ആ അഭ്യർത്ഥന സന്ദീപൻ വാൽവെയെ സംബന്ധിച്ചിടത്തോളം പുതിയതായിരുന്നില്ല. “തീ കൊളുത്തുന്നതിന് മുൻപ് ഈ വസ്ത്രം ശരീരത്തിൽ വിരിക്കണം”, തിളങ്ങുന്ന ഒരു പച്ച സാരി കൊടുത്ത്, മരിച്ച സ്ത്രീയുടെ ബന്ധുക്കൾ അയാളോട് പറഞ്ഞു. അവർ പറഞ്ഞതു പോലെ അയാൾ ചെയ്തു.
മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് പട്ടണത്തിലെ ശ്മശാനത്തിൽ വരിവരിയായി കിടത്തിയിരുന്ന 15 മൃതദേഹങ്ങളിൽനിന്ന് അവർ പറഞ്ഞ മൃതദേഹം വാൽവെ കണ്ടെത്തി. പി.പി.ഇ. കിറ്റ് ധരിച്ച്, കൈയുറ ധരിച്ച കൈ കൊണ്ട് അയാൾ ആ സാരി, മൃതദേഹം പൊതിഞ്ഞ സഞ്ചിക്ക് മുകളിൽ, ആവുന്നത്ര വൃത്തിയായി വിരിച്ചു. “രോഗാണു ബാധിക്കുമോ എന്ന പേടിയായിരുന്നു ബന്ധുക്കൾക്ക്”, അയാൾ പറഞ്ഞു.
ഉസ്മാനാബാദ് നഗരസഭാ കൗൺസിലിലെ ജീവനക്കാരനായ 45 വയസ്സുള്ള വാൽവെ, കോവിഡ്-19 ബാധിച്ച് മരിച്ച ആളുകളുടെ ശവസംസ്കാരം നടത്തുകയാണ് 2020 മാർച്ച് മുതൽ ഇന്നോളം 100-ലധികം മൃതദേഹങ്ങൾ അയാൾ അടക്കിക്കഴിഞ്ഞു. ആദ്യത്തെ തരംഗത്തേക്കാൾ രണ്ടാം തരംഗം കൂടുതലും ബാധിച്ചിരിക്കുന്നത് ഗ്രാമങ്ങളെയാണ്. ഈ വർഷം ഏപ്രിൽ മുതൽ ദിവസവും 15-20 മൃതദേഹങ്ങൾ വരുന്നുണ്ടെന്ന് അയാൾ പറഞ്ഞു. ഇത് വാൽവെയിലും സഹപ്രവർത്തകരിലും വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. നാട്ടുകാരുടെയിടയിലാകട്ടെ, ഭയവും.
“വൈറസിനോടുള്ള പേടി, ആളുകളെ ശവസംസ്കാരത്തിൽനിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതരാക്കുന്നു” വാൽവെ പറഞ്ഞു. “അതുകൊണ്ട്, ചിത കത്തിക്കുന്നതിനുമുമ്പ്, കർമ്മങ്ങൾ ചെയ്യാൻ അവർ ഞങ്ങളെയാണ് ഏൽപ്പിക്കുന്നത്. വല്ലാത്ത കാലമാണ്. വേണ്ടപ്പെട്ടവർ അടുത്തില്ലാതെ ആളുകൾ ചിതയിലെരിയുന്ന കാഴ്ച നെഞ്ച് പിളർക്കും. പക്ഷേ ഒരു ആശ്വാസമുള്ളത് മരിച്ചവർ അവർക്ക് കിട്ടുന്ന ശവസംസ്കാരം കാണുന്നില്ലല്ലോ എന്നതാണ്”.
ഭയത്തിന് പുറമേ, നിയന്ത്രണങ്ങളും ബന്ധുക്കളെ അകറ്റിനിർത്തുന്നു. കോവിഡ്-19 രണ്ടാം തരംഗത്തിൽ മരണങ്ങൾ കൂടിവരുന്നതിനാൽ, ശ്മശാനത്തിനകത്ത് ഒരു ബന്ധുവിന് മാത്രമേ പൊതുവേ പ്രവേശനമുള്ളു. മറ്റുള്ളവർക്ക് യാത്രാമൊഴി പറയാൻപോലും പറ്റാറില്ല. സാമൂഹികാകലം പാലിച്ചുകൊണ്ട് പരസ്പരം ആശ്വസിപ്പിക്കാൻ അവർ പുതിയ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നു. വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ എങ്ങിനെ സംയമനം പാലിക്കാമെന്നത് പലർക്കും ഒരു വെല്ലുവിളിയായിരിക്കുന്നു.
