കോമളിന് ട്രെയിൻ പിടിക്കണം. അസമിലെ രംഗിയ ജങ്ക്ഷനിലെ തന്റെ വീട്ടിലേക്ക് പോവുകയാണ് അവൾ.

മാനസിക വിഭ്രാന്തിയുള്ള അമ്മയെ സന്ദർശിക്കാൻ‌പോലും ആ വീട്ടിൽ പോവില്ലെന്ന് ശപഥം ചെയ്തതായിരുന്നു അവൾ.

തന്നെ ലൈംഗികമായി പീഡിപ്പിച്ച വീട്ടിലേക്ക് പോവുന്നതിനേക്കാൾ അവൾക്ക് താത്പര്യം, ജി.ബി. റോഡിലെ വേശ്യാലയങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നതായിരുന്നു. തന്നെ തിരിച്ചയയ്ക്കുന്ന ആ വീട്ടിൽത്തന്നെയാണ് തനിക്ക് 10 വയസ്സുള്ളപ്പോൾത്തന്നെ പലതവണ ബലാത്കാരം ചെയ്ത 17 വയസ്സുള്ള ബന്ധത്തിലുള്ള ഒരു സഹോദരനും താമസിക്കുന്നത് എന്ന് അവൾ പറയുന്നു. “എനിക്ക് അവന്റെ മുഖം കാണുന്നത് ഇഷ്ടമല്ല. ഞാനവനെ വെറുക്കുന്നു,” കോമൾ പറയുന്നു. അവൻ ഇടയ്ക്കിടയ്ക്ക് അവളെ മർദ്ദിക്കുകയും തന്നെ തടഞ്ഞാൽ അമ്മയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവൾ പറയുന്നു. ഒരിക്കൽ അവൻ എന്തോ കൂർത്ത സാധനംകൊണ്ട് അവളെ അടിക്കുകയും നെറ്റിയിൽ അതിന്റെ പാട് അവശേഷിക്കുകയും ചെയ്തു.

“ഇതുകൊണ്ടാണ് വീട്ടിൽ പോകാൻ എനിക്ക് ഇഷ്ടമല്ലാത്തത്. ഞാനത് പലതവണ അവരോട് പറഞ്ഞിട്ടുമുണ്ട്,” പൊലീസുമായുള്ള തന്റെ ആശയവിനിമയത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു. എന്നിട്ടും പൊലീസ് അവളെ അസമിലേക്കുള്ള് 35 മണിക്കൂർ ദൈർഘ്യമുള്ള തീവണ്ടി യാത്രയ്ക്ക് തയ്യാറാക്കി. ഒരു സംവിധാനവും ചെയ്തിരുന്നില്ല. അവൾ സുരക്ഷിതയായി എത്തുമെന്ന് ഉറപ്പിക്കാൻ സിം കാർഡോ, വീട്ടിലെത്തിയാൽ വീണ്ടും ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പിക്കാനുള്ള മറ്റെന്തെങ്കിലും സംവിധാനമോ അവരൊരുക്കിയിരുന്നില്ല.

മനുഷ്യക്കടത്തിന് വിധേയരാകേണ്ടിവന്ന പ്രായപൂർത്തിയാകാത്തവരും, ചെറുപ്പക്കാരായ പെൺകുട്ടികൾക്കാവശ്യമുള്ള പ്രത്യേകമായ പിന്തുണയാണ് കോമളിന് ആവശ്യം.

Komal trying to divert her mind by looking at her own reels on her Instagram profile which she created during her time in Delhi’s GB Road brothels. She enjoys the comments and likes received on the videos
PHOTO • Karan Dhiman

ദില്ലിയിലെ ജി.ബി. റോഡിലുള്ള വേശ്യാലയത്തിൽ കഴിഞ്ഞ സമയത്ത് ഇൻസ്റ്റാഗ്രാമിൽ താനുണ്ടാക്കിയ സ്വന്തം റീലുകൾ നോക്കി മനസ്സിനെ വ്യതിചലിപ്പിക്കാൻ ശ്രമിക്കുന്ന കോമൾ. വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളും ലൈക്കുകളും അവൾ ആസ്വദിക്കാറുണ്ട്

