അരനൂറ്റാണ്ട് മുൻപ് താൻ രൂപം കൊടുത്ത കോലാപ്പുരിലെ ചെറിയ അണക്കെട്ടിന്‍റെ മുകളിലെ പാലത്തിനുമുകളിൽ ചുട്ടുപൊള്ളുന്ന വെയിലും ചൂടും വകവെക്കാതെ അയാളിരുന്നു. കുറച്ച് മുൻപ് ഉച്ചഭക്ഷണസമയത്ത് ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. പാലത്തിന് മുകളിലൂടെ ഞങ്ങളോടൊപ്പം സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും നടന്നുകൊണ്ട്, 1959-ൽ ഈ ചെറിയ ഡാം നിലവിൽ വന്നതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചുകൊണ്ടിരുന്നു.
ആറ് പതിറ്റാണ്ടുകൾക്കിപ്പുറത്തും, ഗൺപതി ഈശ്വർ പാട്ടീലിന് ജലസേചനത്തെക്കുറിച്ചും കർഷകരെക്കുറിച്ച് കൃഷിയെക്കുറിച്ചും നല്ല ധാരണയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ച് അദ്ദേഹത്തിനറിയാം. അതിന്‍റെ ഭാഗമായിരുന്നു ഒരിക്കൽ ആ മനുഷ്യൻ. 101 വയസ്സുള്ള ഗൺപതി, ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിപ്പുള്ള അവസാനത്തെ സ്വാതന്ത്ര്യസമരസേനാനിയാണ്.
“ഞാൻ വെറും ദൂതൻ മാത്രമായിരുന്നു“. 1930-ന് ശേഷമുള്ള തന്‍റെ ജീവിതത്തെക്കുറിച്ച് അയാൾ ആത്മാർത്ഥമായ വിനയത്തോടെയും സത്യസന്ധതയോടെയും പറയാൻ തുടങ്ങി. “ഒളിവിലുള്ള ബ്രിട്ടീഷ്-വിരുദ്ധ പ്രസ്ഥാനങ്ങളുടെ സന്ദേശവാഹകൻ”. അതിൽ, നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെയും, സോഷ്യലിസ്റ്റുകളുടേയും സംഘടനകളുണ്ട്, 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനകാലം മുതലുള്ള കോൺഗ്രസ്സ് പാർട്ടിയുമുണ്ട്. ആൾ സമർത്ഥനായിരിക്കണം. കാരണം, ഒരിക്കൽപ്പോലും അയാൾ പിടിക്കപ്പെട്ടില്ല. “ഞാൻ ജയിലിൽ പോയിട്ടില്ല” ഏതാണ്ടൊരു കുറ്റബോധത്തോടെ അയാൾ പറഞ്ഞു. താമ്രപത്രമോ, 1972-ന് ശേഷം സ്വാതന്ത്ര്യസമരപോരാളികൾക്ക് കൊടുക്കാൻ തുടങ്ങിയ പെൻഷനോ അയാൾ സ്വീകരിച്ചില്ല എന്ന് മറ്റുള്ളവർ പറഞ്ഞാണ് ഞങ്ങളറിഞ്ഞത്.
“ഞാൻ ജയിലിൽ പോയിട്ടില്ല” ഏതാണ്ടൊരു കുറ്റബോധത്തോടെ അയാൾ പറഞ്ഞു. താമ്രപത്രമോ, 1972-ന് ശേഷം സ്വാതന്ത്ര്യസമരപോരാളികൾക്ക് കൊടുക്കാൻ തുടങ്ങിയ പെൻഷനോ അയാൾ സ്വീകരിച്ചില്ല എന്ന് മറ്റുള്ളവർ പറഞ്ഞാണ് ഞങ്ങളറിഞ്ഞത്.
