ഇന്ത്യയിലെ കാര്‍ഷികമേഖലയുടെ പ്രതിസന്ധി ആ മേഖലയില്‍ മാത്രമായി ഒതുങ്ങുന്നില്ല.

ഇത് സമൂഹത്തിന്‍റെയാകെ പ്രതിസന്ധിയാണ്. ഒരുപക്ഷേ നാഗരികതയുടെ തന്നെ പ്രതിസന്ധിയാണ്. ലോകത്തേറ്റവുമധികം ചെറുകിടകൃഷിക്കാരും തൊഴിലാളികളുമുള്ള നമ്മുടെ രാജ്യത്ത് അവര്‍ തങ്ങളുടെ ഉപജീവനമാര്‍ഗം നിലനിര്‍ത്താനുള്ള സമരത്തിലാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയെന്നത് ഇപ്പോള്‍ ഭൂമി നഷ്ടമാകുന്നത് സംബന്ധിച്ച പ്രശ്നം മാത്രമല്ല. മനുഷ്യജീവനും തൊഴിലും ഉത്പാദനക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്നം മാത്രവുമല്ല അത്. മറിച്ച് അത് നമ്മുടെ മനുഷ്യത്വം തന്നെ നഷ്ടമായിപ്പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ്. നമ്മുടെ മാനുഷികതയുടെ അതിരുകള്‍ ചുരുങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി സ്വന്തം ഭൂമി അന്യമായിത്തീര്‍ന്നവരുടെ ദുരിതങ്ങള്‍ നമ്മള്‍ കൈകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതുപോലും നമ്മില്‍ ചലനമുണ്ടാക്കിയില്ല. ചില പ്രമുഖ സാമ്പത്തിക ശാസ്തജ്ഞരാകട്ടേ, ഇത്തരത്തിലുള്ള പ്രതിസന്ധി നിലനില്‍ക്കുന്നു എന്നതുപോലും നിഷേധിക്കുകയും കഠിനമായ ദുരിതാവസ്ഥയെ അവഹേളിക്കുകയും ചെയ്തു.

കര്‍ഷകരുടെ ആത്മഹത്യ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നാഷണല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്നില്ല. അതിനുമുമ്പുള്ള ചില വര്‍ഷങ്ങളിലാകട്ടേ, സംസ്ഥാനങ്ങള്‍ തെറ്റായ  വിവരങ്ങള്‍ നല്‍കിയതു കാരണം ഈ ഏജന്‍സിയുടെ കണക്കുകള്‍ വക്രീകരിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് പശ്ചിമബംഗാളും ഛത്തീസ്ഗഡും മറ്റ് ചില സംസ്ഥാനങ്ങളും പല വര്‍ഷങ്ങളിലും കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടേയില്ല എന്നാണ് രേഖപ്പെടുത്തിയത്. 2014ല്‍ 12 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടില്ല എന്ന് രേഖപ്പെടുത്തി. 2014ലും 2015ലും കര്‍ഷക ആത്മഹത്യകളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിനായി നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുള്ള രീതിശാസ്ത്രത്തില്‍ വന്‍തോതില്‍ നിര്‍ലജ്ജമായ കൃത്രിമങ്ങള് നടന്നു.

എന്നാല്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.

അതേസമയം, കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മദ്ധ്യപ്രദേശിലെപ്പോലെ, കര്‍ഷകര്‍ വെടിവച്ച് കൊല്ലപ്പെടുന്നു. അല്ലെങ്കില്‍ മഹാരാഷ്ട്രയിലെന്നപോലെ കരാറുകളുടെ പേരില്‍ വ‍ഞ്ചിക്കപ്പെടുകയോ അവഹേളിക്കപ്പെടുകയോ ചെയ്യുന്നു. ഒപ്പം രാജ്യത്തെമ്പാടും നോട്ട് പിന്‍വലിക്കലിന്‍റെ പേരില്‍ അവര്‍ കഷ്ടപ്പെടുന്നു. നാട്ടിന്‍പുറങ്ങളില്‍ വേദനയും രോഷവും ഉയരുകയാണ്. കൃഷിക്കാര്‍ക്കിടയില്‍ മാത്രമല്ല, തൊഴിലാളികള്‍ക്കിടയിലും – കാരണം ദേശീയ തൊഴിലുറപ്പ് പദ്ധതി ബോധപൂര്‍വം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് അവര്‍ കാണുകയാണ്. മത്സ്യത്തൊഴിലാളികളും വനത്തെ ആശ്രയിച്ച് കഴിയുന്ന ആദിവാസികളും കൈത്തൊഴിലുകാരും ചൂഷണം ചെയ്യപ്പെടുന്ന അംഗന്‍വാടി തൊഴിലാളികളും ആ രോഷം പങ്കു വയ്ക്കുകയാണ്. തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ത്തിട്ടുള്ള, സര്‍ക്കാര്‍ സ്വന്തം സ്കൂളുകളെ നശിപ്പിക്കുന്നതു കാണുന്ന എല്ലാവരും അതോടൊപ്പം ചേരുകയാണ്. ഒപ്പം തങ്ങളുടെ തൊഴില്‍ ത്രിശങ്കുവിലായ ചെറുകിട സര്‍ക്കാര്‍ ജീവനക്കാരും ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളും പൊതുമേഖലാ ജീവനക്കാരും.

Vishwanath Khule, a marginal farmer, lost his entire crop during the drought year. His son, Vishla Khule, consumed a bottle of weedicide that Vishwanath had bought
PHOTO • Jaideep Hardikar

വിദര്‍ഭയിലെ അകോല ജില്ലയിലെ വിശ്വനാഥ് ഖുലെ. ഇദ്ദേഹത്തിന്‍റെ മകന്‍ വിശാല്‍ കളനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു. കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുമ്പോഴും സര്‍ക്കാര്‍ കണക്കുകളില്‍ കൃത്രിമം കാട്ടുകയാണ്

ഗ്രാമങ്ങളുടെ പ്രതിസന്ധി ഇന്ന് ഗ്രാമങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. 2013-14നും 2015-16നും ഇടയില്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞതായി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ജീവിതദുരിതങ്ങള്‍ കാരണമുള്ള കുടിയേറ്റങ്ങള്‍ ഏറ്റവുമധികം രേഖപ്പെടുത്തിയത് ഒരുപക്ഷേ 2011ലെ സെന്‍സസിലാണ്. ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്ടമായ കോടിക്കണക്കിന് പാവങ്ങള്‍ മറ്റ് ഗ്രാമങ്ങളിലേയ്ക്കും ചെറുപട്ടണങ്ങളിലേക്കും നഗരപ്രദേശങ്ങളിലേക്കും വന്‍നഗരങ്ങളിലേക്കും പലായനം ചെയ്തു. എന്നാല്‍ അവര്‍ അന്വേഷിച്ച തൊഴിലുകള്‍ അവര്‍ക്കവിടെയും ലഭിച്ചില്ല. 2011ലെ സെന്‍സസില്‍ കര്‍ഷകരുടെ (കൃഷി പ്രധാന ഉപജീവനമാര്‍ഗ്ഗമായവരുടെ) എണ്ണം 1991നെ അപേക്ഷിച്ച് 1.5 കോടി കുറവാണ് . ഒരിക്കല്‍ അഭിമാനികളായിരുന്ന ഭക്ഷ്യ ഉത്പാദകര്‍ ഇന്ന് വെറും വീട്ടുജോലിക്കാരായി മാറിയതാണ് നാം കാണുന്നത്. ദരിദ്രര്‍ ഇന്ന് ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും സമ്പന്നവിഭാഗത്തിന്‍റെ ചൂഷണത്തിന്‍റെ ഇരകളാണ്.

സര്‍ക്കാരാകട്ടേ ഇതൊന്നും ശ്രദ്ധിക്കാതിരിക്കാന്‍ ആവത് ശ്രമിക്കുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.