*****

ജോലിചെയ്യുകയും താമസിക്കുകയും ചെയ്യുന്ന വേശ്യാലയത്തിലെ കഷ്ടിച്ച് 4x6 ചതുരശ്രയടി വലിപ്പമുള്ള തീപ്പെട്ടിക്കൂടുപോലുള്ള തന്റെ മുറിയിൽനിന്ന് ലോഹത്തിന്റെ ഒരു ഏണിപ്പടിയിലൂടെ താഴത്തേക്ക് ഇറങ്ങുമ്പോഴാണ് കോമൾ (യഥാർത്ഥ പേരല്ല) പൊലീസുകാരെ കണ്ടത്. ഈ വർഷമാദ്യമായിരുന്നു അത്. വഴിപോക്കർക്ക് മുറികൾ കാണാനാവില്ല. പ്രാദേശികമായി ജി.ബി.റോഡ് എന്ന് അറിയപ്പെടുന്ന, ശ്രദ്ധാനന്ദ് മാർഗ് ജില്ലയിലെ കുപ്രസിദ്ധമായ ചുവന്ന തെരുവുകളിൽ ലൈംഗികതൊഴിൽ നടക്കുന്നുണ്ടെന്നതിന്റെ ഒരേയൊരു തെളിവ്, അത്തരം ലോഹത്തിന്റെ ഏണിപ്പടികളാണ്.

തനിക്ക് 22 വയസ്സായെന്ന് കോമൾ പൊലീസുകാരോട് പറഞ്ഞു. “ചിലപ്പോൾ അതിലും കുറവായിരിക്കാം. കൃത്യമായിട്ട് അറിയില്ല,” തന്റെ മാതൃഭാഷയായ അസമീസിൽ അവൾ പറയുന്നു. എന്നാൽ 17-നോ, ഏറിയാൽ 18-നോ അപ്പുറം പ്രായം തോന്നില്ല അവൾക്ക്. പ്രായപൂർത്തിയായിട്ടില്ലെന്ന് തോന്നിയതിനാൽ പൊലീസ് ആ ദിവസം അവളെ, ആ വേശ്യാലയത്തിൽനിന്ന് ‘രക്ഷപ്പെടുത്തി’.

കോമളിന്റെ പ്രായത്തിനെക്കുറിച്ച് ഉറപ്പില്ലാത്തതിനാൽ ദീദി മാരും (വേശ്യാലയത്തിന്റെ നടത്തിപ്പുകാരായ മുതിർന്ന സ്ത്രീകൾ) ഉദ്യോഗസ്ഥരെ തടയാൻ മിനക്കെട്ടില്ല. പൊലീസ് ചോദിച്ചാൽ 20 കഴിഞ്ഞുവെന്നും, സ്വന്തമിഷ്ടപ്രകാരം ലൈംഗികതൊഴിൽ ചെയ്യുകയാണെന്ന് പറയണമെന്നും മാത്രമായിരുന്നു അവർ അവൾക്ക് കൊടുത്ത നിർദ്ദേശം.

ആ പ്രസ്താവന ശരിയാണെന്ന് കോമളിനും മനസ്സിൽ തോന്നി. സ്വതന്ത്രമായി ജീവിക്കാനാണ് താൻ ദില്ലിയിലേക്ക് മാറിയതും, ലൈംഗികതൊഴിൽ തിരഞ്ഞെടുത്തതും എന്ന് അവൾക്കും തോന്നിയിരുന്നു. എന്നാൽ അവൾ അത് തിരഞ്ഞെടുക്കാനുള്ള കാരണം  മറ്റ് ചില ദുരനുഭവങ്ങളായിരുന്നു. കുട്ടിക്കാലത്തേ അവൾ ബലാത്‌സംഗത്തിനും മനുഷ്യക്കടത്തിനും ഇരയായിരുന്നു. അതിൽനിന്ന് രക്ഷപ്പെടാനോ, മറ്റ് വഴികൾ കണ്ടെത്താനോ, മാനസികമായി ആ അനുഭവങ്ങളിൽനിന്ന് വിമുക്തി നേടാനോ ഉള്ള ഒരു സംവിധാനത്തിന്റേയും പിൻ‌ബലം അവൾക്ക് കിട്ടിയിരുന്നില്ല.

സ്വന്തമിഷ്ടപ്രകാരം ആ വേശ്യാലയത്തിൽ വന്നതാണെന്ന് പറഞ്ഞിട്ടും പൊലീസുകാർക്ക് വിശ്വാസമായില്ല. ഫോണിൽ തന്റെ ജനന സർട്ടിഫിക്കറ്റ് കാണിച്ച്, 22 വയസ്സായോ എന്ന് പരിശോധിക്കാൻ അവൾ പൊലീസുകാരോട് ആവശ്യപ്പെട്ടു. എന്നാൽ അവർ അവളുടെ വാദങ്ങളൊന്നും സ്വീകരിച്ചില്ല. ആ ഒരു തെളിവ് മാത്രമേ അവളുടെ കൈയ്യിലുണ്ടായിരുന്നുള്ളു. അങ്ങിനെ കോമളിനെ ‘രക്ഷപ്പെടുത്തി’, പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, രണ്ടുമണിക്കൂറോളം വിദഗ്ദ്ധോപദേശം നൽകി, അതിനുശേഷം അവളെ പ്രായപൂർത്തിയാകാത്തവർക്കുവേണ്ടിയുള്ള ഒരു സർക്കാർ അഭയകേന്ദ്രത്തിലെത്തിച്ചു.. അവിടെ അവൾ 18 ദിവസം കഴിഞ്ഞു. പ്രായപൂർത്തിയാകാത്തതിനാൽ, എല്ലാ പ്രക്രിയകളും പൂർത്തിയാക്കി കുടുംബത്തോടൊപ്പം ചേർക്കും എന്ന് അവളോട് പറഞ്ഞു.

അഭയകേന്ദ്രത്തിൽ താമസിക്കുമ്പോളെപ്പോഴോ, പൊലീസ് വേശ്യാലയത്തിൽനിന്ന് അവളുടെ വസ്ത്രങ്ങളും, രണ്ട് ഫോണുകളും, ദീദിമാർ അവൾക്ക് കൊടുത്ത 20,000 രൂപയും പിടിച്ചെടുത്തു.

ചെറുപ്രായത്തിൽത്തെന്നെ ബലാത്സംഗത്തിനും മനുഷ്യക്കടത്തിനും വിധേയമായതിന്റെ ദുരനുഭവങ്ങളിൽനിന്ന് കരകയറാൻ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് കോമൾ ലൈംഗികവൃത്തിയിൽ ചെന്നുപെട്ടത്

ഒരു ബന്ധുവിനാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനുശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് കോമൾ വീഡിയോയിൽ പറയുന്നത് കേൾക്കാം

“പ്രായപൂർത്തിയാകാത്തവർ മനുഷ്യക്കടത്തിൽ‌പ്പെടുന്നില്ലെന്ന് അധികാരികൾ ഉറപ്പുവരുത്തണം. കുടുംബത്തിലേക്ക് തിരിച്ചുപോണോ, സർക്കാരിന്റെ അഭയകേന്ദ്രത്തിൽ തുടരണോ എന്ന് തിരഞ്ഞെടുക്കുന്നതിൽ ഇരകളുടെ താത്പര്യത്തിന് മുൻ‌ഗണന കൊടുക്കണം. ഇരകളെ കുടുംബത്തിൽ തിരിച്ചേൽ‌പ്പിക്കുന്നതിനുമുൻപ്, കുടുംബത്തിലുള്ളവർക്കും വിദഗ്ദ്ധോപദേശം നൽകേണ്ടത് പ്രധാ‍നമാണ്,” എന്ന്, ദില്ലി ആസ്ഥാനമായ മനുഷ്യാവകാശ അഭിഭാഷകൻ ഉത്കർഷ് സിംഗ് പറയുന്നു. കോമളിന്റേതുപോലെയുള്ള കേസുകളിൽ, ജുവനൈൽ ജസ്റ്റീസ് ആക്ടിന് അനുസൃതമായ രീതിയിൽ വേണം ശിശു ക്ഷേമ സമതി, പുനരധിവാസം നടത്തേണ്ടത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആ നിയമത്തിന്റെ കീഴിൽ രൂപവത്കരിച്ച സ്വയംഭരണാവകാശമുള്ള സ്ഥാപനമാണ് ശിശുക്ഷേമ സമിതി.

