പച്ചപുതച്ച മലകളുടേയും ചെറിയ വെള്ളച്ചാട്ടങ്ങളുടേയും ശുദ്ധമായ അന്തരീക്ഷത്തിന്റേയും പശ്ചാത്തലത്തിൽ ഒരു ചെറുപ്പക്കാരൻ, താൻ മേയ്ക്കുന്ന എരുമകളെ നോക്കിക്കൊണ്ടിരിക്കുന്നു.

“താങ്കൾ എന്തെങ്കിലും സർവേ നടത്തുകയാണോ?” അടുത്ത് ചെന്നപ്പോൾ എന്നോടയാൾ ചോദിച്ചു.

“അല്ല’, ഞാൻ പറഞ്ഞു. പോഷകാഹാരക്കുറവിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വന്നതാണെന്നും സൂചിപ്പിച്ചു.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മൊഖാദ താലൂക്കിലായിരുന്നു ഞങ്ങൾ. ആ ജില്ലയിൽ 5,221 കുട്ടികൾക്ക് തൂക്കക്കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തിലെ രണ്ടാമത്തെ ഉയർന്ന കണക്കാണ് അത്.

ഞങ്ങൾ തലസ്ഥാനനഗരിയായ മുംബൈയിൽനിന്ന് കേവലം 157 കിലോമീറ്റർ അകലെയായിരുന്നുവെങ്കിലും ഇവിടത്തെ പ്രകൃതിദൃശ്യം മറ്റൊരു ലോകമായിത്തോന്നി.

മഹാരാഷ്ട്രയിൽ പിന്നാക്കവിഭാഗത്തിൽ‌പ്പെടുന്ന കാ താക്കൂർ സമുദായാംഗമാണ് രോഹിദാസ്. പാൽഘർ ജില്ലയിൽ, ജനസംഖ്യയുടെ 38 ശതമാനവും ഗോത്രവർഗ്ഗക്കാരാണ്. ചെറുപ്പക്കാരനായ ആ എരുമ മേച്ചിലുകാരന് അയാളുടെ വയസ്സ് കൃത്യമായി എന്നോട് പറയാൻ കഴിഞ്ഞില്ലെങ്കിലും കാഴ്ചയിൽ 20 കഴിയാറായിട്ടുണ്ടാവണം അയാൾക്ക്. ചുമലിൽ ഒരു കുടയും, കഴുത്തിൽ ഒരു തൂവാലയുമായി കൈയ്യിൽ ഒരു വടിയുമായിട്ടായിരുന്നു അയാളുടെ നിൽ‌പ്പ്. പുല്ല് തിന്നുകൊണ്ടിരുന്ന രണ്ട് എരുമകളെ അയാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. “മഴക്കാലത്ത് മാത്രമേ ഇവയ്ക്ക് വയർ നിറച്ച് കഴിക്കാൻ പറ്റാറുള്ളൂ. വേനൽക്കാലത്ത് ഭക്ഷണം തേടി ധാരാളം അലയേണ്ടിവരാറുണ്ട്”, അയാൾ പറയുന്നു.

Rohidas is a young buffalo herder in Palghar district's Mokhada taluka.
PHOTO • Jyoti
One of his buffaloes is seen grazing not too far away from his watch
PHOTO • Jyoti

ഇടത്ത്: പാൽഘർ ജില്ലയിലെ മൊഖാദ താലൂക്കിലെ ചെറുപ്പക്കാരനായ എരുമ മേച്ചിലുകാരനാണ് രോഹിദാസ്. അയാളുടെ കൺ‌വെട്ടത്ത് പുല്ലുമേയുന്ന എരുമ

“എന്റെ വീട് അവിടെയാണ്, ദംതെപാഡയിൽ”, എതിർവശത്തുള്ള കുന്നിലെ ഒരു ചേരിയിലേക്ക് വിരൽ ചൂണ്ടി രോഹിദാസ് പറയുന്നു. അവിടെ, മരങ്ങളുടെ ഒരു കൂട്ടത്തിനകത്തുള്ള 20-25 വീടുകൾ എന്റെ കണ്ണിൽ‌പ്പെട്ടു. വാഗ പുഴയിൽനിന്ന് വരുന്ന ഒരു അരുവിയുടെ മുകളിലുള്ള പാലം കടന്നുവേണം, ആ വീടുകളിലേക്കെത്താൻ. “ഞങ്ങൾ ഈ അരുവിയിൽനിന്നുള്ള വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കുക. വീട്ടിലെ ആവശ്യങ്ങൾക്കും എരുമൾക്കുമൊക്കെ ഇതേ വെള്ളമാണ് ഉപയോഗിക്കുന്നത്”, അയാൾ പറയുന്നു.

വേനൽക്കാലങ്ങളിൽ വാഗ പുഴയിലെ വെള്ളം വറ്റുമെന്നും, അപ്പോൾ കുടിവെള്ളം കിട്ടാൻ സമുദായത്തിന് ബുദ്ധിമുട്ടാണെന്നും അയാൾ പറയുന്നു.

“ഈ മാസം (ജൂലായിൽ) പാലം വെള്ളത്തിനടിയിലായി. ആർക്കും അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ പോകാൻ കഴിയാതെയായി”, അയാൾ ഓർമ്മിക്കുന്നു.

ആ സമയങ്ങളിൽ ദംതെപാഡ ചേരിയിലെ ജീവിതം ദുഷ്കരമാവുമെന്ന് അയാൾ സൂചിപ്പിക്കുന്നു. “റോഡൊ, സർക്കാർ വണ്ടിയോ ഉണ്ടാവാറില്ല. പൊതുവായി ഉപയോഗിക്കുന്ന ജീപ്പുകളും കുറവായിരിക്കും. അടിയന്തിരമായി എന്തെങ്കിലും ചികിത്സയോ മറ്റോ വേണ്ടിവന്നാൽ ബുദ്ധിമുട്ടാണ്”, അയാൾ കൂട്ടിച്ചേർത്തു. ഏകദേശം എട്ട് കിലോമീറ്റർ ദൂരത്താണ് മൊഖാദ സർക്കാർ ആശുപത്രിയും.

അത്തരം ഘട്ടങ്ങളിൽ രോഗികളേയും ഗർഭിണികളേയും നാട്ടുകാർ ‘ഡോലി‘യിൽ (മുളയിൽ കെട്ടിയ കിടക്കവിരികളിൽ) കൊണ്ടുപോവുകയാണ് പതിവ്. പ്രദേശത്ത് ഫോണിന്റെ നെറ്റ്‌വർക്ക് ദുർബ്ബലമായതിനാൽ, ആംബുലൻസോ മറ്റോ വിളിക്കാനും ബുദ്ധിമുട്ട് നേരിടും.

Rohidas lives with his family in a small hamlet called Damtepada on a hill in Mokhada.
PHOTO • Jyoti
He and other villagers must cross this stream everyday to get home
PHOTO • Jyoti

ഇടത്ത്: മൊഖാദയിലെ ഒരു കുന്നിൻ‌പുറത്തുള്ള ദംതെപാഡ എന്ന ചെറിയ ചേരിയിലാണ് രോഹിദാസ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. വലത്ത്: വീടുകളിലേക്ക് പോകാൻ അയാൾക്കും ഗ്രാമീണർക്കും അരുവി മുറിച്ചുകടക്കണം

രോഹിദാസോ അയാളുടെ മൂന്ന് ജ്യേഷ്ഠന്മാരോ സ്കൂളിൽ പോയിട്ടേയില്ല. ഈ റിപ്പോർട്ട് പ്രകാരം, കാ താക്കൂർ സമുദയത്തിലെ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 71.9 ശതമാനമാണ്. “10-ആം ക്ലാസ് കഴിഞ്ഞ ചില ആൺകുട്ടികൾ ചേരിയിലുണ്ട്. പക്ഷേ അവരും ഞാൻ ചെയ്യുന്ന അതേ ജോലിതന്നെയാണ് ചെയ്യുന്നത്. പിന്നെ എന്താണ് വ്യത്യാസം?” അയാൾ ചോദിക്കുന്നു.

കുറച്ച് മാസങ്ങൾക്കുമുമ്പ് രോഹിദാസ് വിവാഹം കഴിച്ചു. ഭാര്യ ബോജിയും, അച്ഛനമ്മമാരും മൂന്ന് സഹോദരന്മാരും അവരുടെ ഭാര്യമാരും കുട്ടികളും ചേർന്ന് വീട്ടിൽനിന്ന് ആറ് കിലോമീറ്റർ അകലെയുള്ള രണ്ടേക്കർ വനപ്രദേശത്ത് വിരിപ്പ് കൃഷി ചെയ്യുന്നു. “ആ സ്ഥലം ഞങ്ങളുടെ പേരിലല്ല”, അയാൾ പറയുന്നു.

ഒക്ടോബറിനും നവംബറിനുമിടയിലെ വിളവെടുപ്പ് കഴിഞ്ഞാൽ കുടുംബം ഒന്നടങ്കം, താനെ ജില്ലയിലെ ഭിവണ്ടി താലൂക്കിലെ ഇഷ്ടികക്കളത്തിൽ ജോലിക്ക് പോകും. നൂറ് കിലോമീറ്റർ അപ്പുറത്താണ് ആ സ്ഥലം. വിരിപ്പുകൃഷിയും വിളവെടുപ്പും കുടിയേറ്റവുമായി കഴിയുന്ന പാൽഘറിലെ നിരവധി ഗോത്രകുടുംബങ്ങളുടെ അതേ ജീവിതമാണ് ഇവരുടേതും.

2022 ജൂലായ് 21-ന് ഇന്ത്യയിലെ ആദ്യത്തെ ആദിവാസി രാഷ്ട്രപതിയായി ചുമതലയേറ്റ് ദ്രൌപദി മുർമു ചരിത്രം രചിച്ചു. ഒഡിഷയിലെ സന്താളി ആദിവാസി ഗോത്രസമുദായാംഗമാണ് മുർമു. രാജ്യത്തെ ഏറ്റവും വലിയ പദവി വഹിക്കുന്ന രണ്ടാമത്തെ സ്ത്രീയും.

“നമുക്കൊരു ആദിവാസി രാഷ്ട്രപതിയുണ്ടെന്ന് അറിയാമോ?”, അയാളുടെ പ്രതികരണമറിയാനായി ഞാൻ ചോദിച്ചു.

“ആർക്കറിയാം? അതുകൊണ്ടെന്തെങ്കിലും വ്യത്യാസമുണ്ടോ?”, രോഹിദാസ് ചോദിക്കുന്നു. “ഞാൻ ഇപ്പൊഴും എന്റെ എരുമകളെ മേയ്ച്ച് നടക്കുന്നു”, അയാൾ കൂട്ടിച്ചേർത്തു.

പരിഭാഷ: രാജീവ് ചേലനാട്ട്

Jyoti

ज्योति, पीपल्स आर्काइव ऑफ़ रूरल इंडिया की एक रिपोर्टर हैं; वह पहले ‘मी मराठी’ और ‘महाराष्ट्र1’ जैसे न्यूज़ चैनलों के साथ काम कर चुकी हैं.

की अन्य स्टोरी Jyoti
Editor : Vishaka George

विशाखा जॉर्ज, पीपल्स आर्काइव ऑफ़ रूरल इंडिया की सीनियर एडिटर हैं. वह आजीविका और पर्यावरण से जुड़े मुद्दों पर लिखती हैं. इसके अलावा, विशाखा पारी की सोशल मीडिया हेड हैं और पारी एजुकेशन टीम के साथ मिलकर पारी की कहानियों को कक्षाओं में पढ़ाई का हिस्सा बनाने और छात्रों को तमाम मुद्दों पर लिखने में मदद करती है.

की अन्य स्टोरी विशाखा जॉर्ज
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat