"എന്‍റെ ഭർത്താവ് ശനിയാഴ്ച ഈ വലിപ്പത്തിലുള്ള 3 മദ്യകുപ്പികളാണ് വാങ്ങുനത്”, തന്‍റെ കൈ പൂർണ്ണമായും നിവർത്തിക്കാട്ടിക്കൊണ്ട് കനക പറഞ്ഞു. "അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് അയാളത് കുടിച്ചു തീർത്തിട്ട് കുപ്പി കാലിയാകുമ്പോൾ പണിക്കു പോകുന്നു. ഒരിക്കലും ഭക്ഷണത്തിന് പണം തികയില്ല. ഞാനും കുഞ്ഞും കഷ്ടിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഭർത്താവ് പറയുന്നത് ഒരു കുഞ്ഞു കൂടി വേണമെന്നാണ്. എനിക്കീജീവിതം വേണ്ട”, നിരാശയോടെ അവർ കൂട്ടിച്ചേർത്തു.

ബേട്ട കുറുമ്പ ആദിവാസി വിഭാഗത്തിൽപ്പെട്ട 24-കാരിയായ ഒരമ്മയായ കനക (പേരു മാറ്റിയിരിക്കുന്നു) ഗൂഡല്ലൂരിലെ ആദിവാസി ആശുപത്രിയിലെ ഡോക്ടറെ കാണാൻ കാത്തിരിക്കുകയാണ്. ഉദകമണ്ഡലത്തിൽ നിന്നും (ഊട്ടി) നിന്നും 50 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന 50 കിടക്കകളുള്ള ഗൂഡല്ലൂർ പട്ടണത്തിലെ ആശുപത്രി തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തലൂർ താലൂക്കുകളിലെ 12,000-ലധികം വരുന്ന ആദിവാസി ജനതയ്ക്ക് സേവനങ്ങൾ നൽകുന്നു.

ആരോഗ്യം കുറഞ്ഞ, മങ്ങിയ സിന്തറ്റിക് സാരി ധരിച്ച, കനക തന്‍റെ ഒരേയൊരു കുഞ്ഞിനു (ഒരു മകൾ) വേണ്ടിയാണ് ഇവിടെ വരുന്നത്. ആശുപത്രിയിൽ നിന്ന് 13 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന തന്‍റെ ഊരിൽ സ്ഥിരമായി നടക്കുന്ന പരിശോധനയിൽവച്ച് കഴിഞ്ഞമാസം ഒരു ആരോഗ്യപ്രവർത്തക കണ്ടെത്തിയ പരിഭ്രമിക്കുന്ന കാര്യം കനകയുടെ രണ്ടു വയസ്സുള്ള കുഞ്ഞിന് 7.2 കിലോ ഭാരമേയുള്ളൂ എന്നുള്ളതാണ് (രണ്ടു വയസ്സുള്ളപ്പോൾ 10-12 കിലോഗ്രാം ആണ് വേണ്ടത്). ആശുപത്രിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സോസിയേഷൻ ഫോർ ഹെൽത്ത് വെൽഫയർ ഇൻ ദി നീൽഗിരീസ് (അശ്വിനി) എന്ന സംഘടനയിൽ നിന്നുള്ള വ്യക്തിയാണ് ആരോഗ്യപ്രവർത്തക.

കുടുംബവരുമാനം എന്തൊക്കെ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കണമെന്ന് കണക്കിലെടുത്താൽ കുട്ടിയുടെ പോഷകാഹാരക്കുറവ് ആശ്ചര്യപ്പെടുത്തുന്ന ഒന്നല്ല. പ്രായം ഇരുപതുകളിൽ തന്നെയുള്ള അവരുടെ ഭർത്താവ് ആഴ്ചയിൽ കുറച്ചു ദിവസങ്ങൾ മാത്രമാണ് ദിവസവേതനക്കാരനായി ജോലിക്ക് പോകുന്നത്. തേയില, കാപ്പി, വാഴ, കുരുമുളക് എന്നിവ വളരുന്ന എസ്റ്റേറ്റുകളിൽ പണിക്ക് പോയാൽ പ്രതിദിനം 300 രൂപയാണ് അയാൾക്ക് കൂലി ലഭിക്കുന്നത്. "മാസം 500 രൂപയാണ് അയാളെനിക്ക് ഭക്ഷണത്തിനായി നൽകുന്നത്”, കനക പറഞ്ഞു. "ആ പണംകൊണ്ട് മുഴുവൻ കുടുംബത്തിനുമായി ഞാൻ ഭക്ഷണം ഉണ്ടാക്കണം”.

കനകയും അവരുടെ ഭർത്താവും ജീവിക്കുന്നത് അയാളുടെ ആന്‍റിയുടെയും അമ്മാവന്‍റെയും കൂടെയാണ്. മൊത്തത്തിൽ അവർക്ക് രണ്ട് റേഷൻ കാർഡുണ്ട്. അതവരെ എല്ലാ മാസവും 70 കിലോഗ്രാം സൗജന്യ അരിക്കും, സബ്സിഡി നിരക്കിൽ രണ്ട് കിലോ പരിപ്പ്, 2 കിലോ പഞ്ചസാര, രണ്ട് ലിറ്റർ എണ്ണ എന്നിവയ്ക്കും അർഹരാക്കുന്നു. "ചിലപ്പോൾ എന്‍റെ ഭർത്താവ് മദ്യം വാങ്ങാൻ റേഷനരി പോലും വിൽക്കുന്നു”, കനക പറഞ്ഞു. "ചില ദിവസങ്ങളിൽ ഒന്നും കഴിക്കാനുണ്ടാവില്ല”.

The Gudalur Adivasi Hospital in the Nilgiris district –this is where young women like Kanaka and Suma come seeking reproductive healthcare, sometimes when it's too late
PHOTO • Priti David
The Gudalur Adivasi Hospital in the Nilgiris district –this is where young women like Kanaka and Suma come seeking reproductive healthcare, sometimes when it's too late
PHOTO • Priti David

നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ ആദിവാസി ആശുപത്രി . കനകയെയും സുമയും പോലുള്ള ചെറുപ്പക്കാരികളായ സ്ത്രീകൾ ഇവിടെയാണ് പ്രത്യുൽപാദനപരമായ ആരോഗ്യ സുരക്ഷയ്ക്കായി എത്തുന്നത് ചില സമയത്ത് വളരെ താമസിച്ചാണെങ്കിൽപോലും

