2002 ജൂൺ 16-ന് അസമിലെ നൊഗോംവ് ഗ്രാമത്തിലെ ലബാ ദാസും മറ്റുള്ളവരെപ്പോലെ പരിഭ്രാന്തനായി നൊനോയ് പുഴയുടെ തീരങ്ങളിൽ മണൽച്ചാക്കുകൾ കൂട്ടിവെക്കുന്ന പണിയിലായിരുന്നു. ബ്രഹ്മപുത്രയുടെ ഈ കൈവഴി തീരങ്ങളെ തകർക്കുമെന്ന് 48 മണിക്കൂർ മുമ്പ് അവർക്ക് വിവരം കിട്ടിയിരുന്നു. ദൊറോംഗ് ജില്ലയുടെ തീരത്തുള്ള ഈ ഗ്രാമങ്ങൾക്ക് ജില്ലാ ഭരണകൂടം മണൽച്ചാക്കുകൾ കൊടുത്തിരുന്നു.
ജൂൺ 17-ന് രാവിലെ 1 മണിക്ക് ചിറ പൊട്ടാൻ തുടങ്ങി. ശിപജാർ ബ്ലോക്കിലെ നൊഗോംവ് ഹീര സുബുരി ഊരിലെ താമസക്കാരനായ ലബ പറയുന്നു. “ചിറയുടെ പല ഭാഗങ്ങളും പൊട്ടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ നിസ്സഹായരായി”. അഞ്ചുദിവസമായി നിർത്താതെ മഴ പെയ്യുകയായിരുന്നുവെങ്കിലും ഈ മാസം ആദ്യം തൊട്ടേ തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് താണ്ഡവമാടുന്നുണ്ടായിരുന്നു. അസം, മേഘാലയ ഭാഗങ്ങളിൽ ജൂൺ 16-നും 18-നുമിടയിൽ ‘അതിശക്തമായ കനത്ത മഴ’ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് നൽകുകയും ചെയ്തിരുന്നു.
ജൂൺ 16-ന് ഏകദേശം 10.30-ഓടെ, നൊഗോംവിന്റെ ഒരു കിലോമീറ്റർ തെക്കുഭാഗത്തുള്ള ഖസ്ഡിപില ഗ്രാമത്തിലെ കളിതപാറ ഊരിലേക്ക് നൊനോയ് കുത്തിയൊലിക്കാൻ തുടങ്ങി. ജയ്മതി കലിതയ്ക്കും കുടുംബത്തിനും ആ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടു. “ഒരു സ്പൂൺ പോലും ബാക്കിയുണ്ടായില്ല”, തകരം മേഞ്ഞ ഒരു താത്ക്കാലില ടർപോളിൻ ഷെഡ്ഡിലിരുന്നുകൊണ്ട് അവർ പറയുന്നു. “വീടും, തൊഴുത്തും ധാന്യപ്പുരയും എല്ലാം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി”, അവർ കൂട്ടിച്ചേർത്തു.
അസം സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിന്റെ (അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജുമെന്റ് അഥോറിറ്റി) ദൈനംദിന പ്രളയ റിപ്പോർട്ടുപ്രകാരം, ജൂൺ 16-ന്, സംസ്ഥാനത്തിലെ 28 ജില്ലകളിലായി ഏകദേശം 19 ലക്ഷം ആളുകളെ (1.9 ദശലക്ഷം) മഴക്കെടുതികൾ ബാധിക്കുകയുണ്ടായി. സംസ്ഥാനത്ത് ഏറ്റവും ദുരിതം അനുഭവിച്ച മൂന്ന് ജില്ലകളിൽ, ദൊറോംഗിൽ മാത്രം 3 ലക്ഷം ആളുകളെയാണ് ജൂൺ 16-ലെ രാത്രിയിലെ വെള്ളപ്പൊക്കം ബാധിച്ചത്. നൊനോയ് തീരം കവിഞ്ഞൊഴുകിയ ആ രാത്രി, സംസ്ഥാനത്തിലെ മറ്റ് ആറ് നദികളിലെയും - ബെകി, മനോസ്, പഗളാദിയ, പുഠിമാരി, ജിയ-ഭരോലി, ബ്രഹ്മപുത്ര- ജലനിരപ്പ് അപകടനിലക്ക് മുകളിലായിരുന്നു. അതിനുശേഷം ഒരാഴ്ചയോളം സംസ്ഥാനത്ത് മഴ താണ്ഡവമാടി.
“2002, 2004, 2014 എന്നീ വർഷങ്ങളിൽ ഞങ്ങൾ പ്രളയത്തിന് സാക്ഷിയായിട്ടുണ്ടെങ്കിലും ഇത്തവണ സ്ഥിതി ഭീകരമായിരുന്നു“, തൻകേശ്വർ ഡേക പറയുന്നു. മുട്ടറ്റം വെള്ളത്തിൽ രണ്ട് കിലോമീറ്റർ നടന്നാണ് അയാൾ നൊഗോംവിൽനിന്ന് ഭെറുവഡോൾഗോവിനടുത്തുള്ള ഹാതിമാരയിലെ ഏറ്റവുമടുത്തുള്ള പൊതുജനാരോഗ്യകേന്ദ്രത്തിലേക്ക് പോയത്. ഒരു പൂച്ച കടിച്ചതിനാൽ പേവിഷത്തിനുള്ള കുത്തിവെപ്പെടുക്കാൻ പോയതായിരുന്നു ജൂൺ 18-ന് അയാൾ.
“പൂച്ച പട്ടിണിയിലായിരുന്നു” അയാൾ വിശദീകരിക്കുന്നു. “ചിലപ്പോൾ വിശന്നിട്ടുണ്ടാവാം, അല്ലെങ്കിൽ മഴവെള്ളം കണ്ട് പേടിച്ചിരിക്കാം. അതിന്റെ ഉടമസ്ഥൻ അതിന് ഭക്ഷണം കൊടുത്തിട്ട് രണ്ട് ദിവസമായിരുന്നു. വീടും അടുക്കളയും ഗ്രാമം മുഴുവനും വെള്ളത്തിനടിയിലായിരുന്നതുകൊണ്ട് അയാൾക്ക് അതിന് ഭക്ഷണം കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല”, അയാൾ പറയുന്നു. ജൂൺ 23-ന് ഞങ്ങൾ കാണുമ്പോൾ, അഞ്ച് ഡോസ് കുത്തിവെപ്പിലെ രണ്ടെണ്ണം എടുത്തുകഴിഞ്ഞിരുന്നു തൻകേശ്വർ. അപ്പോഴേക്കും പ്രളയജലം താഴ്ന്ന ഭാഗത്തുള്ള മൊംഗൾദോയിലേക്ക് പിൻവാങ്ങിയിരുന്നു.
അമിതമായി വളർന്ന മരങ്ങളുടെ വേരുകളും, വെളുത്ത ഉറുമ്പുകളും എലികളും ചിറ പൂർണ്ണമായും നശിപ്പിച്ചിരുന്നു. തൻകേശ്വർ പറയുന്നു. “ഒരു പതിറ്റാണ്ടായി അത് അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. നെൽപ്പാടങ്ങൾ 2-3 അടി ചളിയിലാണ് മുങ്ങിക്കിടന്നിരുന്നത്. ഇവിടെയുള്ള ആളുകൾ പ്രധാനമായും കൃഷിയേയും ദിവസക്കൂലിയേയും ആശ്രയിച്ച് ജീവിക്കുന്നവരാണ്. അവരെങ്ങിനെ കുടുംബം പോറ്റം?”, അയാൾ ചോദിക്കുന്നു.
ഇതേ ചോദ്യംതന്നെയാണ് ലക്ഷ്യപതി ദാസിനേയും അലട്ടുന്നത്. അയാളുടെ ഒരേക്കർ പാടം ചളിയിൽ മുങ്ങിപ്പോയി. “കാൽ ഏക്കർ ഭൂമിയിലാണ് ഞാൻ നെൽവിത്തുകൾ നട്ടത്. അത് മുഴുവൻ ചളിയിൽ മുങ്ങിപ്പോയി. ഇനി വിത്ത് നടാനാവില്ല” ആശങ്കയിലായ അയാൾ പറയുന്നു.
നൊഗോംവിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള സിപാജ്ജാർ കോളേജിലാണ് ലക്ഷ്യപതിയുടെ മകനും മകളും പഠിക്കുന്നത്. “കോളേജിലേക്ക് പോയിവരാൻ അവർക്ക് ദിവസവും 200 രൂപ വേണം. പണമുണ്ടാക്കാൻ ഇനി എന്തുചെയ്യുമെന്ന് അറിയില്ല. മഴവെള്ളം പോയെങ്കിലും ഇനിയും വന്നാൽ എന്തുചെയ്യും. ഞങ്ങളാകെ ഭയന്നും തകർന്നും ഇരിക്കുകയാണ്”, ചിറ വലിയ താമസമില്ലാതെ കെട്ടുമെന്ന പ്രതീക്ഷയിലാണ് ലക്ഷ്യപതി.
“പടവലം നശിച്ചു. പപ്പായമരം കടപുഴങ്ങിവീണു. മറ്റ് ഗ്രാമങ്ങളിലേക്ക് പടവലവും പപ്പായയും വിതരണം ചെയ്തിരുന്നത് ഞങ്ങളായിരുന്നു”, ഹിരാ സുബുരിയിലെ സുമിത്ര ദാസ് പറയുന്നു. കുടുംബത്തിനുണ്ടായിരുന്ന മത്സ്യക്കുളവും വെള്ളത്തിലായി. “2,500 രൂപ മുടക്കിയാണ് ഞാൻ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്. ഇപ്പോൾ കുളവും കരയും ഒരേനിരപ്പിലായി. വലിയ മീനൊക്കെ ഒലിച്ചുപോയി”, മഴവെള്ളത്തിൽ നശിച്ചുപോയ സവാളകൾ വേർതിരിച്ചുകൊണ്ട് സുമിത്രയുടെ ഭർത്താവ് ലളിത് ചന്ദ്ര പറഞ്ഞു.
സ്ഥലത്തിന്റെ വാടകയ്ക്ക് പകരമായി വിളവിന്റെ നാലിലൊന്ന് ഭൂവുടമയ്ക്ക് കൊടുക്കുന്ന ‘ബന്ധക്’ സമ്പ്രദായത്തിലാണ് സുമിത്രയും ലളിത് ചന്ദ്രയും കൃഷി ചെയ്യുന്നത്. സ്വന്തമാവശ്യത്തിനാണ് കൃഷി. അതിനുപുറമേ, ലളിത് ചിലപ്പോൾ അടുത്തുള്ള കൃഷിസ്ഥലങ്ങളിൽ ദിവസക്കൂലിക്കും ജോലി ചെയ്യാറുണ്ട്. “ഭൂമി വീണ്ടും കൃഷിയോഗ്യമാവണമെങ്കിൽ ഒരു പതിറ്റാണ്ടെടുക്കും”, സുമിത്ര പറയുന്നു. കുടുംബത്തിന് സ്വന്തമായുള്ള എട്ട് ആടുകൾക്കും 26 താറാവുകൾക്കുമുള്ള തീറ്റ കണ്ടെത്തലും പ്രശ്നമാണെന്ന് അവർ കൂട്ടിച്ചേർത്തു.
നൊഗോംവിൽനിന്ന് 7-8 കിലോമീറ്റർ അകലെയുള്ള നംഖോല, ലൊത്തപ്പാര കമ്പോളങ്ങളിൽ സവാളയും ഉരുളക്കിഴങ്ങും മറ്റ് അവശ്യസാധനങ്ങളും വിൽക്കുന്ന മകൻ ലബകുശ് ദാസിന്റെ വരുമാനത്തിലാണ് ഇപ്പോൾ ഈ കുടുംബം കഴിയുന്നത്.
പക്ഷേ, നഷ്ടത്തിന്റെയും ദുരിതത്തിന്റേയും ഇടയിലും, അവരുടെ മകൾ അങ്കിത 12-ആം ക്ലാസ് പരീക്ഷ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ സന്തോഷവാർത്ത ജൂൺ 27-ന് അവർക്ക് കേൾക്കാൻ ഭാഗ്യമുണ്ടായി. അവൾക്ക് തുടർന്നും പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയോർത്ത്, അവളുടെ അമ്മയ്ക്ക് അതിനെക്കുറിച്ച് ഉറപ്പില്ല.
അങ്കിതയെപ്പോലെ 18 വയസ്സുള്ള ജൂബിലി ഡേകയ്ക്കും തുടർന്ന് പഠിക്കണമെന്നുണ്ട്. നൊഗോംവിലെ വീട്ടിൽനിന്ന് മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള ദീപില ചൌക്കിലെ എൻ.ആർ.ഡി.എസ്. ജൂനിയർ കൊളേജിലെ വിദ്യാർത്ഥിനിയായ അവൾ ഇതേ പരീക്ഷയിൽ 75 ശതമാനം മാർക്ക് നേടിയിരുന്നു. ചുറ്റുമുള്ള അവസ്ഥ കാണുമ്പോൾ അവൾക്കും ഭാവിയെക്കുറിച്ച് അത്ര ഉറപ്പില്ല.
“എനിക്ക് ക്യാമ്പിൽ കഴിയാൻ താത്പര്യമില്ല. അതുകൊണ്ട് ഇങ്ങോട്ട് തിരിച്ചുപോന്നു”, വെള്ളപ്പൊക്കത്തിൽ തകർന്ന നൊഗോംവിലെ തന്റെ വീട്ടിലെ ജനലയ്ക്കരികിലിരുന്ന് അവൾ ഞങ്ങളോട് പറഞ്ഞു. ജില്ലാഭരണകൂടം ഒരുക്കിക്കൊടുത്ത ദുരിതാശ്വാസ ക്യാമ്പിലാണ് അവളുടെ വീട്ടിലെ മറ്റ് നാലുപേരും. “ആ രാത്രി എങ്ങോട്ട് പോകണമെന്ന് ഞങ്ങൾക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല” ജൂബിലി പറയുന്നു. മഴവെള്ളം കയറിയപ്പോൾ എങ്ങിനെയൊക്കെയോ കോളേജ് ബാഗിൽ സാധനങ്ങൾ കുത്തിനിറച്ച് രക്ഷപ്പെടാൻ അവൾക്ക് കഴിഞ്ഞിരുന്നു.
മഴയിൽ, ഏകദേശം 10 ദിവസത്തോളം നൊഗോംവിലെ തന്റെ ചായക്കട തുറക്കാൻ 23 വയസ്സുള്ള ദീപാങ്കർ ദാസിന് സാധിച്ചില്ല. സാധാരണയായി ദിവസത്തിൽ അയാൾ 300 രൂപ സമ്പാദിക്കാറുണ്ടായിരുന്നു. എന്നാൽ വെള്ളപ്പൊക്കത്തിനുശേഷം കച്ചവടം ഇനിയും പൂർവ്വസ്ഥിതിയിലായിട്ടില്ല. ജൂൺ 23-ന് ഞങ്ങൾ ചെല്ലുമ്പോൾ ഒരു സിഗരറ്റും കുതിർത്ത നിലക്കടലയും വാങ്ങാൻ വന്ന ഒരേയൊരാളാണ് കടയിലുണ്ടായിരുന്നത്.
ദീപാങ്കറിന്റെ കുടുംബത്തിന് സ്വന്തമായി ഭൂമിയൊന്നുമില്ല. ചായക്കടയിൽനിന്നുള്ള വരുമാനവും, അയാളുടെ അച്ഛൻ 49 വയസ്സുള്ള സത്‌രാം ദാസിന് വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയുമാണ് അവരുടെ ആശ്രയം. “ഞങ്ങളുടെ വീട് ഇപ്പോഴും താമസയോഗ്യമായിട്ടില്ല. മുട്ടറ്റം ചളിയാണ്”, ദീപാങ്കർ പറയുന്നു. പകുതി മേഞ്ഞ വീടിന് ഒരു ലക്ഷം രൂപ വരുന്ന മരാമത്തുകൾകൂടി ആവശ്യമാണെന്ന് അയാൾ പറയുന്നു.
“പ്രളയത്തിനുമുമ്പുതന്നെ സർക്കാർ ആവശ്യമായ നടപടികളെടുത്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു”, ഗുവഹാട്ടിയിൽ പ്രശസ്തമായ ഒരു ബേക്കറി ശൃംഖലയിൽ ജോലിചെയ്ത്, കോവിഡ് ലോക്ഡൌൺ കാലത്ത് നൊഗോംവിലേക്ക് തിരിച്ചെത്തിയ ദീപാങ്കർ പറയുന്നു. “ചിറ പൊട്ടാൻ പോവുന്ന സമയത്ത് എന്തിനാണ് ജില്ലാ അധികാരികൾ വന്നത്? വേനൽക്കാലത്തല്ലേ വരേണ്ടിയിരുന്നത്?”
അസം സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിന്റെ ദൈനംദിന പ്രളയ റിപ്പോർട്ടുപ്രകാരം, ജൂൺ 16-ന്, സംസ്ഥാനത്തിലെ 28 ജില്ലകളിലായി ഏകദേശം 19 ലക്ഷം ആളുകളെ (1.9 ദശലക്ഷം) മഴക്കെടുതികൾ ബാധിക്കുകയുണ്ടായി
ഗ്രാമത്തിൽ പൊതുമരാമത്തുവകുപ്പ് നിർമ്മിക്കാൻ പോകുന്ന കുഴൽക്കിണറുകളുടെ ലിസ്റ്റ്, ആ വകുപ്പിൽ ഖലാസിയായി ജോലി ചെയ്യുന്ന ദിലീപ് കുമാർ ഡേക ഞങ്ങൾക്ക് കാണിച്ചുതന്നു. ഉയർന്ന തറനിരപ്പിൽ നിർമ്മിക്കുന്ന ഈ കുഴൽക്കിണറുകളിൽനിന്ന് പ്രളയകാലത്ത് ജനങ്ങൾക്ക് ശുദ്ധജലം ലഭിക്കും. പ്രളയത്തെ പ്രതിരോധിക്കാനുള്ള നടപടിയെന്ന നിലയ്ക്കാണ് അവ നിർമ്മിക്കുന്നത്.
എന്തുകൊണ്ടാണ് പൊതുമരാമത്തുവകുപ്പ് ഈ നടപടികൾ വൈകിച്ചതെന്ന ചോദ്യത്തിന് അയാളുടെ മറുപടി “ഞങ്ങൾ മുകളിൽനിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു” എന്നായിരുന്നു. ദൊറോംഗ് ജില്ലയിലെ ബ്യസ്പാരയിലെ ദിലീപിന്റെ വീടും വെള്ളത്തിനടിയിലായി. ജൂൺ 22-ഓടെ, സാധാരണയായി കിട്ടുന്നതിലും 79 ശതമാനം അധികം മഴയാണ് ജില്ലയിൽ കിട്ടിയത്.
“ഇന്നലെ (ജൂൺ 22-ന്) ഭരണകൂടം വെള്ളത്തിന്റെ പാക്കറ്റുകൾ വിതരണം ചെയ്തു. പക്ഷേ ഇന്ന് കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല”, ജയമതി പറയുന്നു. ഒരു നായ കടിച്ചതിനാൽ പേവിഷത്തിനുള്ള കുത്തിവെപ്പെടുക്കാൻ പോയിരിക്കുകയായിരുന്നു ജയമതിയുടെ ഭർത്താവും മൂത്ത മകനും.
ഞങ്ങൾ നൊഗോംവിൽനിന്ന് പോരുമ്പോൾ ലളിത് ചന്ദ്രയും സുമിത്രയും അവരുടെ വെള്ളം കയറി നശിച്ച വീട്ടിൽനിന്ന് പുറത്തുവന്ന് ഞങ്ങളെ യാത്രയാക്കി. “ആളുകൾ വരുമ്പോൾ, അവർ ഞങ്ങൾക്ക് എന്തെങ്കിലും പൊതി തന്നിട്ട് പോവുകയാണ് പതിവ്. ആരും ഇവിടെ വന്നിരുന്ന് ഞങ്ങളോട് സംസാരിക്കാറില്ല”, ലളിത് ചന്ദ്ര പറഞ്ഞു.
പരിഭാഷ: രാജീവ് ചേലനാട്ട്