"അതൊരിക്കലും 100 ദിവസമില്ല. ഈ വർഷം വെറും 50 ദിവസം മാത്രം, അത്രേയുള്ളൂ”, ആർ. വനജ പറഞ്ഞു. ബംഗലമേട് പ്രദേശത്തെ വേലിക്കാതൻ മരത്തിന്‍റെ ചിതറിയ തണലത്ത് 18 സ്ത്രീകളോടും 2-3 പുരുഷന്മാരോടുമൊപ്പം നിലത്തിരിക്കുകയായിരുന്നു അവർ. വേതനത്തെക്കുറിച്ച് വ്യക്തമാക്കാൻ ശ്രമിച്ചുകൊണ്ട് 2019 ഡിസംബറിലെ ഒരു പ്രഭാതത്തിൽ അവർ ‘നൂറ് നാൾ വേല’യെക്കുറിച്ച് (എം.ജി.എൻ.ആർ.ഇ.ജി.എ തൊഴിലിനെ അവർ അങ്ങനെയാണ് വിളിക്കുന്നത്) സംസാരിക്കുകയായിരുന്നു. ഏകദേശം 20 വയസ്സുള്ള വനജ 35 ഇരുള കുടുംബങ്ങളുള്ള ഈ കോളനിയിലെ പ്രായപൂർത്തിയായ മറ്റ് മിക്കവരെയും പോലെ ദിവസവേതന തൊഴിലാളിയായി ജോലി ചെയ്യുന്നു.
ഈ പ്രദേശത്തെ (തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തിരുത്തനി ബ്ലോക്കിലെ ചെറുക്കനൂർ പഞ്ചായത്തിന്‍റെ ഭാഗം) പുരുഷന്മാർക്ക് പൊതുവെ എൻ.ആർ.ഇ.ജി.എ. ജോലി ലഭിക്കാറില്ല. അവർ സാധാരണയായി കൃഷിയിടങ്ങളിൽ കനാലുകൾ കുഴിക്കുകയും മാന്തോട്ടം നനയ്ക്കുകയും നിർമ്മാണ മേഖലകളിൽ പണിയെടുക്കുകയും തട്ട് നിർമ്മാണം, പേപ്പർ പൾപ്പ് നിർമ്മാണം, വിറക്, മറ്റാവശ്യങ്ങൾ എന്നിവയ്ക്കായി കാറ്റാടി മരങ്ങൾ മുറിക്കുകയും ചെയ്യുന്നു. ഒരു ദിവസത്തെ ജോലിയിൽ നിന്നും അവർക്ക് സാധാരണയായി 300 രൂപ ലഭിക്കുന്നു.
പക്ഷെ ഈ ജോലികളെല്ലാം കാലികവും പ്രവചിക്കാൻ പറ്റാത്തതുമാണ്. മഴക്കാലത്ത് പണിയൊന്നുമില്ലാത്ത ദിവസങ്ങളില്‍ ഇരുളർ (തമിഴ്‌നാട്ടില്‍ അവരെ ‘പ്രത്യേകിച്ച് ദുര്‍ബലരായ ഗോത്ര വിഭാഗ’ത്തില്‍ - Particularly Vulnerable Tribal Group - പെടുത്തിയിരിക്കുന്നു) വരുമാനമൊന്നും കൂടാതെ കഴിഞ്ഞു കൂടുകയും അടുത്തുള്ള കാട്ടില്‍ നിന്ന് ചെറുമൃഗങ്ങളെ ഭക്ഷണത്തിനായി വേട്ടയാടാനോ പഴങ്ങളും കിഴങ്ങുകളും ശേഖരിക്കാനോ പോവുകയും ചെയ്യുന്നു. ( Digging up buried treasures in Bangalamedu , On a different route with rats in Bangalamedu എന്നിവ കാണുക).
ചിതറിക്കിടക്കുന്ന ആ പണികൾ പോലും വല്ലപ്പോഴുമേ സ്ത്രീകൾക്ക് ലഭിക്കൂ. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ തുടങ്ങി ഏതാണ്ട് മെയ്-ജൂൺ വരെയുള്ള ചില സമയങ്ങളിൽ ഭർത്താക്കന്മാരോടൊപ്പം അടുത്തുള്ള ഇഷ്ടിക ചൂളകളിൽ അവർ പണിയെടുക്കുന്നു. പക്ഷെ ജോലി ഇടയ്ക്കൊക്കെയേ ലഭിക്കൂ. സീസണിൽ മൊത്തത്തിൽ ഭാര്യയും ഭർത്താവും ചേർന്ന് ഉണ്ടാക്കുന്നത് അങ്ങേയറ്റം 6,000 രൂപയാണ്.
