തിങ്കളാഴ്ച ദിവസം രാവിലെ 11 മണിക്ക് മുനേശ്വർ മാഞ്ജി, തന്റെ കുമ്മായം തേക്കാത്ത, ശോചനീയമായ സ്ഥിതിയിലുള്ള വീടിന്റെ മുമ്പിലുള്ള ചായ്പിൽ വിശ്രമിക്കുകയാണ്. ആ തുറന്ന സ്ഥലത്ത്, വെയിലിൽനിന്ന് രക്ഷപ്പെടാൻ മുളങ്കാലുകളിൽ നീലനിറത്തിലുള്ള പോളിത്തീൻ ഷീറ്റുകൾ കെട്ടിവെച്ചിരുന്നു. പക്ഷേ അതുകൊണ്ട് അന്തരീക്ഷത്തിലെ വിങ്ങലിൽനിന്ന് രക്ഷപ്പെടാനാവില്ല. “കഴിഞ്ഞ 15 ദിവസമായി ഒരു ജോലിയും കിട്ടിയിട്ടില്ല”, പാറ്റ്ന നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള കാകോ പട്ടണത്തിലെ മുസാഹരി തോലയിൽ താമസിക്കുന്ന മുനേശ്വർ പറയുന്നു.
മുസാഹരി തോലയിൽ 60-ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ദളിത് സമുദായമായ മുസാഹരികൾ താമസിക്കുന്ന സ്ഥലത്തിനാണ് മുസാഹരി തോല എന്ന് പറയുന്നത്. സമീപത്തുള്ള പാടത്ത് ജോലി ചെയ്ത് കിട്ടുന്ന ദിവസക്കൂലികൊണ്ടാണ് മുനേശ്വരും മറ്റുള്ളവരും ജീവിക്കുന്നത്. പക്ഷേ സ്ഥിരമായ ജോലിയൊന്നും കിട്ടാറില്ലെന്ന് മുനേശ്വർ പറയുന്നു. വിരിപ്പു വിളകളും റാബി വിളകളും വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്ന കൊല്ലത്തിലെ 3 - 4 മാസങ്ങൾ മാത്രമേ തൊഴിലുണ്ടാവാറുള്ളൂ. ഏറ്റവും ഒടുവിൽ ജോലി ചെയ്തത്, രജപുത് സമുദായത്തിലെ ഭൂവുടമയായ ഒരു ‘ബാബു സാബി’ന്റെ കൃഷിയിടത്തിലായിരുന്നു. “എട്ടു മണിക്കൂർ പണിയെടുത്താൽ 150 രൂപ കിട്ടും. കാശായിട്ടോ അരിയായിട്ടോ”. അദ്ദേഹം പറയുന്നു. കാശിന് പകരം കിട്ടുന്ന ധാന്യം കൊണ്ട് നാലഞ്ച് റൊട്ടിയും അരിയും പരിപ്പും ഒരു കറിയും കഴിക്കാനാവും.
ഭൂവുടമകൾ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം ഭൂരഹിതർക്ക് സംഭാവനയായി കൊടുത്തിരുന്ന പഴയകാല ഭൂദാൻ പ്രസ്ഥാനത്തിന്റെ കാലത്ത് അദ്ദേഹത്തിന്റെ മുത്തച്ഛന് 3 ബിഗ കൃഷിസ്ഥലം (ഏകദേശം 0.75 ഹെക്ടർ) കിട്ടിയെങ്കിലും അതുകൊണ്ട് വലിയ ഗുണമൊന്നുമുണ്ടായില്ല. “ഞങ്ങൾ താമസിക്കുന്ന സ്ഥലത്തുനിന്ന് 3 കിലോമീറ്റർ അകലെയായിരുന്നു അത്. എന്തെങ്കിലും നട്ടുപിടിപ്പിച്ചാൽ, മൃഗങ്ങൾ വന്ന് അത് തിന്നുതീർക്കും. ഞങ്ങൾക്ക് നഷ്ടം മാത്രവും”, മുനേശ്വർ പറയുന്നു.
മുനേശ്വറിന്റെ കുടുംബവും മറ്റുള്ളവരും ജീവിച്ചുപോവുന്നത്, മഹുവാദാരു വാറ്റിയിട്ടും വിറ്റിട്ടുമാണ്. മഹുവ വൃക്ഷത്തിലെ പൂക്കളിൽനിന്നുണ്ടാക്കുന്ന മദ്യമാണ് മഹുവാദാരു.
ഇതൊരു അപകടം പിടിച്ച തൊഴിലാണ്. 2016-ലെ ബിഹാർ മദ്യനിരോധന, എക്സൈസ് ആക്ട് എന്ന കർശനമായ നിയമത്താൽ എല്ലാ മദ്യങ്ങളുടേയും ലഹരിപദാർത്ഥങ്ങളുടേയും നിർമ്മാണവും, കൈവശം വെക്കലും, വില്പനയും, ഉപഭോഗവും ബിഹാറിൽ കർശനമായി വിലക്കിയിട്ടുണ്ട്. ‘നാടൻ മദ്യം’, ‘പരമ്പരാഗത മദ്യം’ എന്ന വിഭാഗത്തിൽ വരുന്ന മഹുവാദാരുവും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
എന്നാൽ മറ്റ് തൊഴിലവസരങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്, പൊലീസുകാരുടെ പരിശോധനയും അറസ്റ്റും കേസുമൊക്കെ തൃണവൽഗണിച്ചുകൊണ്ട് ഈ കച്ചവടം നടത്താൻ നിർബന്ധിതനാവുകയാണ് മുനേശ്വർ. “ആർക്കാണ് പേടിയില്ലാത്തത്? ഞങ്ങൾക്കും പേടിയുണ്ട്. പൊലീസ് വന്നാൽ, മദ്യം ഒളിപ്പിച്ചുവെച്ച് ഞങ്ങൾ ഓടിപ്പോവും”, അദ്ദേഹം പറയുന്നു. 2016-ൽ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം 10 തവണയിൽക്കൂടുതൽ പൊലീസിന്റെ റെയ്ഡുണ്ടായിട്ടുണ്ട്. “എന്നെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാമഗ്രികളും അടുപ്പുമൊക്കെ പല തവണ നശിപ്പിച്ചു. പക്ഷേ ഞങ്ങളിപ്പൊഴും അത് ചെയ്യുന്നു”.
ഭൂരിഭാഗം മുസാഹരികളും ഭൂരഹിതരാണ്. ബിഹാറിലെ ഏറ്റവും ദരിദ്രരും ബഹിഷ്കൃതരുമായ സമുദായക്കാരാണ്, തനത് വനഗോത്രക്കാരായ മുസാഹറുകൾ. ദളിതരിൽത്തന്നെ സാമ്പത്തികമായും സാമൂഹികമായും ഏറ്റവും അവശത അനുഭവിക്കുന്ന അവരെ ബിഹാറിൽ മഹാദളിത് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ സാക്ഷരതയും – 29 ശതമാനം -, തൊഴിൽശേഷിയുടെ അഭാവവും മൂലം, ജനസംഖ്യയിൽ 27 ലക്ഷത്തോളം വരുന്ന ഇവർ പ്രത്യേകിച്ചൊരു തൊഴിലിലും ഏർപ്പെടുന്നില്ല. മഹുവാദാരു ഇവരുടെ പരമ്പരാഗത മദ്യമാണെങ്കിലും ഇപ്പോൾ അവർ അതുണ്ടാക്കുന്നത് ഉപജീവനത്തിനായാണ്.
15 വയസ്സുള്ളപ്പോൾമുതൽ മുനേശ്വർ മഹുവാദാരു ഉണ്ടാക്കുന്നുണ്ട്. “എന്റെ അച്ഛൻ ദരിദ്രനായിരുന്നു. കൈവണ്ടി വലിച്ചാണ് ജീവിച്ചിരുന്നത്. വരുമാനമൊന്നും കാര്യമായുണ്ടായിരുന്നില്ല. വെറും വയറ്റിലാണ് ഞാൻ പലപ്പോഴും സ്കൂളിൽ പോയിരുന്നത്”, അയാൾ പറയുന്നു. “അതുകൊണ്ട് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ സ്കൂളിൽ പോകുന്നത് നിർത്തി. ഇവിടെയുള്ള ചില കുടുംബങ്ങൾ മദ്യം വാറ്റുന്നുണ്ടായിരുന്നു. അങ്ങിനെ ഞാനും അത് തുടങ്ങി. കഴിഞ്ഞ 25 കൊല്ലമായി ഈ പണി ചെയ്യുന്നു”.
മദ്യനിർമ്മാണം ധാരാളം സമയമെടുക്കുന്ന ഒരു തൊഴിലാണ്. ആദ്യം മഹുവ പൂക്കൾ ശർക്കരയും വെള്ളവുമായി ചേർത്ത് എട്ടുദിവസത്തോളം പുളിക്കാൻ വെക്കുന്നു. പിന്നീടാ മിശ്രിതം ഒരു ലോഹപ്പാത്രത്തിലേക്ക് മാറ്റി അടുപ്പിൽ തിളപ്പിക്കുന്നു. മണ്ണുകൊണ്ടുണ്ടാക്കിയതും അടിഭാഗം തുറന്നതുമായ അല്പംകൂടി ചെറിയ മറ്റൊരു പാത്രം ലോഹപ്പാത്രത്തിന്റെ മുകളിൽ വെക്കുന്നു. ഈ മൺപാത്രത്തിന് ഒരു ദ്വാരമുണ്ട്. അതിലൊരു കുഴൽ ഘടിപ്പിച്ച് അത് മുകളിലുള്ള വെള്ളം നിറച്ച മറ്റൊരു ലോഹപ്പാത്രവുമായി ബന്ധിപ്പിച്ചിരിക്കുന്നു. നീരാവി പുറത്ത് പോകാതിരിക്കാൻ ഈ മൂന്ന് പാത്രങ്ങൾക്കുമിടയിലെ വിടവുകൾ മണ്ണും തുണിയുമുപയോഗിച്ച് അടച്ചിട്ടുണ്ടാവും.
മഹുവ മിശ്രിതം തിളച്ചുണ്ടാകുന്ന നീരാവി മൺപാത്രത്തിൽ ഊറിക്കൂടും. അത് കുഴലിലൂടെ പോയി മൂന്നാമത്തെ പാത്രത്തിൽ ചെന്ന് തണുത്ത് തുള്ളിതുള്ളിയായി വീഴുന്നു. എട്ട് ലിറ്റർ മദ്യമുണ്ടാക്കാൻ മൂന്ന് നാല് മണിക്കൂർ തുടർച്ചയായി വാറ്റേണ്ടിവരും. “തീ കെടാതെ നിർത്താൻ അടുപ്പിന്റെ അടുത്ത് കാവരിക്കണം”, മുനേശ്വർ പറയുന്നു. “നല്ല ചൂടാണ്. ശരീരം പൊള്ളും. എന്നാലും, ജീവിക്കാൻ ഇതല്ലാതെ വേറെ വഴിയില്ല”, വാറ്റുന്ന പ്രക്രിയയെ ‘മഹുവചുവാന’ എന്നാണ് അയാൾ വിശേഷിപ്പിക്കുന്നത്.
മാസത്തിൽ 40 ലിറ്റർ മഹുവദാരു വാറ്റാൻ 7 കിലോഗ്രാം പൂവും, 30 കിലോഗ്രാം ശർക്കരയും 10 ലിറ്റർ വെള്ളവും വേണം മുനേശ്വറിന്. 700 രൂപ പൂവിനും 1,200 രൂപ ശർക്കരയ്ക്കും, ചൂള കത്തിക്കാനുള്ള 10 കിലോഗ്രാം വിറകിന് 80 രൂപയും ചിലവ് വരും. മാസന്തോറും അസംസ്കൃത വസ്തുക്കൾക്കുമാത്രം 2,000 രൂപയോളം ചിലവഴിക്കണം.
“മദ്യം വിറ്റ് മാസത്തിൽ 4,500 രൂപ സമ്പാദിക്കും,” മുനേശ്വർ പറയുന്നു. ഭക്ഷണത്തിനുള്ള പൈസ കഴിഞ്ഞാൽ മാസത്തിൽ മിച്ചം വരുന്നത് 400 – 500 രൂപയാണ്. കുട്ടികൾ ബിസ്ക്കറ്റോ മിഠായിയോ ചോദിച്ചാൽ അതിനുള്ള പൈസയാണ് ഇത്. അയാൾക്കും 36 വയസ്സുള്ള ഭാര്യ ചമേലിക്കും മൂന്ന് പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് ഉള്ളത്. പെൺകുട്ടികൾ 5-നും 16-നും വയസ്സിനിടയിലുള്ളവർ. ഏറ്റവും ഇളയ മകന് 4 വയസ്സായി. ചമേലിയും പാടത്ത് പണിയെടുക്കുകയും ഭർത്താവിന്റെ കൂടെ മദ്യമുണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സമീപത്തുള്ള ഗ്രാമങ്ങളിലെ തൊഴിലാളികളാണ് അവരുടെ ഉപഭോക്താക്കൾ. “250 മില്ലിലിറ്റർ മദ്യത്തിന് 35 രൂപ വാങ്ങും” മുനേശ്വർ പറയുന്നു. “ആളുകൾക്ക് പൈസയ്ക്കേ മദ്യം കൊടുക്കൂ. കടം പറയുന്നവരെ അടുപ്പിക്കാറില്ല”.
മദ്യത്തിന് ധാരാളം ആവശ്യക്കാരുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ എട്ട് ലിറ്റർ മദ്യം വിറ്റുപോവും. പക്ഷേ കൂടുതൽ മദ്യമുണ്ടാക്കുന്നത് അപകടമാണ്. “പൊലീസുകാർ വന്നാൽ, അവർ എല്ലാം നശിപ്പിക്കും. അപ്പോൾ ഞങ്ങൾക്ക് നഷ്ടം സഹിക്കേണ്ടിവരും”, മുനേശ്വർ കൂട്ടിച്ചേർക്കുന്നു. ചിലപ്പോൾ ജീവിതകാലം മുഴുവൻ കഠിനതടവും, ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപവരെ പിഴയുമാണ് ഈ ‘കുറ്റ’ത്തിനുള്ള ശിക്ഷ.
മുനേശ്വറിനെ സംബന്ധിച്ചിടത്തോളം, മദ്യമെന്നത് ലാഭമുണ്ടാക്കാനുള്ള ഒരു കച്ചവടമല്ല, മറിച്ച് നിലനിൽപ്പിനായുള്ള ഒരു മാർഗ്ഗമാണ്. “ഞങ്ങളുടെ വീട് നോക്കൂ. അതൊന്ന് നേരെയാക്കാനുള്ള പണംപോലുമില്ല”, ഒറ്റമുറി കെട്ടിടം ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ പറയുന്നു. ചുരുങ്ങിയത് 40,000 മുതൽ 50,000 രൂപയെങ്കിലും വേണ്ടിവരും അതൊന്ന് നേരെയാക്കാൻ. വീടിന്റെ നിലം തേച്ചിട്ടില്ല. അകത്തുള്ള ചുമരുകൾ ചളികൊണ്ട് കെട്ടിയതാണ്. കാറ്റ് കടക്കാൻ ജനലുകളൊന്നുമില്ല. മുറിയുടെ ഒരറ്റത്താണ് അടുപ്പ്. അരി വെക്കാനുള്ള ഒരു ലോഹപ്പാത്രവും പന്നിയിറച്ചി വേവിക്കാനുള്ള ഒരു പാത്രവും അവിടെത്തന്നെയാണ് വെച്ചിരിക്കുന്നത്. “ഞങ്ങൾ പന്നിയിറച്ചി ധാരാളം കഴിക്കും. അത് ആരോഗ്യം നൽകുന്ന ഒന്നാണ്”, മുനേശ്വർ പരയുന്നു. തോലയിൽ, ഇറച്ചിക്കുവേണ്ടി പന്നികളെ വളർത്തുന്നുണ്ട്. പന്നിയിറച്ചി വിൽക്കുന്ന മൂന്ന് നാല് കടകളുമുണ്ട് തോലയിൽ. കിലോയ്ക്ക് 150 മുതൽ 200 രൂപവരെയാണ് വില. പച്ചക്കറി ചന്ത 10-15 കിലോമീറ്റർ അപ്പുറത്താണ്. ഞങ്ങൾ ചിലപ്പോൾ മഹുവാദാരു കുടിക്കുകയും ചെയ്യും”, അയാൾ പറയുന്നു.
2000-ലെ കോവിഡ് അടച്ചുപൂട്ടൽ മദ്യവില്പനയെ തീരെ ബാധിച്ചില്ല. ആ കാലത്ത്, മാസം 3,500 മുതൽ 4,000 രൂപവരെ മുനേശ്വർ സമ്പാദിക്കുകയും ചെയ്തു. “ഞങ്ങൾ മഹുവയും ശർക്കരയും ഒപ്പിച്ച് അത് തയ്യാറാക്കി. ഉൾപ്രദേശങ്ങളിൽ വലിയ നിയന്തണങ്ങളൊന്നുമുണ്ടായിരുന്നില്ല. അത് ഞങ്ങൾക്ക് സഹായകമായി. കുടിക്കുന്നവരും ഉണ്ടായിരുന്നു. ഇവിടെ മദ്യപാനം സർവ്വസാധാരണമായതുകൊണ്ട്, എന്ത് വിലകൊടുത്തും ആളുകൾ അത് വാങ്ങും”, അയാൾ പറയുന്നു.
എന്നിട്ടും 2021 മാർച്ചിൽ അച്ഛൻ മരിച്ചപ്പോൾ അയാൾ കടക്കാരനായി. അന്ത്യകർമ്മങ്ങൾ ചെയ്യാനും നാട്ടുനടപ്പനുസരിച്ച് സമൂഹസദ്യ ഒരുക്കാനും, രജപുത് സമുദായത്തിലെ ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് അഞ്ച് ശതമാനം പലിശയ്ക്ക് 20,000 രൂപ കടമെടുക്കേണ്ടിവന്നു അയാൾക്ക്. “മദ്യനിരോധനമില്ലായിരുന്നെങ്കിൽ ആവശ്യത്തിനുള്ള പണം സ്വരൂപിച്ച് കടം തിരിച്ചടയ്ക്കാമായിരുന്നു. ആർക്കെങ്കിലും അസുഖം വന്നാലും കടം വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ. ഈ മട്ടിൽ എങ്ങിനെയാണ് ഞങ്ങൾക്ക് ജീവിക്കാനാവുക?”, അയാൾ ചോദിക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ, കൂടുതൽ നല്ല തൊഴിൽ അന്വേഷിച്ച് മുനേശ്വർ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ടായിരുന്നു. നിരാശയോടെ തിരിച്ചുവരികയും ചെയ്തു. ആദ്യം പോയത്, മഹാരാഷ്ട്രയിലേക്കായിരുന്നു. 2016-ൽ. നിർമ്മാണമേഖലയിൽ പണിയെടുക്കാൻ. “എന്നെ അവിടേക്ക് കൊണ്ടുപോയ കരാറുകാരൻ പണിയൊന്നും തരുന്നുണ്ടായിരുന്നില്ല. അങ്ങിനെ മടുത്ത് ഞാൻ തിരിച്ചുപോന്നു”, അയാൾ പറയുന്നു. 2018-ൽ ഉത്തർ പ്രദേശിലേക്ക് പോയെങ്കിലും ഒരുമാസത്തിനുള്ളിൽ അവിടെനിന്നും തിരിച്ചുവന്നു. “റോഡിന് കുഴിവെട്ടുന്ന പണിയായിരുന്നു. മാസത്തിൽ കിട്ടിയിരുന്നത് 6,000 രൂപ. അതുകൊണ്ട് തിരിച്ചുപോന്നു. അതിനുശേഷം എവിടേയ്ക്കും പോയിട്ടില്ല”, അയാൾ പറയുന്നു.
