“ഞങ്ങളെപ്പോലുള്ള സ്ത്രീകൾ വീടുകളും കൃഷിയിടങ്ങളും വിട്ട് നഗരത്തിലേക്ക് സമരത്തിനു വരികയെന്നു പറഞ്ഞാൽ അതിനർത്ഥം കാലിനടിയിലെ മാറ്റി [മണ്ണ്] നഷ്ടപ്പെടുന്നു എന്നാണ്”, അരുണ മന്ന പറഞ്ഞു. “കഴിഞ്ഞ മൂന്നു മാസങ്ങളിൽ ഞങ്ങൾ കഷ്ടിച്ചു ഭക്ഷണം കഴിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു. മറ്റു ദിവസങ്ങളിൽ ഒരുനേരം ഭക്ഷണം കഴിച്ചു ഞങ്ങൾ ജീവിച്ചു. ഇതാണോ ഈ നിയമങ്ങൾ പാസ്സാക്കാനുള്ള സമയം? ഞങ്ങളെ കൊല്ലാന്‍ ഈ മഹാമാരിയും (കോവിഡ്- 19 പകർച്ചാ വ്യാധി) പോരെന്നു തോന്നുന്നു!”
42-കാരിയായ അരുണ മദ്ധ്യ കോൽക്കത്തയിലെ എസ്പ്ലനേട് വൈ ചാനലിൽ സംസാരിക്കുകയായിരുന്നു. അവിടെ കർഷകരും കർഷക തൊഴിലാളികളും ഓൾ ഇൻഡ്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ (എ.ഐ.കെ.എസ്.സി.സി.) കീഴിൽ അണി നിരന്നിരുന്നു. വിദ്യാർത്ഥികളും, പൗരന്മാരും, തൊഴിലാളികളും, സംസ്കാരിക സംഘടനകളുമെല്ലാം അവിടെ കൂടിയിരുന്നു. എല്ലാവരും ചേർന്നത് 2020 സെപ്തംബറിൽ പാർലമെന്‍റ് പാസ്സാക്കിയ മൂന്നു കാർഷിക നയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായിരുന്നു.
രാജുവഖാക്കി ഗ്രാമത്തിൽ നിന്നുള്ള അരുണ എത്തിയത് ഏകദേശം 1500 സ്ത്രീകൾക്കൊപ്പമാണ്. അവരെല്ലാവരും തന്നെ ദക്ഷിണ 24 പർഗനാ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. തീവണ്ടികളിലും ബസുകളിലും ടെമ്പോകളിലുമായി ജനുവരി 18-നാണ് ദേശീയ തലത്തിൽ മഹിളാ കിസാൻ ദിവസം ആഘോഷിക്കുന്നതിനായി അവർ കോൽക്കത്തയിൽ എത്തിയത്. കൃഷിയിലേർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കും അവരുടെ അവകാശങ്ങൾക്കുമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ദിവസമാണ് മഹിളാ കിസാൻ ദിവസം. വനിതാ കർഷകരുടെയും കർഷക തൊഴിലാളികളുടെയും 40-ൽ അധികം യൂണിയനുകളും, വനിതാ സംഘടനകളും, എ.ഐ.കെ.എസ്.സി.സി.യും ചേർന്നാണ് പശ്ചിമ ബംഗാളില്‍ ഈ ദിവസം സംഘടിപ്പിച്ചത്.
