ഫെബ്രുവരിയിലെ വെയിലുദിച്ച് നിൽക്കുന്ന ഒരു ദിവസം വൈകീട്ട് നാലുമണി. സ്ഥലം ജയ്‌പൂരിലെ രാജസ്ഥാൻ പോളോ ക്ലബ്.
നാലുപേർ വീതമുള്ള രണ്ട് ടീമുകളും തങ്ങളുടെ സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു.
ടീം പി.ഡി.കെ.എഫിലെ ഇന്ത്യൻ വനിതകളും ടീം പോളോ ഫാക്ടറി ഇന്റർനാഷനലിലെ കളിക്കാരുമാണ് ഈ പ്രദർശനമത്സരത്തിൽ ഏറ്റുമുട്ടുന്നത്- ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വനിതാ പോളോ മത്സരമാണിത്.
മരം കൊണ്ടുണ്ടാക്കിയ മാലിറ്റും കയ്യിലേന്തി ഓരോ കളിക്കാരും തയ്യാറായി നിൽക്കുന്നു. അശോക് ശർമ്മയ്ക്ക് ഇത് സീസണിലെ ആദ്യ മത്സരമാണ്. എന്നാൽ ഈ കായിക ഇനവുമായി ബന്ധപ്പെട്ടവർക്ക് അദ്ദേഹം സുപരിചിതനാണ്.
കരകൗശല വിദഗ്ധരുടെ മൂന്നാം തലമുറക്കാരനായ അശോകിന് മാലിറ്റുകളുടെ നിർമ്മാണത്തിൽ 55 വർഷത്തെ അനുഭവസമ്പത്തുണ്ട്. ഏതൊരു പോളോ കളിക്കാരന്റെയും ശേഖരത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാണ് ചൂരലുപയോഗിച്ച് നിർമ്മിക്കുന്ന ഈ സ്റ്റിക്കുകൾ. " ഞാൻ ജനിച്ചു വീണതുതന്നെ മാലിറ്റുകൾ മെനയുന്ന കലയിലേക്കാണ്," ഒരു ശതാബ്ദത്തിന്റെ പെരുമയുള്ള തന്റെ കുടുംബപാരമ്പര്യം പരാമർശിച്ച് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. കുതിരയെ ഉപയോഗിച്ചുള്ള കായികയിനങ്ങളിൽ ഏറ്റവും പഴക്കമേറിയവയിൽ ഒന്നാണ് കുതിരപ്പുറത്തേറിയുള്ള പോളോ.
ജയ്പൂർ നഗരത്തിലെ തന്നെ ഏറ്റവും പഴയതും പ്രശസ്തവുമായ വർക്ക് ഷോപ്പായ ജയ്‌പൂർ പോളോ ഹൗസിന്റെ ഉടമയാണ് അശോക് ശർമ്മ. അദ്ദേഹത്തിന്റെ താമസസ്ഥലം കൂടിയായ ഈ കെട്ടിടത്തിൽ വച്ചാണ് ഭാര്യ മീനയ്ക്കും അവരുടെ അനന്തരവൻ, ജീതു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, 37 വയസ്സുകാരൻ ജിതേന്ദ്ര ജാംഗിതിനും ഒപ്പം അദ്ദേഹം വിവിധ തരം മാലിറ്റുകൾ മെനയുന്നത്. രാജസ്ഥാനിൽ മറ്റു പിന്നാക്ക വിഭാഗങ്ങളിൽ ഒന്നായി പരിഗണിക്കുന്ന ജാംഗിത് സമുദായക്കാരാണ് ഈ കുടുംബം.
മുഖാമുഖം നിരന്നുനിൽക്കുന്ന ഇരുടീമുകൾക്കും ഇടയിലേയ്ക്കായി അമ്പയർ പന്ത് ഉരുട്ടിയിറക്കുന്നു. മത്സരം ആരംഭിക്കുന്നതോടെ എഴുപത്തിരണ്ടു വയസ്സുകാരനായ അശോകിന്റെ മനസ്സിൽ ഓർമ്മകൾ ഉണരുകയാണ്. "തുടക്കത്തിൽ ഞാൻ സൈക്കിളിലാണ് മൈതാനത്തിലേയ്ക്ക് വന്നിരുന്നത്, പിന്നീട് ഞാൻ ഒരു സ്‌കൂട്ടർ വാങ്ങി." എന്നാൽ 2018-ൽ അദ്ദേഹത്തിന് നേരിയ മസ്തിഷ്കാഘാതം ഉണ്ടായതോടെ ഗ്രൗണ്ടിലേയ്ക്കുള്ള വരവ് കുറയുകയായിരുന്നു.
രണ്ട് പുരുഷ കളിക്കാർ ഞങ്ങൾക്കരികിലെത്തി നമസ്തേ "പോളി ജീ" എന്ന് അഭിവാദനം ചെയ്യുന്നു. അശോകിന് മുത്തശ്ശി (അമ്മയുടെ അമ്മ) നൽകിയ പോളി എന്ന വിളിപ്പേര് പിന്നീട് പോളോ വൃത്തങ്ങളിൽ സജീവമാകുകയായിരുന്നു. "ഇവിടെ കൂടുതൽ സമയം ചിലവഴിയ്ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ മാത്രമേ ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കി കൂടുതൽ കളിക്കാർ തങ്ങളുടെ സ്റ്റിക്കുകൾ നേരെയാക്കാൻ എന്നെ സമീപിക്കുകയുള്ളൂ," അദ്ദേഹം പറയുന്നു.
ഏകദേശം രണ്ട് ദശാബ്ദം മുൻപ് അശോകിന്റെ കാർഖാനയിൽ (വർക്ക് ഷോപ്പ്) എത്തുന്ന സന്ദർശകരെ വരവേറ്റിരുന്നത്, പണി പൂർത്തിയാക്കിയ മാലിറ്റുകൾ മേൽക്കൂരയിൽനിന്ന് തലകീഴായി തൂക്കി നിരത്തിയിരിക്കുന്ന കടച്ചുവരുകളായിരുന്നു. മങ്ങിയ വെള്ളനിറമുള്ള ചുവരുകൾ അല്പം പോലും പുറത്ത് കാണുമായിരുന്നില്ലെന്നും "പ്രശസ്തരായ കളിക്കാർ ഇവിടെ വന്ന്, തങ്ങൾക്കിഷ്ടമുള്ള സ്റ്റിക്കുകൾ തിരഞ്ഞെടുത്ത്, എന്നോടൊത്ത് ചായ കുടിച്ചതിന് ശേഷം മടങ്ങുമായിരുന്നു"വെന്നും അദ്ദേഹം പറയുന്നു.
മത്സരം ആരംഭിച്ചതോടെ രാജസ്ഥാൻ പോളോ ക്ലബ്ബിന്റെ മുൻ സെക്രട്ടറിയായ വേദ് അഹൂജ ഇരിക്കുന്നതിന് സമീപത്തായി രണ്ട് സീറ്റുകളിൽ ഞങ്ങൾ ഇരുന്നു. "എല്ലാവരും മാലിറ്റുകൾ ഉണ്ടാക്കാൻ പോളിയെ മാത്രമാണ് സമീപിച്ചിരുന്നത്, " പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. "ക്ലബ്ബിനുവേണ്ടി മുളകൊണ്ടുണ്ടാക്കിയ റൂട്ട് ബോളുകളും പോളി വിതരണം ചെയ്തിരുന്നു." അഹൂജ ഓർത്തെടുക്കുന്നു.
അതിസമ്പന്നർക്കോ പട്ടാളക്കാർക്കോ മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ പോളോ കളിയ്ക്കാൻ സാധിക്കുകയുള്ളൂ എന്ന് അശോക് ചൂണ്ടിക്കാട്ടുന്നു. 1892-ൽ സ്ഥാപിതമായ ഇന്ത്യൻ പോളോ അസോസിയേഷനിൽ (ഐ.പി.എ) 2023-ലെ കണക്കനുസരിച്ച് 386 കളിക്കാർ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. "സ്വന്തമായി അഞ്ചോ ആറോ കുതിരകൾ ഉള്ളവർക്കുമാത്രമേ ഒരു മത്സരം കളിക്കാനാകൂ," അദ്ദേഹം പറയുന്നു. നാലുമുതൽ ആറ് ചക്കറുകളായി തിരിക്കുന്ന മത്സരങ്ങളിൽ ഓരോ റൗണ്ടിനുശേഷവും ഓരോ കളിക്കാരും കുതിരകൾ മാറിക്കയറേണ്ടതിനാലാണിത്.
മുൻ രാജകുടുംബങ്ങൾ, പ്രത്യേകിച്ചും രാജസ്ഥാനിൽനിന്നുള്ളവർ, ഈ കായികയിനത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. "1920-കളിൽ ജോധ്പൂരിലെയും ജയ്പൂരിലെയും ഭരണാധികാരികൾക്ക് വേണ്ടി പോളോ സ്റ്റിക്കുകൾ നിർമ്മിച്ചിരുന്നത് എന്റെ പിതൃസഹോദരൻ കേശു റാമായിരുന്നു." അശോക് പറയുന്നു.
ഇക്കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിൽ, പോളോ മത്സരങ്ങളിലും അതുമായി ബന്ധപ്പെട്ട വസ്തുക്കളുടെ നിർമ്മാണത്തിലും നിയന്ത്രണവ്യവസ്ഥയിലുമെല്ലാം ലോകരാജ്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് അർജന്റീനയാണ്. "അവരുടെ പോളോ കുതിരകൾക്കും പോളോ മാലിറ്റുകൾക്കും ഫൈബർ ഗ്ലാസ് കൊണ്ട് നിർമിച്ച പന്തുകൾക്കും ഇന്ത്യയിൽ വൻപ്രചാരമാണ്. കളിക്കാർ അർജന്റീനയിൽ പോയി പരിശീലനം നേടുകപോലും ചെയ്യുന്നുണ്ട്," അശോക് കൂട്ടിച്ചേർക്കുന്നു.
"അർജന്റീനയിൽനിന്നുള്ള സ്റ്റിക്കുകളുടെ വരവോടെ എന്റെ തൊഴിൽ നിന്നുപോകേണ്ടതായിരുന്നു. ഭാഗ്യവശാൽ, 34 കൊല്ലം മുൻപ് ഞാൻ സൈക്കിൾ പോളോ മാലിറ്റുകൾ നിർമ്മിക്കാൻ തുടങ്ങിയതുകൊണ്ട് എനിക്ക് ഇപ്പോഴും ജോലിയുണ്ട്," അദ്ദേഹം പറയുന്നു.
