മാധ്യമങ്ങളിലെമ്പാടും ആ വിള്ളലുകളുണ്ടായിരുന്നു. ചമോലി ജില്ലയിലെ മലമുകളിലുള്ള തന്റെ പട്ടണം താണമരുന്നതിനെക്കുറിച്ചുള്ള പുതിയ പുതിയ വിശേഷങ്ങൾ അവൾ ദിവസവും പത്രങ്ങളിൽ വായിച്ചു. ഗ്രാമങ്ങളിലെ വിള്ളലുകളും, പട്ടണങ്ങളിലെ പ്രതിഷേധങ്ങളും കാണാൻ മാധ്യമപ്രവർത്തകരുടെ ഒഴുക്കായിരുന്നു. കഴിഞ്ഞ ആഴ്ച അവർ വന്ന്, വീടുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ആളുകളോട് പറഞ്ഞപ്പോൾ, തന്റെ ചെറിയ വീട് വിട്ടുപോകാൻ അവൾ വിസമ്മതിച്ചു. വേണമെങ്കിൽ അവരെന്നെ ചവിട്ടിപ്പുറത്താക്കിക്കൊള്ളട്ടെ. അവൾക്ക് പേടിയില്ല.
ഗ്രാമത്തിലൂടെ ഇഴഞ്ഞുനീങ്ങിയ വിചിത്രമായ ഒരു ആർത്തിയുടെ ലക്ഷണങ്ങളായിട്ടാണ് അവൾ ആ വിള്ളലുകളെ കണ്ടത്. പുതിയ പദ്ധതികളും റോഡുകളും മാത്രമല്ല മലകളെ അധിനിവേശിച്ചുകൊണ്ടിരുന്നത്. അവയേക്കാൾ അഗാധമായ മറ്റെന്തോ തെറ്റുകൂടി ലോകത്തിന് സംഭവിക്കുന്നുണ്ടായിരുന്നു. വേറിടൽ അതിനകംതന്നെ നടന്നുകഴിഞ്ഞിരുന്നു. മലമുകളിലെ വള്ളിയിൽനിന്നും താഴ്ന്നുകിടക്കുന്ന ഒരു സ്വപ്നത്തിന്റെ പിന്നാലെ പാഞ്ഞ അവർ പ്രകൃതിയിൽനിന്നും, ഭൂമിയിലെ ദൈവങ്ങളിൽനിന്നും വേറിട്ടുകഴിഞ്ഞിരുന്നു. മാന്ത്രികതയുള്ള ആകാശവള്ളിയായിരുന്നു അത്. ആ മിഥ്യയ്ക്കുവേണ്ടിയുള്ള അലച്ചിലിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
വിള്ളലുകൾ
ഒരുദിവസം
കൊണ്ട് സംഭവിച്ചതല്ല അത്.
നേരിയ, തലനാരിഴ
വലിപ്പത്തിലുള്ള വിള്ളലുകൾ
മറഞ്ഞുകിടന്നിരുന്നു,
അവളുടെ
വെളുത്ത തലമുടിയിഴകളെപ്പോലെ,
അല്ലെങ്കിൽ, കണ്ണുകൾക്ക്
താഴെയുള്ള
കറുത്ത നിഴൽപ്പാടുകൾപോലെ
ഗ്രാമങ്ങൾക്കും, മലകൾക്കും, കാടുകൾക്കും
പുഴകൾക്കുമിടയിൽ ചെറിയ
പിളർപ്പുകൾ നിലനിന്നിരുന്നു
ദൂരെനിന്ന്
കാണാൻ പറ്റാത്ത വിധത്തിൽ.
അപ്പോഴാണ്
വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്
പതുക്കെപ്പതുക്കെ, തുടരെത്തുടരെ.
കുട്ടികൾക്ക്
ജന്മം കൊടുത്ത്
തകർച്ചയിൽനിന്നും
സ്വയം രക്ഷപ്പെടുത്തുന്നതുപോലെ
ഒരു ചെറിയ
മതിൽ ഇവിടെ പണിഞ്ഞും
അല്പം കുമ്മായം
അവിടെയിട്ടും
എല്ലാം ശരിയാക്കാൻ
പറ്റുമെന്ന് അവൾ കരുതി
അപ്പോഴാണ്
വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്
നരസിംഹത്തെപ്പോലെ
മരവിച്ച, ഇമചിമ്മാത്ത, മാപ്പുനൽകാത്ത
കണ്ണുകളുമായി
കണ്ണാടിച്ചുമരുകളിൽനിന്ന്
അവ അവളെ
തുറിച്ചുനോക്കി
അവയുടെ
രൂപവും ദിശയും
അവൾക്കറിയാമായിരുന്നു,
അവ വളരുന്ന
പ്രത്യേക സ്ഥലങ്ങളും.
നീളത്തിലും
കുറുകെയും ചുവടുവെച്ച്,
അവ
ഇഷ്ടികകൾക്കിടയിലെ കുമ്മായത്തിലും,
പ്ലാസ്റ്ററിലും, ഇഷ്ടികകളിലും
അസ്തിവാരത്തിന്റെ
ചുമരുകളിലും
വളർന്നുകൊണ്ടേയിരുന്നു.
ജോഷിമഠിൽ
മാത്രമായിരുന്നില്ല.
മലകളിലേക്കും, രാജ്യത്തിലേക്കും, തെരുവുകളിലേക്കും, തന്റെ
കാൽച്ചുവട്ടിലേക്കും
മഹാവ്യാധിപോലെ
അത് വ്യാപിക്കുന്നത് അവൾ കണ്ടു
അവളുടെ
ക്ഷീണിതമായ പാദങ്ങളെയും ആത്മാവിനേയും അത് മറച്ചു.
ഇറങ്ങാൻ
വൈകിപ്പോയി
പോകാനിനി
ഇടമില്ല
ദൈവങ്ങൾ
ഉപേക്ഷിച്ചുപോയിരിക്കുന്നു
പ്രാർത്ഥിച്ചിട്ട് ഇനി
കാര്യമില്ല
പഴയ
വിശ്വാസങ്ങളെ
ആശ്രയിച്ചിട്ടും
കാര്യമില്ല
ഒന്നും
രക്ഷിക്കാൻ സമയമില്ല
സൂര്യപ്രകാശംകൊണ്ട്
ആ വിള്ളലുകൾ അടയ്ക്കാൻ
പറ്റില്ല
ഉരുകിയ
സാളഗ്രാമം പോലെ
പൊട്ടിത്തെറിക്കുന്ന
ഈ ഇരുട്ട്
മുൻപ് പരിചിതമല്ലാത്ത
ഈ രോഷം,
ഉള്ളിലുറഞ്ഞ
ഈ വെറുപ്പ്
സർവ്വവും
ഭക്ഷിക്കുന്നു
ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു.
തന്റെ
വീടിന്റെ പിറകിലെ
താഴ്വരയിലേക്ക്
ആരാണ് ഈ
ശപിക്കപ്പെട്ട പയറുമണികളെ എറിഞ്ഞത്?
ആകാശത്ത്
വേരുകളുള്ള ഈ വള്ളിയിലേക്ക്
ക്ഷുദ്രജീവികൾ
കടന്നുകൂടിയോ?
ഈ ആകാശലതയുടെ
മുകളിലുള്ളത്
ആരുടെ
കൊട്ടാരമാണ്?
നേരിട്ട്
കണ്ടാൽ ആ രാക്ഷസരൂപനെ
തിരിച്ചറിയാൻ
തനിക്കാവുമോ?
മഴുവേന്താനുള്ള
ശക്തി
തന്റെ
കൈകൾക്കുണ്ടോ?
മോക്ഷത്തിനായി
ആശ്രയിക്കേണ്ടത് ആരെയാണ്?
ക്ഷീണിച്ച്
തളർന്ന്, ഒരിക്കൽക്കൂടി
അവളുറങ്ങാൻ
ശ്രമിച്ചു.
പഴയ ചുവരുകളിൽ വളർന്ന്
തിടംവെക്കുന്ന
മാന്ത്രികവള്ളികളെ
ആപാദചൂഡം നോക്കാൻ ശ്രമിച്ച്
ഒരു സ്വപ്നവിഭ്രാന്തിയിലെന്നവണ്ണം
അവളുടെ കണ്ണുകൾ
തുറന്നുതന്നെയിരുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്