അച്ഛന്റെ മൃതദേഹം തിരിച്ചറിയുന്നതിന് സുനിൽ ബദുർക്കർ മോർച്ചറിയിലേക്ക് കയറിയപ്പോൾ, മൃതദേഹം ജീർണ്ണിക്കാൻ തുടങ്ങിയിരുന്നു. “സഹിക്കാൻ പറ്റാത്ത ദുർഗ്ഗന്ധമായിരുന്നു” ഉസ്മാനാബാദിലെ വിരമിച്ച ജില്ലാ പരിഷത്ത് ഉദ്യോഗസ്ഥൻ, 58 വയസ്സുള്ള സുനിൽ പറഞ്ഞു. “മറ്റുള്ളവരുടെ മൃതദേഹത്തോടൊപ്പമായിരുന്നു അച്ഛന്റേയും. പലതും അഴുകിത്തുടങ്ങിയിരുന്നു”
രോഗബാധിതനാണെന്ന് കണ്ടപ്പോഴാണ് 81 വയസ്സുള്ള അച്ഛൻ മനോഹറിനെ സുനിൽ ആശുപത്രിയിലാക്കിയത്. പിറ്റേന്ന് മരിക്കുകയും ചെയ്തു. “ആ ദിവസം പട്ടണത്തിൽ ധാരാളം മരണങ്ങളുണ്ടായിരുന്നു” സുനിൽ ഓർത്തെടുത്തു. അത്രയധികം മരണങ്ങളുണ്ടായിരുന്നതിനാൽ, 24 മണിക്കൂർ കഴിഞ്ഞിട്ടാണ് ശവസംസ്കാരത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത്. സ്വകാര്യ ആശുപത്രിയിൽവെച്ച് ഒരു കോവിഡ് രോഗി മരിച്ചാൽ, മൃതദേഹം ഉസ്മാനാബാദിലെ ജില്ലാ സിവിൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും. അവിടെ പോയി നമ്മൾ മൃതദേഹം തിരിച്ചറിയണം. അവിടെനിന്ന് അത് ആംബുലൻസിൽ ശ്മശാനത്തിലെത്തിക്കും”.
ശ്മശാനത്തിൽ ചിതകൾ ഒരുക്കിവെച്ചിട്ടുണ്ടാകും.15-20 ചിതകളാണുണ്ടാവുക. ജോലിക്കാർ മൃതദേഹങ്ങൾ വരിയായി വെച്ച്, ഓരോ ചിതയിലും ഓരോ മൃതദേഹം എന്ന കണക്കിൽ വെക്കും. എന്നിട്ട് ഒരേ സമയത്ത് തീ കത്തിക്കും. “അത്തരം മരണത്തിൽ എന്ത് അന്തസ്സാണുള്ളത്?”, സുനിൽ ചോദിക്കുന്നു
വർഷങ്ങളായി, ജലക്ഷാമവും, കർഷക ആത്മഹത്യകളും കൊണ്ട് ഗ്രാമീണജീവിതം ദുരിതത്തിലായ മറാത്ത്വാഡ പ്രദേശം ഉൾപ്പെടുന്ന മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം 2020 മാർച്ചിനുശേഷം 56,000-ത്തിലധികവും, മരണങ്ങൾ 1250-തിലധികവുമാണെന്നാണ് സർക്കാരിന്റെ തന്നെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ചില സമയങ്ങളിൽ, മരിച്ചവരുടെ ദേഹം അവകാശപ്പെടാൻപോലും ബന്ധുക്കൾ വരാറില്ലെന്ന് ആശുപത്രിയധികൃതർ പറയുന്നു. രോഗം ബാധിച്ചാൽ കടബാധ്യത പിന്നെയും വർദ്ധിക്കുമെന്ന പേടിയാണവരെ അതിന് നിർബന്ധിതമാക്കുന്നത്.