ഏത് മോഡലിലും വലിപ്പത്തിലുമുള്ള സാധാരണ സൈക്കിൾ ഉപയോഗിച്ചും സൈക്കിൾ പോളോ കളിക്കാനാകും. കുതിരപ്പുറത്തേറിയുള്ള പോളോയിൽനിന്ന് വ്യത്യസ്തമായി "ഈ കളി സാധാരണക്കാരുടേതാണ്." അശോക് പറയുന്നു. അദ്ദേഹത്തിന്റെ വാർഷിക വരുമാനമായ 2.5 ലക്ഷത്തിൽ നല്ലൊരു പങ്കും സൈക്കിൾ പോളോ സ്റ്റിക്കുകളുടെ നിർമ്മാണത്തിലൂടെ സമ്പാദിക്കുന്നതാണ്.
കേരളം, മഹാരാഷ്ട്ര, കർണ്ണാടക, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സിവിലിയൻ, പട്ടാള ടീമുകൾക്കായി 100 സൈക്കിൾ പോളോ മാലിറ്റുകൾവീതം നിർമ്മിക്കാനുള്ള ഓർഡറുകൾ എല്ലാ വർഷവും അശോകിന് ലഭിക്കും. "കളിക്കാർ പൊതുവെ മോശം സാമ്പത്തിക സാഹചര്യങ്ങളിൽനിന്നുള്ളവരാകുമെന്നതും ഞാൻ പരിഗണിക്കേണ്ടതുണ്ട്,". താൻ വിൽക്കുന്ന ഓരോ സ്റ്റിക്കിനും 100 രൂപ മാത്രം ലാഭം ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് അദ്ദേഹം പറയുന്നു. താരതമ്യേന കുറവെങ്കിലും, ഒട്ടകപ്പുറത്തും ആനപ്പുറത്തുമേറി കളിക്കുന്ന പോളോക്ക് ഉപയോഗിക്കുന്ന മാലിറ്റുകളും സൂക്ഷ്മാകൃതിയുള്ള സമ്മാന സെറ്റുകളും നിർമ്മിക്കാനുള്ള ഓർഡറുകളും അദ്ദേഹത്തിന് ലഭിക്കാറുണ്ട്.
"പോളോയ്ക്ക് ഇക്കാലത്ത് കാഴ്ചക്കാർ തീരെ ഇല്ലെന്നുതന്നെ പറയാം," മൈതാനത്തുനിന്ന് ഞങ്ങൾ പുറത്തേയ്ക്ക് ഇറങ്ങവേ അശോക് പറയുന്നു.
ഒരിക്കൽ ഈ മൈതാനത്തുവെച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടന്നപ്പോൾ, 40,000-ത്തിലധികം ആളുകൾ കാഴ്ചക്കാരായി ഉണ്ടായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു. പലരും മരക്കൊമ്പുകളിലിരുന്നാണ് കളി കണ്ടത്. ഇത്തരം ഓർമ്മകളാണ് കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാനും മാലിറ്റുകൾ നിർമ്മിക്കുന്നതിൽ തന്റെ കുടുംബത്തിനുള്ള ദീർഘമായ പാരമ്പര്യം നിലനിർത്തി മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഊർജ്ജം അദ്ദേഹത്തിന് നൽകുന്നത്.
*****
"ഈ ജോലിക്ക് ഏതെങ്കിലും തരത്തിലുള്ള വൈദഗ്ധ്യം ആവശ്യമുണ്ടോ എന്ന് ആളുകൾ എന്നോട് ചോദിക്കും. ഇത് ഒരു വടി മാത്രമാണല്ലോ."
"പ്രകൃതിദത്തമായ വിവിധ അസംസ്കൃത വസ്തുക്കൾ വിദഗ്ധമായി സമന്വയിപ്പിച്ച്, വാക്കുകൾക്കതീതമായ കളിയനുഭവം സൃഷ്ടിക്കുകയാണ്" മാലിറ്റ് നിർമ്മാണത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. സന്തുലനവും വഴക്കവും ശക്തിയും മൃദുലതയും ഒത്തുചേരുമ്പോഴാണ് ഈ അനുഭൂതി ഉണ്ടാകുന്നത്. "മാലിറ്റിന് അധികം കുലുക്കം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം."
ഇരുണ്ട വെളിച്ചത്തിൽ പടിക്കെട്ടുകൾ ഓരോന്നായി കയറി അശോകിന്റെ വീടിന്റെ മൂന്നാം നിലയിലുള്ള വർക്ക് ഷോപ്പിലേക്ക് ഞങ്ങൾ നീങ്ങുന്നു. മസ്തിഷ്ക്കാഘാതം വന്നതിനുശേഷം ജോലി ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് കുറവൊന്നുമില്ല. കുതിരപ്പുറത്തേറിയുള്ള പോളോയിൽ ഉപയോഗിക്കുന്ന മാലിറ്റുകളുടെ കേടുപാടുകൾ തീർക്കുന്ന ജോലി വർഷത്തിലുടനീളം തുടരുമ്പോൾ സൈക്കിൾ പോളോ മാലിറ്റുകളുടെ നിർമ്മാണം സെപ്റ്റംബർമുതൽ മാർച്ച് വരെയുള്ള സീസണിലാണ് പ്രധാനമായും നടക്കുക.