*****

അസമിലെ ബോഡോലാൻഡ് ടെറിറ്റോറിയൽ റീജിയണിലെ ബക്സ ജില്ലയിലാണ് കോമളിന്റെ ഗ്രാമം. സംസ്ഥാനത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തുള്ള, ബി.ടി.ആർ. എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശം, ഇന്ത്യൻ ഭരണഘടനയുടെ 7-ആം ഷെഡ്യൂൾ പ്രകാരം രൂപവത്കരിക്കപ്പെട്ട സ്വതന്ത്രഭരണാവകാശമുള്ളതും സംസ്ഥാനമായി നിലവിൽ വരാൻ ശുപാർശ ചെയ്യപ്പെട്ട പ്രദേശവുമാണ്.

അവൾ ബലാത്സംഗം ചെയ്യപ്പെടുന്ന വീഡിയോ ഗ്രാമത്തിലെ പലരും കണ്ടിട്ടുണ്ട്. അത് ഫിലിമിലാക്കിയതും പ്രചരിപ്പിച്ചതും അവളുടെ കസിൻ‌തന്നെയായിരുന്നു. “എന്റെ മാമ (അമ്മയുറ്റെ സഹോദരനും കസിന്റെ അച്ഛനുമായ ആൾ) എന്നെയാണ് എല്ലാറ്റിനും കുറ്റപ്പെടുത്തുന്നത്. ഞാൻ അദ്ദേഹത്തിന്റെ മകനെ വശീകരിച്ചു എന്നാണ് അയാൾ പറയുന്നത്. അമ്മയുടെ കരച്ചിലും യാചനയും കൂട്ടാക്കാതെ അയാൾ അമ്മയുടെ മുമ്പിലിട്ട് എന്നെ തല്ലാറുണ്ടായിരുന്നു”, കോമൾ ഓർത്തെടുത്തു. ഒരു സഹായവും കിട്ടാതെ, പലപ്പോഴും അവൾ സ്വയം മുറിവുകളേൽ‌പ്പിക്കുമായിരുന്നു. “ഉള്ളിൽ അനുഭവിക്കുന്ന ദേഷ്യവും വേദനയും ഒഴുക്കിക്കളയാൻ ഞാൻ ബ്ലേഡുപയോഗിച്ച് എന്റെ കൈഞരമ്പ് മുറിക്കാറുണ്ടായിരുന്നു. ജീവിതം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു.”

ഈ വീഡിയോ കണ്ടവരിൽ ഒരാൾ, കസിന്റെ സുഹൃത്തായ ബികാസ് ഭയ്യ എന്നയാളായിരുന്നു. ഒരു ‘പരിഹാരം’ നിർദ്ദേശിക്കാനെന്ന മട്ടിൽ ഒരിക്കൽ അയാൾ അവളെ സമീപിച്ചു.

“അവന്റെ കൂടെ സിലിഗുരിയിൽ (അടുത്തുള്ള പട്ടണം) പോയി, ലൈംഗികവൃത്തിയിൽ ചേരാൻ അവൻ പറഞ്ഞു. ഒന്നുമില്ലെങ്കിലും സ്വന്തമായി പണം സമ്പാദിക്കാമെന്നും അമ്മയെ സംരക്ഷിക്കാമെന്നും അവൻ ഉപദേശിച്ചു. വീട്ടിൽ താമസിച്ച്, ഇടയ്ക്കിടയ്ക്ക് ബലാത്സംഗം ചെയ്യപ്പെട്ട് പേരുദോഷം വരുത്തുന്നതിനേക്കാൾ നല്ലത് അതാണെന്ന് അവൻ പറഞ്ഞു,” കോമൾ ഓർമ്മിക്കുന്നു.

ഏതാനും ദിവസങ്ങൾക്കകം ബികാസ് അവളെ നിർബന്ധിച്ച് തന്നോടൊപ്പം പോകാൻ പ്രേരിപ്പിച്ചു. 10 വയസ്സുള്ള കോമൾ അങ്ങിനെ പശ്ചിമ ബംഗാളിലെ സിലിഗുരി പട്ടണത്തിലെ ഖാൽ‌പോരാ പ്രദേശത്തെ വേശ്യാലയത്തിലേക്കെത്തി. ഭീഷണി, നിർബന്ധം, തട്ടിക്കൊണ്ടുപോകൽ, നുണ, വഞ്ചന എന്നിവയിലൂടെ, മറ്റൊരാളെ, വേശ്യാവൃത്തി, അടിമജോലി, നിർബന്ധിതവേല, ലൈംഗികചൂഷണം എന്നിവയ്ക്ക് പ്രേരിപ്പിക്കുന്ന നിയമവിരുദ്ധമായ പ്രവൃത്തിയായിട്ടാണ് 1860-ലെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 370 പ്രകാരം, മനുഷ്യക്കടത്തിനെ നിർവ്വചിച്ചിരിക്കുന്നത്. ലൈംഗികജോലി എന്ന ഉദ്ദേശ്യത്തോടെ, വ്യക്തിയെ (വ്യക്തികളെ) വാങ്ങുകയും പ്രേരിപ്പിക്കുകയും കൊണ്ടുപോവുകയും ചെയ്യുന്നവരെ 1956-ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട്, (ഐ.ടി.പി.എ)

