“സുന്ദര്‍വനങ്ങളില്‍ ദൈനംദിനം കഴിഞ്ഞു കൂടുന്നതിന് ഞങ്ങള്‍ പാടുപെടുന്നു. കൊറോണ വൈറസ് ഒരു താത്കാലിക കുരുക്ക് സൃഷ്ടിച്ചിട്ടുണ്ടെകിലും അതിജീവിക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ പാടങ്ങള്‍ നിറയെ ഉരുളക്കിഴങ്ങ്, ഉള്ളി, പാവയ്ക്ക, പടവലങ്ങ, മുരിങ്ങയ്ക്ക എന്നിവയൊക്കെ കൃഷി ചെയ്തിട്ടുണ്ട്. നെല്ലിനും ക്ഷാമം ഇല്ല. ഞങ്ങളുടെ കുളങ്ങള്‍ നിറയെ മീനുകള്‍ ഉണ്ട്. അതുകൊണ്ട് പട്ടിണി കിടന്ന് ഞങ്ങള്‍ മരിക്കുന്ന പ്രശ്നം ഉണ്ടാകില്ല”, മൗസനിയില്‍ നിന്നും ഫോണില്‍ സംസാരിക്കുമ്പോള്‍ സരള്‍ ദാസ് പറഞ്ഞു.
ദേശീയ വ്യാപകമായ ലോക്ക്ഡൗണ്‍ രാജ്യത്തുടനീളമുള്ള ഭക്ഷ്യ വിതരത്തെ ബാധിക്കുമ്പോള്‍ മൗസനിയില്‍ യാതൊരു തരത്തിലുള്ള ആശങ്കകളുമില്ല. ഇന്ത്യയിലെ സുന്ദര്‍വനങ്ങളുടെ പടിഞ്ഞാറു വശത്ത് 24 ചതുരശ്ര കിലോമീറ്ററുകളിലധികം വ്യാപിച്ചു കിടക്കുന്ന ഒരു ചെറുദ്വീപാണ് മൗസനി. “ഇവിടെനിന്നും പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും ബോട്ടുമാര്‍ഗ്ഗം നാംഖാന അല്ലെങ്കില്‍ കാകദ്വീപ് വിപണികളിലേക്ക് എത്തിച്ചിരുന്ന വഴിയിലൂടെ ഇപ്പോള്‍ അവ എത്തിക്കാന്‍ ലോക്ക്ഡൗണ്‍ കാരണം സാധിക്കില്ല”, ദാസ് പറഞ്ഞു.
അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ‘പ്രത്യേക ബോട്ടുകള്‍’ ഇപ്പോഴും കുറച്ച് പച്ചക്കറികള്‍ മൗസനിയില്‍ നിന്നും നാംഖാന-കാകദ്വീപ് മൊത്തവ്യാപാര വിപണികളിലേക്ക് എത്തിക്കുന്നു. മൗസനിയില്‍ നിന്നും 20 മുതല്‍ 30 കിലോമീറ്ററുകള്‍ വരെയുള്ള ദൂരത്തിനിടയ്ക്കാണ് ഈ വിപണികള്‍ സ്ഥിതി ചെയ്യുന്നത്. ബോട്ടുമാര്‍ഗ്ഗം ഏകദേശം 30 മിനിറ്റ് സമയം അങ്ങോട്ടുള്ള യാത്രയ്ക്കു വേണ്ടിവരും. ഇവിടെനിന്നും സാധാരണയായി കോല്‍ക്കത്തയ്ക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന ട്രെയിനുകളും ട്രക്കുകളും ഇപ്പോള്‍ അപൂര്‍വ്വമായാണ് ഓടുന്നത്.
