ഒറ്റരാത്രികൊണ്ട് ഒരു ലക്ഷം രൂപയുടെ വരുമാനം നഷ്ടമായതായി തായ്ബയ് ഘുൽ കണക്കുകൂട്ടുന്നു.

അതിശക്തമായ മഴ തുടങ്ങുമ്പോൾ 42 വയസ്സുള്ള അവർ ഗ്രാമത്തിൽനിന്ന് ഒമ്പത് കിലോമീറ്റർ അകലെയുള്ള ഭൽവാനിയിലായിരുന്നു. “വൈകീട്ട് അഞ്ചുമണിയോടെ മഴ പെയ്യാൻ തുടങ്ങി. അർദ്ധരാത്രിയായപ്പോഴേക്കും അത് കനത്തു”, ആടുകളേയും ചെമ്മരിയാടുകളേയും മേയ്ക്കുന്ന അവർ പറയുന്നു. പുതുതായി കിളച്ച പാടം പെട്ടെന്ന് നനഞ്ഞ് ചെളിമയമായി. ആ ചെളിയിൽ‌പ്പുതഞ്ഞ്, അവരുടെ 200-ഓളം മൃഗങ്ങൾക്ക് അനങ്ങാൻ സാധിക്കാതെ വന്നു.

“രാത്രി മുഴുവൻ ഞങ്ങൾ മണ്ണിലിരുന്നു. മൃഗങ്ങളോടൊപ്പം ഞങ്ങളും നനഞ്ഞ് കുതിർന്നു”, മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ (അഹമ്മദ നഗർ എന്നും പറയുന്നു) 2021 ഡിസംബറിലുണ്ടായ കനത്ത മഴയെ ഓർത്തെടുത്ത് അവർ പറയുന്നു.

“ഞങ്ങൾ ശക്തമായ മഴ കണ്ടിട്ടുണ്ട്, എന്നാൽ ഇത്രയധികം നഷ്ടം ഇതിനുമുമ്പ് അനുഭവിച്ചിട്ടില്ല. ആദ്യമായിട്ടായിരുന്നു”, എട്ട് ചെമ്മരിയാടുകളേയും ഒരു പെണ്ണാടിനേയും നഷ്ടപ്പെട്ട, ധാവൽ‌പുരി ഗ്രാമത്തിലെ ആ ആട്ടിടയ പറയുന്നു. “ആ മൃഗങ്ങളെ എങ്ങിനെയെങ്കിലും രക്ഷിച്ചാൽ മതിയെന്ന് ഞങ്ങൾ ആഗ്രഹിച്ചു”.

മഴ ഏറ്റവും കൂടുതൽ പെയ്തത് സത്താറയിലായിരുന്നു. 2021 ഡിസംബർ 2-ന് 100 എം.എം. മഴയാണ് അവിടെയുള്ള മിക്ക താലൂക്കിലും പെയ്തത്.

The grazing ground of Bhandgaon village in Pune, Maharashtra where Dhangar pastoralist Taibai Ghule comes often to graze her sheep and goats.
PHOTO • Jitendra Maid
Herders like her stay on the road for six months, returning only after the onset of the monsoon as the small animals cannot withstand the Konkan region’s heavy rains
PHOTO • Jitendra Maid

മഹാരാഷ്ട്രയിലെ പുനെയിലെ ഭണ്ട്ഗാംവ് ഗ്രാമത്തിലെ മേച്ചിൽ‌സ്ഥലം (ഇടത്ത്). തന്റെ ചെമ്മരിയാടുകളും ആടുകളുമായി ഇടയ്ക്കിടയ്ക്ക് തായ്ബായ് ഘുലെ എന്ന ധംഗാർ ആട്ടിടയ വരാറുള്ളത് ഇവിടേക്കായിരുന്നു. അവരെപ്പോലുള്ള ഇടയർ വർഷത്തിൽ ആറുമാസവും റോഡിലായിരിക്കും കഴിയുക. കൊങ്കൺ പ്രദേശത്തെ അതിശക്തമായ മഴയെ അതിജീവിക്കുക എന്നത് ആ ചെറിയ മൃഗങ്ങൾക്ക് അസാധ്യമായതിനാൽ, കാലവർഷത്തിനുശേഷമാണ് അവർ മടങ്ങിവരിക

“നല്ല മഴയായിരുന്നതുകൊണ്ട് മറ്റൊന്നിനെക്കുറിച്ചും ഞങ്ങൾക്ക് ചിന്തിക്കാനായില്ല. തണുപ്പ് സഹിക്കാനാവാതെ പിന്നീട് ചില ആടുകൾ ചത്തു”, ധാവൽ‌പുരിയിലെ 40 വയസ്സുള്ള മറ്റൊരു ഇടയൻ, ഗംഗാറാം ധേബെ പറയുന്നു. “അവയുടെ ശക്തിയൊക്കെ ക്ഷയിച്ചു”.

മഴ തുടങ്ങുമ്പോൾ 13 കിലോമീറ്റർ അകലെ ഭണ്ട്ഗാംവിലായിരുന്നു അയാൾ. തന്റെ 200 മൃഗങ്ങളിൽ 13 എണ്ണത്തിനെ ആ ഒരൊറ്റ രാത്രിയിൽ അയാൾക്ക് നഷ്ടപ്പെട്ടു. ഏഴ് പൂർണ്ണവളർച്ചയെത്തിയ ചെമ്മരിയാടുകളും, അഞ്ച് കുട്ടികളും ഒരു പെണ്ണാടും. രോഗം വന്ന മൃഗങ്ങളെ ചികിത്സിക്കാൻ അടുത്തുള്ള മരുന്നുകടയിൽനിന്ന് മരുന്നും കുത്തിവെപ്പും വാങ്ങിയതിന് 5,000 രൂപയോളം അയാൾക്ക് ചിലവായി. പക്ഷേ ഫലമൊന്നുമുണ്ടായില്ല.

മഹാരാഷ്ട്രയിൽ ഇടയഗോത്രമായി അടയാളപ്പെടുത്തിയ ധംഗാർ സമുദായക്കാരായിരുന്നു തായ്ബായിയും ഗംഗാറാം ധേബെയും. ധാരാളം ആടുകളുള്ള അഹമ്മദ് നഗർ ജില്ലയുടെ ചുറ്റുവട്ടത്താണ് അധികവും അവരുടെ താമസം.

വേനൽക്കാലത്ത് വെള്ളത്തിനും കാലിത്തീറ്റയ്ക്കും ദൌർല്ലഭ്യം നേരിടുമ്പോൾ തായ്ബായിയെപ്പോലുള്ള ഇടയർ വടക്കൻ കൊങ്കണിലെ പാൽഘർ, താനെ ജില്ലകളിലുള്ള ദഹാനുവിലേക്കും ഭിവണ്ടിയിലേക്കും കുടിയേറും. ആറുമാസം അവർ റോഡിൽ തമ്പടിക്കും. ചെറിയ മൃഗങ്ങൾക്ക് അതിശക്തമായ മഴയെ അതിജീവിക്കാൻ കഴിയാത്തതിനാൽ കാലവർഷത്തിന് ശേഷമാണ് അവർ മടങ്ങിവരിക.

“എങ്ങിനെയാണ് ഇത്ര വലിയ മഴ പെയ്തതെന്ന് സത്യമായും ഞങ്ങൾക്കറിയില്ല. മഴ മേഘരാജനാണല്ലോ (മേഘങ്ങളുടെ രാജാവ്)“, അവർ പറയുന്നു.

Shepherd Gangaram Dhebe lost 13 animals to heavy rains on the night of December 1, 2021. 'We have no shelter,' he says
PHOTO • Jitendra Maid

ഗംഗാറാം ധേബെക്ക് 2021 ഡിസംബർ 1-ലെ അതിശക്തമായ മഴയിൽ 13 മൃഗങ്ങളെ നഷ്ടമായി. ‘ഞങ്ങൾക്ക് കയറിക്കിടക്കാൻ ഒരു സ്ഥലവുമില്ല’, അയാൾ പറയുന്നു

ആ സംഭവങ്ങൾ ഓർത്തെടുക്കുമ്പോൾ ആ ഇടയസ്ത്രീയുടെ കണ്ണുകൾ നിറയുന്നു. “ഞങ്ങൾക്ക് വലിയ നഷ്ടമാണുണ്ടായത്. വളരെ വലിയ നഷ്ടം. വേറെ എന്തെങ്കിലും ജോലി കിട്ടിയാൽ, ഞങ്ങളിത് ഉപേക്ഷിക്കും”, അവർ പറയുന്നു.

തുക്കാറാം കോക്കരെയ്ക്ക്, തന്റെ 90 മൃഗങ്ങളിൽ പൂർണ്ണവളർച്ചയെത്തിയ ഒമ്പത് ആടുകളേയും നാല് ആട്ടിൻ‌കുട്ടികളേയും നഷ്ടമായി. “വലിയ നഷ്ടമാണ് സംഭവിച്ചത്” അയാളും ആവർത്തിക്കുന്നു. ഒരു ആടിനെ വാങ്ങാൻ 12,000 മുതൽ 13,000 രൂപവരെ ചിലവ് വരും. “ഞങ്ങൾക്ക് ഒമ്പതെണ്ണത്തിനെ നഷ്ടപ്പെട്ടു. അപ്പോൾ നിങ്ങൾക്ക് ഊഹിക്കാമല്ലോ, ഞങ്ങളുടെ നഷ്ടം എത്രയാണെന്ന്”, 40 വയസ്സുള്ള ആ ധംഗാർ ഇടയൻ പറയുന്നു.

നിങ്ങൾ പഞ്ചനാമ (അന്വേഷണ റിപ്പോർ)ട്ട് തയ്യാറാക്കിയോ? “ഞങ്ങൾക്കെങ്ങിനെ സാധിക്കും? ഞങ്ങളെ സംരക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല. കർഷകരാരും അടുത്തുണ്ടായിരുന്നില്ല. ആടുകൾ ഓടാൻ തുടങ്ങി. ഞങ്ങൾക്കവയെ വിട്ടുപോകാൻ പറ്റില്ല. അതുകൊണ്ട് റിപ്പോർട്ടൊന്നും ഉണ്ടാക്കാൻ സമയം കിട്ടിയില്ല”.

ഭൽ‌വാനിയിൽ മാത്രം 300 ആടുകൾ ചത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ ആടുകളുള്ള ഏഴാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. 2.7 ദശലക്ഷം .

സത്താറയിലെ മാൻ, ഖാടവ്, ദഹിവാഡി ബ്ലോക്കുകളിലെ ആടുമാടുകളുടെ നാശത്തെക്കുറിച്ചും സർക്കാരിന്റെ ഉദാസീനതയെക്കുറിച്ചും സംസാരിക്കുകയായിരുന്നു, ഫൽടാനിലെ ഇടയനും ഗുസ്തിക്കാരനുമായ ശംഭുരാജെ ഷെൻഡഗെ പാട്ടിൽ. “ഒരാൾ കോട്ടും സൂട്ടുമിട്ട് ഒരു സർക്കാരോഫീസിൽ ചെന്നാൽ, ഉദ്യോഗസ്ഥൻ ഒരുമണിക്കൂറിനുള്ളിൽ അയാൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കും. എന്നാൽ അതേ ഉദ്യോഗസ്ഥൻ, ഇടയന്റെ വേഷത്തിൽ നിൽക്കുന്ന ധംഗാറിനെ കണ്ടാൽ, രണ്ടുദിവസം കഴിഞ്ഞ് വരാൻ പറയുകയും ചെയ്യും”.

Tukaram Kokare lost nine full-grown sheep and four lambs from his herd of 90. He says, 'It was a huge loss.'
PHOTO • Jitendra Maid
Shambhuraje Shendge Patil (in yellow t-shirt) shares that shepherds from the nomadic Dhangar community often face hostility from locals
PHOTO • Jitendra Maid

പൂർണ്ണവളർച്ചയെത്തിയ ഒമ്പത് ചെമ്മരിയാടുകളേയും നാല് ആട്ടിൻ‌കുട്ടികളേയും തുക്കാറാം കോക്കരെയ്ക്ക് നഷ്ടപ്പെട്ടു. ‘വലിയ നഷ്ടമായിരുന്നു അത്’ എന്ന് അയാൾ പറയുന്നു. വലത്ത്: ധംഗാർ ഇടയസമുദായത്തിലെ ആട്ടിടയന്മാർക്ക് നാട്ടുകാരിൽനിന്ന് എതിർപ്പ് നേരിടേണ്ടിവരാറുണ്ടെന്ന് ശംഭുരാജെ ഷെൻഡഗെ പാട്ടിൽ (മഞ്ഞ ടീഷർട്ടിൽ) സൂചിപ്പിക്കുന്നു

“ചത്തുപോയ ആടിന്റെ ഫോട്ടോ എടുക്കാൻ‌പോലും ഞങ്ങൾക്ക് സാധിച്ചില്ല. ഫോണുണ്ടായിരുന്നെങ്കിലും ചാർജ്ജുണ്ടായിരുന്നില്ല അതിൽ. ഗ്രാമത്തിലോ ഏതെങ്കിലും താവളത്തിലോ എത്തിയാൽ മാത്രമേ ഞങ്ങൾക്ക് ഫോൺ ചാർജ്ജ് ചെയ്യാൻ പറ്റൂ”, തായ്ബായി പറയുന്നു.

നാലുഭാഗത്തും കയറുകൊണ്ട് ഊരാക്കുടുക്കിട്ട് സുരക്ഷിതമാക്കിയ ഒരു പാടത്തിലാണ് തായിബായിയും അവരുടെ മൃഗങ്ങളും താത്ക്കാലികമായി താമസിക്കുന്നത്. അവരുടെ ചെമ്മരിയാടുകളും ആടുകളും വിശ്രമിക്കുകയും പുല്ല് മേയുകയും ചെയ്യുന്നു. “ഇവറ്റകൾക്ക് തീറ്റ കൊടുക്കാൻ ഞങ്ങൾക്ക് ഏറെ ദൂരം നടക്കണം“, മൃഗങ്ങളെ ചൂണ്ടിക്കാണിച്ച് അവർ പറയുന്നു.

തന്റെ ആടുകൾക്കുള്ള തീറ്റയന്വേഷിച്ച് ഗംഗാറാം, ധാവൽ‌പുരിയിൽനിന്ന് പുനെ ജില്ലയിലെ ദെഹുവരെ നടക്കുന്നു. ദെഹുവിലെ സമനിരപ്പുകളിലെത്താൻ 15 ദിവസം വേണം അയാൾക്ക്. “ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ പറമ്പിൽ കയറിയാൽ ഞങ്ങൾക്ക് തല്ല് കിട്ടും. തല്ലുകൊള്ളുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല”, അയാൾ പറയുന്നു. നാട്ടിലെ ചട്ടമ്പികൾ ഉപദ്രവിക്കുമ്പോൾ “കർഷകർ മാത്രമാണ് ഞങ്ങളുടെ ഭാഗത്ത് നിൽക്കുക”.

“ചുരുക്കിപ്പറഞ്ഞാൽ, ഇടയന്മാർ അതിജീവനശേഷിയുള്ള സംഘമാണ്. പ്രതികൂലാവസ്ഥകൾ സഹിക്കാൻ അവർക്ക് കഴിവുണ്ട്. എന്നാൽ, ഡിസംബർ 1, 2 തീയ്യതികളിലെ അപ്രതീക്ഷിതമായ മഴയിൽ, മൃഗങ്ങൾ ചത്തുപോയത്, അവരെ തകർത്തുകളഞ്ഞു”, മൃഗചികിത്സകയായ ഡോ. നിത്യ ഘോട്ഗെ പറയുന്നു.

Taibai Ghule's flock of sheep and goats resting after grazing in Bhandgaon.
PHOTO • Jitendra Maid
Young kids and lambs are kept in makeshift tents while older animals are allowed to graze in the open
PHOTO • Jitendra Maid

ഭാണ്ട്ഗാംവിൽ മേഞ്ഞതിനുശേഷം തായ്ബായിയുടെ ചെമ്മരിയാടുകളുടേയും ആടുകളുടേയും സംഘം വിശ്രമിക്കുന്നു. വലത്ത്: ആട്ടിൻ‌കുട്ടികളും അതിലും ചെറിയവയും കെട്ടിമേഞ്ഞ കൂടാരങ്ങളിൽ കഴിയുമ്പോൾ വളർച്ചയെത്തിയ മൃഗങ്ങളെ തുറസ്സിൽ മേയാൻ അനുവദിക്കുന്നു

തങ്ങളേയും കുടുംബത്തേയും സംരക്ഷിക്കേണ്ടിവരുന്ന ബഹുവിധമായ സംഘർഷമാണ് ഇടയന്മാർക്ക് ചെയ്യേണ്ടിവരുന്നതെന്ന് അവർ പറയുന്നു. “ചെറിയ കുട്ടികൾ, ഭക്ഷണമടക്കമുള്ള സാധനസാമഗ്രികൾ, വിറക്‌, മൊബൈൽ ഫോണുകൾ എന്നിവയൊക്കെ അവർ സൂക്ഷിക്കണം. ദുർബ്ബലരും തീരെ ചെറിയതുമായ മൃഗങ്ങളേയും പ്രത്യേകമായി സംരക്ഷിക്കുകയും വേണം”, ഘോട്ഗെ പറയുന്നു. ഇടയ-കർഷക സമൂഹങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ അന്തരയുടെ ഡയറക്ടർകൂടിയാണ് ഘോട്ഗെ.

അന്വേഷണ റിപ്പോർട്ടുകൾ ഫയൽ ചെയ്യാനും, അപ്രതീക്ഷിത കാലാവാസ്ഥ, രോഗം, വാക്സിനുകൾ, മൃഗങ്ങൾക്കുള്ള ചികിത്സാസഹായം എന്നിവയെക്കുറിച്ച് വിവരങ്ങൾ ലഭിക്കാനും അവർക്ക് നിർണ്ണായകമായ പിന്തുണ ആവശ്യമാണ്. “കാലാവസ്ഥാ വ്യതിയാന, മൃഗസംരക്ഷണ നയങ്ങൾ തയ്യാറാക്കുമ്പോൾ സർക്കാർ ഇതൊക്കെ കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷ”, ഘോട്ഗെ പറയുന്നു.

ധാവൽ‌പുരിയിൽ പൊതുവായി ഉപയോഗിക്കാവുന്ന ഒരു ഷെഡ്ഡ് പണിതാൽ, ഇടയന്മാർക്ക് അവരുടെ മൃഗങ്ങളെ സംരക്ഷിക്കാനാവുമെന്ന് തുക്കാറാം നിർദ്ദേശിക്കുന്നു. “മൃഗങ്ങൾക്ക് തണുപ്പിൽനിന്ന് രക്ഷ കിട്ടാനും സുരക്ഷിതമായി കഴിയാനും പറ്റുന്ന വിധത്തിലായിരിക്കണം അത് നിർമ്മിക്കേണ്ടത്. അവർക്ക് തണുപ്പ് അനുഭവപ്പെടരുത്”, അനുഭവപരിചയമുള്ള ആ ഇടയൻ കൂട്ടിച്ചേർക്കുന്നു.

അതുവരെ, തായിബായിക്കും ഗംഗാറാമിനും തുക്കാറാമിനും തങ്ങളുടെ മൃഗങ്ങൾക്കുള്ള വെള്ളവും തീറ്റയും അഭയവും അന്വേഷിച്ച് അലയേണ്ടിവരും. സംസ്ഥാനത്തിന്റെയും മഴയുടേയും ഭാഗത്തുനിന്ന് സഹായവും ആശ്വാസവും വരുന്നതിന് കാത്തുനിൽക്കാതെ, സഞ്ചരിച്ചുകൊണ്ടിരിക്കുകയാവും നല്ലതെന്ന് അവർ പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Jitendra Maid
jm539489@gmail.com

जितेंद्र मैड एक स्वतंत्र पत्रकार हैं और वाचिक परंपराओं पर शोध करते रहे हैं. उन्होंने कुछ साल पहले पुणे के सेंटर फ़ॉर कोऑपरेटिव रिसर्च इन सोशल साइंसेज़ में गी पॉइटवां और हेमा राइरकर के साथ रिसर्च कोऑर्डिनेटर के तौर पर काम किया था.

की अन्य स्टोरी Jitendra Maid
Editor : Siddhita Sonavane
siddhita@ruralindiaonline.org

सिद्धिता सोनावने एक पत्रकार हैं और पीपल्स आर्काइव ऑफ़ रूरल इंडिया में बतौर कंटेंट एडिटर कार्यरत हैं. उन्होंने अपनी मास्टर्स डिग्री साल 2022 में मुम्बई के एसएनडीटी विश्वविद्यालय से पूरी की थी, और अब वहां अंग्रेज़ी विभाग की विज़िटिंग फैकल्टी हैं.

की अन्य स्टोरी Siddhita Sonavane
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat