“ഞങ്ങൾ ഈ 58 ഒട്ടകങ്ങളെ പിടിച്ചെടുത്തിട്ടില്ല” എന്നാണ് അമരാവതി ജില്ലയിലെ തലേഗാംവ് ദശാസർ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറുടെ ചുമതലയുള്ള അജയ് അകാരെ ഉറപ്പിച്ച് പറയുന്നത്. “ഒട്ടകങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ചുമത്താനുള്ള വ്യക്തമായ നിയമമൊന്നും മഹാരാഷ്ട്രയിൽ ഇല്ലാത്തതിനാൽ ഞങ്ങൾക്കതിനുള്ള അധികാരവുമില്ല”.

“ഒട്ടകങ്ങളെ തടഞ്ഞുവെച്ചിരിക്കുകയാണ്”. അദ്ദേഹം പറഞ്ഞു.

അമരാവതിയിലെ ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ ഇടപെടലില്ലായിരുന്നെങ്കിൽ അവയുടെ പരിപാലകരും ഇപ്പോൾ അകത്തായേനേ. ആ അഞ്ചുപേരും അർദ്ധ-നാടോടി ഇടയന്മാരാണ്. നാലുപേർ റബാരി സമുദായത്തിലുള്ളവർ. ഒരാൾ ഫകിറാനി ജാട്ട് സമുദായത്തിലും. ഗുജറാത്തിലെ കച്ച് സ്വദേശികളാണിവർ. തലമുറകളും നൂറ്റാണ്ടുകളുമായി ഒട്ടകങ്ങളെ മേയ്ക്കുന്ന പരമ്പരാഗത സാമൂഹികവിഭാഗങ്ങളില്‍ പെടുന്നവരാണ് അവർ അഞ്ചുപേരും. ‘മൃഗസംരക്ഷക പ്രവർത്തകർ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ചിലരുടെ പരാതിയിൽ അറസ്റ്റുചെയ്യപ്പെട്ട അവർക്ക് മജിസ്ട്രേറ്റ് നിരുപാധികമായി ഉടനടി ജാമ്യം അനുവദിക്കുകയായിരുന്നു.

“ഒട്ടകങ്ങളെ വാങ്ങിയതിനും കൈവശം വെച്ചതിനും മതിയായ രേഖകളോ താമസസ്ഥലം തെളിയിക്കുന്ന കടലാസ്സുകളോ കുറ്റമാരോപിക്കപ്പെട്ടവരുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല’ എന്ന് അകാരെ പറയുന്നു അതിനെത്തുടർന്ന് ആ ഇടയന്മാർക്ക്, തങ്ങളുടെ ഒട്ടകങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകളും, അതിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും സമർപ്പിക്കേണ്ടിവന്ന കൗതുകകരമായ സംഭവവും കോടതിയിൽ നടന്നു. ആ ഇടയരുടെ ബന്ധുക്കളും രണ്ട് അർദ്ധ-നാടോടി സംഘങ്ങളിലെ മറ്റ് അംഗങ്ങളും ചേർന്ന് അയച്ചുകൊടുക്കുകയായിരുന്നു ആ രേഖകൾ.

തങ്ങളുടെ പരിപാലകരില്ലാതെ ആ ഒട്ടകങ്ങൾ ഇപ്പോൾ ഒരു ഗോരക്ഷാ കേന്ദ്രത്തിൽ നരകിക്കുകയാണ്. അവയെ എങ്ങിനെ പരിപാലിക്കണമെന്നോ എന്ത് ഭക്ഷണം കൊടുക്കണമെന്നോ ഒരു ധാരണയുമില്ലാത്ത ഒരുകൂട്ടം ആളുകളുടെ മേൽനോട്ടത്തിൽ. അയവിറക്കുന്ന മൃഗങ്ങളാണെങ്കിലും പശുക്കളും ഒട്ടകങ്ങളും ശീലിച്ച ഭക്ഷണമുറകൾ വ്യത്യസ്തമാണ്. മാത്രമല്ല, കേസ് നീണ്ടുപോയാൽ ആ ഒട്ടകങ്ങളുടെ സ്ഥിതിയും മോശമാവാൻ ഇടയുണ്ട്.

Rabari pastoralists camping in Amravati to help secure the release of the detained camels and their herders
PHOTO • Jaideep Hardikar

തടഞ്ഞുവെക്കപ്പെട്ട ’ 58 ഒട്ടകങ്ങളുടേയും അവയുടെ ഇടയന്മാരുടേയും മോചനം ഉറപ്പാക്കാൻ അമരാവതിയിൽ തമ്പടിച്ചിരിക്കുന്ന ചില റബാരി ഇടയന്മാർ

*****

“രാജസ്ഥാന്‍റെ ഔദ്യോഗികമൃഗമായ ഒട്ടകങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാവില്ല.”
ഹൈദരബാദിലെ ഭാരതീയ പ്രാണിമിത്ര സംഘത്തിലെ ജെ. ശ്രീശ്രീമൽ

എല്ലാം തുടങ്ങിയത് ഒരു വലിയ സംശയത്തിൽനിന്നായിരുന്നു.

2022 ജനുവരി 7-ന് ഹൈദരാബാദ് ആസ്ഥാനമായ മൃഗക്ഷേമ പ്രവർത്തകൻ 71 വയസ്സുള്ള ജസ്‌രാജ് ശ്രീശ്രീമൽ, താലെഗാംവ് ദശാസർ പൊലീസിൽ ഒരു പരാതി രേഖപ്പെടുത്തി. അഞ്ച് ഇടയന്മാർ ഹൈദരാബാദിലെ കശാപ്പുശാലയിലേക്ക് ഒട്ടകങ്ങളെ കടത്തിക്കൊണ്ടുപോകുന്നതായി സംശയിക്കുന്നു എന്നായിരുന്നു അയാളുടെ പരാതി. പൊലീസ് ഉടനെ ആ ആളുകളേയും ഒട്ടകങ്ങളേയും പിടിച്ചുവെച്ചു. എന്നാൽ, ശ്രീശ്രീമൽ ആ ഇടയന്മാരെ കണ്ടുമുട്ടിയത് ഹൈദരാബാദിൽ‌വെച്ചായിരുന്നില്ല, മഹാരാഷ്ട്രയിലെ വിദർഭയിൽ‌വെച്ചായിരുന്നു.

“അമരവാതിയിലേക്ക് പോവുന്ന വഴിക്ക് ഞാൻ എന്‍റെ ഒരു സഹപ്രവർത്തകനോടൊപ്പം ചാന്ദൂര്‍ റെയിൽ‌വേ തെഹ്‌സിലിലുള്ള നിംഗാവ്‌ഹാൻ ഗ്രാമത്തിലെത്തി. അപ്പോൾ അവിടെ ഒരു പാടത്ത്, നാലഞ്ചാളുകൾ ഒട്ടകങ്ങളൊടൊപ്പം തമ്പടിച്ചിരിക്കുന്നത് കണ്ടു. എണ്ണിനോക്കിയപ്പോൾ 58 ഒട്ടകങ്ങളുണ്ടായിരുന്നു. കഴുത്തും കാലുകളും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, നടക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു അവ. അത് അവയെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. ചില ഒട്ടകങ്ങളുടെ ദേഹത്ത് മുറിവുകളുമുണ്ടായിരുന്നെങ്കിലും ഇടയന്മാർ മരുന്നൊന്നും പുരട്ടിയിരുന്നില്ല. രാജസ്ഥാന്‍റെ ഔദ്യോഗിക മൃഗമായ ഒട്ടകങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണ്. ആ ആളുകളുടെ കൈവശം രേഖകളൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, ഒട്ടകങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് വിശദീകരിക്കാനും അവർക്ക് സാധിച്ചില്ല”. ഇതായിരുന്നു ശ്രീശ്രീമൽ നൽകിയ പരാതി.

യഥാർത്ഥത്തിൽ, ഒട്ടകങ്ങളെ രാജസ്ഥാനിൽ മാത്രമല്ല, ഗുജറാത്തിലും ഹരിയാനയിലും ഇന്ത്യയിലെ മറ്റ് ചിലയിടങ്ങളിലുമൊക്കെ കാണാൻ സാധിക്കും. എന്നാൽ, അവയെ വളർത്തുന്നത് രാജസ്ഥാനിലും ഗുജറാത്തിലുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 2019-ലെ 20-ാം വളർത്തുമൃഗ സെന്‍സസനുസരിച്ച് , രാജ്യത്തെ ഒട്ടകങ്ങളുടെ എണ്ണം 250,000 അടുത്തുവരും. 2012-ലെ കണക്കിൽനിന്ന് 37 ശതമാനം കുറവ്.

The camels, all male and between two and five years in age, are in the custody of a cow shelter in Amravati city
PHOTO • Jaideep Hardikar

2 വയസ്സിനും 5 വയസ്സിനുമിടയിലുള്ള ആ ആൺ ഒട്ടകങ്ങളെല്ലാം അമരാവതി പട്ടണത്തിലെ ഒരു ഗോശാലയുടെ സൂക്ഷിപ്പിലാണ് ഇപ്പോൾ

വലിയ മൃഗങ്ങളെ കൊണ്ടുപോകുന്നതിൽ പരിശീലനം കിട്ടിയ ഇടയന്മാരായിരുന്നു ഗുജറാത്തിലെ കച്ചിൽനിന്നുള്ള ആ അഞ്ചുപേരും. അവർ ഇതുവരെ ഹൈദരാബാദിലേക്ക് പോയിട്ടില്ല.

“അവരിൽനിന്ന് കൃത്യമായ മറുപടി കിട്ടാതെ വന്നപ്പോൾ എനിക്ക് സംശയങ്ങളുണ്ടായി”, ഹൈദരാബാദിൽനിന്ന് ഫോൺ‌മുഖേന ശ്രീശ്രീമൽ പാരി യോട് പറഞ്ഞു. “നിയമവിരുദ്ധമായി ഒട്ടകങ്ങളെ കശാപ്പുചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്”, അയാൾ പറഞ്ഞു. ‘ഭാരതീയ പ്രാണിമിത്ര സംഘ്’ എന്ന തന്‍റെ സംഘടന കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക്, ഇന്ത്യയിലൊട്ടാകെയായി 600-ലധികം ഒട്ടകങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അയാൾ അവകാശപ്പെട്ടു.

ഗുൽബർഗ, ബംഗളൂരു, അകോല, ഹൈദരബാദ് എന്നിവിടങ്ങളിൽനിന്നും മറ്റ് ചിലയിടങ്ങളിൽനിന്നുമാണ് ഇവയെ രക്ഷപ്പെടുത്തിയതെന്നായിരുന്നു അയാളുടെ അവകാശവാദം. തങ്ങളുടെ സംഘടന ഇവയെ രാജസ്ഥാനിലേക്കയച്ച് രക്ഷപ്പെടുത്തി എന്നും അയാൾ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ, ഹൈദരാബാദടക്കം ചില സംസ്ഥാനങ്ങളിൽ ഒട്ടകത്തിന്‍റെ ഇറച്ചിക്ക് വളരെയധികം ആവശ്യക്കാരുണ്ടത്രെ. എന്നാൽ പ്രായംചെന്ന ഒട്ടകങ്ങളെയാണ് അധികവും കശാപ്പുചെയ്യുന്നതെന്നാണ് വ്യാപാരികളും ഗവേഷകരും പറയുന്നത്.

പീപ്പിൾ ഫോർ ആനിമൽ‌സ് എന്ന സംഘടനയെ നയിക്കുന്ന ബി.ജെ.പി. എം.പി.യും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ശ്രീശ്രീമൽ. “ഉത്തർപ്രദേശിലെ ബാഗ്പത്ത് കേന്ദ്രമാക്കി ഒരു വലിയ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട്. ഒട്ടകങ്ങളെ ബംഗ്ലാദേശിലേക്കും കടത്തുന്നുണ്ട്. ഇത്രയധികം ഒട്ടകങ്ങളുണ്ടാവാൻ അതല്ലാതെ മറ്റൊരു സാധ്യതയുമില്ല” എന്ന് മനേകാഗാന്ധിയുടെ ഒരു പ്രസ്താവന ടൈംസ് ഓഫ് ഇന്ത്യയിൽ ഉദ്ധരിച്ചിരുന്നു.

പ്രാഥമികാന്വേഷണത്തിനുശേഷം, പൊലീസ് ഒരു പ്രാഥമികവിവര റിപ്പോർട്ട് ജനുവരി 8-ന് ഫയൽ ചെയ്തു. ഒട്ടക സംരക്ഷണത്തിനായി മഹാരാഷ്ട്രയിൽ പ്രത്യേക നിയമങ്ങളൊന്നുമില്ലാതിരുന്നതിനാൽ, 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 11(1), (d) വകുപ്പുകൾ പ്രകാരമാണ് കേസ് ഫയൽ ചെയ്തത്.

മാത്രമല്ല, 40-കളിലെത്തിനിൽക്കുന്ന പ്രഭു റാണ, ജഗ ഹീര, മൂസാഭായ് ഹമീദ് ജാട്ട്, 50 വയസ്സുള്ള വിശാഭായ് സരവു, 70-കളിലെത്തിനിൽക്കുന്ന വേർസിഭായ് റാണ റബാരി എന്നിവർക്കെതിരേ കുറ്റങ്ങൾ ചാർത്തുകയും ചെയ്തു.

Four of the traditional herders from Kachchh – Versibhai Rana Rabari, Prabhu Rana Rabari, Visabhai Saravu Rabari and Jaga Hira Rabari (from left to right) – who were arrested along with Musabhai Hamid Jat on January 14 and then released on bail
PHOTO • Jaideep Hardikar

മൂസാഭായ് ഹമീദ് ജാട്ടിനോടൊപ്പം ജനുവരി 14- ന് അറസ്റ്റ് ചെയ്യപ്പെടുകയും ജാമ്യം ലഭിക്കുകയും ചെയ്ത , കച്ചിൽനിന്നുള്ള പരമ്പരാഗത ഇടയന്മാർ - ( ഇടത്തുനിന്ന് വലത്തേക്ക് ) വേർസിഭായ് റാണ റബാരി , പ്രഭു റാണ റബാരി , വിശാഭായ് സരവു റബാരി , ജഗ ഹീര റബാരി

58 ഒട്ടകങ്ങളെ സംരക്ഷിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് ഇൻസ്പെക്ടർ അകാരെ സമ്മതിക്കുന്നുണ്ട്. അമരാവതിയിലെ വലിയ കേന്ദ്രത്തിന്‍റെ സഹായം കിട്ടുന്നതുവരെയുള്ള ആദ്യത്തെ രണ്ട് രാത്രികൾ പൊലീസ് ഗോരക്ഷാകേന്ദ്രത്തിന്‍റെ സഹായം തേടി. അമരാവതിയിലെ ദസ്തർ നഗറിലുള്ള കേന്ദ്രം ഒടുവിൽ ഇടപെടുകയും ഒട്ടകങ്ങളെ അങ്ങോട്ടേക്കയക്കുകയും ചെയ്തു. അവിടെ ധാരാളം സ്ഥലമുണ്ടായിരുന്നു ഒട്ടകങ്ങളെ സൂക്ഷിക്കാൻ.

വിരോധാഭാസമെന്ന് പറയട്ടെ, അവയെ അങ്ങോട്ടേക്കയയ്ക്കാൻ പ്രതിപ്പട്ടികയിലുള്ളവരുടെ ബന്ധുക്കളുടേയും പരിചയക്കാരുടേയും സഹായം തേടേണ്ടിവന്നു പൊലീസിന്. രണ്ട് ദിവസമെടുത്താണ് തലേഗാം‌വിൽനിന്ന് അമരാവതിയിലേക്കുള്ള 55 കിലോമീറ്റർ ദൂരം ആ ഒട്ടകങ്ങളെ നടത്തിച്ചുകൊണ്ടുപോയത്.