"കഠിനമായ ജോലികൾ മുകളിലെ നിലയിലിരുന്ന് ജീതുവാണ് ചെയ്യുന്നത്," അശോക് പറയുന്നു. "ബാക്കി ജോലികൾ മാഡവും ഞാനും താഴത്തെ നിലയിലുള്ള ഞങ്ങളുടെ മുറിയിൽ ഇരുന്ന് ചെയ്യും." തൊട്ടടുത്തുതന്നെ ഇരിക്കുന്ന ഭാര്യ മീനയെയാണ് അശോക് 'മാഡം' എന്ന് വിളിക്കുന്നത്. അറുപതുകളിലെത്തിയ അശോക് അവരെ തുടർന്നും ' ബോസ്' എന്ന് വിളിക്കുന്നത് കേട്ട് ആ സ്ത്രീ പുഞ്ചിരിക്കുന്നു. ഞങ്ങളുടെ സംഭാഷണത്തിന് കാതോർക്കുന്നതോടൊപ്പം സൂക്ഷ്മാകൃതിയിലുള്ള മാലിറ്റ് സെറ്റുകളുടെ സാമ്പിൾ ഫോട്ടോകൾ ഫോണിലൂടെ ആവശ്യക്കാർക്ക് അയച്ചു കൊടുക്കുന്നുമുണ്ട് അവർ.
ചിത്രങ്ങൾ അയച്ചതിനുപിന്നാലെ ഞങ്ങൾക്ക് കഴിക്കാൻ കച്ചോരി പൊരിക്കാനായി അവർ അടുക്കളയിലേയ്ക്ക് നീങ്ങുന്നു. "15 വർഷമായി ഞാൻ പോളോ ജോലി ചെയ്യുന്നുണ്ട്," മീന പറയുന്നു.
ചുവരിൽ തൂക്കിയിട്ടിരിക്കുന്ന പഴയ ഒരു മാലിറ്റ് എടുത്ത്, ഒരു പോളോ സ്റ്റിക്കിന്റെ പ്രധാനപ്പെട്ട മൂന്ന് ഭാഗങ്ങൾ അശോക് ചൂണ്ടികാണിക്കുന്നു: ചൂരൽ കൊണ്ട് ഉണ്ടാക്കിയ ഒരു തണ്ട്, മരം കൊണ്ടുള്ള അഗ്രം, റബ്ബർ അല്ലെങ്കിൽ റെക്സിൻ കൊണ്ടുണ്ടാക്കിയ, പരുത്തി കൊണ്ടുള്ള ഒരു കുടുക്ക് ഘടിപ്പിച്ച പിടി എന്നിവയാണവ. ഇവയിൽ ഓരോ ഭാഗവും അശോകിന്റെ കുടുംബത്തിലെ ഓരോ അംഗമാണ് നിർമ്മിക്കുന്നത്.
വീടിന്റെ മൂന്നാം നിലയിലിരുന്ന് ജോലി ചെയ്യുന്ന ജീതുവാണ് മാലിറ്റ് നിർമ്മാണ പ്രക്രിയയുടെ ആദ്യഘട്ടം പൂർത്തിയാക്കുന്നത്. സ്വയമുണ്ടാക്കിയ ഒരു യന്ത്രവത്‌കൃത കട്ടറുപയോഗിച്ച് അദ്ദേഹം ചൂരലുകൾ മുറിച്ചെടുക്കുന്നു. അടുത്ത പടി ഒരു രണ്ട (ചിന്തേര്) ഉപയോഗിച്ച് ചൂരൽ രാകിയെടുക്കുകയാണ്. മാലിറ്റിന്റെ തണ്ടിന് വഴക്കം ലഭിക്കാനും കളിക്കിടെ അത് വളയുമെന്ന് ഉറപ്പ് വരുത്താനും ഇതിലൂടെ സാധിക്കുന്നു.
"കുതിരകൾക്ക് മുറിവേൽക്കുമെന്നതിനാൽ ചൂരലിന്റെ താഴത്തെ അറ്റത്ത് ഞങ്ങൾ ആണി അടിക്കാറില്ല," എന്ന് പറഞ്ഞ് അശോക് കൂട്ടിച്ചേർക്കുന്നു, "കുതിര മുടന്തനായാൽ നിങ്ങളുടെ ലക്ഷക്കണക്കിന് രൂപ വെള്ളത്തിലായി എന്ന് കൂട്ടിക്കോളൂ."
"ഞാൻ എപ്പോഴും സാങ്കേതികമായ ജോലികളാണ് ചെയ്യാറുള്ളത്." ജീതു പറയുന്നു. നേരത്തെ വീട്ടുപകരണങ്ങൾ നിർമ്മിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോൾ രാജസ്ഥാൻ സർക്കാരിന് കീഴിലുള്ള സവായ് മാൻ സിംഗ് ആശുപത്രിയിലെ 'ജയ്പൂർ ഫൂട്ട്' (ജയ്പൂർ കാലുകൾ) വകുപ്പിൽ ജോലി ചെയ്യുകയാണ്. ജീതുവിനെപ്പോലെയുള്ള തൊഴിലാളികളുടെ സഹായത്തോടെയാണ് ഈ ആശുപത്രിയിൽനിന്ന് ആവശ്യക്കാർക്ക് കുറഞ്ഞ വിലയിലുള്ള കൃത്രിമക്കാലുകൾ നൽകിവരുന്നത്.