ചില ദിവസങ്ങളിൽ സ്ത്രീകൾ പ്രതിദിനം 110-120 രൂപ കൂലിക്ക് നിലക്കടല പറിക്കും. അല്ലെങ്കിൽ ഭർത്താക്കന്മാരോടൊപ്പം നിലക്കടല വൃത്തിയാക്കുകയും തോടുകളിൽ നിന്നും വേർതിരിക്കുകയും പാക്ക് ചെയ്യുകയും ചെയ്യും. രണ്ടുപേർക്കും കൂടി ഇതിന് 400-450 രൂപ പ്രതിഫലം ലഭിക്കും. പക്ഷെ ഈ ജോലിയും അപൂർവമാണ്.
മൊത്തത്തിൽ നോക്കിയാൽ ദിവസ വേതന തൊഴിലുകൾക്കായി സ്ത്രീകൾ വലിയ തോതിൽ എം.ജി.എൻ.ആർ.ഇ.ജി.എ.യെ ആശ്രയിക്കുന്നു.
"സ്ത്രീകൾക്ക് തൊഴിലെവിടെ?”, വനജയുടെ അയൽക്കാരിയായ 28-കാരി എസ്. സുമതി ചോദിച്ചു. മണ്ണുകൊണ്ടുണ്ടാക്കിയ മേഞ്ഞ വീട്ടിലാണ് ദിവസ വേതനക്കാരനായ ഭർത്താവ് ശ്രീരാമുലുവിനൊപ്പം (36) അവർ ജീവിക്കുന്നത്. "നൂറ് നാൾ വേല മാത്രമാണ് ഞങ്ങളുടെ തൊഴിൽ.”
എം.ജി.എൻ.ആർ.ഇ.ജി.എ. അല്ലെങ്കിൽ 2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എല്ലാ ഗ്രാമീണ കുടുംബങ്ങളെയും വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ തൊഴിലുകൾക്കെങ്കിലും അർഹമാക്കുന്നു.
വേലിക്കാതൻ മരത്തിന് (Prosopis juliflora) താഴെയിരിക്കുന്ന സംഘം ആളുകളുടെ പേരുകളെണ്ണി എന്നോട് പറഞ്ഞത് ബംഗലമേട്ടിലെ 35 കുടുംബങ്ങളിലെ 25 സ്ത്രീകൾക്ക് (രണ്ട് പുരുഷന്മാർക്കും) എൻ.ആർ.ഇ.ജി.എ. തൊഴിൽ കാർഡുകൾ ഉണ്ടെന്നാണ്. "അവർ ഞങ്ങളെ എരിവേലയ്ക്ക് [തടാകപ്പണി] വിളിക്കുന്നു”, ഈ ജോലികൾക്കുള്ള പ്രാദേശിക പദങ്ങൾ ഉപയോഗിച്ചുകൊണ്ട് സുമതി കൂട്ടിച്ചേർത്തു. കനാലുകളും കിടങ്ങുകളും കുഴിക്കുക, ഉണങ്ങിയ തടാകത്തട്ടിലെ കളകൾ പറിക്കുക, ചില സമയങ്ങളിൽ റോഡുകളിൽ വൃക്ഷത്തൈ നടുക എന്നിവയൊക്കെയാണ് ഈ ജോലികൾ.
പക്ഷെ എം.ജി.എൻ.ആർ.ഇ.ജി.എ. ജോലിയുടെ ലഭ്യത സ്ഥിരമല്ല, വരുമാനവും അങ്ങനെ തന്നെ. ചെറുക്കനൂർ പഞ്ചായത്തിൽ നിന്നുള്ള വിവരങ്ങൾ കാണിക്കുന്നത് തൊഴിൽ ദിനങ്ങളുടെ ശരാശരി എണ്ണം കഴിഞ്ഞ മൂന്ന് വർഷങ്ങളായി സ്ഥിരമായി കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നാണ്. ബംഗലമേട്ടിലെ ആളുകൾക്ക് അതിന്‍റെ കാരണമറിയില്ല. പക്ഷെ പഞ്ചായത്ത് പുതിയ പദ്ധതികൾ നടപ്പാക്കുന്നത് കൊണ്ടായിരിക്കാം ഇങ്ങനെ എന്ന് അവർ കരുതുന്നു. 2016-17-ൽ (ധനകാര്യ വർഷത്തിൽ) ഒരു കുടുംബത്തിന് .93.48 ദിവസങ്ങൾ ലഭിച്ചിരുന്നെങ്കിൽ 2019-20-ൽ ഇത് വെറും 49.22 ദിവസങ്ങളായിരുന്നുവെന്ന് വിവരങ്ങൾ കാണിക്കുന്നു.