മൗസനിയിലെ പ്രധാനപ്പെട്ട മൂന്നു വിളകള്‍ – നെല്ല്, പാവയ്ക്ക, വെറ്റില എന്നിവ - കോല്‍ക്കത്തയിലെ വിപണികളില്‍ വളരെയധികം ആവശ്യമുള്ളവയാണ്. “അതുകൊണ്ട് നഗരത്തെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിനുള്ള സാധങ്ങള്‍ എവിടെനിന്നു കിട്ടുമെന്നുള്ളത് വളരെ പ്രധാനപെട്ട ഒരു വിഷയമാണ്”, 51-കാരനായ ദാസ് പറഞ്ഞു. മൗസനിയിലെ ബാഗ്ദാംഗ സഹകരണ വിദ്യാലയത്തില്‍ ക്ലര്‍ക്ക് ആയി ജോലി നോക്കുകയാണ് അദ്ദേഹം. ബാഗ്ദാംഗ ഗ്രാമത്തില്‍ അഞ്ചേക്കര്‍ ഭൂമിയുള്ള അദ്ദേഹം അത് കുടികിടപ്പു കര്‍ഷകര്‍ക്ക് പാട്ടത്തിനു നല്‍കിയിരിക്കുന്നു.
നദികളാലും കടലിനാലും ചുറ്റപ്പെട്ട, പശ്ചിമ ബംഗാളിലെ നൂറിലധികം വരുന്ന ദ്വീപുകളുടെ കൂട്ടം ഇന്‍ഡ്യന്‍ വന്‍കരയില്‍ നിന്നും ഏതാണ്ട് വിഛേദിക്കപ്പെട്ട് കിടക്കുകയാണ്. മൗസനിയില്‍ മുരിഗംഗാ നദി (ബാരാതാല്‍ എന്നും വിളിക്കുന്നു) പടിഞ്ഞാറോട്ടും ചിനായി നദി കിഴക്കോട്ടും ഒഴുകുന്നു. ദ്വീപിലെ 4 മൗസാകളിലെ (ഗ്രാമങ്ങളിലെ) – ബാഗ്ദാംഗ, ബലിയാറ, കുസുംതല, മൗസനി - 22,000 ആളുകളെ ഈ ജലമാര്‍ഗ്ഗങ്ങള്‍ പ്രധാന കരയുമായി വള്ളങ്ങളുടെയോ യന്ത്രവത്കൃത ബോട്ടുകളുടെയോ സഹായത്താല്‍ ബന്ധിപ്പിക്കുന്നു.
ദക്ഷിണ 24 പര്‍ഗന ജില്ലയിലെ നാംഖാന ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലെ നിവാസികള്‍ ഈ ദിവസങ്ങളില്‍ മിക്കവാറും വീടിനകത്തു തന്നെയായിരുന്നു. ബാഗ്ദാംഗയിലെ ബസാറിനു തൊട്ടടുത്ത് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തിക്കുന്ന വിപണിയായ ഹാട് അവര്‍ സന്ദര്‍ശിച്ചിതേയില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ഈ ബസാര്‍ രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാന്‍ പ്രാദേശിക ഭരണകൂടം അനുവദിച്ചിട്ടുണ്ട്. ആവശ്യ സാധനങ്ങളുടെ പരിധിയില്‍ വരാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകളെല്ലാം ദ്വീപില്‍ അടച്ചിട്ടിരിക്കുകയാണ്. അടുത്തുള്ള ഫ്രേസര്‍ഗഞ്ച് ദ്വീപിലെ ഫ്രേസര്‍ഗഞ്ച് തീരദേശ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരും കുറച്ച് സന്നദ്ധ പ്രവര്‍ത്തകരും ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ പ്രാദേശിക ഭരണകൂടത്തെ സഹായിക്കുന്നു.