ഇടയന്മാർക്ക് വിവിധഭാഗങ്ങളിൽനിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. ഒട്ടകങ്ങളെ തുറന്ന സ്ഥലത്ത് മേയാൻ അനുവദിക്കണമെന്നും ഇല്ലെങ്കിലവ ചത്തുപോകുമെന്നും കാണിച്ച്, കച്ചിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽനിന്ന് അമരാവതി പൊലീസിനും ജില്ലാ അധികൃതർക്കും കത്തുകൾ കിട്ടി. റബാരികൾ ധാരാളമായി താമസിക്കുന്ന നാഗ്പുരിലെ മകര്‍ഥോക്ഡ ഗ്രാമപഞ്ചായത്തിൽനിന്നും അവർക്ക് പിന്തുണ ലഭിക്കുകയുണ്ടായി. ഈ പിടിക്കപ്പെട്ടവർ പരമ്പരാഗത ഇടയന്മാരാണെന്നും ഒട്ടകങ്ങളെ ഹൈദരാബാദിലെ കശാപ്പുശാലയിലേക്കല്ല കൊണ്ടുപോകുന്നതെന്നും റബാരികളുടെ സമുദായം തറപ്പിച്ച് പറയുന്നു. അവയുടെ ഉടമസ്ഥതയെക്കുറിച്ച് ഒരു കീഴ്ക്കോടതിയാണ് ഇനി തീരുമാനിക്കുക. അവയെ കുറ്റാരോപിതർക്ക് കൊടുക്കണോ അതോ കച്ചിലേക്ക് അയക്കുമോ എന്ന് ഇനി കോടതി വേണം തീരുമാനിക്കാൻ.

ഈ അഞ്ചുപേരും ഒട്ടകങ്ങളുടെ പരമ്പരാഗത സൂക്ഷിപ്പുകാരാണെന്നത് കോടതി വിശ്വസിക്കുമോ ഇല്ലേ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ കേസിലെ വിധി.

*****

“കാഴ്ചയിൽ നമ്മിൽനിന്ന് വ്യത്യസ്തരും നമ്മെപ്പോലെ സംസാരിക്കാത്തവരുമായ ഈ പരമ്പരാഗത ഇടയന്മാരോട് നമുക്ക് സംശയം തോന്നുന്നതിന്‍റെ അടിസ്ഥാനം നമ്മുടെ അജ്ഞതയാണ്.”
ഇടയസമുദായങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന നാഗ്‌പുരിലെ സജാൽ കുൽക്കർണി പറയുന്നു.

കൂട്ടത്തിലെ ഏറ്റവും പ്രായമായ വേർസിഭായ് റാണ റബാരി, ജീവിതകാലം മുഴുവൻ കാൽ‌നടയായി, ഒട്ടകങ്ങളെയുംകൊണ്ട് ഇന്ത്യയൊട്ടാകെ സഞ്ചരിക്കാറുള്ള വ്യക്തിയാണ്. മൃഗങ്ങളെ ഉപദ്രവിച്ചതായി ഒരിക്കലും ആരോപിക്കപ്പെട്ടിട്ടില്ലാത്ത ആൾ.

“ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരനുഭവം”, കച്ച് ഭാഷ സംസാരിക്കുന്ന, ചുളിവുകൾ വീണ മുഖമുള്ള ആ വൃദ്ധൻ പറയുന്നു. പൊലീസ് സ്റ്റേഷനിലെ ഒരു മരത്തിന് ചുവട്ടിൽ ചമ്രം‌പടിഞ്ഞ് ഇരിക്കുകയായിരുന്നു അയാൾ. ആകെ പരിഭ്രമിച്ചും ഭയന്നും.

Rabaris from Chhattisgarh and other places have been camping in an open shed at the gauraksha kendra in Amravati while waiting for the camels to be freed
PHOTO • Jaideep Hardikar
Rabaris from Chhattisgarh and other places have been camping in an open shed at the gauraksha kendra in Amravati while waiting for the camels to be freed
PHOTO • Jaideep Hardikar

ഒട്ടകങ്ങളെ സ്വതന്ത്രമാക്കുന്നതും കാത്ത് , അമരാവതിയിലെ ഗോരക്ഷാകേന്ദ്രത്തിലെ തുറന്ന ഷെഡ്ഡിൽ തമ്പടിച്ചിരിക്കുന്ന ചത്തീസ്ഗഢിൽനിന്നും മറ്റിടങ്ങളിൽനിന്നും വന്ന റബാരികൾ

“മഹാരാഷ്ട്രയിലും ചത്തീസ്ഗഢിലുമുള്ള ഞങ്ങളുടെ ബന്ധുക്കളുടെയടുത്തെത്തിക്കാൻ കച്ചിൽനിന്നാണ് ഞങ്ങളീ ഒട്ടകങ്ങളെ കൊണ്ടുവന്നത്”, തലേഗാംവ് പൊലീസ് സ്റ്റേഷനിൽ‌വെച്ച്, ജനുവരി 13-ന് പ്രഭു റാണ റബാരി ഞങ്ങളൊട് പറഞ്ഞു. പ്രതിചേർക്കപ്പെട്ട അഞ്ചുപേരിൽ ഒരാളായിരുന്നു പ്രഭു. ഔപചാരികമായി അറസ്റ്റ് ചെയ്യപ്പെടുകയും ജാമ്യത്തിൽ വിട്ടയക്കപ്പെടുകയും ചെയ്ത ജനുവരി 14-ന് കൃത്യം ഒരുദിവസം മുൻപായിരുന്നു അത്.

ഭുജിൽനിന്ന് അമരാവതിവരെയുള്ള വഴിയിൽ ആരും അവരെ തടയുകയുണ്ടായില്ല. ആരും അവരെ തെറ്റുകാരെന്ന് സംശയിച്ചതുമില്ല. തീർത്തും അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിലാണ് അവരുടെ ആ വലിയ യാത്ര പെട്ടെന്നവസാനിച്ചത്.

വാര്‍ധ, നാഗ്‌പുർ, ഭണ്ഡാര (മഹാരാഷ്ട്ര) എന്നിവിടങ്ങളിലേക്കും ചത്തീസ്ഗഢിലെ റബാരി താവളങ്ങളിലേക്കും എത്തിക്കേണ്ട ഒട്ടകങ്ങളായിരുന്നു അവ.

റബാരിക്കാർ ഒരു അർദ്ധ-നാടോടി ഇടയ സമുദായമാണ്. കച്ചിലെയും രാജസ്ഥാനിലെയും മറ്റ് ചില സംഘങ്ങളെപ്പോലെ ഇവരും ആടുകളേയും ചെമ്മരിയാടുകളേയും മേയ്ക്കുകയും യാത്രയ്ക്കും കൃഷിപ്പണിക്കുമാവശ്യമുള്ള ഒട്ടകങ്ങളെ വളർത്തുകയും ചെയ്യുന്ന സമുദായമാണ്. കച്ച് ഒട്ടകവളർത്തുസംഘം (കച്ച് ക്യാമൽ ബ്രീഡേഴ്സ് അസോസിയേഷന്‍റെ) രേഖപ്പെടുത്തിയിട്ടുള്ള ജൈവസാംസ്കാരിക സാമൂഹിക പെരുമാറ്റചട്ടങ്ങൾക്ക് (ബയോകള്‍ച്ചറല്‍ കമ്മ്യൂണിറ്റി പ്രൊട്ടോക്കോൾ) അനുസൃതമായിട്ടാണ് അവർ ആ തൊഴിൽ ചെയ്യുന്നത്.

ജലലഭ്യത അധികമുള്ള സ്ഥലങ്ങളന്വേഷിച്ച് ആ സമുദായത്തിലെ ഢേബരിയ റബാരി എന്ന ഉപവിഭാഗക്കാർ, കൊല്ലത്തിൽ അധികദിവസവും ദൂരദേശങ്ങളിലേക്ക് നിരന്തരമായ യാത്രയിലായിരിക്കും. മിക്ക കുടുംബങ്ങളും വര്‍ഷത്തില്‍ മിക്ക സമയത്തും മധ്യേന്ത്യയിലെ താവളങ്ങളില്‍ അഥവാ ദേരകളിലാണ്. തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ, ചത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ തുടങ്ങി കച്ചിൽനിന്ന് വളരെ ദൂരെയുള്ള സ്ഥലങ്ങളിലേക്കുവരെ അവർ ദീപാവലിക്ക് ശേഷം കാൽനടയായി പോവാറുണ്ട്.

മധ്യേന്ത്യയിൽ ചുരുങ്ങിയത് ഇത്തരം 3,000 താമസകേന്ദ്രങ്ങളെങ്കിലും ധബേരിയ റബാരികളുടേതായി ഉണ്ടെന്ന് സജാൽ കുൽക്കർണി പറയുന്നു. ഇടയന്മാരേയും പരമ്പരാഗത മൃഗപാലകരേയും കുറിച്ച് നാഗ്പുർ കേന്ദ്രമായി ഗവേഷണം നടത്തുന്ന ആളാണ് കുൽക്കർണി. റാൻ (RRAN – Revitalising Rainfed Area Network) എന്നുപേരായ ഒരു സംഘടനയിലെ ഗവേഷകനായ കുൽക്കർണി പറയുന്നത്, ഒരു ദേരയിൽ അഞ്ചുമുതൽ പത്ത് കുടുംബങ്ങൾവരെ ഉണ്ടാകുമെന്നാണ്, ഇറച്ചിക്കുവേണ്ടി വളർത്തുന്ന ഒട്ടകങ്ങളും, ചെമ്മരിയാടുകളും ആടുകളുമൊക്കെയടങ്ങുന്ന വലിയ സംഘത്തോടൊപ്പമായിരിക്കും ഈ റബാരി കുടുംബങ്ങൾ കഴിയുന്നത്.

Jakara Rabari and Parbat Rabari (first two from the left), expert herders from Umred in Nagpur district, with their kinsmen in Amravati.They rushed there when they heard about the Kachchhi camels being taken into custody
PHOTO • Jaideep Hardikar

നാഗ്പുർ ജില്ലയിലെ ഉംമ്രേഡി ൽ നിന്നുള്ള വിദഗ്ദ്ധരായ ഇടയർ ജക്കാര റബാരിയും പർബ്ബത് റബാരിയും ( ഇടത്തുനിന്ന് ആദ്യത്തെ രണ്ടുപേർ ), അവരുടെ ബന്ധുക്കളോടൊപ്പം . കച്ചിൽനിന്നുള്ള ഒട്ടകങ്ങളേയും അതിന്‍റെ ഇടയരേയും തടഞ്ഞുവെച്ചിരിക്കുന്നു എന്നറിഞ്ഞ് , അമരാവതിയിലേക്ക് അവർ കുതിച്ചെത്തി

കഴിഞ്ഞ ഒരു ദശകത്തിലധികമായി, ഇടയന്മാരേയും റബാരികളേയും അവരുടെ മൃഗപരിപാലന സംസ്കാരത്തെയും കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. “ഈ കൂട്ടരെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം സംഭവങ്ങളിലേക്ക് - അറസ്റ്റിലേക്കും പിടിച്ചുവെക്കലിലേക്കും – നയിക്കുന്നത്. കാഴ്ചയിൽ നമ്മളിൽനിന്ന് വ്യത്യസ്തരും നമ്മുടേതിൽനിന്ന് വ്യത്യസ്തമായ ഭാഷ സംസാരിക്കുന്നവരുമായ ഇവരെക്കുറിച്ചുള്ള നമ്മുടെ അജ്ഞതയാണ് നമ്മളെ സംശയരോഗികളാക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

എങ്കിലും ഈയിടെയായി റബാരിക്കാരായ ചില സംഘങ്ങൾ സ്ഥിരതാമസമാക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് കുൽക്കർണി പറഞ്ഞു. ഗുജറാത്തിൽ അവർ പരമ്പരാഗത ജോലിയുപേക്ഷിച്ച്, ഔപചാരിക വിദ്യാഭ്യാസം നേടി മറ്റ് ജോലികൾ ഏറ്റെടുത്തുതുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്രയിലെ ചില കുടുംബങ്ങൾ ഇപ്പോൾ സ്വന്തമായി ഭൂമി വാങ്ങി, പ്രാദേശിക കർഷകരുമായി ചേർന്ന് തൊഴിലെടുക്കാനും തുടങ്ങിയിട്ടുണ്ട്.

“അവരും കർഷകരും തമ്മിൽ പ്രതീകാത്മകമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്”, കുൽക്കർണി പറഞ്ഞു. ഉദാഹരണത്തിന്, ഭൂമിയെ വളക്കൂറുള്ളതാക്കുന്ന സമ്പ്രദായത്തിലൂടെ (പെന്നിംഗ് എന്ന് ഇംഗ്ലീഷിൽ) – കൃഷി ഇല്ലാത്ത സമയങ്ങളിൽ ആടുകളേയും കാലികളേയും പാടത്ത് മേയാൻ വിട്ട്, അവയുടെ മൂത്രവും ചാണകവും കൊണ്ട് ഭൂമിയെ വളക്കൂറാക്കുന്ന സമ്പ്രദായം -  റബാരികൾ കൃഷിക്കാരെ സഹായിക്കുന്നുണ്ട്. “ഇതിന്‍റെ പ്രാധാന്യമറിയുന്ന കർഷകർ അവരുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു”, കുൽക്കർണി പറഞ്ഞു.

ഈ 58 ഒട്ടകങ്ങളെ കൈപ്പറ്റേണ്ടിയിരുന്ന റബാരികൾ മഹാരാഷ്ട്രയിലും ചത്തീസ്ഗഢിലുമായി ജീവിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായെങ്കിലും, കച്ചിലുള്ള തങ്ങളുടെ ബന്ധുക്കളുമായി വളരെയടുത്ത ബന്ധം നിലനിർത്തുന്നുണ്ട്. അതേസമയം ഫകിറാനി ജാട്ടുകളാകട്ടെ, അധികദൂരമൊന്നും സഞ്ചരിക്കാറില്ലെങ്കിലും, ഒന്നാന്തരം ഒട്ടക പരിപാലകരും റബാരികളുമായി വളരെയടുത്ത സാംസ്കാരികബന്ധം സൂക്ഷിക്കുന്നവരുമാണ്.

ഭുജിലെ ഇടയർക്കുവേണ്ടിയുള്ള കേന്ദ്രം (സെന്‍റർ ഫോർ പാസ്റ്ററലിസം) നടത്തുന്ന സഹ്ജീവൻ എന്ന സർക്കാരിതര സംഘടനയുടെ കണക്കുപ്രകാരം, റബാരികളും സാമരും ജാട്ടുകളുമടക്കം കച്ചിലെ എല്ലാ ഇടയസമൂഹങ്ങളിലുമായി 500-ഓളം ഒട്ടകവളർത്തലുകാരുണ്ട്.

“കച്ച് ക്യാമൽ ബ്രീഡേഴ്സ് അസോസിയേഷന്‍റെ 11 അംഗങ്ങളിൽനിന്ന് വാങ്ങിയതാണ് ഈ 58 ഒട്ടകങ്ങളെന്നത് ഞങ്ങൾ അന്വേഷിച്ചറിഞ്ഞു. അത് സത്യവുമാണ്. മധ്യേന്ത്യയിലെ അവരുടെ ബന്ധുക്കൾക്ക് എത്തിക്കാൻ വേണ്ടിയായിരുന്നു ഇവരെ കൊണ്ടുപോയിരുന്നത്”, സഹ്ജീവന്‍റെ പ്രോഗ്രാം ഡയറക്ടറായ രമേശ് ഭട്ടി ഭുജിൽനിന്ന് ഫോൺ‌വഴി പാരിയോട് പറഞ്ഞു.

ഈ അഞ്ചുപേരും വിദഗ്ദ്ധരാ‍യ ഒട്ടകപരിശീലകരായതുകൊണ്ടാണ്, ഇത്ര നീണ്ട, ദുർഘടമായ യാത്രയ്ക്ക് അവരെ തിരഞ്ഞെടുത്തത്. കച്ചിലെ ഏറ്റവും പ്രായം‌ചെന്ന, സമർത്ഥനായ പരിപാലകനും പരിശീലകനുമാണ് വേർസിഭായ്.

Suja Rabari from Chandrapur district (left) and Sajan Rana Rabari from Gadchiroli district (right) were to receive two camels each
PHOTO • Jaideep Hardikar
Suja Rabari from Chandrapur district (left) and Sajan Rana Rabari from Gadchiroli district (right) were to receive two camels each
PHOTO • Jaideep Hardikar

58 ഒട്ടകങ്ങളിൽനിന്ന് രണ്ടെണ്ണം വീതം ലഭിക്കേണ്ടിയിരുന്ന ചന്ദ്രപുർ ജില്ലയിൽനിന്നുള്ള സുജ റബാരിയും ( ഇടത്ത് ) ഗഡിച്ചിറോളി ജില്ലയിൽനിന്നുള്ള സാജൻ റാണ റബാരിയും ( വലത്ത് )

*****

“ഞങ്ങൾ ഒരു നാടോടി സമൂഹമാണ്. പലപ്പോഴും ഞങ്ങളുടെ കൈയ്യിൽ രേഖകളൊന്നും ഉണ്ടാകാറില്ല. ഇവിടെ സംഭവിച്ചതും അതാണ്.”
വാര്‍ധയിൽനിന്നുള്ള സമുദായ നേതാവ് മഷ്‌റുഭായ് റബാരി.

കച്ചിൽനിന്ന് ഏത് ദിവസമാണ് യാത്ര തുടങ്ങിയതെന്ന് അവർക്കോർമ്മയില്ല.

“ഒമ്പതാമത്തെ മാസത്തിൽ (സെപ്റ്റംബർ 2021) വിവിധ സ്ഥലങ്ങളിലെ വളർത്തുകാരിൽനിന്ന് ഞങ്ങൾ ഇവയെ ശേഖരിച്ച്, ദീവാലി കഴിഞ്ഞയുടൻ (നവംബർ ആദ്യം) ഭചാവുവിൽനിന്ന് (കച്ചിലെ ഒരു തെഹ്സിൽ) യാത്ര തിരിച്ചതായിരുന്നു”, ആകെ തകർന്ന് ക്ഷീണിതനായ പ്രഭു റാണ റബാരി പറഞ്ഞു. “ഫെബ്രുവരി പകുതിയോടെയോ അവസാനത്തോടെയോ ബിലാസ്‌പുർ എന്ന (ചത്തീസ്ഗഢ്) ലക്ഷ്യസ്ഥാനത്ത് എത്തേണ്ടവരായിരുന്നു ഞങ്ങൾ”.

സ്വദേശമായ കച്ചിൽനിന്ന് 1,200 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ആ അഞ്ചുപേരെ തടഞ്ഞുവെച്ചത്. ഭചാവുവിൽനിന്ന് അഹമ്മദാബാദ് വഴി മഹാരാഷ്ട്രയിലെ നന്ദുർബർ, ഭുസാവല്‍, അകോല, കാരഞ്ച, താലെഗാംവ് ദശാസറിലേക്കെത്തി, അവിടെനിന്ന് വാര്‍ധ, നാഗ്‌പുർ ഭണ്ഡാര (മൂന്നും മഹാരാഷ്ട്രയിൽ) വഴി ദുർഗ്ഗ്, റായ്പുർ, ഒടുവിൽ ബിലാസ്‌പുർ (ഈ മൂന്നും ചത്തീസ്ഗഢിലാണ്) എത്തേണ്ടതായിരുന്നു അവർ. വാശിം ജില്ലയിലെ കരഞ്ച പട്ടണം കടന്ന് പുതുതായി നിർമ്മിച്ച സ‌മൃദ്ധി ഹൈവേയിലൂടെയും അവർ നടന്നുപോയിരുന്നു.

“ദിവസവും 12-15 കിലോമീറ്ററായിരുന്നു ഞങ്ങൾ നടന്നത്, പ്രായപൂർത്തിയെത്തിയ ഒരു ഒട്ടകത്തിന് 20 കിലോമീറ്ററൊക്കെ സുഖമായി നടക്കാൻ സാധിക്കുമെങ്കിലും”, ആ അഞ്ചുപേരിലെ ഏറ്റവും പ്രായം കുറഞ്ഞ മൂസഭായ് ഹമീദ് ജാട്ട് പറഞ്ഞു. “രാത്രി ഞങ്ങൾ നടത്തം അവസാനിപ്പിക്കും. പിറ്റേന്ന് അതിരാവിലെ വീണ്ടും യാത്ര തുടരും”. സ്വയം പാചകം ചെയ്ത്, ഉച്ചയ്ക്കൊന്ന് മയങ്ങി, ഒട്ടകങ്ങൾക്ക് വിശ്രമം കൊടുത്തുകൊണ്ടാണ് അവരുടെ യാത്ര.

ഒട്ടകങ്ങളെ മേയ്ക്കുന്നതിന് അറസ്റ്റ് ചെയ്യപ്പെട്ടത് അവരെ ഞെട്ടിച്ചു.

“ഞങ്ങൾ പെൺ ഒട്ടകങ്ങളെ ഒരിക്കലും വിൽക്കാറില്ല. ആൺ ഒട്ടകങ്ങളെ ഗതാഗതത്തിനാണ് ഉപയോഗിക്കാറുള്ളത്”, മഷ്‌റുഭായ് റബാരി ഞങ്ങളോട് പറഞ്ഞു. വാര്‍ധ ജില്ലയിലാണ് ഈ പ്രായമായ സമുദായത്തലവൻ താമസിക്കുന്നത്. “ഒട്ടകങ്ങളാണ് ഞങ്ങളുടെ കാലുകൾ”, അയാൾ കൂട്ടിച്ചേർത്തു. ഇപ്പോൾ ‘തടവിൽ’ ഉള്ള 58 ഒട്ടകങ്ങളും ആൺ‌വർഗ്ഗത്തിൽ‌പ്പെട്ടവയാണ്.

Mashrubhai Rabari (right) has been coordinating between the lawyers, police and family members of the arrested Kachchhi herders. A  community leader from Wardha, Mashrubhai is a crucial link between the Rabari communities scattered across Vidarbha
PHOTO • Jaideep Hardikar
Mashrubhai Rabari (right) has been coordinating between the lawyers, police and family members of the arrested Kachchhi herders. A  community leader from Wardha, Mashrubhai is a crucial link between the Rabari communities scattered across Vidarbha
PHOTO • Jaideep Hardikar

അഭിഭാഷകർക്കും , പൊലീസിനും അറസ്റ്റിലായ കച്ചിൽനിന്നുള്ള ഇടയന്മാരുടെ കുടുംബാംഗങ്ങൾക്കുമിടയിൽ ഏകോപനം നടത്തുന്ന മഷ്‌റുഭായ് റബാരി ( വലത്ത് ). വിദർഭയിൽ പരന്നുകിടക്കുന്ന റബാരി സമുദായങ്ങൾക്കിടയിൽ നിർണ്ണായകമായ കണ്ണിയാണ് വാര്‍ധയിൽനിന്നുള്ള സാമുദായികപ്രമാണിയായ മഷ്‌റുഭായ്

പൊലീസ് പിടിച്ച അന്നുമുതൽ ആ അഞ്ചുപേരോടൊപ്പം കഴിയുകയാ‍ണ് ‘മഷ്‌റുമാമ’ എന്ന് ആദരപൂർവ്വം വിളിക്കപ്പെടുന്ന മഷ്റു ഭായ്. അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും, അമരാവതിയിൽ വക്കീലിനെ ഏർപ്പാടാക്കാനും, മൊഴികൾ വിവർത്തനം ചെയ്ത് ശബ്ദരേഖയാക്കാൻ പൊലീസിനെ സഹായിക്കാനും ഒക്കെ അയാൾ കൂടെ നിൽക്കുന്നു. മറാത്തിയും കച്ചും ഒരുപോലെ വഴങ്ങുന്ന അദ്ദേഹമാണ് പലയിടത്തായി ചിതറിക്കിടക്കുന്ന റബാരികളുടെ ഇടയിലെ മുഖ്യ കണ്ണി.

“വിദർഭയിലും തെലങ്കാനയിലും ചത്തീസ്ഗഢിലുമായി താമസിക്കുന്ന ഞങ്ങളുടെ 10-15 അംഗങ്ങൾക്കിടയിൽ എത്തിക്കാനുള്ളതായിരുന്നു ഈ ഒട്ടകങ്ങൾ. ഓരോരുത്തർക്കും 3-ഉം 4-ഉം ഒട്ടകങ്ങളെ വീതം എത്തിക്കണം”, അദ്ദേഹം പറഞ്ഞു. യാത്രപോകുമ്പോൾ ആ ഒട്ടകങ്ങളുടെ പുറത്ത് അവരുടെ സാധനങ്ങളും ചെറിയ കുട്ടികളും ചിലപ്പോൾ ആട്ടിൻ‌കുട്ടികളും ഒക്കെ ഉണ്ടാകും. ചുരുക്കത്തിൽ അവരുടെ ലോകം മുഴുവൻ ഒട്ടകപ്പുറത്തുണ്ടാകും. മഹാരാഷ്ട്രയിലെ ഒരു ആട്ടിടയ സമുദായമായ ധംഗറുകൾ ചിലപ്പോൾ കാളവണ്ടികൾ ഉപയോഗിക്കാറുണ്ടെങ്കിലും റബാരികൾ അത് പതിവില്ല.

“ഒട്ടകത്തെ വളർത്തുന്ന ഞങ്ങളുടെ നാട്ടിലുള്ളവരിൽനിന്നാണ് ഞങ്ങൾ ഇവയെ വാങ്ങുന്നത്. പ്രായമായ ഒട്ടകങ്ങളെ മാറ്റി ഇളം പ്രായമുള്ള ഒട്ടകങ്ങളെ വാങ്ങാൻ തയ്യാറായ പത്തോ പതിനഞ്ചോ ആളുകളുണ്ടെങ്കിൽ, കച്ചിലുള്ള ബന്ധുക്കളെ ഞങ്ങൾ ആ വിവരം അറിയിക്കും. അപ്പോൾ ആ ഒട്ടകവളർത്തലുകാർ പരിശീലനം കിട്ടിയ ആളുകളോടൊപ്പം കുറേയെണ്ണത്തിനെ ഒരുമിച്ചയയ്ക്കും, ഒട്ടകങ്ങളെ വാങ്ങുന്നവർ അവർക്കാണ് പണം കൊടുക്കുക. കൂടുതൽ ദിവസം യാത്ര ചെയ്യേണ്ടിവരികയാണെങ്കിൽ 6,000 രൂപയ്ക്കും 7,000 രൂപയ്ക്കുമിടയിൽ മാസത്തിൽ കിട്ടും. ചെറുപ്പമുള്ള ഒരു ഒട്ടകത്തിന് 10,000-ത്തിനും 20,000-ത്തിനും ഇടയിലാണ് വില എന്ന് മഷ്‌റുഭായ് ഞങ്ങളോട് പറഞ്ഞു. മൂന്നാമത്തെ വയസ്സ് മുതൽ ഒരു ഒട്ടകത്തെ ജോലിയെടുപ്പിക്കാൻ തുടങ്ങും. 20 - 22 വയസ്സുവരെയാണ് അവയുടെ ആയുസ്സ്. ഒരു ആൺ ഒട്ടകത്തിന്‍റെ തൊഴിൽ‌കാലം 15 വർഷമാണ്”, അദ്ദേഹം വിശദീകരിച്ചു.

“ഇവരുടെ കൈയ്യിൽ രേഖകളില്ലെന്നത് സത്യമാണ്. ഞങ്ങൾക്കതിന്‍റെ ആവശ്യം വന്നിരുന്നില്ല. എന്നാൽ ഇനിമുതൽ ഞങ്ങൾ ശ്രദ്ധിക്കണം. കാലം മാറുകയാണ്”, മഷ്‌റുഭായ് പറയുന്നു.

ഈ പരാതി, ആവശ്യമില്ലാത്ത പൊല്ലാപ്പുകളാണ് തങ്ങൾക്കുണ്ടാക്കിയതെന്ന് അയാൾ മുറുമുറുത്തു. “ഞങ്ങളൊരു നാടോടി സമുദായമാണ്. പലപ്പോഴും ഞങ്ങളുടെ കൈയ്യിൽ കടലാസ്സൊന്നും ഉണ്ടാവാറില്ല. ഇപ്പോൾ സംഭവിച്ചതും അതാണ്”, മറാത്തിയിൽ അയാൾ ഞങ്ങളോട് പറഞ്ഞു.

Separated from their herders, the animals now languish in the cow shelter, in the custody of people quite clueless when it comes to caring for and feeding them
PHOTO • Jaideep Hardikar
Separated from their herders, the animals now languish in the cow shelter, in the custody of people quite clueless when it comes to caring for and feeding them
PHOTO • Jaideep Hardikar

എങ്ങിനെ സംരക്ഷിക്കണം , എന്ത് ഭക്ഷണം കൊടുക്കണം എന്നൊന്നും ഒരു ധാരണയുമില്ലാത്തവരുടെ സൂക്ഷിപ്പിൽ ഗോശാലയിൽ കഴിയുന്ന , ഇടയന്മാരിൽനിന്നും വേർപെട്ട ഒട്ടകങ്ങൾ

*****

“ഞങ്ങൾ അവയോട് ക്രൂരമായി പെരുമാറി എന്നതാണ് പരാതി. എന്നാൽ തുറസ്സായ സ്ഥലത്ത് മേയുന്ന സ്വഭാവമുള്ള ഇവയെ തടവിൽ‌വെക്കുന്നതിനേക്കാൾ വലിയ ക്രൂരത വേറെയില്ല.”
നാഗ്പൂരില്‍ നിന്നുള്ള പ്രായമായ ഒട്ടകസൂക്ഷിപ്പുകാരൻ പര്‍ബാത് റബാരി പറഞ്ഞു.

തടവിലുള്ള ഒട്ടകങ്ങളെല്ലാം 2 വയസ്സിനും 5 വയസ്സിനും ഇടയിലുള്ള ആൺവർഗ്ഗത്തിൽ‌പ്പെട്ടവയാണ്. കച്ചി എന്നുപേരായ ഈ പ്രത്യേകയിനം ഒട്ടകങ്ങൾ കച്ചിലെ ഉൾനാടൻ ഭൂപ്രകൃതിയിൽ കാണുന്നവയാണ്. കച്ചിൽ ഇന്ന്, ഈ ഇനത്തിലുള്ള 8,000 ഒട്ടകങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു .

ഈ ഇനത്തിലുള്ള ഒട്ടകങ്ങൾക്ക് 400 മുതൽ 600 കിലോഗ്രാംവരെ തൂക്കം വരും. പെൺ‌വർഗ്ഗത്തിലുള്ളവയ്ക്ക് 300 മുതൽ 540 വരെയും. ഇടുങ്ങിയ നെഞ്ച്, ഒറ്റപ്പൂഞ്ഞ, നീണ്ടുവളഞ്ഞ കഴുത്ത്, പൂഞ്ഞയിലും തോളിലും കഴുത്തിലും രോമങ്ങൾ എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ എന്ന് വേൾഡ് അറ്റ്‌ലസ് ചൂണ്ടിക്കാട്ടുന്നു. നിറമാകട്ടെ, തവിട്ടും കറുപ്പും ചിലപ്പോൾ വെള്ളയുമാകാം.

തുറസ്സായ സ്ഥലത്ത് മേയാനും വിവിധയിനങ്ങളിലുള്ള ചെടികളും ഇലവർഗ്ഗങ്ങളും കഴിക്കാനും ഇഷ്ടമുള്ളവരാണ് തവിട്ടുനിറമുള്ള ഈ ജീവികൾ. പുൽമേടുകളിലും തരിശായിക്കിടക്കുന്ന പാടങ്ങളിലും കാട്ടുമരങ്ങളിലെ ഇലകളിലും അവ ഭക്ഷണം കണ്ടെത്തുന്നു.

രാജസ്ഥാനിലും കച്ചിലും ഒട്ടകങ്ങളെ വളർത്തുന്നത് ദുഷ്കരമായിരിക്കുകയാണ്. കഴിഞ്ഞ ഒന്നുരണ്ട് ദശാബ്ദങ്ങളായി, ഈ രണ്ട് സംസ്ഥാനങ്ങളിലും ഒട്ടകങ്ങൾക്ക് കാടുകളിലും മാന്തോട്ടങ്ങളിലും പ്രവേശിക്കാൻ നിയന്ത്രണങ്ങളുണ്ട്. അതിനുപുറമേ, ആ നാടുകളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളും ഒട്ടകപരിപാലകർക്കും ഉടമസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. തന്മൂലം, പണ്ട് സുഭിക്ഷമായി മേയാൻ കഴിഞ്ഞിരുന്ന പ്രദേശങ്ങളിൽ ഇന്നവയ്ക്ക് പ്രവേശനം സാധ്യമല്ലാതെ വന്നിരിക്കുന്നു.

ആ അഞ്ചുപേരും ഇപ്പോൾ ജാമ്യത്തിലിറങ്ങി അമരാവതിയിൽ, അവരുടെ ഒട്ടകങ്ങളെ വേലികെട്ടി പാർപ്പിച്ചിരിക്കുന്നതിന് സമീപത്തായി ബന്ധുക്കളോടൊപ്പം തമ്പടിച്ചിരിക്കുകയാണ്. ഒട്ടകങ്ങൾക്ക് ആവശ്യമായ ഭക്ഷണം കിട്ടില്ലെന്ന ആശങ്ക അവരെ വല്ലാതെ അലട്ടുന്നു.

A narrow chest, single hump, and a long, curved neck, as well as long hairs on the hump, shoulders and throat are the characteristic features of the Kachchhi breed
PHOTO • Jaideep Hardikar
A narrow chest, single hump, and a long, curved neck, as well as long hairs on the hump, shoulders and throat are the characteristic features of the Kachchhi breed
PHOTO • Jaideep Hardikar

ഇടുങ്ങിയ നെഞ്ച് , ഒറ്റപ്പൂഞ്ഞ , നീണ്ടുവളഞ്ഞ കഴുത്ത് , പൂഞ്ഞയിലും തോളിലും കഴുത്തിലും നീണ്ട രോമങ്ങൾ എന്നിവയാണ് കച്ചി ഒട്ടകങ്ങളുടെ സവിശേഷതകൾ

കച്ചിൽനിന്ന് (രാജസ്ഥാനിൽനിന്നും) ദൂരെയുള്ള സ്ഥലങ്ങളിലെ കാലാവസ്ഥ ഇവയ്ക്ക് പറ്റില്ല എന്ന് പറയുന്നതും അസത്യമാണെന്ന് റബാരി പറയുന്നു. “എത്രയോ കാലങ്ങളായി ഇവ, രാജ്യത്ത് പലയിടത്തും ജീവിക്കുകയും മേയുകയും ചെയ്യുന്നുണ്ട്”, ആശാഭായ് ജെസ എന്ന പരിശീലനം സിദ്ധിച്ച ഒട്ടകസൂക്ഷിപ്പുകാരൻ പറയുന്നു. ഭണ്ഡാര ജില്ലയിലെ പൗനി ബ്ലോക്കിലെ അസ്‌ഗാം‌വിലാണ് അയാൾ താമസം.

“വിരോധാഭാസമെന്ന് പറയട്ടെ, ഞങ്ങൾക്കെതിരായ പരാതി ഞങ്ങൾ ഈ ഒട്ടകങ്ങളോട് ക്രൂരത കാണിക്കുന്നു എന്നാണ്. എന്നാൽ തുറസ്സായ സ്ഥലത്ത് മേയാൻ ഇഷ്ടപ്പെടുന്ന ഇവയെ തടവിലിടുന്നതിനേക്കാൾ വലിയൊരു ക്രൂരത വേറെയില്ല”, നാഗ്‌പുരിലെ ഉംമ്രേഡ് പട്ടണത്തിൽ താമസമാക്കിയ മറ്റൊരു പ്രായം ചെന്ന നാടോടി ഇടയൻ പർബ്ബത് റബാരി പറയുന്നു.

“കന്നുകാലികൾ കഴിക്കുന്ന ഭക്ഷണം ഒട്ടകങ്ങൾ കഴിക്കാറില്ല” എന്ന് നാഗ്‌പുര് ജില്ലയിലെ ഉംമ്രേഡ് താലൂക്കിലെ സിർസി എന്ന ഗ്രാമത്തിൽ താമസിക്കുന്ന ജക്കാര റബാരി പറയുന്നു. ഈ 58 ഒട്ടകങ്ങളിൽനിന്ന് 3 എണ്ണം കിട്ടേണ്ട ആളായിരുന്നു ജക്കാരഭായ്.

വേപ്പ്, അരയാൽ, അക്കേഷ്യ എന്നിവയുടെ ഇലകളടക്കം, വിവിധ ഇലവർഗ്ഗങ്ങളും ചെടികളുമാണ് കച്ചി ഒട്ടകങ്ങളുടെ മുഖ്യഭക്ഷണം. കച്ച് ജില്ലയിലെ വരണ്ട പ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും കണ്ടുവരുന്ന മരങ്ങളും തീറ്റകളുമാണ് ഒട്ടകങ്ങളുടെ പാലിനെ പോഷകസമൃദ്ധമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്. പ്രതിദിനം മൂന്നോ നാലോ ലിറ്റർ പാലാണ് കച്ചിൽ കണ്ടുവരുന്ന പെൺ ഒട്ടകങ്ങൾ ഉത്പാദിപ്പിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ കച്ചിലെ ഇടയന്മാർ ഒട്ടകങ്ങൾക്ക് വെള്ളം കൊടുക്കാൻ ശ്രമിക്കാറുണ്ട്. സാധാരണയായി ദാഹിക്കുമ്പോൾ ഈ മൃഗങ്ങൾ ഒറ്റയടിക്ക് 70-80 ലിറ്റർ വെള്ളം പതിനഞ്ചോ ഇരുപതോ മിനിറ്റിനുള്ളിൽ അകത്താക്കുന്നു. പക്ഷേ വെള്ളം കുടിക്കാതെ ഏറെ നാൾ ജീവിക്കാനും ഇവയ്ക്കാവും.

ഗോരക്ഷാകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന ആ 58 ഒട്ടകങ്ങൾ ഇതിനുമുമ്പൊരിക്കലും ഇത്തരം അടച്ചിട്ട സ്ഥലങ്ങളിൽ ജീവിച്ചിട്ടില്ല. വയസ്സായ മൃഗങ്ങൾക്ക് അവിടെ കിട്ടുന്ന നിലക്കടലയുടെ അവശിഷ്ടങ്ങൾ കഴിച്ച് ശീലമുണ്ടെങ്കിലും, ഇളം‌പ്രായത്തിലുള്ള ഒട്ടകങ്ങൾക്ക് അത്തരം തീറ്റകൾ പരിചയമില്ല. അമരാവതിയിലെ ഈ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ അവ വഴിയരികിലുള്ള ഇലകളും മറ്റുമാണ് അകത്താക്കിയിരുന്നതെന്ന് പർബ്ബത് റബാരി പറഞ്ഞു.

ഒരു പ്രായപൂർത്തിയെത്തിയ ആൺ ഒട്ടകം ദിവസത്തിൽ ഏകദേശം 30 കിലോഗ്രാം കാലിത്തീറ്റ ഭക്ഷിക്കുമെന്ന് പർബ്ബത് ഞങ്ങൾക്ക് പറഞ്ഞുതന്നു.

Eating cattle fodder at the cow shelter.
PHOTO • Jaideep Hardikar
A Rabari climbs a neem tree on the premises to cut its branches for leaves, to feed the captive camels
PHOTO • Jaideep Hardikar

ഇടത്ത് : അമരാവതിയിലെ ഗോശാലയിൽ കാലിത്തീറ്റ കഴിക്കുന്ന ഒട്ടകങ്ങൾ . തടവിലായ ഒട്ടകങ്ങൾക്ക് തിന്നാനുള്ള വേപ്പില കൊടുക്കാൻ വളപ്പിൽ നിൽക്കുന്ന വേപ്പുമരത്തിൽ കയറി കൊമ്പുകൾ മുറിക്കുന്ന ഒരു റബാരി

ഈ ഗോകേന്ദ്രത്തിലെ കന്നുകാലികൾക്ക് എല്ലാവിധ വിളകളുടെ അവശിഷ്ടങ്ങളും തീറ്റയായി നൽകിവരുന്നു. സോയാബീനും, ഗോതമ്പും, ചൊവ്വരിയും ചോളവും, ചെറുതും വലുതുമായ ധാന്യങ്ങളും, പച്ചപ്പുല്ലും എല്ലാം. ഇപ്പോൾ ഈ ഒട്ടകങ്ങൾക്കും ഇതൊക്കെയാണ് കൊടുക്കുന്നത്.

തങ്ങളുടെ ബന്ധുക്കളെയും ഒട്ടകങ്ങളെയും പിടിച്ചുവച്ചതറിഞ്ഞ്, പർബ്ബതും ജക്കാറയും, മഹാരാഷ്ട്രയിലും ചത്തീസ്ഗഢിലുമുള്ള ഡസൻ കണക്കിന് റബാരികളും അമരാവതിലേക്ക് കുതിച്ചെത്തി. തങ്ങളുടെ ഒട്ടകങ്ങളുടെ ആരോഗ്യത്തിൽ കണ്ണുംനട്ട് ആശങ്കയിൽ കഴിയുകയാണ് അവർ.

“എല്ലാ ഒട്ടകങ്ങളെയും കെട്ടിയിടാറില്ല. പക്ഷേ ചിലതിനെ ചെയ്യേണ്ടിവരും. അല്ലെങ്കിൽ, അവ പരസ്പരം കടിക്കുകയും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ഇളംപ്രായത്തിലുള്ള ആൺ ഒട്ടകങ്ങൾ ചിലപ്പോൾ വല്ലാതെ അക്രമാസക്തമാകാറുണ്ട് ” ജക്കാര റബാരി പറഞ്ഞു. കോടതിവിധി വരുന്നതും കാത്ത് ആ ഗോരക്ഷാകേന്ദ്രത്തിൽ ക്യാമ്പ് ചെയ്യുകയാണ് ജാക്കറ.

ഒട്ടകങ്ങളെ തുറസ്സായ സ്ഥലത്ത് മേയ്ക്കാൻ വിടണമെന്ന് റബാരികൾ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. പൊലീസ് പിടിച്ചെടുത്ത ഒട്ടകങ്ങൾ ചത്തുപോയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം റബാരികൾക്ക് കഴിയുന്നത്ര വേഗം  തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട്, നാട്ടുകാരനായ അഭിഭാഷകൻ അഡ്വക്കേറ്റ് മനോജ് കല്ല കീഴ്ക്കോടതിയിൽ ഹരജി കൊടുത്തിട്ടുണ്ട്. ആ റബാരികളുടെ ബന്ധുക്കളും, പ്രദേശത്തുള്ള സമുദായാംഗങ്ങളും, വിവിധ സ്ഥലങ്ങളിൽനിന്ന് വന്ന ഉടമസ്ഥരും എല്ലാവരും ചേർന്നാണ് അഭിഭാഷകനും അവരവരുടെ താമസത്തിനും ഒട്ടകങ്ങളുടെ ഭക്ഷണത്തിനുമുള്ള ചിലവുകൾ സംഘടിപ്പിക്കുന്നത്.

അതേസമയം, പശുത്തൊഴുത്തുകളിലാണ് ഒട്ടകങ്ങളെ പാർപ്പിച്ചിരിക്കുന്നത്.

The 58 dromedaries have been kept in the open, in a large ground that's fenced all around. The Rabaris are worried about their well-being if the case drags on
PHOTO • Jaideep Hardikar
The 58 dromedaries have been kept in the open, in a large ground that's fenced all around. The Rabaris are worried about their well-being if the case drags on
PHOTO • Jaideep Hardikar

ചുറ്റും വേലികെട്ടിയ ഒരു വലിയ മൈതാനത്ത് തുറസ്സിൽ പാർപ്പിച്ചിരിക്കുകയാണ് ആ 58 ഒട്ടകങ്ങളെ . കേസ് നീണ്ടുപോയാൽ അവയ്ക്ക് എന്ത് സംഭവിക്കുമെന്നോർത്ത് ആധിയിലാണ് റബാരികൾ

“അവയെ തീറ്റിപ്പോറ്റാൻ ആദ്യം ഞങ്ങൾ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ അവയ്ക്കെന്തൊക്കെയാണ് കൊടുക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം. റബാരികളും അതിൽ ഞങ്ങളെ സഹായിക്കുന്നുണ്ട്” അമരാവതിയിലെ ഗോരക്ഷൺ സമിതിയുടെ സെക്രട്ടറി ദീപക് മന്ത്രി പറഞ്ഞു. “സമീപത്തായി ഞങ്ങൾക്ക് 300 ഏക്കർ കൃഷിഭൂമിയുണ്ട്. അവിടെനിന്നാണ് ഞങ്ങൾ ഒട്ടകങ്ങൾക്കുള്ള ഭക്ഷണങ്ങൾ എത്തിക്കുന്നത്. ഒന്നിനും യാതൊരു ക്ഷാമവുമില്ല”, അയാൾ അവകാശപ്പെട്ടു. പരിക്കുകളുണ്ടായിരുന്ന ചില ഒട്ടകങ്ങളെ പരിശോധിക്കാനും ചികിത്സിക്കാനും ഗോശാലയുടെതന്നെ മൃഗഡോക്ടർമാർ വന്നിരുന്നു. “അവയെ പരിപാലിക്കാൻ ഞങ്ങൾക്കിവിടെ യാതൊരു ബുദ്ധിമുട്ടുമില്ല”, അയാൾ ഉറപ്പിച്ച് പറയുന്നു.

എന്നാൽ, “ഒട്ടകങ്ങൾ തരം‌പോലെ ഭക്ഷണം  കഴിക്കുന്നില്ല” എന്നാണ് പർബ്ബത് റബാരി പറയുന്നത്. കോടതി അവയെ മോചിപ്പിച്ച് അതിന്‍റെ ഉടമസ്ഥർക്ക് തിരികെ കൊടുക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. “അവയ്ക്ക് ഇത് ജയിൽ പോലെയാണ്’, അയാൾ പറയുന്നു.

അതേസമയം ജാമ്യത്തിലിറങ്ങിയ വേർസിഭായും മറ്റ് നാലുപേരും തിരിച്ച് വീട്ടിലെത്താൻ കാത്തിരിക്കുകയാണ്. പക്ഷേ ഒട്ടകങ്ങളെ തിരിച്ചുകിട്ടിയതിനുശേഷം മാത്രമേ അവർ പോവാൻ ഒരുക്കമുള്ളു. “ജനുവരി 21 വെള്ളിയാഴ്ച, ധാമൻ‌ഗാംവിലെ (കീഴ്ക്കോടതി) മജിസ്ട്രേറ്റ് ആ അഞ്ച് ഇടയന്മാരോട് 58 ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ പറഞ്ഞിട്ടുണ്ട്”, റബാരികളെ പ്രതിനിധാനം ചെയുന്ന മനോജ കല്ല പാരി യോട് പറഞ്ഞു. “എവിടെനിന്നാണോ ഇവർ ഒട്ടകങ്ങളെ വാങ്ങിയത്, ആ ആളുകളുടെ കൈയ്യിൽനിന്നുള്ള രസീതികളായിരിക്കും അത്”

അതേസമയം, ഒട്ടകങ്ങളെ തിരിച്ചുകിട്ടാൻ കാത്തിരിക്കുന്ന റബാരികൾ അവരുടെ ബന്ധുക്കളോടും ഒട്ടകങ്ങളെ വാങ്ങിയവരോടുമൊപ്പം അമരാവതിയിലെ ഗോശാലയിൽ തമ്പടിച്ചിരിക്കുകയാണ്. എല്ലാ കണ്ണുകളും ഇപ്പോൾ ധമാൻ‌ഗാംവ് കോടതിയിലാണ്.

ഒട്ടകങ്ങളാവട്ടെ, ഒന്നും മനസ്സിലാവാതെ, തടവിലും.

പരിഭാഷ: രാജീവ് ചേലനാട്ട്

Jaideep Hardikar

जयदीप हार्दिकर, नागपुर स्थित पत्रकार-लेखक हैं और पारी की कोर टीम के सदस्य भी हैं.

की अन्य स्टोरी जयदीप हरडिकर
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat