വലിയ മെട്രോ നഗരങ്ങളില്‍ നിന്ന് കുടിയേറ്റക്കാര്‍ ഒഴിഞ്ഞു പോകുന്നതിന്റെ ദൃശ്യങ്ങള്‍ എല്ലാ മാദ്ധ്യമങ്ങളിലും നിറയുമ്പോള്‍ ചെറു പട്ടണങ്ങളില്‍ നിന്നുള്ള, അല്ലെങ്കില്‍ ഗ്രാമ പ്രദേശങ്ങളില്‍ നിന്നു പോലുമുള്ള, റിപ്പോര്‍ട്ടര്‍മാര്‍ തിരിച്ചു വരുന്ന തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ ഏറ്റവും നന്നായി ഉയര്ത്തിക്കാട്ടുവാന് ശ്രമിക്കുന്നു. ബിലാസ്പൂരില്‍ നിന്നുള്ള മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റായ സത്യപ്രകാശ് പണ്ഡെ ഇത്തരത്തില്‍ കുടിയേറ്റക്കാര്‍ ഹതാശരായി വലിയ ദൂരങ്ങള്‍ താണ്ടുന്നിടത്ത് എത്തി അവരുടെ ബുദ്ധിമുട്ടുകള്‍ വാര്‍ത്തയാക്കാന്‍ ശ്രമിക്കുന്നവരില്‍ ഒരാളാണ്. ഈ റിപ്പോര്‍ട്ടിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കാണുന്നത് ഛത്തീസ്ഗഢിലെ റായ്പൂരില്‍ നിന്നും ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ ഗഢ്വ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലേക്കു മടങ്ങുന്ന അമ്പതോളം വരുന്ന തൊഴിലാളികളുടെ സംഘത്തെയാണ്.
റായ്പൂരിനും ഗഢ്വയ്ക്കും ഇടയ്ക്കുള്ള ദൂരം 538 കിലോ മീറ്റര്‍ ആണ്.
“അവര്‍ നടക്കുകയായിരുന്നു”, അദ്ദേഹം പറയുന്നു. “അവര്‍ നേരത്തെ തന്നെ 2-3 ദിവസങ്ങള്‍ കൊണ്ട് 130 കിലോമീറ്റര്‍ ദൂരം താണ്ടിയിരുന്നു (റായ്പൂരിനും ബിലാസ്പൂരിനും ഇടയ്ക്കുള്ള ദൂരം). അടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് അവര്‍ വിശ്വസിക്കുന്നതായി തോന്നുന്നു.” (സത്യപ്രകാശിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് അവരുടെ ദുരിതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും അതിനോടു പ്രതികരിച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ച് അംബികാപൂരുനിന്നും അവര്‍ക്കു വേണ്ട വാഹനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ വീട്ടില്‍ പോകാന്‍ ഉറപ്പിച്ചുതന്നെ ഇറങ്ങിയവരായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ പറ്റുന്നത്, നടന്നുതന്നെ യാത്ര പൂര്‍ത്തിയാക്കേണ്ടി വന്നാല്‍ പോലും).
മടങ്ങിവന്ന തൊഴിലാളികളിലൊരാളായ റാഫിഖ് മിയാന്‍ അദ്ദേഹത്തോടു പറഞ്ഞ: “ദാരിദ്ര്യം ഈ രാജ്യത്തൊരു ശാപമാണ്, സര്.”
കവര്‍ ചിത്രം: സത്യപ്രകാശ് പാണ്ഡെ ബിലാസ്പൂരില്‍ നിന്നുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറും ആണ്.
പരിഭാഷ: റെന്നിമോന്‍ കെ. സി.