"പഠനം പൂർത്തിയാക്കി ഒരു ഓഫീസർ - ഹോം ഗാർഡ് ആവണമെന്നാണ് എന്റെ ആഗ്രഹം", 14 വയസ്സുകാരിയായ സന്ധ്യ സിംഗ് പറഞ്ഞു. അവളുടെ സഹോദരൻ, 16 വയസ്സുകാരനായ ശിവം, പട്ടാളത്തിൽ ചേരാനാകുമെന്ന പ്രതീക്ഷയിൽ 14 വയസ്സ് മുതൽ 'പരിശീലനം' നടത്തുന്നുണ്ട്. "എല്ലാ ദിവസവും രാവിലെ നാലുമണിക്ക് എഴുന്നേറ്റ് ഞാൻ വ്യായാമം ചെയ്യും.", അവൻ പറഞ്ഞു. "പട്ടാള ട്രെയിനിങ്ങിനെക്കുറിച്ചുള്ള എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി യൂട്യൂബിലുണ്ട് -ഉയരത്തിലുള്ള കമ്പികളിൽനിന്ന് എങ്ങനെ തൂങ്ങിക്കിടക്കണമെന്നും എങ്ങനെ പുഷ്അപ്പ് എടുക്കണമെന്നുമൊക്കെ അതിൽ കാണിക്കുന്നതുപോലെ ഞാൻ ചെയ്യാറുണ്ട്."
ഉത്തർപ്രദേശിലെ ജലോൻ ജില്ലയിൽ ഉൾപ്പെടുന്ന ബിനോര ഗ്രാമത്തിലെ തങ്ങളുടെ വീടിന്റെ മേൽക്കൂരയിലിരുന്നാണ് അവർ എന്നോട് ഫോണിൽ സംസാരിക്കുന്നത്. അവരുടെ അച്ഛനമ്മമാർ ജോലി ചെയ്തിരുന്ന ആന്ധ്രാപ്രദേശിലെ കാലികിരി ഗ്രാമത്തിൽനിന്നും മേയ് 21-നാണ് ഈ സഹോദരങ്ങൾ തിരികെ വീട്ടിലെത്തിയത്. "വീട്ടിലെത്തിയപ്പോൾ ഇവിടെ ഒന്നും ഉണ്ടായിരുന്നില്ല; ഞങ്ങളുടെ കയ്യിലും ഒന്നുമുണ്ടായിരുന്നില്ല. അന്ന് രാത്രി എല്ലാവരും പട്ടിണിയായിരുന്നു...", അവരുടെ അമ്മ, 32 വയസ്സുകാരിയായ രാംദേകലി പറയുന്നു.
ജൂലൈ 8-ന്, ശിവം 71 ശതമാനം മാർക്കോടെ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിവരം രാംദേകലി ഏറെ അഭിമാനത്തോടെ എന്നെ വിളിച്ചറിയിച്ചു. എന്നാൽ അവന് 11,12 ക്ലാസ്സുകളിൽ പ്രവേശനം നേടാൻ ചെയ്യേണ്ട കാര്യങ്ങളന്വേഷിച്ചപ്പോൾ അവളുടെ സ്വരം മാറി. "ഓൺലൈൻ ക്ലാസ്സുകളിൽ എങ്ങനെ പങ്കെടുക്കുമെന്നോർത്ത് ഞങ്ങളുടെ മക്കൾ ആശങ്കയിലാണ്. ഞങ്ങൾ ആന്ധ്രയിലേയ്ക്ക് മടങ്ങുകയാണെങ്കിൽ ഫോൺ കൊണ്ടുപോകേണ്ടിവരും. പിന്നെ ശിവം എങ്ങനെയാണ് യു.പിയിൽ ഓൺലൈൻ ക്ലാസ്സിൽ കയറുക? ഇനി ഞങ്ങൾ പോകാതെ ഇവിടെ നിന്നാൽ, മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട പണം എങ്ങനെയാണ് കണ്ടെത്തുക?", അവൾ ചോദിച്ചു. സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന ശിവത്തിനും സന്ധ്യക്കും ഒരു വർഷം 15,000 രൂപ വീതമാണ് ഫീസ്.
