“എനിക്കറിയില്ല”, കൊറോണ വൈറസ് തന്‍റെ ഗ്രാമത്തിൽ എത്തുമോയെന്ന് ചോദിച്ചതിന് മറുപടിയായി വാർധ ജില്ലയിൽ നിന്നുള്ള 23-കാരനായ ക്ഷീരകർഷകൻ പ്രഫുല്ല കാലോകർ പറഞ്ഞു. “പക്ഷെ അതിന്‍റെ സാമ്പത്തിക ഫലങ്ങൾ നേരത്തെ തന്നെ ഇവിടെത്തി.”

പ്രഫുല്ലയുടെ ഗ്രാമമായ ചന്ദണിയിൽ പ്രതിദിനം 500 ലിറ്റർ പാൽ കിട്ടിയിരുന്നെങ്കില്‍ മാർച്ച് 25-ന് കോവിഡ്-19 ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ അതിന്‍റെ ഉൽപാദനം നിലച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആർവി താലൂക്കിലെ ഒരു ഗ്രാമത്തിൽ വസിക്കുന്ന ഏതാണ്ട് 520 പേരിൽ മിക്കവരും നന്ദ ഗവലി സമുദായത്തിൽ പെടുന്നു.

നന്ദ ഗവലികൾ അര്‍ദ്ധ കാർഷിക സമൂഹമാണ്. ബോർ കടുവ സങ്കേതത്തോടു ചേർന്ന് വാർധ ജില്ലയിലെ 40-50 ഗ്രാമങ്ങളിലായി അവർ വസിക്കുന്നു. ഗാവലി എന്നും അറിയപ്പെടുന്ന ഈ സമൂഹം പ്രാദേശിക ഇനമായ ഗവലാവു കാലികളെ പരമ്പരാഗതമായി വളർത്തുന്നു. കൂടാതെ, പശുവിൻ പാൽ, തൈര്, വെണ്ണ, നെയ്യ്, ഖോവ എന്നിവയുടെ മുഖ്യ ദാതാക്കളുമാണ് അവര്‍. “നന്ദ ഗവലികള്‍, ഏറ്റവും കുറഞ്ഞത്, 25,000 ലിറ്റര്‍ പാല്‍ക്കച്ചവടത്തിന്‍റെ കുറവിനാണ് സാക്ഷ്യം വഹിച്ചത്”, വാര്‍ധയില്‍ ലോക്ക്ഡൗണിന്‍റെ ആദ്യ 15 ദിവസത്തെ നഷ്ടം കണക്കാക്കിക്കൊണ്ട് കാലോകര്‍ പറഞ്ഞു.

പാലിന്‍റെയും പാലുല്‍പന്നങ്ങളുടെയും (എല്ലാം പെട്ടെന്ന് നശിക്കുന്ന സാധനങ്ങളാണ്) ആവശ്യത്തിലുണ്ടായ കുറവ് ക്ഷീരമേഖലയെ മോശമായി ബാധിച്ചു. കുടുംബങ്ങള്‍ കുറഞ്ഞ അളവില്‍ പാല്‍ ഉപഭോഗം  ചെയ്തതു മാത്രമല്ല ഹോട്ടലുകളും ഭക്ഷണശാലകളും മധുരപലഹാര ശാലകളും പോലും അടഞ്ഞുകിടന്നതും പാലുല്‍പന്നങ്ങള്‍ക്കുള്ള ആവശ്യം വീണ്ടും കുറയുന്നതിനു കാരണമായി. ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ ഉപവിഭാഗമായ മദര്‍ ഡെയറി (Mother Dairy) ഉള്‍പ്പെടെയുള്ള വലിയ ക്ഷീര സംസ്കരണ ശാലകള്‍ പോലും പാല്‍ സംഭരിക്കുന്നത് നിര്‍ത്തി.

