തവിട്ടുനിറത്തിൽ വെള്ള പുള്ളികളുള്ള തൂവലുകൾ ചെറു പുല്ലുകൾക്കിടയിൽ ചിതറിക്കിടക്കുന്നു.
മാനം ഇരുണ്ട് തുടങ്ങവേ രാധേശ്യാം ബിഷ്‌ണോയി ആ പരിസരത്താകെ അതീവശ്രദ്ധയോടെ തിരയുകയാണ്. തനിക്ക് തെറ്റ് പറ്റിയതാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. "ഈ തൂവലുകൾ പറിച്ചെടുത്തവയാണെന്ന് തോന്നുന്നില്ല,"എന്ന് ഉറക്കെ പറഞ്ഞ് അദ്ദേഹം ഒരു ഫോൺ ചെയ്യുന്നു,"നിങ്ങൾ വരുന്നുണ്ടോ? എനിക്ക് ഏകദേശം ഉറപ്പാണ്…“ ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള ആളോട് അദ്ദേഹം പറയുന്നു.
ഞങ്ങൾക്ക് മുകളിൽ, മാനത്ത് തെളിഞ്ഞ ദുശ്ശകുനമെന്നോണം, ഇരുട്ട് വീണുതുടങ്ങുന്ന ആകാശത്തിന്റെ പശ്ചാത്തലത്തിൽ
കറുത്ത വരകളായി കാണപ്പെടുന്ന 220 കിലോവോൾട്ടിന്റെ ഹൈ ടെൻഷൻ
(എച്ച്.ടി) കമ്പികളിൽനിന്ന് മൂളലും പൊട്ടിത്തെറി ശബ്ദങ്ങളും ഉയരുന്നു.
വിവരങ്ങൾ ശേഖരിക്കുകയെന്ന തന്റെ ദൗത്യം ഓർമ്മിച്ചുകൊണ്ട് ആ 27- കാരൻ, ക്യാമറ പുറത്തെടുത്ത് കുറ്റകൃത്യം നടന്ന ആ സ്ഥലത്തിന്റെ പല കോണുകളിൽനിന്നുള്ള വിവിധ ദൃശ്യങ്ങൾ പകർത്തുന്നുണ്ട്.
അടുത്ത ദിവസം പുലർച്ചെതന്നെ ഞങ്ങൾ അവിടെ തിരികെ എത്തി - ജയ്സാൽമർ ജില്ലയിലെ ഖേലോതായ്ക്ക് സമീപത്തുള്ള ഗംഗാ റാം കി ധാനി എന്ന ഗ്രാമത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
ആശയക്കുഴപ്പമൊക്കെ മാറിക്കഴിഞ്ഞിരുന്നു. പ്രാദേശികമായി ഗോദാവൻ എന്ന് അറിയപ്പെടുന്ന, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന്റെ (ജി.ഐ.ബി) തൂവലുകൾതന്നെയാണ് അവിടെ കണ്ടെത്തിയിരിക്കുന്നത്.
2023 മാർച്ച് 23-നു രാവിലെ വന്യജീവി വെറ്ററിനേറിയനായ ഡോക്ടർ ശ്രാവൺ സിംഗ് റാത്തോഡ് സ്ഥലത്തെത്തുന്നു. തെളിവുകൾ പരിശോധിച്ചശേഷം അദ്ദേഹം പറയുന്നു: ഹൈ ടെൻഷൻ (എച്ച്.ടി) വയറുകളിൽ ഇടിച്ചത് മൂലമാണ് മരണം സംഭവിച്ചത് എന്നതിൽ സംശയമില്ല. ഇന്നേയ്ക്ക് മൂന്ന് ദിവസം മുൻപ്, അതായത് മാർച്ച് 20-നാണ് (2023) മരണം സംഭവിച്ചിരിക്കുന്നത്."