ചില ആളുകൾ അവരെക്കൊണ്ട് ആവുന്നതുപോലെ സഹായങ്ങൾ നൽകുന്നുമുണ്ട്. രോഗം ബാധിച്ച് മരിച്ചുപോയവർ, കർമ്മങ്ങൾ കിട്ടാതെ പോകരുതെന്ന് ഉറപ്പാക്കാൻ ഉസ്മാനാബാദിലെ മുസ്ലിം സജീവപ്രവർത്തകരുടെ ഒരു സംഘം ശ്രമിക്കുന്നുണ്ട്. അതിൽ 8-10 സന്നദ്ധപ്രവർത്തകരിൽ ഒരാളാണ് 34 വയസ്സുള്ള ബിലാൽ തംബോലി. “രണ്ടാം തരംഗത്തിന്റെ ഈ കാലത്ത്, 40-ലധികം ആളുകളുടെ ശവസംസ്കാരം ഞങ്ങൾ നടത്തിക്കൊടുത്തു”. കഴിഞ്ഞ വർഷം മുതൽ നൂറിലധികവും. “ആശുപത്രി വിവരമറിയിക്കുമ്പോൾ ഞങ്ങൾ ഏറ്റെടുക്കും. മുസ്ലിങ്ങളാണെങ്കിൽ അവരുടെ രീതിയിലും, ഹിന്ദുക്കൾക്ക് അവരുടെ ആചാരപ്രകാരവും കർമ്മങ്ങൾ ചെയ്തുകൊടുക്കാറുണ്ട്. മരണവേളയിലും അവർക്ക് അന്തസ്സ് ഉറപ്പ് വരുത്തേണ്ടതല്ലേ?”
തങ്ങളുടെ സംഘത്തിന് പ്രസിദ്ധിയൊന്നും ആവശ്യമില്ലെന്ന് ബിലാൽ പറയുന്നു. അത് തെറ്റാണെന്നാണ് അയാളുടെ അഭിപ്രായം. ഈ സന്നദ്ധപ്രവർത്തനംകൊണ്ട് ഉണ്ടാവാനിടയുള്ള അപകടത്തെക്കുറിച്ചും അയാൾക്ക് നല്ല ധാരണയുണ്ട്. “എന്റെ കുടുംബത്തെക്കുറിച്ചാലോചിക്കുമ്പോഴാണ് പേടി” അവിവാഹിതനായ ബിലാൽ പറഞ്ഞു. “എനിക്ക് എന്തെങ്കിലും വന്നാൽ പോട്ടെ എന്ന് വെക്കാം. പക്ഷേ അച്ഛനമ്മമാരുടേയും സഹോദരന്റെയും സഹോദരിയുടെയും കൂടെയാണ് എന്റെ താമസം. സാമൂഹികാകലം പാലിക്കാനുള്ള വലിപ്പമൊന്നും വീടിനില്ല. എല്ലാ മുൻകരുതലും എടുക്കുന്നുണ്ട്. ഓരോ ശവസംസ്കാരത്തിന് മുൻപും നിശ്ശബ്ദമായി പ്രാർത്ഥിക്കാറുണ്ട്”.
കോവിഡ് കാലത്തെ ശവസംസ്കാരത്തിന്റെ സ്വഭാവം കുടുംബങ്ങൾക്ക് ഉൾക്കൊള്ളാനോ പൊരുത്തപ്പെടാനോ ആവുന്നില്ല. “കുടുംബത്തിലെ ഒരു മരണം എന്നത് ദു:ഖകരമായ കാര്യമാണ്. ഒരു കുടുംബമെന്ന നിലയ്ക്കായിരുന്നു നമ്മളതിനെ നേരിട്ടിരുന്നത്, ആ നിലയ്ക്കുതന്നെ അതിനെ അതിജീവിക്കുകയും ചെയ്തിരുന്നു. ആളുകൾ വരുന്നു, ആശ്വസിപ്പിക്കുന്നു, പരസ്പരം ധൈര്യം നൽകുന്നു. അതെല്ലാം ഇല്ലാതായി”, ഉസ്മാനാബാദ് പട്ടണത്തിന്റെ പുറത്ത് താമസിക്കുന്ന 36 വയസ്സുള്ള ദിപാലി യാദവ് എന്ന കർഷകൻ പറയുന്നു.