"മുൻപ് വർഷത്തിൽ 80-90 ദിവസങ്ങൾ വരെ ഞങ്ങൾ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ അങ്ങനെ അല്ല”, വനജ പറഞ്ഞു. വനജയുടെ വീട് (21-കാരനായ ഭർത്താവ് ആർ. ജോൺസനും 3 വയസുകാരനായ മകൻ ശക്തിവേലും അടങ്ങുന്നത്) പ്രധാനമായും അവരുടെ നൂറ് നാൾ വേലയെ ആശ്രയിച്ചാണ് നീങ്ങുന്നത്. തൊഴിലാളിയെന്ന നിലയിൽ ജോൺസന് ലഭിക്കുന്ന വരുമാനത്തിന്‍റെ സിംഹഭാഗവും ഉപയോഗിക്കുന്നത് അവർ വാങ്ങിയ പഴയ മോട്ടോർ ബൈക്കിന്‍റെ വില ഗഡുക്കളായി അടയ്ക്കാനാണ്.
പക്ഷെ 2019 ഒക്ടോബർ പകുതിക്കും 2020 ഏപ്രിലിനും ഇടയിൽ വനജയ്ക്ക് 13 എം.ജി.എൻ.ആർ.ഇ.ജി.എ. തൊഴിൽ ദിനങ്ങളെ ലഭിച്ചുള്ളൂ. ആ മാസങ്ങളിൽ കുടുംബത്തിന് ജോൺസന്‍റെ വേതനത്തെ ആശ്രയിക്കേണ്ടി വന്നു. " അദ്ദേഹം ഉണ്ടാക്കിയതൊക്കെ ഞങ്ങൾ വീട്ടുചിലവിനായി ഉപയോഗിച്ചു”, വനജ പറഞ്ഞു.
കൂടാതെ പ്രതിദിന കുറഞ്ഞ വേതനം (2019-20-ൽ 229 രൂപയായിരുന്നു തമിഴ്‌നാട്ടിലെ എം.ജി.എൻ.ആർ.ഇ.ജി.എ. വേതനം) 140-170 രൂപയായാണ് തൊഴിൽ കാർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗലമേട്ടിലെ പണിത്തല പൊരുപ്പാളർ (പി.പി.) അഥവാ പ്രാദേശിക മേൽനോട്ടക്കാരിയായ, ചെറുക്കനൂർ പഞ്ചായത്തിലെ രാമകൃഷ്ണപുരം പ്രദേശത്തെ 31-കാരി, എസ്. എസ്. നിത്യ പറഞ്ഞത് ഉത്തരവ് പ്രകാരമുള്ളതിനേക്കാൾ കുറവ് വേതനം എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നാണ്.
"ഓരോ വ്യക്തിയും എത്ര പണിയെടുക്കണം ഓരോരുത്തർക്കും എത്ര കൂലി നൽകണം എന്നൊക്കെ തീരുമാനിക്കുന്നത് ഓവർമാരാണ്”, അവർ പറഞ്ഞു. ‘ഓവർമാർ’ എന്നത് എഞ്ചിനീയറാണ്. ചില സമയങ്ങളിൽ അവരെ ‘ഓവർസാർ’ അല്ലെങ്കിൽ ‘ഓവർസമ്മ’ എന്ന് പരാമർശിക്കുന്നു. "അവർ കുഴികൾ കുത്തുകയാണെങ്കിൽ ഓവർമാരാണ് അളവ്, കുഴികളുടെ എണ്ണം, ജോലിക്കുള്ള തുക എന്നിവയൊക്കെ തീരുമാനിക്കുന്നത്. അല്ലെങ്കിൽ, അവർക്ക് ഒരു കനാൽ വെട്ടണമെങ്കിൽ ഓവർമാരാണ് അളവും കൂലിയും തീരുമാനിക്കുന്നത്.”