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (ഡബ്ള്യു.ഐ.ഐ) കീഴിൽ പ്രവർത്തിക്കുന്ന ഡോക്ടർ റാത്തോഡ്, 2020-നുശേഷം ഇത് നാലാമത്തെ തവണയാണ് ഒരു ജി.ഐ.ബിയുടെ മൃതദേഹം പരിശോധിക്കുന്നത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയത്തിന്റെയും സംസ്ഥാന വന്യജീവി വകുപ്പുകളുടെയും സാങ്കേതികവിഭാഗമാണ് ഡബ്ള്യു.ഐ.ഐ. "എല്ലാ ജഡങ്ങളും എച്ച്.ടി വയറുകൾക്ക് താഴെയാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വയറുകളും ദൗർഭാഗ്യകരമായ ഈ മരണങ്ങളും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമാണ്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വംശനാശ ഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (Ardeotis nigricep s) എന്ന പക്ഷിയാണ് മരണപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ച് മാസത്തിനിടെ, ഹൈ ടെൻഷൻ വയറുകളിൽ തട്ടിവീണ് കൊല്ലപ്പെടുന്ന, ഈയിനത്തിൽപ്പെട്ട രണ്ടാമത്തെ പക്ഷിയാണിത്. "2017-നു ശേഷം (അദ്ദേഹം നിരീക്ഷണം തുടങ്ങിയ വർഷം) ഇത് ഒൻപതാമത്തെ മരണമാണ്," ജയ്സാൽമർ ജില്ലയിലെ സംക്ര ബ്ലോക്കിലെ, സമീപഗ്രാമമായ ധോലിയയിലെ കർഷകനായ രാധേശ്യാം പറയുന്നു. തികഞ്ഞ പരിസ്ഥിതിവാദിയായ അദ്ദേഹം ഈ ഭീമൻ പക്ഷിയെ പ്രത്യേകം നിരീക്ഷിക്കാറുണ്ട്. "മിക്ക ഗോദാവൻ മരണങ്ങളും എച്ച്.ടി വയറുകൾക്ക് നേരെ താഴെയാണ് സംഭവിച്ചിട്ടുള്ളത്," അദ്ദേഹവും കൂട്ടിച്ചേർക്കുന്നു.
1972-ലെ വന്യജീവി (സംരക്ഷണ) നിയമ ത്തിനുകീഴിൽ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയിനമാണ് ജി.ഐ.ബി. ഒരു കാലത്ത്, ഇന്ത്യയിലെയും പാകിസ്താനിലെയും പുൽമേടുകളിൽ കാണപ്പെട്ടിരുന്ന ഈ പക്ഷികളിൽ ആകെ 120-150 എണ്ണമാണ് ഇന്ന് ലോകത്താകമാനമുള്ള കാടുകളിൽ ബാക്കിയുള്ളത്. ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ പക്ഷികളുടെ സാന്നിധ്യം നിരീക്ഷിച്ചിട്ടുണ്ട്. കർണ്ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്ത് 8-10 പക്ഷികളെയും ഗുജറാത്തിൽ നാല് പെൺപക്ഷികളെയും കാണാൻ കഴിഞ്ഞിട്ടുണ്ട്.
ഈ പക്ഷികൾ ഏറ്റവും കൂടുതലുള്ളത് ജയ്സാൽമർ ജില്ലയിലാണ്. "ഏകദേശം 100 കിലോമീറ്റർ അകലത്തിൽ രണ്ട് കൂട്ടങ്ങളാണുള്ളത്-ഒന്ന് പൊഖ്‌റാന് സമീപത്തും മറ്റൊന്ന് ഡെസേർട്ട് നാഷണൽ പാർക്കിലും," ഈ പക്ഷികളെ അവയുടെ ആവാസവ്യവസ്ഥയിൽ - പടിഞ്ഞാറൻ രാജസ്ഥാനിലെ പുൽമേടുകളിൽ - നിരീക്ഷിക്കുന്ന വന്യജീവി ശാസ്ത്രജ്ഞനായ ഡോകട്ർ സുമിത് ഡൂക്കിയ പറയുന്നു.
ഉള്ളിലെ അമർഷം മറച്ചുവെക്കാതെ അദ്ദേഹം തുടരുന്നു," മിക്ക പ്രദേശങ്ങളിലും ഞങ്ങൾക്ക് ജി.ഐ.ബികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അവയെ സംരക്ഷിക്കാനോ അവയുടെ വാസസ്ഥലങ്ങൾ പുനഃസ്ഥാപിക്കാനോ ലക്ഷ്യമിട്ടുള്ള യാതൊരു പ്രവർത്തനവും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല." ജി.ഐ.ബികളെ സംരക്ഷിക്കാൻ സാമൂഹികപങ്കാളിത്തം വികസിപ്പിക്കുക എന്ന ലക്ഷ്യംവെച്ച് 2015 മുതൽ ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഇക്കോളജി, റൂറൽ ഡെവലപ്മെന്റ് ആൻഡ് സസ്‌റ്റൈനബിലിറ്റി (ഇ.ആർ.ഡി.എസ്) ഫൗണ്ടേഷന്റെ ഹോണററി സയന്റിഫിക് അഡ്വൈസറാണ് ഡൂക്കിയ.
"എനിക്ക് ഓർമ്മവെച്ചതുമുതൽത്തന്നെ ഞാൻ ഈ പക്ഷികൾ കൂട്ടമായി ആകാശത്ത് പറക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു പക്ഷിയെ വല്ലപ്പോഴും കണ്ടാലായി; അവ പറക്കുന്നത് വളരെ അപൂർവമായേ കാണാൻ കഴിയാറുള്ളൂ," സുമേർ സിംഗ് ഭാരതി ചൂണ്ടിക്കാട്ടുന്നു. നാല്പതുകളിലെത്തിയ സുമേർ സിംഗ്, ബസ്റ്റാർഡുകളെയും ജയ്സാൽമർ ജില്ലയിലുള്ള വിശുദ്ധവനങ്ങളിലെ അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കാൻ സജീവമായി പ്രവർത്തിക്കുന്ന പ്രാദേശിക പരിസ്ഥിതിപ്രവർത്തകനാണ്.
ഒരു മണിക്കൂർ യാത്രാദൂരമുള്ള, സാം ബ്ലോക്കിലെ സന്വാത ഗ്രാമത്തിലാണ് സുമേർ സിംഗ് താമസിക്കുന്നതെങ്കിലും, ഗോദാവന്റെ മരണവിവരമറിഞ്ഞ് അദ്ദേഹവും ആശങ്കാകുലരായ മറ്റു പ്രദേശവാസികളും ശാസ്ത്രജ്ഞന്മാരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു.
*****
റാസ്‌ല ഗ്രാമത്തിലെ ദെഗ്രായ് മാതാ മന്ദിറിൽനിന്ന് കഷ്ടി 100 മീറ്ററകലെ, പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് നിർമ്മിച്ച, ഗോദാവന്റെ ഒരു പൂർണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കയർ കെട്ടിത്തിരിച്ച ഒരു പ്ലാറ്റ്ഫോമിന് മുകളിൽ ഒറ്റയ്ക്ക് ഉയർന്നുനിൽക്കുന്ന ആ പക്ഷിയുടെ രൂപം ഹൈവേയിൽ നിന്നുതന്നെ ദൃശ്യമാകുന്ന വിധമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
പ്രദേശവാസികൾ പ്രതിഷേധസൂചകമായാണ് ആ പ്രതിമ സ്ഥാപിച്ചത്. "ഇവിടെ കൊല്ലപ്പെട്ട ഒരു ജി.ഐ,ബിയുടെ ഒന്നാം ചരമവാർഷികദിനത്തിലാണ് ഞങ്ങൾ അത് ചെയ്തത്," അവർ ഞങ്ങളോട് പറയുന്നു. തൊട്ടടുത്തുതന്നെ സ്ഥാപിച്ചിട്ടുള്ള ഫലകത്തിൽ ഹിന്ദിയിൽ എഴുതിയിട്ടുള്ള വാചകം ഇപ്രകാരമാണ്: 2020 സെപ്തംബർ 16-ന് ദെഗ്രായ് മാതാ മന്ദിറിന് സമീപത്തായി ഒരു പെൺ ഗോദാവൻ പക്ഷി ഹൈ ടെൻഷൻ ലൈനുകളുമായി കൂട്ടിയിടിച്ചു. അതിന്റെ ഓർമ്മയ്ക്കായി ഈ സ്മാരകം നിർമ്മിച്ചിരിക്കുന്നു."
ഇടയസമൂഹങ്ങൾക്ക് തങ്ങളുടെ ചുറ്റുവട്ടത്തിൻമേലുള്ള
അധികാരം നഷ്ടപ്പെടുന്നതിന്റെയും അവരുടെ ജീവിതരീതികളും ജീവനോപാധികളും വേരറ്റു
പോകുന്നതിന്റെയും അസുഖകരമായ സൂചകങ്ങളായിട്ടാണ് സുമേർ സിംഗും രാധേശ്യാമും ജയ്സാൽമറിലെ
പ്രദേശവാസികളും ഗോദാവനുകളുടെ മരണത്തെയും അവയുടെ ആവാസവ്യവസ്ഥയുടെ നഷ്ടത്തെയും കാണുന്നത്.
" 'വികസനം' എന്ന പേരിൽ ഞങ്ങൾക്ക് ഒരുപാട് നഷ്ടം സംഭവിക്കുന്നുണ്ട്," സുമേർ സിംഗ് പറയുന്നു. "എന്നാൽ ആർക്കുവേണ്ടിയാണ് ഈ വികസനം?" വെറും 100 മീറ്റർ മാത്രം അകലെയുള്ള സൗരോർജ്ജ പാടത്തുനിന്നുള്ള വൈദ്യുതി ലൈനുകൾ അദ്ദേഹത്തിന്റെ ഗ്രാമത്തിന് മുകളിലൂടെ കടന്നുപോകുമ്പോഴും, ഗ്രാമത്തിൽ തുടർച്ചയായ വൈദ്യുതിലഭ്യത ഇല്ലെന്നത് അദ്ദേഹത്തിന്റെ വാദത്തിന് ബലം പകരുന്നു.
