ലോക്ക്ഡൗണിനെത്തുടർന്ന് അബ്ദുൾ സത്താർ ബെംഗളൂരു വിട്ടിട്ട് നാലുമാസത്തിലേറെയായി.

“കാലതാമസമുണ്ടായാലും ഞങ്ങൾ എങ്ങനെയെങ്കിലും പോകും," അദ്ദേഹം പറയുന്നു. അംഫാൻ ചുഴലിക്കാറ്റ് മേയ് 20ന് കരയിലേക്ക് കടക്കാനിരിക്കെയായിരുന്നു അത്. എന്നിട്ടും, പശ്ചിമബംഗാളിലെ പശ്ചിം മെദിനിപൂർ ജില്ലയിലെ ചക് ലച്ചിപ്പൂരിലെ വീട്ടിലേക്കുള്ള നീണ്ട 1,800 കിലോമീറ്റർ യാത്രയ്ക്ക് അബ്ദുളും സുഹൃത്തുക്കളും തയ്യാറായിരുന്നു.

അബ്ദുൾ മുംബൈയിൽനിന്ന് ബെംഗളുരുവിൽ വന്നിട്ട് കുറച്ച് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഭാര്യ ഹമീദ ബീഗം (32), മക്കളായ സൽമ ഖാത്തൂൺ (13), യാസിർ ഹമീദ് (12) എന്നിവർ ഘട്ടാൽതാലൂക്കിലെ ഗ്രാമത്തിലെ മൂന്ന് മുറികളുള്ള ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന് 24 ഡിസ്മിൽ (കാൽ ഏക്കർ) ഭൂമിയുണ്ട്, അതിൽ സഹോദരൻ നെൽക്കൃഷിചെയ്യുന്നു.

തന്റെ ഗ്രാമത്തിലെ മറ്റുള്ളവരെപ്പോലെ അബ്ദുളും എട്ടാം ക്ലാസ് കഴിഞ്ഞ് സ്കൂൾ വിട്ട് എംബ്രോയ്ഡറി പഠിക്കാൻ തുടങ്ങി. അന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ ജോലിതേടിയുള്ള യാത്ര ദില്ലി, മുബൈ പോലുള്ള മഹാനഗരങ്ങളിൽ അദ്ദേഹത്തെ എത്തിച്ചു.  5-6 മാസത്തിലൊരിക്കൽ വീട്ടിൽ വരാറുണ്ടായിരുന്നു അയാൾ. “ഞാൻ മെഷീൻ എംബ്രോയ്ഡറി ചെയ്യുന്നു. എനിക്ക് മുംബൈയിൽ കാര്യമായ ജോലി കിട്ടാത്തതിനാൽ ഒരുബന്ധുവിനൊപ്പം ജോലി ചെയ്യാൻ  തീരുമാനിച്ചു” അദ്ദേഹം പറയുന്നു.

40-കാരനായ അബ്ദുൾ തന്റെ ബന്ധുവായ 33-കാരൻ ഹസനുല്ല സെക്ക് (ആധാർ കാർഡ് അനുസരിച്ചുള്ള പേര്) സൗത്ത് ബെംഗളൂരുവിൽ ആരംഭിച്ച ചെറുകിട തയ്യൽ ബിസിനസിൽ ജോലിക്ക് ചേർന്നു. ചക് ലച്ചിപൂരിൽനിന്നുള്ള മറ്റ് അഞ്ചുപേരുമായി അദ്ദേഹം ഒരു മുറി പങ്കിട്ടു – ആ ആറുപേരും ഹസന്റെ കടയിൽ തയ്യൽക്കാരായും എംബ്രോയ്ഡറിക്കാരായും ജോലി ചെയ്തു.

Despite the uncertainty, Abdul Sattar, who does machine embroidery (left) and his cousin Hasanullah Sekh (right) were prepared to brave the 1,800-kilometre journey home to Chak Lachhipur village
PHOTO • Courtesy: Abdul Settar
Despite the uncertainty, Abdul Sattar, who does machine embroidery (left) and his cousin Hasanullah Sekh (right) were prepared to brave the 1,800-kilometre journey home to Chak Lachhipur village
PHOTO • Smitha Tumuluru

ഉറപ്പൊന്നുമില്ലായിരുന്നെങ്കിലും മെഷീൻ എം{ബ്രോയിഡറി ചെയ്യുന്ന അബ്ദുൾ സത്താറും (ഇടത്ത്) ബന്ധത്തിലെ സഹോദരൻ ഹസനുല്ല ഷേഖും (വലത്ത്) 1,800 കിലോമീറ്റർ താണ്ടി ചക് ലച്ചിപുർ ഗ്രാമത്തിലെ വീട്ടിലേക്ക് പോകാൻ തയ്യാറാവുകയാണ്

12 വർഷമായി ബംഗളൂരുവിൽ ഭാര്യയ്ക്കും ആറുവയസ്സുള്ള മകനുമൊപ്പം താമസിച്ചുവരികയായിരുന്നു ഹസൻ. ഏപ്രിൽ, മേയ് മാസങ്ങളിലെ റംസാൻ - വിവാഹ സീസണുകളിൽ ഒട്ടനവധി ഓർഡറുകൾ വരാറുള്ളത്  കാത്തിരിക്കുകയായിരുന്നു സത്താറും കൂട്ടരും. “ഈ മാസങ്ങളിൽ ഞങ്ങൾക്ക് ധാരാളം ഓർഡറുകൾ ലഭിക്കുമായിരുന്നു,” അദ്ദേഹം പറയുന്നു. ആ സീസണിൽ ഓരോ തൊഴിലാളിക്കും പ്രതിദിനം 400-500 രൂപയോ അതിൽക്കൂടുതലോ ലഭിക്കുമായിരുന്നു. ഓരോരുത്തർക്കും കുറഞ്ഞത്15,000-16,000 രൂപയെങ്കിലും വരുമാനം പ്രതീക്ഷിക്കാം. എല്ലാ ചെലവുകൾക്കുംശേഷം ഹസനും പ്രതിമാസം 25,000 രൂപ വരെ ലഭിക്കാറുണ്ടായിരുന്നു.

“ഞങ്ങളിൽ ഭൂരിഭാഗവും വാടകയ്ക്കും മറ്റ് ജീവിതച്ചെലവുകൾക്കുമായി 5,000 -6,000 നീക്കിവെക്കുന്നു, ബാക്കി വീട്ടിലേക്കയക്കും” അബ്ദുൾ പറഞ്ഞു. “എനിക്ക് വീട് നടത്തണം, എന്റെ കുട്ടികളുടെ സ്കൂൾ ചെലവുകൾ വഹിക്കണം. എന്റെ മാതാപിതാക്കളുടെ ആരോഗ്യത്തിനും ജീവിതച്ചിലവുകൾക്കുമായി കുറച്ച് പണം മാറ്റിവയ്ക്കാറുണ്ട്. (അദ്ദേഹത്തിന്റെ മാതാപിതാക്കൾ ജ്യേഷ്ഠനൊപ്പമാണ് താമസിക്കുന്നത്; അവർ നാല് സഹോദരന്മാരും ഒരു സഹോദരിയുമാണ്. നെൽക്കൃഷി ചെയ്യുന്ന മൂത്ത സഹോദരന് അംഫാൻ ചുഴലിക്കാറ്റിനെത്തുടർന്ന് വയലുകളിൽ വെള്ളംകയറി വൻ നഷ്ടം നേരിട്ടു).

ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അബ്ദുൾ ബെംഗളൂരുവിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് മാസമേ ആയിട്ടുണ്ടയിരുന്നുള്ളൂ. അവരുടെ ബിസിനസ്സ് അടച്ചുപൂട്ടിയതോടെ, ഭക്ഷണസാധനങ്ങൾ  തീർന്നുതുടങ്ങി. “ഞങ്ങൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല,” ഹസൻ പറയുന്നു. “ഞങ്ങളുടെ പ്രദേശത്തെ എല്ലാ കടകളും അടഞ്ഞുകിടന്നു. ഭക്ഷണം വാങ്ങാൻ എവിടെ പോകണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഞങ്ങളുടെ ഭാഗ്യത്തിന് തൊട്ടടുത്ത് ഒരു മസ്ജിദുണ്ടായിരുന്നു. അവിടെയുള്ള സന്നദ്ധപ്രവർത്തകർ ഞങ്ങൾക്ക് രണ്ടുനേരം ഭക്ഷണം നൽകാൻ തുടങ്ങി”.

“ഞങ്ങളുടെ ഗ്രാമത്തിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നുമുള്ള ധാരാളം ആളുകൾ ഇവിടെ ബെംഗളൂരുവിലുണ്ട്,” അബ്ദുൾ എന്നോട് പറഞ്ഞു. “എല്ലാവരും ഒരേ ജോലിയിലാണ്  ടെയ്ലറിംഗും എംബ്രോയ്ഡറിയും മറ്റുമായി. സാധാരണയായി 5 -6 പേർ ഒരു മുറി പങ്കിട്ടാണ് ജീവിക്കുന്നത്. അവരിൽ പലരുടെയും കൈവശം കരുതലുകളോ പണമോ ഇല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി’.’ സിറ്റിസൺ വോളന്റിയർമാരും റേഷൻ കിട്ടാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്കു നൽകിയത് ഞങ്ങൾക്കറിയാവുന്നവർക്ക് വിതരണം ചെയ്തുകൊണ്ട് ഞങ്ങളും ഞങ്ങളുടെ കടമ നിറവേറ്റി. ഞങ്ങൾ മറ്റുള്ളവരെ സഹായിക്കുകമാത്രമാണ് ചെയ്യുന്നതെന്ന് കണ്ടാണ് പോലീസ് ഞങ്ങളെ ബൈക്കിൽ യാത്ര ചെയ്യാൻ അനുവദിച്ചത്”.

After returning home to his wife Hamida and children Salma and Yasir, Abdul worked as a farm labourer to manage expenses
PHOTO • Courtesy: Abdul Settar
After returning home to his wife Hamida and children Salma and Yasir, Abdul worked as a farm labourer to manage expenses
PHOTO • Courtesy: Abdul Settar

ഭാര്യ ഹമീദയുടേയും കുട്ടികളായ സൽമയുടേയും യാസ്സിറിന്റേയും അടുത്തേക്ക് മടങ്ങിയ അബ്ദുൾ നിത്യവൃത്തിക്കായി കർഷകത്തൊഴിലാളിയായി പണിയെടുക്കുകയാണ്

രണ്ട് മാസമായി വരുമാനമില്ലാത്തതും സ്ഥിതിഗതികളെക്കുറിച്ചുള്ള അനിശ്ചിതത്വവും കാരണം, അബ്ദുളും ഹസനും അവരുടെ നാട്ടുകാരും  ചക് ലച്ചിപ്പൂരിലേക്ക് മടങ്ങാൻ നിർബന്ധിതരായി. “സഹായത്തിനായി നമുക്ക് മറ്റുള്ളവരെ എത്രത്തോളം ആശ്രയിക്കാനാകും?” ഹസൻ ചോദിച്ചു. "ഞങ്ങൾ തിരികെ പോയാൽ, ഞങ്ങളുടെ ബന്ധുക്കളെല്ലാം അവിടെയുണ്ട്, കുറഞ്ഞത് ഭക്ഷണമെങ്കിലും ലഭിക്കും."