മാദ്ധ്യമങ്ങള്‍ ഈ പ്രശ്നങ്ങള്‍ സ്പര്‍ശിച്ചുപോകുന്നുണ്ട്. എന്നാല്‍ കടം എഴുതിത്തള്ളുകയെന്ന ഒറ്റ ആവശ്യമേ അവര്‍ക്കുള്ളൂ. ഉല്‍പ്പാദനച്ചിലവിന്‍റെ ഒന്നര ഇരട്ടി താങ്ങുവിലയായി നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യം അടുത്തിടെയായി അവര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇതിനകം നടപ്പാക്കിക്കഴിഞ്ഞു എന്ന സര്‍ക്കാരിന്‍റെ അവകാശവാദം അവര്‍ ചോദ്യം ചെയ്യുന്നില്ല. നാഷണല്‍ കമ്മീഷന്‍ ഓണ്‍ ഫാര്‍മേഴ്സ് (സ്വാമിനാഥന്‍ കമ്മീഷന്‍) തുല്യപ്രാധാന്യമുള്ള മറ്റ് ചില വിഷയങ്ങള്‍ കൂടി ഉന്നയിച്ചിരുന്നു എന്ന വിഷയവും അവര്‍ മിണ്ടുന്നതേയില്ല. സ്വാമിനാഥന്‍ കമ്മീഷന്‍റെ ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ 12 വര്‍ഷമായി പാര്‍ലമെന്‍റിന്‍റെ മുന്നിലുണ്ട്. എന്നാല്‍ അവയില്‍ ഒരു ചര്‍ച്ച പോലും ഇതുവരെ നടന്നിട്ടില്ല. അതുപോലെ തന്നെ, ബാങ്കുകളിലെ കിട്ടാക്കടത്തിന്‍റെ ഭൂരിഭാഗവും കോര്‍പ്പറേറ്റുകളുടേയും ബിസിനസ്സുകാരുടേതുമാണെന്ന വസ്തുത കടം എഴുതിത്തള്ളുന്നതിനെ എതിര്‍ക്കുന്ന മാദ്ധ്യമങ്ങളൊന്നും പറയുന്നതേയില്ല.

ഒരുപക്ഷേ വലിയ തോതിലുള്ള ഒരു ജനാധിപത്യപ്രതിഷേധം ഉയര്‍ത്തേണ്ട സമയമായിരിക്കുന്നു. അതോടൊപ്പം തന്നെ ഈ പ്രതിസന്ധിയും അനുബന്ധ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനം മൂന്നാഴ്ച അഥവാ 21 ദിവസം കാലയളവിലേക്ക് ചേരണമെന്ന ആവശ്യവും ഉയരണം.

Two women sitting at Azad maidanIn Mumbai, covering their heads with cardboard boxes in the blistering heat.
PHOTO • Binaifer Bharucha

ത്രീ കര്‍ഷകരുടെ പ്രശ്നങ്ങളും അവകാശങ്ങളും കണക്കിലെടുക്കാതെ കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല

ആ സമ്മേളനത്തിന്‍റെ അടിസ്ഥാനതത്വം എന്തായിരിക്കണം? ഇന്ത്യയുടെ ഭരണഘടന തന്നെയായിരിക്കണം ആ അടിസ്ഥാനതത്വം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഭരണകൂടനയങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശകതത്വങ്ങള്‍. “വരുമാനത്തിലെ അസമത്വം കുറയ്ക്കേണ്ടതിന്‍റേയും” “സാമൂഹ്യാവസ്ഥയിലും സൗകര്യങ്ങളിലും അവസരങ്ങളിലുമുള്ള അസമത്വം കുറയ്ക്കാന്‍ പരിശ്രമിക്കേണ്ടതിന്‍റേയും” പ്രാധാന്യം ആ അദ്ധ്യായം എടുത്ത് പറയുന്നു. “സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ദേശീയജീവിതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥക്ക്” വേണ്ടി ഈ തത്വങ്ങള്‍ വാദിക്കുന്നു.

തൊഴിലെടുക്കാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, സാമൂഹ്യസുരക്ഷക്കുള്ള അവകാശം, നിലവാരമുള്ള പോഷകാഹാരവും പൊതുജനാരോഗ്യസംവിധാനങ്ങളും ലഭിക്കുന്നതിനുള്ള അവകാശം, മെച്ചപ്പെട്ട ജീവിതനിലവാരത്തിനുള്ള അവകാശം, സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യകൂലി ലഭിക്കുന്നതിനുള്ള അവകാശം, നീതിയുക്തവും മാനുഷികവുമായ തൊഴില്‍ സാഹചര്യത്തിനുള്ള അവകാശം ഇതെല്ലാം പ്രധാന തത്വങ്ങളില്‍ ഉള്‍പ്പെടുന്നു. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ പോലെ തന്നെ പ്രധാനമാണ് നിര്‍ദ്ദേശക തത്വങ്ങളുമെന്ന് സുപ്രീം കോടതി ഒന്നിലധികം തവണ പറഞ്ഞിട്ടുണ്ട്.

എന്തായിരിക്കണം പാര്‍ലമെന്‍റിന്‍റെ പ്രത്യേകസമ്മേളനം പരിഗണിക്കുന്ന വിഷയങ്ങള്‍? ഇത് സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയാണ്. അന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതില്‍ ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലുകളോ ആകാം.

3 ദിവസം : സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പ ോര്‍ട്ടിന്‍റെ ചര്‍ച് . കമ്മീഷന്‍റെ റിപ്പോര്‍ട്ട് നല്‍കിയിട്ട് 12 വര്‍ഷമായി. 2004 ഡിസംബര്‍ മുതല്‍ 2006 ഒക്ടോബര്‍ വരെ കമ്മീഷന്‍ സമര്‍പ്പിച്ച 5 റിപ്പോര്‍ട്ടുകള്‍ താങ്ങുവിലയ്ക്കപ്പുറം ഒട്ടേറെ സുപ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഉത്പാദനക്ഷമത, ലാഭക്ഷമത, സുസ്ഥിരത, സാങ്കേതികവിദ്യയും അതിന്‍റെ തളര്‍ച്ചയും, കരകൃഷി, വില ചാഞ്ചാട്ടങ്ങള്‍, വിലസ്ഥിരത എന്നിവ അവയില്‍ ചിലത് മാത്രമാണ്. കാര്‍ഷികരംഗത്തെ ഗവേഷണത്തിന്‍റെയും സാങ്കേതികവിദ്യയുടെയും സ്വകാര്യവത്കരണം അവസാനിപ്പിക്കേണ്ടതുണ്ട്.  ഇതിനൊപ്പം അനതിവിദൂരമായ പാരിസ്ഥിതികദുരന്തത്തെ ചെറുക്കാനും കഴിയണം.

3 ദിവസം : ജനങ്ങളുടെ സാക്ഷിവിവരണം . പ്രതിസന്ധിയുടെ ഇരകള്‍ തന്നെ പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ നിന്ന് എന്താണ് പ്രതിസന്ധിയെന്നും അത് അവരെയും കോണിക്കണക്കിന് മറ്റുള്ളവരെയും എങ്ങനെയാണത് ബാധിച്ചതെന്നും രാജ്യത്തോട് പറയട്ടെ. ഇതാകട്ടെ, കൃഷിയില്‍ മാത്രമായി ഒതുക്കേണ്ടതില്ല. വിദ്യാഭ്യാസത്തിന്‍റെയും ആരോഗ്യപരിപാലനത്തിന്‍റെയും സ്വകാര്യവത്കരണം ഗ്രാമങ്ങളിലെ മാത്രമല്ല, എല്ലാ പ്രദേശത്തുമുള്ള ദരിദ്രരെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. ഗ്രാമീണകുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന കടക്കെണിയുടെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് ആരോഗ്യപരിപാലനത്തിനുള്ള ചിലവാണ്.