https://ruralindiaonline.org/en/library/resource/the-immoral-traffic-prevention-act-1956/

സെക്ഷൻ അഞ്ച് കുറ്റക്കാരായി കണക്കാക്കുന്നു. “ഒരു വ്യക്തിയുടെ ഇച്ഛയ്ക്കോ, ഒരു കുട്ടിക്കെതിരേയോ ഉള്ള കുറ്റത്തിന് പതിന്നാല് വർഷംവരേയോ ജീവിതാവസാനം‌വരേയോ നീളാവുന്ന“ ജയിൽ‌ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.

മനുഷ്യക്കടത്തിൽ ബികാസിന്റെ പങ്ക് വ്യക്തമാണെങ്കിലും, രേഖാമൂലമുള്ള പരാതിയൊന്നും അയാൾക്കെതിരേ ഇല്ലെന്നതിനാൽ, നിയമം അനുശാസിക്കുന്ന ശിക്ഷയൊന്നും അയാൾക്ക് കിട്ടാനിടയില്ല.

Komal's self harming herself was a way to cope with what was happening to her, she says
PHOTO • Karan Dhiman

തന്റെ ദുരനുഭവങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയായിട്ടാണ്, സ്വയം ഏൽ‌പ്പിക്കുന്ന മുറിവുകളെ താൻ കാണുന്നതെന്ന് കോമൾ പറയുന്നു

സിലിഗുരിയിലേക്ക് കൊണ്ടുവന്ന് മൂന്ന് വർഷം കഴിഞ്ഞപ്പോൾ കോമളിനെ ഖാൽ‌പോരയിൽനിന്ന് ഒരു റെയ്ഡിനിടയിൽ പൊലീസ് രക്ഷപ്പെടുത്തി. ഒരു സി.ഡബ്ല്യു.സി.കോടതി മുമ്പാകെ അവളെ ഹാജരാക്കുകയും ഒരു സർക്കാർ ഷെൽട്ടറിൽ 15 ദിവസം പാർപ്പിക്കുകയും ചെയ്തത് അവൾ ഓർക്കുന്നുണ്ട്. അതിനുശേഷം, ആരുടേയും അകമ്പടിയില്ലാതെ, അവളെ അസമിലേക്ക് പോകുന്ന വണ്ടിയിൽ കയറ്റിയയയ്ക്കുകയും ചെയ്തു. 2024-ൽ വീണ്ടും ചെയ്യാൻ പോകുന്നതുപോലെ.

മനുഷ്യക്കടത്തിലകപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ പിന്തുടരേണ്ട ഒരു നിയമവും പാലിക്കാതെ 2015-ലും, 2024-ലും അവളെ വിട്ടയയ്ക്കുകയായിരുന്നു.