കുറച്ച് മാസങ്ങൾ മുൻപുവരെ, രാംദേകലിയും ഭർത്താവ് 37 വയസ്സുകാരനായ ബീരേന്ദ്ര സിംഗും ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള കാലികിരി ഗ്രാമത്തിൽ 3 പാനിപൂരി സ്റ്റാളുകൾ നടത്തുകയായിരുന്നു. സന്ധ്യ അവർക്കൊപ്പവും ശിവം, ജലോൻ ജില്ലയിലെ ബാർദാർ ഗ്രാമത്തിൽ കഴിയുന്ന, അവന്റെ അമ്മയുടെ രക്ഷിതാക്കൾക്കൊപ്പവുമാണ് താമസിച്ചിരുന്നത്. നാടോടി ഗോത്രമായി കണക്കാക്കുന്ന പാൽ സമുദായത്തിലെ അംഗങ്ങളാണ് ഈ കുടുംബം.
ശിവത്തിന് സ്വന്തമായി ഫോണുണ്ടെങ്കിലും (രക്ഷിതാക്കളിൽനിന്ന് ദൂരെ താമസിക്കുമ്പോൾ അവൻ ഈ ഫോണാണ് ഉപയോഗിച്ചിരുന്നത്), രണ്ടു ഫോണുകൾ റീചാർജ് ചെയ്യുക ഈ കുടുംബത്തിന് ഇന്ന് സാധ്യമല്ല. "ഒരു ഫോൺ റീചാർജ് ചെയ്യാനുള്ള പണം കണ്ടെത്താൻപോലും ഞങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.", രാംദേകലി പറഞ്ഞു.
"ആന്ധ്രാപ്രദേശിൽ വൈദ്യുതി) ഉണ്ടെന്ന സമാധാനമുണ്ടായിരുന്നു", ബീരേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. "ഇവിടെ എപ്പോൾ കറന്റ് വരുമെന്ന് പറയാനാകില്ല. ചില ദിവസങ്ങളിൽ കഷ്ടി ഫോൺ ചാർജ് ചെയ്യാൻ ആവശ്യമായത്ര സമയം മാത്രമേ കറന്റ് ഉണ്ടാകുകയുള്ളൂ. ചില ദിവസങ്ങളിൽ അത് പോലുമുണ്ടാകില്ല."
ലോക്ക്ഡൗൺ തുടങ്ങുന്നതിന് കുറച്ച് മുൻപുതന്നെ ബീരേന്ദ്രയുടെ വരുമാനം കുറഞ്ഞു തുടങ്ങിയിരുന്നു. മാർച്ച് 24-നാണ് കോവിഡ്-1-9ന്റെ വ്യാപനം തടയാനായി കേന്ദ്ര സർക്കാർ ദേശവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ അതിനുമുൻപുള്ള രണ്ടുമാസവും ബീരേന്ദ്ര സിംഗ് ബിനോരയിലെ തന്റെ വീട്ടിലായിരുന്നു. മരണപ്പെട്ട അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാനും രോഗബാധിതനായ അച്ഛനെ ശുശ്രൂഷിക്കാനുമായിരുന്നു അയാൾ വന്നത്.
മാർച്ച് 20-ന് ശിവത്തെയും കൂട്ടി സിംഗ് കാലികിരിയിലേയ്ക്ക് തിരിച്ചു. രാംദേകലിയും സന്ധ്യയും അവിടെ എത്തിയിരുന്നു. സിംഗ് അവിടെ എത്തിയതിനുപിന്നാലെ ലോക്ക്ഡൗൺ തുടങ്ങുകയും ചെയ്തു.