മൗസനിയിലെ പാടങ്ങളില്‍ ആവശ്യത്തിന് വിളകള്‍ വളരുന്നുണ്ടെന്നുള്ള കാര്യത്തോട് കുസുംതല ഗ്രാമത്തില്‍ നിന്നുള്ള 32-കാരനായ ജോയ്ദേബ് മോണ്ഡല്‍ ഫോണിലൂടെ സംസാരിക്കുമ്പോള്‍ യോജിച്ചു. “ഞങ്ങള്‍ പടവലങ്ങ ഞങ്ങളുടെ വിപണിയില്‍ വില്‍ക്കുന്നത് ഒരു കിലോഗ്രാമിന് 7-8 രൂപ എന്ന നിരക്കിലാണ്. അത് നിങ്ങള്‍ കോല്‍ക്കത്തയില്‍ നിന്നും കിലോഗ്രാമിന് 50 രൂപ നിരക്കില്‍ വാങ്ങുന്നു”, അദ്ദേഹം പറഞ്ഞു. ദ്വീപിലെ എല്ലാ വീടുകളും പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നുവെന്നും അതിനാല്‍ ആളുകള്‍ അപൂര്‍വ്വമായി, അവര്‍ക്ക് ആവശ്യമുള്ളത്ര കുറച്ച്, മാത്രമേ അവ വാങ്ങാറുള്ളെന്നും മോണ്ഡല്‍ പറഞ്ഞു.
“ഉദാഹരണത്തിന് എനിക്ക് 20 കിലോ ഉള്ളിയും ധാരാളം ഉരുളക്കിഴങ്ങും ഉണ്ടെന്നു കരുതുക. ഞങ്ങളുടെ കുളത്തില്‍ ആവശ്യത്തിലധികം മത്സ്യങ്ങള്‍ ഉണ്ട്. വാങ്ങാന്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ മത്സ്യം വിപണിയില്‍ ചീഞ്ഞു പോകുന്നു. ഈ സമയം മുതല്‍ കുറച്ചു ദിവങ്ങള്‍ക്കകം ഞങ്ങള്‍ സൂര്യകാന്തി പൂക്കള്‍ വളര്‍ത്തും. അതിന്‍റെ വിത്തുകള്‍ ആട്ടി ഞങ്ങള്‍ എണ്ണയും എടുക്കും”, മോണ്ഡല്‍ പറഞ്ഞു. അദ്ധ്യാപകനും കര്‍ഷകനും കൂടിയായ അദ്ദേഹം തന്‍റെ മൂന്നേക്കര്‍ ഭൂമിയില്‍ ഉരുളക്കിഴങ്ങും ഉള്ളിയും വെറ്റിലയും കൃഷി ചെയ്യുന്നു.
എന്നിരിക്കിലും 2009 മെയ് മാസത്തില്‍ സുന്ദര്‍വനങ്ങളില്‍ ഐല ചുഴലിക്കാറ്റ് അടിച്ചതില്‍പ്പിന്നെ മൗസനിയുടെ തെക്കന്‍ തീരത്തായി സ്ഥിതി ചെയ്യുന്ന കുസുംതല ബലിയാറ ഗ്രാമങ്ങളിലെ കൃഷി ഏതാണ്ട് നിലച്ചിരിക്കുകയാണ്. ഇത് ദ്വീപിന്‍റെ ഏതാണ്ട് 30-35 ശതമാനം ഭാഗങ്ങളെ നശിപ്പിക്കുകയും മണ്ണിന്‍റെ ലവണത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പാടങ്ങളിലെ വിളവുകളിലുണ്ടായ കുറവ് ആളുകളെ വീട് വിട്ട് മറ്റു ജോലികള്‍ തേടാന്‍ പ്രേരിപ്പിച്ചു.
കുടിയേറ്റക്കാര്‍ സാധാരണയായി ഗുജറാത്തിലേക്കും കേരളത്തിലേക്കും രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കും പ്രധാനമായും നിര്‍മ്മാണ മേഖലകളില്‍ പണിയെടുക്കുന്നതിനായി പോകുന്നു. മറ്റു ചിലര്‍ വിദേശത്തേക്കു പോകുന്നു – പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക്. “ലോക്ക്ഡൗണ്‍ കാരണം അവരുടെ വരുമാനം മൊത്തത്തില്‍ നിലച്ചു. നാളെയവരുടെ തൊഴില്‍ ഇല്ലാതായാല്‍ അവര്‍ എന്ത് ഭക്ഷിക്കും?” മോണ്ഡല്‍ ആശങ്കപ്പെട്ടു. 12-ാം ക്ലാസ് വരെ പഠിച്ച അദ്ദേഹം തന്‍റെ ഗ്രാമത്തിലെ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ചെയ്യുന്നു.