സംസ്ഥാനത്തിന്‍റെ പോഷകാഹാര പദ്ധതി കനകയ്ക്കും അവരുടെ കുഞ്ഞിനും ആവശ്യമുള്ള നിർദ്ദിഷ്ട ഭക്ഷണം തുച്ഛമായി നൽകാൻ പോലും പര്യാപ്തമല്ല. ഗൂഡല്ലൂരിലെ തന്‍റെ ഊരിനു സമീപത്തുള്ള സംയോജിത ശിശു വികസന പദ്ധതിയുടെ കീഴിലുള്ള ബാലവാടിയിൽനിന്നും ആഴ്ചയിൽ ഒരു മുട്ടയും മാസത്തിൽ രണ്ട് കിലോ പാക്കറ്റ് ഉണങ്ങിയ സത്തുമാ വും (ഗോതമ്പ്, ചെറുപയർ, നിലക്കടല, സോയ എന്നിവ ചേർന്ന കഞ്ഞിക്കുള്ള ഒരു കൂട്ട്) കനകയ്ക്കും, ഗർഭിണികളും പാലൂട്ടുന്നവരുമായ മറ്റ് സ്ത്രീകൾക്കും ലഭിക്കുന്നു. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രതിമാസം അതേ സത്തുമാവ് ലഭിക്കുന്നു. മൂന്ന് വയസ്സിനു ശേഷം കുട്ടികൾ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും വയ്കുന്നേരത്തെ ലഘുഭക്ഷണമായ കപ്പലണ്ടിക്കും ശർക്കരയ്ക്കുമായി ഐ.സി.ഡി.എസ്. കേന്ദ്രത്തിൽ എത്തണമെന്നാണ് പ്രതീക്ഷ. കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് കുറച്ചു കപ്പലണ്ടിയും ശർക്കരയും അധികം നൽകുന്നു.

സർക്കാർ 2019 ജൂലൈ മുതൽ അമ്മ ഉട്ടച്ചതു പെട്ടകം എന്നപേരിൽ പുതിയ അമ്മമാർക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്യുകയും ചെയ്യുന്നു. ആയുർവേദ ഭക്ഷ്യവസ്തുക്കളും 250 ഗ്രാം നെയ്യും 200 ഗ്രാം പ്രോട്ടീൻ പൊടിയുമാണ് അതിലടങ്ങിയിരിക്കുന്നത്. പക്ഷെ അശ്വിനിയിലെ സാമൂഹ്യാരോഗ്യ പദ്ധതി കോഓർഡിനേറ്ററായ 32-കാരി ജിജി ഇളമന പറയുന്നു, "പാക്കറ്റ് അവരുടെ വീട്ടിലെ ഷെൽഫിൽ വെറുതെ കിടക്കുകയേ ഉള്ളൂ. യഥാർത്ഥ്യമെന്തെന്നാൽ ആദിവാസികൾ പാലും നെയ്യും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടവർ നെയ്യ് തൊടില്ല. പ്രോട്ടീൻ പൊടിയും ആയുർവേദ പൊടികളും എങ്ങനെ ഉപയോഗിക്കണമെന്നും അവർക്കറിയില്ല. അതുകൊണ്ട് അതും മാറ്റി വയ്ക്കുന്നു.”

വനങ്ങളിൽ നിന്നും എളുപ്പത്തിൽ ഭക്ഷണം ലഭിക്കുന്ന ഒരു സമയം നീലഗിരിയിലെ ആദിവാസി സമൂഹങ്ങൾക്കിടയിൽ ഒരിക്കൽ ഉണ്ടായിരുന്നു. "കിഴങ്ങുകൾ, പഴങ്ങൾ, ഇലക്കറികൾ, കൂണുകൾ എന്നിവയെപ്പറ്റിയൊക്കെ വലിയ ജ്ഞാനമാണ് ആദിവാസികൾക്കുള്ളത്”, 4 ദശകങ്ങളായി ഗൂഡല്ലൂരിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന മേരി മാഴ്സൽ തെക്കേക്കര പറഞ്ഞു. "ഭക്ഷണത്തിനായി അവർ മീൻ പിടിക്കുകയും ചെറുമൃഗങ്ങളെ വർഷത്തിൽ എല്ലാ സമയത്തും വേട്ടയാടുകയും ചെയ്യും. പാചകം ചെയ്യുന്ന തീയുടെ മുകളിൽ ചൂടാക്കിയ ഇറച്ചി മിക്ക വീടുകളിലും മഴയുള്ള ദിവസത്തേക്കായി കാണും. പക്ഷെ പിന്നീട് വനം വകുപ്പ് വനത്തിലേക്കുള്ള അവരുടെ പ്രവേശനം പരിമിതപ്പെടുത്തുകയും അവസാനം പൂർണ്ണമായും നിർത്തുകയും ചെയ്തു.”

2006-ലെ വനാവകാശ നിയമപ്രകാരം ആദിവാസികളുടെ അവകാശങ്ങളെ സാധാരണ സ്വത്ത് വിഭവങ്ങൾക്കു മുകളിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും നേരത്തെ ലഭിച്ചിരുന്നതുപോലുള്ള ഭക്ഷ്യവസ്തുക്കൾ ആദിവാസികൾക്ക് ഇപ്പോൾ വനത്തിൽനിന്നും ലഭിക്കുന്നില്ല.

ഗ്രാമത്തിലുള്ളവരുടെ കുറഞ്ഞുവരുന്ന വരുമാനവും വർദ്ധിച്ചുവരുന്ന പോഷകാഹാരക്കുറവിലേക്ക് നയിക്കുന്നു. ആദിവാസി മുന്നേറ്റ സംഘത്തിന്‍റെ സെക്രട്ടറിയായ കെ. റ്റി. സുബ്രഹ്മണ്യൻ പറഞ്ഞത് ഇവിടെയുള്ള വനങ്ങൾ സംരക്ഷിത മുതുമല വന്യജീവി സങ്കേതമായി മാറിയതിനാൽ കഴിഞ്ഞ 15 വർഷങ്ങളായി ആദിവാസികൾക്കുള്ള കൂലിത്തൊഴിൽ സാദ്ധ്യതകൾ കുത്തനെ കുറഞ്ഞുവെന്നാണ്. വലിയ എസ്റ്റേറ്റുകളിലോ കൃഷിയിടങ്ങളിലോ താത്കാലിക ജോലികൾ തേടാൻ അവരെ നിർബന്ധിച്ചുകൊണ്ട് വന്യജീവി സങ്കേതത്തിലെ ചെറുകിട തോട്ടങ്ങളും എസ്റ്റേറ്റുകളും (മിക്ക ആദിവാസികളും ജോലി ചെയ്യുന്നത് അവിടെയാണ്) വിൽക്കുകയോ അവിടെനിന്നും മാറ്റുകയോ ചെയ്തു.