“ഞങ്ങൾക്ക് ഇപ്പോൾ തിരികെ പോകണം,” അബ്ദുൾ പറഞ്ഞു. “ഞങ്ങൾ മടങ്ങിവരണമെന്ന് നാട്ടിലുള്ള ഞങ്ങളുടെ കുടുംബം ആഗ്രഹിക്കുന്നു. ഇവിടെവെച്ച് രോഗം പിടിപെടുന്നത് ആലോചിക്കാൻ പോലും കഴിയില്ല. കുടുംബത്തെയും ബന്ധുക്കളെയും പിരിഞ്ഞ്, ഇവിടെ ജോലി ചെയ്തിരുന്ന ഞങ്ങളുടെ ഒരു ബന്ധു ഈ കൊറോണ പനി ബാധിച്ച്  മരിച്ചു. ഇവിടെ നമുക്ക് അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ, ഒന്ന് ചിന്തിച്ചുനോക്കു! ഞങ്ങളെ പരിപാലിക്കാൻ ആരും ഉണ്ടാകില്ല. ഇപ്പോൾ, ഞങ്ങളുടെ മനസ്സ് തയ്യാറായി.”

എന്നാൽ വീട്ടിലേക്ക് മടങ്ങുന്നത് വളരെ പ്രയാസമായിരുന്നു. അനുമതിക്കായി എവിടെ അപേക്ഷിക്കണം, പശ്ചിമ ബംഗാളിലേക്ക് പ്രവേശിക്കാൻ പാസ് വേണോ, ട്രെയിനുകൾ എപ്പോൾ പുറപ്പെടും തുടങ്ങിയ കാര്യങ്ങളിൽ അനിശ്ചിത്വത്തിലായിരുന്നു. ഇന്റർനെറ്റ് മോശമാ‍യിരുന്നിട്ടും, സംസ്ഥാന സർക്കാരിന്റെ സേവാ സിന്ധു വെബ്‌സൈറ്റിൽ നിർബന്ധിത യാത്രാ ഫോം പൂരിപ്പിക്കാൻ അവർക്ക് ഒടുവിൽ കഴിഞ്ഞു. തുടർന്ന് എസ്എംഎസ് മുഖേനയുള്ള അംഗീകാരത്തിനായി അവർ 10 ദിവസം കാത്തിരുന്നു. അബ്ദുൾ അവരുടെ യാത്രാ അഭ്യർത്ഥന രജിസ്റ്റർ ചെയ്യാൻ അടുത്തുള്ള പോലീസ് സ്റ്റേഷനും സന്ദർശിച്ചു.

“ഞാൻ ഉപവാസം ആചരിക്കുകയാണ്, ഈ വെയിലിൽ പോലീസ് സ്റ്റേഷന് മുന്നിൽ മണിക്കൂറുകളോളം കാത്തിരിക്കാൻ ബുദ്ധിമുട്ടാണ്,” അദ്ദേഹം എന്നോട് പറഞ്ഞു. ട്രെയിനുകളെക്കുറിച്ചുള്ള അനിശ്ചിതത്വവും സീറ്റ് ഉറപ്പാക്കുന്നതിനുമുമ്പ് അംഗീകൃത പാസ് കാലഹരണപ്പെടുമെന്ന ഭയവും കാരണം, അവർ മറ്റുവഴികൾ തേടാൻ തീരുമാനിച്ചു. സ്വകാര്യവാനുകൾ അഞ്ചുപേർക്ക് 70,000 രൂപവരെ ഈടാക്കിയിരുന്നു. ഒരു ബസ് ഓപ്പറേറ്റർ ആവശ്യപ്പെട്ടറ്റ് 2.7 ലക്ഷംരൂപയായിരുന്നു.

