ചില്ല.
കുറച്ച് വർഷങ്ങൾക്കുമുമ്പ്, മനീഷയുടെ അമ്മയ്ക്ക്, കുടലിൽ അർബുദം കണ്ടെത്തി. ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും 3 ലക്ഷം മനീഷ ചിലവഴിച്ചു. അതിനുശേഷം മാത്രമാണ് വീടുമായുള്ള ബന്ധം പഴയ മട്ടിലായത്. ഒരു വർഷം മുമ്പ് അമ്മ മരിച്ചുവെങ്കിലും, അമ്മയ്ക്ക് മനീഷ നൽകിയ സ്നേഹപൂർവ്വമായ പരിചരണം, സഹോദരിമാരുമായുള്ള ബന്ധത്തെയും സാധാരണ നിലയിലാക്കാൻ സഹായിച്ചു.
മറ്റുള്ളവരെപ്പോലെത്തന്നെ ഭിന്നലിംഗ വ്യക്തികളിലും ഭൂരിഭാഗവും, കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറുള്ളവരാണെന്ന് മനീഷ ഉറപ്പിച്ച് പറയുന്നു. എന്നാൽ സർക്കാരിന്റെ പിന്തുണയുടെ അഭാവം പലപ്പോഴും അവരെ പീഡനങ്ങളുടെ ഇരയാക്കുകയാണ് ചെയ്യുന്നത്. “ചില സമയങ്ങളിൽ, വീട്ടിൽ ഒറ്റയ്ക്കാവുമ്പോൾ, വാതിൽ തുറക്കാൻപോലും എനിക്ക് പേടിയാണ്. എന്റെ സഹോദരിമാർ സമീപത്തുതന്നെയാണ് താമസിക്കുന്നത്. വിളിച്ചാൽ അവരുടൻ എത്തും”, മനീഷ പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്