തൊഴിൽ കാർഡുകൾ തൊഴിലാളികളുടെ ഹാജർ നിലയുടെയും വേതനത്തിന്‍റെയും കണക്കുകൾ സൂക്ഷിക്കാൻ അവരെ സഹായിക്കാനുള്ളതാണ്. തൊഴിലാളികൾ ഈ കാർഡുകൾ പണിസ്ഥലത്ത് കൊണ്ടുവരികയും പി.പി. അതിൽ എല്ലാ ദിവസവും ഹാജർ രേഖപ്പെടുത്തുകയും ചെയ്യുന്നു. പക്ഷെ ബംഗലമേട്ടിലെ മിക്ക തൊഴിൽ കാർഡുകളിലെയും ഈ വിവരങ്ങൾ തൊഴിലാളികളുടെ കണക്കുകളുമായി ഒത്തുപോകുന്നതല്ല.
ഇതിനുള്ള കാരണം ഒന്നുകിൽ തൊഴിലാളി കാർഡ് കൊണ്ടുവരാനോ അല്ലെങ്കിൽ പി.പി. ഒപ്പിടാനോ മറന്നതാകാം. പി.പിയും ഒരു രജിസ്റ്റർ സൂക്ഷിക്കുന്നു. അത് സ്ഥിരമായി പൂരിപ്പിക്കുകയും തിരുത്തനിയിലെ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസിലെ കമ്പ്യൂട്ടർ ഒപ്പറേറ്ററുടെ അടുത്തെത്തിക്കുകയും ചെയ്യുന്നു. ഹാജർ ഓൺലൈനിൽ രേഖപ്പെടുത്തുന്നത് അവിടെയാണ്. എം.ജി.എൻ.ആർ.ഇ.ജി.എ. വേതനം നൽകുന്നത് 2017-ൽ ഡിജിറ്റലാക്കിയതിനു (നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ തുടങ്ങിയതിന്) ശേഷമാണ് ഇങ്ങനെ ചെയ്യാൻ തുടങ്ങിയത്.
ഡിജിറ്റൈസേഷനിലേക്ക് തിരിയുന്നതിന് മുൻപ് വേതനം പണമായി കൈമാറിയിരുന്ന സമയത്ത് പി.പി. തൊഴിൽ കാർഡുകളിൽ വിവരങ്ങളൊക്കെ രേഖപ്പെടുത്തുമായിരുന്നു. "നൂറ് നാൾ വേലയുടെ വേതനം പണമായി ലഭിച്ചിരുന്നപ്പോൾ എല്ലാ ആഴ്ചയും എത്ര കിട്ടുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇപ്പോഴത് ബാങ്കിലാണ് വരുന്നത്. സ്ക്കൂളിൽ പോയിരുന്നെങ്കിൽ എത്രയാണ് കിട്ടുന്നതെന്ന് ഞങ്ങൾക്ക് പറയാൻ പറ്റുമായിരുന്നു”, 43-കാരിയായ വി. സരോജ ചൂണ്ടിക്കാണിച്ചു.
പുതുക്കിയ ഹാജർ നിലയോടും വേതന വിശദാംശങ്ങളോടുമൊപ്പം ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസിൽ അപ്‌ലോഡ് ചെയ്യുന്ന ഡിജിറ്റൽ വിവരങ്ങൾ പൊതുവിൽ എല്ലാവർക്കും ലഭ്യമാണ്. പക്ഷെ, ഇരുളന്മാർക്ക് അതത്ര എളുപ്പമല്ല. ഒരുപാടുപേർക്കും ഫോണില്ല, അല്ലെങ്കിൽ ഇന്‍റർനെറ്റ് ലഭ്യമല്ല. കൂടാതെ ഓൺലൈൻ ലോകവുമായി പരിമിതമായുള്ള പരിചയം സങ്കീർണ്ണമായ അപേക്ഷകളിലൂടെയും വെബ്പേജുകളിലൂടെയും കടന്നു പോകുന്നത് ബുദ്ധിമുട്ടാക്കുന്നു.