സംസ്ഥാനത്തിന്റെ ക്ഷേമപ്രവർത്തനങ്ങളൊന്നും മുസാഹരി തോലയിലേക്ക് എത്തിയിട്ടില്ല. തൊഴിൽ സൃഷ്ടിക്കാൻ ഒരു നടപടിയുമുണ്ടായിട്ടില്ലെങ്കിലും, മദ്യം ഉണ്ടാക്കുന്ന പണി അവസാനിപ്പിക്കാൻ തോലയുടെ ചുമതലയുള്ള ഗ്രാമപഞ്ചായത്തിലെ മുഖ്യൻ നാട്ടുകാരോട് ആഹ്വാനം ചെയ്തു. “സർക്കാർ ഞങ്ങളെ ഉപേക്ഷിച്ചു. ദയവുചെയ്ത് നിങ്ങൾ പോയി സർക്കാരിനോട് പറയൂ, ഈ തോലയിലൊന്നും ഒരു കക്കൂസുപോലും കണ്ടില്ലെന്ന്. സർക്കാർ ഞങ്ങളെ സഹായിക്കാത്തതുകൊണ്ട് ഞങ്ങൾക്ക് മദ്യമുണ്ടാക്കേണ്ടിവരുന്നു. സർക്കാർ ഞങ്ങൾക്ക് മറ്റെന്തെങ്കിലും തൊഴിൽ നൽകുകയോ, അതല്ലെങ്കിൽ ചെറിയ കട നടത്താനോ, മീൻ വിൽക്കാനോ സാമ്പത്തികസഹായം നൽകുകയോ ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ ഈ മദ്യക്കച്ചവടത്തിൽ ഏർപ്പെടില്ലായിരുന്നു”.
മുസാഹരി തോലയിലെ 21 വയസ്സുള്ള മോട്ടിലാൽ കുമാറിന്റെ മുഖ്യവരുമാനം മഹുവാദാരുവാണ്. 2016-ൽ മദ്യനിരോധനം വരുന്നതിന് രണ്ടുമൂന്നുമാസം മുൻപാണ്, സ്ഥിരമായ കൃഷിപ്പണിയോ വേതനമോ ഇല്ലാത്തതിനാൽ അയാൾ മദ്യം വാറ്റുന്ന തൊഴിലിലേക്ക് ഇറങ്ങിയത്. “ദിവസക്കൂലിയായി ഞങ്ങൾക്ക് അഞ്ച് കിലോഗ്രാം അരിയാണ് കിട്ടിക്കൊണ്ടിരുന്നത്” അയാൾ പറയുന്നു. 2020-ൽ വെറും രണ്ട് മാസമാണ് അയാൾക്ക് കൃഷിപ്പണി ചെയ്യാൻ സാധിച്ചത്.
മോട്ടിലാലും, അച്ഛനമ്മമ്മാരും, 20 വയസ്സുള്ള ഭാര്യ ബുലാകി ദേവിയും എല്ലാം മഹാദാരുവിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. മാസത്തിൽ 24 ലിറ്റർ മദ്യം അവരുണ്ടാക്കുന്നു. “മദ്യം വിറ്റ് കിട്ടുന്ന പണമെല്ലാം ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും ചിലവാവുന്നു. ഞങ്ങൾ പട്ടിണിപ്പാവങ്ങളാണ്. മദ്യമുണ്ടാക്കിയിട്ടും ഞങ്ങൾക്ക് നീക്കിയിരുപ്പൊന്നും ഇല്ല. മകൾ അനുവിനെ എങ്ങിനെയൊക്കെയോ വളർത്തുന്നു എന്നുമാത്രം. കൂടുതൽ മദ്യമുണ്ടാക്കാൻ പറ്റിയാൽ വരുമാനം വർദ്ധിക്കും. പക്ഷേ അതിന് മൂലധനം വേണം. എനിക്കാണെങ്കിൽ അതില്ല താനും”, അയാൾ പറയുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൊണ്ട് (എം.ജി.എൻ.ആർ.ഇ.ജി.എ) മുസാഹറുകൾക്ക് ഗുണമൊന്നുമില്ല. ഏഴുവർഷം മുമ്പ് മുനേശ്വറിന് ആ പദ്ധതിയുടെ കാർഡ് കിട്ടിയെങ്കിലും ആരും തൊഴിലൊന്നും നൽകുന്നില്ല. മോട്ടിലാലിനാകട്ടെ, ആ കാർഡും ആധാർ കാർഡും ഒന്നും ഇല്ല. ആധാർ കാർഡ് സംഘടിപ്പിക്കുക എന്നത് തോലയിലെ മിക്ക താമസക്കാരെ സംബന്ധിച്ചും വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്. “മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള ബ്ലോക്ക് ഓഫീസിൽ പോകുമ്പോൾ അവർ പഞ്ചായത്ത് മുഖ്യന്റെ ഒപ്പ് ചോദിക്കും. മുഖ്യന്റെ ഒപ്പുമായി ചെല്ലുമ്പോൾ സ്കൂളിൽനിന്നുള്ള സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ പറയും. സ്കൂളിലെ കടലാസ്സ് കൊണ്ടുചെന്നാൽ പൈസ ചോദിക്കും. “2,000 മുതൽ 3,000 രൂപവരെ കൈക്കൂലി കൊടുത്താൽ ആധാർ കാർഡ് കിട്ടുമെന്ന് എനിക്കറിയാം. പക്ഷേ എന്റെ കൈയ്യിൽ എവിടെയാണ് പണം?” മോട്ടിലാൽ ചോദിക്കുന്നു
മുസാഹരി തോലയിലെ ജീവിതസാഹചര്യങ്ങൾ തീരെ അപര്യാപ്തമാണ്. കക്കൂസുകളോ, പൊതുകക്കൂസുകളോ ഇല്ല. ഒറ്റ വീട്ടിലും എൽ.പി.ജി കണക്ഷൻ ഇല്ല. ആളുകൾ ഇപ്പോഴും ഭക്ഷണം പാകം ചെയ്യാനും മദ്യം വാറ്റാനും വിറകാണ് ഉപയോഗിക്കുന്നത്. ഏറ്റവുമടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രം മൂന്ന് കിലോമീറ്റർ അപ്പുറത്താണെങ്കിലും ഒരു ഡസൻ പഞ്ചായത്തുകളെയാണ് അത് കൈകാര്യം ചെയ്യുന്നത്. “ചികിത്സാ സംവിധാനങ്ങൾ വളരെ പരിതാപകരമാണ്. അതുകൊണ്ട് ആളുകൾ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുന്നു”, മുഖ്യൻ സൂചിപ്പിച്ചു. താമസക്കാർ പറയുന്നതനുസരിച്ച്, മഹാവ്യാധിയുടെ കാലത്ത്, തോലയിൽ ഒരൊറ്റ വാക്സിനേഷൻ ക്യാമ്പുപോലും സംഘടിപ്പിച്ചിരുന്നില്ല. ബോധവത്ക്കരണത്തിനായി സർക്കാരിന്റെ ഒരു ആരോഗ്യ ഉദ്യോഗസ്ഥനും അവിടം സന്ദർശിച്ചിട്ടില്ല.
അടിസ്ഥാനസൌകര്യങ്ങളുടെപോലും അഭാവത്തിൽ, തോലയിലെ കുടുംബങ്ങളെ നിലനിർത്തുന്നത് മദ്യത്തിന്റെ വില്പന ഒന്നുമാത്രമാണ്. “ഞങ്ങൾക്ക് തൊഴിലൊന്നും ലഭിക്കുന്നില്ല. നിവൃത്തികേടുകൊണ്ട് മാത്രമാണ് ഞങ്ങൾ ഈ മദ്യനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്”, മോട്ടിലാൽ പറയുന്നു. “മദ്യം കൊണ്ട് മാത്രമാണ് ജീവൻ പിടിച്ചുനിർത്തുന്നത്. അതുകൂടി നിർത്തേണ്ടിവന്നാൽ, ഞങ്ങൾ മരിച്ചുപോവും”.
സ്വകാര്യത സംരക്ഷിക്കുന്നതിനായി ആളുകളുടേയും പ്രത്യേക സ്ഥലങ്ങളുടേയും പേരുകൾ മാറ്റിയിട്ടുണ്ട് .
പരിഭാഷ : രാജീവ് ചേലനാട്ട്