ഏപ്രിൽ 6-ന്, ആന്ധ്രയിലെ ചില പൗരസമിതികൾ ചേർന്ന് നടത്തിയിരുന്ന കോവിഡ് -19 ഹെൽപ്പ് ലൈനിലേയ്ക്ക് ബീരേന്ദ്ര വിളിച്ചു. ആന്ധ്രയിലെ മറ്റൊരു ജില്ലയായ അനന്ത്പൂരിലെ കോക്കാതി ഗ്രാമത്തിൽ താമസിക്കുന്ന, രാംദേകലിയുടെ സഹോദരൻ ഉപേന്ദ്ര സിംഗിന്റെ വീട്ടിലേയ്ക്ക് ബീരേന്ദ്രയും കുടുംബവും ഇതിനകം താമസം മാറിയിരുന്നു. ചാട്ട് വിഭവങ്ങൾ വിൽക്കുന്ന കട നടത്തിയാണ് ഉപേന്ദ്രയും ഉപജീവനം കണ്ടെത്തിയിരുന്നത്. ഏപ്രിൽ മാസത്തിൽ, രണ്ട് കുടുംബങ്ങളിലും കൂടിയുള്ള ഒൻപതുപേർക്ക് ആട്ട, പരിപ്പ്, എണ്ണ എന്നിങ്ങനെയുള്ള ആവശ്യവസ്തുക്കൾ ഹെൽപ്പ് ലൈനിൽനിന്ന് രണ്ടുതവണയായി ലഭിച്ചു.
'ഞങ്ങൾ ആന്ധ്രാപ്രദേശിലേക്ക് തിരിച്ചുപോയാൽ ഫോണും കൊണ്ടുപോകും. അപ്പോൾ ശിവം എങ്ങിനെ യു.പി.യിലിരുന്ന് ഓൺലൈൻ പഠിക്കും? ഞങ്ങൾ ഇവിടെ താമസിച്ചാൽ അവരുടെ വിദ്യാഭ്യാസത്തിനുള്ള പണം എങ്ങിനെ ഉണ്ടാക്കും?' രാംദെകാലി ചോദിച്ചു
"ഇവിടെ ചില സർക്കാർ ഉദ്യോഗസ്ഥർ വന്നപ്പോൾ, ഞങ്ങളുടെ ഗ്യാസ് കുറ്റി ഒന്ന്, രണ്ട് ദിവത്തിനുള്ളിൽ തീരുമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. വിറക് കണ്ടെത്തി തത്കാലത്തേക്ക് പിടിച്ചുനിൽക്കാനാണ് അവർ പറഞ്ഞത്. അതാണ് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത്.", ഏപ്രിൽ 13-ന് ബീരേന്ദ്ര എന്നോട് ഫോണിൽ പറഞ്ഞു. "വീട്ടിലേയ്ക്ക് എങ്ങനെ മടങ്ങുമെന്നതിനെക്കുറിച്ച് ആന്ധ്രയിലെയോ ഉത്തർപ്രദേശിലെയോ സർക്കാരുകളോ മോദിജിയുടെ സർക്കാരോ ആരുംതന്നെ ഞങ്ങൾക്ക് ഒരു വിവരവും തരുന്നില്ല."
മെയ് 2-ന് മുൻപുതന്നെ സിംഗിന്റെ കുടുംബം സർക്കാർ ഏർപ്പെടുത്തിയിരുന്ന ശ്രമിക് സ്പെഷ്യൽ ട്രെയിനിൽ സീറ്റ് ലഭിക്കാനുള്ള അപേക്ഷ നൽകുകയും മേയ് 6-ന്, യാത്രയ്ക്ക് മുൻപ് നിർബന്ധമായും നടത്തേണ്ട വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും ചെയ്തു. "പരിശോധന കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ, ഞാൻ ഉദ്യോഗസ്ഥരെ ചെന്നുകണ്ട്, ഞങ്ങളുടെ പരിശോധനാ ഫലം വരേണ്ട സമയമായിരിക്കുന്നുവെന്ന് പറഞ്ഞിരുന്നു.", സിംഗ് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്കുശേഷം അദ്ദേഹം വീണ്ടും വിവരങ്ങൾ അന്വേഷിച്ചു. ഇതും കഴിഞ്ഞ് ഒരു മാസം പിന്നെയും കടന്നുപോയി. ഇതിനിടെ, മേയ് 10-ന്, അവശ്യസാധനങ്ങളും മറ്റും നൽകി കുടുംബത്തെ സഹായിച്ചിരുന്ന ഹെൽപ്പ് ലൈനും പൂട്ടിപ്പോയി.