അതുകൊണ്ട് ഇപ്പോൾ തൊഴിൽ കാർഡുകൾ പുതുക്കുന്നത് തൊഴിലാളികൾ അവരുടെ അക്കൗണ്ടുകൾ പരിശോധിക്കുകയും വിശദാംശങ്ങൾ സ്ഥിരീകരിക്കുകയും, കൂടാതെ പി.പി.യെ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തതിനു ശേഷമാണ്. "പണം സ്വീകരിക്കുന്നതിന് മുൻപ് നമ്മൾ വിവരങ്ങൾ [കാർഡിൽ] പൂരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്”, എസ്.എസ്. നിത്യ വിശദീകരിച്ചു. "രേഖപ്പെടുത്തൽ കാണിക്കുന്നത് ആളുകൾക്ക് പണം ലഭിച്ചു എന്നാണ്. പക്ഷെ ആ പണം അക്കൗണ്ടിൽ എത്തിയിട്ടുണ്ടാകണം എന്നില്ല. ആളുകൾ അതെക്കുറിച്ച് പരാതി പറയുന്നു.”
ബംഗലമേട്ടിലെ ഇരുളർക്ക് അവരുടെ ബാങ്ക് ബാലൻസ് പരിശോധിക്കുക എന്നത് സമയമെടുക്കുന്ന പണിയാണ്, അതിനാൽ വേതന നഷ്ടം ഉണ്ടാക്കുന്നതും. "ഞങ്ങളുടെ ബാങ്കിൽ [പ്രദേശത്തു നിന്നും 4 കിലോമീറ്റർ അകലെ കെ.ജി. കണ്ടിഗൈ പഞ്ചായത്തിൽ] പോകുന്നതിന് പ്രധാന റോഡിലേക്ക് നിങ്ങൾക്ക് 3 കിലോമീറ്റർ നടക്കണം. അവിടെ നിന്ന് ഞങ്ങൾ ഷെയർ ഓട്ടോയോ ബസോ പിടിക്കണം. അതിന് ഓരോ വശത്തേക്കും 10 രൂപ വീതം നൽകണം”, സുമതി പറഞ്ഞു. "പണം വന്നില്ലെങ്കിൽ ഞങ്ങൾ വീണ്ടും പോകണം.” ചില സമയങ്ങളിൽ പ്രദേശത്തുള്ളവരുടെ കൂടെ അവർ മോട്ടോർ ബൈക്കുകളിൽ യാത്ര ചെയ്യും. "പക്ഷെ പെട്രോളിന് നമ്മൾ 50 രൂപ നൽകണം”, 44-കാരിയായ വി. സരോജ പറഞ്ഞു.
സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താൻ ബാങ്കുകൾ ‘മിനി-ബാങ്കുകൾ’ തുടങ്ങിയിട്ടുണ്ട്. ഇരുളർക്ക് അക്കൗണ്ട് ഉള്ള കാനറാ ബാങ്ക് ചെറുക്കനൂർ പഞ്ചായത്തില്‍ ഒരു ‘വളരെ ചെറിയ ശാഖ’ (‘ultra small branch’) സജ്ജീകരിച്ചിരിക്കുന്നു. പക്ഷെ അതും അതും ഏതാണ്ട് 4 കിലോമീറ്ററുകൾ അകലെയാണ്. കൂടാതെ ചൊവ്വാഴ്ചകളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ യൂണിറ്റുകളിൽ അവർക്ക് ബാലൻസ് പരിശോധിക്കാവുന്നതും 10,000 രൂപവരെ അവിടെനിന്നും പിൻവലിക്കാവുന്നതുമാണ്. കൂടുതൽ വേണമെന്നുണ്ടെങ്കിൽ അവർക്ക് കെ.ജി. കണ്ടിഗൈയിലെ പ്രധാന ശാഖയിൽ പോകേണ്ടിവരും.
ആധാറിന്‍റെ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണ് മിനി ബാങ്കിന്‍റെ പണംനൽകൽ സംവിധാനം പ്രവർത്തിക്കുന്നത്. "മെഷീൻ ഒരിക്കലും എന്‍റെ വിരലടയാളം വായിക്കില്ല”, സുമതി പറഞ്ഞു. ഞാനെന്‍റെ കൈ അതിൽ പതിപ്പിക്കാൻ നോക്കുന്നു. പക്ഷെ, അതൊരിക്കലും ശരിയാകുന്നില്ല. അതുകൊണ്ട് എനിക്ക് കണ്ടിഗൈ ബാങ്കിൽ പോയി എ.റ്റി.എം. കാർഡ് ഉപയോഗിക്കേണ്ടി വരുന്നു.
അവസാനത്തെ 5 ഇടപാടുകൾ പരിശോധിക്കുന്നതിനായി ബാങ്ക് ഒരു ഫോൺ ബാങ്കിംഗ് സൗകര്യവും നൽകുന്നു. പക്ഷെ സുമതിക്കും മറ്റുള്ളവർക്കും ഈ സേവനത്തെക്കുറിച്ച് അവബോധമില്ല. "അത് ഞങ്ങളെങ്ങനെയാണ് ഞങ്ങളുടെ ഫോണിൽ ചെയ്യുക? ഞങ്ങൾക്കറിയില്ല”, അവർ പറഞ്ഞു. നേരിട്ട് ബാങ്കിൽ കൈമാറ്റം നടത്തുന്നത് നേട്ടവുമാണെന്ന് അപ്പോഴും അവർ കൂട്ടിച്ചേർത്തു. "കൈയിൽ പണമുള്ളപ്പോൾ അത് എങ്ങനെ ചിലവഴിക്കപ്പെടുന്നുവെന്ന് നോക്കാൻ ഞങ്ങൾക്ക് പറ്റുന്നില്ല. ഇപ്പോൾ നൂറ് നാൾ വേലയുടെ പണം ഞങ്ങൾ ബാങ്കിൽ തന്നെയിടുന്നു.”
തങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഇരുളർ കണക്ക് കൂട്ടുന്ന വേതന തുകയിൽ ചിലപ്പോൾ കുറവ് വരുന്നു. ഇതായിരുന്നു കെ. ഗോവിന്ദമ്മാളിന്‍റെ അനുഭവം. ഇപ്പോൾ ഏതാണ്ട് 40 വയസ്സുള്ള അവരുടെ ഭർത്താവ് 20 വർഷങ്ങൾക്കു മുൻപ് മരിച്ചതാണ്. മുതിര്‍ന്ന മൂന്ന് മക്കളുള്ള അവർ ഒറ്റയ്ക്കാണ് താമസം. 2018-19-ൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ അവർ 170,000 രൂപ സ്വീകരിക്കുകയും സ്വന്തം വീട് പണിയിൽ അവർ ഏർപ്പെടുന്ന ദിനങ്ങളിൽ പണിസ്ഥലത്ത് പോകാതെ എം.ജി.എൻ.ആർ.ഇ.ജി.എ. വേതനം വാങ്ങാൻ അർഹത നേടുകയും ചെയ്തു. വീട് പണിയുന്നതിനായി അവർ 65 ദിവസം ചിലവഴിക്കുകയും ആ ദിവസത്തേക്കുള്ള തന്‍റെ വേതനം മേസ്തിരിക്ക് കൊടുക്കാനുള്ള പണിക്കൂലിയിൽ നിന്ന് തട്ടിക്കിഴിക്കുകയും ചെയ്തു. പക്ഷെ പ്രതീക്ഷിച്ച 15,000 രൂപയുടെ നിക്ഷേപത്തിനു പകരം 14,000 രൂപയേ അവർക്ക് അക്കൗണ്ടിൽ കാണാൻ പറ്റിയുള്ളൂ. കൂടാതെ, യോജനയിലൂടെ കിട്ടിയ പണവും എൻ.ആർ.ഇ.ജി.എ. വേതനവും ഒരുമിച്ചു ചേർക്കുന്നതിനേക്കാൾ കൂടുതലാണ് ഒരു വീട് നിർമ്മിക്കുന്നതിനുള്ള യഥാർത്ഥ ചിലവ്. ചിലപ്പോൾ നിർമ്മാണ സാമഗ്രികളുടെ വിലയും കൂടാറുണ്ട്. അതുകൊണ്ടുതന്നെ ഗോവിന്ദമ്മാളിന്‍റെ പക്കാ വീടിന്‍റെ തറയിടീൽ പൂർത്തിയാവാതെ അവശേഷിച്ചു. "അത് പൂർത്തിയാക്കുന്നതിനുള്ള പണം എന്‍റെ പക്കൽ ഇല്ലായിരുന്നു”, അവർ പറഞ്ഞു.
എരിവേല ജോലിക്കു പകരം സ്വന്തം വീട് പണിയുന്ന ജോലിയിൽ ഏർപ്പെടാൻ 2019-ൽ സരോജയും ശ്രമിച്ചു. ആ വർഷം കടന്നുപോയി. പക്ഷെ അവരുടെ എം.ജി.എൻ.ആർ.ഇ.ജി.എ. വേതനം ലഭിക്കുന്ന ഒരു ലക്ഷണവും കണ്ടില്ല. "ഓഫീസർ സഹായിക്കാമെന്ന് ഉറപ്പ് നൽകി. നമുക്ക് നോക്കാം”, സരോജ മെയ് മാസം പറഞ്ഞു. "എരിവേലയിൽ നിന്നുള്ള പണം വന്നില്ലെങ്കിൽ ഞാൻ എങ്ങനെ മേസ്തിരിക്ക് പണം നൽകും? എനിക്ക് സ്ഥിരജോലിയും നഷ്ടപ്പെട്ടു.” സ്വന്തം വീട്ടിൽ ഒരുമാസം പണി ചെയ്തിട്ടുണ്ടെന്നും അതിനാൽ കുറഞ്ഞത് 4,000-5,000 രൂപ ലഭിക്കേണ്ടതാണെന്നും അവർ കണക്ക് കൂട്ടുന്നുവെങ്കിലും പിന്നീട് 2,000 രൂപ മാത്രമാണ് അവർക്ക് എം.ജി.എൻ.ആർ.ഇ.ജി.എ.യിൽ നിന്നും പണമായി ലഭിച്ചത്.
തടസ്സങ്ങളൊക്കെ ഉണ്ടായിട്ടും എം.ജി.എൻ.ആർ.ഇ.ജി.എ. ബംഗലമേട്ടിലെ സ്ത്രീകൾക്ക് വർഷത്തിൽ 15,000-18,000 രൂപ ഉണ്ടാക്കുന്നതിന് സഹായകമായി. 2020 മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതിനെ തുടർന്നും ഉപജീവനത്തിനുള്ള മറ്റ് സ്രോതസ്സുകൾ കുറഞ്ഞതിനാലും എം.ജി.എൻ.ആർ.ഇ.ജി.എ. ജോലി കുടുംബങ്ങൾക്ക് തുണയായി.
വീട് നന്നാക്കുന്നതിനും ആശുപത്രി ചിലവുകൾക്കുമായി സുമതി തന്‍റെ വേതനം നിരവധി ആഴ്ചകളായി സമ്പാദിക്കുകയായിരുന്നു. പക്ഷെ പകരം ലോക്ക്ഡൗണിന് അയവ് വന്നപ്പോൾ മെയ് മാസത്തിൽ അവർ തന്‍റെ 5,000 രൂപ വീടിന് പുറത്ത് ചെറിയൊരു കട തുടങ്ങാനായി ഉപയോഗിച്ചു. സോപ്പ്, മുളകുപൊടി, മറ്റവശ്യ വസ്തുക്കൾ എന്നിവയൊക്കെ വിൽക്കുന്ന കട. (ലോക്ക്ഡൗൺ സമയത്ത് തങ്ങളുടെ ഗ്രാമത്തിൽ മറ്റ് കടകളൊന്നും ഇല്ലാതിരുന്നതിനാൽ സർക്കാരും പഞ്ചായത്ത് അധികൃതരും എൻ.ജി.ഓകളും മറ്റുള്ളവരും നൽകിയിരുന്ന അടിസ്ഥാന റേഷനെയാണ് ഇരുളർ പൂർണ്ണമായും ആശ്രയിച്ചത്).
"ജോലിയുമില്ല, ഒട്ടും പണവുമില്ല”, ഇഷ്ടിക ചൂളകളും മറ്റ് പണിസ്ഥലങ്ങളുമൊന്നും പ്രവർത്തിക്കാതിരുന്നതിനാൽ സുമതി ഏപ്രിൽ ആദ്യം പറഞ്ഞു. ബംഗലമേട്ടിൽ മുറുകിനിന്ന സാമ്പത്തിക പ്രശ്നത്തിന് ചെറിയൊരു ആശ്വാസമെന്ന നിലയിൽ അതേ മാസത്തിന്‍റെ അവസാന വാരം ഗ്രാമത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എ. ജോലി പുനരാരംഭിച്ചു.
പരിഭാഷ: റെന്നിമോന്‍ കെ. സി.