“ വെറ്റില ഇലകൾ രക്ഷപ്പെട്ടിരുന്നെങ്കിൽ ഈവർഷം (2023- ൽ ) എനിക്ക് ചുരുങ്ങിയത് രണ്ട് ലക്ഷം രൂപ കിട്ടിയേനേ ”, സങ്കടവും നിരാശയും കലർന്ന ശബ്ദത്തിൽ ആ കർഷകസ്ത്രീ പറയുന്നു . ധേവരി ഗ്രാമത്തിലാണ് 29 വയസ്സുള്ള അവർ താമസിക്കുന്നത് . ബിഹാറിലെ നവാദ ജില്ലയിലുണ്ടായ ഉഷ്ണക്കാറ്റിലാണ് 2023 ജൂണിലെ വിളവ് കരുണാദേവിക്ക് നഷ്ടപ്പെട്ടത് . പച്ചപിടിച്ച് നിന്നിരുന്ന അവരുടെ ബരേജയിലെ തിളങ്ങുന്ന മഹാഗി വെറ്റിലക്കൊടികൾ അസ്ഥികൂടംപോലെയായി . മറ്റ് കൃഷിസ്ഥലങ്ങളിൽ ജോലി നോക്കാൻ അവർ അതോടെ നിർബന്ധിതയായി .
ദിവസങ്ങളോളം നീണ്ടുനിന്ന കഠിനമായ ചൂട് അനുഭവിക്കേണ്ടിവന്ന പത്തുപന്ത്രണ്ട് ജില്ലകളിലൊന്നായിരുന്നു നവാദ . “ ആകാശത്തുനിന്ന് തീമഴ പെയ്യുന്നതുപോലെയായിരുന്നു . ഉച്ചസമയത്ത് പാടങ്ങളിൽ ആരുമുണ്ടാവില്ല . കർഫ്യൂവിന് സമാനമായിരുന്നു അവസ്ഥ ”, ചൂടിനെ സൂചിപ്പിച്ച് അവർ കൂട്ടിച്ചേർത്തു . ജില്ലയിലെ വാരിസാലിഗഞ്ച് കാലാവസ്ഥാകേന്ദം അക്കൊല്ലം രേഖപ്പെടുത്തിയ പരമാവധി താപനില 45.9 സെൽഷ്യസ് ആയിരുന്നു . അതിനെത്തുടർന്നുണ്ടായ ഉഷ്ണക്കാറ്റിൽ ബിഹാറിലും ഉത്തർ പ്രദേശിലും 100- ലധികം ആളുകൾ മരിച്ചതായി 2023 ജൂൺ 18- ലെ ദ് ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തു .
ചൂടിനെ വകവെക്കാതെ “ ഞങ്ങൾ ബരേ ജയിൽ പോകാറുണ്ടായിരുന്നു ” എന്ന് കരുണാ ദേവി പറയുന്നു . ആറ് കത്ത ( കഷ്ടി 8,000 ചതുരശ്രയടി ) വരുന്ന പാടത്ത് മഗാഹി വെറ്റില കൃഷി ചെയ്യാൻ 1 ലക്ഷം രൂപ വായ്പയെടുത്തതുകൊണ്ട് , കുടുംബത്തിന് അതല്ലാതെ മറ്റ് വഴിയില്ലായിരുന്നു
വെറ്റിലത്തോട്ടത്തെയാണ് ബരേജ, അഥവാ ബാരേതാ എന്ന് ബിഹാറിൽ വിളിക്കുന്നത്. ലോലമായ ആ ചെടികൾക്ക് കടുത്ത കാലാവസ്ഥ താങ്ങാനാവില്ല. അതുകൊണ്ടാണ് അവയെ കുടിലുപോലുള്ള ഒരു പന്തലിനുള്ളിൽ, വേനലിലെ ചൂടിൽനിന്നും ശിശിരത്തിലെ തണുപ്പിൽനിന്നും രക്ഷിച്ചുനിർത്തുന്നത്. മുളന്തണ്ടുകൾ, ഈന്തപ്പനയുടേയും തെങ്ങിന്റേയുക് ഓലകൾ, കയർ, വൈക്കോൽ എന്നിവ ഉപയോഗിച്ചാണ് അവയ്ക്ക് വേലികെട്ടുന്നത്. ബാരേജക്കകത്ത്, മണ്ണിൽ നീളത്തിലും ആഴത്തിലും ചാലുകളുണ്ടാക്കുന്നു. വേരിനടുത്ത് വെള്ളം കെട്ടിക്കിടന്ന് ചെടിയെ നശിപ്പിക്കാത്തവിധത്തിലാണ് തണ്ടുകൾ നടുക.
കഴിഞ്ഞ കൊല്ലം ചൂടിനെ തടയാൻ ദിവസത്തിൽ 2-3 തവണ വെള്ളമൊഴിച്ചുവെന്ന് കരുണാ ദേവിയുടെ ഭർത്താവ് ഓർമ്മിച്ചു. കൂടുതൽ ജലസേചനം ചെയ്താൽ ചിലവ് കൂടുമെന്ന് അവർ കരുതി എന്നാൽ ചൂട് കൂടുതലായതിനാൽ ആ ചെടികളൊന്നും അതിജീവിച്ചില്ല. “ചെടികൾ വേഗം ഉണങ്ങാൻ തുടങ്ങി, വളരെ പെട്ടെന്നുതന്നെ ബരേജ തരിശായി” 40 വയസ്സുള്ള സുനിൽ ചൌരസ്യ പറയുന്നു. വെറ്റിലക്കൃഷി പാടെ നശിച്ചു. “വായ്പ എങ്ങിനെ തിരിച്ചടയ്ക്കുമെന്ന് എനിക്കറിയില്ല” പരിഭ്രമത്തോടെ കരുണ പറയുന്നു.
മഗധ പ്രവിശ്യയിലെ കാലാവസ്ഥാക്രമം മാറുകയാണെന്ന് ആ പ്രദേശത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞന്മാർ പറയുന്നു. “ഒരേപോലെ നിലനിന്നിരുന്ന കാലാവസ്ഥ ഇപ്പോൾ കാലം തെറ്റുന്നത് ഞങ്ങൾക്ക് കാണാൻ കഴിയുന്നു. ചിലപ്പോൾ താപനില വല്ലാതെ കൂടുകയും, ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം മഴ നിർത്താതെ പെയ്യുകയും ചെയ്യുന്നു”, പ്രൊഫസ്സർ പ്രധാൻ പാർത്ഥസാരഥി എന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ പറയുന്നു.
1958-നും 2019-നുമിടയിൽ ശരാശരി താപനില 0.5 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചുവെന്ന് ‘ഇന്ത്യയിലെ തെക്കൻ ബിഹാറിലെ പരിസ്ഥിതിമാറ്റവും ഭൂഗർഭജലത്തിന്റെ വ്യതിയാനവും’ എന്ന ഗവേഷണ പ്രബന്ധത്തിൽ സൂചിപ്പിക്കുന്നു. 2022-ൽ സയൻസ് ഡയറക്ട് എന്ന ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടായിരുന്നു അത്. 199-കൾ മുതൽ കാലാവർഷ മഴയും കൂടുതൽക്കൂടുതൽ അപ്രാചനീയമായതായി ആ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
“മഗാഹി വെറ്റിലക്കൃഷി ചൂതാട്ടം പോലെ അനിശ്ചിതത്വം നിറഞ്ഞതാണ്” ധേവരി ഗ്രാമത്തിലെ മറ്റൊരു കർഷകനായ അജയ് പ്രസാദ് ചൌരസ്യ പറയുന്നു. പ്രാരാബ്ധത്തിന്റെ അങ്ങേയറ്റത്തെത്തിയ നിരവധി മഗാഹി കർഷകരുടെ ആശങ്കകളെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. “ഞങ്ങൾ കഠിനമായി അദ്ധ്വാനിക്കുന്നുണ്ടെങ്കിലും വെറ്റിലച്ചെടികൾ രക്ഷപ്പെടുമെന്ന് ഒരു ഉറപ്പുമില്ല”.