കമ്മേഴ്സ്യൽ സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷനു വേണ്ടിയോ (കച്ചവടതാത്പര്യത്തോടെയുള്ള ലൈംഗികചൂഷണം) ‘ ഫോഴ്സ്ഡ് ലേബറിനു ’വേണ്ടിയോ (നിർബന്ധിത തൊഴിൽ) ഉള്ള മനുഷ്യക്കടത്ത് കുറ്റക്ക്കൃത്യങ്ങൾ അന്വേഷിക്കാനുള്ള സർക്കാരിന്റെ സ്റ്റാൻഡേഡ് ഓപ്പറേറ്റിംഗ് പ്രൊസിജ്യുവേഴ്സ് പ്രകാര, ഇരയുടെ വയസ്സ് തെളിയിക്കാനുള്ള ജനനസർട്ടിഫിക്കറ്റോ, സ്കൂൾ സർട്ടിഫികറ്റോ, റേഷൻ കാർഡോ മറ്റേതെങ്കിലും സർക്കാർ രേഖകളോ അന്വേഷണ ഉദ്യോഗസ്ഥൻ (ഇൻ‌വെസ്റ്റിഗേറ്റീവ് ഓഫീസർ) ഹാജരാക്കിയിരിക്കണം. അതൊന്നും ലഭ്യമാകാത്ത പക്ഷം, തീരുമാനമെടുക്കാൻ പറ്റുന്നില്ലെങ്കിൽ, രയെ ‘കോടതിവിധി പ്രകാരം വയസ്സ് നിർണ്ണയത്തിന്’ അയയ്ക്കണം. മാത്രമല്ല, പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഓഫൻസ്  - പോക്സോ 2012 -(ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷണം) നിയമത്തിന്റെ സെക്ഷൻ 34(2) പ്രകാരം,കുട്ടിയുടെ യഥാർത്ഥ വയസ്സ് രേഖപ്പെടുത്തേണ്ടത്, പ്രത്യേക കോടതിയാണ്. അത് വേണ്ടിവന്നതിന്റെ കാരണങ്ങളും ‘രേഖാമൂലം സൂചിപ്പിക്കണം.’

ദില്ലിയിൽനിന്ന് അവളെ ‘രക്ഷിച്ച’ പൊലീസ് അവളുടെ ജനനസർട്ടിഫിക്കറ്റ് തള്ളിക്കളഞ്ഞു. നിയമപ്രകാരമുള്ള മെഡികോ-ലീഗൽ കേസിനുള്ള വൈദ്യപരിശോധനയ്ക്ക് ( സ്റ്റാറ്റ്യൂറ്ററി മെഡിക്കൽ എക്സാമിനേഷൻ മെഡിക്കോ-ലീഗൽ കേസ് എം.എൽ.സി) അവളെ കൊണ്ടുപോവുകയോ, ഡി.എമ്മിന്റേയോ സി.ഡബ്ല്യു.സി.യുടേയോ മുമ്പിൽ ഹാജരാക്കുകയോ ചെയ്തതുമില്ല. കൃത്യമായ പ്രായം അളക്കാനുള്ള ബോൺ ഓസിഫിക്കേഷൻ ടെസ്റ്റി നുള്ള ശ്രമങ്ങളുമുണ്ടായില്ല.

ഇരയെ അവരുടെ കുടുംബവുമായി കൂട്ടിയിണക്കുകയോ പുനരധിവസിപ്പിക്കുകയോ വേണമെന്നുള്ള ഒരു പൊതുവായ തീരുമാനത്തിൽ ഉദ്യോഗസ്ഥരെത്തിയാൽ, ‘വീട്ടിലെ സാഹചര്യങ്ങൾ വേണ്ടവിധത്തിൽ മുൻ‌കൂട്ടി അന്വേഷിക്കേണ്ടത്” അന്വേഷണോദ്യോഗസ്ഥന്റെയൊ (ഐ.ഒ.‌) സി.ഡബ്ല്യു.സിയുടേയോ ഉത്തരവാദിത്തമാണ്. “ഇരയെ വീട്ടിലെത്തിച്ചാൽ സമൂഹവുമായി ഇഴുകിച്ചേരാനുള്ള സമ്മതവും സാചര്യവും ഉണ്ടെന്ന്” അധികാരികൾ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

ഒരു കാരണവശാലും ഇരകൾ, അതേ തൊഴിലിടത്തിലേക്കോ, “വീണ്ടും അപകടസാധ്യതയുള്ള സാഹചര്യത്തിലേക്കോ”“ എത്താനിടയാവരുത്. ബലാത്സംഗത്തിനും ആൾക്കടത്തിനും വിധേയയായ അസമിലേക്കുതന്നെ വീണ്ടും അവളെ തിരിച്ചയച്ചത്, ഈ നിബന്ധനകളുടെ വ്യക്തമായ ലംഘനമായിരുന്നു. വീട്ടിലെ സ്ഥിതിഗതികളും അന്വേഷിച്ചറിഞ്ഞിരുന്നില്ല. കോമളിന്റെ കുടുംബത്തെക്കുറിച്ച് അറിയാനോ, ലൈംഗികക്കടത്തിന് വിധേയയായ പ്രായപൂർത്തിയാകാത്ത ഇരയുടെ പുനരധിവാസത്തിന് സഹായിക്കാൻ കഴിയുന്ന ഏതെങ്കിലും സന്നദ്ധസംഘടനകളുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല.

Komal says she enjoys creating reels on classic Hindi film songs and finds it therapeutic as well
PHOTO • Karan Dhiman

ക്ലാസ്സിക് ഹിന്ദി സിനിമാഗാനങ്ങളടങ്ങിയ റീലുകൾ ഉണ്ടാക്കുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്നും, അവ മാനസികസൌഖ്യത്തിന് സഹായകാകുന്നുവെന്നും കോമൾ പറയുന്നു

ഇതിനുപുറമേ, ലൈംഗികചൂഷണത്തിന്റേയും ആൾക്കടത്തിന്റേയും ഇരകൾക്ക് “അടിയന്തിരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പുനരധിവാസ സേവനങ്ങളും, കൌൺസലിംഗും തൊഴിൽ പഠനവും, അടക്കമുള്ള അടിസ്ഥാനസൌകര്യങ്ങളും/ആവശ്യങ്ങളും നൽകണമെന്നും“ സർക്കാരിന്റെ ഉജ്ജ്വല പദ്ധതി നിർദ്ദേശിക്കുന്നു. ഇരകളുടെ ജീവിതത്തിന്, മനശ്ശാസ്ത്രപരവും സാമൂഹികവുമായ പിന്തുണ നൽകേണ്ടതിന്റെ ആവശ്യം അടിവരയിടുകയാണ്, ഈ രംഗത്ത് അനുഭവപരിചയമുള്ള ചൈൽഡ് കൌൺസിലറായ ആനീ തിയോ‍ഡോർ. “വീട്ടുകാരുടെ കൈയിൽ ഏൽ‌പ്പിക്കുകയും സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്താലും, ഈ ഇരകൾക്ക് കൌൺസലിംഗ് തുടർച്ചയായി നൽകേണ്ടത് അത്യാവശ്യമാണ്” എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ദില്ലിയിലെ വേശ്യാലയങ്ങളിൽനിന്നുള്ള ‘രക്ഷപ്പെടുത്തലിനു’ശേഷം, ധൃതിപിടിച്ച ഒരു പുനരധിവാസപ്രക്രിയ തുടങ്ങുന്നതിനുമുൻപ്, അവൾക്ക് രണ്ട് മണിക്കൂർ കൌൺസലിംഗ് നൽകി. “വർഷങ്ങളോളം ദുരനുഭവങ്ങൾ സഹിച്ച ഒരാൾക്ക് രണ്ടോ മൂന്നോ മാസത്തെ കൌൺസലിംഗ് സെഷനുകൾകൊണ്ടോ, ചില കേസുകളിൽ കൊടുക്കാറുള്ള ഏതാനും ദിവസത്തെ മാത്രം കൌൺസലിംഗുകൾ കൊണ്ടോ എങ്ങിനെ പൂർവസ്ഥിതിയിലെത്താനാകും?,” കൌൺസിലർ ആനി ചോദിക്കുന്നു. സ്ഥാപനങ്ങളുടെ തിരക്കുകൾക്കനുസരിച്ച് ഇരകളുടെ മുറിവുകൾ വളരെ വേഗത്തിൽ ഉണങ്ങുകയും അവർ പൂർവസ്ഥിതിയിലാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്, സംവിധാനത്തിന്റെ പോരായ്മയാണെന്ന് അവർ കൂട്ടിച്ചേർത്തു.

രക്ഷപ്പെടുത്തിയ ഇരകളുടെ പേലവമായ മാനസികാരോഗ്യത്തെ, രൂക്ഷമാക്കാനും , വീണ്ടും അവരെ ആൾക്കടത്തിനും, ലൈംഗികകച്ചവടത്തിനും ഇരയാക്കാനും ലൈംഗിക തൊഴിലിലേക്ക് തിരിച്ചുവരാനും മാത്രമേ സർക്കാരുകളുടെ ഏജൻസികൾ സഹായിക്കൂ എന്ന് പല വിദഗ്ദ്ധരും വിലയിരുത്തുന്നു. “നിരന്തരമായ ചോദ്യം ചെയ്യലും, അവഗണനയും മൂലം, ആ ദുരനുഭവങ്ങൾ വീണ്ടും തങ്ങൾക്ക് അനുഭവിക്കേണ്ടിവരികയാണെന്ന് ഇരകൾക്ക് തോന്നുന്നു. മനുഷ്യക്കടത്തുകാരും, വേശ്യാലയ നടത്തിപ്പുകാരും, ദല്ലാളുകളും, കുറ്റവാളികളുമാണ് ആദ്യം അവരെ ഉപദ്രവിച്ചതെങ്കിൽ, സർക്കാർ ഏജൻസികൾ ചെയ്യുന്നതും അതുതന്നെയാണ്”, ആനി പറഞ്ഞുനിർത്തി.

*****

ആദ്യം രക്ഷപ്പെടുത്തിയപ്പോൾ കോമളിന് 13 വയസ്സിലധികമുണ്ടായിരുന്നിരിക്കാൻ ഇടയില്ല. രണ്ടാമത്തെ തവണ ഒരുപക്ഷേ 22 വയസ്സും. ‘രക്ഷപ്പെടുത്തി, സ്വന്തം ഇഷ്ടത്തിനെതിരായി ദില്ലിയിൽനിന്ന് ഓടിച്ചു. 2024 മേയ് മാസത്തിൽ അവൾ അസമിലേക്കുള്ള തീവണ്ടിയിൽ കയറി. അവൾ സുരക്ഷിതമായി എത്തിയോ? അമ്മയുടെ കൂടെ ജീവിക്കാൻ അവൾക്ക് സാധിക്കുമോ, അതോ, വീണ്ടും, മറ്റൊരു ചുവന്ന തെരുവിലേക്ക് വലിച്ചെറിയപ്പെടുമോ?

ലിംഗപരവും ലൈംഗികവുമായ അക്രമങ്ങളെ (എസ്.ജി.ബി.വി) അതിജീവിച്ചവർക്ക് പരിചരണം കൊടുക്കുന്നതിനുവേണ്ടി, സാമൂഹികവും സ്ഥാപനപരവും ഘടനാപരവുമായ തടസ്സങ്ങളെക്കുറിച്ച് പഠിക്കാനുള്ള ദേശവ്യാപകമായ ഒരു റിപ്പോർട്ടിംഗ് പ്രോജക്ടിന്റെ ഭാഗമാണ് ഈ കഥ. ഡോക്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സിന്റെ പിന്തുണയോടെയുള്ള ഒരു സംരംഭമാണ് ഇത്.

ഇരകളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പേരുകൾ, അവരുടെ സ്വകാര്യത സംരക്ഷിക്കാനായി മാറ്റിയിട്ടുണ്ട്.

പരിഭാഷ: രാജീവ് ചേലനാട്ട്

Pari Saikia

परी सैकिया एक स्वतंत्र पत्रकार हैं और दक्षिण-पूर्व एशिया और यूरोप के बीच होने वाली मानव तस्करी पर केंद्रित पत्रकारिता करती हैं. वे वर्ष 2023, 2022 और 2021 के लिए जर्नलिज़्मफंड यूरोप की फ़ेलो हैं.

की अन्य स्टोरी Pari Saikia
Illustration : Priyanka Borar

प्रियंका बोरार न्यू मीडिया की कलाकार हैं, जो अर्थ और अभिव्यक्ति के नए रूपों की खोज करने के लिए तकनीक के साथ प्रयोग कर रही हैं. वह सीखने और खेलने के लिए, अनुभवों को डिज़ाइन करती हैं. साथ ही, इंटरैक्टिव मीडिया के साथ अपना हाथ आज़माती हैं, और क़लम तथा कागज़ के पारंपरिक माध्यम के साथ भी सहज महसूस करती हैं व अपनी कला दिखाती हैं.

की अन्य स्टोरी Priyanka Borar
Editor : Anubha Bhonsle

अनुभा भोंसले एक स्वतंत्र पत्रकार हैं, और साल 2015 की पारी फ़ेलो रह चुकी हैं. वह आईसीएफ़जे नाइट फ़ेलो भी रही हैं, और मणिपुर के इतिहास और आफ़्स्पा के असर के बारे में बात करने वाली किताब ‘मदर, व्हेयर्स माई कंट्री’ की लेखक हैं.

की अन्य स्टोरी Anubha Bhonsle
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat