“2020-ലെ ലോക്ഡൌണിൽ ചില ആളുകൾ ഞങ്ങളുടെ 1.20 ഏക്കർ ഭൂമിയുടെ അതിർത്തിയിൽ വന്നു,” ഫഗുവ ഒറാംവ് പറയുന്നു. തുറസ്സായ ഒരു പറമ്പിനെ വലംവെച്ചുകൊണ്ട് പണിത ഇഷ്ടിക്കച്ചുമരിലേക്ക് ചൂണ്ടിയാണ് 30-കളുടെ തുടക്കത്തിലുള്ള ആ ആദിവാസി കർഷകൻ അത് പറഞ്ഞത്. ഒറാംവ് സമുദായക്കാർ ധാരാളമുള്ള ഖൂട്ടി ജിലയിലെ ദുമാരി ഗ്രാമത്തിലായിരുന്നു ഞങ്ങൾ. “‘ഈ സ്ഥലം നിങ്ങളുടെയല്ല, മറ്റ് ചിലരുടെയാണ്’ എന്ന് പറഞ്ഞ് അവർ അത് അളക്കാൻ തുടങ്ങി,” ഞങ്ങളതിനെ എതിർത്തു.

“സംഭവം നടന്ന് 15 ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ ഗ്രാമത്തിൽനിന്ന് 30 കിലോമീറ്റർ അകലെ, ഖൂട്ടിയിലുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയടുത്ത് പോയി. ഓരോ യാത്രയ്ക്കും 200 രൂപയിലധികം വേണം. അവിടെ ഒരു അഭിഭാഷകന്റെ സഹായം ഞങ്ങൾക്ക് ആവശ്യമായിരുന്നു. ആ മനുഷ്യൻ ഞങ്ങളുടെ കൈയ്യിൽനിന്ന് 2,500 രൂപ വാങ്ങി. എന്നാൽ ഒന്നും സംഭവിച്ചില്ല.

“അതിനുമുൻപ്, ഞങ്ങൾ ഞങ്ങളുടെ ബ്ലോക്കിലെ സോണൽ ഓഫീസിലേക്ക് പോയി. ഇതിനെക്കുറിച്ച് പരാതി പറയാൻ പൊലീസ് സ്റ്റേഷനിലേക്കും പോയി. ഭൂമിയിന്മേലുള്ള അവകാശം ഒഴിഞ്ഞുതരണമെന്ന് പറഞ്ഞ് ഞങ്ങൾക്ക് ഭീഷണി ലഭിക്കാറുണ്ടായിരുന്നു. തീവ്രവലതുപക്ഷത്തുള്ള ഒരു സംഘടനയുടെ ജില്ലാതല ഔദ്യോഗിക ഭാരവാഹി ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്നാൽ കോടതിയിൽ ഒരു വിചാരണയും നടന്നില്ല. ഇപ്പോൾ ഞങ്ങളുടെ ഭൂമിയിലാണ് ഈ മതിൽ നിൽക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഞങ്ങൾ ഇതിന്റെ ചുറ്റും ഓടീക്കൊണ്ടിരിക്കുകയാണ്.

“1930-ൽ ബാൽചന്ദ് സാഹു എന്ന ഭൂപ്രഭുവിൽനിന്ന് എന്റെ മുത്തച്ഛൻ ലൂസ ഒറാംവാണ് ഈ സ്ഥലം വാങ്ങിയത്. ഈ സ്ഥലത്താണ് ഞങ്ങൾ  കൃഷി ചെയ്തിരുന്നത്. 1930 മുതൽ 2015-വരേക്കുള്ള വാടക രശീതികളും ഞങ്ങളുടെ പക്കലുണ്ട്. അതിനുശേഷം 2016-ലാണ് ഓൺലൈൻ സംവിധാനം തുടങ്ങിയത്. ആ ഓൺലൈൻ രേഖകളിൽ ഞങ്ങളുടെ സ്ഥലം, മുൻ ഭൂവുടമയുടെ അനന്തരാവകാശികളുടെ പേരിലാണ് കാണിക്കുന്നത്. എങ്ങിനെ ഇത് സംഭവിച്ചു എന്ന് ഞങ്ങൾക്കറിയില്ല.”

കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ലാൻഡ് റിക്കാർഡ്സ് മോഡണൈസേഷൻ പ്രോഗ്രാം (ഡി.ഐ.എൽ.ആർ.എം.പി) വഴിയാണ് ഫഗുവ ഒറാംവിന് തന്റെ സ്ഥലം നഷ്ടമായത്. രാജ്യത്തെ എല്ലാ സ്ഥലത്തിന്റേയും രേഖകളെ ഡിജിറ്റൈസ് ചെയ്ത്, കേന്ദ്രീകൃതമായ ഒരു ഡേറ്റാബേസ് സൃഷ്ടിക്കാനുള്ള പദ്ധതിയായിരുന്നു അത്. അത്തരം രേഖകളെ ആധുനികമായി കൈകാര്യം ചെയ്യാനുള്ള പദ്ധതിക്ക് കീഴിൽ, 2016 ജനുവരിയിൽ സംസ്ഥാന സർക്കാർ ഒരു ലാൻഡ് ബാങ്ക് പോർട്ടൽ ആരംഭിച്ചു. ഭൂമികളെക്കുറിച്ചുള്ള ജില്ലാതല വിവരങ്ങളാണ് ആ പോർട്ടലിലുള്ളത്. “സ്ഥലങ്ങളെക്കുറിച്ചും / വസ്തുവകകളെക്കുറിച്ചുമുള്ള തർക്കങ്ങൾ കുറയ്ക്കുകയും, സ്ഥലത്തെക്കുറിച്ചുള്ള രേഖകളുടെ സൂക്ഷിപ്പിൽ സുതാര്യത കൈവരിക്കുകയും ചെയ്യുക” എന്നതായിരുന്നു അതിന്റെ ലക്ഷ്യം.

എന്നാൽ ഫഗുവയ്ക്കും അദ്ദേഹത്തെപ്പോലുള്ള മറ്റ് പലർക്കും ഇത് നേർ വിപരീതമായ ഫലമാണ് ഉണ്ടാക്കിയത്.

“സ്ഥലത്തെക്കുറിച്ച് ഓൺലൈനിൽ എന്താണ് സ്ഥിതി എന്നറിയാൻ ഞങ്ങൾ പ്രഗ്യാ കേന്ദ്രത്തിലേക്ക് പോയി.” ജാർഘണ്ടിലെ കോമൺ സർവീസ് സെന്ററുകൾക്കായുള്ള ഏകജാലക സംവിധാനമാണ് ഈ കേന്ദ്രം. ഫീസ് വാങ്ങി, ഗ്രാമ പഞ്ചായത്തിൽ പൊതുസേവനങ്ങൾ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ കീഴിലാണ് ഇത്. “ഓൺലൈൻ രേഖകൾപ്രകാരം, സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ നാഗേന്ദ്ര സിംഗ് ആണ്. അയാൾക്ക് മുമ്പ് സഞ്ജയ് സിംഗും. സഞ്ജയ് സിംഗ് ഇത് ബിന്ദു ദേവിക്ക് വിറ്റു. അയാൾ അത് നാഗേന്ദ്ര സിംഗിനും.

ഞങ്ങളുടെ അറിവില്ലാതെ, ഭൂവുടമയുടെ പിൻ‌ഗാമികൾ ഒരേ സ്ഥലം രണ്ടും മൂന്നും തവണ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നുവെന്നാണ് മനസ്സിലാവുന്നത്. എന്നാൽ, 1930 മുതൽ 2015-വരേക്കുള്ള ഓഫ്‌ലൈൻ രശീതികൾ ഞങ്ങളുടെ കൈവശമിരിക്കുമ്പോൾ ഇതെങ്ങിനെ സാധിക്കും? ഞങ്ങൾ ഇതിനകം 20,000 രൂപയിലധികം ചിലവാക്കിക്കഴിഞ്ഞു. ഇപ്പൊഴും ഓടിക്കൊണ്ടിരിക്കുകയാണ്. പൈസ സ്വരൂപിക്കാൻ ഞങ്ങൾക്ക് വീട്ടിലുള്ള ഭക്ഷ്യധാന്യങ്ങൾ വിൽക്കേണ്ടിവന്നു. എന്നാലിന്ന്, ഞങ്ങളുടെ പറമ്പിലെ ആ മതിൽ കാണുമ്പോൾ, ഞങ്ങൾക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. ഈ പോരാട്ടത്തിൽ ഞങ്ങളെ സഹായിക്കാൻ ആർക്കാണ് കഴിയുക എന്ന് ഞങ്ങൾക്കറിയില്ല.”

PHOTO • Om Prakash Sanvasi
PHOTO • Jacinta Kerketta

ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യാൻ കഴിഞ്ഞ ചില വർഷങ്ങളായി നടക്കുന്ന ശ്രമങ്ങൾക്കിടയിൽ, സ്വന്തം ഭൂമി നഷ്ടപ്പെട്ട ഖൂട്ടിയിലെ നിരവധി ആദിവാസികളിലൊരാളാണ് ഫഗുവ ഓറാംവ്(ഇടത്ത്). തനിക്ക് കിട്ടിയ 1.20 ഏക്കർ സ്ഥലത്തിന് 2015 വരേക്കുള്ള വാടക രശീതിയുടെ പകർപ്പുകൾ കൈയ്യിലുണ്ടായിട്ടും തന്റെ പണവും ഊർജ്ജവും ചിലവാക്കി ആ സ്ഥലം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ന് അദ്ദേഹം

*****

ഭൂമിയിന്മേലുള്ള അവകാശത്തിനായുള്ള സുദീർഘവും സങ്കീർണ്ണവുമായ ചരിത്രമുണ്ട് ജാർഘണ്ടിന്. ആദിവാസി ജനങ്ങൾ താമസിക്കുന്ന ധാതുസമ്പന്നമായ സ്ഥലങ്ങളിന്മേലുള്ള  അവകാശങ്ങൾ ലംഘിക്കാൻ നയങ്ങളും രാഷ്ട്രീയപ്പാർട്ടികളും അക്രമാസക്തമായി ഇടപെടാറുണ്ട് ഇവിടങ്ങളിൽ. ഇന്ത്യയുടെ ധാതുനിക്ഷേപങ്ങളുടെ 40 ശതമാനവും ഈ സംസ്ഥാനത്താണുള്ളത്.

2011-ലെ ദേശീയ സെൻസസ് പ്രകാരം, സംസ്ഥാനത്ത് 23,721 ചതുരശ്രകിലോമീറ്ററിലായി 29.76 ശതമാനം വനാവരണമുണ്ട്. പട്ടികഗോത്രക്കാരായി (ഷെഡ്യൂൾഡ് ട്രൈബ്സ് – എസ്.ടി) പട്ടികപ്പെടുത്തിയിട്ടുള്ള 32 തനത് സമുദായങ്ങൾ, സംസ്ഥാന ജനസംഖ്യയുടെ 26 ശതമാനം, അഥവാ നാലിലൊന്ന് വരും. 13 ജില്ലകൾ പൂർണ്ണമായും, മൂന്നെണ്ണം ഭാഗികമായും അഞ്ചാം ഷെഡ്യൂളിനകത്താണ്.

തങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട പ്രകൃതിവിഭവങ്ങളുടെ അവകാശങ്ങൾക്കായി ആദിവാസി സമൂഹങ്ങൾ, സ്വാതന്ത്ര്യപൂർവ കാലഘട്ടം മുതൽ പോരാടിയിരുന്നു. 50 വർഷത്തിലേറെ നിലനിന്ന അവരുടെ കൂട്ടായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് 1833-ൽ അവരുടെ അവകാശങ്ങൾക്ക് ഔപചാരികമായി അംഗീകാരം, ഹുകുക് - നാമ ലഭിച്ചത്. സാമുദായികമായ കാർഷികാവകാശങ്ങൾക്കും പ്രാദേശിക സ്വയംഭരണത്തിനുമായി, സ്വാതന്ത്ര്യത്തിനും മുൻപുതന്നെ, ആദിവാസികൾക്ക് ലഭിച്ച ഔദ്യോഗികമായ അംഗീകാരമായിരുന്നു അത്.

അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളുടെ ഭരണഘടനാപരമായ പുനസ്ഥാപനത്തിനും ഏറെ മുൻപുതന്നെ, 1908-ൽ ദ് ചോട്ടാ നാഗ്പുർ ടെനൻസി ആക്ടും (സി.എൻ.ടി.എ) 1876-ലെ സന്താൾ പർഗാനാസ് ടെനൻസി ആക്ടും (എസ്.പി.ടി.എ) ഈ പ്രത്യേക മേഖലകളിലെ ആദിവാസികളുടേയും (എസ്.ടി.കൾ) മൂൽ‌വാസികളുടേയും (എസ്.സി, ബി.സി തുടങ്ങിയവർ) അവകാശങ്ങൾ അംഗീകരിച്ചിരുന്നു.

*****

ഒരു ജന്മിയിൽനിന്ന് തങ്ങളുടെ പൂർവ്വികർ വാങ്ങിയ ഭൂമിയെ ആശ്രയിച്ചാണ് ഫഗുവ ഒറാംവും കുടുംബവും ജീവിച്ചിരുന്നത്. അതിനുപുറമേ, തങ്ങളുടെ ഒറാംവ് പൂർവ്വികർക്ക് അവകാശപ്പെട്ട 1.50 ഏക്കർ ഭുയിൻഹരി യും അവരുടെ കൈവശമുണ്ടായിരുന്നു.

കാട് വെട്ടിത്തെളിച്ച്, ഭൂമിയെ നെൽ‌പാടങ്ങളാക്കി മാറ്റി, അവിടെയൊരു വാസസ്ഥലമുണ്ടാക്കിയ പൂർവ്വികരുടെ ആശ്രിതന്മാരുടെ അത്തരം ഭൂമിയെയാണ് ഒറാംവ് മേഖലയിൽ ഭുയിൻഹാരി യെന്നും മുണ്ട മേഖലയിൽ മുണ്ടാരിഖു ട്കട്ടി എന്നും വിളിച്ചുപോരുന്നത്.

“ഞങ്ങൾ മൂന്ന് സഹോദരന്മാരാണ്. എല്ലാ‍വർക്കും കുടുംബങ്ങളുണ്ട്. മൂത്ത സഹോദരനും നടുവിലുള്ള ആൾക്കും മൂന്ന് കുട്ടികൾവീതം ഉണ്ട്. എനിക്ക് രണ്ട് മക്കളും. കുടുംബാംഗങ്ങൾ ഒരുമിച്ചാണ് പാടങ്ങളും കുന്നുമ്പ്രദേശങ്ങളും കൃഷി ചെയ്യുന്നത്. നെല്ല്, ചെറുധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ ഞങ്ങളുണ്ടാക്കുന്നു. അതിൽ പകുതി സ്വന്തമാവശ്യത്തിന് മാറ്റിവെച്ച്, ബാക്കി പകുതി, പണത്തിനാവശ്യം വരുമ്പോൾ വിൽക്കും. ഞങ്ങൾക്ക് അതുമാത്രമേയുള്ളു ജീവിക്കാൻ,” ഫഗുവ പറയുന്നു.

ഒറ്റവിളയ്ക്ക് പറ്റിയ ഭൂപ്രകൃതിയിൽ വർഷത്തിൽ ഒരിക്കലേ കൃഷി നടക്കൂ. ബാക്കിയുള്ള കാലങ്ങളിൽ, കർ‌റ ബ്ലോക്കിലെ തങ്ങളുടെ ഗ്രാമത്തിലും ചുറ്റുവട്ടത്തുമുള്ള കൂലിപ്പണികളെ ആശ്രയിക്കണം, ജീവിക്കാൻ.

കുടുംബ ഉടമസ്ഥതയിലുള്ള ഭൂമിക്കപ്പുറത്തേക്കും പോകുന്നുണ്ട്, ഡിജിറ്റൈസേഷനും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും.