ഏപ്രിൽ മൂന്നാംവാരം, ഇരുപത്തിനാല് മണിക്കൂറിന്റെ ഇടവേളയിൽ, ഭർത്താവിന്റെ അച്ഛനമ്മമാർ മരിച്ചപ്പോൾ ദിപാലിയുടെ കുടുംബത്തിൽ എല്ലാവരും കോവിഡ്-19 ബാധിച്ച് കിടപ്പിലായിരുന്നു. “എന്റെ ഭർത്താവ് ആശുപത്രിയിലും, മൂന്ന് കുട്ടികൾ വീട്ടിൽ നിരീക്ഷണത്തിലും ആയിരുന്നു. ഞാൻ മറ്റൊരു മുറിയിലും. ഇപ്പൊഴും അവിശ്വസനീയമായി തോന്നുന്നു ആ ഒരു അവസ്ഥ. കുടുംബത്തിലെ രണ്ടുപേരുടെ പെട്ടെന്നുള്ള മരണവുമായി ഒത്തുപോവുകയും, ഭർത്താവിന്റെ സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യേണ്ടിവരുന്ന സ്ഥിതി. മുറിയിൽ ഒറ്റയ്ക്കിരുന്ന് എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നി”, ദിപാലി പറയുന്നു.
അച്ഛനമ്മമാരുടെ അവസാനകാലത്ത് അവരെ വേണ്ടവിധത്തിൽ പരിചരിക്കാൻ പറ്റാതിരുന്നതിന്റെ വിഷമത്തിലാണ് ദിപാലിയുടെ ഭർത്താവ് അരവിന്ദ് എന്ന കർഷകൻ.
അച്ഛനമ്മമാരുടെ വിയോഗത്തിൽ ദു:ഖിക്കാൻപോലും വേണ്ടത്ര സമയം കിട്ടിയില്ല. കടന്നുപോയ ആ അവസ്ഥയുമായി ഇപ്പോഴും അരവിന്ദിന് പൊരുത്തപ്പെടാനായിട്ടില്ല. “അവരുടെ മൃതദേഹങ്ങൾ അവകാശപ്പെടുക, തിരിച്ചറിയുക, ശ്മശാനത്തിലേക്ക് അയയ്ക്കുക, എല്ലാ പെരുമാറ്റച്ചട്ടവും പാലിക്കുക. ഇതൊക്കെയാണ് ചെയ്യേണ്ടിവന്നത്”, അയാൾ പറഞ്ഞു.
“ശവസംസ്കാരം എന്നത് ഇപ്പോൾ കുറേ നടപടിക്രമങ്ങളായിരിക്കുന്നു. ദുഃഖിച്ചിരിക്കാനൊന്നും സാവകാശം കിട്ടില്ല. നിങ്ങളുടെ ബന്ധുവിന്റെ ചിത കത്താൻ തുടങ്ങുമ്പോഴേക്കും, അടുത്ത ആളുടെ ഊഴമായി. അയാളുടെ സൗകര്യത്തിനുവേണ്ടി നമ്മൾ സ്ഥലം ഒഴിഞ്ഞുകൊടുക്കണം”.
അരവിന്ദിന്റെ 67 വയസ്സുള്ള അമ്മ ആശ ഏപ്രിൽ 16-നാണ് മരിച്ചത്. 80 വയസ്സുള്ള അച്ഛൻ വസന്ത് പിറ്റേ ദിവസവും. മാനുഷികമായ ഒരു പരിഗണന എന്ന നിലയിൽ, ശ്മശാനത്തിലെ ജീവനക്കാർ, അവരെ ഇരുവരേയും അടുത്തടുത്തുള്ള ചിതയിൽ സംസ്കരിച്ചു. “അതാണ് ഒരേയൊരു ആശ്വാസം”, അയാൾ പറഞ്ഞു. “അവർ ഒരുമിച്ച് ജീവിച്ചു, അടുത്തടുത്ത് കിടന്ന് പോവുകയും ചെയ്തു. അവരുടെ ആത്മാവുകൾക്ക് ശാന്തി കിട്ടിയിട്ടുണ്ടാവും”.
പരിഭാഷ: രാജീവ് ചേലനാട്ട്