"ജനങ്ങളുടെ ഇഷ്ടങ്ങൾ മാറിയിരിക്കുന്നു, എന്നാൽ ഞങ്ങൾ മാറിയിട്ടില്ല," മംഗള ബൻസോഡേ നെടുവീർപ്പിട്ടു. കാണികൾക്കിപ്പോൾ ഹിന്ദിയിലെ ജനപ്രിയപാട്ടുകളാണ് ആവശ്യം, അവർ പറഞ്ഞു. "വരുന്നാളുകളിൽ ശിവാജി മഹാരാജാവിന്റെ പ്രവേശത്തിന് ഏതെങ്കിലും ബോളിവുഡ് ഹിറ്റ് പാട്ട് ഉപയോഗിക്കേണ്ടിവന്നേക്കാം," അവർ ചിരിച്ചു.
കാണികളുടെ അഭിരുചികളിലെ മാറ്റം മാത്രമല്ല മംഗളത്തായി നിരീക്ഷിച്ചിട്ടുള്ളത്. പുരുഷന്മാരും സ്ത്രീകളുമടക്കം പത്തുപേരോളം വരുന്ന ചെറുസംഘങ്ങളായി കാളവണ്ടികളിൽ യാത്രചെയ്തിരുന്ന പഴയ കാലഘട്ടത്തിൽനിന്ന്, ഇന്ന് തന്റെ ട്രൂപ്പ് അവതരിപ്പിക്കുന്ന വമ്പൻ ആവിഷ്കാരങ്ങളിലേക്ക്, തമാശ എന്ന കലാരൂപം മാറിയതും, ഇക്കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ അവർ കണ്ടിരിക്കുന്നു.
ഏഴുവയസ്സുള്ളപ്പോഴാണ് മംഗള ബൻസോഡേ ഈ തൊഴിലിലെത്തിയത്. 66 വയസുള്ള അവർ ഈ കലാരൂപത്തിലെ ഇതിഹാസമായ വിഠാബായ് നാരായൺഗാവ്കർ എന്ന കലാകാരിയുടെ മൂത്തമകളാണ്. തമാശ എന്ന കലയുടെ പരിപാവനയിടമായിട്ടാണ് പുണെ ജില്ലയിലെ നാരായൺഗാവ് കണക്കാക്കപ്പെടുന്നത്. മംഗളാത്തായി ഇപ്പോൾ സതാര ജില്ലയിലെ കർവഡി ഗ്രാമത്തിലാണ് ജീവിക്കുന്നത്. 1983 മുതൽ ഏകദേശം 170 പേരടങ്ങുന്ന ഒരു 'ഫഡ്' അല്ലെങ്കിൽ ട്രൂപ്പ് അവർക്കു സ്വന്തമായുണ്ട്. എല്ലാവർഷവും സെപ്റ്റംബർതൊട്ട് മേയ് വരെ 'മംഗള ബൻസോഡേ നിതിൻ കുമാർ തമാശ മണ്ഡൽ' മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. മംഗളാത്തായിയുടെ ഇളയ മകനായ നിതിൻ കുമാർ ഗായകനും അഭിനേതാവും നർത്തകനുമാണ്. അദ്ദേഹമാണ് ആ സംഘത്തിലെ നായകൻ. ( 'ഞാൻ മോചനം ആഗ്രഹിക്കാത്ത ഒരു തടവറയാണ് തമാശ' കാണുക )
ചെല്ലുന്ന ഓരോ ഗ്രാമത്തിലും മംഗളാത്തായിയുടെ സംഘത്തിലെ ജോലിക്കാർ നിർമ്മിക്കുന്ന അരങ്ങിലാണ് സംഘം തമാശ അവതരിപ്പിക്കുക. ടിക്കറ്റ് വെച്ചുള്ള പ്രകടനമാണെങ്കിൽ ഒരു കൂടാരത്തിനുളളിലായിരിക്കും പരിപാടികൾ അവതരിപ്പിക്കുക. മറിച്ച്, ഗ്രാമത്തിലെ മേളകൾ സംഘടിപ്പിക്കുന്ന ജാത്ര കമ്മിറ്റികൾ നടത്തുന്ന പരിപാടികളാണെങ്കിൽ തുറന്നിയടത്തായിരിക്കും അവതരണം.1,000 മുതൽ 2,000 ആൾക്കാർവരെ പരിപാടി കാണാൻ വരും. ടിക്കറ്റില്ലാത്ത 'സുപാരി' പ്രകടനമാണെങ്കിൽ കാണികളുടെ എണ്ണം 10,000 മുതൽ 15,000 വരെ എത്തും.
1970 -ൽ ഒരു രൂപയായിരുന്ന പ്രവേശനടിക്കറ്റിന്റെ വില ഇപ്പോൾ 60 രൂപയാണ്. എന്നാൽ ലാഭം കുറഞ്ഞുവരികയാണെന്നാണ് സംഘങ്ങളുടെ ഉടമകൾ പറയുന്നത്. വേതനം പലമടങ്ങ് വർദ്ധിച്ചു. യാത്രചെയ്യുന്ന സംഘത്തിന്റെയൊപ്പം ലോറികളും, ബസ്സുകളും, ആർക്ക് ലൈറ്റുകളും മറ്റ് ഉപകരണങ്ങളുംകൂടി വന്നപ്പോൾ നിർമ്മാണച്ചെലവും വളരെയധികം കൂടി.
എന്നാൽ കാണികളുടെ എണ്ണം കുറഞ്ഞു എന്നാണ് മംഗളാത്തായി പറയുന്നത്. സാങ്കേതികതയിലെ വ്യത്യാസങ്ങളാണ് ഒരു കാരണം. ഇപ്പോൾ ധാരാളം ആൾക്കാർ ടെലിവിഷനിലും മൊബൈൽ ഫോണുകളിലും സിനിമകൾ കാണുന്നു. എല്ലാവർഷവും ഏപ്രിലിൽ നാരായൺഗാവിലെ മേളയോടനുബന്ധിച്ചുള്ള പരിപാടികൾ ഒരു പ്രാദേശിക ടെലിവിഷൻ ചാനലിലൂടെ പ്രക്ഷേപണം ചെയ്യുന്നുണ്ട്. "അപ്പോൾ പിന്നെയാർക്കാണ് വീട്ടിൽനിന്ന് പുറത്തിറങ്ങി മൂന്നുമണിക്കൂർ തമാശ കാണാൻ ആഗ്രഹമുണ്ടാകുക?" മംഗളാത്തായി ചോദിച്ചു.
1970 -ൽ ഒരു രൂപയായിരുന്ന പ്രവേശനടിക്കറ്റിന് ഇപ്പോൾ 60 രൂപയാണ്. എന്നാൽ ലാഭം കുറഞ്ഞുവരികയാണ് . വേതനം പലമടങ്ങ് വർദ്ധിച്ചു. നിർമ്മാണച്ചെലവുകളും വളരെയധികം കൂടി
തമാശ അവതരണത്തിനുള്ള വേദികളും മിക്കവാറും ഗ്രാമപ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങുകയാണ്. പണ്ട് വിവിധ ഗ്രാമങ്ങളിലേക്കുള്ള യാത്രകൾക്കിടയിൽ ബൻസോഡേ സംഘം മഹാരാഷ്ട്രയിലെ വലിയ പട്ടണങ്ങളായ ധുലെ, ജൽഗാവ്, നാഷിക്, സതാര, സാംഗ്ലി, കൊൽഹാപൂർ, സോലാപൂർ, പർഭണി, നാന്ദേഡ്, ഉസ്മാനാബാദ്, ബീഡ് എന്നിവിടങ്ങളിലും പരിപാടികൾ അവതരിപ്പിക്കാറുണ്ടായിരുന്നു. പുണെ നഗരത്തിൽവരെ അവർ തമാശ അവതരിപ്പക്കാറുണ്ടായിരുന്നു. ഇവയെല്ലാം ഇപ്പോൾ വല്ലപ്പോഴുമേയുള്ളു അല്ലെങ്കിൽ തീരെ ഇല്ലാതായി. "മുൻപ് ഞങ്ങൾക്ക് ജില്ലാ ആസ്ഥാനങ്ങളായ പട്ടണങ്ങളിൽ പരിപാടികൾ ഉണ്ടാകാറുണ്ട്. ഇപ്പോൾ ഞങ്ങൾ പല താലൂക്കുകൾക്കിടയിൽ ഓടി നടക്കുന്നു," മംഗളാത്തായിയുടെ മൂത്തമകനും സംഘത്തിന്റെ മാനേജരുമായ അനിൽ ബൻസോഡേ പറഞ്ഞു.
തമാശ എന്ന കലയുടെ സുവർണ്ണകാലത്ത്, സംഘങ്ങൾ മുംബൈയിലും പരിപാടികൾ അവതരിപ്പിക്കാറുണ്ടായിരുന്നു. സെപ്റ്റംബർമുതൽ മേയ് വരെയുള്ള സീസണിൽ സംഘങ്ങൾ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ധാരാളം പരിപാടികൾ അവതരിപ്പിക്കുമായിരുന്നു. ഏകദേശം രണ്ടുപതിറ്റാണ്ടുമുൻപാണ് അവസാനമായി തന്റെ സംഘം മുംബൈയിൽ പരിപാടി അവതരിപ്പിച്ചതെന്ന് പ്രസിദ്ധ തമാശ കലാകാരനും ട്രൂപ്പ് ഉടമയുമായ രഘുവീർ ഖേഡ്ക്കർ പറഞ്ഞു. മുംബൈയിലെ തുണിമില്ലുകളിലെ മറാത്തി സംസാരിക്കുന്ന ജോലിക്കാരായിരുന്നു തമാശയുടെ വലിയവിഭാഗം കാണികൾ. മില്ലുകൾ അടച്ചതോടെ ജോലിക്കാർ നഗരം വിട്ടുപോയി. അത് മുംബൈയിൽ തമാശക്ക് കാണികൾ കുറയാൻ ഒരു കാരണമായി. രത്നഗിരി ജില്ലയിലെ ഖേദ് താലൂക്കിലെ ചിഞ്ച്ഘർ ഗ്രാമത്തിൽനിന്നുള്ള രഘുവീർ 1970-ൽ ഒൻപതുവയസുള്ളപ്പോൾ വേദിയിലെത്തിയതാണ്. ഇപ്പോൾ 56 വയസ്സായി. അദ്ദേഹത്തിന്റെ ട്രൂപ്പായ 'രഘുവീർ ഖേഡ്ക്കർ സാഹ് കാന്താഭായ് സതർക്കർ ലോക് നാട്യ തമാശ മണ്ഡൽ ' 1969 -ൽ അദ്ദേഹത്തിന്റെ അമ്മ കാന്താഭായ് തുടങ്ങിയതാണ്.
സർക്കാർ നിയന്ത്രണങ്ങളും തമാശക്ക് തടസ്സമായെന്ന് സംഘഉടമകൾ പറഞ്ഞു. "ഞങ്ങളുടെ പരിപാടി രാത്രി 11 മണിയോടെ തുടങ്ങി വെളുപ്പിന് 6 മണിവരെ നീളാറുണ്ടായിരുന്നു. ആളുകൾ ശ്രദ്ധയോടെ മുഴുവനും കാണുമായിരുന്നു," അനിൽ ബൻസോഡേ പറഞ്ഞു. ശബ്ദമലിനീകരണ നിയന്ത്രണങ്ങളുടെ (നോയ്സ് പൊലൂഷൻ റെഗുലേഷൻ ആൻഡ് കൺട്രോൾ റൂൾസ്, 2000) വരവോടെ തമാശ ഗ്രാമപ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങി. ഈ നിയമങ്ങൾ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽവരെ രാത്രി 10 മണിക്കുശേഷം പരിപാടികൾ അവതരിപ്പിക്കുന്നതിൽനിന്ന് സംഘങ്ങളെ വിലക്കുന്നു. ഇത് തമാശയുടെ ഘടനയിൽത്തന്നെ മാറ്റം വരുത്തി. അവതരണത്തിന്റെ ദൈർഘ്യം കുറയ്ക്കാൻവേണ്ടി ഉടമകൾ പരിപാടികളുടെ എണ്ണം കുറച്ചു.
"ഇപ്പോൾ പരിപാടികൾ അവതരിപ്പിക്കാൻ വളരെക്കുറച്ച് ഇടങ്ങളേയുള്ളു," രഘുവീർ ഖേഡ്ക്കർ പറഞ്ഞു. "മാത്രമല്ല വമ്പൻ ശബ്ദസംവിധാനങ്ങൾ തമാശയിലുണ്ടാക്കുന്ന ശബ്ദകോലാഹലം വെറുപ്പുളവാക്കുന്നതാണ്. അത് ഒട്ടും സുഖപ്രദമല്ല. വളരെയധികം ആക്രോശങ്ങളും, വലിയ ഉച്ചഭാഷിണികളും. കഴിഞ്ഞ 20 വർഷമായി കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. അതിനുമുൻപ് 3000-ത്തിൽത്താഴെ കാണികളും ചെറിയ കാഹളങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് കാണുന്നതുപോലെ ജനങ്ങൾക്കിടയിൽ ഒച്ചയും ബഹളവും ഉണ്ടായിരുന്നില്ല, അവർ ശാന്തരായി പരിപാടി കാണുമായിരുന്നു."
തമാശയിയെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം, അതിന്റെ ഉള്ളടക്കത്തിലും അവതരണത്തിലും വന്ന മാറ്റമാണ്. പരമ്പരാഗത തമാശ അവതരണത്തിന്റെ സവിശേഷമായ പരിപാടികൾ ഗണേശഭഗവാനോടുള്ള മംഗളപ്രാർത്ഥനയായ 'ഗൺ', കൃഷ്ണനും ഗോപികമാരും തമ്മിലുള്ള സംഭാഷണം അടിസ്ഥാനമായുള്ള 'ഗവ്ലൺ', ഹാസ്യപരമായ 'ബതാവ്ണി', നൃത്യങ്ങളടങ്ങിയ 'രംഗ്ബാസി', പുരാണകഥകളോ സാമൂഹികവിഷയങ്ങളോ ആസ്പദമാക്കിയ ചെറുനാടകമായ 'വഗ് നാട്യ' എന്നിവയെല്ലാമാണ്. 'ഗൺ' ചൊല്ലുമ്പോൾ പരമ്പരാഗത വാദ്യോപകരണങ്ങളായ താൽ, തുൻതുണ, ധോൽകി, ഹൽഗി എന്നിവയെല്ലാം ഇപ്പോഴും അകമ്പടിയായുണ്ട്. പരമ്പരാഗത അവതരണത്തിന്റെ ഈ ഘടകങ്ങളും, മറ്റു ധാരാളം ചടങ്ങുകളും ഇപ്പോഴുമുണ്ടെങ്കിലും, അനുഷ്ഠാനങ്ങളിൽ കാലക്രമേണ മാറ്റം വന്നിരിക്കുന്നു. ഇന്ന് തമാശ വിവിധ വിനോദകലാപരിപാടികളുടെ ഒരുമിച്ചുള്ള ഒരു പ്രകടനമായി മാറി. അല്ലെങ്കിൽ നൃത്യനാട്യങ്ങളുടെ ഒരു വമ്പൻ പരിപാടി.
പൂണെയിലുള്ള ഫോട്ടോജേർണലിസ്റ്റായ സന്ദേശ് ഭണ്ഡാരെ തമാശ സമുദായത്തെക്കുറിച്ച് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ഇപ്പോൾ സംഘങ്ങൾ മദ്യാസക്തി, സ്ത്രീധനം തുടങ്ങിയ സാമൂഹികവിഷയങ്ങളെ ആസ്പദമാക്കിയ 'വഗ് നാട്യ' നാടകങ്ങൾ ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങളുടെ ആവശ്യമനുസരിച്ച് ഹിന്ദി, മറാത്തി ഗാനങ്ങൾ അടിസ്ഥാനമാക്കിയ 'രംഗ് ബാസി' നിലനിർത്തിയിരിക്കുന്നു. ഏകദേശം പത്തുവർഷംമുൻപ് കൊങ്കൺ, മാറാത്ത്വാഡാ, വിദർഭ മേഖലകളിലെ വിവിധ ജില്ലകളിലെ തമാശ പരിപാടികളുടെ ചിത്രങ്ങൾ സന്ദേശ് പകർത്തിയിരുന്നു. ഈ കലയിൽ വന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ ഈ കൊല്ലം അദ്ദേഹം ഈ മേഖലയിൽ തിരിച്ചെത്തി.
രഘുവീർ ഖേഡ്ക്കറിന്റെ സംഘം ഡ്രം സെറ്റ്, റിഥം മെഷീൻ, ഡിജിറ്റൽ ഓർഗൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും, ലൈറ്റിംഗ്, മനോഹരമായ വസ്ത്രങ്ങൾ, മേക്കപ്പ് ധരിക്കാനുള്ള നൂതനവഴികൾ എന്നിവയെല്ലാം കൊണ്ടുവന്നു. ഒൻപതടി നീളമുള്ള പരമ്പരാഗത 'നവ്വാരി' സാരികൾ ധരിക്കുന്ന സ്ത്രീകൾ ഇപ്പോഴും തമാശയിൽ അഭിനയിക്കാറുണ്ടെങ്കിലും, യുവാക്കൾ അതിൽനിന്ന് അകന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. "യുവാക്കൾക്കിഷ്ടമുള്ള ഗാനങ്ങൾ ഞങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി," അദ്ദേഹം പറഞ്ഞു. (കാണികൾ മിക്കവാറും പുരുഷന്മാരാണ്. കുറച്ചു സ്ത്രീകൾ ചിലപ്പോൾ പരിപാടി കാണാൻ പിൻനിരയിൽ ഇരിക്കും). "കാലത്തിനനുസരിച്ച് മാറുന്ന ഒരു കലയാണ് തമാശ. സിനിമ മാറുന്നപോലെ തമാശയും മാറും," രഘുവീർ പറഞ്ഞു.
രഘുവീർ വരുത്തിയ മാറ്റങ്ങൾ മറ്റ് സംഘങ്ങളും അനുകരിക്കാൻ തുടങ്ങി. എന്നാൽ അത് അവസാനം ഹാനികരമായി ഭവിച്ചു. മാറ്റങ്ങൾ അനിവാര്യമായിരുന്നുവെന്ന് രഘുവീർ കരുതുന്നുണ്ടെങ്കിലും, "പണ്ട് ശരീരം മുഴുവൻ മറച്ച് വസ്ത്രം ധരിച്ചിരുന്ന സ്ത്രീകളെ കാണികൾ അംഗീകരിച്ചിരുന്നു. എന്നാൽ ഇന്ന് സ്ത്രീകൾ കാണികളെ ഇക്കിളിപ്പെടുത്തുന്ന തരത്തിൽ, വളരെക്കുറച്ചു വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഇത് നിർത്തണം. ഇപ്പോൾ ജനം എന്റെ നിയന്ത്രണത്തിലല്ല. എന്റെ സമയം കഴിഞ്ഞിരിക്കുന്നു. പുതുതലമുറ ഈ തെറ്റ് തിരുത്തണം. ഇല്ലെങ്കിൽ തമാശ അപകടത്തിലാണ്," അദ്ദേഹം പറഞ്ഞു.
അങ്ങനെ, തമാശ എന്ന കലയോടുള്ള തന്റെ അഭിനിവേശവും വിശ്വാസവുമായി മംഗളത്തായി ഇപ്പോഴും അരങ്ങത്തെത്തുന്നു. പ്രായത്താൽ ക്ഷീണിതമായ കാൽമുട്ടുകൾ അരങ്ങത്ത് തുള്ളികളിക്കുന്നതിൽനിന്നും തന്നെ തടയുന്നുവെന്നുള്ള വസ്തുതയെ അവർ, ആർക്ൿലൈറ്റുകളും, തിളങ്ങുന്ന വസ്ത്രങ്ങളും, മേക്കപ്പും, ഭാവഗംഭീരമായ അഭിനയവുംകൊണ്ട് മറച്ചുപിടിക്കുന്നു. തനിക്ക് 66 വയസ്സായെന്നുള്ളത് അവർ മറന്നുപോവുന്നു. തമാശയുടെ അവസാന ഇതിഹാസങ്ങളിൽ ഒരാളായിരിയ്ക്കും ഒരുപക്ഷേ അവർ.
പരിഭാഷ: ജ്യോത്സ്ന വി.