PHOTO • Jacinta Kerketta

ഖൂട്ടി ജില്ലയിലെ കൊസാംബി ഗ്രാമത്തിലെ സംയുക്ത പർഹ കമ്മിറ്റി മീറ്റിംഗി പങ്കെടുക്കാൻ ഒത്തുകൂടിയ ആളുകൾ. 1932-ലെ ഭൂസർവേ അടിസ്ഥാനപ്പെടുത്തിയുള്ള സാമുദായികവും സ്വകാര്യവുമായ ഭൂവുടമസ്ഥതയെക്കുറിച്ചുള്ള രേഖകൾ - ഖതിയാൻ എന്നാണ് പേര് – കാണിച്ചുകൊണ്ട്, ആദിവാസികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ കമ്മിറ്റി ശ്രമം നടത്തുന്നുണ്ട്

അഞ്ച് കിലോമീറ്റർ അകലെ, കൊസാംബി ഗ്രാമത്തിൽ, ബന്ധു ഹൊരോ തങ്ങളുടെ പൊതുഭൂമിയെക്കുറിച്ചുള്ള കഥകൾ ഓർത്തെടുക്കുന്നു. “2022 ജൂണിൽ, ചില ആളുകൾ വന്ന്, ഞങ്ങളുടെ സ്ഥലത്ത് വേലി കെട്ടി. അവർ ജെ.സി.ബി.യുമായി (ജെ.സി. ബാം‌ഫോർഡ് എക്സ്കവേറ്ററുകൾ) വന്നപ്പോൾ, ഗ്രാമക്കാർ ഒത്തുകൂടി, അവരെ തടഞ്ഞു.

“ഗ്രാമത്തിൽനിന്നുള്ള ഏകദേശം 20-25 ആദിവാസികൾ വന്ന് പാടത്തിരുന്നു,” അതേ ഗ്രാമത്തിൽനിന്നുള്ള 76 വയസ്സുള്ള ഫ്ലോറ ഹൊരോ സംസാരത്തിൽ ചേർന്നു. “ആളുകൾ പാടങ്ങൾ ഉഴുകാനും തുടങ്ങി. സ്ഥലം വാങ്ങാൻ താത്പര്യപ്പെട്ട ആൾ പൊലീസിനെ വിളിച്ചു. പക്ഷേ ഗ്രാമീണർ വൈകീട്ടുവരെ അവിടെ ഇരുന്നു. പിന്നീട്, പാടത്ത് സുർഗുജ (ഒരുതരം ഔഷധവിത്ത്, ഗുയിസൊട്ടിയാ അബിസിനിക) വിതച്ചു,” അദ്ദേഹം പറയുന്നു.

ഞ്ചിഹസ് എന്ന് വിളിക്കുന്ന 83 ഏക്കർ ഭൂമിയുണ്ട് കൊസാംബി ഗ്രാമത്തിൽ,” 36 വയസ്സുള്ള ഗ്രാമപ്രധാൻ വികാസ് ഹൊരോ വിശദമാക്കുന്നു. “ഭൂവുടമയെ അംഗീകരിക്കാനായി ആദിവാസി സമൂഹം സവിശേഷമായി മാറ്റിവെക്കുന്ന ഭൂമിയാണത്. ഗ്രാമത്തിലെ ജനങ്ങൾ ഒരുമിച്ച് ഈ സ്ഥലത്ത് കൃഷി ചെയ്ത്, അതിൽനിന്ന് വിളവെടുക്കുന്ന ഭാഗം, ഭൂവുടമയുടെ കുടുംബത്തിന്, ‘നന്ദി പ്രകടിപ്പിക്കാൻ’, അഥവാ സലാമി യായി നൽകുന്നു. സംസ്ഥാനത്ത് പിടിമുറുക്കിയ ജന്മിത്വം അവസാനിച്ചിട്ടും ഈ വിധേയത്വം ഇതുവരെ അവസാനിച്ചിട്ടില്ല. “ഇക്കാലത്തും, ഗ്രാമങ്ങളിലെ മിക്ക ആദിവാസികൾക്കും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോദ്ധ്യമില്ല.”

സമാനമായ ഒരു കഥ പറയാനുണ്ട് 35 വയസ്സുള്ള കർഷകനായ സെതെംഗ് ഹൊരോയ്ക്കും. സഹോദരന്മാരെപ്പോലെ അയാളുടെ കുടുംബവും ഉപജീവനത്തിനായി അവരുടെ കൂട്ടുടമസ്ഥതയിലുള്ള 10 ഏക്കർ സ്ഥലത്തെയാണ് ആശ്രയിക്കുന്നത്. “ജന്മിത്ത സമ്പ്രദായം അവസാനിച്ചതോടെ, ഞ്ചിഹസി ന്റെ ഉടമസ്ഥത, അവിടെ കൃഷി ചെയ്യുന്നവർക്ക് ലഭിച്ചിട്ടുണ്ടെന്നത് ആദ്യം ഞങ്ങൾ അറിഞ്ഞിരുന്നില്ല. അത് അറിയാത്തതുകൊണ്ട്, കൃഷി ചെയ്തതിനുശേഷം, ഒരു ഭാഗം ഞങ്ങൾ പഴയ ജന്മിയുടെ കുടുംബത്തിന് പിന്നെയും നൽകിപ്പോന്നിരുന്നു. അവർ ആ സ്ഥലം നിയമവിരുദ്ധമായി വിൽക്കാൻ തുടങ്ങിയപ്പോഴാണ് ഞങ്ങൾ സ്വയം സംഘടിച്ചതും, ഞങ്ങളുടെ ഭൂമി സംരക്ഷിക്കാൻ ആരംഭിച്ചതും,” അയാൾ പറയുന്നു.

“1950-നും 1955-നും ഇടയ്ക്കാണ് ബിഹാർ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത്,” റാഞ്ചിയിലെ മുതിർന്ന അഭിഭാഷകനായ രശ്മി കാത്യായൻ പറയുന്നു. “മുൻ ഭൂവുടമകൾ സ്വന്തമായി കൃഷി ചെയ്യുന്ന ഭൂമിയൊഴിച്ച്, സ്ഥലത്തിന്മേലുള്ള ജന്മിമാരുടെ എല്ലാ അവകാശങ്ങളും – കൃഷി ചെയ്യാത്ത ഭൂമി പാട്ടത്തിന് കൊടുക്കുക, വാടകയും നികുതിയും പിരിക്കുക, തരിശുഭൂമികളിലെ പുതിയ റയത്തുകൾ ഒത്തുതീർപ്പാക്കുക, ഗ്രാമച്ചന്തകളിൽനിന്നും മേളകളിൽനിന്നും നികുതി പിരിക്കുക തുടങ്ങിയ അവകാശങ്ങൾ - അതോടെ സർക്കാരിൽ നിക്ഷിപ്തമായി.

“മുൻ ഭൂവുടമകൾ അത്തരം ഭൂമിയുടേയും ഞ്ചിഹസ് എന്ന പേരിൽ വിശേഷാധികാരമായി കിട്ടുന്ന ഭൂമിയുടേയും കണക്കുകൾ ഫയൽ ചെയ്യാൻ ബാധ്യസ്ഥരായി. പക്ഷേ അവർ ആ സ്ഥലങ്ങൾ അവരുടെ സ്വന്തമായി കണക്കാക്കി. കണക്കുകൾ ഫയൽ ചെയ്യാനും അവർ തയ്യാറായില്ല. എന്നുമാത്രമല്ല, ജന്മിത്വം നിരോധിക്കപ്പെട്ടിട്ടുപോലും, ഗ്രാമീണരിൽനിന്ന് അവർ വിളവിന്റെ പകുതി വാങ്ങുകയും ചെയ്തിരുന്നു. ഡിജിറ്റൈസേഷനെത്തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി ഭൂമിയെച്ചൊല്ലിയുള്ള സംഘർഷങ്ങൾ വർദ്ധിച്ചിട്ടുണ്ട്,” 72 വയസ്സുള്ള കാത്യായൻ പറയുന്നു.

ഖൂട്ടി ജില്ലയിലെ മുൻ ഭൂവുടമകളുടെ അനന്തരാവകാശികളും ഗോത്രങ്ങളും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, 45 വയസ്സുള്ള അഭിഭാഷകൻ അനൂപ് മിഞ്ജ് പറയുന്നു, “ഭൂവുടമകളുടെ അനന്തരാവകാശികളുടെ കൈയ്യിൽ വാടക രശീതികളോ, ഇത്തരം ഭൂമിയുടെ ഉടമസ്ഥതയോ ഇല്ലെങ്കിലും, അവർ ഓൺലൈനിലൂടെ ആ ഭൂമികൾ തിരിച്ചറിഞ്ഞ് ആർക്കെങ്കിലും വിൽക്കുകയാണ്. 1908-ലെ ചോട്ട നാഗ്പുർ ടെനൻസി ആക്ടിലെ ഒക്ക്യുപ്പൻസി റൈറ്റ് വിഭാഗപ്രകാരം, 12 വർഷത്തിലധികം ഈ മഞ്ചിഹസ് ഭൂമിയിൽ കൃഷി ചെയ്യുന്നവന് സ്വാഭാവികമായും ഈ ഭൂമിയിൽ അവകാശം ലഭിക്കും. അതിനാൽ, ഇവിടെ കൃഷി ചെയ്യുന്ന ആദിവാസികൾക്ക് ഈ ഭൂമിയിന്മേൽ അവകാശമുണ്ട്.”

PHOTO • Jacinta Kerketta

തങ്ങൾ സമൂഹകൃഷി ചെയ്യുന്ന സ്ഥലം കൊസാംബിയിലെ ഗ്രാമീണർ കാണിച്ചുതരുന്നു. സുദീർഘവും സംഘടിതവുമായ പോരാട്ടത്തിലൂടെയാണ് അവർ ഈ സ്ഥലം, മുൻ ജന്മിയുടെ അനന്തരാവകാശികളിൽനിന്ന് മോചിപ്പിച്ചത്

ഈ പാടങ്ങൾ കൃഷി ചെയ്യുന്ന ആളുകളെ സംഘടിപ്പിച്ചുകൊണ്ട്, കഴിഞ്ഞ കുറേ വർഷങ്ങളായി യുണൈറ്റഡ് പർഹ കമ്മിറ്റി ഇവിടെ സജീവമാണ്. ആദിവാസി സ്വയം ഭരണത്തിന്റെ പരമ്പരാഗത ജനാധിപത്യ പർഹ സംവിധാനത്തിലൂടെയാണ് അവർ ഇത് ചെയ്യുന്നത്. 12 മുതൽ 22 ഗ്രാമങ്ങൾവരെയാണ് സാധാരണയായി പർഹയിൽ ഉണ്ടാവുക.

“ഖൂട്ടി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഈ പോരാട്ടം നടന്നുകൊണ്ടിരിക്കുന്നു” എന്ന്, കമ്മിറ്റിയിലെ സാമൂഹിക പ്രവർത്തകനായ 45 വയസ്സുള്ള ആൽ‌ഫ്രഡ് ഹൊരോ പറയുന്നു. “ജില്ലയിലെ ടോർപ ബ്ലോക്കിലെ 300 ഏക്കറും, കർ‌റ ബ്ലോക്കിലെ തിയുഗുതു ഗ്രാമത്തിലെ (തിയു എന്നും വിളിക്കുന്നു) 23-ഉം, പർഗാംവിലെ 40-ഉം, കൊസാംബി ഗ്രാമത്തിലെ 83-ഉം, മധുകാമ ഗാമത്തിലെ 45-ഉം, മെഹാൻ ഗ്രാമത്തിലെ (മെഹ എന്നും വിളിക്കുന്നു) 23-ഉം, ഛാത ഗ്രാമത്തിലെ 90-ഉം ഏക്കർ ഭൂമികൾ തിരിച്ചുപിടിക്കാൻ ഭൂവുടമയുടെ പിൻ‌ഗാമികൾ ശ്രമിക്കുന്നുണ്ട്. ആദിവാസികൾക്കവകാശപ്പെട്ട 700 ഏക്കർ ഭൂമി, ഇക്കാലത്തിനുള്ളിൽ സംയുക്ത പാർഹ കമ്മിറ്റി വീണ്ടെടുത്തിട്ടുണ്ട്,” ആൽ‌ഫ്രഡ് കൂട്ടിച്ചേർത്തു.

1932-ലെ ഭൂസർവേ അടിസ്ഥാനപ്പെടുത്തിയുള്ള സാമുദായികവും സ്വകാര്യവുമായ ഭൂവുടമസ്ഥതയെക്കുറിച്ചുള്ള രേഖകൾ - ഖതിയാൻ എന്നാണ് പേര് – കാണിച്ചുകൊണ്ട്, ആദിവാസികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ സംയുക്ത പാർഹ കമ്മിറ്റി അദ്ധ്വാനിച്ചുകൊണ്ടിരിക്കുകയാണ്. ഏത് ഭൂമിയിൽ ആർക്കാണ് അവകാശം, ആ ഭൂമിയുടെ പ്രകൃതം എന്താണ് എന്നൊക്കെയുള്ള വിശദമായ വിവരങ്ങൾ അതിലുണ്ട്. തങ്ങൾ സമൂഹമായി കൃഷി ചെയ്യുന്ന സ്ഥലങ്ങൾ തങ്ങളുടെ പൂർവ്വികരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്ന് ആദിവാസികൾ തിരിച്ചറിയുന്നത്, ഈ ഖതിയാൻ എന്ന രേഖ കാണുമ്പോൾ മാത്രമാണ്. അത് മുൻ ജന്മികളുടേതല്ലെന്നും, ജന്മിത്വസമ്പ്രദായം അവസാനിച്ചുവെന്നും അപ്പോഴാണ് അവർക്ക് മനസ്സിലാവുന്നതും.

“ആളുകൾക്ക് ഭൂമിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഡിജിറ്റൽ ഇന്ത്യയിലൂടെ ഓൺലൈനായി കാണാൻ കഴിയുന്നതുകൊണ്ടാണ് സംഘർഷങ്ങൾ വർദ്ധിക്കുന്നത്,” ഖൂട്ടിയിലെ മെർലെ ഗ്രാമത്തിലെ എപീൽ ഹൊരോ പറയുന്നു. “2024, മേയ് 1-ന് ചില ആളുകൾ ഗ്രാമത്തിനടുത്തുള്ള ഞ്ചിഹസ് ഭൂമിക്ക് ചുറ്റും വേലി കെട്ടാൻ വന്നു. തങ്ങൾ ആ സ്ഥലം വാങ്ങിയിട്ടുണ്ട് എന്നായിരുന്നു അവരുടെ വാദം. ഗ്രാമത്തിൽനിന്നുള്ള 60-ഓളം സ്ത്രീകളും പുരുഷന്മാരും സംഘടിച്ചുവന്ന് അവരെ തടഞ്ഞു.”

“മുൻ ഭൂവുടമകളുടെ അനന്തരാവകാശികൾക്കും ഓൺലൈനായി ഞ്ചിഹസ് ഭൂമി കാണാൻ സാധിക്കും. അത് തങ്ങൾക്കവകാശപ്പെട്ട ‘സവിശേഷ’മായ സ്വത്തായി കണക്കാക്കി അവർ നിയമവിരുദ്ധമായി വിൽക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ കൂട്ടായ ശ്രമം ഉപയോഗിച്ച് ഞങ്ങൾ അവരുടെ പിടിച്ചുപറിയെ ചെറുക്കുന്നു,” എപീൽ ഹൊരോ പറയുന്നു. ഈ മുണ്ട ഗ്രാമത്തിലെ 36 ഏക്കർ ഭൂമി ഞ്ചിഹസ് ഭൂമിയാണ്. തലമുറകളായി ഗ്രാമീണർ കൂട്ടായി കൃഷി ചെയ്യുന്ന സ്ഥലവുമാണിത്.

“ഗ്രാമത്തിലെ ആളുകൾക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല,” 30 വയസ്സുള്ള ഭരോസി ഹൊരോ പറയുന്നു. “രാജ്യത്തെ എന്തൊക്കെ നിയമങ്ങളാണ് വരുന്നത്, മാറുന്നത് എന്നൊന്നും ഞങ്ങൾക്കറിയില്ല. പഠിപ്പുള്ളവർക്ക് ധാരാളം കാര്യങ്ങളറിയാം. പക്ഷേ ആ അറിവ് വെച്ച് അവർ പഠിപ്പില്ലാത്തവരെ കൊള്ളയടിക്കുകയാണ്. അവരെ ഉപദ്രവിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആദിവാസികൾ ചെറുക്കുന്നത്.”

