ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയവരാണവർ. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞ് ഇപ്പോഴും പോരാടുകയാണവർ. ഇത്തവണ അവർ ശബ്ദമുയർത്തുന്നത് ഇന്ത്യയിലെ കർഷകർക്കും കാർഷികത്തൊഴിലാളികൾക്കും വേണ്ടിയാണ്.
90 വയസ്സായി ഹൗസാബായി പാട്ടീലിന് . മഹാരാഷ്ട്രയിലെ സാത്താര പ്രവിശ്യയിൽ പ്രവർത്തിച്ചിരുന്ന പ്രതിസർക്കാർ എന്ന ഒളിവിലെ ഭരണകൂടത്തിന്റെ തൂഫാൻ (ചുഴലിക്കാറ്റ് അല്ലെങ്കില് ചക്രവാതം) എന്ന സായുധസേനയിലെ അംഗമായിരുന്നു അവർ. 1943-ൽ അവർ സാത്താരയെ ബ്രിട്ടീഷുകാരിൽനിന്ന് വിമോചിപ്പിച്ചതായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് തീവണ്ടികൾക്കും ട്രഷറികൾക്കും തപാലാപ്പീസുകൾക്കും നേരെ സായുധമായി പോരാടിയിരുന്ന വിപ്ലവസംഘത്തിൽ അവരുണ്ടായിരുന്നു.
തൂഫാൻ സേനയുടെ ‘ഫീൽഡ് മാർഷൽ’ ആയിരുന്നു രാമചന്ദ്ര ശ്രീപതി ലാഡ്. ക്യാപ്റ്റൻ ഭാവു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് (മറാത്തിയിൽ ബാഹു എന്നാൽ ജ്യേഷ്ഠൻ എന്നാണർത്ഥം). ബ്രിട്ടീഷ് രാജിന്റെ ഉദ്യോഗസ്ഥർക്കുള്ള ശമ്പളവുമായി പോയിരുന്ന പുണെ-മിറാജ് എന്ന തീവണ്ടിക്കെതിരേ 1943-ൽ അവിസ്മരണീയമായ ഒരു ആക്രമണം നയിച്ച ആളായിരുന്നു ലാഡ്.
2016 സെപ്റ്റംബറിൽ ഞങ്ങൾ കാണുമ്പോൾ 94 വയസ്സായിരുന്നു അദ്ദേഹത്തിന്. “പണം ഏതെങ്കിലും വ്യക്തിയുടെ പോക്കറ്റിലേക്കല്ല, പ്രതിസർക്കാരി ലേക്കാണ് പോയത്. ലാഡ് പറഞ്ഞു. “പാവപ്പെട്ടവർക്കും അവശതയനുഭവിക്കുന്നവർക്കും ഞങ്ങളത് വിതരണം ചെയ്തു”.
2018 നവംബർ 29-30ന് ദില്ലിയിൽവെച്ച് നടന്ന കിസാൻ മുക്തി മാർച്ചിന് മുന്നോടിയായി, കാർഷികപ്രതിസന്ധിയെക്കുറിച്ച് പാർലമെന്റിൽ 21 ദിവസത്തെ പ്രത്യേക സഭ കൂടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കർഷകരുടെ ആവശ്യത്തിന് ക്യാപ്റ്റൻ ഭാവുവും ഹൗസാബായിയും പിന്തുണ പ്രഖ്യാപിച്ചു.
കർഷകർക്ക് ആത്മഹത്യചെയ്യേണ്ടിവരുന്നത് എത്രമാത്രം ലജ്ജാകരമായ സ്ഥിതിവിശേഷമാണെന്ന് ക്യാപ്റ്റൻ ഭാവുവും, കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായമായ വില നൽകാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് ഹൗസാബായിയും ഈ വീഡിയോയിലൂടെ ഓർമ്മിപ്പിക്കുന്നു
പരിഭാഷ: രാജീവ് ചേലനാട്ട്