Adivasi women peeling areca nuts – the uncertainty of wage labour on the farms and estates here means uncertain family incomes and rations
PHOTO • Priti David

ആദിവാസി സ്ത്രീകൾ പാക്ക് പൊളിക്കുന്നു – കൃഷിയിടങ്ങളിലെയും എസ്റ്റേറ്റുകളിലെയും അനിശ്ചിതത്വം നിറഞ്ഞ കൂലിത്തൊഴിലുകളുടെ അർത്ഥം കുടുംബ വരുമാനവും റേഷനും അനിശ്ചിതത്വം നിറഞ്ഞതാണെന്നാണ് ആണ്

കനക കാത്തിരിക്കുന്ന ഗൂഡല്ലൂർ ആദിവാസി ആശുപത്രിയിൽ തന്നെയാണ് 26-കാരിയായ സുമ (പേര് മാറ്റിയിരിക്കുന്നു) ഒരു വാർഡിൽ വിശ്രമിക്കുന്നത്. സമീപത്തെ പന്തലൂർ താലൂക്കിൽ നിന്നുള്ള പണിയൻ ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീയാണവർ. അടുത്ത സമയത്താണ് അവർ മൂന്നാമത്തെ കുട്ടിക്ക് ജന്മം കൊടുത്തത്. 2-ഉം 11-ഉം വയസ്സുള്ള മറ്റ് രണ്ടു കുട്ടികളെപ്പോലെ ഇതും പെൺകുട്ടിയാണ്. സുമ ആശുപത്രിയിലല്ല പ്രസവിച്ചത്. പ്രസവാനന്തര ശുശ്രൂഷയ്ക്കും ട്യൂബൽ ലിഗേഷൻ (സ്ത്രീകളില്‍ നടത്തുന്ന ഒരു വന്ധ്യംകരണ രീതി) നടപടിക്രമങ്ങൾക്കുമാണ് അവർ എത്തിയിട്ടുള്ളത്.

“ഞാൻ കുറച്ചു താമസിച്ചാണ്, പക്ഷെ പ്രസവത്തിനിവിടെ വരാനുള്ള പണം ഞങ്ങൾക്കില്ലായിരുന്നു”, തന്‍റെ ഊരിൽ നിന്നും ഇവിടെയെത്താനുള്ള യാത്രയെപ്പറ്റി പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു. ജീപ്പിൽ ഒരുമണിക്കൂർ യാത്ര ചെയ്തുവേണം ഇവിടെയെത്താൻ. " ഗീതചേച്ചി [അശ്വിനിയിലെ ആരോഗ്യ പ്രവർത്തക] താമസത്തിനും ഭക്ഷണത്തിനുമായി ഞങ്ങൾക്ക് 500 രൂപ തന്നു. പക്ഷെ ഭർത്താവ് അത് മദ്യത്തിന് ചിലവാക്കി. അങ്ങനെ ഞാൻ വീട്ടിൽത്തന്നെയായി. മൂന്നു ദിവസങ്ങൾക്കു ശേഷം എന്‍റെ വേദന തീവ്രമായി. പക്ഷെ ആശുപത്രിയിൽ എത്താനുള്ള സമയം വൈകിയിരുന്നു. അങ്ങനെ ഞാൻ വീടിന് തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രസവിച്ചു.” അടുത്ത ദിവസം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് 108-ലേക്ക് (ആംബുലൻസ് സേവനം) വിളിക്കുകയും അവസാനം സുമയും കുടുംബവും ജി.എ.എച്ചിലെത്തുകയും ചെയ്തു.

നാല് വർഷങ്ങൾക്കു മുൻപ് സുമയ്ക്ക് 7-ാം മാസത്തിൽ ഗർഭം അലസി. ഗർഭപാത്രത്തിലെ വളർച്ചയുടെ പ്രതിബന്ധം (intrauterine growth restriction - IUGR) എന്നറിയപെടുന്ന ഈ അവസ്ഥയിൽ ഭ്രൂണം ചെറുതായിരിക്കും, അഥവാ ഗർഭാവസ്ഥയിൽ വേണ്ടതിനേക്കാൾ ചെറുതായിട്ടായിരിക്കും വികസിച്ചിട്ടുണ്ടായിരിക്കുക. അമ്മയുടെ പരിതാപകരമായ പോഷണ വൈകല്യം, വിളർച്ച, ഫോളേറ്റിന്‍റെ (folate - വൈറ്റമിൻ ബി കോംപ്ലക്സിലെ ഒരു പോഷക ഘടകം) അപര്യാപ്തത എന്നിവയുടെ ഫലമാണ് ഈയവസ്ഥ. സുമയുടെ അടുത്ത ഗർഭധാരണത്തിലും ഐ.യു.ജി.ആറിന്‍റെ ആഘാതം ഉണ്ടായിരുന്നു. അവരുടെ രണ്ടാമത്തെ കുഞ്ഞിന് (പെൺകുഞ്ഞ്) തീർത്തും ഭാരക്കുറവായിരുന്നു (രണ്ടു കിലോയിലധികം വേണ്ടപ്പോൾ 1.3 കിലോഗ്രാമേ ഉണ്ടായിരുന്നുള്ളൂ). ഏറ്റവും കുറഞ്ഞ പെർസന്റൈൽ രേഖയ്ക്കും വളരെ താഴെയായിരുന്നു കുട്ടിയുടെ പ്രായത്തിനനുസരിച്ചുള്ള ഭാരത്തിന്‍റെ ഗ്രാഫ്. ‘കടുത്ത പോഷകാഹാരക്കുറവുള്ള’ ഗണത്തിലാണ് അതിനെ പെടുത്തിയിരിക്കുന്നത്.

"അമ്മയ്ക്ക് പോഷകാഹാരം കുറവാണെങ്കിൽ കുട്ടിക്കും പോഷകാഹാരക്കുറവ് ഉണ്ടാകാനാണ് സാദ്ധ്യത”, എന്ന് ജി.എ.എച്ചിലെ കുടുംബ ചികിത്സ വിദഗ്ദയായ ഡോ. മൃദുല റാവു, 43, ചൂണ്ടിക്കാട്ടുന്നു. "സുമയുടെ പരിതാപകരമായ ഭക്ഷണക്രമത്തിന്‍റെ ആഘാതം അവരുടെ കുഞ്ഞിനുമേൽ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്; അവളുടെ [കുഞ്ഞിന്‍റെ] ശാരീരികവും ഭൗതികവും നാഡീവ്യൂഹ സംബന്ധവുമായ വളർച്ച അതേ പ്രായത്തിലുള്ള മറ്റു കുഞ്ഞുങ്ങളുടേതിനേക്കാൾ സാവകാശമായിരിക്കും.”

സുമയുടെ സ്വന്തം രോഗവിവര രേഖകൾ കാണിക്കുന്നത് മൂന്നാമത്തെ ഗർഭധാരണത്തിന്‍റെ സമയത്ത് അഞ്ച് കിലോ ഭാരം മാത്രമാണ് അവര്‍ക്ക് വർദ്ധിപ്പിക്കാനായത് എന്നാണ്. സാധാരണ ഭാരമുള്ള ഗർഭിണികളായ സ്ത്രീകൾക്ക് വര്‍ദ്ധിക്കുന്ന ഭാരത്തെക്കാള്‍ പകുതിയിലധികം കുറവാണിത്. സുമയെപ്പോലുള്ള ഭാരംകുറഞ്ഞ സ്ത്രീകൾക്കിത് പകുതിയിലും വളരെത്താഴെയാണ് – ഒമ്പതാം മാസത്തിൽ അവരുടെ ഭാരം വെറും 38 കിലോ ആയിരുന്നു.

PHOTO • Priyanka Borar

ചിത്രീകരണം : പ്രിയങ്ക ബോറാർ

2006-ലെ വനാവകാശ നിയമപ്രകാരം ആദിവാസികളുടെ അവകാശങ്ങളെ സാധാരണ സ്വത്ത് വിഭവങ്ങൾക്കു മുകളിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും നേരത്തെ ലഭിച്ചിരുന്നതുപോലുള്ള ഭക്ഷ്യവസ്തുക്കൾ ആദിവാസികൾക്ക് ഇപ്പോൾ വനത്തിൽനിന്നും ലഭിക്കുന്നില്ല

"ഗർഭിണിയായ അമ്മയെയും കുഞ്ഞിനെയും പരിശോധിക്കുന്നതിനായി ഒരാഴ്ച നിരവധി ദിവസങ്ങൾ ഞാൻ പോയിരുന്നു”, ജി.എ.എച്ചിലെ ഹെൽത്ത് ആനിമേറ്ററായ (ദൂരെ സ്ഥലങ്ങളിലെത്തുന്ന പ്രവർത്തക) ഗീതാ കണ്ണൻ, 40, ഓർമ്മിക്കുന്നു. "മുത്തശ്ശിയുടെ മടിയിൽ അടിവസ്ത്രം മാത്രം ധരിച്ച അവസ്ഥയിലേ ഞാൻ കുട്ടിയെ കണ്ടിട്ടുള്ളൂ. വീട്ടിൽ ഭക്ഷണമൊന്നും ഉണ്ടാക്കുന്നുണ്ടായിരുന്നില്ല. അടുത്തുള്ള വീടുകളിൽ നിന്നായിരുന്നു കുഞ്ഞിന് ഭക്ഷണം നൽകിയിരുന്നത്. സുമ ക്ഷീണിതയായി തോന്നിയതുപോലെ കിടക്കുകയായിരുന്നു. ഞാൻ സുമയ്ക്ക് ഞങ്ങളുടെ അശ്വിനി സത്തുമാവ് (പഞ്ഞപ്പുല്ലും പയറും ചേർന്ന പൊടി) നൽകുമായിരുന്നു. സ്വന്തം ആരോഗ്യത്തിനും മുലയൂട്ടുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിനുമായി അവ കഴിക്കണമെന്ന് ഞാൻ പറയുകയും ചെയ്യുമായിരുന്നു. പക്ഷെ, സുമ പറഞ്ഞത് ദിവസവേതനത്തൊഴിലാളിയായ തന്‍റെ ഭർത്താവ് അപ്പോഴും മദ്യത്തിനായി തന്‍റെ വരുമാനത്തിന്‍റെ ഭൂരിഭാഗവും ചിലവാക്കുയിരുന്നു എന്നാണ്.” ഒന്നു നിർത്തിയതിനുശേഷം ഗീത വീണ്ടും പറഞ്ഞു, "സുമയും മദ്യം കഴിക്കാൻ തുടങ്ങിയിരുന്നു”.

ഗൂഡല്ലൂരിലെ ഒരുപാട് കുടുംബങ്ങൾക്ക് ഇതുപോലുള്ള കഥകൾ പറയാനുണ്ടെങ്കിലും, ബ്ലോക്കിലെ ആരോഗ്യ സൂചകങ്ങളിൽ ക്രമമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളതായി കാണുന്നു. ആശുപത്രി രേഖകൾ കാണിക്കുന്നത് മാതൃമരണ അനുപാതം (Maternal Mortality Ratio - MMR) 1999-ൽ 10.7 ആയിരുന്നതിൽനിന്നും (ജീവനോടെ 100,000 കുഞ്ഞുങ്ങളുണ്ടാകുമ്പോൾ) 2018-19-ൽ 3.2 ആയി കുറഞ്ഞുവെന്നാണ്. ശിശുമരണനിരക്കും (Infant Mortality Rate - IMR) അതേ കാലയളവിൽ 48 നിന്നും (ജീവനോടെ 1,000 കുഞ്ഞുങ്ങളുണ്ടാകുമ്പോൾ) 20 ആയി കുറഞ്ഞു. യഥാർത്ഥത്തിൽ സംസ്ഥാന ആസൂത്രണ കമ്മീഷന്‍റെ 2017-ലെ ജില്ലാ മാനവ വികസന റിപ്പോർട്ട് (District Human Development Report 2017 - DHDR 2017 ) രേഖപ്പെടുത്തിയിരിക്കുന്നത് 10.7-ലുള്ള നീലഗിരി ജില്ലയിലെ ഐ.എം.ആർ. സംസ്ഥാന ശരാശരിയായ 21-നേക്കാൾ കുറവാണെന്നാണ്. ഗൂഡല്ലൂർ താലൂക്കിൽ അത് വീണ്ടും കുറവാണ് 4.0.

അത്തരം സൂചകങ്ങൾ മുഴുവൻ കഥയും പറയുന്നില്ലെങ്കിൽപ്പോലും "എം.എം.ആർ., ഐ.എം.ആർ. എന്നിവ പോലുള്ള മരണനിരക്ക് സൂചകങ്ങൾ തീർച്ചയായും മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ രോഗാതുരതയുടെ നിരക്ക് വർദ്ധിച്ചിരിക്കുന്നു” എന്ന് ഡോ. പി. ഷൈലജാദേവി പറഞ്ഞു. കഴിഞ്ഞ 30 വർഷങ്ങളായി ഗൂഡല്ലൂരിലെ ആദിവാസി സ്ത്രീകൾക്കിടയിൽ പ്രവർത്തിക്കുകയാണവർ. "മരണനിരക്കും രോഗാതുരതയും നമ്മൾ വേറിട്ട് കാണേണ്ടതുണ്ട്. പോഷകാഹാരക്കുറവുള്ള ഒരമ്മ പോഷകാഹാരക്കുറവുള്ള ഒരു കുഞ്ഞിനേ ജന്മം നൽകൂ. അത് രോഗത്തിന് കീഴടങ്ങും. അങ്ങനെയുള്ള മൂന്നുവയസ്സുള്ള ഒരു കുഞ്ഞ് അതിസാരം പോലുള്ള എന്തെങ്കിലും പിടിപെട്ട് വളരെ പെട്ടെന്ന് മരണപ്പെടാം. അവളുടെ ബൗദ്ധിക വളർച്ചയും സാവധാനമായിരിക്കും. ഇത് അടുത്ത തലമുറയിലുള്ള ആദിവാസികൾ ആയിരിക്കും.