ഇടവിട്ട് വൈദ്യുതി പോവുകയും, മോശമായ ഇന്റർനെറ്റ് ബന്ധവുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി ആളുകളിലേക്ക് ഇനിയും ഈ കൊട്ടിഘോഷിക്കപ്പെട്ട “ഡിജിറ്റൽ വിപ്ലവം’ എത്തിച്ചേർന്നിട്ടില്ല. ജാർഘണ്ടിലെ 32 ശതമാനം ഗ്രാമപ്രദേശങ്ങളിൽ മാത്രമാണ് ഇന്റർനെറ്റ് എത്തിയിട്ടുള്ളത്. നിലവിലുള്ള വർഗ്ഗ, ലിംഗ, ജാതീയ, ഗോത്രപര അസമത്വത്തിന് പുറമേയാണ് ഡിജിറ്റലായ ഈ അസമത്വവും.

ദേശീയ സാമ്പിൾ സർവേ (എൻ.എസ്.എസ് 75-ആമത്തെ – 2017 ജൂലായ് മുതൽ 2019 ജൂൺ‌വരെ) പ്രകാരം ജാർഘണ്ടിലെ ആദിവാസി മേഖലയിൽ വെറും 11.3 ശതമാനത്തിന് മാത്രമാണ് വീടുകളിൽ ഇന്റർനെറ്റ് സൌകര്യമുള്ളത്. അതിൽത്തന്നെ ഗ്രാമീണ മേഖലയിലെ 12 ശതമാനം പുരുഷന്മാർക്കും 2 ശതമാനം സ്ത്രീകൾക്കുമാണ് ഇന്റർനെറ്റ് പ്രവർത്തിപ്പിക്കാൻ അറിയുന്നത്. ഇന്റർനെറ്റ് സേവനങ്ങൾക്കായി ഗ്രാമീണർക്ക് പ്രഗ്യാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇതിലെ കുറവുകളെക്കുറിച്ച്, പത്ത് ജില്ലാ സർവേ യിൽ ചർച്ച ചെയ്തിട്ടുമുണ്ട്.

PHOTO • Jacinta Kerketta

മുൻ ഭൂവുടമകളുടെ അനന്തരാവകാശികൾ ജെ.സി.ബി. യന്ത്രങ്ങളുമായി വരുമ്പോൾ ഗ്രാമങ്ങളിലെ ആദിവാസികൾക്ക് അവരുടെ ഭൂമിക്കുവേണ്ടി കൂട്ടായി പൊരുതേണ്ടിവരുന്നു. അവർ അവിടെ കുത്തിയിരുന്ന്, കാവലിരുന്ന്, നിലമുഴുത്, ഒടുവിൽ സുർഗുജയും നടുന്നു

ഖൂട്ടി ജില്ലയിലെ കാർ‌റ ഡെവലപ്മെന്റ് ബ്ലോക്കിലെ സർക്കിൾ ഓഫീസ് (സി.ഒ.) വന്ദന ഭാർതി, മിതഭാഷിയാണ്. “മുൻ ഭൂവുടമകളുടെ പിന്മുറക്കാരുടെ കൈയ്യിൽ രേഖകളുണ്ടെങ്കിലും, സ്ഥലത്തിന്മേൽ ആർക്കാണ് അവകാശമുള്ളതെന്ന് മനസ്സിലാവണമെങ്കിൽ കാണുകതന്നെ വേണം,” അവർ പറയുന്നു. “ഭൂമിയുടെ അവകാശം ഗോത്രക്കാർക്കാണ്. അവരാണ് അവിടെ കൃഷി ചെയ്തിരുന്നത്. ഇപ്പോൾ ഇതൊരു സങ്കീർണ്ണമായ വിഷയമായിരിക്കുന്നു. ഞങ്ങൾ സാധാരണയായി ഇത്തരം കേസുകൾ കോടതിയിലേക്ക് വിടുകയാണ് പതിവ്. ചില സന്ദർഭങ്ങളിൽ, മുൻ ഭൂവുടമയുടെ പിന്മുറക്കാരും ജനങ്ങളും തമ്മിൽ വിഷയം ചർച്ച ചെയ്ത് ഒത്തുതീർപ്പിലെത്തുകയും ചെയ്യുന്നു.”

ജാർഘണ്ടിലെ പ്രാദേശിക ആവാസ നയത്തെക്കുറിച്ച് 2023-ൽ ഇക്കോണമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്ലിയിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധ ത്തിൽ, “സി.എൻ.ടി.എ.യുടെ കീഴിൽ നൽകിയ പൊതുഭൂമിയുടെ പാട്ടത്തെക്കുറിച്ചുള്ള അവകാശങ്ങൾ രേഖപ്പെടുത്തിയ പരമ്പരാഗത ഖതിയാനി സംവിധാനത്തെ മറികടന്നുകൊണ്ട് ഓരോ ഡിജിറ്റൽ ഭൂരേഖയും, റെവന്യൂ ഭൂമിയെ സ്വകാര്യ സ്വത്തായി മാറ്റുകയാണ്” എന്ന് സൂചിപ്പിക്കുന്നു.