Farmers in Chak Lachhipur village, including Abdul's eldest brother, suffered huge losses due to Cyclone Amphan
PHOTO • Courtesy: Abdul Settar

അബ്ദുളിന്റെ ജ്യേഷ്ഠസഹോദരനടക്കം, ചക് ലച്ചിപുരിലെ കർഷകർക്ക് ആം‌ഫാൻ കൊടുങ്കാറ്റിൽ വലിയ നഷ്ടങ്ങൾ നേരിട്ടു

ഒരുപാട് പ്രയത്നത്തിനുശേഷം അബ്ദുൾ ഹസനും ഒടുവിൽ ഒരു ബസ് സംഘടിപ്പിക്കാൻ കഴിഞ്ഞു (മുഖചിത്രം കാണുക). “ഞങ്ങളുടെ ഗ്രാമത്തിലെ ഒരാൾ ഒരു ബസ് സർവീസ് നടത്തുന്നുണ്ട്, ബസ് അയച്ചുതരാൻ ഞങ്ങൾക്കവനെ വളരെ ബുദ്ധിമുട്ടിക്കേണ്ടിവന്നു,” ഹസൻ മേയ് മാസത്തിൽ എന്നോട് പറഞ്ഞു. ബംഗാളിൽനിന്നുള്ള ഞങ്ങളുടെ എല്ലാ പാസുകളും അനുമതികളും അവർ സംഘടിപ്പിച്ചു.  30 പേരടങ്ങുന്ന ഒരു സംഘത്തെ ഞങ്ങൾ കണ്ടെത്തി. ഞങ്ങളുടെ  ഗ്രാമത്തിൽനിന്നുള്ളവരാണ് എല്ലാവരും. ഇതേ എംബ്രോയ്ഡറി -ടെയ്ലറിംഗ് ബിസിനസ്സിൽ ജോലി ചെയ്യുന്നവർ. ഇതിനായി ഞങ്ങൾ 1.5 ലക്ഷം ചിലവഴിച്ചു. ചിലർക്ക് തങ്ങളുടെ ആഭരണങ്ങളും സ്ഥലവും പണയപ്പെടുത്തേണ്ടിവന്നു. നാളെ രാവിലെ ബസ് വരും, ഞങ്ങൾ പോകും.”

ആന്ധ്രാപ്രദേശ് അതിർത്തിയിൽ ബസ് വൈകിയതിനാൽ പ്രതീക്ഷിച്ചതുപോലെ പിറ്റേന്ന് പോകാൻ അവർക്കായില്ല. ഒടുവിൽ ഒരുദിവസം വൈകി, മേയ് 20-ന്, ആംഫാൻ ചുഴലിക്കാട് പശ്ചിമ ബംഗാളിൽ കര തൊട്ടതിനുശേഷം അവർ യാത്ര തുടങ്ങി. വിവിധ ചെക്ക്‌പോസ്റ്റുകളിലെ പല കാത്തിരിപ്പുകൾക്കുശേഷം, മേയ് 23-ന് ബസ് ചക് ലച്ചിപൂർ ഗ്രാമത്തിലെത്തി. വീട്ടിലെത്തിയ അബ്ദുളും മറ്റുള്ളവരും അവരുടെ ചെറിയ വീടുകളിൽ രണ്ടാഴ്ച ക്വാറന്റൈനിലിരുന്നു.

അവർ പോയപ്പോൾ, ഹസനും കുടുംബവും ബംഗളൂരുവിലെ വീടൊഴിഞ്ഞു, എന്നാൽ തയ്യലുപകരണങ്ങളും കട നിന്നിരുന്ന സ്ഥലവും തൊഴിലാളികൾ താമസിച്ചിരുന്ന മുറിയും അദ്ദേഹം നിലനിർത്തി. രണ്ടുമാസത്തെ അഡ്വാൻസ് തുകയായ 10,000 രൂപ ഏപ്രിൽ, മേയ് മാസങ്ങളിലെ  വാടക കുടിശ്ശികയിലേക്ക് ഉടമ അഡ്ജസ്റ്റ് ചെയ്തു. മേയ് മാസത്തിനുശേഷമുള്ള വാടകബാക്കി  നൽകാൻ അവർ മടങ്ങിവരുന്നതുവരെ കാത്തിരിക്കാൻ അവർ സമ്മതിച്ചു.

സെപ്റ്റംബർ ആദ്യവാരം ഹസൻ ബെംഗളൂരുവിലേക്ക് മടങ്ങി. എന്നാൽ ലോക്ക്ഡൗണിൽ അയവുവന്നെങ്കിലും ജോലിയൊന്നും പഴയതുപോലെ പുരോഗമിച്ചില്ല, അദ്ദേഹം പറയുന്നു. “ഞങ്ങൾ കട തുറന്നാലും, കുറച്ചുനാളത്തേക്ക് എംബ്രോയ്ഡറിയും  വലിയ സ്റ്റിച്ചിംഗ് ജോലികളും കിട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. കുറച്ചുകാലത്തേക്ക് ബിസ്സിനസ്സ് മുടങ്ങും. ഞങ്ങളുടേത് ചെറുകിട കച്ചവടമാണ്. എല്ലാ ദിവസവും പണം വരാതെ ഞങ്ങൾക്ക് നഗരത്തിൽ ജീവിക്കാൻ കഴിയില്ല.”

അബ്ദുൾ ഇപ്പോഴും തന്റെ ഗ്രാമത്തിലാണ്, അവിടെ മാസത്തിൽ 25 ദിവസത്തോളം നെൽവയലുകളിൽ പ്രതിദിനം 300 രൂപയ്ക്ക് അയാൾ ജോലി കണ്ടെത്തി. തന്റെ അതുവരെയുള്ള സമ്പാദ്യവും കുറച്ചുദിവസത്തെ കൃഷിവരുമാനവകൊണ്ടാണ് താൻ എല്ലാ വീട്ടുചെലവുകളും കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹംപറയുന്നു. “ഇപ്പോൾ ഗ്രാമത്തിൽ ഒരു ജോലിയും ലഭ്യമല്ല. ജോലിയുടെ ലഭ്യതക്കുറവാണ് പണ്ടും ഞങ്ങളെ ഇവിടെനിന്ന് വിട്ടുപോകാൻ പ്രേരിപ്പിച്ചത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഞങ്ങൾക്ക് [ബെംഗളുരുവിലേക്ക്] മടങ്ങണം."

എന്നാൽ ബെംഗളൂരുവിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അബ്ദുൾ ആശങ്കയിലാണ്. “ഹസൻഭായ് പറയുന്നതനുസരിച്ച്  ഞാനെന്റെ യാത്ര ആസൂത്രണംചെയ്യും. വരുമാനമില്ലാതെ ഞങ്ങൾക്ക് ഇങ്ങനെ തുടരാനാവില്ല. എംബ്രോയ്ഡറി ജോലിയിൽനിന്ന് അധികകാലം മാറിനിൽക്കാനാവില്ല. കാര്യങ്ങൾ ശാന്തമായിക്കഴിഞ്ഞാൽ, ഞങ്ങൾ മടങ്ങിവരും.”

പരിഭാഷ: മീരാ കേശവ്

Smitha Tumuluru

स्मिता तुमुलुरु, बेंगलुरु की डॉक्यूमेंट्री फ़ोटोग्राफ़र हैं. उन्होंने पूर्व में तमिलनाडु में विकास परियोजनाओं पर लेखन किया है. वह ग्रामीण जीवन की रिपोर्टिंग और उनका दस्तावेज़ीकरण करती हैं.

की अन्य स्टोरी Smitha Tumuluru
Editor : Sharmila Joshi

शर्मिला जोशी, पूर्व में पीपल्स आर्काइव ऑफ़ रूरल इंडिया के लिए बतौर कार्यकारी संपादक काम कर चुकी हैं. वह एक लेखक व रिसर्चर हैं और कई दफ़ा शिक्षक की भूमिका में भी होती हैं.

की अन्य स्टोरी शर्मिला जोशी
Translator : Meera Keshav

Meera is a Liberal Arts graduate from Thiruvananthapuram, Kerala. She has majored in Economics with a minor in Political Science. She is currently pursuing her postgraduate diploma in Rural Management from the Institute of Rural Management, Anand.

की अन्य स्टोरी Meera Keshav