സാമ്പത്തികനഷ്ടം മിക്കവാറും ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്ന് കാലോകര്‍ പറയുന്നു. ഈ മേഖലയുടെ ദീര്‍ഘ വിതരണ ശൃംഖലയുടെ ഭാഗമായിട്ടുള്ള എല്ലാവർക്കും ഇത് ആയിരക്കണക്കിന് രൂപ ദൈനംദിന വരുമാനം നല്‍കിയിരുന്നുവെന്ന് അദ്ദേഹം കണക്കാക്കി. നന്ദ ഗവലി സമുദായത്തിലെ ഏക പിഎച്.ഡി. വിദ്യാര്‍ത്ഥിയാണ് പ്രഫുല്ല. വാര്‍ധയിലെ പരുത്തി സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് നാഗ്പൂര്‍ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയാണ് അദ്ദേഹം.

Nanda Gaolis live in 40-50 villages of Wardha, around the Bor Tiger Reserve. They rear the native Gaolao cow breed (top row), and are the major suppliers of milk and milk products in the district. The fall in demand during the lockdown has hit them hard (file photos)
PHOTO • Ajinkya Shahane

ബോർ കടുവ സങ്കേതത്തോടു ചേർന്ന് വാർധ ജില്ലയിലെ 40-50 ഗ്രാമങ്ങളിലായി നന്ദ ഗവലികള്‍ വസിക്കുന്നു. തദ്ദേശീയമായ ഗവലാവോ കാലിയിനത്തെ വളര്‍ത്തുന്ന അവര്‍ (മുകളിലെ നിര) ജില്ലയില്‍ പാലിന്‍റെയും പാലുല്‍പന്നങ്ങളുടെയും മുഖ്യ ദാതാക്കള്‍ കൂടിയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഉല്‍പന്നങ്ങളുടെ ആവശ്യത്തിലുണ്ടായ കുറവ് അവരെ സാരമായി ബാധിച്ചു (ഫയല്‍ ചിത്രങ്ങള്‍)

ക്ഷീരമേഖല ആയിരക്കണക്കിന് ചെറുകിട-പാര്‍ശ്വവത്കൃത ക്ഷീര കര്‍ഷകരെയും പരമ്പരാഗത കാലിവളര്‍ത്തല്‍കാരെയും നന്ദ ഗവലികളെപ്പോലുള്ള ഇടയരെയും നിലനിര്‍ത്തുന്നു. അവരില്‍ നിരവധിപേരും കിഴക്കന്‍ മഹാരാഷ്ട്രയിലെ വിദര്‍ഭ പ്രദേശത്തെ കാര്‍ഷിക പ്രതിസന്ധിമൂലം വളരെക്കാലമായി ബുദ്ധിമുട്ടുകയാണ്. കുറച്ചുപേരുടെ ഏക ഉപജീവനമാർഗം തികച്ചും നഷ്ടപ്പെടുന്നതിനാല്‍ ഇപ്പോഴവര്‍ കുറച്ചുകൂടി അനിശ്ചതമായ ഭാവിയെ നേരിടുന്നു.

പാല്‍ക്കച്ചവടത്തിലുണ്ടായ കുറവിനപ്പുറത്തേക്കാണ് പ്രശ്നങ്ങള്‍ നീങ്ങുന്നത്. “ഞങ്ങള്‍ക്ക് ഞങ്ങളുടെ കാലികളുടെ പാല്‍ കറന്നെടുക്കണം. അല്ലെങ്കിലത് കട്ടപിടിച്ച് ഭാവിയില്‍ പാല്‍ കിട്ടാതാവും”, പ്രഫുല്ലയുടെ അമ്മാവന്‍ പുഷ്പരാജ് കാലോകര്‍ പറഞ്ഞു. “പക്ഷെ അത്രയും പാല്‍ കൊണ്ട് ഞങ്ങള്‍ എന്തുചെയ്യാന്‍? വിപണി അടച്ചിരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് ഖോവയോ വെണ്ണയോ ഉണ്ടാക്കാന്‍ കഴിയില്ല.”

ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ അധികംവന്ന പാലിന്‍റെ പ്രശ്നം കൈകാര്യം ചെയ്യുന്നതിനും മിക്ക സ്വകാര്യ ഉപഭോക്താക്കളും പാലിന്‍റെ സംഭരണം കുറച്ചതുകൊണ്ടും മഹാരാഷ്ട്രയിലെ മഹാവികാസ് ആഘാടി സര്‍ക്കാര്‍ ക്ഷീരസഹകരണ സംഘങ്ങളുടെ സംസ്ഥാന ഫെഡറേഷനായ മഹാനന്ദ് മുഖേന പശുവിന്‍പാല്‍ സംഭരിക്കാന്‍ മാര്‍ച്ച് 30-ന് തീരുമാനിച്ചു.

മൂന്ന് മാസക്കാലത്തേക്ക് എല്ലാ ദിവസവും 10 ലക്ഷം ലിറ്റര്‍ പാല്‍ വാങ്ങുന്നതിനും അവ പാല്‍ പൊടിയായി സംസ്കരിച്ചെടുക്കുന്നതിനും സര്‍ക്കാര്‍ പദ്ധതിയിട്ടു (2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ). മഹാനന്ദ് മുഖേനയുള്ള സംഭരണം മഹാരാഷ്ട്രയില്‍ ഏപ്രില്‍ 4-ന് ആരംഭിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായ സുനില്‍ കേദാര്‍ പാരിയോട് പറഞ്ഞത് ഇങ്ങനെയാണ്: “ഈ ആകസ്മിക ചിലവ് നേരിടാനായി ഞങ്ങള്‍ 187 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സംഭാവന ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ പാല്‍ സംഭരണം വര്‍ദ്ധിപ്പിക്കും.”

മഹാനന്ദിനെക്കൂടാതെ ഗോകുലും വാരണയും പോലുള്ള  മറ്റ് വലിയ ക്ഷീര സഹകരണ സംഘങ്ങളും പാല്‍ സംഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട് - അവയില്‍ കുറച്ച് പാല്‍പൊടിയായി സംസ്കരിക്കും. അതുകൊണ്ട് ഉല്‍പാദകര്‍ ബുദ്ധിമുട്ടേണ്ടിവരില്ല. എന്നിരിക്കിലും മഹാനന്ദുമായി ബന്ധമില്ലാത്ത വാര്‍ധയിലെ നന്ദ ഗവലികളെപ്പോലുള്ള ക്ഷീരോല്‍പാദകരെ സംബന്ധിച്ചിടത്തോളം പ്രശ്നം അവശേഷിക്കുന്നു. കാരണം, മഹാനന്ദ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നില്ല. കൂടാതെ നന്ദ ഗവലികള്‍ ഒരിക്കലും ക്ഷീര സഹകരണ സംഘങ്ങളിലോ വലിയ സ്വകാര്യ ക്ഷീര കമ്പനികളിലോ അംഗങ്ങളായിരുന്നില്ല. അവര്‍ സാധാരണയായി ചില്ലറ വില്‍പന വിപണികളിലാണ് പാല്‍ വിറ്റിരുന്നത്. അവ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.

Top left: The Bharwads, who raise the Gir cow, have been forced to give away milk for free during the lockdown. Top right: A Mathura Lamhan pastoralist in Yavatmal. Bottom row: The Nanda Gaolis settled in the Melghat hills earn their livelihood from cows and buffaloes (file photos)
PHOTO • Ajinkya Shahane

മുകളില്‍ ഇടത്: ഗീര്‍ പശുക്കളെ വളര്‍ത്തുന്ന ഭര്‍വാഡുകള്‍ ലോക്ക്ഡൗണ്‍ സമയത്ത് പാല്‍ സൗജന്യമായി നല്‍കാന്‍ നിര്‍ബന്ധിതരായി. മുകളില്‍ വലത്: യവത്മാലില്‍ ഒരു മഥുര ലഹ്മാണ്‍ പശുപാലകന്‍. താഴത്തെ നിര: മേല്‍ഘാട് മലകളില്‍ താമസിക്കുന്ന നന്ദ ഗവലികള്‍ പശുക്കളെയും എരുമകളേയും വളര്‍ത്തിയാണ് ഉപജീവനം കഴിക്കുന്നത് (ഫയല്‍ ചിത്രങ്ങള്‍)

