സംസാരിക്കുമ്പോൾ അവരുടെ നെറ്റിയിൽ ചുളിവുകൾ വീഴുന്നു. ക്ഷീണിച്ച മുഖത്ത് അത് കൂടുതൽ പ്രകടമാണ്. ഓരോ നൂറ് മീറ്റർ നടക്കുമ്പോഴും ശ്വാസം കിട്ടാൻ ബുദ്ധിമുട്ടി അവർ നടക്കം പതുക്കെയാക്കി കൂനിക്കൂടി നിൽക്കുന്നു. ഒരു ചെറിയ കാറ്റ്, അവരുടെ നരച്ച മുടിയിഴകളെ മുഖത്തേക്ക് വീശുന്നു.
വെറും 31 വയസ്സേ ഇന്ദ്രാവതി ജാദവിനുള്ളു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും.
മഹാരാഷ്ട്രയിലെ നാഗ്പുർ പട്ടണത്തിന്റെ പ്രാന്തത്തിലുള്ള ഒരു ചേരിയിലാണ് അവരുടെ താമസം. ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) രോഗിയാണ് അവർ. ശ്വാസകോശത്തിലേക്ക് ആവശ്യമായ വായുസഞ്ചാരമില്ലാത്തതുമൂലമുണ്ടാവുന്ന ഗുരുതരമായ രോഗമാണത്. പലപ്പോഴും അത് കലശലായ ചുമയിലേക്കും അതുവഴി, ശ്വാസകോശത്തിന്റെ കേടുപാടുകളിലേക്കും നയിക്കും. ‘പുകവലിക്കാരുടെ രോഗം’ എന്ന് വിളിക്കപ്പെടുന്ന ഈ രോഗത്തിന് വിധേയരാവുന്ന സി.ഒ.പി.ഡി രോഗികളിൽ 30 മുതൽ 40 ശതമാനംവരെ വരുന്നവർ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിൽനിന്നുള്ളവരും പുകവലി സ്വഭാവമാക്കിയവരുമാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു. എച്ച്.ഒ – വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) ചൂണ്ടിക്കാണിക്കുന്നു
ജാദവ് ഇന്നുവരെ പുകയില തൊട്ടിട്ടില്ലെങ്കിലും അവരുടെ ഇടത്തേ ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്. വിറകും കൽക്കരിയുമുപയോഗിച്ച് പാചകം ചെയ്യുന്നതുമൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണത്തിന്റെ പ്രത്യക്ഷഫലമാണ് ഇതെന്ന് ഡബ്ല്യു.എച്ച്.ഒ. പറയുന്നു
ശുദ്ധമായ പാചക ഇന്ധനം ഒരിക്കലും ജാദവിന് പ്രാപ്യമായിരുന്നിട്ടില്ല. “ഞങ്ങൾ എപ്പോഴും വിറകോ കൽക്കരിയോ ഉപയോഗിച്ച് തുറസ്സായ ഇടത്തിൽവെച്ചാണ് ഭക്ഷണവും വെള്ളവും ചൂടാക്കുന്നത്. തുറസ്സായ സ്ഥലത്തുവെച്ച് പാചകം ചെയ്ത് എന്റെ ശ്വാസകോശം ഉപയോഗശൂന്യമായി”, എന്ന് അവർ പറയുന്നു. ഡോക്ടർമാർ അവരോട് പറഞ്ഞതും ഇതുതന്നെയായിരുന്നു. പാചകം ചെയ്യാൻ വിറക്-കൽക്കരി അടുപ്പുകൾ ഉപയോഗിക്കുന്നത് അവരുടെ ശ്വാസകൊശത്തിന് ക്ഷതമേൽപ്പിച്ചിരിക്കുന്നു.
പ്രതിവർഷം ഏകദേശം ആറ് ലക്ഷം ഇന്ത്യക്കാർ, അന്തരീക്ഷമലിനീകരണം മൂലം അകാലത്തിൽ മരിക്കുന്നുവെന്ന് 2019-ലെ ഒരു ലാൻസറ്റ് പഠനം പറയുന്നു. ചുറ്റുമുള്ള അന്തരീക്ഷവായുവിന്റെ ഗുണനിലവാരത്തിലെ പ്രധാനഘടകമാണ് വീടുകളിൽനിന്നുണ്ടാവുന്ന അന്തരീക്ഷമലിനീകരണം.
ചിഖാലി ചേരിയിലെ പാംഗുൽ മൊഹല്ലയിലെ ഒറ്റമുറി വീടിന്റെ പുറത്ത് പ്ലാസ്റ്റിക്ക് കസേരയിലിരുന്ന്, ജാദവ് തന്റെ ആരോഗ്യത്തെക്കുറിച്ച് തളർച്ചയോടെ സംസാരിക്കുന്നു
ആരോഗ്യം മെച്ചപ്പെടണമെങ്കിൽ അവർക്ക് ശസ്ത്രക്രിയ ആവശ്യമാണ്. എന്നാൽ അത് അപകടസാധ്യതയുള്ള ഒന്നാണ്. മിക്കപ്പോഴും മദ്യത്തിൽ മുഴുകിക്കഴിയുന്ന അവരുടെ ഭർത്താവ് 10-ഉം 15-ഉം ദിവസം കൂടുമ്പോഴാണ് വീട്ടിലേക്ക് വരാറുള്ളത്.
മക്കളായ 13 വയസ്സുള്ള കാർത്തികിനേയും 12 വയസ്സുള്ള അനുവിനേയുംകുറിച്ച് ആലോചിച്ചിട്ടാണ് അവർക്ക് കൂടുതൽ ഭയം. “എന്റെ ഭർത്താവ് എന്ത് ചെയ്യുന്നു, എന്ത് കഴിക്കുന്നു, എവിടെ ഉറങ്ങുന്നു എന്നൊന്നും എനിക്കറിയില്ല”, ശ്വാസമെടുക്കാൻ ഒന്ന് നിർത്തി അവർ തുടർന്നു. “എന്റെ കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടോ എന്ന് നോക്കാനുള്ള ആരോഗ്യംപോലും എനിക്കില്ല. ശസ്ത്രക്രിയ ഞങ്ങൾ നീട്ടിവെക്കുകയാണ്. കാരണം, എനിക്കെന്തെങ്കിലും പറ്റിയാൽ, എന്റെ കുട്ടികൾ അനാഥരായിപ്പോവും”.
ചപ്പുചവറുകൾ ചികഞ്ഞ്, ആവശ്യമുള്ളതും പുനരുപയോഗിക്കാവുന്നതുമായ സാധനങ്ങൾ പെറുക്കിയെടുക്കുന്ന ജോലിയാണ് അവർ ചെയ്തിരുന്നത്. അങ്ങിനെയുള്ള സാധനങ്ങൾ വിറ്റ്, മാസത്തിൽ അവർ 2,500 രൂപ സമ്പാദിച്ചിരുന്നു. ഒരുവർഷം മുമ്പുമുതൽ, അവരുടെ ആരോഗ്യം വല്ലാതെ ക്ഷയിച്ചുതുടങ്ങിയതോടെ ആ ജോലിചെയ്യാൻ പോലും അവർക്ക് കഴിയാതായി.
“എനിക്ക് ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനൊന്നും സാധിക്കില്ല. ഓരോ തവണ എൽ.പി.ജി (ദ്രവീകൃത പെട്രോളിയം ഇന്ധനം) ഗ്യാസ് നിറയ്ക്കാനും, 1,000 രൂപയ്ക്ക് മുകളിൽ ആവശ്യമാണ്. വരുമാനത്തിന്റെ പകുതിയും അതിനുപയോഗിച്ചാൽ എങ്ങിനെ കുടുംബം നടത്തും?”
സാമ്പത്തിക കാരണങ്ങളാൽ, ശുദ്ധമായ പാചക ഇന്ധനം പ്രാപ്യമല്ലാത്ത ആഗോള ജനസംഖ്യയിൽ 60 ശതമാനവും വികസ്വര ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ (ഇന്റർനാഷണൽ എനർജി ഏജൻസി) 2021-ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മറ്റൊരുതരത്തിൽ പറഞ്ഞാൽ, വിറക്-കൽക്കരി അടുപ്പുകളിലെ പുകമൂലം സി.ഒ.പി.ഡി, ശ്വാസകോശാർബ്ബുദം, ക്ഷയം, മറ്റ് ശ്വാസസംബന്ധിയായ രോഗങ്ങൾ എന്നിവമൂലം, ഏഷ്യയിലെ 105 ജോടി ജനങ്ങൾ ദുരിതമനുഭവിക്കുന്നു എന്നർത്ഥം.
*****
തുടർക്കഥയാവുന്ന ഈ ദുരന്തത്തിന്റെ സൂക്ഷ്മശരീരമാണ് മധ്യേന്ത്യയിലെ നാഗ്പുർ പട്ടണത്തിന്റെ പ്രാന്തഭാഗത്തുള്ള ചിഖാലി ചേരി. ഇവിടെ, മിക്കവാറും എല്ലാ സ്ത്രീകളും, കണ്ണിൽനിന്ന് വെള്ളം വരിക, ശ്വാസോച്ഛ്വാസം ചെയ്യാൻ ബുദ്ധിമുട്ടുക, ചുമ തുടങ്ങിയ രോഗങ്ങളാൽ വീർപ്പുമുട്ടുന്നു.
ഓലക്കുടിലുകളും സിമന്റും പാട്ടക്കഷണങ്ങളുമുപയോഗിച്ചുള്ള കൂരകളുമുള്ള ആ ചേരിയിലെ ഒട്ടുമുക്ക വീടുകളിലും, അർദ്ധചന്ദ്രാകൃതിയിലടുക്കിവെച്ച ഇഷ്ടികയടുപ്പുകളാണുള്ളത്. അതിന്റെ വായിൽ, വിറകുകളും വൈക്കോലും കുത്തിത്തിരുകിവെച്ചിട്ടുണ്ടാവും.
ഏറ്റവും ബുദ്ധിമുട്ട്, ആ അടുപ്പ് കത്തിച്ചുകിട്ടലാണ്. കാരണം, ഒരു തീപ്പെട്ടിക്കൊള്ളികൊണ്ടോ, മണ്ണെണ്ണകൊണ്ടോ അത് കത്താറില്ല. ഒരുമിനിറ്റിലധികം നേരം, ഒരു ചെറിയ കുഴലെടുത്ത് തുടർച്ചയായും ശക്തിയായും ഊതിക്കൊണ്ടിരുന്നാലേ തീ കത്തുകയുള്ളു. ബലമുള്ള ശ്വാസകോശം അത്യാവശ്യമാണ് അതിന്.
ജാദവിന് ഇപ്പോൾ തീ കത്തിക്കാനാവുന്നില്ല. ശക്തിയായി കുഴലിലൂടെ ഊതാൻ അവർക്ക് കഴിയില്ല. 800 ദശലക്ഷം ആളുകൾക്ക് ഭക്ഷ്യധാന്യം ലഭിക്കുന്ന സർക്കാരിന്റെ പൊതുവിതരണ സംവിധാനത്തിലൂടെയാണ് അവർക്കും റേഷൻ കിട്ടുന്നത്. എന്നാൽ, ഭക്ഷണം പാകം ചെയ്യുന്നതിന് അടുപ്പ് കത്തിക്കാൻ അവർക്ക് അയൽക്കാരുടെ സഹായം ആവശ്യമാണ്. “ചിലപ്പോൾ എന്റെ സഹോദരന്മാർ അവരുടെ വീട്ടിൽ ഭക്ഷണമുണ്ടാക്കി എനിക്ക് കൊണ്ടുവന്നുതരും”, അവർ പറയുന്നു.
ഏഷ്യയിലെ 105 ജോടി ജനങ്ങളാണ് വിറക്-കൽക്കരി അടുപ്പുകളിൽനിന്നുള്ള അധിക അളവിലുള്ള വിഷപ്പുകമൂലം, ശ്വാസകോശാർബ്ബുദം, ക്ഷയം, മറ്റ് ശ്വാസസംബന്ധിയായ രോഗങ്ങൾ തുടങ്ങിയ സി.ഒ.പി.ഡി. രോഗങ്ങൾ അനുഭവിക്കുന്നത്
സി.ഒ.പി.ഡി.യിലേക്കും മറ്റ് ശ്വാസകോശസംബന്ധിയായ രോഗങ്ങളിലേക്കും നയിക്കുന്ന മുഖ്യഘടകം ഈ അടുപ്പുകളിലെ തീകത്തിക്കലാണെന്ന്, നാഗ്പുർ ആസ്ഥാനമായ പൾമണോളജിസ്റ്റ് ഡോ. സമീർ അർബത്ത് പറയുന്നു. “കുഴലിലേക്കുള്ള ശക്തിയായ ഉച്ഛ്വാസം കഴിഞ്ഞയുടൻ, വീണ്ടും ഈ പ്രക്രിയ ആവർത്തിക്കുന്നതിനായി, ബോധപൂർവ്വമല്ലാതെ അകത്തേക്കുള്ള ശ്വാസംവലിക്കലും നടക്കുന്നു. അപ്പോൾ കുഴലിന്റെയറ്റത്തുള്ള അഴുക്കും കരിയും മറ്റും അകത്തേക്ക് പോവുന്നു”.
2030-ആവുന്നതോടെ, ആഗോളമായി ആളുകളെ മരണത്തിലേക്ക് നയിക്കുന്ന മൂന്നാമത്തെ കാരണമായി സി.ഒ.പി.ഡി മാറുമെന്ന് 2004-ൽത്തന്നെ ഡബ്ല്യു.എച്ച്.ഒ. പ്രവചിച്ചിരുന്നു. 2019 ആവുമ്പോഴേക്കുതന്നെ രോഗം ആ നാഴികക്കല്ലിലെത്തുകയും ചെയ്തു.
“അന്തരീക്ഷ മലിനീകരണം ഇപ്പോൾത്തന്നെ ഒരു മഹാവ്യാധിയാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിലുണ്ടായ സി.ഒ.പി.ഡി രോഗികളിൽ പകുതിയും പുകവലിക്കാത്തവരായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്” എന്ന് ഡോ. അർബത്ത് പറഞ്ഞു. “പട്ടണത്തിന് ചുറ്റുമുള്ള ചേരികളിൽ വീട്ടകങ്ങളിലുണ്ടാവുന്ന മലിനീകരണംകൊണ്ടാണ് ഇതധികവും ഉണ്ടായിട്ടുള്ളത്. വായുസഞ്ചാരമില്ലാത്ത വീടുകളിൽ, വിറകും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള അടുപ്പ് കത്തിക്കലുകളിൽനിന്ന്. സ്ത്രീകളാണ് അധികവും ഈ പണിയിലേർപ്പെടുന്നത് എന്നതിനാൽ, അവരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നതും”.
ദിവസവും രണ്ട്, മൂന്ന് മണിക്കൂർ നേരം താൻ ആ പുക ശ്വസിക്കുന്നുണ്ടെന്ന് സംസാരശേഷി വൈകല്യമുള്ള 65 വയസ്സുള്ള ശകുന്തള ലോൻധെ പറയുന്നു. “എനിക്കും ചെറുമകനും കഴിക്കാൻ ദിവസവും രണ്ടുനേരം ഭക്ഷണമുണ്ടാക്കണം. കുളിക്കാനായി വെള്ളവും ചൂടാക്കണം. ഞങ്ങൾക്ക് ഗ്യാസ് കണക്ഷനൊന്നുമില്ല”, അവർ പറയുന്നു.
ദീർഘകാലത്തെ രോഗത്തിനുശേഷം ലോൻധെയുടെ മകൻ 15 വർഷം മുമ്പ് മരിച്ചു. പിന്നീടൊരു ദിവസം പുത്രവധു വീടുവിട്ട് പോവുകയും ചെയ്തു. തിരിച്ചുവന്നതേയില്ല.