കോലാപുർ ജില്ലയിലെ കാഗല്‍ താലൂക്കിലെ സിദ്ധനെർലി ഗ്രാമത്തിലെ അദ്ദേഹത്തിന്‍റെ മകന്‍റെ വീട്ടിൽവെച്ച് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ചോദിച്ചത് ഇതായിരുന്നു “എനിക്കെങ്ങിനെ അത് ചോദിക്കാൻ കഴിയും? ഞങ്ങൾക്ക് സ്വന്തമായി കൃഷിസ്ഥലമുള്ളപ്പോൾ എന്തിനാണ് അതൊക്കെ ഞാൻ ആവശ്യപ്പെടുന്നത്?” അയാള്‍ക്ക് 18 ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. അതുകൊണ്ട് ഞാനതിനുവേണ്ടി ചോദിക്കുകയോ അപേക്ഷ കൊടുക്കുകയോ ചെയ്തില്ല”. ഇടതുപക്ഷക്കാരായ പല സ്വാതന്ത്ര്യസമര സേനാനികളും പറഞ്ഞതുതന്നെയാണ് ഗൺപതി പാട്ടീലും പറഞ്ഞത്: “ഞങ്ങൾ സമരം ചെയ്തത് നാടിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്, സ്വന്തമായി പെൻഷൻ കിട്ടാനല്ല”. തന്‍റെ പങ്ക് തീരെ ചെറിയ ഒന്നായിരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. ചെറിയതായിരുന്നുവെങ്കിലും യുദ്ധക്കാലത്ത് അപകടം പിടിച്ച ഒരു ജോലിയായിരുന്നു അത്. സ്വാതന്ത്ര്യസമരകാലത്ത്, മറ്റാരേക്കാളുമധികം സന്ദേശവാഹകരെയാണ് കൊളോണിയൽ ഭരണകൂടം തൂക്കിക്കൊന്നിരുന്നത്.
ആ അപകടസാധ്യത മനസ്സിലാവാതിരുന്നതുകൊണ്ടോ എന്തോ, അദ്ദേഹത്തിന്‍റെ അമ്മയും മകന്‍റെ ജോലിയെ അംഗീകരിക്കുകയാണ് ചെയ്തത്. പ്രത്യക്ഷമായ മറ്റ് ജോലികളൊന്നും ചെയ്യരുതെന്ന വ്യവസ്ഥയിൽ. കാഗലിലെ സിദ്ധനെർലി ഗ്രാമത്തിലുള്ള അച്ഛന്‍റെ വീട്ടിലേക്ക് താമസം മാറ്റിയതിനുശേഷം അധികനാൾ കഴിയുന്നതിനുമുൻപ്, നാട്ടിൽ പടർന്നുപിടിച്ച പ്ലേഗ് ബാധയിൽ, അമ്മയൊഴിച്ച് കുടുംബത്തിലെ എല്ലാവരും മരിച്ചുപോയിരുന്നു. 1918- മേയ് 27-ന് കർനൂർ ഗ്രാമത്തിൽ ജനിച്ച തനിക്ക് അന്ന് വെറും നാലരമാസം പ്രായമായിരുന്നുവെന്ന് ഗൺപതി പറഞ്ഞു.
കുടുംബത്തിന്‍റെ സ്വത്തിന് അങ്ങിനെ അയാൾ ഏക അവകാശിയായി. എന്ത് കാരണത്തിനുവേണ്ടിയായാലും ജീവിതത്തിൽ അയാൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് അയാളുടെ അമ്മ ആഗ്രഹിച്ചു. “1945-നോടടുപ്പിച്ച് പ്രകടനങ്ങളിൽ പങ്കെടുക്കാനും സംഘടിപ്പിക്കാനും തുടങ്ങിയപ്പോഴാണ് എന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് ആളുകൾ മനസ്സിലാക്കാൻ തുടങ്ങിയത്. 30-കളുടെ അവസാനവും 40-കളുടെ ആദ്യത്തോടെയും സമരക്കാരുടെ സമ്മേളനങ്ങൾ രഹസ്യമായി നടത്താൻ തന്‍റെ കൃഷിസ്ഥലം അദ്ദേഹം ഉപയോഗിക്കാൻ തുടങ്ങി. “വീട്ടിൽ ഞാനും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കിയെല്ലാവരും മരിച്ചുപോയിരുന്നു. അതിനാൽ ആളുകൾ ഞങ്ങളോട് സഹതപിക്കുകയും ഞങ്ങളെ സംരക്ഷിക്കുകയും ചെയ്തുപോന്നു”
12 വയസ്സുള്ള തന്നേക്കാൾ അഞ്ചിരട്ടി പ്രായമുള്ള ഒരാളെ കേൾക്കാനിടയായതിൽപ്പിന്നെയാണ് ഗൺപതിയുടേയും ജീവിതം മാറിമറിഞ്ഞത്. ആ കാലഘട്ടത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ അനുഭവവും വ്യത്യസ്തമായിരുന്നില്ല. സിദ്ധനെർലിയിൽനിന്ന്, 28 കിലോമീറ്റർ അപ്പുറത്തുള്ള, ഇന്നത്തെ കർണ്ണാടകയിലെ നിപാനി എന്ന സ്ഥലത്തേക്ക് പാട്ടീൽ നടന്നുപോയി. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ആളുടെ പ്രസംഗം കേൾക്കാൻ. പ്രസംഗത്തിന്‍റെ അവസാനം സ്റ്റേജിലേക്ക് തിരക്കിക്കയറി “ഗാന്ധിയുടെ ദേഹത്ത് സ്പർശിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷവും” പാട്ടീലിന് ലഭിക്കാനിടവന്നു.