കഴിഞ്ഞ 7.5 വർഷംകൊണ്ട്, പുനരുപയോഗ ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി 286 ശതമാനം വർധിച്ചുവെന്ന് കേന്ദ്ര പുനരുത്പ്പാദന, വികസന മന്ത്രാലയം അവകാശപ്പെടുന്നു. ഇക്കഴിഞ്ഞ ദശാബ്ദത്തിൽ, പ്രത്യേകിച്ചും കഴിഞ്ഞ 3-4 വർഷങ്ങളിൽ, ആയിരക്കണക്കിന് പുനരുപയോഗ ഊർജ്ജ പ്ലാന്റുകളാണ് - സൗരോർജ്ജ പ്ലാന്റുകളും വിൻഡ് പവർ പ്ലാന്റുകളും ഉൾപ്പെടെ - ഈ സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ നടത്തിപ്പിന്റെ ചുമതലയുള്ള കമ്പനികളിലൊന്നായ അദാനി റിന്യൂവബിൾ എനർജി പാർക്ക് രാജസ്ഥാൻ ലിമിറ്റഡ് (എ.ആർ.ഇ.പി.ആർ.എൽ) ജോധ്പൂരിലെ ഭാദ് ലയിൽ 500 മെഗാവാട്ട് ശേഷിയുള്ള ഒരു സൗരോർജ്ജ പ്ലാന്റും ജയ്സാൽമറിലെ ഫത്തേഗഡിൽ 1,500 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു സൗരോർജ്ജ പ്ലാന്റും വികസിപ്പിക്കുന്നുണ്ട്. കോടതിയുടെ ഉത്തരവനുസരിച്ച് വൈദ്യുതി ലൈനുകൾ ഭൂമിയ്ക്കടിയിലേയ്ക്ക് മാറ്റുന്നുണ്ടോ എന്ന് കമ്പനിയുടെ വെബ്സൈറ്റ് വഴി നടത്തിയ അന്വേഷണത്തിന്, ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതുവരെയും കമ്പനി മറുപടി നൽകിയിട്ടില്ല.
സംസ്ഥാനത്തെ സൗരോർജ്ജപാടങ്ങളിലും വിൻഡ് ഫാമുകളിലും ഉത്പാദിപ്പിക്കുന്ന വൈദ്യുതി, പവർലൈനുകളുടെ ബൃഹത്തായ ഒരു ശൃംഖലയിലൂടെ ദേശീയ ഗ്രിഡിലേയ്ക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ലൈനുകൾ, ബസ്റ്റാർഡുകൾ, പരുന്തുകൾ, കഴുകന്മാർ, മറ്റ് പക്ഷിയിനങ്ങൾ എന്നിവയുടെ സഞ്ചാരപാതയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. പുനരുപയോഗ ഊർജ്ജ പ്രോജക്റ്റുകൾ മൂലമുണ്ടാകുന്ന പച്ച ഇടനാഴി പൊഖ്‌റാനിലും രാംഗഡ്-ജയ്സാൽമർ പ്രദേശങ്ങളിലുമുള്ള, ജി.ഐ.ബിയുടെ വാസസ്ഥലങ്ങളെ കീറിമുറിച്ചാണ് കടന്നുപോകുക.
മധ്യ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലൂടെ, ആർട്ടിക് സമുദ്രത്തിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വാർഷികദേശാടനം നടത്തുന്ന പക്ഷികൾ തിരഞ്ഞെടുക്കുന്ന പ്രധാന പാതയായ സെൻട്രൽ ഏഷ്യൻ ഫ്‌ളൈവേയിലാണ് (സി.എ.എഫ്) ജയ്സാൽമർ സ്ഥിതി ചെയ്യുന്നത്. ദേശാടനം നടത്തുന്ന 182 നീർക്കിളി ഇനങ്ങളിൽ ഉൾപ്പെട്ട ഏകദേശം 279 പക്ഷിക്കൂട്ടങ്ങൾ ഈ വഴി കടന്നുപോകാറുണ്ടെന്ന് കൺവെൻഷൻ ഓൺ ദി കൺസർവേഷൻ ഓഫ് മൈഗ്രേറ്ററി സ്പീഷീസ് ഓഫ് വൈൽഡ് അനിമൽസ് പറയുന്നു. ഓറിയന്റൽ വൈറ്റ്-ബാക്ക്ഡ് വൾച്ചർ (Gyps bengalensis), ലോങ്ങ്-ബിൽഡ് (Gyps indicus), സ്റ്റോലിസ്കാസ് ബുഷ്ചാറ്റ് (Saxicola macrorhyncha), ഗ്രീൻ മുനിയ (Amandava formosa), മക്വീൻസ് ഓർ ഹുബാര ബസ്റ്റാർഡ് (Chlamydotis maqueeni) എന്നിവ ഇക്കൂട്ടത്തിലുള്ള, വംശനാശഭീഷണി നേരിടുന്ന മറ്റ് ചില പക്ഷിയിനങ്ങളാണ്.