ലോൻധെയുടെ ചെറുമകൻ 18 വയസ്സുള്ള സുമിത്ത് പാത്രം കഴുകി ഉപജീവനം നടത്തുന്നു. ആഴ്ചയിൽ 1,800 രൂപ അയാൾ സമ്പാദിക്കുന്നുണ്ടെങ്കിലും മുത്തശ്ശിക്ക് പൈസയൊന്നും കൊടുക്കാറില്ല. “പൈസ ആവശ്യം വരുമ്പോൾ ഞാൻ തെരുവിൽ തെണ്ടും. അതുകൊണ്ട്, ഗ്യാസ് കണക്ഷനൊന്നും കിട്ടാനുള്ള സാധ്യതയില്ല”, അവർ പറയുന്നു.
ദിവസവും ഒരുമണിക്കൂർ യാത്ര ചെയ്ത്, തലയിൽ ചുമന്ന് കൊണ്ടുവരുന്ന വിറകിൽനിന്ന് കുറച്ച്, സ്നേഹമുള്ള അയൽവക്കക്കാർ അവർക്ക് നൽകുന്നു.
ഓരോ തവണ അടുപ്പ് കത്തിച്ചുകഴിഞ്ഞാലും ലോൻധെക്ക് തലചുറ്റലും ക്ഷീണവും തോന്നാറുണ്ട്. പക്ഷേ അവർ ഒരിക്കലും സ്ഥിരമായ ചികിത്സ നടത്തിയിട്ടില്ല. “ഡോക്ടറുടെയടുത്ത് പോയി, താത്ക്കാലികാശ്വാസത്തിന് എന്തെങ്കിലും ഗുളിക വാങ്ങും”, അവർ പറയുന്നു.
2022 ഓഗസ്റ്റിൽ, ശുദ്ധവായുവിനായുള്ള കുട്ടികളുടെ അവകാശത്തിനായി പോരാടുന്ന, അഖിലേന്ത്യാ സംഘടനയായ വാറിയർ മോംസ്, നാഗ്പുർ ആസ്ഥാനമായ സന്നദ്ധസംഘടന സെന്റർ ഫോർ സസ്റ്റെയിനബിൾ ഡെവലപ്പ്മെന്റ്, നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷൻ എന്നിവർ ചേർന്ന് ഒരു സർവേ നടത്തുകയും ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ചിഖാലിയിൽ അവർ പി.ഇ.എഫ്.ആർ (ശ്വാസകോശത്തിന്റെ ആരോഗ്യം പരിശോധിക്കുന്ന പീക്ക് എക്സ്പിരേറ്ററി ഫ്ലോ റേറ്റ്) എന്ന പരിശോധന നടത്തുകയും ചെയ്തു.
350-ഓ, കൂടുതലോ ആണ് സ്കോറെങ്കിൽ, ആരോഗ്യമുള്ള ശ്വാസകോശമുണ്ടെന്നാണ് വിലയിരുത്തൽ. ചിഖാലിയിൽ പരിശോധിച്ച 41 സ്ത്രീകളിൽ 34 പേരിലും 350-ന് താഴെയായിരുന്നു സ്കോർ. പതിനൊന്നുപേർക്ക് 200-ൽത്താഴെയും. ശ്വാസകോശത്തിന് ക്ഷതമേറ്റു എന്നതിന്റെ തെളിവായിരുന്നു അത്.
ലോൻധെയുടേത് വെറും 150 ആയിരുന്നു. ആവശ്യമായ അളവിന്റെ പകുതിക്കും താഴെ.
നാഗ്പുർ പട്ടണത്തിൽ ആകെയുള്ള ചേരികളിലെ 1,500 വീടുകളിലായിരുന്നു സർവേ. അതിൽ 43 എണ്ണത്തിലും വിറകടുപ്പാണ് ഉപയോഗിച്ചിരുന്നത്. കുട്ടികൾക്ക് രോഗം വരാതിരിക്കാൻ പലരും തുറസ്സായ സ്ഥലത്താണ് അടുപ്പ് കൂട്ടിയിരുന്നത്. എന്നാൽ, ചേരിയിലെ വീടുകളെല്ലാം അടുത്തടുത്തായിരുന്നതിനാൽ, അവയിൽനിന്നുള്ള അന്തരീക്ഷ മലിനീകരണം മുഴുവൻ ചേരിയേയും ബാധിച്ചിരുന്നു.
ശുദ്ധമായ പാചക ഇന്ധനം ഇന്ത്യയിലെ പാവപ്പെട്ടവർക്ക് പ്രാപ്യമല്ലാത്തതിനാൽ ഉണ്ടാവുന്ന പാരിസ്ഥിതികവും പൊതുജനാരോഗ്യസംബന്ധവുമായ ആശങ്കകൾ പരിഹരിക്കുന്നതിനായി, 2016 മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) ആരംഭിച്ചു. അതിൻപ്രകാരം, പാവപ്പെട്ട കുടുംബങ്ങൾക്ക് എൽ.പി.ജി. സിലിണ്ടർ കണക്ഷനുകൾ അനുവദിച്ചു. 8 കോടി കുടുംബങ്ങൾക്ക് ശുദ്ധമായ പാചക ഇന്ധനം നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ വെബ്‌സൈറ്റ് പ്രകാരം 2019 സെപ്റ്റംബറിൽത്തന്നെ ആ ലക്ഷ്യം നിറവേറിയതായി സൂചിപ്പിക്കുന്നു.
എന്നാൽ, ദേശീയ കുടുംബാരോഗ്യ സർവേ - 5 (2019-21) പ്രകാരം, ഇന്ത്യയിൽ 41 ശതമാനത്തിന് മീതെ ആളുകൾക്ക് ഇപ്പോഴും അത് ലഭിച്ചിട്ടില്ല.
മാത്രമല്ല, അത് പ്രാപ്യമാവുന്നർപോലും എൽ.പി.ജി. തിരഞ്ഞെടുക്കാനിടയില്ല. കാരണം, മഹാരാഷ്ട്രയിൽ 14.2 കിലോഗ്രാം വരുന്ന ഒരു ഗാർഹിക സിലിണ്ടറിന്റെ വില 1,100 നും 1,120 രൂപയ്ക്കുമിടയിലാണ്. 93.4 ദശലക്ഷം വരുന്ന പി.എം.യു.വൈ ഗുണഭോക്താക്കളിൽ വളരെ ചെറിയ ശതമാനം ആളുകൾക്ക് മാത്രമേ സിലിണ്ടർ ഉപയോഗിക്കാനുള്ള സാമ്പത്തികശേഷിയുള്ളു.
സർക്കാരിന്റെ പദ്ധതിപ്രകാരം എൽ.പി.ജി. കണക്ഷൻ ലഭിച്ച ചിഖാലിയിലെ 55 വയസ്സുള്ള പാർവ്വതി കാക്കഡെ അതിന്റെ കാരണം പറയുന്നു. “അടുപ്പ് ഞാൻ പൂർണ്ണമായി ഉപേക്ഷിച്ചാൽ, എല്ലാ മാസവും എനിക്ക് സിലിണ്ടർ മാറ്റേണ്ടിവരും. എനിക്കത് താങ്ങില്ല. അതിനാൽ ഞാനത്, ആറുമാസംവരെയൊക്കെ നിൽനിർത്തിക്കൊണ്ടുപോവും. വീട്ടിൽ വിരുന്നുകാർ വരുമ്പോഴോ, ശക്തിയായി മഴ പെയ്യുമ്പോഴോ മാത്രമേ ഞാനത് ഉപയോഗിക്കാറുള്ളു”.
കാലവർഷത്തിന്റെ സമയത്ത്, നനഞ്ഞ വിറകുകൾ കത്താൻ കുഴലിലൂടെ വളരെ നേരം ഊതേണ്ട ആവശ്യം വരും. തീ കത്തിക്കഴിഞ്ഞാലുടൻ, കുട്ടികൾ കണ്ണ് തിരുമ്മാനും കരയാനും തുടങ്ങും. ശ്വാസകോശസംബന്ധിയായ രോഗങ്ങളെക്കുറിച്ചൊക്കെ കാക്കഡെക്ക് അറിയാമെങ്കിലും, അവർ നിസ്സഹായയാണ്.