ഉത്തര, പശ്ചിമ മഹാരാഷ്ട്രയില്‍ നിന്നും വ്യത്യസ്തമായി കിഴക്കന്‍ മഹാരാഷ്ട്രയിലെ വിദര്‍ഭ പ്രദേശം ക്ഷീരോല്‍പാദനത്തിന്‍റെ ഒരു പ്രധാന കേന്ദ്രമല്ല. പക്ഷെ ഈ പ്രദേശം ധാരാളം കാലിവളര്‍ത്തുകാരുടെ കേന്ദ്രമാണ്. ഭൂരിപക്ഷവും പശുപാലകരായ അവരുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം ക്ഷീരോല്‍പാദനമാണ്.

നാടോടി ഗോത്ര വിഭാഗങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന നന്ദ ഗവലികള്‍ അവരില്‍ പെടുന്നവരാണ്. വാര്‍ധയിലെ സമതല പ്രദേശങ്ങളിലും അംരാവതി ജില്ലയിലെ മേല്‍ഘാട് മലകളിലുമാണ് അവര്‍ വസിക്കുന്നത്. ഗുജറാത്തിലെ കച്ച് പ്രദേശത്തുനിന്നുള്ള ഭര്‍വാഡുകള്‍, എരുമകളെ വളര്‍ത്തുന്ന ഗഡ്ചിരോലിയില്‍ നിന്നുള്ള ഗോല്‍കര്‍മാര്‍, വിദര്‍ഭയില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഗ്രാമങ്ങളില്‍ നിന്നുള്ള പശുപരിപാലകരായ ഗോവാരികള്‍ എന്നിവരാണ് ഇവിടുള്ള മറ്റുള്ളവര്‍. യവത്മാല്‍ ജില്ലയിലെ ഉമര്‍ഖേഡ് താലൂക്കില്‍ പ്രധാനമായും വസിക്കുന്ന മഥുര ലഹ്മാണുകള്‍ തടിച്ച കാളകള്‍ക്ക് പേരുകേട്ട ഉമര്ഡ കാലികളെ വളര്‍ത്തുന്നവരാണ്.

ആടുകളെയും ചെമ്മരിയാടുകളെയും വളര്‍ത്തുന്ന, അകോല, ബുല്‍ഡാന, വാശിം ജില്ലകളില്‍ നിന്നുള്ള ധന്‍ഗര്‍ സമുദായക്കാരും ചന്ദ്രപൂര്‍, ഗഡ്ചിരോലി ജില്ലകളില്‍ നിന്നുള്ള, സാംസ്കാരികമായി കര്‍ണ്ണാടകയിലെ കുറുബാകള്‍ക്കു സമാനരായ, കുര്‍മാരുകളും അവരുടെ കന്നുകാലികളെ വിദര്‍ഭയില്‍ മേയ്ക്കുന്നു. ചില കാലിവളര്‍ത്തലുകാര്‍ അര്‍ദ്ധ നാടോടികളാണ്. അവര്‍ അവരുടെ പറ്റങ്ങളെ മേയ്ക്കാനായി പുല്‍മേടുകളെയും വനങ്ങളെയും ആശ്രയിക്കുന്നു.

ബോര്‍ കടുവ സങ്കേതത്തിനു ചുറ്റുമുള്ള വനപ്രദേശത്ത് കാലിമേയ്ക്കല്‍ നിരോധിച്ച 2011 മുതല്‍ വിദര്‍ഭയിലെ കാലിവളര്‍ത്തലുകാര്‍ പുല്‍മേടുകളെയും പാടങ്ങളിലെ കൊയ്ത്ത് ശേഷിപ്പുകളെയുമാണ് ആശ്രയിച്ചതെന്ന് സജല്‍ കുല്‍ക്കര്‍ണി പറഞ്ഞു. കാലി മേയ്ക്കലിനെപ്പറ്റി പഠിക്കുകയും വിദര്‍ഭയിലെ പശുപാലകരോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്തുകൊണ്ട് നാഗ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിവൈറ്റലൈസിംഗ് റെയ്ന്‍ഫെഡ് അഗ്രികള്‍ച്ചറല്‍ നെറ്റ്‌വർക്കിലെ ഫെലോയാണ് അദ്ദേഹം.