വിദഗ്ധനായ ഫോട്ടോഗ്രാഫർകൂടിയായ
രാധേശ്യാമിന്റെ ലോങ്ങ് ഫോക്കസ് ടെലി ലെൻസിൽ അസ്വസ്ഥതപ്പെടുത്തുന്ന ചില ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. "രാത്രികാലങ്ങളിൽ പെലിക്കനുകൾ
കായലാണെന്ന് കരുതി സൗരോർജ്ജ പാടങ്ങളിൽ വന്നിറങ്ങുന്നത് ഞാൻ
കണ്ടിട്ടുണ്ട്. നിസ്സഹായരായ ആ പക്ഷികൾ ചില്ലുപാനലുകളിൽ വഴുതി താഴേയ്ക്ക് വീഴുകയും
അവയുടെ അതിലോലമായ കാലുകൾക്ക് ചികിത്സിച്ച് സുഖപ്പെടുത്താനാകാത്തവണ്ണം
പരിക്കേൽക്കുകയും ചെയ്യും."
ബസ്റ്റാർഡുകൾക്ക് പുറമേ, ഡെസേർട്ട് നാഷണൽ പാർക്കിനകത്തും ചുറ്റുവട്ടത്തുമായുള്ള 4,200 ചതുരശ്ര കിലോമീറ്ററിൽ വർഷംതോറും 84,000 പക്ഷികളുടെ മരണത്തിനും വൈദ്യുതിലൈനുകൾ കാരണമാകുന്നതായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 2018-ൽ നടത്തിയ പഠനം പറയുന്നു. "(ബസ്റ്റാർഡുകൾക്കിടയിലെ) ഇത്രയും ഉയർന്ന മരണനിരക്ക് സ്പീഷീസിന് താങ്ങാൻ കഴിയാത്ത, അവയുടെ വംശനാശത്തിന് ഉറപ്പായും ഹേതുവാകുന്ന ഒരു ഘടകമാണ്."
അപകടം അങ്ങ് ആകാശത്ത് മാത്രമല്ല, ഭൂമിയിലുമുണ്ട്- തുറസ്സായ പുൽമേടുകളും ഒറാൻ എന്നറിയപ്പെടുന്ന വിശുദ്ധവനങ്ങളും ഉൾപ്പെടുന്ന വലിയ പ്രദേശങ്ങളിലൊന്നാകെ, 500 മീറ്റർ അകലത്തിൽ സ്ഥാപിച്ചിട്ടുള്ള 200 മീറ്റർ ഉയരമുള്ള കാറ്റാടിയന്ത്രങ്ങളും ചുവർ കെട്ടിത്തിരിച്ച ഹെക്ടർ കണക്കിന് വിസ്‌തീർണമുള്ള സൗരോർജ്ജപാടങ്ങളുമാണ് ഇപ്പോൾ കാണാനാകുന്നത്. പ്രാദേശിക സമുദായങ്ങൾ ഒരു കൊമ്പുപോലും മുറിക്കാതെ സംരക്ഷിച്ചിരുന്ന വിശുദ്ധവനങ്ങളിലേയ്ക്ക് പുനരുപയോഗ ഊർജ്ജപദ്ധതികൾ കടന്നുകയറിയതോടെ, കാലിമേയ്ക്കൽ ഒരു പാമ്പും കോണിയും കളിയായി മാറിയിരിക്കുന്നു- ഇടയ സമൂഹത്തിലുള്ളവർക്ക് നേരിട്ടുള്ള പാത ഒഴിവാക്കി കാറ്റാടിയന്ത്രങ്ങളും അവയോടൊപ്പമുള്ള മൈക്രോ ഗ്രിഡുകളും തട്ടാതെയും, വേലിക്ക് ചുറ്റും കറങ്ങിയും സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
"രാവിലെ പുറപ്പെട്ടാൽ, ഞാൻ വൈകീട്ടേ വീട്ടിൽ തിരിച്ചെത്തുകയുള്ളൂ", ധാനീ (അവർ ഈ പേര് മാത്രമാണ് ഉപയോഗിക്കുന്നത്) പറയുന്നു. വീട്ടിൽ വളർത്തുന്ന നാല് പശുക്കൾക്കും അഞ്ച് ആടുകൾക്കും തീറ്റപ്പുല്ല് കൊണ്ടുവരാനായി ആ 25 വയസ്സുകാരിക്ക് കാട് കയറണം. “എന്റെ മൃഗങ്ങളെ കാട്ടിൽ കൊണ്ടുപോകുമ്പോൾ എനിക്ക് ഇടയ്ക്ക് വയറുകൾ തട്ടി ഷോക്കേൽക്കാറുണ്ട്." ധാനീയുടെ ഭർത്താവ് ബാർമർ പട്ടണത്തിൽ താമസിച്ചുപഠിക്കുന്നതിനാൽ, അവരുടെ ആറ് ബീഗ (കഷ്ടി ഒരേക്കർ) നിലവും എട്ടും അഞ്ചും നാലും വയസ്സുള്ള മൂന്ന് ആണ്മക്കളെയും സംരക്ഷിക്കുന്നത് ധാനീയാണ്.
