2016-ൽ ഒരു സുഹൃത്തിന്‍റെ വിവാഹവേളയിൽവെച്ച്, മുത്തുരാജിനെ ആദ്യമായി കണ്ട നിമിഷം മുതൽ അയാളുമായി പ്രണയത്തിലാവുകയായിരുന്നു ചിത്ര. മുത്തുരാജിനും അങ്ങിനെത്തന്നെയായിരുന്നു. പക്ഷേ അയാൾക്ക് അവളെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നില്ല. കാഴ്ചശക്തിയില്ലായിരുന്നു മുത്തുരാജിന്. ചിത്രയുടെ വീട്ടുകാർ ഈ ബന്ധത്തിനെതിർ നിന്നു. കാഴ്ചശക്തിയില്ലാത്ത ആളെ വിവാഹം ചെയ്ത് ജീവിതം നശിപ്പിക്കുകയാണ് അവൾ എന്ന് അവർ വാദിച്ചു. രണ്ടുപേർക്കും വേണ്ടി അവൾ ഒരാൾ അദ്ധ്വാനിക്കേണ്ടിവരുമെന്ന് അവർ ഓർമ്മിപ്പിച്ചു. അവരുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം ചിത്രയ്ക്ക് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് കണ്ടെത്തിയപ്പോൾമുതൽ, ചിത്രയുടെ വീട്ടുകാരുടെ വാദം അസ്ഥാനത്തായി. ചിത്രയെ മുഴുവൻ സമയവും പരിചരിച്ചത് മുത്തുരാജയാണ്. അതിൽപ്പിന്നെ അവരുടെ ജീവിതത്തിൽ ഒരുപാട് വളവുകളും തിരിവുകളും സംഭവിച്ചു. ദയാരഹിതമായ പലതും. എന്നിട്ടും ഇന്നും പ്രതീക്ഷയും ധൈര്യവും കൈവിടാതെ, 25 വയസ്സുള്ള എം. ചിത്രയും 28 വയസ്സുള്ള ഡി. മുത്തുരാജയും ജീവിതത്തോട് പൊരുതുകയാണ്. തമിഴ്നാട്ടിലെ മധുരൈ ജില്ലയിലെ സോളങ്കുറുണി ഗ്രാമത്തിലെ ആ ദമ്പതികളുടെ പ്രണയകഥയാണ് ഇത്.
*****
ചിത്രയ്ക്ക് പത്ത് വയസ്സുള്ളപ്പോഴാണ് കടബാദ്ധ്യതകൾ വരുത്തി, അമ്മയേയും മൂന്ന് പെണ്മക്കളേയും അവളുടെ അച്ഛൻ ഉപേക്ഷിച്ച് പോയത്. പലിശക്കാരുടെ ശല്യം സഹിക്കാൻ കഴിയാതെ, കുട്ടികളെ സ്കൂളിൽനിന്ന് തിരികെ വിളിച്ച് അമ്മയും മക്കളും അയൽസംസ്ഥാനമായ ആന്ധ്രപ്രദേശിലേക്ക് ഓടിപ്പോയി. അവിടെ പരുത്തിനൂലുണ്ടാക്കുന്ന ഒരു കമ്പനിയിൽ അവരെല്ലാവരും ജോലിക്ക് ചേർന്നു. രണ്ട് വർഷത്തിനുശേഷം അവർ മധുരയിലേക്ക് തിരിച്ചുവന്നു. ഇത്തവണ അവർ ഒരു കരിമ്പിൻ തോട്ടത്തിലാണ് ജോലിക്ക് ചേർന്നത്. ചിത്രയ്ക്ക് 12 വയസ്സായിരുന്നു അപ്പോൾ. പത്ത് വരി കരിമ്പ് വൃത്തിയാക്കലും, ഉണങ്ങിയ തണ്ടുകൾ പറിക്കലും പൊളിക്കലും ചെയ്താൽ 50 രൂപ കിട്ടും. ബുദ്ധിമുട്ടുള്ള പണിയായിരുന്നു. കൈകൾ വിണ്ടുകീറും, പുറം വേദനിക്കും. എന്നിട്ടും അച്ഛന്‍റെ കടങ്ങൾ വീട്ടാൻ അവർക്കായില്ല. അതിനാൽ ചിത്രയും മൂത്ത സഹോദരിമാരും ഒരു പരുത്തിമില്ലിൽ ജോലിക്ക് പോയിത്തുടങ്ങി. ദിവസത്തിൽ 30 രൂപ സമ്പാദിക്കും. മൂന്ന് വർഷം കഴിഞ്ഞപ്പോൾ 50 രൂപ കിട്ടിത്തുടങ്ങി. അങ്ങിനെ കടങ്ങളൊക്കെ വീട്ടി. എത്ര പണം കൊടുത്തുവെന്നോ, പലിശ എന്തായിരുന്നെന്നോ ചിത്രയ്ക്കറിയില്ല. നടുവൊടിഞ്ഞു എന്നുമാത്രം അനുഭവത്തിൽനിന്ന് അവൾക്കറിയാം.
ഒരു കടം വീട്ടിക്കഴിയുമ്പോഴേക്കും അടുത്ത കടം എടുക്കേണ്ടിവന്നു. മൂത്ത ചേച്ചിയെ വിവാഹം കഴിപ്പിക്കേണ്ടിവന്നു. ചിത്രയും അനിയത്തിമാരും വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. ഇത്തവണ ഒരു തുണിമില്ലിലായിരുന്നു ജോലി. സുമംഗലി എന്ന പേരിൽ വിവാദമായ ഒരു പദ്ധതിയുടെ കീഴിലായിരുന്നു അവർ ജോലി ചെയ്തിരുന്നത്. വിവാഹച്ചിലവുകൾ വഹിക്കാൻ പെൺകുട്ടികളെ സഹായിക്കുന്നുവെന്ന പേരിൽ തമിഴ്നാട്ടിലെ സ്വകാര്യ തുണിമില്ലുകൾ നടത്തിയിരുന്ന ഒരു പദ്ധതിയായിരുന്നു അത്. ദരിദ്രരും പിന്നാക്കസമുദായത്തിൽപ്പെട്ടവരുമായ അവിവാഹിതരായ പെൺകുട്ടികളെ മൂന്ന് വർഷത്തേക്ക് തൊഴിലെടുപ്പിച്ച്, കരാറിന്‍റെ അവസാനം അവരുടെ വീട്ടുകാർക്ക് ഒരു നിശ്ചിതസംഖ്യ കൊടുക്കുന്നതായിരുന്നു പദ്ധതി. വർഷത്തിൽ കേവലം 18,000 രൂപ ആ ജോലിയിൽനിന്ന് സമ്പാദിച്ചിരുന്ന കൗമാരപ്രായക്കാരിയായ ചിത്ര കടങ്ങൾ വീട്ടാൻ ബുദ്ധിമുട്ടുകയായിരുന്നു. 2016 വരെ അവൾ വീട്ടുകാര്യം നോക്കി കഴിഞ്ഞു. 20 വയസ്സിലാണ് മുത്തുരാജയെ കണ്ടുമുട്ടുന്നത്.
*****
ചിത്രയെ കണ്ടുമുട്ടുന്നതിന് മൂന്ന് വർഷം മുൻപാണ് മുത്തുരാജയുടെ രണ്ട് കണ്ണിനും കാഴ്ച നഷ്ടപ്പെട്ടത്. ആ ദിവസവും സമയവും അയാളുടെ മനസ്സിൽ ഇപ്പോഴും തെളിഞ്ഞ് കിടപ്പുണ്ട്. 2013 ജനുവരി 13, വൈകീട്ട് 7 മണി. പൊങ്കലിന്‍റെ തലേന്നത്തെ രാത്രി. ഒന്നും കാണാൻ കഴിയുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഉണ്ടായ പരിഭ്രമം ഇപ്പോഴും അയാൾ ഓർക്കുന്നു.
അടുത്ത മൂന്ന് വർഷം അയാളെ സംബന്ധിച്ചിടത്തോളം നരകമായിരുന്നു. ദേഷ്യവും സങ്കടവും ഭ്രാന്തും എല്ലാമായി മിക്കപ്പോഴും വീട്ടിനകത്തിരുന്ന് അയാൾ കഴിച്ചുകൂട്ടി. ആത്മഹത്യ ചെയ്യാൻപോലും ആലോചിച്ചു. എന്നിട്ടും അയാൾ അതിജീവിക്കുകതന്നെ ചെയ്തു. ചിത്രയെ കണ്ടുമുട്ടുമ്പോൾ അയാൾക്ക് വയസ്സ് 23. അന്ധനും. താൻ ജീവിച്ചിരിക്കുന്ന ഒരു നിർജ്ജീവദേഹമാണെന്ന് അയാൾക്ക് സ്വയം തോന്നി. തനിക്ക് പുതിയൊരു ജീവിതം തന്നത്, ചിത്രയാണെന്ന് അയാൾ മൃദുവായി പറയുന്നു.
കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ്, മുത്തുരാജയുടെ കാഴ്ചശക്തിക്ക് മങ്ങലേൽപ്പിച്ച ചില അനിഷ്ടസംഭവങ്ങൾ തുടരെത്തുടരെയുണ്ടായി. ഏഴ് വയസ്സുള്ളപ്പോൾ സഹോദരിയുടെ കൂടെ മധുരയിലുള്ള സ്വന്തം പാടത്ത് വിൽക്കാനുള്ള പനിനീർച്ചെടികൾ മാറ്റിസ്ഥാപിക്കുകയായിരുന്നു അയാൾ. പറിച്ചെടുത്ത റോസാച്ചെടി വാങ്ങാൻ സഹോദരി ഒരല്പം താമസിച്ചു. പക്ഷേ അതിനുള്ളിൽ, അതിന്‍റെ കൊമ്പിലെ മുള്ള് കണ്ണിൽ തുളഞ്ഞുകയറി.
ആറ് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ഇടത്തേ കണ്ണിന് അല്പം കാഴ്ച കിട്ടി. ചികിത്സയ്ക്കുള്ള പണത്തിന് ആകെയുണ്ടായിരുന്ന മൂന്ന് സെന്‍റ് ഭൂമി വിൽക്കേണ്ടിവന്നതോടെ കുടുംബം കടക്കെണിയിലായി. കുറച്ചുകാലത്തിനുശേഷമുണ്ടായ ഒരു ബൈക്ക് അപകടത്തിൽ കാഴ്ചശക്തിയുണ്ടായിരുന്ന മറ്റേ കണ്ണിനും പരിക്കേറ്റു. പിന്നീട്, സ്കൂൾ പഠനം അയാൾക്ക് ബുദ്ധിമുട്ടായി മാറി. ബ്ലാക്ക് ബോർഡും അതിലെ വെളുത്ത അക്ഷരങ്ങളുമൊക്കെ അയാളിൽനിന്ന് വഴുതിമാറാൻ തുടങ്ങി. എന്നിട്ടും അദ്ധ്യാപകരുടെ സഹായത്തോടെ ഒരുവിധം 10-ആം ക്ലാസ്സുവരെ അയാൾ എത്തി.
2013-ലെ ആ ജനുവരി ദിവസം വീടിന് മുന്നിലെ തെരുവിലുണ്ടായിരുന്ന ഒരു ഇരുമ്പ് കമ്പിയിൽ അബദ്ധത്തിൽ തലയിടിച്ചതോടെ കണ്ണിൽ പൂർണ്ണമായി ഇരുട്ട് കയറി. ചിത്രയെ കണ്ടുമുട്ടിയതിനുശേഷമാണ് വെളിച്ചവും – പ്രണയവും – അയാളിലേക്ക് തിരിച്ചെത്തിയത്.
*****
2017-ൽ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ചിത്രയ്ക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ട് തുടങ്ങി. മധുരയിലെ അണ്ണാനഗറിലെ സർക്കാർ ആശുപത്രിയിലേക്ക് അവർ പോയി. പരിശോധനകൾക്കൊടുവിൽ ചിത്രയുടെ ഹൃദയത്തിന് ശേഷി കുറവുണ്ടെന്ന് കണ്ടെത്തി. ഇത്രനാളും ജീവിച്ചിരുന്നതുതന്നെ അത്ഭുതമാണെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. (രോഗത്തിന്‍റെ പേർ ചിത്രയ്ക്കറിയില്ല. ഫയലുകളൊക്കെ ആശുപത്രിയിലാണ്). ഇത്രകാലവും അവൾ താങ്ങിനിർത്തിയ കുടുംബവും അവളെ സഹായിക്കാൻ വിസമ്മതിച്ചു. അന്യായപ്പലിശയ്ക്ക് മുത്തുരാജ 30,000 രൂപ കടമെടുത്തു. ഒരു തുറന്ന ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയയായി മൂന്ന് മാസം ആശുപത്രിയിൽ കഴിയേണ്ടിവന്നു അവൾക്ക്. രോഗം ഭേദമായി വീട്ടിലേക്ക് തിരിച്ചുവന്നയുടൻ, മുത്തുരാജയ്ക്ക് ചെവിക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായി. മനസ്സ് മടുത്ത് ജീവിതം അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചതായിരുന്നു. മറ്റൊരു ജീവന്‍റെ തുടിപ്പ് അവരെ അതിൽനിന്ന് തടഞ്ഞു. ചിത്ര ഗർഭിണിയായിരുന്നു. ചിത്രയ്ക്ക് പ്രസവം താങ്ങാനാവുമോ എന്ന് മുത്തുരാജയ്ക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും, ഡോക്ടർമാർ അതിനനുവദിച്ചു. മാസങ്ങൾ നീണ്ട് പ്രാർത്ഥനയ്ക്കും ആശങ്കയ്ക്കുമിടയിൽ അവർക്ക് ഒരു മകൻ ജനിച്ചു. നാല് വയസ്സുകാരനായ വിശാന്ത് രാജയിലാണ് ഇന്ന് അവരുടെ ഭാവിയും ആനന്ദവും.
*****
ദൈനംദിന ജീവിതം ദുഷ്കരമാണ് ഈ ദമ്പതികൾക്ക്. ഭാരമുള്ളതൊന്നും ചിത്രയ്ക്ക് ചുമക്കാനാവില്ല. രണ്ട് തെരുവ് അപ്പുറത്തുള്ള കുടിവെള്ള പൈപ്പിൽനിന്ന് വെള്ളം നിറച്ച് മുത്തുരാജ നടക്കുന്നു. അയാളുടെ ഒരു കൈ അവളുടെ ചുമലിലാണ്. അവളാണ് അവന്‍റെ വഴികാട്ടി. അയാളുടെ കണ്ണുകൾ. അടുത്തുള്ള തോട്ടങ്ങളിൽനിന്നും കാട്ടിൽനിന്നും ചിത്ര വേപ്പിന്‍റെ കായകൾ പെറുക്കിക്കൊണ്ടുവന്ന് ഉണക്കി ഒരു നാഴിക്ക് 30 രൂപയ്ക്ക് വിൽക്കുന്നു. മറ്റ് ചിലപ്പോൾ അവൾ മഞ്ഞനത്തിക്കായ – ഇന്ത്യൻ മൾബെറി (പട്ടുനൂൽപ്പുഴു തിന്നുന്ന ഒരു തരം ഇലകളുള്ള വൃക്ഷം) ശേഖരിച്ച്, ഒരു നാഴിക്ക് 60 രൂപവെച്ച് വിൽക്കുന്നു. അടുത്തുള്ള ഒരു തോട്ടത്തിൽനിന്ന് ഒന്നുരണ്ട് കിലോ പിച്ചകപ്പൂക്കളും ചിത്ര ശേഖരിക്കാറുണ്ട്. പ്രതിദിനം 20-25 രൂപ അതിൽനിന്നും കിട്ടും.
ദിവസത്തിൽ നൂറ് രൂപ അങ്ങിനെ പല ജോലികൾ ചെയ്ത് അവൾ ജീവിതച്ചിലവിലേക്ക് സമ്പാദിക്കുന്നു. ഭിന്നശേഷിക്കാർക്കുള്ള തമിഴ്നാട് സർക്കാരിന്‍റെ പദ്ധതിയിൽനിന്ന് മുത്തുരാജയ്ക്ക് മാസംതോറും കിട്ടുന്ന 1000 രൂപയിൽനിന്നാണ് ചിത്രയ്ക്കുള്ള മരുന്നുകൾ വാങ്ങുന്നത്. “എന്‍റെ ജീവിതം ഈ മരുന്നുകളെ ആശ്രയിച്ചിട്ടാണ്. അതില്ലെങ്കിൽ ഭയങ്കര വേദനയാണ്”, ചിത്ര പറയുന്നു.
കോവിഡ് 19 കൊണ്ടുവന്ന അടച്ചുപൂട്ടൽകാരണം, പുറത്ത്പോയി ഫലങ്ങൾ ശേഖരിക്കാൻ അവൾക്കാവുന്നില്ല. വരുമാനം കുറഞ്ഞതോടെ ചിത്ര മരുന്ന് കഴിക്കുന്നത് നിർത്തിയിരിക്കുന്നു. അതോടെ, അവളുടെ ആരോഗ്യവും മോശമായി. ശ്വാസമെടുക്കാനും നടക്കാനുമൊക്കെ ബുദ്ധിമുട്ടാണ്. ചായയ്ക്ക് പാൽ വാങ്ങാൻപോലും അവൾക്കാവുന്നില്ല. അതിനാൽ മകന് കട്ടൻചായയാണ് കൊടുക്കുന്നത്. “പക്ഷേ എനിക്കിത് ഇഷ്ടമാണ്”, വിശാന്ത് പറയുന്നു. അച്ഛനമ്മമാരുടെ ജീവിതവും, ദുരിതങ്ങളും, അവരുടെ സ്നേഹവും അവന് മനസ്സിലാവുന്നുണ്ട് എന്ന് തോന്നി.
റിപ്പോർട്ടറോടൊപ്പം ഈ കഥ തയ്യാറാക്കിയത് അപർണ്ണ കാർത്തികേയൻ.
പരിഭാഷ: രാജീവ് ചേലനാട്ട്