കൂടാതെ, പ്രദേശത്തെ ആദിവാസി സമൂഹങ്ങൾക്കിടയിലുള്ള വർദ്ധിതമായ മദ്യപാനം സാധാരണ മരണനിരക്ക് സൂചകങ്ങളുമായി (routine mortality indicators) ബന്ധപ്പെട്ട നേട്ടങ്ങളെ കുറച്ചുകാട്ടുന്നു. അതും കൂടാതെ, ഇത് ആദിവാസി ജനങ്ങൾക്കിടയിലുള്ള പോഷകാഹാരക്കുറവിനെ മറയ്ക്കുകയും ചെയ്യാം. (മദ്യപാനവും പോഷകാഹാരക്കുറവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒരു പഠനം തയ്യാറാക്കുന്നതിനുള്ള പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുകയാണ് ജി.എ.എച്. ഇത് ഇപ്പോഴും പൊതുവായി ലഭ്യമായിട്ടില്ല). 2017-ലെ ഡി.എച്.ഡി.ആർ. റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നതുപോലെ മരണനിരക്കിനെ നിയന്ത്രിക്കുമ്പോഴും പോഷകാഹാരനില മെച്ചപ്പെടുന്നില്ല.

"മരണകാരണങ്ങളായ അതിസാരം, വയറിളക്കം എന്നിവ പോലുള്ള അസുഖങ്ങളെ ഞങ്ങൾ നിയന്ത്രിക്കുമ്പോഴും, എല്ലാ പ്രസവങ്ങളും ആശുപത്രികളിൽ നടത്തുമ്പോഴും സമുദായത്തിനുള്ളിലെ മദ്യപാനം അതിനെയെല്ലാം പാഴാക്കുന്നു. സബ്-സഹാറൻ നിലയിലുള്ള പോഷകാഹാരക്കുറവും, ചെറുപ്പക്കാരായ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമിടയിൽ പോഷകാഹാര നിലയുടെ കാര്യത്തിൽ സന്ധിചെയ്യുന്നതുമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്”, 60-കാരിയായ ഡോ. ഷൈലജ പറഞ്ഞു. ഒബ്സ്റ്റെട്രിക്സിലും (പ്രസവചികിത്സ) ഗൈനക്കോളജിയിലും വിദഗ്ദയായ അവർ 2020 ജനുവരിയിൽ ജി.എ.എച്ചിൽ നിന്നും ഔദ്യോഗികമായി വിരമിച്ചെങ്കിലും ഇപ്പോഴും എല്ലാ ദിവസവും രാവിലെ ആശുപത്രിയിൽ എത്തുകയും രോഗികളെ കാണുകയും സഹപ്രവർത്തകരുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു. "50 ശതമാനം കുട്ടികളും നിലവിൽ സാധാരണ രീതിയിലോ കടുത്ത രീതിയിലോ പോഷകാഹാരക്കുറവുള്ളവരാണ്”, അവർ നിരീക്ഷിച്ചു. "പത്തുവർഷം മുൻപ് [2011-12] സാധാരണ രീതിയിലുള്ള പോഷകാഹാരക്കുറവ് 29 ശതമാനവും കടുത്ത രീതിയിലുള്ളത് ആറ് ശതമാനവും ആയിരുന്നു. അതിനാൽ ഇത് വളരെ വളരെ പ്രശ്നകാരിയായ ഒരു പ്രവണതയാണ്.”

Left: Family medicine specialist Dr. Mridula Rao and Ashwini programme coordinator Jiji Elamana outside the Gudalur hospital. Right: Dr. Shylaja Devi with a patient. 'Mortality indicators have definitely improved, but morbidity has increased', she says
PHOTO • Priti David
Left: Family medicine specialist Dr. Mridula Rao and Ashwini programme coordinator Jiji Elamana outside the Gudalur hospital. Right: Dr. Shylaja Devi with a patient. 'Mortality indicators have definitely improved, but morbidity has increased', she says
PHOTO • Priti David

ഇടത് : കുടുംബ ചികിത്സാ വിദഗ്ദ ഡോ . മൃദുല റാവുവും അശ്വിനി പ്രോഗ്രാം കോഓഡിനേറ്റർ ജിജി ഇളമനയും ഗൂഡല്ലൂർ ആശുപത്രിക്ക് പുറത്ത് . വലത്: ഡോക്ടർ ഷൈലജാ ദേവി ഒരു രോഗിയോടൊപ്പം . ‘ മരണനിരക്ക് സൂചകങ്ങൾ തീർച്ചയായും മെച്ചപ്പെട്ടിട്ടുണ്ട് . പക്ഷെ , രോഗാതുരത വർദ്ധിച്ചിരിക്കുന്നു ’, അവർ പറഞ്ഞു

പോഷകാഹാരക്കുറവിന്‍റെ വളരെ പ്രകടമായ ഫലങ്ങൾ വിശദീകരിച്ചുകൊണ്ട് ഡോ. റാവു കൂട്ടിച്ചേർത്തു, "മുൻപ് ഔട്ട്പേഷ്യന്‍റ് വിഭാഗത്തിൽ പരിശോധനകൾക്ക് വരുമ്പോൾ അമ്മമാർ അവരുടെ കുട്ടികളുമൊത്ത് കളിക്കുമായിരുന്നു. ഇപ്പോഴവരെ ഉദാസീന ഭാവങ്ങളോടെയാണ് കാണാവുന്നത്, അവരുടെ കുഞ്ഞുങ്ങളെയും ഉത്സാഹക്കുറവുള്ളവരായി കാണുന്നു. ഈ ഉദാസീനത അവരുടെയും കുഞ്ഞുങ്ങളുടെയും പോഷണ ആരോഗ്യകാര്യങ്ങളിലെ ശ്രദ്ധക്കുറവിനു കാരണമാകുന്നു.”

ദേശീയ കുടുംബാരോഗ്യ സർവ്വേ-4 (National Family Health Survey-4 - NFHS-4 , 2015-16) കാണിക്കുന്നത് നീലഗിരിയിലെ ഗ്രാമപ്രദേശങ്ങളിൽ 6 മുതൽ 23 മാസങ്ങൾ വരെ പ്രായമുള്ള ഉള്ള 63 ശതമാനം കുട്ടികൾക്ക് നിർദ്ദിഷ്ട ഭക്ഷണക്രമം ലഭിക്കാത്തപ്പോൾ, 6 മാസം മുതൽ 5 വയസ്സു വരെ പ്രായമുള്ള 50.4 ശതമാനം കുട്ടികൾ വിളർച്ചയുള്ളവരാണെന്നാണ് (ഒരു ഡെസിലിറ്ററിന് 11 ഗ്രാമിൽ താഴെ എന്ന അനുപാതത്തില്‍ ഹീമോഗ്ലോബിൻ എത്തുന്ന അവസ്ഥ – കുറഞ്ഞത് 12 വേണമെന്നാണ്). ഏതാണ്ട് പകുതിയോളം (45.5 ശതമാനം) ഗ്രാമീണ അമ്മമാർ, തങ്ങളുടെ ഗർഭധാരണത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ, വിളർച്ച ബാധിച്ചവരാണ്.

“ഇവിടെ ഇപ്പോഴും രക്തമില്ലെന്നുതന്നെ പറയാവുന്ന ആദിവാസി അമ്മമാർ വരാറുണ്ട് – ഒരു ഡെസിലിറ്ററിന് രണ്ട് ഗ്രാം എന്ന അനുപാതത്തില്‍ ഹീമോഗ്ലോബിൻ എത്തുന്ന അവസ്ഥ! വിളർച്ച പരിശോധിക്കുമ്പോൾ നിങ്ങൾ ഹൈഡ്രോക്ലോറിക് ആസിഡിൽ രക്തം ഒഴിക്കുന്നു. അതിന് ഒരു ഡെസിലിറ്ററിന് 2 ഗ്രാം എന്നതിൽ താഴെ വായിക്കാൻ കഴിയില്ല. ഇത് [ആദിവാസി സ്ത്രീകളുടേത്] അതിലും കുറവാകാം, പക്ഷേ ഞങ്ങൾക്ക് അളക്കാൻ കഴിയില്ല”, ഡോ. ഷൈലജ പറഞ്ഞു.

വിളർച്ചയും മാതൃമരണങ്ങളും തമ്മിൽ വളരെയടുത്ത ബന്ധമുണ്ട്. "വിളർച്ച മൂലം ഗർഭധാരണവുമായി ബന്ധപ്പെട്ട രക്തസ്രാവം (obstetric haemorrhage), ഹൃദയാഘാതം, മരണം എന്നിവ വരെ സംഭവിക്കാം”, ഡോ. നമ്രിത മേരി ജോർജ്, 31, ചൂണ്ടിക്കാണിക്കുന്നു. ജി.എ.എച്ചിലെ ഗൈനക്കോളജി-ഒബ്സ്റ്റെട്രിക്സ് രംഗത്തെ വിദഗ്ദയാണവർ. "ഇത് കുഞ്ഞിന്‍റെ ഗർഭാശയത്തിനുള്ളിലെ ഭ്രൂണവളർച്ചയുടെ പ്രതിബന്ധത്തിനും ഭാരക്കുറവ് മൂലമുള്ള നവജാത മരണത്തിനും കാരണമാകാം. കുഞ്ഞ് ആരോഗ്യം പ്രാപിക്കാതിരിക്കുകയും കുഞ്ഞിന് പോഷണ വൈകല്യം ഉണ്ടാവുകയും ചെയ്യാം.”

ചെറു പ്രായത്തിലുള്ള വിവാഹവും പ്രസവങ്ങളും കുഞ്ഞിന്‍റെ ആരോഗ്യത്തെ കൂടുതൽ അപകടപ്പെടുത്താം. എൻ.എഫ്.എച്.എസ്.-4 പ്രസ്താവിക്കുന്നത് നീലഗിരിയിലെ ഗ്രാമപ്രദേശങ്ങളിലെ 21 ശതമാനം പെൺകുട്ടികൾ മാത്രമാണ് 18 വയസ്സിനുമുൻപ് വിവാഹിതരാവുന്നത് എന്നാണ്. പക്ഷെ ഇവിടെയുള്ള ആരോഗ്യ പ്രവർത്തകൾ വാദിക്കുന്നത് അവർ പ്രവർത്തിച്ചിട്ടുള്ള ഇടങ്ങളിലെ മിക്ക ആദിവാസി പെൺകുട്ടികളും 15-ാംവയസ്സിലോ, അല്ലെങ്കിൽ ആദ്യ ആർത്തവം കഴിഞ്ഞയുടനെയോ വിവാഹിതരാവുന്നു എന്നാണ്. "വിവാഹം താമസിക്കുന്നതും ആദ്യത്തെകുട്ടി താമസിക്കുന്നതുമായി ബന്ധപ്പെട്ട് നമുക്ക് പലതും ചെയ്യേണ്ട കാര്യമുണ്ട്”, ഷൈലജ യോജിക്കുന്നു. "പൂർണ്ണ വളർച്ച എത്താൻ അവസരം ലഭിക്കുന്നതിനു മുമ്പ് പതിനഞ്ചോ പതിനാറോ വയസ്സിൽ പെൺകുട്ടികൾ ഗർഭിണികളാകുമ്പോൾ അവരുടെ പരിതാപകരമായ പോഷണനില നവജാതശിശുവിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.”

An Alcoholics Anonymous poster outside the hospital (left). Increasing alcoholism among the tribal communities has contributed to malnutrition
PHOTO • Priti David
An Alcoholics Anonymous poster outside the hospital (left). Increasing alcoholism among the tribal communities has contributed to malnutrition
PHOTO • Priti David

ആശുപത്രിക്ക് പുറത്ത് ആൽക്കഹോളിക്സ് അറ്റോണിമസിന്‍റെ ഒരു പോസ്റ്റർ (ഇടത് ). ആദിവാസി വിഭാഗങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന മദ്യപാനം പോഷണ വൈകല്യത്തിലേക്ക് നയിക്കുന്നു

ഷൈല ചേച്ചിക്ക് (രോഗികളും സഹപ്രവർത്തകരും അവരെ വിളിക്കുന്നതുപോലെ) ആദിവാസി സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് ഏതാണ്ട് സർവവിജ്ഞാനകോശ തുല്യമായ അറിവുണ്ടെന്ന് പറയാം. "കുടുംബാരോഗ്യം പോഷണവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. പോഷകം കുറഞ്ഞ ഭക്ഷണത്തിന്‍റെ അഭാവം മൂലം ഗർഭിണികളും മുലയൂട്ടുന്നവരുമായഅമ്മമാർ ഇരട്ടി പ്രശ്നങ്ങൾ അനുഭവിക്കുന്നു. വേതനം വർദ്ധിച്ചിട്ടുണ്ട്, പക്ഷെ പണം കുടുംബങ്ങളിൽ എത്തുന്നില്ല”, അവർ ചൂണ്ടിക്കാണിക്കുന്നു. "മദ്യം വാങ്ങാനായി തങ്ങൾക്ക് ലഭിക്കുന്ന 35 കിലോഗ്രാം റേഷനരി അടുത്ത കടകളിൽ വിൽക്കുന്ന പുരുഷന്മാരുടെ കാര്യങ്ങൾ വരെ ഞങ്ങൾക്കറിയാം. അവരുടെ കുഞ്ഞുങ്ങളിലെ പോഷണവൈകല്യം എങ്ങനെ വർദ്ധിക്കാതിരിക്കും?"

"സമുദായവുമായി ബന്ധപ്പെട്ട് ഏതു വിഷയത്തിന്മേലുണ്ടാകുന്ന ഏതു യോഗവും ആത്യന്തികമായി ഈ പ്രശ്നത്തിൽ അവസാനിക്കുന്നു: കുടുംബങ്ങളിലെ വർദ്ധിക്കുന്ന മദ്യപാനം”, അശ്വിനിയിലെ മാനസികാരോഗ്യ കൗൺസെലറായ വീണ സുനിൽ,53, പറഞ്ഞു.

‘പ്രത്യേക ദുർബല ആദിവാസി വിഭാഗങ്ങൾ’ എന്ന ഗണത്തിൽ പെടുന്ന കാട്ടുനായ്ക്കൻ, പണിയൻ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവരാണ് ഈ പ്രദേശത്തെ മിക്ക ആദിവാസി സമുദായങ്ങളും. അവരിൽ 90 ശതമാനത്തിലധികം പേരും കാർഷിക മേഖലകളിലെ വേതനത്തൊഴിലാളികളായി കൃഷിയിടങ്ങളിലും എസ്റ്റേറ്റുകളിലും പണിയെടുക്കുന്നുവെന്ന് ഉദകമണ്ഡലത്തു നിന്നുള്ള ട്രൈബൽ റിസർച്ച് സെന്‍റർ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഇവിടെയുള്ള മറ്റു സമുദായങ്ങൾ പട്ടികവർഗ്ഗ വിഭാഗങ്ങളിൽത്തന്നെയുള്ള ഇരുളർ, ബേട്ട കുറുമ്പ, മുള്ളു കുറുമ്പ എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും പെടുന്നത്.

"1980-കളിൽ ഞങ്ങളിവിടെ ആദ്യമായി വരുമ്പോൾ 1976-ലെ അടിമപ്പണി സമ്പ്രദായ (നിരോധന) നിയമം [Bonded Labour System (Abolition) Act of 1976] ഉണ്ടായിട്ടും നെല്ല്, ചോളം, വാഴ, കുരുമുളക്, കപ്പ എന്നിവയുടെ കൃഷിയിടങ്ങളിൽ പണിയന്മാർ അടിമപ്പണിക്കാരായി ജോലി ചെയ്യുകയായിരുന്നു”, മേരി തെക്കേക്കര പറഞ്ഞു. "ഉൾ വനങ്ങളിലെ ചെറിയ തോട്ടങ്ങളിലായിരുന്നു അവർ, തങ്ങൾ പണി ചെയ്തുകൊണ്ടിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ഞങ്ങളുടെ പക്കലുണ്ടായിരുന്നു എന്നുള്ള കാര്യമറിയാതെ."

ആദിവാസികളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി മേരി തന്‍റെ ഭർത്താവ് സ്റ്റാൻ തെക്കേക്കരയോടൊപ്പം 1985-ൽ അക്കോർഡ് (ACCORD - Action for Community Organisation, Rehabilitation and Development) എന്ന ഒരു സ്ഥാപനം തുടങ്ങി. കാലക്രമേണ, സംഘടനകളുടെ ഒരു ശൃംഖല സംഭാവനകൾ കൊണ്ട് പ്രവർത്തിക്കുന്ന ഈ എൻ.ജി.ഓ. സ്ഥാപിച്ചു. സംഘങ്ങൾ രൂപീകരിച്ച് അവയെ ആദിവാസികൾ നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആദിവാസി മുന്നേറ്റ സംഘം എന്ന പൊതു സംഘത്തിന്‍റെ കീഴിലാക്കി. ആദിവാസി ഭൂമി തിരിച്ചുപിടിക്കാനും, തേയിലത്തോട്ടങ്ങൾ ഉണ്ടാക്കാനും, ആദിവാസി കുട്ടികൾക്ക് സ്ക്കൂൾ ഉണ്ടാക്കാനും സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. അസോസിയേഷൻ ഫോർ ഹെൽത്ത് വെൽഫെയർ ഇൻ ദി നീൽഗിരിസ് (അശ്വിനി - ASHWINI) എന്ന ഒരു സംഘടനയും അക്കോർഡ് ആരംഭിച്ചു. 1998 ഗൂഡല്ലൂർ ആദിവാസി ആശുപത്രി ആരംഭിച്ചു. നിലവിൽ ഇവിടെ 6 ഡോക്ടർമാരും ഒരു ലബോറട്ടറിയും എക്സ്-റേ മുറിയും ഫാർമസിയും രക്തബാങ്കും ഉണ്ട്.

Left: Veena Sunil, a mental health counsellor of Ashwini (left) with Janaki, a health animator. Right: Jiji Elamana and T. R. Jaanu (in foreground) at the Ayyankoli area centre, 'Girls in the villages approach us for reproductive health advice,' says Jaanu
PHOTO • Priti David
Left: Veena Sunil, a mental health counsellor of Ashwini (left) with Janaki, a health animator. Right: Jiji Elamana and T. R. Jaanu (in foreground) at the Ayyankoli area centre, 'Girls in the villages approach us for reproductive health advice,' says Jaanu
PHOTO • Priti David

ഇടത് : അശ്വിനിയിലെ മാനസികാരോഗ്യ കൗൺസെലറായ വീണ സുനിൽ (ഇടത് ) ഹെൽത്ത് ആനിമേറ്ററായ ജാനകിയോടൊപ്പം. വലത് : ജിജി ഇളമനയും റ്റി. ആർ. ജാനുവും ( മുൻപിൽ ) അയ്യൻകോലി ഏരിയ സെന്‍ററിൽ . ‘ പ്രദേശത്തെ പെൺകുട്ടികൾ ഞങ്ങളെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങൾക്കായി സമീപിക്കുന്നു ’, ജാനു പറഞ്ഞു