എന്നിട്ടും, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്‍റെ തൊട്ടുമുന്നെ, 1941-ലാണ് പാട്ടീൽ കോൺഗ്രസ്സ് പാർട്ടിയിലെ അംഗമാവുന്നത്. അതേസമയത്തുതന്നെ, മറ്റ് രാഷ്ട്രീയസംഘടനകളുമായും അദ്ദേഹം ബന്ധപ്പെട്ടു. നിപാനിയിലേക്ക് 1930-ൽ പോവുന്നതുമുതൽക്ക് കോൺഗ്രസ്സ് അംഗമാവുന്നതുവരെയുള്ള കാലത്തിനിടയില്‍ അയാള്‍ പ്രധാനമായും ബന്ധം പുലര്‍ത്തിയത് പാർട്ടിയിലെ സോഷ്യലിസ്റ്റ് ഘടകവുമായിട്ടായിരുന്നു. ബെൽഗാമിലെ അപ്പാച്ചിവാഡിയിൽവെച്ച് സോഷ്യലിസ്റ്റ് നേതാക്കളായ എസ്.എം.ജോഷിയും എൻ.ജി. ഗോറെയും സംഘടിപ്പിച്ച ഒരു പരിശീലനക്യാമ്പിൽ, 1937-ൽ അദ്ദേഹം പങ്കെടുത്തു. പിന്നീട് രൂപം കൊണ്ട ‘സത്താര പ്രതിസർക്കാ‘രിന്‍റെ നാഗ്‌നാഥ് നായിക്‌വാഡിയും അന്ന് ആ ക്യാമ്പിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി. ഗൺപതിയടക്കം എല്ലാവർക്കും ചെറിയ രീതിയിൽ ആയുധപരിശീലനവും ലഭിച്ചു. ( ’ക്യാപ്റ്റന്‍ മൂത്ത സഹോദരനും’ ചുഴലിക്കാറ്റ് സേനയും , The last hurrah of the pratisarkar എന്നിവ നോക്കുക)
1942-ല്‍ “പുറത്താക്കപ്പെട്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ ശാന്തറാം പാട്ടീൽ, യശ്വന്ത് ചവാൻ (കോൺഗ്രസ്സ് നേതാവായ വൈ.ബി. ചവാനല്ല), എസ്.കെ. ലിമായെ, ഡി.എസ്. കുൽക്കർണി തുടങ്ങിയവരും മറ്റ് പ്രവർത്തകരും ചേർന്ന് നവജീവൻ സംഘടൻ രൂപീകരിച്ചു”, അയാള്‍ പറഞ്ഞു. ഗൺപതി പാട്ടീൽ അതിൽ ചേർന്ന് പ്രവർത്തിച്ചു.
ഈ നേതാക്കൾ പ്രത്യേക പാർട്ടിയൊന്നും രൂപീകരിച്ചില്ലെങ്കിലും, അവരുണ്ടാക്കിയ സംഘടന ലാൽ നിഷാൻ (ചെങ്കൊടി - റെഡ് ഫ്ലാഗ്) എന്ന് അറിയപ്പെട്ടു. (1965-ൽ അത് ഒരു രാഷ്ട്രീയപ്പാർട്ടിയായി മാറിയ അത്, 1990-ൽ വീണ്ടും പിളർന്നു)
സ്വാതന്ത്ര്യപൂർവ്വ പ്രക്ഷോഭകാലം മുഴുവൻ ഗൺപതി പാട്ടീൽ “വിവിധ സംഘടനകൾക്കും സഖാക്കൾക്കും സന്ദേശങ്ങളും വിവരങ്ങളും രേഖകളും എത്തിച്ചുകൊടുത്തു”. താൻ കേന്ദ്രകഥാപാത്രമല്ലെന്ന് പറഞ്ഞുകൊണ്ട് ഇതിന്‍റെ വിശദാംശങ്ങളൊക്കെ അദ്ദേഹം വിനയപൂർവ്വം ഒഴിവാക്കുകയായിരുന്നു. എന്നിട്ടും, മകന്‍റെ വീട്ടിലെ ഭക്ഷണസമയത്ത് ആ പഴയ 12 വയസ്സുകാരന്‍റെ നിപാനിയിലേക്കും തിരിച്ചുമുള്ള 56 കിലോമീറ്റർ യാത്രയെക്കുറിച്ച് സൂചിപ്പിച്ച്, ആരോ ഒരാൾ അന്നേ ഗൺപതി പാട്ടീൽ തന്‍റെ കഴിവ് തെളിയിച്ചുവെന്ന് പറഞ്ഞപ്പോൾ പാട്ടീൽ മനസ്സറിഞ്ഞ് ചിരിച്ചു.
“സ്വാതന്ത്ര്യത്തിനുശേഷം, ലാൽ നിഷാൻ എന്ന സംഘടന പെസന്‍റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടിയുമായി (പി.ഡബ്ല്യു.പി.) ചേർന്ന് കാംഗാർ കിസാൻ പാർട്ടി (തൊഴിലാളി, കർഷക പാർട്ടി) രൂപവത്ക്കരിച്ചു. ഈ സംഘടന പിളർന്നപ്പോൾ, മഹാനായ നാനാ പാട്ടീലും അടുത്ത സഹപ്രവര്‍ത്തകരും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. പെസന്‍റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി വീണ്ടും പുനഃസംഘടിപ്പിക്കപ്പെടുകയും, ലാൽ നിഷാൻ ഒരിക്കൽക്കൂടി ഒരുമിക്കുകയും ചെയ്തു. ഗൺപതി അംഗമായ എൽ.എൻ.പി. 2018-ൽ സി.പി.ഐ.യിൽ ലയിക്കുകയുണ്ടായി.
1947-ൽ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം പാട്ടീൽ ചില പ്രസ്ഥാനങ്ങളിൽ - കോലാപ്പുരിലെ ഭൂപരിഷ്കരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾപോലെ ചിലതിൽ - മുഖ്യപങ്ക് വഹിച്ചിരുന്നു. സ്വയം ഒരു ഭൂവുടമയായിരുന്നെങ്കിലും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലി കിട്ടുന്നതിനുവേണ്ടിയും, ന്യായമായ കൂലി ആവശ്യപ്പെടാൻ മറ്റുള്ള കർഷകരെ പ്രാപ്തരാക്കുന്നതിനുമുള്ള ശ്രമങ്ങളിലും ഗൺപതി പാട്ടീൽ ഏർപ്പെട്ടിരുന്നു. ജലസേചനത്തിനുവേണ്ടി, കോലാപ്പുരിലേതുപോലുള്ള ബാരേജുകൾ (ചെറുകിട അണക്കെട്ടുകൾ) വികസിപ്പിക്കുന്നതിനും പാട്ടീൽ മുന്നോട്ട് വന്നു. കോലാപ്പുരിലെ അത്തരമൊരു ബാരേജിന്‍റെ മുകളിലാണ് ഞങ്ങളിപ്പോൾ ഇരിക്കുന്നത്. പന്ത്രണ്ടോളം ഗ്രാമങ്ങൾക്കുള്ള ജലസേചനം ഇപ്പോഴും ഈ ബാരേജ് നിർവ്വഹിക്കുന്നുണ്ട്. അതിന്‍റെ നിയന്ത്രണവും കർഷകരുടെ മേൽനോട്ടത്തിലാണ്.
“സമീപത്തുള്ള ഏതാണ്ട് 20 ഗ്രാമങ്ങളിലുള്ള കർഷകരെ സംഘടിപ്പിച്ച് സഹകരണാടിസ്ഥാനത്തിലാണ് ഈ ബാരേജിനാവശ്യമായ പണം ഞങ്ങൾ സ്വരുക്കൂട്ടിയതും നിർമ്മിച്ചതും”. ഗൺപതി പറഞ്ഞു. കല്ലുകൾകൊണ്ട് നിർമ്മിച്ച ദൂധ്ഗംഗ പുഴയിലെ അണക്കെട്ട് സുമാർ 4,000 ഏക്കറിൽ ജലസേചനം നടത്തുന്നുണ്ട്. ഒരാളെപ്പോലും കുടിയിറക്കാതെയാണ് ഇത് നിർമ്മിച്ചതെന്ന് അഭിമാനത്തോടെ ഗൺപതി പറഞ്ഞു. സംസ്ഥാനതലത്തിലുള്ള ഇടത്തരം ജലസേചനപദ്ധതിയായിട്ടാണ് ഇന്ന് ഈ ഡാമിനെ വര്‍ഗ്ഗീകരിച്ചിരിക്കുന്നത്.
“പുഴയുടെ ഒഴുക്കിനനുസൃതമായിട്ടാണ് ഇത്തരം ഡാമുകൾ നിർമ്മിക്കുന്നത്” എന്ന് ഗൺപതിയുടെ പഴയ സഹപ്രവർത്തകനായ ശാന്തറാം പാട്ടീലിന്‍റെ (ലാൽ നിഷാൻ പാർട്ടിയുടെ സഹസ്ഥാപകൻ) മകനും കോലാപ്പുരിലെ എൻജിനീയറുമായ അജിത്ത് പാട്ടീൽ പറഞ്ഞു. “ഭൂമിയെ വെള്ളത്തിൽ മുക്കാത്തതും, പുഴയുടെ സ്വാഭാവികമായ ഗതിയെ തടസ്സപ്പെടുത്താത്തതുമായ ഡാമാണ് ഇത്. വർഷം മുഴുവൻ ഇതിൽ നിറഞ്ഞുനിൽക്കുന്ന ജലം ഇരുകരകളിലെയും ഭൂഗർഭജലത്തെ പുനരുജ്ജീവിപ്പിക്കുകയും, ഇതിന്‍റെ നേരിട്ടുള്ള പരിധിക്കപ്പുറത്തുള്ള കിണറുകളെപ്പോലും ജലസേചനയോഗ്യമാക്കുകയും ചെയ്യുന്നുണ്ട്. ചിലവ് കുറഞ്ഞതും, പ്രാദേശികമായി സംരക്ഷിക്കപ്പെടുന്നതും, പരിസ്ഥിതിക്കോ ചുറ്റുപാടിനോ വിനാശമുണ്ടാക്കാത്തതുമാണ് ഇത്തരത്തിലുള്ള ബാരേജുകൾ” എന്ന് അജിത്ത് സൂചിപ്പിച്ചു.
ശരിയാണ്, മേയ് മാസത്തിന്‍റെ മൂർദ്ധന്യത്തിൽപ്പോലും സാമാന്യം നല്ല അളവിൽ വെള്ളമുണ്ടായിരുന്നു ആ ഡാമിൽ. വെള്ളം നിയന്ത്രിക്കാൻ ബാരേജുകളുടെ ‘വാതിൽ’ തുറന്നുവെച്ചിട്ടുമുണ്ടായിരുന്നു. ആ ഡാമിന്‍റെ ചില ഭാഗങ്ങളിൽ മത്സ്യക്കൃഷിയും നടക്കുന്നുണ്ടായിരുന്നു.
“1959-ലാണ് ഞങ്ങളിത് തുടങ്ങിയത്” എന്ന് തെല്ലഭിമാനത്തോടെ പറഞ്ഞു ഗൺപതി. ഡാമിൽനിന്ന് ഗുണഫലമനുഭവിക്കുന്ന ഏതാനും ഏക്കർ കൃഷിഭൂമി താൻ പാട്ടത്തിനെടുത്തായിരുന്നു കൃഷി ചെയ്തതെന്ന് ഞങ്ങൾ എടുത്ത് ചോദിക്കുന്നതുവരെ ഗൺപതി പാട്ടീൽ പറഞ്ഞതുമില്ല. തന്‍റെ പാട്ടം റദ്ദാക്കി ആ സ്ഥലം അതിന്‍റെ ഉടമസ്ഥന് തിരികെ കൊടുക്കുകയായിരുന്നു ഗൺപതി. “എന്‍റെ സ്വന്തം ലാഭത്തിനുവേണ്ടി ചെയ്യുന്ന ഒരു പണിയായി ആർക്കും തോന്നരുത്” എന്ന് നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്‍റെ ആ സുതാര്യതയും, സ്വാർത്ഥലാഭം വേണ്ടെന്ന് വെക്കാനുള്ള മനസ്ഥിതിയും, മറ്റ് കർഷകരെക്കൂടി, ഈയൊരു സഹകരണസംരംഭത്തിലേക്ക് ആകർഷിക്കുകയുണ്ടായി. ബാങ്കിൽനിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്താണ് ഡാം നിർമ്മിച്ചത്. 75,000 രൂപയ്ക്ക് പണി തീർത്തു. ബാക്കി 25,000 രൂപ അപ്പോൾത്തന്നെ ബാങ്കിൽ തിരിച്ചടച്ചു. (ഇന്ന്, ഈ വലിപ്പത്തിലുള്ള ഒരു സംരംഭത്തിന് 3 – 4 കോടി രൂപയെങ്കിലും ചിലവ് വരികയും വർദ്ധമാനമായ പലിശ കൊടുക്കേണ്ടിവരികയും, തന്മൂലം, തിരിച്ചടക്കാൻ കഴിയാത്ത വായ്പയായി ഒടുവിൽ മാറുകയും ചെയ്യും).
ആ വന്ദ്യവയോധികനായ സ്വാതന്ത്ര്യസമരസേനാനിയെ പകല്‍ മുഴുവന്‍ കൊണ്ടുനടക്കുകയായിരുന്നു ഞങ്ങൾ. നല്ല സമയവും മേയ് മാസത്തിൽ ഉച്ചയ്ക്ക് ചുട്ടുപൊള്ളുന്ന ചൂടില്‍. എന്നിട്ടും ആ മനുഷ്യന്‍റെ ഊർജ്ജത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഞങ്ങളുടെ കൂടെ നടന്ന് സ്ഥലങ്ങൾ കാണിച്ചുതരാനും, സംശയങ്ങൾക്ക് മറുപടി പറയാനും ഒരു മടിയുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. അവസാനം, ആ പാലമിറങ്ങി ഞങ്ങൾ ഞങ്ങളുടെ വാഹനത്തിലേക്ക് മടങ്ങി. സൈനിക ബാക്കിയിരിപ്പായ ഒരു ജീപ്പായിരുന്നു ഗൺപതിയുടേത്. പേരക്കുട്ടിയോ ആരോ സമ്മാനിച്ചത്. വിരോധാഭാസമെന്ന് തോന്നാം, ജീപ്പിന്‍റെ മുൻപിൽ ബംപറില്‍ ഒരു ബ്രിട്ടീഷ് പതാകയുടെ ചിത്രമുണ്ടായിരുന്നു. അതിന്‍റെ ഇരുവശത്തും ‘USA C 928635‘ എന്ന് മുദ്രണവും ചെയ്തിരുന്നു. രണ്ട് തലമുറകളുടെ കഥ പറയുന്ന ഒരു ജീപ്പ്.
പക്ഷേ, ആ ജീപ്പിന്‍റെ ഉടമസ്ഥൻ ജീവിതത്തിലുടനീളം വ്യത്യസ്തമായ മറ്റൊരു പതാകയെയാണ് പിന്തുടർന്നത്. ഇപ്പോഴും.
പരിഭാഷ: രാജീവ് ചേലനാട്ട്