രാവിലെ 9 മണിയാകുമ്പോൾ ഇസ്ലാവത് ബന്യാ നായക് തന്റെ നൂറ്റൻപതോളം വരുന്ന പശുക്കളെ വാത്വാർലാപളെ ഗ്രാമത്തിന് സമീപത്തുകൂടി കടന്നുപോകുന്ന ഹൈദരാബാദ് -ശ്രീശൈലം ഹൈവേയ്ക്ക് കുറുകെ തെളിക്കും. റോഡ് കടന്ന്, പൂർവ്വഘട്ടത്തിന്റെ ഭാഗമായ നല്ലമല മലനിരകളിൽ സ്ഥിതിചെയ്യുന്ന അംറാബാദ് കടുവ സങ്കേതത്തിന്റെ കോർ മേഖലയിലേയ്ക്ക് പ്രവേശിക്കുന്ന ഈ കന്നുകാലിക്കൂട്ടം അവിടെയുള്ള പുല്ലും തളിരിലകളുമെല്ലാം തിന്ന് വിശപ്പടക്കും.

75 വയസ്സുകാരനായ നായക് ലാമ്പാടി സമുദായക്കാരനാണ്; പ്രദേശത്തെ മിക്ക കന്നുകാലി വളർത്തലുകാരെയുംപോലെ അദ്ദേഹവും വളർത്തുന്നത് തുറുപ്പ് ഇനത്തിൽപ്പെട്ട കന്നുകാലികളെയാണ്. ലാമ്പാടി (പട്ടിക വർഗ്ഗം), യാദവ (ഓ.ബി.സി), ചെഞ്ചു (അതീവ ദുർബല ഗോത്രവിഭാഗം) എന്നീ സമുദായങ്ങളാണ് പരമ്പരാഗതമായി തുറുപ്പ് ഇനത്തെ വളർത്തുന്നത്. ഈ ഇനത്തിൽപ്പെട്ട കന്നുകാലികൾക്ക് ചെറിയ, മൂർച്ചയേറിയ കൊമ്പുകളും ഉറപ്പുള്ള, ബലമേറിയ കുളമ്പുകളുമുണ്ടാകും. ഈർപ്പമുള്ളതും വരണ്ടതുമായ ഏത് ഭൂപ്രകൃതിയിലൂടെയും അനായാസം നടന്നുനീങ്ങാൻ കഴിവുള്ള അവയ്ക്ക് ഭാരം വലിക്കാനും മികച്ച ശേഷിയാണ്. പൊതുവെ ചൂട് കൂടുതലുള്ള ഈ പ്രദേശത്തെ  കാലാവസ്ഥയിൽ വളരെ കുറച്ച് വെള്ളംമാത്രം കുടിച്ച് ഏറെ നേരം പിടിച്ചുനിൽക്കാനും അവയ്ക്ക് കഴിയും.

തെലങ്കാന-കർണ്ണാടക അതിർത്തിയിലുള്ള ഗ്രാമങ്ങൾക്ക് കിഴക്കുള്ള അംറാബാദ് ഉപജില്ലയിൽനിന്നാണ് കർഷകർ പ്രധാനമായും ഈ ഇനത്തിലുള്ള പശുക്കളെ വാങ്ങുന്നത് എന്നതിനാലും അവയുടെ ശരീരത്തിൽ പുള്ളികൾ ഉള്ളതിനാലുമാണ് ഇവിടത്തെ ജനങ്ങൾ അവയെ 'പോട തുറുപ്പ്' എന്ന് വിളിക്കുന്നത്- തെലുഗു ഭാഷയിൽ 'പോട' എന്നാൽ പുള്ളി എന്നും 'തുറുപ്പ്' എന്നാൽ കിഴക്ക് എന്നുമാണ് അർഥം.

Husaband and wife stand with their cattles behind
PHOTO • Harinath Rao Nagulavancha

ഇസ്ലാവത് ബന്യാ നായകും (75) അദ്ദേഹത്തിന്റെ ഭാര്യ ഇസ്ലാവത് മറോണിയും (60). ഇവിടത്തെ സമുദായങ്ങളിലെ സ്ത്രീകൾ പൊതുവെ കന്നുകാലികളെ മേയ്ക്കാനോ കന്നുകാലി കച്ചവടത്തിനോ പോകാറില്ല; എന്നാൽ വീട്ടിലെ തൊഴുത്തിൽ കെട്ടുന്ന പശുക്കളെ പരിപാലിക്കുന്നത് അവരാണ്. ചില സന്ദർഭങ്ങളിൽ, കന്നുകാലികളെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാർക്കൊപ്പം സഞ്ചരിക്കുകയും കാട്ടിൽ പണിയുന്ന താത്കാലിക കുടിലുകളിൽ താമസിക്കുകയും ചെയ്യും

എല്ലാ വർഷവും നവംബറിൽ, ദീപാവലി കഴിഞ്ഞ് കുറച്ച് ആഴ്ചകൾക്കുശേഷം, പ്രാദേശിക ഉത്സവമായ കുരുമൂർത്തി ജതാരത്തിന്റെ വേദിയിൽ കർഷകരും കച്ചവടക്കാരും ഒത്തുകൂടും. ഇവിടെ നടക്കുന്ന മേളയുടെ ഭാഗമായാണ് കാളക്കിടാവുകളുടെ കച്ചവടം നടത്തുന്നത്. അംറാബാദിൽനിന്ന് 150 കിലോമീറ്റർ അകലെ നടക്കുന്ന ഈ മേളയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് സന്ദർശകരെത്താറുണ്ട്. നായകിനെപ്പോലെ കന്നുകാലികളെ വളർത്തുന്നവരിൽനിന്ന് ജോഡി ഒന്നിന് 25,000-30,000 രൂപ നിരക്കിൽ വാങ്ങുന്ന, 12 മുതൽ 18 മാസംവരെ പ്രായമുള്ള കാളക്കിടാവുകളെ കച്ചവടക്കാർ മേളയിൽ വിൽപ്പനയ്ക്കുവെക്കും. സാധാരണ അഞ്ച് ജോഡി കിടാവുകളെയാണ് നായക് മേളയിൽ കൊണ്ടുവന്ന് വിൽക്കുക; അല്ലാത്ത സമയങ്ങളിൽ ഒന്നോ രണ്ടോ ജോഡി പുറമേയും. കിടാവുകളെ വാങ്ങാനെത്തുന്നവർ ജോഡി ഒന്നിന് 25,000 മുതൽ 45,000 രൂപ വരെ കൊടുക്കാറുണ്ട്. ചിലപ്പോഴെല്ലാം മേളയിലെത്തുന്ന കച്ചവടക്കാർ കർഷകരുമായിരിക്കും; വില്പനയാകാത്ത കന്നുകാലികളെ അവർ തിരികെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയും വർഷം മുഴുവൻ അവരുടെ കൃഷിയിടങ്ങളിൽ വില്പനയ്ക്ക് വെക്കുകയും ചെയ്യും.

കന്നുകാലി പരിപാലനം ഏറെ സമയമെടുക്കുന്ന ഒരു ജോലിയാണ്. കുറ്റിച്ചെടികളും പുല്ലും മുളയും വളർന്നുനിൽക്കുന്ന, വരണ്ട, ഇല പൊഴിയുന്ന മരങ്ങളുള്ള കാടാണ് അംറാബാദിലുള്ളത്. ജൂൺമുതൽ നവംബർവരെയുള്ള മാസങ്ങളിൽ കടുവ സങ്കേതത്തിന്റെ ബഫർ മേഖലകളിൽനിന്ന് പശുക്കൾക്ക് ആവശ്യമായ തീറ്റ ലഭിക്കും. എന്നാൽ നവംബർ കഴിഞ്ഞാൽ പശുക്കൾ മേയുന്ന പ്രദേശങ്ങൾ വരണ്ടുണങ്ങിത്തുടങ്ങും. സങ്കേതത്തിന്റെ കോർ മേഖലയിൽ പ്രവേശിക്കാൻ വനം വകുപ്പ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾകൂടിയാകുമ്പോൾ, കന്നുകാലികൾക്ക് തീറ്റപ്പുല്ല് കണ്ടെത്തുക ഏറെ ദുഷ്ക്കരമായി മാറും.

ഈയൊരു മാർഗം അടയുന്നതോടെ നായക് തന്റെ ഗ്രാമമായ മാന്നനൂരിൽനിന്ന് 25 കിലോമീറ്റർ അകലെ, തന്റെ സഹോദരിയുടെ ഗ്രാമമായ വാത്വാർലാപളെയിലേക്ക് കന്നുകാലികളുമായി നീങ്ങും. തെലങ്കാനയിലെ മെഹബൂബ് നഗറിൽ (ഇപ്പോൾ നഗർകുർണൂൽ,) അംറാബാദ് മണ്ഡലിന് കീഴിലുള്ള ഈ ഗ്രാമത്തിൽ കന്നുകാലികൾക്ക് മേയാൻ സൗകര്യമുള്ള വനപ്രദേശമുണ്ട്. അതിന് സമീപത്ത് നായക് താത്കാലിക ഉപയോഗത്തിനായി ഒരു പുരയും നിർമ്മിച്ചിട്ടുണ്ട്.

വീഡിയോ നോക്കുക: ‘ഒന്ന് ആജ്ഞാപിച്ചാൽ മതി, എല്ലാവരും പുഴയിലേക്കെടുത്തുചാടും’

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ, പ്രകാശം, നെല്ലോർ ജില്ലകളിൽ മൂന്നാം വിളയുടെ (ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ അല്ലെങ്കിൽ മെയ്-ജൂൺ മാസങ്ങളിൽ) ഭാഗമായി കിട്ടുന്ന വൈക്കോലിനായി 300 കിലോമീറ്റർവരെ ചില കന്നുകാലികളെയും കൊണ്ട് ഉടമസ്ഥർ സഞ്ചരിക്കാറുണ്ട്. അവിടെ അവർ ഒന്നുകിൽ വൈക്കോൽ വിലകൊടുത്ത് വാങ്ങുകയോ അല്ലെങ്കിൽ ചാണകം പകരം കൊടുത്ത് വാങ്ങുകയോ ചെയ്യും. കർഷകർ ഈ പശുക്കളെ തങ്ങളുടെ കൃഷിയിടത്തിൽ താമസിപ്പിക്കാനും തയ്യാറാകും. പിന്നീട്, ജൂലൈ മാസത്തിൽ മഴക്കാലം തുടങ്ങുന്നതിന് മുൻപാണ് കന്നുകാലികളെയുംകൊണ്ട് ഉടമസ്ഥർ ഗ്രാമങ്ങളിൽ തിരിച്ചെത്തുക.

ബന്യാ നായകും കന്നുകാലി വളർത്തുന്ന മറ്റുള്ളവരുമെല്ലാം കാളക്കിടാവുകളെ മാത്രമേ വിൽക്കാറുള്ളൂ. "ഞങ്ങൾ പശുക്കിടാവുകളെ വിൽക്കാറില്ല. ഞങ്ങൾ അവയുടെ പാൽപോലും വിൽക്കില്ല. അവ ഞങ്ങൾക്ക് ദേവതകളെപ്പോലെയാണ്.", നായക് പറയുന്നു. എന്നാൽ ചിലപ്പോഴെല്ലാം അദ്ദേഹം ഗ്രാമത്തിൽ കച്ചവടം നടത്താനായി കുറച്ച് കുപ്പി നെയ്യുണ്ടാക്കാറുണ്ട്; ചാണകവും അദ്ദേഹം വിലയ്ക്ക് കൊടുക്കും.

കന്നുകാലികളെ സംരക്ഷിക്കാനും അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമായി ലാമ്പാടി, ഗൊല്ല സമുദായങ്ങൾ ചേർന്ന് അംറാബാദ് പൊട ലക്ഷ്മി ഗോവ് സംഘം എന്ന പേരിൽ ഒരു സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റിൽ, സംഘം തെലങ്കാന സർക്കാരിന്റെ സഹായത്തോടെ നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സ്‌സിൽ ഒരു അപേക്ഷ സമർപ്പിച്ചു. രാജ്യത്തെ കന്നുകാലികളുടെയും വളർത്തുപക്ഷികളുടെയും ജനിതക വൈവിധ്യങ്ങൾ പരിശോധിച്ച്, വർഗീകരിച്ച്, ഉപയോഗയോഗ്യമാക്കുന്നത് ഈ ബ്യൂറോയാണ്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ, പോട തുറുപ്പ്, രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന നാല്പത്തി നാലാമത് കന്നുകാലിയിനമാകും. രാജ്യത്തിൻറെ തനത് കന്നുകാലിയിനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമാക്കി 2014-ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ രാഷ്ട്രീയ ഗോകുൽ മിഷന് കീഴിൽ, കന്നുകാലികളെ സംരക്ഷിക്കാനും, അവയുടെ എണ്ണം വർധിപ്പിക്കാനും കച്ചവടം മെച്ചപ്പെടുത്താനുമെല്ലാം നടത്തുന്ന പദ്ധതികൾ പൊട തുറുപ്പ് ഇനത്തിനും ലഭ്യമാകും എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം.

പോട തുറുപ്പ് കന്നുകാലികളെ വളർത്തുന്ന സമുദായങ്ങൾ ഈയൊരു അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. "ഇങ്ങനെയൊരു അംഗീകാരം ഞങ്ങൾക്ക് വലിയ ഉപകാരമാകും; തലമുറകളോളം ഞങ്ങൾ ഈ സഹായം ഓർത്തിരിക്കും.", മാന്നനൂർ ഗ്രാമത്തിലെ കന്നുകാലി കർഷകനായ, 60 വയസ്സുകാരൻ രാമാവത് മല്യ നായക് പറയുന്നു.

Man holding his cow
PHOTO • Harinath Rao Nagulavancha

'ഞങ്ങൾക്ക് കന്നുകാലികളുമായി ആഴത്തിലുള്ള ബന്ധമുണ്ട്. കന്നുകാലിക്കിടാവുകളെ സ്വന്തം മക്കളെപ്പോലെയാണ് ഞങ്ങൾ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. തലമുറകളായി ഈ കന്നുകാലികൾ ഞങ്ങൾക്കൊപ്പമുണ്ട്. അവയെ ആശ്രയിച്ചാണ് ഞങ്ങളുടെ ജീവിതം. ഞങ്ങളുടെ അച്ഛനമ്മമാർ അവയെ ആശ്രയിച്ചിരുന്നു, ഇപ്പോൾ ഞങ്ങളും അവയെ ആശ്രയിക്കുന്നു, ഞങ്ങളുടെ മക്കളും അവയെ ആശ്രയിക്കുന്നു.' 38 വയസ്സുകാരനായ ഗന്തല ഹൻമന്തു പറയുന്നു. ലാമ്പാടി സമുദായക്കാരനായ അദ്ദേഹം നഗരകുർണൂൽ ജില്ലയിലെ അംറാബാദ് മണ്ഡലിൽ ഉൾപ്പെടുന്ന ലക്ഷമാപൂർ (ബി.കെ)  ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അംറാബാദ് പോട ലക്ഷ്മി ഗോവു സംഘത്തിന്റെ പ്രസിഡന്റാണ്

Man taking his cattles for grazing
PHOTO • Harinath Rao Nagulavancha

'കന്നുകാലികളെ തീറ്റയ്ക്കായി കുറഞ്ഞത് 6-8 കിലോമീറ്ററുകൾ കൊണ്ടുപോയിട്ടാണ് ഞങ്ങൾ മടങ്ങാറുള്ളത്. തീറ്റ തേടി ഉയരമുള്ള കുന്നുകൾപോലും അവ എളുപ്പത്തിൽ കയറും,' ഹാൻമന്തു പറയുന്നു. തെലങ്കാനയിലെ മെഹബൂബ് നഗർ ജില്ലയ്ക്കും ആന്ധ്രയിലെ കുർണൂൽ ജില്ലയ്ക്കും ഇടയിൽ, കൃഷ്ണാ നദിക്ക് കുറുകെ പണിതിട്ടുള്ള ശ്രീശൈലം അണക്കെട്ടിന് 15 കിലോമീറ്റർ താഴെയുള്ള ഈ പ്രദേശത്താണ് പശുക്കളെ ഒരുമാസം കെട്ടിയിരുന്നത്

A herd of cattle grazing
PHOTO • Harinath Rao Nagulavancha

'കാട്ടിൽ തീറ്റ തേടി ദൂരേയ്ക്ക് നീങ്ങുന്ന പശുക്കൾക്ക് തിരികെയെത്താനുള്ള സ്ഥലം  തിരിച്ചറിയുന്നതിന് ഞങ്ങൾ തീ കൂട്ടും,' ഹൻമന്തു പറയുന്നു.  ശ്രീശൈലം അണക്കെട്ടിന് 15 കിലോമീറ്റർ  താഴെയായി, ഫോട്ടോയിൽ കാണുന്ന ഈ പ്രദേശത്താണ് ഹൻമന്തു താത്ക്കാലിക ആവശ്യത്തിനായി ഷെഡ്ഡ് പണിതിട്ടുള്ളത്.  തെലങ്കാനയിൽനിന്ന് പുഴ കടന്ന് ആന്ധ്രയിലെത്തുന്ന പശുക്കളെ ഇവിടെയാണ് കെട്ടുന്നത്

A heard of cattle walking through a river
PHOTO • Harinath Rao Nagulavancha

'ഈ പശുക്കൾ കൃഷ്ണാ നദി എളുപ്പത്തിൽ മുറിച്ചുകടക്കും. ഒരു വാക്ക് പറഞ്ഞാലുടൻ അവ നദിയിലേക്ക് ചാടും. അവയെ അനുസരിപ്പിക്കാൻ അടിയ്‌ക്കേണ്ട കാര്യമില്ല, ഒന്ന് ചൂളമടിച്ചാൽ മതി. കൂട്ടത്തിലെ ഒരു പശു മുന്നിൽ നടന്നാൽ, ബാക്കിയുള്ളവ കൂട്ടത്തിൽനിന്ന് എത്ര ദൂരത്താണെങ്കിലും പിറകെയെത്തും. അവയോട് സംസാരിക്കാൻ ഞങ്ങൾ ചില  ശബ്ദങ്ങൾ ഉണ്ടാക്കാറുണ്ട് – അതൊരുതരം ഭാഷയാണ്. എല്ലാ പശുക്കളും ശ്രദ്ധിക്കില്ലെങ്കിലും ചില പശുക്കളെങ്കിലും പ്രതികരിക്കും,' ഹാൻമന്തു പറയുന്നു

Man with his cattle
PHOTO • Harinath Rao Nagulavancha
A calf by the river
PHOTO • Harinath Rao Nagulavancha

പശുവിന്റെ പാലിൽനിന്ന് കുറച്ച് മാത്രമെടുത്ത്, ബാക്കി പാൽ പശുക്കിടാങ്ങൾക്ക് ആരോഗ്യത്തോടെ വളരാനായി നീക്കി വയ്ക്കുകയാണ് ഇസ്‌ലാവത് ബന്യാ നായകിന്റെ രീതി. വലത്: രണ്ടുമാസം മാത്രം പ്രായമുള്ള പശുക്കിടാങ്ങൾക്കും നീന്താൻ കഴിയും. എന്നാൽ അവയുടെ സുരക്ഷയെ കരുതി ഉണങ്ങിയ ഒരു മരക്കൊമ്പ് അവയുടെ കാലിൽ കെട്ടിയിട്ടാണ് വെള്ളത്തിൽ ഇറക്കുന്നത്

a herd of cattle
PHOTO • Harinath Rao Nagulavancha

'മുൻപൊരിക്കൽ, നിർത്താതെയുള്ള മഴ കാരണം വെള്ളക്കെട്ടിലായ തൊഴുത്തുകളിൽ മാസങ്ങളോളം നിന്നിട്ടും, കന്നുകാലികളുടെ കുളമ്പുകൾ ഒരിക്കലും മൃദുവായില്ല. ഇത്തരം കുളമ്പുകൾ ഈയൊരു കന്നുകാലിയിനത്തിന്റെ പ്രത്യേകതയാണ്,' ഹൻമന്തു പറയുന്നു

Man watching over his cattle
PHOTO • Harinath Rao Nagulavancha
Old man
PHOTO • Harinath Rao Nagulavancha

അംറാബാദിലെ കാട് കടുവ സങ്കേതത്തിന്റെ ഭാഗമായതിനാൽ, വനം വകുപ്പുദ്യോഗസ്ഥരും പശുക്കളെ മേയ്ക്കുന്നവരും തമ്മിൽ കശപിശ ഉണ്ടാകുന്നത് പതിവാണ്. വലിയ കൂട്ടമായി നീങ്ങുന്ന കന്നുകാലികൾ തീറ്റ തേടി സങ്കേതത്തിന്റെ ബഫർ മേഖലയ്ക്കും കോർ മേഖലയ്ക്കും ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും. 'കാട്ടിൽ ഇരപിടിയൻ മൃഗങ്ങൾ അടുത്തെത്തുന്നത് കന്നുകാലികൾക്ക് മനസ്സിലാകും. കടുവയോ ചീറ്റപ്പുലിയോ കരടിയോ അടുത്ത് വന്നാൽ, പശുക്കൾ കൂട്ടമായിനിന്ന് അവയെ ആട്ടിയോടിക്കും. ഇന്നിപ്പോൾ പുലി അച്ചാംപെട് സോണിലാണെന്ന് മനസ്സിലാക്കിയാൽ അവ അംറാബാദ് (വനമേഖല) സോണിലേയ്ക്ക് മാറും; പുലിയുള്ളത് അംറാബാദ് സോണിലാണെങ്കിൽ അവ മദ്ദിമാടുകു (വനമേഖല) ഭാഗത്തേയ്ക്ക് നീങ്ങും. എന്നാൽ ചിലപ്പോഴെല്ലാം ചീറ്റപ്പുലികൾ (അപൂർവ്വമായി കടുവകളും) ആക്രമിക്കുകയും പശുക്കളെയും കിടാവുകളെയും കൊല്ലുകയും ചെയ്യാറുണ്ട്,' മാന്നനൂർ ഗ്രാമത്തിൽ കന്നുകാലികളെ വളർത്തുന്ന രാമവത് മല്യ നായക് (വലത്) പറയുന്നു

Man using his cattle for work
PHOTO • Harinath Rao Nagulavancha

ലക്ഷ്മാപൂർ (ബി.കെ) ഗ്രാമത്തിലെ രത്‌നാവത് രമേശിനെപ്പോലെയുള്ള (മുകളിൽ) ചെറുകിട കർഷകർക്ക് പോട തുറുപ്പ് കന്നുകാലികൾ വലിയ സഹായമാണ്. 'എത്ര ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും അവ ഒരിക്കലും പിന്മാറില്ല. നാളെ താൻ ചാവുമെന്ന് ഒരു പശുവിന് അറിയാമെന്ന് വെക്കുക; എന്നാലും അത് ദിവസം മുഴുവൻ പണിയെടുത്ത്, വീട്ടിൽ തിരികെ വന്ന് അടുത്ത ദിവസം ചാവും,' മല്യ നായക് പറയുന്നു

Man with his cattle
PHOTO • Harinath Rao Nagulavancha
Old woman
PHOTO • Harinath Rao Nagulavancha

ഇടത്: ലക്ഷ്‌മാപൂരിലെ  ഗന്തല  ബാലു നായക്, സ്വന്തമായുള്ള ഭൂമിയിൽ പരുത്തി, മുളക്, തിന, പയറുവർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്തും പൊട തുറുപ്പ് കന്നുകാലികളെ ആശ്രയിച്ചുമാണ് ജീവിക്കുന്നത്. 'പാലെങ്കി, ഇദ്ദി, ബോറി, ലിങ്കി എന്നെല്ലാമാണ് ഞാൻ അവയെ വിളിക്കുന്നത്...ഇതെല്ലാം ഞങ്ങളുടെ ദേവതകളുടെ പേരുകളാണ്,' ഹൻമന്തുവിന്റെ 'അമ്മ ഗന്തല  ഗോറി ഓർത്തെടുക്കുന്നു

Herd of cattle, up for sale
PHOTO • Harinath Rao Nagulavancha

എല്ലാ വർഷവും, മെഹബൂബ് നഗർ ജില്ലയിലുള്ള ചിന്നചിന്തഗുഡ മണ്ഡലിലെ അമ്മാപൂർ ഗ്രാമത്തിൽ നടക്കുന്ന 'കുരുമൂർത്തി ജതാരയിൽ' ഞങ്ങൾ കന്നുകാലികളെ വിൽക്കാനായി കൊണ്ടുപോകും. റായ്ച്ചൂർ, അനന്തപൂർ, മന്ത്രാലയം എന്നിവിടങ്ങളിൽനിന്നെല്ലാം ആളുകൾ കന്നുകാലികളെ വാങ്ങാൻ എത്താറുണ്ട്. കൃഷിയാവശ്യങ്ങൾക്ക് പോട തുറുപ്പ് ഇനമാണ് ഏറ്റവും യോജിച്ചത് എന്നാണ് അവരുടെ വിശ്വാസം,' ഹൻമന്തു പറയുന്നു


പരിഭാഷ: പ്രതിഭ ആർ.കെ.

Harinath Rao Nagulavancha

तेलंगाना के नलगोंडा के रहने वाले हरिनाथ राव नागुलवंचा, नींबू जैसे खट्टे फलों की खेती करने वाले किसान हैं और एक स्वतंत्र पत्रकार भी हैं.

की अन्य स्टोरी Harinath Rao Nagulavancha
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

की अन्य स्टोरी Prathibha R. K.