പ്ലോട്ട് നമ്പർ, അഥവാ ഖത യെക്കുറിച്ചും, ഭൂവിസ്തൃതിയിൽ വന്നിട്ടുള്ള തെറ്റുകൾ, ഭൂമിയുടെ ഉടമസ്ഥന്റെയും ഗോത്ര / ജാതി നാമങ്ങളിലുമുള്ള വ്യത്യാസങ്ങൾ, വ്യാജമായി നടത്തിയ ഭൂവില്പനകൾ എന്നിവ ശരിയാക്കിക്കിട്ടാനും പുതുക്കാനും ഗ്രാമീണർക്ക് ഓരോരോ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നതിനെക്കുറിച്ചും എന്നിട്ടും അതെല്ലാം വൃഥാവിലാവുന്നതിനെക്കുറിച്ചുമൊക്കെ ഗവേഷകർ സമ്മതിക്കുന്നുണ്ട്. ഒടുവിൽ സ്ഥലം മറ്റാരുടെയെങ്കിലും പേരിലാവുകയും, ഉടമസ്ഥർക്ക് നികുതിയടയ്ക്കാൻ കഴിയാതെ പോവുകയും ചെയ്യുന്നു.

“ആരാണ് ഈ പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ?” ഭൂമിയിലുള്ള അവകാശത്തിനായി പ്രവർത്തിക്കുന്ന ജനകീയ സംഘടനയായ ഏൿതാ പരിഷദിന്റെ ദേശീയ കോ‌ഓർഡിനേറ്ററായ രമേഷ് ശർമ്മ ചോദിക്കുന്നു. “ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ ഒരു ജനാധിപത്യ പ്രക്രിയയാണോ? സർക്കാരും, സ്വാധീനമുള്ള ഒരു ന്യൂനപക്ഷവുമാണ് ഏറ്റവും വലിയ ഗുണഭോക്താക്കളെന്നതിൽ സംശയമൊന്നുമില്ല. ഒരുകാലത്ത്, ഇടനിലക്കാരും, ലാൻഡ് മാഫിയകളും, ജന്മികളും ആസ്വദിച്ചിരുന്ന ഗുണഫലങ്ങൾ ഇന്ന് അവരാണ് അനുഭവിക്കുന്നത്.” ഭൂമിക്ക് അതിർ നിർണ്ണയിക്കുന്നതിലും മറ്റുമുള്ള സാമ്പ്രദായിക രീതികൾ പ്രാദേശിക ഭരണകൂടത്തിന് തിരിച്ചറിയാനും മനസ്സിലാക്കാനും സാധിക്കാത്തത് മനപൂർവ്വമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജനാധിപത്യവിരുദ്ധരുടേയും സ്വാധീനമുള്ളവരുടേയും പക്ഷം പിടിക്കുകയാണ് അവർ ചെയ്യുന്നതെന്ന്.

35 വയസ്സുള്ള ബ‍സന്തി ദേവി വെളിപ്പെടുത്തിയ, ആദിവാസി സമൂഹങ്ങൾക്കിടയിലെ ഭയം, സങ്കല്പിക്കാവുന്നതിലുമപ്പുറം വ്യാപകമാണ്. “ഈ ഗ്രാമത്തിന്റെ നാലുചുറ്റും മഞ്ചിഹസ് ഭൂമിയാണ്. 45 കുടുംബങ്ങളുള്ള ഗ്രാമമാണ് ഇത്. ആളുകൾ സമാധാനത്തോടെയാണ് കഴിയുന്നത്. ഞങ്ങളെല്ലാവരും പരസ്പരം സഹകരിക്കുന്നതുകൊണ്ടാണ് അതിന് സാധിക്കുന്നത്. അതിനാൽ, നാലുഭാഗത്തുമുള്ള ഈ ഭൂമി അനധികൃതമായി വിൽക്കുകയും അതിരുകൾ സ്ഥാപിക്കുകയും ചെയ്താൽ, പിന്നെ എവിടെയാണ് ഞങ്ങൾ കന്നുകാലികളേയും ആടുകളേയും മറ്റും മേയ്ക്കുക? ഗ്രാമം മുഴുവൻ ഒറ്റപ്പെടും. ഇവിടെനിന്ന് മറ്റെവീടേക്കെങ്കിലും പലായനം ചെയ്യേണ്ടിവരും. ഇതൊക്കെ ശരിക്കും ഭയപ്പെടുത്തുന്നു.”

ഉൾക്കാഴ്ചയുള്ള ചർച്ചകൾ നടത്താനും വിവിധ സഹായങ്ങൾ നൽകിയതിനും മുതിർന്ന അഭിഭാഷക രശ്മി കാത്യായനോടുള്ള റിപ്പോർട്ടറുടെ കൃതജ്ഞത രേഖപ്പെടുത്തുന്നു . റിപ്പോർട്ടിനെ അത് വളരെയധികം സഹായിച്ചിട്ടുണ്ട് .

പരിഭാഷ: രാജീവ് ചേലനാട്ട്

Jacinta Kerketta

उरांव आदिवासी समुदाय से ताल्लुक़ रखने वाली जसिंता केरकेट्टा, झारखंड के ग्रामीण इलाक़े की स्वतंत्र लेखक व रिपोर्टर हैं. वह आदिवासी समुदायों के संघर्षों को बयान करने वाली कवि भी हैं और आदिवासियों के ख़िलाफ़ होने वाले अन्यायों के विरोध में आवाज़ उठाती हैं.

की अन्य स्टोरी Jacinta Kerketta
Editor : Pratishtha Pandya

प्रतिष्ठा पांड्या, पारी में बतौर वरिष्ठ संपादक कार्यरत हैं, और पारी के रचनात्मक लेखन अनुभाग का नेतृत्व करती हैं. वह पारी’भाषा टीम की सदस्य हैं और गुजराती में कहानियों का अनुवाद व संपादन करती हैं. प्रतिष्ठा गुजराती और अंग्रेज़ी भाषा की कवि भी हैं.

की अन्य स्टोरी Pratishtha Pandya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat