“2018-ലെ ദീര്‍ഘദൂര ജാഥ യില്‍ ഞങ്ങള്‍ താര്‍പാ വായിച്ചു, ഇന്നും ഞങ്ങള്‍ വായിക്കാന്‍ പോകുന്നു. എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളിലും ഞങ്ങള്‍ ഇത് വായിക്കുന്നു”, കൈയിലുള്ള ഉപകരണത്തെ പരാമര്‍ശിച്ചുകൊണ്ട് രൂപേഷ് റോജ് പറഞ്ഞു. തലസ്ഥാന അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന മറ്റു കര്‍ഷകരെ (അവര്‍ പ്രധാനമായും പഞ്ചാബ്-ഹരിയാനയില്‍ നിന്നുള്ളവരാണ്) പിന്തുണക്കുന്നതിനായി മഹാരാഷ്ട്രയില്‍ നിന്നും ഈ ആഴ്ച ഡല്‍ഹിയിലേക്കു (വാന്‍, ടെമ്പോ, ജീപ്പ്, കാര്‍, എന്നീ വാഹനങ്ങളില്‍) പോകുന്ന കര്‍ഷകരില്‍പ്പെട്ട ഒരു വ്യക്തിയാണ് രൂപേഷ്.
ഈ വർഷം സെപ്തംബറിൽ പാർലമെന്‍റിൽ പുതിയ കാർഷിക നിയമങ്ങൾ പാസ്സാക്കിയ ശേഷം ലക്ഷക്കണക്കിനു കർഷകർ രാജ്യത്തങ്ങോളം ഇവ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തു കൊണ്ടിരിക്കുന്നു.
ഡിസംബര്‍ 21-ന് ഏകദേശം ഉച്ചയോടുകൂടി മഹാരാഷ്ട്രയിലെ 20 ജില്ലകളില്‍ നിന്നും - പ്രധാനമായും നാസിക്, നാന്ദേട്, പാല്‍ഘര്‍ ജില്ലകളില്‍ നിന്നും - ഏകദേശം 2,000 കര്‍ഷകര്‍ മദ്ധ്യ നാസികിലെ സെന്‍ട്രല്‍ ഗോള്‍ഫ് ക്ലബ്ബ് മൈതാനത്ത് ഒരു ജാഥയ്ക്കായി ഒത്തുകൂടി; ഡല്‍ഹിയിലേക്കുള്ള ഒരു വാഹന മോര്‍ച്ച ക്കു വേണ്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യോടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭയാണ് അവരെ കൂട്ടിവരുത്തിയിരിക്കുന്നത്. അവരില്‍ ഏകദേശം 1,000 പേര്‍ മദ്ധ്യപ്രദേശ് അതിര്‍ത്തി കഴിഞ്ഞ് രാജ്യത്തിന്‍റെ തലസ്ഥാന നഗരിയിലേക്കു യാത്ര തുടര്‍ന്നു.
പാല്‍ഘറിലെ വാടാ പട്ടണത്തില്‍ നിന്നുള്ള, വാര്‍ലി സമുദായത്തില്‍പ്പെട്ട, 40-കാരനായ രൂപേഷ് നാസികില്‍ കൂടിയിരിക്കുന്നവരില്‍ ഒരാളാണ്. “ഞങ്ങള്‍ ആദിവാസികള്‍ക്ക് താര്‍പായുടെ കാര്യത്തില്‍ വലിയ ശ്രദ്ധയുണ്ട്”, അദ്ദേഹം പറഞ്ഞു. “ഇപ്പോള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ വായിക്കുകയും നൃത്തം ചെയ്യുകയും ചെയ്യും.”
പരിഭാഷ - റെന്നിമോന്‍ കെ. സി.