"ഒഴുകുന്ന തോട്ടത്തിൽ തൊഴിൽ ചെയ്യേണ്ടിവരുമെന്നു കേട്ടപ്പോൾ ദാലിന് പുറത്തുനിന്നുള്ള തൊഴിലാളികൾ തങ്ങൾ മുങ്ങിപ്പോകുമോയെന്നോർത്ത് ആശങ്കാകുലരായി”, മൊഹമ്മദ് മഖ്തൂബ് മാറ്റു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
ശ്രീനഗർ നഗരത്തിലെ ദാൽ തടാകത്തിലെ മോട്ടി മൊഹല്ല ഖുർദ് പ്രദേശത്തു നിന്നുള്ള 47-കാരനായ ഈ കർഷകന് അവർക്ക് പ്രതിദിനം 700 രൂപ നൽകേണ്ടി വരുന്നു - കാശ്മീർ താഴ്‌വരയിലെ ശ്രീനഗറിന് പുറത്തുള്ള പ്രദേശത്ത് കാർഷികത്തൊഴിലിന് ആളുകൾക്ക് നൽകുന്നതിനേക്കാൾ 200 രൂപ കൂടുതൽ. തൊഴിൽ ചിലവ് കുറയ്ക്കുന്നതിനായി "എന്‍റെ ഭാര്യ തസ്ലീമയും ഞാനും എത്ര തിരക്കാണെങ്കിലും ഇവിടെ വരുന്നു [പണിയെടുക്കാൻ]”, അദ്ദേഹം പറഞ്ഞു.
മൊഹമ്മദ് മഖ്തൂൽ മാറ്റു 7.5 ഏക്കർ വരുന്ന തന്‍റെ ഒഴുകുന്ന തോട്ടത്തിലേക്ക് (തടാകത്തിലെ തോട്ടം എന്ന് പ്രാദേശികമായി അറിയപ്പെടുന്നു) എത്തുന്നത് ബോട്ടിലാണ്. അവിടെയദ്ദേഹം മധുരമുള്ളങ്കിയും (turnip) കൊളാർഡ് ഗ്രീനും (collard greens) വർഷം മുഴുവൻ കൃഷി ചെയ്യുന്നു. ഊഷ്മാവ് 11° സെൽഷ്യസിലേക്ക് താഴുമ്പോൾ പോലും അദ്ദേഹം കൃഷി ചെയ്യുന്നു. തന്‍റെ ബോട്ടിലേക്ക് കയറുന്നതിനായി അദ്ദേഹത്തിന് തടാകോപരിതലത്തിലെ മഞ്ഞുകട്ടകൾ പൊട്ടിക്കേണ്ടിവരും. "ഈ കച്ചവടത്തിൽ നിന്ന് ഇപ്പോൾ ഞങ്ങൾക്ക് കാര്യമായ പണം കിട്ടില്ല. എനിക്ക് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം ഇതായതുകൊണ്ടാണ് ഇത് ചെയ്യുന്നത്”, അദ്ദേഹം പറഞ്ഞു.
ഹൗസ്ബോട്ടുകൾ, ശിക്കാര (ബോട്ട്) യാത്രകൾ, പുരാതനമായ മാപ്പിൾ മരങ്ങളുള്ള ചാർചിനാർ ദ്വീപ്, തടാകവുമായി അതിർത്തി പങ്കിടുന്ന മുഗൾ കാലഘട്ടത്തിലെ പൂന്തോട്ടങ്ങൾ എന്നിവയ്ക്ക് പേരു കേട്ടതാണ് 18 ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ചു കിടക്കുന്ന ദാൽ. ശ്രീനഗറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്.
21 ചതുരശ്ര കിലോമീറ്റർ വരുന്ന സ്വാഭാവിക തണ്ണീര്‍ത്തടത്തിന്‍റെ ഭാഗമാണ് തടാകത്തിലെ ഒഴുകുന്ന വീടുകളും ഒഴുകുന്ന തോട്ടങ്ങളും. രണ്ടു തരത്തിലുള്ള ഒഴുകുന്ന തോട്ടങ്ങളുണ്ട്: രാധും ഡെമ്പും. കർഷകർ കൈകൾകൊണ്ട് കെട്ടിയുണ്ടാക്കിയെടുക്കുന്ന ഒഴുകുന്ന തോട്ടമാണ് രാധ്. രണ്ടുതരത്തിലുള്ള കളകൾ ഒരുമിച്ച് ചേർത്താണ് അവർ നെയ്യുന്നത്: പെച്ച് (ടൈഫാ അംഗുസ്താത്ത), നർഗാസ (ഫ്രാഗ്മിറ്റെസ് ഓസ്ട്രാലിസ്) എന്നിവയാണവ. പായപോലെ നെയ്തെടുക്കുന്ന ആ ഘടന ഒരു ഏക്കറിന്‍റെ പത്തിലൊന്നു മുതൽ അതിന്‍റെ മൂന്നിരട്ടിവരെ വലിപ്പമുളളതാണ്. കൃഷിക്കായി ഉപയോഗിക്കുന്നതിന് മുന്‍പ് 3-4 വർഷങ്ങൾ ഇത് തടാകത്തിൽ ഉണങ്ങുന്നു. ഉണങ്ങിഴിഞ്ഞാൽ ഇത് മണ്ണ് ചേർത്ത് പാളിയാക്കുന്നു. അതിനുശേഷം ഇത് പച്ചക്കറി കൃഷി ചെയ്യാൻ അനുയോജ്യമായിത്തീരും. കർഷകർ തടാകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് രാധ് നീക്കുന്നു.
തടാകത്തിന്‍റെ തീരങ്ങളിലും അരികുകളിലും കാണപ്പെടുന്ന ചതുപ്പ് നിലങ്ങളാണ് ഡെംബ്. ഇതും ഒഴുകുന്നവയാണ്, പക്ഷെ മാറ്റാന്‍ കഴിയില്ല.
തന്‍റെ എഴുപതുകളിലുള്ള ഗുലാം മൊഹമ്മദ് മാറ്റു കഴിഞ്ഞ 55 വർഷങ്ങളായി ദാലിലെ മറ്റൊരു പ്രദേശമായ കുറഗിലെ ഒഴുകുന്ന പുന്തോട്ടങ്ങളിൽ പച്ചക്കറി വളർത്തുന്നു. ഒന്നര കിലോമീറ്റർ മാറി മോട്ടി മൊഹല്ല ഖുർദിലാണ് അദ്ദേഹം ജീവിക്കുന്നത്. "ഞങ്ങൾ ഞങ്ങളുടെ തോട്ടങ്ങൾക്കായി പ്രാദേശിക വളമായ ഹില്‍ ഉപയോഗിക്കുന്നു. തടാകത്തിലെ വെള്ളത്തിൽ നിന്നും ഞങ്ങൾ അവ ശേഖരിച്ച് 20-30 ദിവസങ്ങൾ സൂര്യപ്രകാശത്തിൽ ഉണങ്ങാൻ വയ്ക്കും. ഇത് പ്രകൃതിദത്തമാണ്, പച്ചക്കറിക്ക് രുചി വർദ്ധിപ്പിക്കുകയും ചെയ്യുന്നു”, അദ്ദേഹം പറഞ്ഞു. ദാൽ ജലത്തിന്‍റെ ഏതാണ്ട് 1,250 ഏക്കർ ചതുപ്പ്നിലത്ത് കൃഷിയുണ്ടെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. തണുപ്പുകാലത്ത് മധുരമുള്ളങ്കി, മുള്ളങ്കി, കാരറ്റ്, ചീര എന്നിവയും വേനൽക്കാലത്ത് തണ്ണിമത്തൻ, തക്കാളി, വഴുതനങ്ങ, മത്തങ്ങ എന്നിവയുമാണ് കൃഷി ചെയ്യുന്നത്.
"ഈ പരിപാടി മരിച്ചു കൊണ്ടിരിക്കുന്നു, കാരണം എന്നെപ്പോലെ പ്രായമുള്ളവരാണ് ഇത് ചെയ്യുന്നത്”, ഗുലാം മൊഹമ്മദ് മാറ്റു പറഞ്ഞു. "ഒഴുകുന്ന തോട്ടം ഫലപുഷ്ടിയുള്ളതായി നിർത്തുന്നതിന് വലിയ പ്രയത്നം ആവശ്യമാണ്. ഞങ്ങൾ ജലനിരപ്പ് ചെക്ക് ചെയ്യണം, ആവശ്യമുള്ളത്ര അളവിൽ ഹില്‍സ് ചേർക്കണം. വിശക്കുന്ന പക്ഷികളെയും മറ്റ് ആക്രമണകാരികളെയും തുരത്തണം.”
നൂറുകണക്കിന് കർഷകർ തങ്ങളുടെ ഒഴുകുന്ന തോട്ടങ്ങളിൽ നിന്നുള്ള വിളവ് ദാലിന്‍റെ കാരാപോര പ്രദേശത്തുള്ള ഒഴുകുന്ന പച്ചക്കറി വിപണിയിൽ (പ്രാദേശികമായി ഇതിനെ ഗുഡ്ഡെർ എന്നു വിളിക്കുന്നു) വിൽക്കുന്നു. ആദ്യ സൂര്യകിരണം തടാകോപരിതലത്തിൽ പതിക്കുന്ന ഉടനെ ചന്ത തുറക്കുന്നു. പുതിയ പച്ചക്കറികളുമായി നൂറുകണക്കിന് ബോട്ടുകൾ നിശ്ചല ജലത്തിൽ വരിയായി കിടക്കുന്നു.
തടാകത്തിന്‍റെ മറുതീരത്തുള്ള അബ്ദുൾ ഹമീദ് എല്ലാദിവസവും രാവിലെ 4 മണിക്ക് തന്‍റെ വീട്ടിൽ നിന്നും ബോട്ടിൽ നിറയെ മധുരമുള്ളങ്കി, കൊളാർഡ് ഗ്രീൻ, കാരറ്റ് എന്നീ പച്ചക്കറികളുമായി ഇറങ്ങുന്നു. "ഞാനവ ഗുഡ്ഡെറിൽ വിറ്റ് എല്ലാ ദിവസവും 400-500 രൂപ ഉണ്ടാക്കും", 45-കാരനായ ആ കർഷകൻ പറഞ്ഞു.
ഒരു നൂറ്റാണ്ടിലധികമായി ഈ ചന്തയാണ് ശ്രീനഗർ നിവാസികൾക്ക് പ്രധാനമായും വേണ്ട പച്ചക്കറികളുടെ ശ്രോതസ്സെന്ന് ഗുലാം മൊഹമ്മദ് മാറ്റു പറഞ്ഞു. സമീപനഗരമായ ശ്രീനഗറിലെ മൊത്തക്കച്ചവടക്കാർക്കാണ് ഉൽപന്നങ്ങളുടെ ഭൂരിഭാഗവും വിൽക്കുന്നത്. അവർ രാവിലെയെത്തും. റേഷൻ സാധനങ്ങളായ അരി, ഗോതമ്പ്, തടാകത്തിൽ ഉൽപാദിപ്പിക്കപ്പെടാത്ത ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികള്‍ എന്നിവയുമായി സാധനകൈമാറ്റം (barter) നടത്തുന്നതിനായി ഉൽപന്നങ്ങളുടെ ചെറിയൊരു ഭാഗം കർഷകർ ഉപയോഗിക്കുന്നു.
നഗരത്തിലെ വലിയൊരു വ്യാപാരിയായ ഷബീർ അഹമ്മദ് എല്ലാ ദിവസവും ഗുഡ്ഡെറിൽ നിന്നും പച്ചക്കറികൾ ശേഖരിക്കുന്നു. 3-3.5 ടൺ ഉൽപന്നങ്ങളുടെ വില്‍പന എല്ലാദിവസവും ചന്തയിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ഞാൻ രാവിലെ 5 മണിക്ക് എന്‍റെ ട്രക്കുമായി എത്തും. 8-10 ക്വിന്‍റൽ പുതിയ പച്ചക്കറി കർഷകരിൽ നിന്നും വാങ്ങും. പിന്നീട് ഞാനത് വഴിയോരക്കച്ചവടക്കാർക്ക് വിൽക്കും. കുറച്ച് മണ്ഡിയിലും വിൽക്കും”, 35-കാരനായ അഹ്മദ് പറഞ്ഞു. ഉല്‍പന്നങ്ങള്‍ക്ക് വേണ്ടിവരുന്ന ആവശ്യത്തെ ആശ്രയിച്ച് അദ്ദേഹം 1,000 മുതല്‍ 2,000 രൂപവരെ എല്ലാ ദിവസവും ഉണ്ടാക്കും.
ദാലില്‍ വളരുന്ന പച്ചക്കറികള്‍ മികച്ച സ്വാദുള്ളവയാണെന്ന് നിരവധിപേര്‍ വിശ്വസിക്കുന്നു. ശ്രീനഗറിലെ നാവക്കഡല്‍ പ്രദേശത്തുനിന്നുള്ള ഫിര്‍ദൗസ എന്ന 50-കളിലുള്ള വീട്ടമ്മ പറയുന്നു, “ദാലിലെ താമരത്തണ്ട് എനിക്കിഷ്ടമാണ്. ഇതിന്‍റെ രുചി മറ്റ് തടാകങ്ങളില്‍ വളരുന്ന താമരത്തണ്ടില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.”
ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ടായിട്ടും ദാലിലെ പച്ചക്കറിക്കച്ചവടത്തെ ആശ്രയിക്കുന്ന കര്‍ഷകരും മൊത്തക്കച്ചവടക്കാരും ഭയക്കുന്നത് തങ്ങള്‍ കുഴപ്പത്തിലായെന്നാണ്.
"കർഷകരെ ബേമിനയ്ക്കടുത്തുള്ള റാഖ്-എ-അർത്ഥിലേക്ക് സർക്കാർ മാറ്റിയതോടെ തടാകത്തിലെ പച്ചക്കറി കൃഷിക്ക് ഇടിവ് സംഭവിച്ചു”, 35-കാരനായ കർഷകൻ ഷബീർ അഹ്മദ് പറഞ്ഞു. ശ്രീനഗറിലെ റെയ്നവാരി പ്രദേശത്തു നിന്നുള്ള അദ്ദേഹം ദാലിൽ കൃഷി ചെയ്യുന്നു. ദാൽ സംരക്ഷിക്കാനുള്ള ദീർഘകാല തന്ത്രത്തിന്‍റെ ഭാഗമായി ജമ്മു കാശ്മീരിന്‍റെ ലേക്ക്സ് ആൻഡ് വാട്ടർവെയ്സ് ഡെവലപ്മെന്‍റ് അഥോറിറ്റി (എൽ.എ.ഡബ്ല്യു.ഡി.എ.) ദാൽ നിവാസികളെ ‘പുനരധിവസിപ്പിക്കാനുള്ള’ നീക്കം നടത്തി. 2000-ങ്ങളുടെ ആദ്യദശകത്തിന്‍റെ അവസാനം മുതൽ ആയിരത്തിലധികം കുടുംബങ്ങളെ തടാകത്തിൽ നിന്നും അന്നത്തെ സംസ്ഥാന സർക്കാർ റാഖ്-എ-അർത്ഥിൽ വികസിപ്പിച്ചെടുത്ത ഭവന പുനരധിവാസ മേഖലയിലേക്ക് മാറ്റി. അവിടെ നിന്നും 20 കിലോമീറ്റർ മാറി ഇന്നത്തെ കേന്ദ്രഭരണ പ്രദേശത്തെ ബുഡ്‌ഗാം ജില്ലയിലെ തണ്ണീര്‍ത്തട മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പഴയ കര്‍ഷകര്‍ ദാലില്‍ കൃഷി ചെയ്യുന്നത് തുടര്‍ന്നെന്നും ചെറുപ്പക്കാര്‍ വരവ് മോശമാണെന്നു ചൂണ്ടിക്കാട്ടി കൃഷി ഉപേക്ഷിച്ചെന്നും ഷബീര്‍ കൂട്ടിച്ചേര്‍ത്തു.
“വളരെ തെളിഞ്ഞു കിടന്നിരുന്ന ദാൽ ഇപ്പോൾ മലിനമാക്കപ്പെട്ടിരിക്കുന്നു. 25 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ കൂടുതൽ പച്ചക്കറികളുടെ വിളവെടുത്തിരുന്നു”, 52-കാരനായ കർഷകൻ ഗുലാം മുഹമ്മദ് പറഞ്ഞു. തടാകത്തിൽ അദ്ദേഹത്തിന് അരയേക്കറിൽ താഴെ ഡെംബ് ആണുള്ളത്. താനും ഭാര്യയും മകനും മകളുമടങ്ങിയ നാലംഗ കുടുംബത്തെ പരിപാലിക്കാൻ പാടുപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. "ഒരു ദിവസം 400-500 രൂപയാണ് ഞാനുണ്ടാക്കുന്നത്. അതിൽ നിന്നും സ്ക്കൂൾ ഫീസ്, ഭക്ഷണം, മരുന്ന് അങ്ങനെ പലതിനുമുള്ള ചിലവ് കണ്ടെത്തണം.”
“[ദാലിന്‍റെ] മലിനീകരണത്തിന് സര്‍ക്കാര്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. പക്ഷെ യഥാര്‍ത്ഥ താമസക്കാരുടെ പകുതി മാത്രമെ ഇവിടുള്ളൂ. ഇവിടെയെല്ലാവരും താമസിച്ചിരുന്നപ്പോള്‍ എങ്ങനെയായിരുന്നു ഇത് വൃത്തിയായി കിടന്നിരുന്നത്?”, അദ്ദേഹം ചോദിച്ചു.
പരിഭാഷ: റെന്നിമോന്‍ കെ. സി.