“റോഡിന്റെ ഇരുവശത്തും 50 കിലോമീറ്റര്‍ നീളത്തില്‍ ട്രാക്ടറുകള്‍ വരിയായി കിടക്കുന്നത് തിക്രി അതിർത്തിയിൽ കാണാം”, കമൽ ബ്രാർ പറഞ്ഞു. 20 കർഷകരോടൊപ്പം അഞ്ചു ട്രാക്ടറുകളും രണ്ടു ട്രോളികളുമായി ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് അദ്ദേഹം തിക്രിയിൽ എത്തിയത്.
2020 സെപ്റ്റംബറിൽ പാർലമെന്റ് പാസ്സാക്കിയ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പതിനായിരക്കണക്കിനു കർഷകര്‍ 2020 നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്തിനു തൊട്ടുപുറത്തു സമരം ചെയ്തു കൊണ്ടിരിക്കുന്ന മൂന്നു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഹരിയാന-ഡൽഹി അതിർത്തിയിലെ തിക്രി.
സമരങ്ങളുടെ ഭാഗമായി ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്ത് ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലുള്ള ട്രാക്ടർ റാലി നടത്താനാണ് കർഷകർ പദ്ധതിയിട്ടിരിയ്ക്കുന്നത്.
അതിൽ പങ്കെടുക്കാനിരിക്കുന്നവരില് ഒരാളാണ് നിർമൽ സിംഗ്. അദ്ദേഹത്തിന്റെ ഗ്രാമമായ പഞ്ചാബിലെ ഫാസില്‍ക്കാ ജില്ലയിലെ അബോഹർ ബ്ലോക്കിലെ വഹാബ്.വാലായില്നിന്നുള്ള 4 ട്രാക്ടറുകൾ തിക്രിയിൽ പാർക്കു ചെയ്യാൻ ഒരുപാടു മണിക്കൂറുകൾ എടുത്തു. കിസാൻ മസ്ദൂർ ഏകതാ യൂണിയൻ എന്ന സംഘടനയുടെ കീഴിൽ വഹാബ്.വാലാ യിൽ നിന്നും 25 പേരോടൊപ്പമാണ് അദ്ദേഹം എത്തിയിട്ടുള്ളത്. “കൂടുതൽ ആർക്കാർ വരുന്നുണ്ട്. ട്രാക്ടറുകളുടെ എണ്ണം പെരുകും, നിങ്ങൾക്കതു കാണാം”, അദ്ദേഹം പറഞ്ഞു.“പരേഡിന്റെയന്ന് ഓരോ ട്രാക്ടറിലും 10 പേർ വീതം ഉണ്ടാവും”, കമൽ ബ്രാർ കൂട്ടിച്ചേർത്തു. “ഇത് സമാധാനപരമായ ഒരു റാലി ആയിരിക്കും, പോലീസ് നൽകിയിയിട്ടുള്ള റൂട്ട്മാപ്പ് പാലിക്കുകയും ചെയ്യും. പരേഡിനിടയില്‍ അപകടങ്ങളോ അച്ചടക്കലംഘനങ്ങളോ ഉണ്ടായാൽ ശ്രദ്ധിക്കുന്നതിനായി സന്നദ്ധപ്രവർത്തക സംഘങ്ങൾ കർഷക നേതക്കളുടെ കീഴിൽ പരിശീലിക്കുന്നുണ്ട്.”
പരേഡ് ആരംഭിക്കുന്നതിനു മുമ്പ് ലങ്കറുകൾ (സാമൂഹ്യ അടുക്കളകൾ) കർഷകർക്കു ചായയും പ്രഭാത ഭക്ഷണവും നല്‍കും. വഴിയിൽ ഭക്ഷണം നല്‍കുന്നതല്ല.
വനിതാ കർഷകർ റാലി നയിക്കും. പരേഡിനായി അവർ തയ്യാറെടുക്കുന്നു. ജനുവരി 26-നു നടക്കുന്ന റാലിക്കുള്ള പരിശീലനമെന്നോണം ഒരുകൂട്ടം വനിതകൾ തിക്രിയിലെ റോഡുകളിൽ ട്രക്ടറുകൾ ഓടിക്കുന്നു.
മുന്നിൽനിന്നു റാലി നയിക്കുന്നവരിൽ ഒരാളാണ് ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ജാഖൽ ബ്ലോക്കിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 65 കാരിയായ രാജ് കൗർ ബിബി. “ജനുവരി 26-ന് സർക്കാർ സ്ത്രീകളുടെ ശക്തി കാണും”, അവർ പറഞ്ഞു.
ജനുവരി 24-നു രാത്രി വൈകി ഭാരതീയ കിസാൻ യൂണിയന്റെ (ഏക്താ ഉഗ്രാഹാം) നേതൃത്വത്തില്‍ ഏതാണ്ട് 20,000 ട്രാക്ടറുകള്‍ തിക്രി അതിർത്തിയിൽ എത്തി. പഞ്ചാബിലെ സംഗ്റൂർ ജില്ലയിലെ ഖനോരി അതിർത്തിയിലൂടെയും ബട്ടിൻഡായിലെ ഡാബ്വാലിയിലൂടെയുമാണ് അവ എത്തിയത്.
ട്രാക്ടറുകളുമായി കാത്തിരിക്കുന്നവരുടെ ഇടയിൽ 60-കാരനായ ജസ്കരണ്‍ സിംഗ് ഉണ്ട്. പഞ്ചാബിലെ മൻസാ ജില്ലയിലെ ശേർ ഖാൻവാലാ ഗ്രാമത്തിൽ നിന്നും ഒരുകൂട്ടം കർഷകരുമായി അഞ്ചു ട്രാക്ടറുകളിൽ നവംബർ 27-നാണ് അദ്ദേഹം ആദ്യമായി തിക്രിയിൽ എത്തുന്നത്. “അച്ചടക്കമില്ലായ്മയുടെയോ പെരുമാറ്റ ദൂഷ്യത്തിന്റെയോ പിടിച്ചുപറിയുടേയോ യാതൊരു പരാതികളുമില്ലാതെ അപ്പോള്‍ മുതൽ ഞങ്ങൾ ഇവിടെയുണ്ട്”, അദ്ദേഹം പറഞ്ഞു.
അദ്ദേഹം തിക്രി സമരവേദിയില്‍ നിന്നു പഞ്ചാബിലെ മൻസാ ജില്ലയിലെ തന്റെ ഗ്രാമത്തിലേയ്ക്കും, അവിടെനിന്നു തിരിച്ചും, വന്നും പോയുമിരിക്കുന്നു. പത്തു ട്രാക്ടറുകളിൽ 25 കർഷകരുമായി ജനുവരി 23-ന് അദ്ദേഹം തിരിച്ചുവന്നു. “രാജ്യത്തിന്റെ അന്നദാദാക്കൾ വലിയൊരു പരേഡ് നടത്തുമ്പോൾ ജനുവരി 26 ഒരു ചരിത്ര ദിവസമായിത്തീരും. ഇതൊരു ജനകീയ പ്രസ്ഥാനമായിത്തീർന്നിരിക്കുന്നു”, അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ നിന്നും മൂന്നംഗ സംഘത്തോടൊപ്പം തീവണ്ടി മാർഗ്ഗം കഴിഞ്ഞയാഴ്ച സമരസ്ഥലത്ത് എത്തിച്ചേർന്ന 40 കാരനായ കലാകാരൻ ദേവരാജൻ റോയിയും തിക്രിയിലെ റിപ്പബ്ലിക് ദിനത്തിനുവേണ്ടി കാത്തിരിക്കുകയാണ്. ദേവരാജൻ മറ്റൊരു കലാകാരനായ ബിജു ഥാപ്പരിനോടുചേര്ന്ന് സർ ഛോട്ടു റാമിനെപ്പോലെ ബഹുമാന്യരായ ചരിത്ര പുരുഷന്മാരുടെ കട്ട്-ഔട്ടുകൾ ഉണ്ടാക്കുന്ന തിരക്കിലാണ്. “ഞങ്ങൾ കർഷകരെ പിന്തുണയ്ക്കാനാണ് വന്നത്. ഈ രൂപങ്ങൾ ഉണ്ടാക്കാന്‍ ഞങ്ങൾ സ്വന്തം പണം ചിലവഴിക്കുന്നു. കല സമൂഹത്തിനുവേണ്ടി സംസാരിക്കുമെന്നു ഞാൻ വിചാരിക്കുന്നു”, അദ്ദേഹം പറഞ്ഞു. ഡിസംബർ 16-ന് കുണ്ട്ലി അതിർത്തിയിൽ സ്വയം വെടിവച്ചതായി പറയപ്പെടുന്ന പ്രസംഗകനായ ബാബാ രാം സിംഗിന്റേതാണ് ഒരു കട്ട്-ഔട്ട്.
പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഇഷിതയും തിക്രിയിലെ സമരക്കാരെ പിൻതുണക്കുന്നു. ഈ നിയമങ്ങൾ എങ്ങനെയാണ് കർഷകരെയും മറ്റുളളവരെയും ബാധിക്കുകയെന്ന് ചിത്രീകരണങ്ങളോടെ വിശദീകരിക്കുന്ന ബാനർ ഇഷിത നിർമ്മിക്കുന്നു. ഇവ ട്രാക്ടറിൽ പോകുമ്പോള്‍ ഉപയോഗിക്കുന്നതിനാണ്.
2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു. ഈ മൂന്നു നിയമങ്ങള്‍ ഇനിപ്പറയുന്നവയാണ്: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന ഭേദഗതി നിയമം, 2020
കൃഷിയുടെമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്കുന്നതിനാല് കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം വകുപ്പിനെ അട്ടിമറിച്ചുകൊണ്ട് എല്ലാ പൌരന്മാര്ക്കും നിയമ സഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇന്‍ഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.
“പരേഡിൽ അണിചേരാൻ എത്ര കർഷകർ വരുന്നു എന്നത് ഒരു പ്രശ്നമാകരുത്”, ലുധിയാനാ ജില്ലയിലെ ഫേണി സാഹിബിൽ നിന്ന് ജനുവരി 21-ന് തിക്രിയിൽ എത്തിച്ചേർന്ന ജസ്പ്രീത് പറയുന്നു. തന്റെ ഗ്രാമത്തിൽ നിന്നും ഇവിടെയെത്തിയിരിക്കുന്ന ഒരേയൊരാൾ താനാണെന്ന് അദ്ദേഹം പറഞ്ഞു. “സമരം വിജയകരമാക്കാൻ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും സംഭാവന ചെയ്യുക എന്നുള്ളതാണ് പ്രധാനം.”
പരിഭാഷ: റെന്നിമോന്‍ കെ. സി.