"ലോക്ക്ഡൗൺ തുടങ്ങിയ ദിവസങ്ങളിൽ ഞങ്ങളുടെ കയ്യിൽ ആവശ്യത്തിനുള്ള ഭക്ഷണം ഉണ്ടായിരുന്നപ്പോൾ, റേഷൻ വേണോ എന്ന് ചോദിച്ച് നിരവധി നമ്പറുകളിൽനിന്ന് (എൻ.ജി.ഓ.കൾ, പൗരസംഘടനകൾ തുടങ്ങിയവ) ഫോൺ വന്നിരുന്നു. തത്ക്കാലം ആവശ്യത്തിനുള്ളത് കയ്യിലുണ്ടെന്നും ഇപ്പോൾ സഹായമാവശ്യമില്ലെന്നും വിളിച്ചവരോട് ഞങ്ങൾ സത്യസന്ധമായി പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ ആരും വിളിക്കുന്നില്ല.", മേയ് 11-ന് ബീരേന്ദ്ര എന്നോട് പറഞ്ഞു.
അഞ്ച് ദിവസത്തിനുശേഷം, ഒൻപതുപേരടങ്ങുന്ന ആ കുടുംബം യു.പി.യിലെ വീട്ടിലേയ്ക്ക് കാൽനടയായി യാത്ര തുടങ്ങി. ഉപേന്ദ്രയുടെയും ഭാര്യ രേഖ ദേവിയുടെയും മകൻ, മൂന്ന് വയസ്സ് പോലും തികയാത്ത കാർത്തിക്കും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ.
മൂന്ന് ദിവസങ്ങളിലായി ഏകദേശം 36 മണിക്കൂർ അവർ നടന്നു. "ചില ആളുകൾ ഭക്ഷണം മോട്ടോർ സൈക്കിളുകളിൽ കൊണ്ടുവന്ന് വിതരണം ചെയ്തിരുന്നു.", ബീരേന്ദ്ര ഓർത്തെടുക്കുന്നു. കൂട്ടത്തിൽ കുട്ടികളുണ്ടായിരുന്നതിനാൽ അവർക്ക് ഇടയ്ക്കിടെ നടത്തം നിർത്തി റോഡരികിലും കടത്തിണ്ണകളിലുമെല്ലാം വിശ്രമിക്കേണ്ടതായി വന്നു. പ്രധാനമായും വസ്ത്രങ്ങൾ നിറച്ച അവരുടെ സാധനസാമഗ്രികൾ കൊണ്ടുപോകാനായി കോക്കാതി ഗ്രാമത്തിൽനിന്ന് ഒരു സൈക്കിൾ വാടകയ്ക്ക് എടുക്കുകയാണ് സിംഗും കൂട്ടരും ചെയ്തത്. എന്നാൽ തങ്ങൾക്ക് സ്വന്തമായിട്ടുള്ള വസ്തുവകകളിൽ ഭൂരിഭാഗവും കാലികിരിയിലെ തങ്ങളുടെ മുറിയിൽ വെച്ചിരിക്കുകയാണെന്നും മാർച്ച് മുതൽ വാടക കൊടുക്കാത്തതിനാൽ വീട്ടുടമ ആ സാധനങ്ങളെല്ലാം എന്ത് ചെയ്യുമെന്നറിയില്ലെന്നും ബീരേന്ദ്ര പറഞ്ഞു.
150 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചതിനുശേഷം, യു.പിയിലേക്ക് പോകുന്ന ഒരു ട്രക്കിൽ സിംഗും കുടുംബവും കയറിപ്പറ്റി. 41 മുതിർന്ന ആളുകളും അനേകം കുട്ടികളും യാത്രക്കാരായി ആ ട്രക്കിലുണ്ടായിരുന്നു. ആളൊന്നിന്ന് 2,500 രൂപയായിരുന്നു യാത്രാക്കൂലി. ആകെ 7,000 രൂപ കയ്യിലുണ്ടായിരുന്ന ബീരേന്ദ്ര, പരിചയക്കാരായ നിരവധി പേരിൽനിന്നും കടം വാങ്ങിയാണ് 4 പേർക്ക് യാത്ര ചെയ്യാൻ കൊടുക്കേണ്ട തുക കണ്ടെത്തിയത്. എട്ടുദിവസം നീണ്ട ആ യാത്രക്കിടെ, 4 അംഗങ്ങളുള്ള ആ കുടംബത്തിന് ദിവസേന 450-500 രൂപ ഭക്ഷണത്തിനും വെള്ളത്തിനുമായി കണ്ടെത്തേണ്ടിവന്നു; അതും ഡ്രൈവർ ഭക്ഷണത്തിനായി വണ്ടി നിർത്താൻ തയ്യാറായാൽ മാത്രം.
ലോക്ക്ഡൗണിനു മുൻപ് ബീരേന്ദ്രയും രാംദേകലിയും ചേർന്ന് മാസം 20,000 മുതൽ 25,000 രൂപവരെ സമ്പാദിച്ചിരുന്നു. പാനിപൂരി കൊണ്ടുനടന്ന് വിൽക്കാനായി 3 ഉന്തുവണ്ടികൾ സ്വന്തമായുണ്ടായിരുന്ന ഇവർ, 2019-ന്റെ അവസാനം വരെ, അതിൽ രണ്ടെണ്ണം നോക്കിനടത്താൻ രണ്ടു ബന്ധുക്കളെയും (ആ രണ്ടുപേരുടെയും പേര് രാഹുൽ പാൽ എന്നായിരുന്നു) സഹായത്തിന് നിർത്തിയിരുന്നു. (അതിൽ ഒരു രാഹുൽ ദീപാവലിയുടെ സമയത്ത് യു.പിയിലെ വീട്ടിലേയ്ക്ക് മടങ്ങി; മറ്റേ രാഹുൽ ഡിസംബറിലും)
എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് ജോലി തുടങ്ങുന്ന ബീരേന്ദ്രയും രാംദേകലിയും അർദ്ധരാത്രിയാകുമ്പോഴാണ് പണിയെല്ലാം തീർത്ത് ഉറങ്ങാൻ കിടക്കുക. വാടകയും വീട്ടുചിലവും കച്ചവടാവശ്യത്തിനു വേണ്ട തുകയും കുട്ടികളുടെ സ്കൂൾ ഫീസുമെല്ലാം മാറ്റിനിർത്തിയാൽ, മിച്ചം പണം കാര്യമായി ഒന്നുമുണ്ടാകില്ല. "ഞങ്ങളുടെ കയ്യിൽ അധികം പണമുണ്ടായിരുന്നില്ല. യാത്രയ്ക്ക് 10,000 രൂപ കൊടുക്കേണ്ടിവന്നതോടെ, എന്റെ സമ്പാദ്യവും ഏറെക്കുറെ ചിലവായി.", ജൂൺ 26-ന് ബീരേന്ദ്ര പറഞ്ഞു.