"80’കളിൽ ഇവിടെയുള്ള സർക്കാർ ആശുപത്രികൾ ആദിവാസികളെ രണ്ടാംകിട പൗരന്മാരെപ്പോലെ സമീപിക്കുകയും അവർ ഓടിപ്പോവുകയും ചെയ്യുമായിരുന്നു. ആരോഗ്യ അവസ്ഥകൾ ദാരുണമായിരുന്നു. ഗർഭധാരണ സമയത്ത് സ്ത്രീകൾ സ്ഥിരമായി മരിക്കുമായിരുന്നു. കുട്ടികൾ അതിസാരം പിടിപെട്ട് മരിക്കുമായിരുന്നു”, ഡോ. രൂപ ദേവദാസൻ ഓർമ്മിച്ചെടുത്തു. അവരും ഭർത്താവ് എൻ. ദേവദാസനുമായിരുന്നു അശ്വിനിയിലെ ഡോക്ടർമാരെ നയിച്ചിരുന്നത്. ആദിവാസി പ്രദേശങ്ങളിൽ വീടുവീടാന്തരം അവർ കയറിയിറങ്ങുകയായിരുന്നു. "അസുഖമുള്ളവരുടെയോ ഗർഭിണികളുടെയോ വീടുകളിൽ കയറാൻ പോലും ഞങ്ങളെ അനുവദിക്കുമായിരുന്നില്ല. സമുദായങ്ങൾ ഞങ്ങളിൽ വിശ്വാസം അർപ്പിക്കുന്നതിനായി ഒരുപാട് സംസാരിക്കുകയും ഉറപ്പുകൾ നൽകുകയും ചെയ്യേണ്ടിവന്നു.”

അശ്വിനിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംവിധാനം സാമൂഹിക ചികിത്സയാണ് – ഇവിടെ 17 ഹെൽത്ത് ആനിമേറ്റർമാരും (ആരോഗ്യ പ്രവർത്തകർ) 312 ആരോഗ്യ സന്നദ്ധപ്രവർത്തകരുമുണ്ട് – എല്ലാവരും ആദിവാസികൾ തന്നെ. വീടുകൾ സന്ദർശിച്ചുകൊണ്ടും ആരോഗ്യത്തെയും പോഷകാഹാരത്തെയും കുറിച്ച് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും അവർ വ്യാപകമായി ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ സഞ്ചരിക്കുന്നു.

മുള്ളു കുറുമ്പ സമുദായത്തിൽപ്പെട്ട, 50’കളിൽ പ്രായമുള്ള, റ്റി. ആർ. ജാനുവാണ് അശ്വിനിയിൽ നിന്നും പരിശീലനം നേടിയ ആദ്യ ഗെൽത്ത് ആനിമേറ്റർമാരിൽ ഒരാൾ. പന്തലൂർ താലൂക്കിലെ, ചെറങ്കോട് പഞ്ചായത്തിലെ, അയ്യങ്കോലി ഊരിൽ അവർക്കൊരു ഓഫീസുണ്ട്. അവിടെയവർ പ്രമേഹം, രക്തസമ്മർദ്ദം, ക്ഷയം എന്നിവയുമായി ബന്ധപ്പെട്ട് ആദിവാസി കുടുംബങ്ങളുടെ ഇടയിൽ സ്ഥിരമായ പരിശോധനകൾ നടത്തുകയും പ്രഥമശുശ്രൂഷകൾ നൽകുകയും പൊതു ആരോഗ്യത്തെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അവർ ഗർഭിണികളും മുലയൂട്ടുന്നവരുമായ അമ്മമാരെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്നു. "ഗ്രാമങ്ങളിലെ പെൺകുട്ടികൾ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ആരോഗ്യ കാര്യങ്ങളിലെ ഉപദേശങ്ങൾക്കായി ഗർഭധാരണ കാലഘട്ടത്തിൽ മാസങ്ങളോളം ഞങ്ങളെ സമീപിക്കുന്നു. ഗർഭപാത്രത്തിനുള്ളിലെ ഭ്രൂണവളർച്ചയുടെ പ്രതിബന്ധങ്ങളെ ഒഴിവാക്കുന്നതിനായി ഫോളേറ്റിന്‍റെ അപര്യാപ്തതയ്ക്കുള്ള ഗുളികകൾ ആദ്യത്തെ മൂന്ന് മാസങ്ങളിൽ നൽകണം, അല്ലെങ്കിൽ അത് പ്രവർത്തിക്കില്ല”, അവർ ചൂണ്ടിക്കാട്ടി.

സുമയെപ്പോലുള്ള ചെറുപ്പക്കാരികളായ സ്ത്രീകളുടെ കാര്യത്തിൽ പോലും ഐ.യു.ജി.ആറിനെ തടയാൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ ഞങ്ങൾ കണ്ടുമുട്ടി കുറച്ചു ദിവസങ്ങൾക്കു ശേഷം അവരുടെ ട്യൂബൽ ലിഗേഷൻ പ്രക്രിയ പൂർത്തിയായി അവരും കുടുംബവും വീട്ടിലേക്ക് തിരികെ പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഡോക്ടർമാരും നഴ്സുമാരും പോഷകാഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർക്ക് കൗൺസെലിംഗ് നൽകി. കൂടാതെ, വീട്ടിലേക്കുള്ള യാത്രയ്ക്ക് വേണ്ട പണവും ഒരാഴ്ചത്തേക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാനുള്ള പണവും അവർക്ക് കൈമാറി. "ഇത്തവണ പറഞ്ഞതുപോലെ പണം ചിലവഴിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”, അവർ പോകുമ്പോൾ ജിജി ഇളമന പറഞ്ഞു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: റെന്നിമോന്‍ കെ. സി.

Priti David

प्रीति डेविड, पारी की कार्यकारी संपादक हैं. वह मुख्यतः जंगलों, आदिवासियों और आजीविकाओं पर लिखती हैं. वह पारी के एजुकेशन सेक्शन का नेतृत्व भी करती हैं. वह स्कूलों और कॉलेजों के साथ जुड़कर, ग्रामीण इलाक़ों के मुद्दों को कक्षाओं और पाठ्यक्रम में जगह दिलाने की दिशा में काम करती हैं.

की अन्य स्टोरी Priti David
Illustration : Priyanka Borar

प्रियंका बोरार न्यू मीडिया की कलाकार हैं, जो अर्थ और अभिव्यक्ति के नए रूपों की खोज करने के लिए तकनीक के साथ प्रयोग कर रही हैं. वह सीखने और खेलने के लिए, अनुभवों को डिज़ाइन करती हैं. साथ ही, इंटरैक्टिव मीडिया के साथ अपना हाथ आज़माती हैं, और क़लम तथा कागज़ के पारंपरिक माध्यम के साथ भी सहज महसूस करती हैं व अपनी कला दिखाती हैं.

की अन्य स्टोरी Priyanka Borar
Series Editor : Sharmila Joshi

शर्मिला जोशी, पूर्व में पीपल्स आर्काइव ऑफ़ रूरल इंडिया के लिए बतौर कार्यकारी संपादक काम कर चुकी हैं. वह एक लेखक व रिसर्चर हैं और कई दफ़ा शिक्षक की भूमिका में भी होती हैं.

की अन्य स्टोरी शर्मिला जोशी
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

की अन्य स्टोरी Rennymon K. C.