ലോക്ക്ഡൗണ്‍ സമയത്ത് കാലിത്തീറ്റയുടെ ലഭ്യതയും വിതരണവും തടസ്സപ്പെട്ടു. ചില നന്ദ ഗവലികള്‍ സ്വന്തം ഗ്രാമത്തില്‍ നിന്നും 30-40 കിലോമീറ്റര്‍ മാറി മറ്റു ഗ്രാമങ്ങളില്‍ തങ്ങളുടെ കാലികളോടൊപ്പം അകപ്പെട്ടു പോയി. അവര്‍ പുല്‍മേടുകളും പാടങ്ങളിലെ റാബി വിളവെടുപ്പിന്‍റെ അവശിഷ്ടങ്ങളും തേടി ലോക്ക്ഡൗണിന് മുന്‍പ് ഗ്രാമം വിട്ടതാണ്.

ലോക്ക്ഡൗണ്‍ സമയത്ത് കാലിത്തീറ്റയുടെ വിതരണവും തടസ്സപ്പെട്ടു. ചില നന്ദ ഗവലികള്‍ സ്വന്തം ഗ്രാമത്തില്‍ നിന്നും 30-40 കിലോമീറ്റര്‍ മാറി മറ്റു ഗ്രാമങ്ങളില്‍ തങ്ങളുടെ കാലികളോടൊപ്പം അകപ്പെട്ടു പോയി

വീഡിയോ കാണുക: ‘ഞങ്ങളുടെ കൈയില്‍ ഒരു പണവും ഇല്ല. ഞങ്ങളുടെ കാലികള്‍ക്ക് ഞങ്ങള്‍ എങ്ങനെ തീറ്റ വാങ്ങും?’

“അവരുടെ വരുമാനം (പാലില്‍ നിന്നും ഇറച്ചിയില്‍ നിന്നുമുള്ളത്) വലിയൊരളവോളം ആശ്രയിച്ചിരിക്കുന്നത് പ്രാദേശിക വിപണികളെയും വ്യക്തിഗത ക്രേതാക്കളെയുമാണ്”, കുല്‍ക്കര്‍ണി പറഞ്ഞു. “പാല്‍ക്കച്ചവടത്തിനോ കാലിത്തീറ്റ വാങ്ങാനോ ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാന്‍ ഈ സമുദായങ്ങളില്‍ നിന്നുള്ള ആളുകളെ അനുവദിക്കുന്നില്ല.”

ഗിര്‍ പശുക്കളെ വളര്‍ത്തുന്ന ഭര്‍വാഡുകളുടെ, പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന, വാസകേന്ദ്രങ്ങള്‍ ഏറ്റവും മോശമായി ബാധിക്കപ്പെട്ട ഇടങ്ങളില്‍ പെടുന്നു. “ഇവ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള സമയങ്ങളാണ്”, ഒരു സമുദായ നേതാവായ റാംജിഭായ് ജോഗ്രാണ ഫോണിലൂടെ എന്നോട് പറഞ്ഞു. “കാലികളോടൊപ്പം കാട്ടിലാണ് ഞാന്‍ താമസിക്കുന്നത്”, തന്‍റെ കാലിക്കൂട്ടം മേയുന്ന കുറ്റിക്കാടുകളെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

നാഗ്പൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന സോന്‍കാംബ് ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്ഥലത്താണ് ജോഗ്രാണയും 20 ഭര്‍വാഡ് കുടുംബങ്ങളും വസിക്കുന്നത്. അവരെല്ലാവരും ചേര്‍ന്ന് എല്ലാദിവസവും 3,500 ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നുവെന്ന് റാംജിഭായ് കണക്ക് കൂട്ടുന്നു. ഭര്‍വാഡുകള്‍ക്ക് പരമ്പരാഗതമായി ഭൂമിയില്ല. മറ്റ് വരുമാന സ്രോതസ്സുകളും അവര്‍ക്കില്ല. ലോക്ക്ഡൗണ്‍ സമയത്ത് ഈ സംഘം ഗ്രാമീണര്‍ക്ക് പാല്‍ സൗജന്യമായി നല്‍കുകയായിരുന്നു. ബാക്കിയുള്ളവ ഒഴിച്ചുകളയാനോ കന്നുകുട്ടികള്‍ക്ക് തന്നെ നല്‍കാനോ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു. “ഒരു ക്ഷീരകേന്ദ്രത്തിലോ ചില്ലറ വില്‍പനശാലയിലോ മധുര പലഹാരക്കടയിലോ സംഭരണമില്ലായിരുന്നു”, റാംജിഭായ് പറഞ്ഞു.

കുറച്ചു സ്ഥലം വാങ്ങുകയും അവിടെ വീട് വയ്ക്കുകയും ചെയ്ത തന്‍റെ സമുദായത്തിലെ ആദ്യത്തെ ആളാണ് അദ്ദേഹം. തന്‍റെ ഗ്രാമത്തിലെ ഒരു മദര്‍ ഡെയറി യൂണിറ്റിന് അദ്ദേഹം പാല്‍ നല്‍കുന്നു, കൂടാതെ നാഗ്പൂരിലുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ടും വില്‍ക്കുന്നു. “അതിന് തടസ്സമൊന്നും ഉണ്ടായില്ല, പക്ഷെ അത് ഞങ്ങളുടെ വില്‍പനയുടെ ചെറിയൊരു ഭാഗമേ ആകുന്നുള്ളൂ”, അദ്ദേഹം പറഞ്ഞു.

“ദിന്‍ശോ, ഹല്‍ദിറാം എന്നിവ പോലുള്ള സ്വകാര്യ ക്ഷീരസംഭരണ ശാലകള്‍ക്കും ഹോട്ടലുകള്‍, ചായക്കടകള്‍, മധുരപലഹാര കടകള്‍ തുടങ്ങിയ ചില്ലറ വാങ്ങല്‍കാര്‍ക്കും (നാഗ്പൂരിലും പരിസരത്തുമുള്ളവര്‍ക്ക്) ഞങ്ങള്‍ പാല്‍ നല്‍കുന്നു”, റാംജിഭായ് പറഞ്ഞു.

The drop in demand for khoa and paneer in the local markets has caused huge losses to the Nanda Gaoli dairy farmers (file photos)
PHOTO • Ajinkya Shahane
The drop in demand for khoa and paneer in the local markets has caused huge losses to the Nanda Gaoli dairy farmers (file photos)
PHOTO • Ajinkya Shahane

പ്രാദേശിക വിപണികളില്‍ ഖോയ, പനീര്‍ എന്നിവയുടെ ആവശ്യത്തിലുണ്ടായ ഇടിവ് നന്ദ ഗവലി ക്ഷീരകര്‍ഷകര്‍ക്ക് വലിയ നഷ്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ട് (ഫയല്‍ ചിത്രങ്ങള്‍)

നാഗ്പൂര്‍ ജില്ലയില്‍ മാത്രം ഏതാണ്ട് 60 ഭര്‍വാഡ് വാസകേന്ദ്രങ്ങളുണ്ടെന്ന് റാംജിഭായ് കണക്കുകൂട്ടുന്നു. “ഞങ്ങളൊരുമിച്ച് 20,000 അടുത്ത് പശുക്കളില്‍ നിന്നുമായി ഏതാണ്ട് 1.5 ലക്ഷം ലിറ്റര്‍ പാല്‍ എല്ലാ ദിവസവും വിതരണം ചെയ്യുന്നു”, അദ്ദേഹം പറഞ്ഞു. “ഇന്നത് പൂജ്യമാണ്.”