"യാത്ര തുടങ്ങി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം മഴ കനത്തതോടെ ട്രക്ക് നിർത്തിയിടേണ്ടിവന്നു. എല്ലാവരും നനഞ്ഞു കുളിച്ചിരുന്നു. പിന്നീട് ട്രക്ക് വൃത്തിയാക്കി, നനഞ്ഞ നിലത്തിരുന്നാണ് ബാക്കി ദൂരം യാത്ര ചെയ്തത്.", സന്ധ്യ പറഞ്ഞു. പലർക്കും ദീർഘദൂരം നിൽക്കേണ്ടിവന്നു. ഇരിക്കാൻ ഇടം കിട്ടിയ ഭാഗ്യവാന്മാരിലൊരാളായിരുന്നു സന്ധ്യ.
ബിനോര ഗ്രാമത്തിലെ വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ സന്ധ്യക്ക് പനി തുടങ്ങി. "അവൾക്ക് ടെൻഷൻ കൂടുമ്പോഴാണ് ഇങ്ങനെ അസുഖം വരുന്നത്. ഇവിടേയ്ക്ക് വന്നതിനുശേഷം, ഇനി ആന്ധ്രയിലെ പഠനം എങ്ങനെ തുടരുമെന്ന ആലോചനയിലാണവൾ. എന്റെ മകൾ, അവൾ നന്നായി പഠിക്കും. അവൾക്ക് പാതി കർണാടകയും പാതി ആന്ധ്രപ്രദേശും അറിയാം." സന്ധ്യക്ക് കന്നഡയും തെലുഗുവും അനായാസമായി ഉപയോഗിക്കാൻ കഴിയുമെന്ന് സൂചിപ്പിച്ച് രാംദേകലി പറഞ്ഞു.
2018-ൽ ആന്ധ്രയിലെ കാലികിരി ഗ്രാമത്തിലേക്ക് താമസം മാറുന്നതിനുമുൻപ്, പത്തുവർഷം ഈ കുടുംബം കർണാടകയിലെ ഗഡഗ് ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്. "വൈകുന്നേരങ്ങളിൽ ഞാൻ തെരുവ് തോറും നടന്ന് ഗോബി മഞ്ചൂരിയൻ (കോളിഫ്‌ളവർ പൊരിച്ചുണ്ടാക്കുന്ന വിഭവം) വിൽക്കുമായിരുന്നു.", ബീരേന്ദ്ര പറയുന്നു. പകൽ സമയങ്ങളിൽ രാംദേകലി പാചകത്തിന് വേണ്ട ചേരുവകൾ ഒരുക്കുന്ന തിരക്കിലാകും. "പലപ്പോഴും ആളുകൾ ഭക്ഷണം കഴിച്ച് പണം തരാതിരിക്കും. എന്നിട്ട് നമ്മളെ തെറി വിളിക്കുകയും ചെയ്യും.", ബീരേന്ദ്ര കൂട്ടിച്ചേർത്തു. "എനിക്ക് വഴക്ക് കൂടാനാകില്ല - ഞാൻ അന്യന്റെ ഗ്രാമത്തിലാണല്ലോ. എങ്ങനെയെങ്കിലുമൊക്കെ ഞങ്ങൾ പിടിച്ചുനിൽക്കും."
ജൂലൈ 8-ന് ഞാൻ സിംഗിനോട് സംസാരിക്കുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബം വീട്ടിൽ മടങ്ങിയെത്തിയിട്ട് ഒരു മാസം പിന്നിട്ടിരുന്നു. "ഞാൻ ആന്ധ്രയിലേക്ക് മടങ്ങാൻ തയ്യാറാണ്. പക്ഷെ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് കാണുമ്പോൾ, ആളുകൾ ഇനി പാനിപൂരി കഴിക്കാൻ വരുമോ എന്നുതന്നെ സംശയമാണ്.", അദ്ദേഹം പറഞ്ഞു.