"ഞങ്ങൾ സ്ഥലം എം.എൽ.എയോടും ജില്ലാ കമ്മിഷണറോടും ഇതേപ്പറ്റി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല," ജയ്സാൽമർ ജില്ലയിലെ സാം ബ്ലോക്കിന് കീഴിൽ വരുന്ന റാസ്‌ല ഗ്രാമത്തിലെ ദേഗ്രായുടെ ഗ്രാമത്തലവനായ മുരീദ് ഖാൻ പറയുന്നു.
"ഞങ്ങളുടെ പഞ്ചായത്തിൽ ആറ്, ഏഴ് ഹൈ ടെൻഷൻ കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്," അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഞങ്ങളുടെ ഒറാനുകളിലൂടെയാണ് (വിശുദ്ധവനങ്ങൾ) അവ കടന്നുപോകുന്നത്. "സഹോദരാ! ആരാണ് നിങ്ങൾക്ക് ഇങ്ങനെ ചെയ്യാൻ അനുമതി നൽകിയത്?" എന്ന് ഞങ്ങൾ ചോദിക്കുമ്പോൾ, "ഞങ്ങൾക്ക് നിങ്ങളുടെ അനുമതി ആവശ്യമില്ല." എന്നാണ് അവരുടെ മറുപടി“..
ജി.ഐ.ബി കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷം, 2023 മാർച്ച് 27-ന്, ജി.ഐ.ബിയുടെ പ്രധാനപ്പെട്ട വാസസ്ഥലങ്ങൾ ദേശീയ പാർക്കുകളായി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം വകുപ്പ് മന്ത്രി ശ്രീ അശ്വിനി കുമാർ ചൗബേയ് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി പറയുകയുണ്ടായി.
എന്നാൽ ജി.ഐ.ബിയുടെ രണ്ട് വാസസ്ഥലങ്ങളിലൊന്ന് നേരത്തെതന്നെ ദേശീയ പാർക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും മറ്റൊന്ന് പ്രതിരോധവകുപ്പിന്റെ അധീനതയിലുള്ള പ്രദേശത്തുമാണ്. എന്നിട്ടും ബസ്റ്റാർഡുകൾ സുരക്ഷിതരല്ല.
*****
2021 ഏപ്രിൽ 19-ന് ഒരു റിട്ട് ഹർജിയിൻമേലുള്ള വിധിന്യായത്തിൽ സുപ്രീം കോടതി ഇങ്ങനെ പ്രസ്താവിച്ചു ,"ബസ്റ്റാർഡുകൾ അധിവസിക്കുന്ന പ്രധാനപ്രദേശങ്ങളിലും അവ കാണപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും, സാധ്യമായിടത്തെല്ലാം വൈദ്യുതി കേബിളുകൾ ഭൂമിയ്ക്കടിയിലേക്ക് മാറ്റേണ്ടതാണ്. ഈ പ്രവൃത്തി ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതും അതുവരെ നിലവിലുള്ള വൈദ്യുതി കേബിളുകളിൽനിന്ന് ഡൈവേർട്ടറുകൾ (വെളിച്ചം പ്രതിഫലിപ്പിച്ച് പക്ഷികൾക്ക് മുന്നറിയിപ്പ് നൽകുന്ന പ്ലാസ്റ്റിക് ഡിസ്‌ക്കുകൾ) തൂക്കിയിടാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്."
രാജസ്ഥാനിൽ ഭൂമിയ്ക്കടിയിലേക്ക് മാറ്റിസ്ഥാപിക്കേണ്ട 104 കിലോമീറ്റർ വൈദ്യുതിലൈനുകളുടെയും ഡൈവേർട്ടറുകൾ തൂക്കിയിടേണ്ട 1,238 കിലോമീറ്റർ ലൈനുകളുടെയും പട്ടികയും വിധിയിൽ ചേർത്തിട്ടുണ്ട്.
എന്നാൽ രണ്ടുവർഷങ്ങൾക്കിപ്പുറം, 2023 ഏപ്രിൽ വന്നെത്തുമ്പോൾ, വൈദ്യുതി കേബിളുകൾ ഭൂമിയ്ക്കടിയിലേയ്ക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധി പൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണ്. വൈദ്യുതിലൈനുകളിൽ ഡൈവേർട്ടറുകൾ തൂക്കുന്ന ജോലിയാകട്ടെ, ഏതാനും കിലോമീറ്ററുകൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ - അതും പ്രധാനറോഡുകൾക്ക് അരികെ, പൊതുജന, മാധ്യമശ്രദ്ധ കിട്ടുന്ന പ്രദേശങ്ങളിൽ മാത്രം. "ലഭ്യമായ പഠനങ്ങൾ അനുസരിച്ച്, ബേർഡ് ഡൈവേർട്ടറുകൾ വലിയൊരളവുവരെ പക്ഷികൾ ലൈനുകളിൽ ചെന്നിടിക്കുന്നത് തടയും. അതുകൊണ്ടുതന്നെ, ഡൈവേർട്ടറുകൾ തൂക്കിയിരുന്നെങ്കിൽ, തത്വത്തിൽ ഈ മരണം ഒഴിവാക്കാനാകുമായിരുന്നു." വന്യജീവി ശാസ്ത്രജ്ഞൻ ഡൂക്കിയ പറയുന്നു.
ഇന്ത്യയുടെ തദ്ദേശീയ പക്ഷിയായ ബസ്റ്റാർഡ് ഈ ഭൂമുഖത്തെ അതിന്റെ ഒരേയൊരു വാസസ്ഥലത്തുപോലും അപകടഭീഷണി നേരിടുകയാണ്. ഒരു വിദേശ സ്പീഷീസിന് ഇന്ത്യയിൽ വീടൊരുക്കാൻ നാം ബദ്ധപ്പെടുമ്പോഴാണ് ഇതെന്നോർക്കണം - 224 കോടി രൂപ ചിലവിൽ, അഞ്ച് വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതിയിലൂടെയാണ് ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിൽ എത്തിക്കുന്നത്. ചീറ്റകളെ പ്രത്യേക വിമാനങ്ങളിൽ കൊണ്ടുവരിക, അവയ്ക്കായി കെട്ടുറപ്പുള്ള, കെട്ടിത്തിരിച്ചിട്ടുള്ള വാസസ്ഥലങ്ങൾ ഒരുക്കുക, മികച്ച ക്യാമറകൾ വാങ്ങുക, നിരീക്ഷണ ടവറുകൾ പണിയുക എന്നിവയ്ക്കായാണ് ഇത്രയും തുക വിലയിരുത്തിയിരിക്കുന്നത്. ഇതുകൂടാതെ, ഇന്ത്യയിൽ ആകെയുള്ള കടുവകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുമ്പോൾതന്നെ, അവയുടെ സംരക്ഷണത്തിനും 2022-ലെ ബഡ്ജറ്റിൽ 300 കോടി രൂപ എന്ന വലിയ തുക വകയിരുത്തിയിട്ടുണ്ട്,
*****
പക്ഷി സ്പീഷീസുകളിലെ ഭീമാകാരനായ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന് ഒരു മീറ്റർ പൊക്കവും 5-10 കിലോഗ്രാം ഭാരവുമുണ്ട്. വർഷത്തിൽ ഒരു മുട്ട മാത്രമാണ്, അതും തുറസ്സായ സ്ഥലത്ത്, ഈ പക്ഷി ഇടുക. ഈ പ്രദേശത്ത് കാട്ടുനായ്ക്കളുടെ എണ്ണം വർധിക്കുന്നതും ബസ്റ്റാർഡ് മുട്ടകൾക്ക് അപകടം സൃഷ്ടിക്കുന്നുണ്ട്. "സ്ഥിതിഗതികൾ വളരെ മോശമാണ്. ഇവിടെയുള്ള പക്ഷികളുടെ എണ്ണം നിലനിർത്താനും കുറച്ച് സ്ഥലം (ആരും കടന്നുചെല്ലാത്ത) അവയ്ക്കായി മാറ്റിവെക്കാനും നാം ശ്രമിക്കേണ്ടതുണ്ട്, " ഈ പ്രദേശത്ത് ഒരു പദ്ധതി നടപ്പിലാക്കുന്ന ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (ബി.എൻ.എച്ച്.എസ്) പ്രോഗ്രാം ഓഫീസറായ നീൽകാന്ത് ബോധ പറയുന്നു.
കരജീവിയായ ഈ പക്ഷി കൂടുതലായും നടക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ അപൂർവ്വം അവസരങ്ങളിൽ അവ ചിറക് വിരിക്കുമ്പോൾ, അതൊരു ഗംഭീര കാഴ്ചയാണ് -4.5 അടി നീളമുള്ള ചിറകുകളിൽ ശരീര ഭാരവും വഹിച്ച് മരുഭൂമിയിലെ ആകാശത്തിലൂടെ അവ ഒഴുകി നീങ്ങും.
തലയുടെ രണ്ടുവശത്തുമായി കണ്ണുകളുള്ള ഭീമൻ ബസ്റ്റാർഡിന് നേരെ മുൻപിലുള്ള ഒന്നും കാണാനാകില്ല. അതുകൊണ്ടുതന്നെ, അവ മിക്കപ്പോഴും ഹൈ ടെൻഷൻ വയറുകളിൽ നേരെചെന്ന് ഇടിക്കുകയോ അല്ലെങ്കിൽ ഇടി ഒഴിവാക്കാനായി അവസാനനിമിഷം വെട്ടിത്തിരിയുകയോ ചെയ്യും. എന്നാൽ, ഒരു ട്രെയിലർ ട്രക്കിന് പൊടുന്നനെയുള്ള വളവുകൾ തിരിയാനാകില്ലെന്നത് പോലെ, ജി.ഐ.ബി അത് പറക്കുന്ന ദിശ പെട്ടെന്ന് മാറ്റുമ്പോഴേക്കും വല്ലാതെ വൈകിപ്പോയിരിക്കും; അതിന്റെ ചിറകുകളുടെ കുറച്ച് ഭാഗമോ അല്ലെങ്കിൽ തല തന്നെയോ തറയിൽനിന്ന് 30 മീറ്ററോ അധികമോ ഉയരത്തിലുള്ള വയറുകളിൽ ചെന്നിടിക്കും. "വയറുകളിൽ തട്ടുമ്പോഴുണ്ടാകുന്ന ഇലക്ട്രിക് ഷോക്കിൽ പക്ഷികളുടെ മരണം സംഭവിച്ചില്ലെങ്കിലും അത് കഴിഞ്ഞുള്ള വീഴ്ചയിൽ മരണം ഉറപ്പാണ്," രാധേശ്യാം പറയുന്നു.
2022-ൽ രാജസ്ഥാൻ വഴി വെട്ടുകിളികൾ ഇന്ത്യയിൽ പ്രവേശിച്ച സമയത്ത്, "ആയിരക്കണക്കിന് വെട്ടുകിളികളെ തിന്നുതീർത്ത ഗോദാവന്റെ സാന്നിധ്യമാണ് ചില കൃഷിയിടങ്ങളെയെങ്കിലും രക്ഷിച്ചത്," രാധേശ്യാം ഓർത്തെടുക്കുന്നു. "ഗോദാവൻ ആരെയും ഉപദ്രവിക്കില്ല. വാസ്തവത്തിൽ, ചെറിയ പാമ്പുകളെയും, തേളുകളെയും, ചെറിയ പല്ലികളെയും തിന്നുന്ന, കർഷകർക്ക് ഏറെ ഉപകാരിയായ ഒരു ജീവിയാണത്" അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അദ്ദേഹത്തിനും കുടുംബത്തിനും സ്വന്തമായുള്ള 80 ബീഗ(ഏതാണ്ട് 8 ഏക്കർ) നിലത്ത് ഗ്വാറും ബജ്റയും തണുപ്പുകാലത്ത് മഴ ലഭിക്കുന്ന ചില വർഷങ്ങളിൽ ഏതെങ്കിലുമൊരു മൂന്നാം വിളയും കൃഷി ചെയ്യുകയാണ് പതിവ്. "ജി.ഐ.ബികൾ 150-ന്റെ സ്ഥാനത്ത് ആയിരക്കണക്കിന് ഉണ്ടായിരുന്നെങ്കിലെന്ന് സങ്കൽപ്പിച്ചുനോക്കൂ. വെട്ടുകിളികളുടെ ആക്രമണംമൂലമുള്ള ദുരന്തത്തിന്റെ വ്യാപ്തി ഒരുപാട് കുറയുമായിരുന്നു," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ജി.ഐ.ബിയെ രക്ഷിക്കാനും അവയുടെ വാസസ്ഥലം നിലനിർത്താനും ചെറിയൊരു പ്രദേശത്ത് മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുള്ളൂ. "അത് നമുക്ക് ചെയ്യാവുന്നതേയുള്ളൂ. അതൊരു ബുദ്ധിമുട്ടുള്ള കാര്യമല്ല. വൈദ്യുതിലൈനുകൾ ഭൂമിയ്ക്കടിയിലേക്ക് മാറ്റാനും പുതിയ ലൈനുകൾ അനുവദിക്കാതിരിക്കാനുമുള്ള കോടതി ഉത്തരവുമുണ്ട്," റാത്തോഡ് പറയുന്നു. "എല്ലാം അവസാനിക്കുന്നതിനുമുൻപ് സർക്കാർ ഒന്നിരുത്തി ചിന്തിക്കുകയാണ് ഇനി വേണ്ടത്,"
ഈ ലേഖനം പൂർത്തിയാക്കാൻ അകമഴിഞ്ഞ് സഹായിച്ച , ബയോഡൈവേഴ്സിറ്റി കളക്റ്റീവിലെ ഡോക്ടർ രവി ചെല്ലത്തിനോട് ലേഖിക നന്ദി പറയുന്നു.
പരിഭാഷ: പ്രതിഭ ആർ.കെ .