തുടർച്ചയായുണ്ടാവുന്ന തീവ്ര കാലാവസ്ഥ മഗാഹി വെറ്റിലക്കൃഷിയെ തകർത്തുകൊണ്ടിരിക്കുകയാണ്. ബിഹാറിൽ ഏറ്റവുമധികം പിന്നാക്കവിഭാഗമായി (ഇ.ബി.സി) പട്ടികപ്പെടുത്തിയിട്ടുള്ള ചൌരസ്യ വിഭാഗമാണ് പരമ്പരഗതമായി വെറ്റില കൃഷി ചെയ്യുന്നത്. ബിഹാർ സർക്കാർ അടുത്ത കാലത്തായി നടത്തിയ ജാതി സർവ്വേ പ്രകാരം, സംസ്ഥാനത്ത് ചൌരസ്യക്കാരുടെ എണ്ണം ആറുലക്ഷത്തിലധികമാണ്.
നവാദയിലെ ഹിസുവ ബ്ലോക്കിലാണ് ധേവരി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയായ (2011-ലെ സെൻസസ്) 1,549-ൽ പകുതിയിലധികം പേരും കൃഷിലേർപ്പെട്ടവരാണ്.
2023-ൽ ഉഷ്ണക്കാറ്റായിരുന്നുവെങ്കിൽ, 2022-ൽ തീവ്ര മഴയായിരുന്നു. “സർവ്വനാശം അടുത്തെത്തിയപോലെ തോന്നി. പകലൊക്കെ ഇരുട്ടുകുത്തും. പിന്നീട്, ശക്തമായ മഴയും. വെള്ളത്തിൽ നനഞ്ഞൊലിച്ചിട്ടും ഞങ്ങൾ പാടത്തുതന്നെ കഴിഞ്ഞു”, രഞ്ജിത്ത് ചൌരസ്യ പറയുന്നു
അതിനുശേഷം പനി പിടിച്ചുവെന്ന് ആ 55 വയസ്സുകാരൻ പറഞ്ഞു. കൃഷിയിൽ വലിയ നഷ്ടവുമുണ്ടായി. “എന്റെ ഗ്രാമത്തിലെ ഭൂരിപക്ഷം വെറ്റിലക്കൃഷിക്കാർക്കും ആ വർഷം കനത്ത നഷ്ടമായിരുന്നു. ഞാൻ അഞ്ച് കത്ത യിൽ (ഏകദേശം 6,800 ചതുരശ്രയടി) സ്ഥലത്ത് വെറ്റിലക്കൃഷി നടത്തിയിരുന്നു. വെള്ളക്കെട്ടുമൂലം എല്ലാം ഉണങ്ങി”, അദ്ദേഹം പറയുന്നു. ഒഡിഷയിലുണ്ടായ അസാനി ചക്രവാതത്തിൽ നാലഞ്ച് ദിവസം തുടർച്ചയായി മഴ പെയ്തു.
ഉഷ്ണക്കാറ്റുമൂലം മണ്ണ് വരളുന്നതിനാൽ വളർച്ചയുണ്ടാവില്ല. പെട്ടെന്ന് മഴയും പെയ്യുമ്പോൾ, ചെടികൾ ഉണങ്ങും”, മഗാഹി ഉത്പാദക് കല്യാൺ സമിതി എന്ന കർഷകക്കൂട്ടായ്മയുടെ പ്രസിഡന്റായ രഞ്ജിത്ത് പറയുന്നു. “വളർന്നുതുടങ്ങിയ ചെടികളായിരുന്നു. ചെറിയ കുട്ടികളെപ്പോലെ പരിചരിക്കണം. അത് ചെയ്യാൻ സാധിക്കാത്തവരുടെ വെറ്റിലക്കൊടികളൊക്കെ ഉണങ്ങിപ്പോയി”, അദ്ദേഹം പറയുന്നു.
നന്നായി പലതവണ നനച്ചതിനാൽ, 2023-ൽ തന്റെ വെറ്റിലച്ചെടികൾ കൊടുംചൂടിനെ അതിജീവിച്ചുവെന്ന് രഞ്ജിത്ത് പറയുന്നു. “പല തവണ നനയ്ക്കേണ്ടിവന്നു. ചിലപ്പോൾ, ദിവസത്തിൽ 10 തവണയൊക്കെ”.
കടുത്ത കാലാവസ്ഥമൂലം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രണ്ടുതവണ നഷ്ടം സംഭവിച്ചുവെന്ന് അയൽക്കാരനും മറ്റൊരു മഗാഹി കർഷകനുമായ അജയ് പറയുന്നു. 2019-ൽ, 45 വയസ്സുള്ള അയാൾ നാല് കത്ത യിൽ (കഷ്ടിച്ച് 5,444 ചതുരശ്രയടി) വെറ്റിലക്കൊടികൾ നട്ടിരുന്നു. കൊടും തണുപ്പിൽ അവ നശിച്ചു; 2021 ഒക്ടോബറിൽ ഗുലാബ് ചക്രവാതം കൊണ്ടുവന്ന പെരുമഴയിൽ വെറ്റിലകൾ നശിച്ചു. “രണ്ടുവർഷവും എനിക്ക് മൊത്തം 2 ലക്ഷം രൂപ നഷ്ടമായി”, അദ്ദേഹം ഓർത്തെടുക്കുന്നു.
*****
വെറ്റിലക്കൊടികൾ ആടി വീഴാതിരിക്കാൻ അജയ് ചൌരസ്യ അവയെ കനം കുറഞ്ഞ മുളവടികളിൽ, അഥവാ, സർക്കണ്ടയിൽ കെട്ടിവെക്കുന്നു. ഹൃദയത്തിന്റെ ആകൃതിയുള്ള തിളങ്ങുന്ന ആ പച്ചിലകൾ കൊടികളിൽ തൂങ്ങിനിന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ അവ പറിച്ചെടുക്കാൻ പാകമാകും.
ആ പച്ച കൂടാരത്തിന്റെ അകത്ത്, പുറത്തേക്കാൾ തണുപ്പായിരുന്നു. തീവ്രമായ ചൂടും തണുപ്പും, അധിക അളവിലുള്ള മഴയുമാണ് വെറ്റിലച്ചെടിക്ക് ഏറ്റവുമധികം ഭീഷണിയാവുന്നതെന്ന് അജയ് പറയുന്നു. വേനൽക്കാലത്ത്, പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിനേക്കാൾ അധികമാണെങ്കിൽ കൈകൊണ്ട് നനയ്ക്കേണ്ടിവരും. ചുമലിൽ വെച്ച മൺകുടത്തിലെ അഞ്ച് ലിറ്റർ വെള്ളം നിറച്ച്, സാവധാനത്തിൽ കൈകൊണ്ട് തേവി നനയ്ക്കും. ചെടികൾക്കിടയിൽ. “ചൂട് കൂടുതലുള്ള കാലത്ത് പല തവണ ഇത് ചെയ്യേണ്ടിവരും. എന്നാൽ തണുപ്പിൽനിന്നും മഴയിൽനിന്നും അവയെ രക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ല”, അയാൾ കൂട്ടിച്ചേർത്തു.
“കാലാവസ്ഥായിലുള്ള വ്യത്യാസം കാലം തെറ്റിയ താപനിലയ്ക്ക് എങ്ങിനെ കാരണമാകുന്നു എന്ന് സൂചിപ്പിക്കുന്ന പഠനങ്ങളൊന്നുമില്ലെങ്കിലും, മാറിവരുന്ന താപനിലയുടെ ക്രമം, കാലാവസ്ഥാ വ്യതിയാനത്തെത്തന്നെയാണ് സൂചിപ്പിക്കുന്നത്”, ഗയയിലെ കേന്ദ്ര സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എർത്ത്, ബയോളജിക്കൽ ഏൻഡ് എൻവയൺമെന്റൽ സയൻസിന്റെ ഡീൻ സാർഥി പറയുന്നു.
അജയ്ക്ക് എട്ട് കത്ത (ഏകദേശം 19,000 ചതുരശ്രയടി) ഭൂമി സ്വന്തമായുണ്ടെങ്കിലും അത് പല ഭാഗത്തായിട്ടാണ് കിടക്കുന്നത്. അതിനാൽ അദ്ദേഹ, മൂന്ന് കത്ത സ്ഥലം, വർഷത്തിൽ 5,000 രൂപയ്ക്ക് പാട്ടത്തിനെടുത്ത്, അതിൽ 75,000 രൂപ ചിലവഴിച്ച് മഗാഹി വെറ്റിലക്കൃഷി നടത്തുന്നുണ്ട്. നാട്ടിലെ ഒരു സ്വയം സഹായസംഘത്തിൽനിന്ന് 40,000 രൂപ വായ്പ എടുത്തിട്ടുണ്ട് അജയ. അടുത്ത എട്ട് മാസത്തിനുള്ളിൽ, മാസംതോറും 6,000 രൂപവെച്ച് അത് അടച്ചുതീർക്കണം. “ഇതുവരെയായി രണ്ട് അടവുകളിലൂടെ 12,000 രൂപ മാത്രമേ ഞാൻ അടച്ചിട്ടുള്ളു”, 2023 സെപ്റ്റംബറിൽ അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
അജയ്‌യുടെ ഭാര്യ, 40 വയസ്സുള്ള ഗംഗാ ദേവിയും ചില സമയങ്ങളിൽ അയാളെ സഹായിക്കാറുണ്ട്. മറ്റ് കർഷകരുടെ പാടത്ത് കൃഷിപ്പണിക്കും അവർ പോകാറുണ്ട്. “അദ്ധ്വാനമുള്ള ജോലിയാണെങ്കിലും ദിവസത്തിൽ ഞങ്ങൾക്ക് കിട്ടുന്നത് വെറും 200 രൂപ മാത്രമാണ്. അവരുടെ നാല് മക്കൾ - ഒമ്പത് വയസ്സുള്ള മകളും, 14, 13, 6 വയസ്സുകളുള്ള ആണ്മക്കളും – ധേവരിയിലെ ഒരു സർക്കാർ സ്കൂളിൽ പഠിക്കുന്നു.
അതി തീവ്ര കാലാവസ്ഥകൾമൂലമുണ്ടാകുന്ന വിളനഷ്ടം വെറ്റിലക്കർഷകരെ, കൃഷിയിലുള്ള അവരുടെ പ്രാവീണ്യത്താൽ, മറ്റ് കൃഷിക്കാരുടെ പാടങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്നു.
*****
മഗഹി വെറ്റിലയ്ക്ക് അതിന്റെ പേര് കിട്ടിയത്, മഗധയിൽനിന്നാണ്. അവിടെ മാത്രമാണ് അത് കൃഷി ചെയ്തിരുന്നത്. ദക്ഷിണ ബിഹാറിലെ ഗയ, ഔറംഗബാദ്, നവാദ, നളന്ദ ജില്ലകളുൾപ്പെടുന്ന പ്രദേശമാണ് മഗധ. “എങ്ങിനെയാണ്, എപ്പോഴാന് മഗഹി ചെടി ഇവിടെ എത്തിയതെന്ന് ആർക്കുമറിയില്ലെങ്കിലും തലമുറകളായി ഇതിവിടെ വളരുന്നു. ആദ്യത്തെ ചെടി മലേഷ്യയിൽനിന്നാണ് വന്നതെന്ന് കേട്ടിട്ടുണ്ട്”, രഞ്ജിത്ത് ചൌരസ്യ എന്ന കർഷകൻ പറഞ്ഞു. ഈ ചെടിയിൽ അതീവ താത്പര്യമുള്ള അദ്ദേഹമാണ്, മഗഹി വെറ്റിലക്ക് ഭൌമസൂചികാ പദവി (ജി.ഐ.) കിട്ടാൻവേണ്ടി അപേക്ഷിച്ചത്.
ഒരു ചെറിയ കുട്ടിയുടെ കൈപ്പത്തിയുടെ വലിപ്പമേ ഉള്ളൂ ഒരു മഗഹി വെറ്റിലയ്ക്ക്. 8 മുതൽ 15 സെന്റിമീറ്റർ നീളവും 6.6 മുതൽ 12 സെന്റിമീറ്റർവരെ വീതിയും. നാരുകൾ ഒട്ടുമില്ലാത്ത, ലോലവും മൃദുവുമായ ആ വെറ്റിലകൾ വായിലിടുമ്പോഴേക്കും അലിഞ്ഞുപോവും. മറ്റ് വെറ്റിലയിനങ്ങളിൽനിന്ന് അതിനെ വ്യത്യസ്തമാക്കുന്ന ഗുണമാണത്. കൂടുതൽ ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം. പറിച്ചുകഴിഞ്ഞാൽ 3-4 മാസംവരെ അത് സൂക്ഷിക്കാം.
നനഞ്ഞ തുണിയിൽ പൊതിഞ്ഞ്, തണുപ്പുള്ള സ്ഥലത്ത് സൂക്ഷിച്ചുവെക്കണം. ഏതെങ്കിലും ഇലകൾ വാടുന്നുണ്ടോ എന്ന് ദിവസവും പരിശോധിക്കുകയും വേണം. ഉണ്ടെങ്കിൽ ഉടനേ അത് മാറ്റിയില്ലെങ്കിൽ മറ്റ് ഇലകളിലേക്കും അത് പകരും”, രഞ്ജിത്ത് പറയുന്നു. തന്റെ അടച്ചുറപ്പുള്ള വീട്ടിലിരുന്ന് അദ്ദേഹം വെറ്റിലകൾ പൊതിഞ്ഞുവെക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.
200 ഇലകൾ ഒന്നിനുമുകളിലൊന്നായി വെച്ച്, അതിന്റെ ഞെട്ടുകൾ ഒരു അരിവാളുപയോഗിച്ച് അദ്ദേഹം വെട്ടി. പിന്നീട് അതിനെ ഒരു നൂലുകൊണ്ട് കെട്ടി, ഒരു മുളങ്കൊട്ടയിൽ സൂക്ഷിച്ചു. വെറ്റിലച്ചെടികൾ പൂക്കാറില്ല. അതിനാൽ അവയിൽ വിത്തുകളുമില്ല. ചെടികൾ മുറിച്ച് തൈ നടുകയാണ് ചെയ്യുക. “ഒരു കർഷകന്റെ വിള നഷ്ടമായാൽ, മറ്റുള്ള കർഷകർ അവരവരുടെ ചെടികളുടെ തൈകൾ മുറിച്ച് അയാൾക്ക് നൽകും. അതിന് ആരും പരസ്പരം പൈസ വാങ്ങാറുമില്ല”, രഞ്ജിത്ത് ചൌരസ്യ പറയുന്നു.