സ്ട്രാൻഡഡ് വർക്കേഴ്സ് ആക്ഷൻ നെറ്റ്‌വർക്ക് റിപ്പോർട്ട് (നിരാലംബരായ തൊഴിലാളികൾക്കായുള്ള പ്രവർത്തനശൃംഖല) പറയുന്നത് , ബീരേന്ദ്രയെപ്പോലെ സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവരിൽ (തെരുവു കച്ചവടക്കാർ ഉൾപ്പെടെ) 99 ശതമാനം പേർക്കും ലോക്ക്ഡൗൺ കാലത്ത് കാര്യമായ വരുമാനമൊന്നും ഉണ്ടായിരുന്നില്ലെന്നാണ്. (കുടിയേറ്റത്തൊഴിലാളികളുടെ അടിയന്തരാവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താനായി മാർച്ച് 27-നാണ് ഈ നെറ്റ്‌വർക്ക് രൂപീകരിച്ചത്. സഹായം തേടിയെത്തിയ ഏകദേശം 1,750 കോളുകളെ അടിസ്ഥാനപ്പെടുത്തി 3 റിപ്പോർട്ടുകൾ നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരികെ വീട്ടിലെത്തിയതിനുശേഷം, ബിനോര ഗ്രാമത്തിലെയും ചുറ്റുമുള്ള പ്രദേശത്തെയും ഓലപ്പുരകളും മൺപുരകളും അറ്റകുറ്റപ്പണി നടത്തിക്കൊടുത്തും മറ്റുമാണ് ബീരേന്ദ്ര വരുമാനം കണ്ടെത്തിയിരുന്നത്. വീടുകളുടെ അറ്റകുറ്റപ്പണി ചെയ്താൽ ദിവസേന 200 രൂപ കിട്ടും. ചില ആഴ്ചകളിൽ രണ്ടോ മൂന്നോ ദിവസമാണ് ജോലിയുണ്ടാകുക; ചില ആഴ്ചകളിൽ അതുമുണ്ടാകില്ല. ഭക്ഷണമുണ്ടാക്കുക, തുണിയലക്കുക, ശുചീകരണം തുടങ്ങിയ വീട്ടുജോലികളാണ് രാംദേകലി ചെയ്യുന്നത്. "പുറത്തിറങ്ങുമ്പോൾ പർദ്ദ ധരിക്കണമെന്നതുകൊണ്ട് വീടിന് വെളിയിൽ പോയി ജോലി ചെയ്യാൻ പ്രയാസമാണ്. പാടത്ത് പണിയെടുക്കാൻപോലും സാധിക്കില്ല. എന്നാലും അവസരം കിട്ടുമ്പോഴെല്ലാം ഞാൻ പോകാറുണ്ട്.", ജൂലൈ 30-ന് രാംദേകലി എന്നോട് പറഞ്ഞു.
"ഒരു പണിയുമെടുക്കാതെ വീട്ടിലിരുന്ന് ഞങ്ങൾ മുരടിക്കുകയാണ്. വായ്പകൾ കുന്നുകൂടുകയും ചെയ്യുന്നു..."രാംദേകലി പറഞ്ഞു. "ഫോൺ റീചാർജ് ചെയ്യാൻപോലും പണം കടം ചോദിക്കേണ്ട അവസ്ഥയായി." ലോക്ക്ഡൗൺ സമയത്തെ ചിലവുകൾക്കായി കടം മേടിച്ച വകയിൽ മാത്രം 30,000-ലധികം രൂപ കടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും തിരികെ കൊടുക്കാനുണ്ടെന്നാണ് ബീരേന്ദ്രയുടെ കണക്കുകൂട്ടൽ. ജൂലൈ 30-ന് വീട്ടിലെ ഗ്യാസ് കുറ്റി തീർന്നപ്പോൾ, "എനിക്ക് വേറെ ഒരാളുടെ വീട്ടിൽ പോയി ഭക്ഷണം പാകം ചെയ്യേണ്ടിവന്നു. വിശപ്പടക്കാൻ വേണ്ട പണം മാത്രമാണ് ഞങ്ങൾ ഇപ്പോൾ സമ്പാദിക്കുന്നത്. മുൻപൊന്നും ഇങ്ങനെയായിരുന്നില്ല കാര്യങ്ങൾ", രാംദേകലി പറഞ്ഞു.
ബിനോര ഗ്രാമത്തിൽ, ബീരേന്ദ്രയുടെ കുടുംബത്തിന് സ്വന്തമായി 2.5 ഏക്കർ നിലമുണ്ട്. മഴയ്ക്ക് വേണ്ടിയുള്ള 2 മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂലൈ 29-ന് മഴ തകർത്തുപെയ്തതോടെ, പാടത്ത് എള്ള് വിത്ത് വിതയ്ക്കാൻ അവർക്ക് സാധിച്ചു. എള്ളിന് പുറമെ, വെണ്ടയും ഉഴുന്നുപരിപ്പും കൃഷിയുണ്ട്. ബീരേന്ദ്രയും കുടുംബവും ആന്ധ്രയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അമ്മാവനാണ് കൃഷി നോക്കിയിരുന്നത്, കഴിഞ്ഞ വർഷം ഗോതമ്പും കടുകും പയറും കൃഷിയിറക്കി ലഭിച്ച വിളവിൽനിന്ന് ഒരു പങ്ക് വിൽക്കുകയും ബാക്കി കുടുംബത്തിന്റെ ആവശ്യത്തിന് സൂക്ഷിച്ചുവെക്കുകയും ചെയ്തിരിക്കുകയാണ്.
ബിനോരയിൽ എത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യിൽ രജിസ്റ്റർ ചെയ്യാൻ ബീരേന്ദ്ര ശ്രമിച്ചിരുന്നു. കേന്ദ്ര സർക്കാരിൽനിന്നുള്ള 6,000 രൂപ അർഹരായ ചെറുകിട കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്. എന്നാൽ അപേക്ഷ കൊടുക്കേണ്ട അവസാന തീയ്യതി കഴിഞ്ഞിരുന്നതിനാൽ ബീരേന്ദ്രയ്ക്ക് അവസരം നഷ്ടമായി. എങ്കിലും പുതിയ റേഷൻ കാർഡിനായി അപേക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
അവസാനമായി ജൂലൈ 30-ന് സംസാരിച്ചപ്പോൾ, ഇക്കൊല്ലം കൃഷിയിൽനിന്ന് വരുമാനം ലഭിക്കുന്നതിലെ അനിശ്ചിത്വത്തെപ്പറ്റിയാണ് ബീരേന്ദ്ര പറഞ്ഞത്. "മഴ ഇനിയും പെയ്താൽ, നല്ല വിളവുണ്ടാകും. എന്നാൽ ഇനി എന്ന് മഴ പെയ്യുമെന്നോ എത്രത്തോളം വിളവുണ്ടാകുമെന്നോ ഒന്നും എനിക്കറിയില്ല."
നിന്നുപോയ പാനിപൂരി കച്ചവടം പുനരാരംഭിക്കാൻ കാത്തിരിക്കുകയാണ് ബീരേന്ദ്ര. "വെള്ളം ആവശ്യമുള്ളവർ അത് തിരഞ്ഞ് കണ്ടുപിടിക്കണം; അല്ലാതെ വെള്ളം ഒരാളെയും തേടി വരില്ല", അദ്ദേഹം പറഞ്ഞുനിർത്തി.
2020 ഏപ്രിൽ, മേയ് മാസങ്ങളിൽ ലേഖിക ആന്ധ്രാപ്രദേശ് കോവിഡ് ലോക്ക്ഡൗൺ റിലീഫ് ആൻഡ് ആക്ഷൻ കളക്ടീവിലെ സന്നദ്ധപ്രവർത്തകയായിരുന്നു. വാർത്തയിൽ പരാമർശിച്ചിട്ടുള്ള ഹെൽപ്പ് ലൈൻ നടത്തിയിരുന്നത് ഈ കളക്ടീവിന്റെ നേതൃത്വത്തിലാണ്.
കവർ ചിത്രം-ഉപേന്ദ്ര സിംഗ്
പരിഭാഷ: പ്രതിഭ ആര്‍.കെ.