മാലിറ്റിന്റെ അഗ്രഭാഗം ചൂണ്ടിക്കാണിച്ച്, താൻ എങ്ങനെയാണ് ചൂരൽത്തണ്ടിന് കടന്നുപോകാൻ പാകത്തിൽ അതിൽ ദ്വാരമുണ്ടാക്കുന്നതെന്ന് ജീതു കാണിച്ചുതരുന്നു. ഇതിനുശേഷം അദ്ദേഹം ഈ തണ്ടുകൾ മീനയ്ക്ക് കൈമാറുന്നു.
അടുക്കളയും രണ്ടു കിടപ്പുമുറികളും വീടിന്റെ ഏറ്റവും താഴത്തെ നിലയിലാണുള്ളത്. ആവശ്യാനുസരണം ചുറ്റും നീങ്ങാൻ പാകത്തിൽ ഈ ഇടത്തിലാണ് മീനയുടെ ജോലികൾ എല്ലാം നടക്കുന്നത്. പന്ത്രണ്ട് മണിക്കും അഞ്ചു മണിക്കും ഇടയിൽ, പാചകത്തിനുശേഷവും മുൻപുമുള്ള ഉച്ചനേരങ്ങളിൽ മാലിറ്റുകളുടെ പണിയിൽ ഏർപ്പെടുകയാണ് മീനയുടെ പതിവ്. എന്നാൽ കുറഞ്ഞ സമയംകൊണ്ട് പൂർത്തിയാക്കി കൊടുക്കേണ്ട ഓർഡറുകൾ വരുമ്പോൾ, മീനയുടെ ദിവസങ്ങൾക്ക് ദൈർഘ്യമേറും.
മീനയാണ് മാലിറ്റ് നിർമ്മാണത്തിലെ ഏറ്റവും സമയമെടുക്കുന്ന പ്രവൃത്തികൾ - തണ്ട് ബലപ്പെടുത്തുകയും പിടി കെട്ടിയുറപ്പിക്കുകയും - ചെയ്യുന്നത്. ഫെവിക്കോളിൽ മുക്കിയെടുത്ത പരുത്തിക്കീറുകൾ തണ്ടിന്റെ കട്ടി കുറഞ്ഞ അറ്റത്ത് ശ്രദ്ധാപൂർവ്വം ചുറ്റുകയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. ഈ പ്രക്രിയ പൂർത്തിയായാൽ തണ്ടുകളുടെ ആകൃതി നിലനിർത്താനായി അവയെ 24 മണിക്കൂർ നേരത്തേയ്ക്ക് നിലത്ത് നെടുകെ വെച്ച് ഉണക്കിയെടുക്കണം.
അടുത്ത പടിയായി അവർ റബ്ബർ അല്ലെങ്കിൽ റെക്സിൻകൊണ്ടുള്ള പിടി തണ്ടിൽ ഉറപ്പിക്കുകയും കട്ടിയേറിയ ആ കൈപ്പിടിയിൽ പശയും ആണികളും ഉപയോഗിച്ച് പരുത്തി കൊണ്ടുള്ള ഒരു കുടുക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. മാലിറ്റിന്റെ പിടി കാഴ്ചയ്ക്ക് ഭംഗിയുള്ളതാകണം എന്ന് മാത്രമല്ല കളിക്കാരന്റെ കയ്യിൽനിന്ന് മാലിറ്റ് പെട്ടെന്ന് പിടിവിട്ടു പോകാത്ത വണ്ണം കുടുക്ക് ബലവത്താകുകയും വേണം.
നേരത്തെ, അശോക്-മീന ദമ്പതിമാരുടെ മകൻ, 36 വയസ്സുകാരനായ സത്യം ഈ ജോലികളിൽ അവരെ സഹായിക്കുമായിരുന്നു. എന്നാൽ ഒരു റോഡപകടത്തിന് ശേഷം കാലിൽ മൂന്ന് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നതോടെ അദ്ദേഹത്തിന് നിലത്തിരുന്ന് ജോലി ചെയ്യാൻ കഴിയാതെയായി. ചില വൈകുന്നേരങ്ങളിൽ അദ്ദേഹം പച്ചക്കറി പാകം ചെയ്യാനോ അത്താഴത്തിന് ധാബ ശൈലിയിൽ പരിപ്പുകറി ഉണ്ടാക്കാനായി മസാല തയ്യാറാക്കാനോ അടുക്കളയിൽ സഹായിക്കും.
സത്യത്തിന്റെ ഭാര്യ രാഖി അവരുടെ വീട്ടിൽനിന്ന് നടന്നെത്താവുന്ന ദൂരത്തിലുള്ള പിസാ ഹട്ടിൽ ആഴ്ചയിൽ ഏഴുദിവസവും രാവിലെ 9 മണിമുതൽ രാത്രി 9 മണിവരെ ജോലി ചെയ്യുന്നു. ജോലി കഴിഞ്ഞ് ലഭിക്കുന്ന ഒഴിവുസമയം അവർ വീട്ടിലിരുന്ന് ബ്ലൗസ്, കുർത്ത തുടങ്ങിയ, സ്ത്രീകൾക്കായുള്ള വസ്ത്രങ്ങൾ തയ്ക്കാനും മകൾ നൈനയ്‌ക്കൊപ്പം ഇരിക്കാനുമാണ് ചിലവഴിക്കുന്നത്. ഏഴ് വയസ്സുകാരിയായ നൈന സത്യത്തിന്റെ സഹായത്തോടെ അവളുടെ ഗൃഹപാഠം പൂർത്തിയാക്കും.
9 ഇഞ്ച് മാത്രം നീളമുള്ള, മാലിറ്റിന്റെ കളിമാതൃകവെച്ച് കളിക്കുകയാണ് നൈന. എന്നാൽ ഏറെ ലോലമായ ഈ മാതൃക പെട്ടെന്നുതന്നെ അവളുടെ കൈയ്യിൽനിന്ന് മുതിർന്നവർ എടുത്തുമാറ്റുന്നു. രണ്ടു പോളോ സ്റ്റിക്കുകളും ബോളിന് പകരം ഒരു കൃത്രിമ മുത്തും മരത്തിന്റെ അടിത്തറയിൽ ഉറപ്പിച്ചുണ്ടാക്കുന്ന ഈ കളിമാതൃകയ്ക്ക് 600 രൂപയാണ് വില. കളിയ്ക്കാൻ ഉപയോഗിക്കുന്ന വലിയ മാലിറ്റുകൾ ഉണ്ടാക്കുന്നതിനേക്കാൾ അധ്വാനം, സമ്മാനമായി നൽകുന്ന, മാലിറ്റുകളുടെ കളിമാതൃകകൾ ഉണ്ടാക്കാനാണെന്ന് മീന പറയുന്നു. "അവ ഉണ്ടാക്കുന്ന ജോലി കുറേക്കൂടി സങ്കീർണ്ണമാണ്."
മാലിറ്റ് നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തി, തീർത്തും വ്യത്യസ്തമായ രണ്ടു ഘടക ഭാഗങ്ങൾ -അഗ്രവും ചൂരൽകൊണ്ടുള്ള തണ്ടും - ചേർത്തുറപ്പിക്കുന്നതാണ്. പോളോ സ്റ്റിക്കിന്റെ സന്തുലനം ഉറയ്ക്കുന്നത് ഈ ഘട്ടത്തിലാണ്. "സന്തുലനം എന്നത് എല്ലാവർക്കും കൃത്യതയോടെ സൃഷ്ടിക്കാൻ കഴിയുന്ന ഒന്നല്ല," മീന പറയുന്നു. ഒരു ഉപകരണത്തിന്റെ വിവരണാതീതമായ ഗുണമാണത്. "അതാണ് എന്റെ ജോലി," അശോക് തികഞ്ഞ ലാഘവത്തോടെ പറയുന്നു.
നിലത്തിട്ടിരിക്കുന്ന ഒരു ചുവന്ന ഗദ്ദിയിൽ (കുഷ്യൻ) ഇടത്തേ കാൽ നീട്ടിവച്ചിരുന്ന്, മാലിറ്റിന്റെ അഗ്രത്തിൽ തുളച്ചിട്ടുള്ള ദ്വാരത്തിന് ചുറ്റും അദ്ദേഹം പശ തേച്ചുപിടിപ്പിക്കുന്നു. ചൂരൽകൊണ്ടുള്ള തണ്ട് കാലിന്റെ പെരുവിരലിനും രണ്ടാമത്തെ വിരലിനും ഇടയിൽ ഉറപ്പിച്ചു നിർത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചര ദശാബ്ദത്തിൽ എത്ര തവണ ഇത്തരത്തിൽ ചൂരൽ തണ്ട് കാൽവിരലുകൾക്കിടയിൽ ഉറപ്പിച്ചുനിർത്തിയിട്ടുണ്ടാകുമെന്ന ചോദ്യത്തിന്, "അത് എണ്ണാവുന്നതിനും അപ്പുറമാണ്" എന്ന് ഒരു ചെറുചിരിയോടെ അദ്ദേഹം മറുപടി നൽകുന്നു.
"ഒരു വളയുടെ രൂപത്തിലാകുന്ന ഇത് ഈ വളയത്തിന്റെ അരികുകളിൽ ഉറച്ചിരിക്കും. പിന്നെ അത് ഇളകി വരില്ല," ജീതു വിവരിക്കുന്നു. തുടർച്ചയായി പന്ത് തട്ടുമ്പോഴുണ്ടാകുന്ന ആഘാതം ചെറുക്കാനായി ചൂരലും തടിയും നല്ല ബലത്തിൽ ഉറപ്പിച്ചുനിർത്തുകയാണ് ചെയ്യുന്നത്.
ഒരു മാസത്തിൽ ഏകദേശം 100 മാലിറ്റുകളാണ് ഇവർ നിർമ്മിക്കുന്നത്. അടുത്ത ഘട്ടത്തിൽ അവയിൽ വാർണിഷ് അടിക്കുന്നത്, 40 വർഷത്തോളമായി അശോകിനൊത്ത് സഹകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദ് ഷാഫിയാണ്. വാർണിഷ് മാലിറ്റുകൾക്ക് തിളക്കം പകരുന്നതിനൊപ്പം അവയെ പൊടിയിൽനിന്നും ഈർപ്പത്തിൽനിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. മാലിറ്റിന്റെ ഒരുവശത്ത് അതിന്റെ ഉയരം പെയിന്റുപയോഗിച്ച് കൈകൊണ്ട് എഴുതുന്നതോടെ ഷാഫിയുടെ ജോലി അവസാനിക്കും. ഒടുവിൽ അശോകും മീനയും ജീതുവും ചേർന്ന് മാലിറ്റിന്റെ പിടിയുടെ താഴെ 'ജയ്പ്പൂർ പോളോ ഹൗസ്' എന്ന ലേബൽ ഒട്ടിക്കും.
ഒരു മാലിറ്റ് നിർമ്മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് 1,000 രൂപയ്ക്കടുത്ത് ചിലവാകും. എന്നാൽ അതിന്റെ പകുതി തുക പോലും മാലിറ്റുകളുടെ വില്പനയിൽനിന്ന് തിരികെപ്പിടിക്കാനാകുന്നിലെന്ന് അശോക് പറയുന്നു. ഒരു മാലിറ്റിന് 1,600 രൂപവെച്ച് വിൽക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും അത് വിജയിക്കാറില്ല. "കളിക്കാർ കൃത്യമായി പണം നൽകില്ല. ഒരു മാലിറ്റിന് 1,000, 1,200 രൂപ മാത്രമേ അവർ തരുകയുള്ളൂ," അദ്ദേഹം പറയുന്നു.
ഒരു മാലിറ്റിന്റെ ഓരോ ഭാഗവും എത്ര ശ്രദ്ധാപൂർവ്വമാണ് നിർമ്മിക്കുന്നത് എന്നത് പരിഗണിക്കുമ്പോൾ അതിന് ലഭിക്കുന്ന പ്രതിഫലം തീർത്തും തുച്ഛമാണെന്ന് അശോക് വിഷമത്തോടെ പറയുന്നു. അസം, രംഗൂൺ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവരുന്ന ചൂരൽമാത്രമാണ് ഞങ്ങൾ ഉപയോഗിക്കാറുള്ളത്," അദ്ദേഹം പറയുന്നു. നിശ്ചിത അളവിൽ ഈർപ്പമുള്ള, കൃത്യമായ സന്തുലനവും കട്ടിയും സാന്ദ്രതയുമുള്ള ചൂരലുകളാണ് മാലിറ്റ് നിർമ്മാണത്തിന് ഉത്തമം.
"കൊൽക്കത്തയിലെ വിതരണക്കാരുടെ പക്കൽ പൊലീസുകാർക്ക് വേണ്ട ലാത്തിയും മുതിർന്നവർക്കുള്ള ഊന്നുവടികളും നിർമ്മിക്കാൻ അനുയോജ്യമായ കട്ടിയുള്ള ചൂരലുകളാണ് ഉണ്ടാകുക. അത്തരത്തിലുള്ള ആയിരം ചൂരലുകളിൽ കഷ്ടി നൂറെണ്ണമാണ് എന്റെ ആവശ്യത്തിന് ഉതകുക," അശോക് പറയുന്നു. അദ്ദേഹത്തിന്റെ വിതരണക്കാർ നൽകിവന്നിരുന്ന ചൂരലുകളിൽ മിക്കതും മാലിറ്റ് നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയാത്തവണ്ണം കട്ടിയുള്ളവ ആയിരുന്നതിനാൽ, കോവിഡ് മഹാമാരിക്ക് മുൻപുവരെ എല്ലാ വർഷവും അദ്ദേഹം നേരിട്ട് കൊൽക്കത്തയ്ക്ക് പോയി ആവശ്യമുള്ള ചൂരലുകൾ തിരഞ്ഞെടുത്ത് കൊണ്ടുവരികയായിരുന്നു. "ഇന്നിപ്പോൾ കീശയിൽ ഒരു ലക്ഷം രൂപ ഉണ്ടെങ്കിൽ മാത്രമേ കൊൽക്കത്തയിൽ പോകാനാകൂ."
വർഷങ്ങളായി പ്രാദേശിക തടിവിപണിയിൽ ലഭ്യമായ വ്യത്യസ്ത ഇനം മരങ്ങൾ പരീക്ഷിച്ചതിന് ശേഷം, ഇറക്കുമതി ചെയ്ത സ്റ്റീം ബീച്ച്, മേപ്പിൾ മരങ്ങളാണ് മാലിറ്റുകളുടെ അഗ്രം നിർമ്മിക്കാൻ താൻ ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് അശോക് പറയുന്നു.
തടി ഉപയോഗിച്ച് താൻ എന്താണ് നിർമ്മിക്കുന്നതെന്ന് തടിക്കച്ചവടക്കാരോട് ഒരിക്കൽപ്പോലും വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. " 'നിങ്ങൾ ബഡാ കാം (ഉയർന്ന മൂല്യമുള്ള ജോലി) ആണ് ചെയ്യുന്നത് ' എന്ന് കാരണം പറഞ്ഞ് അവർ തടിയുടെ വില ഉയർത്തും."