“എനിക്കതിലൊന്നും ചെയ്യാൻ കഴിയില്ല”, കാക്കഡെ പറയുന്നു. “
കാക്കഡെയുടെ മകളുടെ ഭർത്താവ് 35 വയസ്സുള്ള ബലിറാം മാത്രമാണ് കുടുംബത്തിലെ വരുമാനമുള്ള ഒരേയൊരാൾ. ചപ്പുചവറുകൾ പെറുക്കുന്ന ജോലി ചെയ്ത് മാസത്തിൽ 2,500 രൂപ ഉണ്ടാക്കുന്നു അയാൾ. കുടുംബം ഇപ്പോഴും പാചകത്തിനായി മിക്കവാറും ഉപയോഗിക്കുന്നത് വിറകുകളാണ്. ആസ്തമയും ദുർബ്ബലമായ ശ്വാസകോശവും ശ്വാസകോശസംബന്ധമായ അണുബാധയും രോഗപ്രതിരോധശേഷിയില്ലായ്മയുമൊക്കെ അവരെയും കാത്തിരിക്കുന്നു.
“ഗുരുതരമായ ശ്വാസകോശരോഗം പേശികളെ ഉപയോഗശൂന്യവും ക്ഷീണിതവുമാക്കും. തന്മൂലം, അകാലത്തിൽത്തന്നെ വാർദ്ധക്യത്തിലേക്ക് നയിക്കും. ആളുകൾ ചുരുങ്ങിപ്പോവും. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമൂലം വീടിന്റെയകത്ത് കഴിയാനായിരിക്കും അവർക്ക് താത്പര്യം. ഇത് ആത്മവിശ്വാസമില്ലായ്മയിലേക്കും വിഷാദത്തിലേക്കും നയിക്കാനിടയുണ്ട്”, ഡോ. അർബത്ത് പറയുന്നു.
അർബത്തിന്റെ വിവരണങ്ങൾ ജാദവിനെ സംബന്ധിച്ച് തികച്ചും ശരിയാണ്.
അവരുടെ ശബ്ദത്തിൽ ഒരു നിശ്ചയമില്ലായ്മയുണ്ട്. സംസാരിക്കുമ്പോൾ അവർ കണ്ണിലേക്ക് നോക്കുന്നില്ല. അവരുടെ സഹോദരന്മാരും ഭാര്യമാരും സംസ്ഥാനത്തിന് പുറത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു. അവർ വീട്ടിൽത്തന്നെ തങ്ങാൻ തീരുമാനിച്ചു. അതാവുമ്പോൾ മറ്റുള്ളവർക്ക് തിരക്കിനിടയിൽ തന്നെ ശ്രദ്ധിക്കേണ്ടിവരില്ലല്ലോ എന്ന് അവർ പറഞ്ഞു. “ആരും എന്നോട് അങ്ങിനെയൊന്നും നേരിട്ട് പറഞ്ഞില്ല. എന്നാലും എന്നെപ്പോലെ ഒരാൾക്കുവേണ്ടി എന്തിനാണ് ഒരു ടിക്കറ്റ് പാഴാക്കുന്നത്? എന്നെക്കൊണ്ട് ഉപയോഗമില്ലല്ലോ”, ഒരു കരുണാർദ്രമായ പുഞ്ചിരിയോടെ അവർ പറയുന്നു.
പാര്‍ത്ഥ് എം. എന്‍. 2017 -ലെ പാരി ഫെല്ലോ യാണ്. താക്കൂര്‍ ഫാമിലി ഫൗണ്ടേഷ ൻ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായ ത്തോടെ പൊതു ജനാ രോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തി ൽ താക്കൂ ർ ഫാമിലി ഫൗണ്ടേഷ ൻ ഒരു വിധത്തിലുമുള്ള എഡിറ്റോറിയ ൽ നിയന്ത്ര ണവും നടത്തിയിട്ടില്ല.
പരിഭാഷ: രാജീവ് ചേലനാട്ട്