വെറ്റിലക്കൊടികൾ ബരേജയിലാണ് വളർത്തുക. ഒരു കത്ത (1,361 ചതുരശ്രയടി) വലിപ്പമുള്ള ഒരു തോട്ടം തയ്യാറാക്കാൻ ഏകദേശം 30,000 രൂപ ആവശ്യമാണ്. രണ്ട് കത്ത യ്ക്ക് 45,000 രൂപവരെ വില ഉയരാം. മണ്ണ് നന്നായി ഉഴുത്, നീളവും ആഴവുമുള്ള ചാലുകൾ കീറി, ചാലിന്റെ പൊങ്ങിനിൽക്കുന്ന അതിരുകളിലാണ് ഞെട്ടുകൾ നടുക. തന്മൂലം വെള്ളം വേരുകളിൽ കെട്ടിനിൽക്കില്ല. വെള്ളം അടിഭാഗത്ത് കെട്ടിനിന്നാൽ ചെടികൾ ചീഞ്ഞുപോകും.
ഒരു വർഷത്തെ അതിന്റെ ആയുസ്സിൽ, ഒരു മഗാഹി വെറ്റിലച്ചെടി 50 ഇലകൾ ഉത്പാദിപ്പിക്കും. ഒരു ഇല ഒരു രൂപയ്ക്കോ രണ്ട് രൂപയ്ക്കോ ആണ് പ്രാദേശിക ചന്തയിലും ഉത്തർ പ്രദേശിലെ ബനാറസ്സിലെ മൊത്തവില്പനച്ചന്തയിലും വിൽക്കുന്നത്. രാജ്യത്തിലെത്തന്നെ ഏറ്റവും വലിയ വെറ്റിലച്ചന്തയാണ് ബനാറസ്സിലേത്
മഗാഹി വെറ്റിലയ്ക്ക് 2017-ൽ ഭൌമസൂചികാ പുരസ്കാരം ലഭിച്ചു. മഗധാ ഭൂപ്രദേശത്തെ 439 ഹെക്ടറിൽ വളർത്തുന്ന വെറ്റിലകൾക്ക് മാത്രമാണ് ഈ ജി.ഐ. പദവി ലഭിച്ചിട്ടുള്ളത്. അത് ലഭിച്ചതോടെ കർഷകർക്ക് ആശ്വാസവും ആവേശവും തോന്നി. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും അതുകൊണ്ടുള്ള ഗുണഫലമൊന്നും കിട്ടിയില്ല എന്ന് അവർ പറയുന്നു. “സർക്കാർ ഇതിന് പ്രചാരം കൊടുക്കുമെന്ന് കൂടുതൽ ആവശ്യക്കാരും നല്ല വിലയും കിട്ടുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല”, രഞ്ജിത്ത് ചൌരസ്യ പാരിയോട് പറയുന്നു. “ഏറ്റവും ദു:ഖമുള്ള കാര്യം, ജി.ഐ. പദവിയുണ്ടായിട്ടും സർക്കാർ വെറ്റിലക്കൃഷിക്കാർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നതാണ്. സർക്കാർ ഇതിനെ ഒരു കൃഷിയായി കണക്കാക്കിയിട്ടില്ല”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ബിഹാറിൽ വെറ്റിലക്കൃഷി ഉദ്യാനക്കൃഷി യായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ, കർഷകർക്ക് വിള ഇൻഷുറൻസ് പോലുള്ള ഗുണഫലങ്ങളൊന്നും കിട്ടുന്നില്ല. “മോശമായ കാലാവസ്ഥമൂലം വിളകൾ നശിച്ചാൽ നഷ്ടപരിഹാരം കിട്ടുമെന്ന് മാത്രം. എന്നാൽ ആ നഷ്ടപരിഹാരത്തുക കേട്ടാൽ ചിരി വരും”, രഞ്ജിത്ത് ചൌരസ്യ പറയുന്നു. ഒരു ഹെക്ടറിലെ (ഏകദേശം 79 കത്ത) വിളനാശത്തിന് സർക്കാർ നൽകുന്നത് 10,000 രൂപയാണ്. “കത്തയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, ഓരോ കർഷകനും അവന്റെ വിളനാശത്തിന് കിട്ടുന്ന തുക ഒരു കത്തയ്ക്ക് വെറും 126 രൂപവെച്ച് മാത്രം”. ഇതുതന്നെ കിട്ടണമെങ്കിൽ ജില്ലാ കൃഷി ഓഫീസിൽ പലതവണ കയറിയിറങ്ങേണ്ടിവരുമെന്നുള്ളതിനാൽ, കർഷകർ പലപ്പോഴും നഷ്ടപരിഹാരം ചോദിക്കാറില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
*****
2023-ലെ കനത്ത ചൂടിൽ വിളകൾ നഷ്ടപ്പെട്ടതിനുശേഷം സുനിലും ഭാര്യയും മറ്റ് കർഷകരുടെ വെറ്റിലത്തോട്ടത്തിലാണ് ജോലിയെടുക്കുന്നത്. “വീട്ടുകാര്യങ്ങൾ നടത്താൻ, കൂലിപ്പണി ചെയ്യേണ്ട അവസ്ഥയിലാണ് ഞാൻ. ബരേജയിൽ ജോലി ചെയ്യാൻ എളുപ്പമാണ്. കാരണം, എത്രയോ വർഷങ്ങളായി ഞാൻ വെറ്റിലക്കൃഷി ചെയ്തിരുന്നു”, അയാൾ പറയുന്നു. സുനിലിന് ദിവസം 300 രൂപയും ഭാര്യ കരുണാ ദേവിക്ക് 200 രൂപയും കിട്ടുന്നുണ്ട്. ദിവസത്തിൽ 8-10 മണിക്കൂർ ജോലിക്ക്. 3 വയസ്സുള്ള മകളും, ഒന്നും, അഞ്ചും, ഏഴും വയസ്സുകളുള്ള ആണ്മക്കളുമടക്കം ആറ് പേരുള്ള കുടുംബം ജീവിച്ചുപോകുന്നത് ആ വരുമാനംകൊണ്ടാണ്.
2020-ൽ കോവിഡ് മൂലമുണ്ടായ ലോക്ക്ഡൌണിലും നഷ്ടങ്ങളുണ്ടായി. “ലോക്ക്ഡൌൺ കാലത്ത്, ചന്തമുതൽ, വാഹനങ്ങൾവരെ എല്ലാം പൂട്ടിപ്പോയി. 500 ധോലി (200 വെറ്റിലകളുടെ ഒരു കെട്ട്) വെറ്റില വീട്ടിലുണ്ടായിരുന്നു. വിൽക്കാൻ പറ്റാതെ അവയൊക്കെ ചീഞ്ഞുപോയി”, അയാൾ ഓർമ്മിക്കുന്നു.
കരുണാ
ദേവി പറയുന്നു, “ഈ വെറ്റിലക്കൃഷി ഉപേക്ഷിക്കാൻ ഞാൻ പലപ്പോഴും മൂപ്പരോട് പറയാറുണ്ട്”.
എന്നാൽ സുനിൽ അവരുടെ ആശങ്കകളെ തള്ളിക്കളയുന്നു. “ഇത് ഞങ്ങളുടെ പൂർവ്വികരുടെ പൈതൃകമാണ്.
എങ്ങിനെ അത് ഉപേക്ഷിക്കാനാകും? ഇനി, ഉപേക്ഷിച്ചാൽത്തന്നെ ഞങ്ങൾ മറ്റെന്ത് ചെയ്യാനാണ്?”
ബീഹാറിലെ പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു ട്രേഡ് യൂണിയനിസ്റ്റിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഫെല്ലോഷിപ്പ് ഉപയോഗപ്പെടുത്തിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
പരിഭാഷ: രാജീവ് ചേലനാട്ട്