തങ്ങളുടെ ശബ്ദം ശ്രദ്ധയില്‍ പെടുത്തുന്നതിനായി കോൽക്കത്തയിലേക്കു ചെയ്ത നീണ്ട യാത്രയിൽ ക്ഷീണിതർ ആയിരുന്നുവെങ്കിലും സ്ത്രീകളുടെ ദേഷ്യം അപ്പോഴും പ്രകടമായിരുന്നു. “അതുകൊണ്ട് ഞങ്ങൾക്കു വേണ്ടി ആരു സമരം ചെയ്യും? കോർട്ട് ബാബുമാർ (ജഡ്ജിമാർ)? വേണ്ടതു കിട്ടുന്നതുവരെ ഞങ്ങൾ സമരം ചെയ്യും.” ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അടുത്ത കാലത്ത് പ്രായമുള്ളവരും സ്ത്രീകളേയും കുറിച്ചു നടത്തിയ പരാമർശത്തോടു പ്രതികരിച്ചു കൊണ്ട് ശ്രമജീവി മഹിളാ സമിതിയുടെ അംഗമായ 38-കാരിയായ സുപർണ ഹൽദർ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന പ്രായമുള്ളവരേയും സ്ത്രീകളേയും സമരത്തിൽ നിന്നും പിന്തിരിയാൻ പ്രേരിപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
മഹിളാ കിസാൻ ദിവസത്തിന്‍റെ ഭാഗമായി കോൽക്കത്താ സമര വേദിയിൽ ജനുവരി 18-ന് ഏകദേശം രാവിലെ 11:30 മുതൽ ഉച്ചകഴിഞ്ഞു 4 വരെ നടത്തിയ മഹിളാ കിസാൻ മജൂർ വിധാൻ സഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുപർണ. കൃഷി ചെയ്യുന്ന സ്ത്രീകളുടെ പരിഗണനയിലുള്ള സങ്കീർണ്ണമായ പ്രശ്നങ്ങള്‍, അവരുടെ അദ്ധ്വാനം, ഭൂഉടമസ്ഥതക്കു വേണ്ടിയുള്ള നീണ്ട സമരങ്ങൾ, മറ്റവകാശങ്ങൾ, പുതിയ കാർഷിക നിയമങ്ങൾ അവരുടെ ജീവിതങ്ങളിലുണ്ടാക്കുന്ന വലിയ ആഘാതങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു യോഗം കേന്ദീകരിച്ചത്.
എങ്ങനെയാണ് വർദ്ധിച്ചു വരുന്ന നിക്ഷേപ ചിലവുകളും ആവർത്തിച്ചുവരുന്ന ചുഴലിക്കാറ്റുകളും തങ്ങളുടെ പ്രദേശത്തെ ഉപജീവന കൃഷിയെ അസ്ഥിരമാക്കിയതെന്ന് ദക്ഷിണ 24 പർഗനാ ജില്ലയിലെ റായ്ഡിഘി ഗ്രാമ പഞ്ചായത്തിലെ പാകുർതാലാ ഗ്രാമത്തിൽ നിന്നുള്ള സുപർണ സംസാരിച്ചു. തത്ഫലമായി എം.ജി.എൻ.ആർ.ഇ.ജി.എ. (പ്രാദേശികമായി എക്‌ശോ ദിനർ കാജ് അഥവ 100 ദിവസ ജോലി എന്നിങ്ങനെ അറിയപ്പെടുന്നു), മറ്റു സർക്കാർ മുതൽ മുടക്കിലോ പഞ്ചായത്തുകൾ മുഖേനയോ നടത്തുന്ന പണി സ്ഥലങ്ങൾ, എന്നിവയൊക്കെ കർഷക തൊഴിലാളികൾക്കും വളരെ കുറച്ചു ഭൂമിയുള്ള കർഷക കുടുംബങ്ങൾക്കും നിര്‍ണ്ണായക ജീവിതമാര്‍ഗ്ഗമായി മാറിയിരിക്കുന്നു.
കോൽക്കത്തയിലെ സമര യോഗം മൂന്നു കാർഷിക നിയമങ്ങള്‍ പിൻവലിക്കുന്നതിലേക്ക് കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ അവിടെക്കൂടിയിരുന്ന സ്ത്രീകള്‍ എം.ജി.എൻ.ആർ.ഇ.ജി.എ. പദ്ധതി പ്രകാരമുള്ള തൊഴിൽ ദിവസങ്ങളുടെയും പ്രാദേശിക പഞ്ചായത്തുകളുടെ കീഴിലുള്ള തൊഴിൽ ദിവസങ്ങളുടെയും ദൗർലഭ്യം കൂടി കണക്കിലെടുത്തിരുന്നു.
“ജോലി ലഭ്യമല്ല. ഞങ്ങൾക്കെല്ലാവർക്കും സാധുതയുള്ള തൊഴിൽ കാർഡുകൾ ഉണ്ട് [ഭർത്താക്കന്മാരുടെയോ പിതാക്കന്മാരുടെയോ പേരിലാണ് കാർഡുകൾ നൽകുന്നതെങ്കിലും. അതും പല സ്ത്രീകൾക്കും പ്രശ്നമാണ്]. എന്നിട്ടും ഞങ്ങൾക്കു ജോലി കിട്ടുന്നില്ല”, 55-കാരിയായ സുചിത്ര ഹൽദർ പറയുന്നു. മഥുരാപൂർ രണ്ടാം ബ്ലോക്കിലെ റായ്ഡിഘി പഞ്ചായത്തിലെ ബല്‍രാംപൂർ ഗ്രാമത്തിലെ 100 ദിവസ ജോലി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കി നടത്തുന്നത് സുചിത്രയാണ്. “ഞങ്ങൾ ഇതിനെതിരെ കാലങ്ങളായി സമരം ചെയ്തുകൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും പണി കിട്ടിയാൽത്തന്നെ സമയത്ത് കൂലി കിട്ടില്ല. ചിലപ്പോൾ ഒന്നും കിട്ടാറില്ല.”
“ഞങ്ങളുടെ ഗ്രാമത്തിലെ പുതു തലമുറ മടിയന്മാരായി മാറി. അവർക്കു ജോലിയൊന്നുമില്ല”, രജുവഖാക്കി ഗ്രാമത്തിലെ 40-കാരിയായ രഞ്ജിത സാമന്ത കൂട്ടിച്ചേർത്തു. “ജോലിക്കു പോയ സ്ഥലത്തു നിന്നും പല പുരുഷന്മാരും തിരിച്ചെത്തി. മാതാപിതാക്കൾക്കു മാസങ്ങളായി ജോലിയില്ല, അതിനാൽ പുതുതലമുറയും ബുദ്ധിമുട്ടേണ്ടി വരുന്നു. 100 ദിവസത്തെ ജോലി പോലും ലഭിക്കുന്നില്ലെങ്കിൽ ഞങ്ങൾ എങ്ങനെ ജീവിക്കുമെന്നാണ് കരുതുന്നത്?”
കോട്ടൺ സാരിയുടെ അരികുകൊണ്ട് കട്ടിയുള്ള ഗ്ലാസ്സുകൾ തുടച്ച് കുറച്ചു മാറിയിരിക്കുന്നത് 80-കാരിയായ ദുർഗാ നൈയ്യാ ആണ്. മഥുരാപൂർ രണ്ടാം ബ്ലോക്കിലെ ഗിലാർഛാട് ഗ്രാമത്തിൽ നിന്നും ഒരുകൂട്ടം സ്ത്രീകളോടൊപ്പമാണ് അവർ എത്തിയത്. “എന്‍റെ ശരീരത്തിനു ശക്തിയുള്ള കാലത്തോളം ഞാൻ സ്ഥിരമായി ഖേത് മജൂർ [കർഷക തൊഴിലാളി] ആയി പണി എടുക്കും”, അവർ പറഞ്ഞു. “നോക്കൂ എനിക്കിപ്പോൾ നല്ല പ്രായം ആയിരിക്കുന്നു, ഭർത്താവ് ഒരുപാടു കാലങ്ങൾക്കു മുമ്പു മരിച്ചു. ഇപ്പോൾ എനിക്ക് പണിയെടുക്കാൻ വയ്യ. പ്രായമുള്ള കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ നല്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനാണ് ഞാനിവിടെ വന്നിരിക്കുന്നത്.”
കർഷക സമരങ്ങളുടെ കാര്യത്തിൽ വളരെ പരിചയ സമ്പന്നയാണ് ദുർഗ്ഗാ നൈയ്യാ. “ഞാനിവരോടൊപ്പം രാജ്യത്തെ മറ്റു കർഷകരുടെ കൂടെചേരാൻ 2018-ൽ ഡൽഹിക്കു പോയിട്ടുണ്ട്.” മഥുരാപൂർ രണ്ടാം ബ്ലോക്കിലെ രാധാകാന്താപൂർ ഗ്രാമത്തിൽ നിന്നുള്ള 50 -കാരിയായ ഭൂരഹിത കർഷക പാരുൾ ഹൽദർ പറഞ്ഞു. കിസാന്‍ മുക്തി മോര്‍ച്ച യുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ 2018 നവംബറിൽ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും റാംലീലാ മൈതാനം വരെ അവർ ഒരുമിച്ചു നടന്നിട്ടുണ്ട്.