ഒരു ലിറ്റര്‍ പശുവിന്‍ പാലില്‍നിന്നും, കൊഴുപ്പിന്‍റെ അളവിനെയും പാലിന്‍റെ മൊത്തത്തിലുള്ള ഗുണമേന്മയെയും ആശ്രയിച്ച്, 30 മുതല്‍ 40 രൂപവരെയാണ് സമുദായത്തിന് ലഭിക്കുന്നത്. സമുദായത്തിനിത് ചെറിയൊരു കാലയളവിലുള്ള ധനനഷ്ടം മാത്രമല്ല, ദീര്‍ഘ കാലയളവിലുള്ള പ്രതിസന്ധി കൂടിയാണ്. കാരണം, കറവയുള്ള നിരവധി പശുക്കള്‍ പാല്‍ ഉല്‍പാദിപ്പിക്കാതെ ‘വരണ്ട്’ പോകും, അദ്ദേഹം കൂട്ടിചേര്‍ത്തു.

“കാലിത്തീറ്റയുടെ വിതരണം കുറഞ്ഞു, അത് എന്ന് വീണ്ടും തുടങ്ങും എന്നുള്ളതിന് ഒരു തീര്ച്ചയുമില്ല”, റാംജിഭായ് പറഞ്ഞു. പച്ചപ്പുല്ല് കൂടാതെ മൃഗങ്ങള്‍ക്ക് മികച്ച പാലുല്‍പാദനത്തിനായി എണ്ണ പിണ്ണാക്ക് പോലെ വിവിധ തരത്തിലുള്ള പോഷണ കാലിത്തീറ്റകള്‍ ആവശ്യമുണ്ട്.

ഭര്‍വാഡ് സമുദായാംഗങ്ങള്‍ പാത്രങ്ങളിലെ പാലുകള്‍ തെരുവുകളിലും കനാലുകളിലും ഒഴിച്ചുകളയുന്നതിന്‍റെ കുറച്ച് സമീപകാല വീഡിയോകള്‍ റാംജിഭായ് ഞങ്ങളെ കാണിച്ചു (പാരി ഇത് സ്ഥിരീകരിച്ചിട്ടില്ല). “അത്തരത്തിലുള്ള വീഡിയോകള്‍ വിവിധ വാസസ്ഥലങ്ങളിലുള്ള എന്‍റെ സമുദായത്തില്‍പ്പെട്ട ആളുകളില്‍ നിന്നും പ്രതിദിനം എനിക്ക് ലഭിക്കുന്നു.”

സമുദായത്തിനിത് ചെറിയൊരു കാലയളവിലുള്ള ധനനഷ്ടം മാത്രമല്ല, ദീര്‍ഘ കാലയളവിലുള്ള പ്രതിസന്ധി കൂടിയാണ്. കാരണം, കറവയുള്ള നിരവധി പശുക്കള്‍ പാല്‍ ഉല്‍പാദിപ്പിക്കാതെ ‘വരണ്ട്’ പോകും

വീഡിയോ കാണുക: ‘ലോക്ക്ഡൗണ്‍ മൂലം ആട്ടിടയര്‍ കുഴപ്പത്തിലാണ്’

ഒരെണ്ണത്തില്‍ വടക്കൻ മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ദോണ്ഡായിച്ച-വർവഡെ പട്ടണത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു ക്ഷീര കർഷകൻ ലോക്ക്ഡൗണ്‍ സമയത്ത് താൻ നേരിട്ട പെട്ടെന്നുള്ള സാമ്പത്തിക ആഘാതത്തെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹത്തിന്‍റെ ക്ഷീര സംരംഭം പ്രശ്നകരമായി നിലച്ചതിനെ തുടര്‍ന്നാണ് ഈ സംസാരം.

മറ്റുള്ളവര്‍ അവരുടെ കുടിയേറ്റത്തിനിടയ്ക്കാണ് ബുദ്ധിമുട്ടുകള്‍ നേരിട്ടത്. “ഈ വര്‍ഷം കുടിയേറരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു”, 20-കാരനായ രാഹുല്‍ മഫ ജോഗ്രാണ പറഞ്ഞു. പക്ഷെ അദ്ദേഹം നാഗ്പൂര്‍ ജില്ലയിലെ ഒരു തഹ്സീല്‍ പട്ടണമായ കല്‍മേശ്വറില്‍ തങ്ങിയപ്പോള്‍ ഇളയ സഹോദരനായ ഗണേശ് കാലിത്തീറ്റയും വെള്ളവും തേടി തന്‍റെ പശുക്കളുമായി നാഗ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള രാംടെക്കിലൂടെ നീങ്ങുകയായിരുന്നു.

പശുക്കളെ തീറ്റാനായി ഗണേശ് ഒരു ട്രാക്റ്റര്‍ നിറയെ കാബേജ് സംഘടിപ്പിച്ചുകൊണ്ടുവന്നു, കാരണം ഗ്രാമത്തിലെ കര്‍ഷകര്‍ അവരുടെ പാടത്ത് കാലികളെ മേയ്ക്കാന്‍ അനുവദിച്ചില്ല. മാര്‍ച്ച് മദ്ധ്യത്തില്‍ അദ്ദേഹം വൈക്കോല്‍ ശേഖരിച്ചു വച്ചിരുന്നു. ലോക്ക്ഡൗണിനുശേഷം ഏതാനും ആഴ്ചകള്‍കൂടി അത് അവശേഷിച്ചു. പാൽ കൊണ്ടുപോകുന്ന ഒരു വാനിന്‍റെ ഡ്രൈവർ അപ്പോള്‍ ഗണേശ് മൃഗങ്ങളോടൊപ്പം തങ്ങിയ സ്ഥലത്തേക്ക് ചന്തയിൽ നിന്ന് കാലിത്തീറ്റ എത്തിച്ചു. രാംടെക്കിന് സമീപത്തായിരുന്നു ഗണേശും മൃഗങ്ങളും.

ഭര്‍വാഡ് സമുദായത്തില്‍പെട്ട 23-കാരനായ വിക്രം ജോഗ്രാണയും തന്‍റെ കാലിക്കൂട്ടവുമായി അപ്പോള്‍ പുറത്തായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ അദ്ദേഹം വടക്കന്‍ നാഗ്പൂര്‍ ജില്ലയിലെ പാര്‍സിവ്നി പ്രദേശത്തായിരുന്നു. അവിടുത്തെ ഗ്രാമവാസികള്‍ അദ്ദേഹത്തെ പാടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. സാധാരണ നിലയില്‍ അവര്‍ക്കിടയിലുള്ള ദീർഘവും സഹജീവിപരവുമായ ബന്ധം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “അവരുടെ പാടത്തെ വൈക്കോല്‍ ഞങ്ങളുടെ പശുക്കള്‍ തിന്നുമ്പോള്‍ പശുവിന്‍ ചാണകം നിലത്തിന് വളമാകുന്നു.”

വിക്രമിന് കല്‍മേശ്വറിലുള്ള കുടുംബവുമായി സ്ഥിരമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞില്ല, കാരണം അദ്ദേഹത്തിന് മൊബൈല്‍ ഫോണ്‍ സ്ഥിരമായി ചാര്‍ജ്ജ് ചെയ്യാന്‍ പറ്റുമായിരുന്നില്ല. “ഇത് ഞങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ സമയമാണ്”, അദ്ദേഹം പറഞ്ഞു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Jaideep Hardikar

जयदीप हार्दिकर, नागपुर स्थित पत्रकार-लेखक हैं और पारी की कोर टीम के सदस्य भी हैं.

की अन्य स्टोरी जयदीप हरडिकर
Chetana Borkar

चेतना बोरकर एक स्वतंत्र पत्रकार हैं और नागपुर स्थित सेंटर फ़ॉर पीपल्स कलेक्टिव की फेलो हैं.

की अन्य स्टोरी Chetana Borkar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

की अन्य स्टोरी Rennymon K. C.