അതുകൊണ്ട് അശോക് അവരോട് പറയാറുള്ളത് താൻ മേശക്കാലുകൾ ഉണ്ടാക്കുന്ന ജോലിയാണ് ചെയ്യുന്നതെന്നാണ്. "ഇനി ആരെങ്കിലും ഞാൻ റൊട്ടി പരത്താനുള്ള കുഴലുകളാണോ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ ഞാൻ അതും സമ്മതിച്ചുകൊടുക്കും," ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.
"എന്റെ കയ്യിൽ 15-20 ലക്ഷം രൂപ ഉണ്ടെങ്കിൽ പിന്നെ ആർക്കും എന്നെ തടുക്കാനാകില്ല," അശോക് പറയുന്നു. അർജന്റീനക്കാർ മാലിറ്റുകളുടെ അഗ്രം നിർമ്മിക്കാൻ ഉപയോഗിക്കുന്ന, അർജന്റീനയിലെ തദ്ദേശീയ സസ്യമായ ടിപ്വാന ടിപു മരത്തിന്റെ തടിയാണ് മാലിറ്റ് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. "തീരെ കനം കുറവായ അതിന്റെ തടി പെട്ടെന്ന് പൊട്ടുകയുമില്ല. വളരെ എളുപ്പത്തിൽ അത് ചീന്തി വരും," അദ്ദേഹം പറയുന്നു.
അർജന്റീനയിൽ നിർമ്മിക്കുന്ന സ്റ്റിക്കുകൾക്ക് കുറഞ്ഞത് 10,000-12,000 രൂപ വിലവരും. "മുൻനിര കളിക്കാർ അർജന്റീനയിൽനിന്നാണ് ഓർഡർ ചെയ്യുന്നത്."
കുതിരപ്പുറത്തേറിയുള്ള പോളോയിൽ ഉപയോഗിക്കുന്ന മാലിറ്റുകൾ ഓർഡർ അനുസരിച്ച് നിർമ്മിക്കുകയും വിദേശനിർമ്മിതമായ മാലിറ്റുകളുടെ കേടുപാടുകൾ തീർത്തു കൊടുക്കുകയുമാണ് അശോക് ഇപ്പോൾ ചെയ്യുന്നത്. ജയ്പൂർ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോളോ ക്ലബ്ബുകൾ പ്രവർത്തിക്കുന്ന ജില്ലയായിരുന്നിട്ടുകൂടിയും നഗരത്തിൽ കായിക ഉപകരണങ്ങൾ ചില്ലറയായി വിൽക്കുന്ന കടകളിൽ മാലിറ്റുകൾ വിൽപ്പനയ്ക്ക് വെക്കാറില്ല.
"ആരെങ്കിലും പോളോ സ്റ്റിക്കുകൾ ചോദിച്ചുവന്നാൽ, ഞങ്ങൾ അവരെ പോളോ വിക്റ്ററിയുടെ എതിർവശത്തുള്ള ജയ്പൂർ പോളോ ഹൗസിലേക്ക് പറഞ്ഞുവിടും," അശോകിന്റെ ബിസിനസ് കാർഡ് എനിക്ക് കൈമാറി ലിബർട്ടി സ്പോർട്സിലെ (1957) അനിൽ ഛാബ്രിയ പറയുന്നു.
1933-ൽ ഇംഗ്ലണ്ടിൽ പര്യടനത്തിന് പോയ ജയ്പൂർ ടീം നേടിയ ഐതിഹാസികമായ തുടർ വിജയങ്ങളുടെ അനുസ്മരണാർത്ഥം അശോകിന്റെ പിതൃസഹോദരൻ കേശു റാം നിർമ്മിച്ചതാണ് പോളോ വിക്ടറി സിനിമ (നിലവിൽ ഹോട്ടൽ). അന്ന് ടീമിനൊപ്പം സഞ്ചരിച്ച ഒരേയൊരു മാലിറ്റ് നിർമ്മാണ വിദഗ്ധനായിരുന്നു കേശു റാം.
അന്ന് ചരിത്രം സൃഷ്‌ടിച്ച ജയ്പൂർ ടീമിലെ മൂന്ന് അംഗങ്ങളുടെ പേരിൽ - മാൻ സിംഗ് രണ്ടാമൻ, ഹാനുത് സിംഗ്, പ്രീതി സിംഗ് - ഇന്ന് ജയ്പൂരിലും ഡൽഹിയിലും വാർഷിക പോളോ ടൂർണമെന്റുകൾ നടക്കാറുണ്ട്. എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പോളോ ചരിത്രത്തിൽ അശോകും കുടുംബവും നടത്തിയിട്ടുള്ള സംഭാവനകൾ വിരളമായേ തിരിച്ചറിയപ്പെടാറുള്ളൂ.
“ചൂരൽ കൊണ്ടുള്ള സ്റ്റിക്കുകൾവെച്ച് കളിക്കുന്ന കാലത്തോളം, കളിക്കാർക്ക് എന്നെത്തന്നെ ആശ്രയിക്കേണ്ടിവരും, " അദ്ദേഹം പറയുന്നു.
മൃണാളിനി മുഖർജി ഫൗണ്ടേഷനിൽനിന്നുള്ള ഫെ ല്ലോഷിപ്പിന്റെ പിന്തുണയോടെ ചെ യ്ത റിപ്പോർട്ടാണ് ഇത്
പരിഭാഷ: പ്രതിഭ ആർ.കെ .