കുറച്ചു കുടിയേറ്റക്കാര്‍ കഴിഞ്ഞ രണ്ട് ആഴ്ചകളിലധികമായി അഹ്മദാബാദ്, സൂററ്റ്, പോര്‍ട്ട് ബ്ലയര്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും തിരിച്ചെത്താന്‍ തുടങ്ങിയിരിക്കുന്നുവെന്ന് മോണ്ഡല്‍ പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ മേഖലകളില്‍ ജോലി ചെയ്യുന്ന ബലിയാറയില്‍ നിന്നുള്ള പുരുഷന്മാരും തിരിച്ചെത്തിയിരിക്കുന്നു. ബെംഗളുരുവില്‍ നഴ്സിംഗ് പരിശീനം നടത്തുന്ന ചെറുപ്പക്കാരികളായ സ്ത്രീകളും ഇത്തരത്തില്‍ തിരിച്ചെത്തിയിരിക്കുന്നു.
സുന്ദര്‍വനങ്ങളിലെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കടല്‍ നിരപ്പും ഭൂമിയില്‍ ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നതും കൃഷിയെ മാത്രമല്ല തെക്കന്‍ ഗ്രാമങ്ങളിലെ വീടുകളേയും ബാധിക്കുന്നു. പാവപ്പെട്ടവരുടെ വീടുകളില്‍ 5 മുതല്‍ 10 കുടുംബാംഗങ്ങള്‍ വരെ ഒറ്റ മുറിയില്‍ താമസിക്കുന്നു. അവര്‍ ദൈനംദിന ജീവിതം ചിലവഴിക്കുന്നത് വീടിനു പുറത്തു തെരുവുകളിലും പാടങ്ങളില്‍ പണിയെടുത്തും നദികളില്‍ നിന്നും അരുവുകളില്‍നിന്നും മത്സ്യങ്ങള്‍ പിടിച്ചുമാണ്. ലോക്ക്ഡൗണ്‍ സമയത്ത് വീടിനുള്ളില്‍ താമസിക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമാണ്
പക്ഷെ ദ്വീപു നിവാസികള്‍ കൊറോണ വൈറസ് മൂലമുണ്ടാകുന്ന അപകട സാദ്ധ്യതകളെക്കുറിച്ച് ബോദ്ധ്യമുള്ളവരാണ്. ദാസ് പറഞ്ഞത് ഈ സമയത്ത് കര്‍ശനമായ പെരുമാറ്റ ചട്ടങ്ങളാണ് ദ്വീപില്‍ പാലിച്ചു കൊണ്ടിരിക്കുന്നത് എന്നാണ്. കുടിയേറ്റക്കാരുടെ തിരിച്ചു വരവിനെക്കുറിച്ച് പ്രാദേശിക അധികൃതരെ അറിയിച്ചു കൊണ്ടിരിക്കുന്നു. അയല്‍വാസികള്‍ വീടുകള്‍തോറും കയറിയിറങ്ങി അവരുടെ കാര്യം അന്വേഷിക്കുന്നു. കാകദ്വീപ് സബ് ഡിവിഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവരോട് 14 ദിവസം നിര്‍ബ്ബന്ധിതമായി ഒറ്റയ്ക്കു മാറിനില്‍ക്കാന്‍ (isolation) ആവശ്യപ്പെടുന്നു. അവര്‍ അത് പാലിക്കുന്നുണ്ടെന്ന് ഗ്രാമീണര്‍ ഉറപ്പിക്കുന്നു. ആശുപത്രിയില്‍ പോകാതിരിക്കുന്നവരെ നിര്‍ബ്ബന്ധപൂര്‍വ്വം പരിശോധനയ്ക്കയക്കുന്നുവെന്നും ആദേഹം പറഞ്ഞു.
ദുബായില്‍ നിന്നും പനിയുമായി തിരിച്ചുവന്ന ഒരു ചെറുപ്പക്കാരനെ കോല്‍ക്കത്തയിലെ ബേലിയാഘാട്ടിലുള്ള ഐ.ഡി. & ബി.ജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയപ്പോഴാണ് അദ്ദേഹത്തിന്‍റെ ഗ്രാമത്തിന് ആശ്വാസമായത്. പക്ഷെ അദ്ദേഹത്തോടു വീട്ടില്‍ ഒറ്റപ്പെട്ടു നില്‍ക്കാന്‍ (isolation) ആശുപത്രി ആവശ്യപ്പെട്ടു. യു.എ.ഇ.യില്‍ നിന്നും കുറച്ചു ദിവങ്ങള്‍ക്കു മുന്‍പ് മാത്രം എത്തിയ ഒരു നവ ദമ്പതികളും ഇപ്പോള്‍ വീട്ടില്‍ ഒറ്റപ്പെട്ടു താമസിക്കുന്നു. ആരെങ്കിലും ചട്ട ലംഘനം നടത്തിയാല്‍ അക്കാര്യം ഉടന്‍തന്നെ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറെയും ചീഫ് മെഡിക്കല്‍ ഓഫീസറെയും ഫോണില്‍ അറിയിക്കുന്നു.
ബലിയാറയിലെയും കുസുംതലയിലെയും പുരുഷന്മാരുടെ വരുമാനം മൊത്തത്തില്‍ നിന്നുപോയാല്‍ ഉടന്‍തന്നെ അവരുടെ കുടുംബങ്ങളുടെ ഭക്ഷണം ഇല്ലാതാവും. സംസ്ഥാന സര്‍ക്കാര്‍ കിലോഗ്രാമിന് 2 രൂപ നിരക്കില്‍ നല്‍കുന്ന റേഷന്‍ അരിയാണ് ഇപ്പോള്‍ ഈ വീട്ടുകാരുടെ ആശ്രയം. കോവിഡ്-19 മൂലമുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിനായി പൊതു വിതരണ സംവിധാനത്തിലൂടെ പ്രതിമാസം 5 കിലോഗ്രാം വരെ അരി സൗജന്യമായി നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
മൗസനി ദ്വീപിലെ നിവാസികള്‍ പ്രതിസന്ധി തരണം ചെയ്യുമെന്ന് സരള്‍ ദാസ് വിശ്വസിക്കുന്നു. “സുന്ദര്‍വനങ്ങളിലെ ജനങ്ങളായ ഞങ്ങള്‍ പ്രധാന കരയില്‍ നിന്നും ഭൂമിശാസ്ത്രപരമായി വിഛേദിക്കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ അതിജീവിച്ച അസംഖ്യം ദുരന്തങ്ങളില്‍ നിന്നും ഇത്രമാത്രം പഠിച്ചിരിക്കുന്നു – പ്രതിസന്ധികളില്‍ പരസഹായം കൂടാതെ ഞങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കേണ്ടതുണ്ട്. നിശ്ചിത സമയങ്ങളില്‍ പ്രധാന കരയില്‍ നിന്നെത്തുന്ന സഹായങ്ങളെ പൊതുവെ ഞങ്ങള്‍ ആശ്രയിക്കാറില്ല. ഞാന്‍ എന്‍റെ അയല്‍വാസികളുടെ വീടുകളിലേക്ക് കൂടുതലുള്ള രണ്ട് പടവലങ്ങ കൊടുക്കുന്നതുപോലെ, എന്‍റെ അയല്‍വാസികള്‍ അവര്‍ക്കു രണ്ടു വെള്ളരിക്ക കൂടുതലുണ്ടെങ്കില്‍ എന്‍റെ വീട്ടിലേക്കു തരുമെന്നെനിക്കറിയാം. ഞങ്ങള്‍ ഒരുമിച്ച് കാര്യങ്ങള്‍ നോക്കുന്നു, ഞങ്ങള്‍ക്കറിയാം ഇത്തവണയും ഞങ്ങള്‍ക്ക് ഒരുമിച്ച് എല്ലാം ചെയ്യാന്‍ പറ്റുമെന്ന്”, ഒരു പുഞ്ചിരിയോടുകൂടി അദ്ദേഹം പറഞ്ഞു.
പരിഭാഷ: റെന്നിമോന്‍ കെ. സി.