“ഞങ്ങൾ കഷ്ടിച്ചാണ് ജീവിക്കുന്നത്”, സമരസ്ഥലത്തെ പ്രായമുള്ള സ്ത്രീകളോടൊപ്പം എന്തുകൊണ്ടാണ് ചേർന്നതെന്ന് ചോദിച്ചപ്പോൾ പാരുൾ പറഞ്ഞു. “കൃഷിസ്ഥലങ്ങളിൽ കൂടുതൽ ജോലികളൊന്നും ലഭ്യമല്ല. വിതയ്ക്കുകയും വിവെടുപ്പു നടക്കുകയും ചെയ്യുന്ന സമയത്ത് 270 രൂപ ദിവസക്കൂലിയായി ഞങ്ങൾക്ക് കുറച്ചു ദിവസം തൊഴിൽ ലഭിക്കും. പക്ഷേ ആ കൂലികൊണ്ടു ഞങ്ങൾക്കു ജീവിക്കാനാവില്ല. ഞാൻ ബീഡികൾ തെറുക്കുകയും ഒറ്റപ്പെട്ട മറ്റു ചില ജോലികൾ ചെയ്യുകയും ചെയ്യുന്നു. മഹാമാരിയുടെ സമയത്ത്, പ്രത്യേകിച്ച് ആംഫൻ [2020 മെയ് 20-ന് പശ്ചിമ ബംഗാളിൽ ഉണ്ടായ ചുഴലിക്കാറ്റ്] അടിച്ച സമയത്ത്, ഞങ്ങൾ വളരെ മോശപ്പെട്ട ദിവസങ്ങൾ കണ്ടു.”
പ്രായമുള്ള സ്ത്രീകൾ മാസ്കുകൾ ധരിക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. മഹാമാരിയുടെ സമയത്തു പ്രായാധിക്യത്താല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാദ്ധ്യതകളെക്കുറിച്ച് അവർക്ക് ധാരണയുണ്ടായിരുന്നു. അപ്പോഴും അവർ സമരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. “ഞങ്ങൾ നേരത്തെ തന്നെ എഴുന്നേറ്റു. സുന്ദർവനങ്ങളിലെ ഞങ്ങളുടെ ഗ്രാമങ്ങളിൽ നിന്നും കോൽക്കത്തയിൽ എത്തുക എളുപ്പമല്ല.” ഗിലാർഛാട് ഗ്രാമത്തിൽ നിന്നുള്ള 75-കാരിയായ പിംഗള പുത്കായ് പറഞ്ഞു. “ഞങ്ങളുടെ സമിതി [ശ്രമജീവി മഹിളാ സമിതി] ഞങ്ങൾക്കുവേണ്ടിയൊരു ബസ് ക്രമീകരിച്ചു. ഞങ്ങൾക്കിവിടെ ചോറ്, കിഴങ്ങ്, ലഡു, മാങ്ങാ ജ്യൂസ്, എന്നിവയെല്ലാംചേര്‍ത്ത് പാക്ക് ചെയ്ത ഉച്ചഭക്ഷണം ലഭിച്ചു. ഇതു ഞങ്ങൾക്കൊരു പ്രത്യേക ദിവസമാണ്.”
അവരിലൊരാളായിരുന്ന 65-കാരിയായ മാലതി ദാസ് പറഞ്ഞത് പ്രതിമാസം 1000 രൂപ വീതം ലഭിക്കുന്ന വിധവാ പെൻഷനു വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ്. ഒരു തവണപോലും അവർക്കതു ലഭിച്ചിട്ടില്ല. “ജഡ്ജി പറയുന്നത് പ്രായമുള്ളവരും സ്ത്രീകളും സമരത്തിൽ പങ്കെടുക്കരുതെന്നാണ്,” അവർ കൂട്ടിച്ചേർത്തു. “ജെനോ ബുടോ ആർ മെയെനാമുശ്ദെർ പേട് ഭോരേ റോജ് പൊലാവു ആർ മംഗ്‌ശോ ദീഛേ ഖേത്തേ [പയുന്നതു കേട്ടാൽ തോന്നും അവർ സ്ത്രീകൾക്കും പ്രായമുള്ളവർക്കും പുലാവും ഇറച്ചിക്കറിയും ഉണ്ടാക്കിത്തരുമെന്ന്].”
കാർഷിക വൃത്തിയിൽ നിന്നും വിരമിച്ച ഈ കൂട്ടത്തിലുള്ള നിരവധി സ്ത്രീകള്‍ കർഷകർക്കും കർഷക തൊഴിലാളികൾക്കും മാന്യമായ പെൻഷൻ അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം ആവർത്തിച്ചു.
സുന്ദർവനങ്ങളിൽ നിന്നെത്തിയ ഞാൻ സംസാരിച്ച ഭൂരിഭാഗം സ്ത്രീകളും വിവിധ പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരും ധാരാളം ഉണ്ടായിരുന്നു. ജമാൽപൂർ ബ്ലോക്കിലെ മോഹൻപൂർ ഗ്രാമത്തിൽ നിന്നുള്ള ഭുമിജി സമുദായത്തിൽ പെട്ട 46-കാരിയായ മഞ്ജു സിംഗ് എന്ന ഭൂരഹിത കർഷക തൊഴിലാളിയും അവരിലൊരാളായിരുന്നു.
“ബിചാർതി [ജഡ്ജി] വീട്ടിലേക്ക് എല്ലാം എത്തിച്ചു തരട്ടെ – ഭക്ഷണവും, മരുന്നുകളും, ഞങ്ങളുടെ കുട്ടികൾക്കുവേണ്ടിയുള്ള ഫോണും എല്ലാം”, അവർ പറഞ്ഞു. “ഞങ്ങൾ വീട്ടിൽ തന്നെ താമസിക്കാം. ഞങ്ങൾ ചെയ്യുന്ന ഹർഭംഗ ഖതൂനി [നടുവു കളയുന്ന കഠിനാദ്ധ്വാനം] പോലുള്ളവ ആരും ഇഷ്ടപ്പെടില്ല. അതുകൊണ്ട് സമരമല്ലാതെ ഞങ്ങൾ എന്തു ചെയ്യും?”
“100 ദിന തൊഴിൽ പദ്ധതിയിൻ കീഴിൽ ഒരു വർഷം 25 ദിവസത്തെ പണിയേ ഞങ്ങൾക്കു കിട്ടുന്നുള്ളൂ, കൂലി പ്രതിദിനം 204 രൂപ വീതം. തൊഴിലിന് ഉറപ്പു നൽകുന്നില്ലെങ്കിൽ ഈ കാർഡിന്‍റെ ഉപയോഗം എന്താണ്? ഏക്ശോ ദിനെർ കാജ് ശുധു നാം-കാ–വാസ്തെ [ഇതിനെ വെറുതെ 100 ദിന തൊഴിൽ എന്ന് വിളിക്കുന്നു]! ഞാൻ കൂടുതലും സ്വകാര്യ കൃഷിസ്ഥലത്താണ് പണിയെടുക്കുന്നത്. ഒരു നീണ്ട സമരത്തിനു ശേഷം 180 രൂപയും രണ്ടു കിലോ അരിയും ഞങ്ങളുടെ പ്രദേശത്ത് ഭൂഉടമകകളിൽ നിന്നും ദിവസക്കൂലിയായി ലഭിക്കുന്ന കാര്യത്തിൽ ഉറപ്പു നേടിയിരുന്നു” പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലെ തന്‍റെ ഗ്രാമത്തിലെ കാര്യം അവര്‍ കൂട്ടിച്ചേര്‍ത്തു.
മോഹൻപൂർ ഗ്രാമത്തിൽ നിന്നുതന്നെയാണ് സന്താൾ ആദിവാസി വിഭാഗത്തിൽപ്പെട്ട ആരതി സോറൻ എന്ന 30-കളുടെ മദ്ധ്യത്തിലെത്തി നിൽക്കുന്ന കർഷക തൊഴിലാളിയും വന്നത്. “കൂലിക്കുവേണ്ടി മാത്രമല്ല, മറ്റു പലതിനും വേണ്ടിയാണ് ഞങ്ങളുടെ സമരം”, അവർ പറഞ്ഞു. “മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഞങ്ങൾക്ക് എല്ലാക്കാര്യങ്ങൾക്കും സമരം ചെയ്യേണ്ടതുണ്ട്. ബി.ഡി.ഓ. ഓഫീസിലും പഞ്ചായത്തിലും ഞങ്ങളുടെ സമുദായത്തിൽ നിന്നുള്ള സ്ത്രീകൾ കൂട്ടത്തോടെയെത്തി ഒച്ചവച്ചാൽ മാത്രമേ അവർ കേൾക്കൂ. ഈ നിയമങ്ങൾ ഞങ്ങളെ പട്ടിണി കിടത്തും. ഞങ്ങളോടു വീട്ടിൽ പോകാൻ പറയുന്നതിനു പകരം ന്യായാധിപന്മാർ എന്തുകൊണ്ട് നിയമങ്ങൾ എടുത്തു മാറ്റുന്നില്ല?”
കോൽക്കത്തയ്ക്കു സമീപമുള്ള സ്വകാര്യ കൃഷിസ്ഥലങ്ങളിലെ ജോലി നഷ്ടപ്പെട്ടതോടെ അഞ്ജുവിന്‍റെയും ആരതിയുടെയും ഭർത്താക്കന്മാർ പത്തു മാസത്തോളമായി വീട്ടിലാണ്. മക്കൾക്കായി ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ഫോൺ വാങ്ങാൻ അവർക്കു പറ്റുന്നില്ല. എം.ജി.എൻ.ആർ.ഇ.ജി.എ.യിലൂടെ ലഭ്യമായിരുന്ന ജോലി കാര്യമായി കുറഞ്ഞത് അവരെ കൂടുതൽ പ്രശ്നത്തിലാക്കി. മഹാമാരി മൂലം ഉണ്ടായ ലോക്ക്ഡൗൺ നിരവധി വനിതാ കർഷക തൊഴിലാളികളെ മഹാജന്മാരിൽ (പണം വായ്പ കൊടുക്കുന്നവർ) നിന്നും ഉപജീവനത്തിനായി വായ്പയെടുക്കുന്നതിനു പ്രേരിപ്പിച്ചു. “സർക്കാർ നല്കിയ അരി ഉപയോഗിച്ചാണ് ഞങ്ങൾ ജീവിച്ചു പോന്നത്, മഞ്ജു പറഞ്ഞു. പക്ഷേ പാവങ്ങൾക്ക് അരി മാത്രം മതിയോ?”
“ഗ്രാമത്തിലെ സ്ത്രീകളെ വിളര്‍ച്ച ബാധിച്ചിരിക്കുന്നു”, പശ്ചിം ബംഗാ ഖേത് മജൂർ അംഗവും ദക്ഷിണ 24 പർഗനായിലെ റായ്ഡിഘി പഞ്ചായത്തിലെ റായ്ഡിഘി ഗ്രാമത്തിൽ നിന്നുള്ള 40-കാരിയുമായ നമിതാ ഹൽദർ പറഞ്ഞു. “ഞങ്ങൾക്ക് നല്ല സർക്കാർ ആശുപത്രികളിൽ നിന്നും നല്ല ചികിത്സ വേണം. വലിയ സ്വകാര്യ നഴ്സിംഗ് ഹോമുകളിലെ ചിലവ് ഞങ്ങൾക്കു താങ്ങാനാവില്ല. ഈ നിയമങ്ങൾ മാറ്റിയില്ലെങ്കിൽ ഇതു തന്നെയാണ് കൃഷിയുടെ അനുഭവവും. വലിയ സ്വകാര്യ കമ്പനികൾക്കു വേണ്ടി സർക്കാർ എല്ലാം തുറന്നിട്ടാൽ ഇപ്പോൾ എങ്ങനെയെങ്കിലും ലഭിക്കുന്ന ഭക്ഷണങ്ങൾ കൂടി പാവങ്ങൾക്ക് ഇല്ലാതാകും. ലാഭത്തിന്‍റെ കാര്യം മാത്രമേ കമ്പനികൾക്കു മനസ്സിലാകൂ. ഞങ്ങൾ മരിച്ചാലും അവർ ശ്രദ്ധിക്കില്ല. ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം വാങ്ങാൻ പോലും ഞങ്ങൾ കഴിവില്ലാത്തവരാകും.”
സമരസ്ഥലങ്ങളിൽ സ്ത്രീകളില്ലാത്ത ഒരു ചോദ്യവും അവരെ സംബന്ധിച്ചും ഉദിക്കുന്നില്ല. “നാഗരികതയുടെ ആരംഭം മുതൽ സ്ത്രീകൾ കൃഷി ചെയ്യുന്നുണ്ട്”, അവർ പറഞ്ഞു.
നമിതാ ഹൽദർ വിശ്വസിക്കുന്നത് മൂന്നു കാർഷിക നിയമങ്ങളും കടുത്ത രീതിയിൽ തന്നെപ്പോലുള്ള വനിതാ കർഷകരെ ബാധിക്കുമെന്നാണ്. ഭൂമി പാട്ടത്തിനെടുത്ത് നെല്ലും പച്ചക്കറികളും മറ്റു വിളകളും കൃഷി ചെയ്യുന്ന വനിതാ കുടികിടപ്പു കർഷകരേയും, കർഷക തൊഴിലാളികളെയും ഇവ ബാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു. “ഉൽപ്പന്നങ്ങൾക്കു ശരിയായ വില കിട്ടുന്നില്ലെങ്കിൽ എങ്ങനെ ഞങ്ങൾ കൊച്ചു കുഞ്ഞുങ്ങൾക്കും ഭർത്താവിന്‍റെയും ഞങ്ങളുടെയും പ്രായമുള്ള മാതാപിതാക്കൾക്കും ഭക്ഷണം നല്കും? അവർ ചോദിച്ചു. വലിയ കമ്പനി മാലിക്കുകൾ (ഉടമകള്‍)വളരെ കുറഞ്ഞ വിലയ്ക്കു ഞങ്ങളിൽ നിന്നും വിളകൾ വാങ്ങിയിട്ട് പൂഴ്ത്തി വയ്ക്കുകയും വിലകൾ നിയന്ത്രിക്കുകയും ചെയ്യും.”
താഴെപ്പറയുന്ന നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.
ഈ വിധാൻ സഭ പാസ്സാക്കിയ പ്രമേയങ്ങളിൽ കർഷക തൊഴിലാളികളുടെയും വനിതാ കർഷകരുടെയും വിവിധ ആവശ്യങ്ങൾ പ്രതിഫലിച്ചിട്ടുണ്ട്. താഴെപ്പറയുന്നവയൊക്കെയാണ് ഈ ആവശ്യങ്ങൾ: മൂന്നു കാർഷിക നിയമങ്ങളും ഉടൻ പിൻവലിക്കുക; ദേശീയ കാര്‍ഷിക കമ്മീഷന്‍റെ (സ്വമിനാഥൻ കമ്മീഷൻ) ശുപാർശ പ്രകാരമുള്ള മിനിമം താങ്ങു വില (എം.എസ്.പി.) ഉറപ്പാക്കുന്നതിനുള്ള നിയമം നടപ്പിലാക്കുക; റേഷൻ സാധനങ്ങൾക്കുവേണ്ടി പി.ഡി.എസ്. (പൊതു വിതരണ സംവിധാനം) നെ ശക്തിപ്പെടുത്തുക.
ദിവസത്തിന്‍റെ അവസാനം ദക്ഷിണ 24 പർഗനായിലെ ഭാംഗർ ബ്ലോക്കിലെ മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ള വനിതാ കർഷകരുൾപ്പെടെ ഏകദേശം 500 സ്ത്രീകളുടെ മശാല്‍ മിഛിൽ (ടോർച്ച് റാലി) ഇരുണ്ട ആകാശത്ത് സന്ധ്യയെ തെളിയിച്ചു.
ചിത്രീകരണം: പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.
പരിഭാഷ: റെന്നിമോന്‍ കെ. സി.