ചചൻപൂർ ഗ്രാമത്തിലെ ഒമ്പതുവയസുകാരി ശീലാബതി മുർമു ദിവസവും രണ്ട് സ്കൂളുകളിലാണ് പോകുന്നത്. ഒന്ന് 500 മീറ്റർ അകലെയുള്ള ഒരു സർക്കാർ പ്രൈമറി സ്കൂൾ, മറ്റൊന്ന് റേബ മുർമു നടത്തുന്ന സ്കൂൾ.
മൂന്നുമുതൽ 12 വയസുവരെ പ്രായമുള്ള 4-0ഓളം കുട്ടികളുടെ ഒപ്പമാണ് ഈ പഠനം. സന്താൾ വിഭാഗത്തിൽപ്പെട്ട കർഷക കുടുംബങ്ങളിൽനിന്ന് വരുന്നവരാണ് ഈ കുട്ടികൾ. വേനൽക്കാലത്ത് ഏകദേശം രാവിലെ ആറുമണിയോടെയും മഞ്ഞുകാലത്ത് അരമണിക്കൂർ വൈകിയുമാണ് ശീലാബതി റേബയുടെ സ്കൂളിലെത്തുക. മുതിർന്ന കുട്ടികൾ തറ തുടച്ചുവൃത്തിയാക്കുകയും പ്രാർത്ഥനയായി ഒരു ടാഗോർ ഗാനം ചൊല്ലുകുയും ചെയ്യും–- "അഗ്നി അധമമായതിനെ ഉത്കൃഷ്ടമാക്കുന്നു, അത് എന്നെ സ്പർശിച്ച് ശുദ്ധനാക്കട്ടെ' എന്ന അർത്ഥം വരുന്ന ഗാനമാണത്. തുടർന്ന് അന്നന്നത്തെ പാഠങ്ങൾ ആരംഭിക്കുന്നു. ഈ സ്കൂളിന്റെ ഒരു ഭാഗം കൊച്ചുകുട്ടികൾക്ക് വേണ്ടിയുള്ള ഒരു ശിശുകേന്ദ്രം കൂടിയാണ്.
റേബാ‘ദി’ (ദീദി എന്നതിന്റെ ചുരുക്കം. ദീദി എന്നാൽ ചേച്ചി) എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന റേബ 2010-ൽ തന്റെ കുടുംബസ്വത്തായ ഒരു മൺകുടിലിലാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാരിന്റെ ഭൂമിവിതരണ പദ്ധതിയുടെ ഭാഗമായി 1970-കളിൽ കുടുംബത്തിന് ലഭിച്ച ഭൂമിയിൽനിന്ന് മൂന്ന് ഏക്കറാണ് റേബാദിക്ക് കൈവന്നത്. അത്രയൊന്നും ഫലഭൂയിഷ്ഠമല്ലാത്ത ഈ ഭൂമിയുടെ ഒരു ഭാഗം കൊൽക്കത്തകാരായ കൃഷിസംഘത്തിന് പാട്ടത്തിന് കൊടുത്തു. ഈ പണം ഉപയോഗിച്ചാണ് അവർ തന്റെ സ്കൂൾ ആരംഭിച്ചത്. കുറച്ചുസ്ഥലത്ത് സ്വന്തമായി കാബേജും ഉരുളക്കിഴങ്ങും ഓമയ്ക്കയും കൃഷി ചെയ്ത് നാട്ടിലെ ചന്തയിൽ വിൽക്കുന്നുമുണ്ട് റേബാദി.
കുടുംബത്തിന് തുച്ഛമായ വരുമാനം മാത്രം ഉണ്ടായിരുന്നിട്ടും സന്താൾ വംശജയായ 53-കാരിയായ റേബ ബി.എ ഡിഗ്രി കരസ്ഥമാക്കി. 15 കിലോമീറ്റർ ദൂരെയുള്ള ചട്ട്ന നഗരത്തിലെ കോളേജിലേക്ക് സൈക്കിളിൽ പോയിട്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. റേബയുടെ രണ്ട് സഹോദരൻമാരും ഒരു സഹോദരിയും സ്കൂളിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. എല്ലാവരും ഒരുമിച്ച് പശ്ചിമ ബംഗാളിലെ ബംഗുര ജില്ലയിലെ ഗ്രാമത്തിലാണ് താമസം. തങ്ങളുടെ അമ്മയുടെ സ്മരണ നിലനിർത്തി "ലക്ഷ്മി മുർമു പ്രാഥമിക് ബിദ്യാലയ' എന്നാണ് സഹോദരങ്ങൾ സ്കൂളിന് പേരിട്ടത്.
ഏകദേശം നാലുവർഷം
മുമ്പ് കൊൽക്കത്തയിൽ നിന്നുള്ള രണ്ട് സംഘടനകൾ നൽകിയ ധനസഹായം ഉപയോഗിച്ച് മൂന്ന്
തുറന്ന ക്ലാസ്മുറികൾ പണിയാനും റേബാദിക്ക് സാധിച്ചു. ആറ് കോൺക്രീറ്റ് തൂണുകളും ആസ്ബറ്റോസ്
മേൽക്കൂരയുമാണ് ഇതിനുള്ളത്. ഒരു സംഘടനയുടെ സഹായത്തോടെ കണ്ടെത്തി നിയമിച്ച രണ്ട്
അധ്യാപകരാണ് കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത്–-ഗണിതം, ബംഗാളി, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങൾ അവർ
പഠിപ്പിക്കുന്നു. ഇതിനിടെ റേബാദി കുട്ടികൾക്കായി പ്രഭാതഭക്ഷണവും
വൈകുന്നേരത്തേയ്ക്കുള്ള പലഹാരവും ഉണ്ടാക്കും. ശർക്കര ചേർത്ത ചോറ്, അല്ലെങ്കിൽ റൊട്ടി, ഗ്രേവിയോടൊപ്പം
വേവിച്ച പയർ എന്നിങ്ങനെ ഓരോ ദിവസവും വ്യത്യസ്തമാണ് വിഭവങ്ങൾ.
രാവിലെ 9.30-ഓടെ കുട്ടികൾ സർക്കാർ സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനായി വീട്ടിലേക്ക് പോകും. പണ്ട് ഇടിഞ്ഞുപൊളിഞ്ഞ ജീർണീച്ച കെട്ടിടമായിരുന്നുവെങ്കിലും നിലവിൽ ഉറപ്പോടെ നിർമ്മിച്ച നാല് മുറികളുള്ള കെട്ടിടത്തിലാണ് പ്രവർത്തനം. ആനന്ദോ ബാബുവെന്ന മുതിർന്ന അധ്യാപികയാകട്ടെ മുഴുവൻ കുട്ടികളെയും അവരുടെ പാഠങ്ങൾ പഠിപ്പിക്കാൻ അദ്ധ്വാനിക്കുന്നു. സ്കൂളിൽനിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണവും സൗജന്യ പാഠപുസ്തകങ്ങളും ഒക്കെയാണ് കുട്ടികളെ കൂടുതൽ ആകർഷിക്കുന്നത്.
വൈകിട്ട് നാലോടെ മുർമുവിന്റെ സ്കൂളിലെത്തുന്ന കുട്ടികൾ
ഇരുട്ടുംവരെ കളികളിൽ ഏർപ്പെടും. വൈകിട്ടത്തെ പലഹാരം കഴിച്ചശേഷം വീണ്ടും പഠനം, രാത്രി ഒമ്പതോടെ അവർ
വീടുകളിലെത്തും.
സ്കൂളിന് പുറമെ, ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളെയും ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2008-ൽ ചചൻപൂർ ആദിബാസി മഹിളാ ബികാശ് സൊസൈറ്റിക്കും റേബ മുർമു രൂപം നൽകിയിരുന്നു. ചെറിയ സ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനവും കൊൽക്കൊത്തയിലെ ചില സംഘടനകളുടെ സഹായത്തോടെ സൊസൈറ്റി സംഘടിപ്പിച്ചു.
പച്ചക്കറി വിൽപ്പനക്കാരിയായ അമ്മായിക്ക് ഒരു രൂപ നാണയവും 50 പൈസ നാണയവും തിരിച്ചറിയാൻ കഴിയാതിരുന്ന പഴയ കാലം റേബ ഓർക്കുന്നുണ്ട്.
ഇത് വായനയുടെയും എഴുത്തിന്റെയും പ്രാധാന്യം അവരെ ബോദ്ധ്യപ്പെടുത്തി. "ഞങ്ങളെ (പട്ടികവർഗ്ഗക്കാരെ) ജോലിക്ക്
നിയമിക്കാൻ സർക്കാരിന് വിവിധ പദ്ധതികളുണ്ടെന്ന് അറിയാം, എന്നാൽ ആ വർഗ്ഗക്കാർക്ക് വിദ്യാഭ്യാസമില്ലെങ്കിൽ പിന്നെ
സർക്കാർ ആരെയാണ് നിയമിക്കുക?” അവർ ചോദിക്കുന്നു.
ഒരു തലമുറയെയെങ്കിലും ശരിയായ രീതിയിൽ നയിക്കാനായാൽ നല്ല നാളുകൾ താനെ
ഉണ്ടാകുമെന്നും അവർ പറയുന്നു.
2017 മുതൽക്ക് റേബ മുർമുവിന്റെ സ്കൂളിന് പെന്നുകളും പെൻസിലുകളും നോട്ടുബുക്കുകളും ചിത്രം വരയ്ക്കാനുള്ള കടലാസ്സുകളും കമ്പിളികളും ഷൂസുകളും ബുക്കുകളും നൽകി സഹായിക്കുന്ന ഒരു സംഘത്തിന്റെ ഭാഗമാണ് ലേഖിക. കുട്ടികളുടെ ദൈനംദിന ഭക്ഷണത്തിന്റെ ചിലവ് വഹിക്കാനുള്ള പ്രതിമാസ ചിലവുകളും അവർ നൽകുന്നു. സന്ദർശകർക്ക് താമസിക്കാനായി തന്റെ വീട്ടിലെ രണ്ട് മുറികൾ മുർമു മോടി പിടിപ്പിച്ചിട്ടുണ്ട്. കുട്ടികളുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചചൻപുരിൽ പോയി അവിടെ താമസിക്കാൻ സമയം കണ്ടെത്തണമെന്ന് സംഘം ആഗ്രഹിക്കുന്നു. റേബാദിയുടെ കുട്ടികളുമായി സ്വന്തം കുട്ടികൾ സൌഹൃദത്തിലേർപ്പെടുന്നതിനും, ‘സ്വന്തം നഗരത്തിന് പുറത്തുള്ള സന്തോഷങ്ങളും സമ്മർദ്ദങ്ങളും അവർക്ക് മനസ്സിലാവാൻ’ അത് സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
പരിഭാഷ: അശ്വതി ടി കുറുപ്പ്