3 ദിവസം : വായ്പാ പ്രതിസന്ധി . രൂക്ഷമായിക്കൊണ്ടേയിരിക്കുന്ന കടക്കെണിയാണ് ആയിരക്കണക്കിന് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചതും മറ്റ് കോടിക്കണക്കിനാളുകളെ ദുരിതത്തിലാഴ്ത്തിയതും. അതിലൂടെയാണ് അവര്‍ക്ക് ഭൂമി നഷ്ടമായത്. സ്ഥാപനവത്കൃതമായ വായ്പകള്‍ സംബന്ധിച്ച നയത്തില്‍ വരുത്തിയ മാറ്റം പഴയ പലിശക്കാരുടെ തിരിച്ചുവരവിന് കളമൊരുക്കി.

3 ദിവസം : രാജ്യത്തെ വമ്പിച്ച ജലപ്രതിസന്ധി . ഇത് വെറും വരള്‍ച്ച മാത്രമല്ല. ‘യുക്തിസഹമായ വില’ എന്ന പേരില്‍ ജലത്തിന്‍റെ സ്വകാര്യവത്കരണം നടപ്പിലാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഈ സര്‍ക്കാര്‍. കുടിവെള്ളത്തിനുള്ള അവകാശം മൗലികമായ മനുഷ്യാവകാശമാണെന്ന കാര്യം നമുക്ക് ഉറപ്പിക്കേണ്ടിയിരിക്കുന്നു. ഒപ്പം ജീവദായകമായ ഈ പ്രകൃതിവിഭവത്തിന്‍റെ സ്വകാര്യവത്കരണം നിരോധിക്കുകയും വേണം. മാത്രമല്ല, ജലത്തിന്‍റെ സാമൂഹ്യമായ നിയന്ത്രണവും തുല്യമായ ലഭ്യതയും, പ്രത്യേകിച്ച് ഭൂരഹിതരുടെ കാര്യത്തില്‍, ഉറപ്പാക്കുകയും വേണം.

3 ദിവസം : വനിതാ കര്‍ഷകരുടെ അവകാശങ്ങള്‍ . പാടങ്ങളിലും കൃഷിയിടങ്ങളിലും ഏറ്റവുമധികം പണിയെടുക്കുന്നവരുടെ പ്രശ്നങ്ങളും അവകാശങ്ങളും – ഉടമസ്ഥാവകാശം ഉള്‍പ്പെടെ – കണക്കിലെടുക്കാതെ കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല. പ്രൊഫ. സ്വാമിനാഥന്‍ രാജ്യസഭാംഗമായിരുന്ന കാലത്ത് 2011ല്‍ വനിതാ കര്‍ഷകരുടെ അവകശങ്ങള്‍ക്കായി ഒരു ബില്‍ അവതരിപ്പിക്കുകയുണ്ടായി. ഈ ബില്‍ 2013ല്‍ ലാപ്സായി. ഈ ചര്‍ച്ചയില്‍ ഇതൊരു തുടക്കമായി പരിഗണിക്കാം.

3 ദിവസം : ഭൂരഹിതരായ സ്ത്രീ - പുരുഷ തൊഴിലാളികളുടെ അവകാശങ്ങള്‍ . ജീവിതദുരിതങ്ങള്‍ കാരണം പല ഭാഗങ്ങളിലേയ്ക്കും കുടിയേറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രതിസന്ധി ഗ്രാമങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങളും അവകാശങ്ങളും കണക്കിലെടുത്ത് കൊണ്ട് വേണം കാര്‍ഷികരംഗത്തെ പൊതുനിക്ഷേപം നടത്തേണ്ടത്.

3 ദിവസം : കാര്‍ഷികരംഗത്തെപ്പറ്റിയുള്ള ചര്‍ച്ച . 20 വര്‍ഷം കഴിയുമ്പോള്‍ കൃഷി എങ്ങനെയായിരിക്കണം എന്നാണ് നാം ആഗ്രഹിക്കുന്നത്? കോര്‍പ്പറേറ്റ് ലാഭത്താല്‍ നിയന്ത്രിക്കപ്പെടുന്നതാകണോ? അതോ കൃഷി ഉപജീവനമാര്‍ഗ്ഗമായിട്ടുള്ള കുടുംബങ്ങളും സമൂഹങ്ങളും നിയന്ത്രിക്കുന്നതാകണോ? നാം കണക്കിലെടുക്കേണ്ട മറ്റ് ഉടമസ്ഥതാ, നിയന്ത്രണ രീതികളുമുണ്ട് – ഉദാഹരണത്തിന് കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകളുടെ സജീവമായ സംഘകൃഷി. ഇതോടൊപ്പം ഭൂപരിഷ്കരണത്തിന്‍റെ അപൂര്‍ണ്ണമായ അജണ്ട പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞ ചര്‍ച്ചകള്‍ അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ അവയോരോന്നും ആദിവാസികളും ദരിദ്രരുമായ കൃഷിക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നത്തില്‍ ഊന്നേണ്ടതുണ്ട്. ഈ ഒടുവില്‍ പറഞ്ഞ കാര്യം സുപ്രധാനമാണ്.

ഇപ്രകാരമുള്ള ഒരു പാര്‍ലമെന്‍റ് സമ്മേളനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തുറന്നെതിര്‍ക്കാന്‍ സാദ്ധ്യതയില്ല. എന്നാല്‍ ഈ സമ്മേളനം യാഥാര്‍ത്ഥ്യമാകുമെന്ന് ആരാണ് ഉറപ്പാക്കുക? കുടിയിറക്കപ്പെട്ട ദരിദ്രരല്ലാതെ മറ്റാരുമാകില്ല ആ കടമ ഏറ്റെടുക്കുക.

Midnight walk to Azad Maidan
PHOTO • Shrirang Swarge

കര്‍ഷകരുടെ നാസിക്കില്‍ നിന്ന് മുംബൈയിലേയ്ക്കു നടന്നപോലെ ഒരു മാര്‍ച്ച് രാജ്യതലസ്ഥാനത്തേക്കും നടക്കണം – കര്‍ഷകരും തൊഴിലാളികളും മാത്രമല്ല, പ്രതിസന്ധിയുടെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാവരും അതില്‍ പങ്കെടുക്കണം

ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 40,000 കര്‍ഷകരും തൊഴിലാളികളും നാസിക്കില്‍ നിന്ന് മുംബൈ വരെ ഒരാഴ്ച കൊണ്ട് നടന്നെത്തി . മേല്‍പ്പറഞ്ഞയില്‍ ചില ആവശ്യങ്ങള്‍ തന്നെയാണ് അവരും ഉന്നയിച്ചത്. ‘നഗരകേന്ദ്രീകൃത മാവോയിസ്റ്റുകള്‍’ എന്ന് അവരെ മുദ്രകുത്തി ഒരു ചര്‍ച്ചയുമില്ലെന്ന് പ്രഖ്യാപിക്കുകയാണ് മുംബൈയിലെ അധികാരമത്ത് പിടിച്ച ഭരണാധികാരികള്‍ ചെയ്തത്. എന്നാല്‍ ഈ ജനസഞ്ചയം നിയമസഭ വളയാനായി മുംബൈയിലെത്തി മണിക്കൂറുകള്‍ക്കകം അവര്‍ക്ക് നിലപാട് മാറ്റേണ്ടിവന്നു. ഇങ്ങനെയാണ് ഗ്രാമീണ ദരിദ്രര്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്.

അവരുടെ അച്ചടക്കത്തോടെയുള്ള മാര്‍ച്ച് മുംബൈയില്‍ ചലനമുണ്ടാക്കി. നഗരത്തിലെ തൊഴിലാളികള്‍ മാത്രമല്ല, ഇടത്തരക്കാരും ചില ഉന്നതമദ്ധ്യവര്‍ഗ്ഗക്കാരും അവരോട് അനുഭാവം പ്രകടിപ്പിച്ച് തെരുവിലിറങ്ങി.

ഇത് ദേശീയതലത്തില്‍ ആവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. അതും 25 മടങ്ങ് ശക്തമായി. കര്‍ഷകരെയും തൊഴിലാളികളെയും മാത്രമല്ല, പ്രതിസന്ധിയില്‍ ഉഴലുന്ന എല്ലാവരേയും അതില്‍ അണിനിരത്തണം. അതിലും പ്രധാനമായി, പ്രതിസന്ധിയില്‍ പെടാത്തവരെങ്കിലും സഹജാതരുടെ ദുരിതത്തില്‍ വേദനിക്കുന്നവരേയും അതില്‍ ഉള്‍പ്പെടുത്തണം. ഒപ്പം ജനാധിപത്യത്തിനും നീതിക്കും വേണ്ടി വാദിക്കുന്നവരേയും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാരംഭിച്ച് രാജ്യതലസ്ഥാനത്ത് ഒത്തുചേരുന്ന ഒരു മാര്‍ച്ചായിരിക്കും അത്. ചെങ്കോട്ടയിലേക്കോ ജന്തര്‍മന്ദറിലേക്കോ അല്ല അവര്‍ പോകുന്നത്. പാര്‍ലമെന്‍റ് വളയുന്നതിനായാണ് അവര്‍ പോകുന്നത്. അവരുടെ ജീവിതദുരിതങ്ങള്‍ കേള്‍ക്കാനും ശ്രദ്ധിക്കാനും അതിന്മേല്‍ നടപടിയെടുക്കാനും പാര്‍ലമെന്‍റിനെ അവര്‍ നിര്‍ബന്ധിതരാക്കും. അതേ, അവര്‍ ദല്‍ഹി പിടിച്ചടക്കും.

ഇത് യാഥാര്‍ത്ഥ്യമാകാന്‍ മാസങ്ങളെടുക്കും. ഇതിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കുകയെന്നത് ഭഗീരഥപ്രയത്നമായിരിക്കും. കൃഷിക്കാരുടെയും തൊഴിലാളികളുടെയും മറ്റ് സംഘടനകളുടെയും ഏറ്റവും വിപുലമായ കൂട്ടായ്മ ഇതിന് ആവശ്യമായി വരും. ഇതിന് ഭരണാധികാരികളുടെയും അവരുടെ മാദ്ധ്യമങ്ങളുടെയും ഭാഗത്തുനിന്ന് കഠിനമായ എതിര്‍പ്പ് നേരിടേണ്ടിവരും. ഓരോ ഘട്ടത്തിലും അവരിതിനെ തകര്‍ക്കാന്‍ ശ്രമിക്കും.

എന്നാല്‍ ഈ മാര്‍ച്ച് യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്യും. ദരിദ്രരെ വിലകുറച്ച് കാണരുത്. അവരാണ്, അല്ലാതെ വെറുതെ വായിട്ടലയ്ക്കുകമാത്രം ചെയ്യുന്നവരല്ല, ജനാധിപത്യത്തെ ജീവത്തായി നിലനിര്‍ത്തുന്നത്.

ഇത് ജനാധിപത്യപരമായ പ്രതിഷേധത്തിന്‍റെ ഏറ്റവും ഉയര്‍ന്ന രൂപങ്ങളിലൊന്നായിരിക്കും. തങ്ങള്‍ തിരഞ്ഞടുത്തയച്ചവര്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഒത്തുചേരുന്ന സന്ദര്‍ഭം. ഭഗത് സിംഗ് ഇന്നുണ്ടായിരുന്നെങ്കില്‍ അവരെപ്പറ്റി ഇങ്ങനെ പറയുമായിരുന്നു – ബധിരരെ കേള്‍പ്പിക്കാനും അന്ധരെ കാണിക്കനും മൂകരെ സംസാരിപ്പിക്കാനും കഴിഞ്ഞവരാണ് അവര്‍.

വിവര്‍ത്തനം - ബൈജു. വി

पी. साईनाथ, पीपल्स ऑर्काइव ऑफ़ रूरल इंडिया के संस्थापक संपादक हैं. वह दशकों से ग्रामीण भारत की समस्याओं की रिपोर्टिंग करते रहे हैं और उन्होंने ‘एवरीबडी लव्स अ गुड ड्रॉट’ तथा 'द लास्ट हीरोज़: फ़ुट सोल्ज़र्स ऑफ़ इंडियन फ़्रीडम' नामक किताबें भी लिखी हैं.

की अन्य स्टोरी पी. साईनाथ
Translator : Byju V.