ദീവാലിക്ക് പത്തുദിവസം മുമ്പ്, മുകേഷ് റാം മൊഹമ്മദ്പുർ ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് തിരിച്ചെത്തി. ഹിമാചൽ പ്രദേശിലെ സിം‌ല ജില്ലയിൽ, നിർമ്മാണത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അയാൾ.

ദീവാലിയുടെ ആറാമത്തെ ദിവസം അനുഷ്ഠിക്കുന്ന ചാട്ട് പൂജ നടത്താനായിട്ടാണ് ബിഹാറിലെ ഗോപാൽ‌ഗഞ്ച് ജില്ലയിലെ തന്റെ വീട്ടിലേക്ക് അയാൾ മടങ്ങിയത്. അയാൾ തിരിച്ചുവന്നതിലുള്ള സന്തോഷത്തിലായിരുന്നു ഭാര്യ പ്രഭാബതി ദേവിയും അവരുടെ നാല് കുട്ടികളും.

തിരിച്ചെത്തിയതിനുശേഷം, വീട്ടിൽനിന്ന് ആറ് കിലോമീറ്റർ അകലെയുള്ള മംഗൽ‌പുർ പുരാണാ ബസാറിലെ ഒരു നിർമ്മാണസൈറ്റിൽ അയാൾ ജോലിക്ക് കയറി.

2021 നവംബർ 2-ന് വൈകി വീട്ടിൽ തിരിച്ചെത്തിയ അയാൾ, കടുത്ത തലവേദന തോന്നുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞു.

പിറ്റേന്നും വേദനയ്ക്ക് ശമനമുണ്ടായില്ല. രാവിലെയായപ്പോഴേക്കും കണ്ണ് തുറക്കാൻ കഴിയാതെയായി മുകേഷിന്. ജോലിക്ക് പോകാൻ തയ്യാറായെങ്കിലും തീർത്തും അവശനായി അയാൾ.

അയാളുടെ ആരോഗ്യസ്ഥിതി കണ്ട് പ്രഭാബതി ഒരു കാർ വാടകയ്ക്കെടുത്ത് 35 കിലോമീറ്റർ അകലെയുള്ള ഗോപാൽ‌ഗഞ്ചിലെ ഒരു ആശുപത്രിയിലേക്ക് അയാളെ കൊണ്ടുപോയി. “രാവിലെ, ഞങ്ങൾ ആശുപത്രിയിലെത്തുമ്പോഴേക്കും അദ്ദേഹം മരിച്ചു. 11 മണിയായിരുന്നു സമയം”, അവർ പറയുന്നു.

ഭർത്താവിന്റെ മൃതദേഹവുമായി തിരിച്ച് വീട്ടിലെത്തിയ പ്രഭാബതിയെ കണ്ടത്, വീട് മുദ്രവെച്ച് പൂട്ടിയിരിക്കുന്നതാണ്. മൊഹമ്മദ്പുർ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർ വീട് റെയ്‌ഡ് ചെയ്തിരുന്നു.

The police sealed Mukesh and Prabhabati's house after filing an FIR, accusing him of selling illicit liquor.
PHOTO • Umesh Kumar Ray
Prabhabati was widowed by illegal hooch and made homeless by prohibition laws
PHOTO • Umesh Kumar Ray

ഇടത്ത്: വ്യാജമദ്യം വിറ്റുവെന്നാരോപിച്ച് എഫ്.ഐ.ആർ. ചുമത്തി, പൊലീസ് മുകേഷിന്റേയും പ്രഭാബതിയുടേയും വീട് മുദ്രവെച്ചിരുന്നു. വലത്ത്: വ്യാജമദ്യം പ്രഭാബതിയെ വിധവയാക്കുകയും, മദ്യനിരോധന നിയമം അവരെ ഭവനരഹിതയാക്കുകയും ചെയ്തു

“തിരിച്ചുവന്നപ്പോൾ ഞങ്ങളുടെ വീട് പൂട്ടി മുദ്രവെച്ചതായി കണ്ടു. എന്റെ ഭർത്താവിന്റെ മൃതദേഹം വീടിന് വെളിയിൽ വെക്കാൻ ഞാൻ നിർബന്ധിതയായി. കുറച്ച് വൈക്കോൽ കത്തിച്ച്, രാത്രി മുഴുവൻ ആകാശത്തിനു കീഴെ, ഞാനും എന്റെ മക്കളും കഴിഞ്ഞു”, അവർ ഓർത്തെടുക്കുന്നു.

“എനിക്കെന്റെ വീട് നഷ്ടപ്പെട്ടു. ഭർത്താവിനെയും. ഇത് വെറുതെ ചെയ്തതല്ല. എന്തെങ്കിലുമൊരു കാരണമുണ്ടാവണം”, അവർ പറയുന്നു.

*****

ഈ കഥ പ്രസിദ്ധീകരിക്കുന്ന 2023 ഏപ്രിൽ 14-ന്, വ്യാജമദ്യം കഴിച്ച് 26 മരണങ്ങൾകൂടി സംഭവിച്ചിട്ടുണ്ടെന്നും, കിഴക്കൻ ചമ്പാരനിലെ വ്യത്യസ്ത ഗ്രാമങ്ങളിൽ ഇനിയും നിരവധിയാളുകൾ അസുഖബാധിതരായിട്ടുണ്ടെന്നും ബിഹാർ പൊലീസിറക്കിയ ഒരു പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

2016-ലെ ബിഹാർ മദ്യനിരോധന, എക്സൈസ് ആക്ട്പ്രകാരം , വിദേശമദ്യവും നാടൻ മദ്യവും ഉണ്ടാക്കുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിക്കപ്പെട്ടിട്ടുണ്ട്.

അങ്ങിനെ, വ്യാജമദ്യം പ്രഭാബതിയെ വിധവയും, നിരോധനനിയമം ഭവനരഹിതയുമാക്കി.

മൊഹമ്മദ്പുർ സ്റ്റേഷനിലെ പൊലീസുകാർ, നാട്ടുകാരുടെ മൊഴി അടിസ്ഥാനമാക്കി ഒരു എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. മുകേഷ് മദ്യം വിൽക്കാറുണ്ടായിരുന്നുവെന്നും, അയാളുടെ വീട്ടിൽനിന്ന് 1.2 ലിറ്റർ നാടൻ മദ്യം കണ്ടുകെട്ടിയെന്നും ആ എഫ്.ഐ.ആറിൽ സൂചിപ്പിച്ചിരിക്കുന്നു. രഹസ്യവിവരം കിട്ടിയതനുസരിച്ച്, പൊലീസ് മുകേഷ് റാമിന്റെ വീട്ടിലെത്തുകയും 200 മില്ലിലിറ്റർ വീതമുള്ള, മദ്യമടങ്ങിയ ആറ് പോളിത്തീൻ കവറുകളും മൂന്ന് ഒഴിഞ്ഞ കവറുകളും കണ്ടെത്തിയെന്നുമായിരുന്നു ആ എഫ്.ഐ.ആറിൽ ഉണ്ടായിരുന്നത്.

Prabhabati shows a photo of her and Mukesh.
PHOTO • Umesh Kumar Ray
PHOTO • Umesh Kumar Ray

ഇടത്ത്: തന്റെയും മുകേഷിന്റെയും ഫോട്ടോ കാണിക്കുന്ന പ്രഭാബതി. വലത്ത്: അയാളുടെ മരണശേഷം, പ്രഭാബതി ദേവിയും നാല് മക്കളും, മൊഹമ്മദ്പുർ ഗ്രാമത്തിലെ അവരുടെ പഴയ വീടിന്റെയടുത്തുള്ള ഒരു താത്ക്കാലിക കുടിലിലാണ് താമസം

ഈ ആരോപണങ്ങളെ തള്ളിക്കൊണ്ട്, സീൽ ചെയ്ത, അസ്ബെസ്റ്റോസിന്റെ മേൽക്കൂരയുള്ള ഉറപ്പുള്ള തന്റെ വീട് പ്രഭാബതി പാരിക്ക് കാണിച്ചുതന്നു. “മദ്യം വിൽക്കുന്നവരുടെ വീടുകൾ പോയി നോക്കൂ. ഞങ്ങളും അത് ചെയ്തിരുന്നെങ്കിൽ, ഇതുപോലെയുള്ള വീടുണ്ടാവുമായിരുന്നോ?”

തന്റെ വീട്ടിൽ വ്യാജമദ്യം വിറ്റിരുന്നു എന്ന പൊലീസിന്റെ എഫ്.ഐ.ആറും ആരോപണവും അവർ നിഷേധിച്ചു. “എന്റെ ഭർത്താവ് അത് ചെയ്തിരുന്നെങ്കിൽ ഞാൻ‌തന്നെ പോലീസിൽ പോയി പരാതി പറഞ്ഞേനേ”, അവർ പറയുന്നു.

“നിങ്ങൾക്ക് പോയി ഗ്രാമീണരോട് ചോദിച്ചുനോക്കാം. അദ്ദേഹം ഒരു കല്ലാശാരിയായിട്ടാണ് ജോലി ചെയ്തിരുന്നതെന്ന് അവർ ഉറപ്പിച്ച് പറയും”. എന്നാൽ, തന്റെ ഭർത്താവ് വല്ലപ്പോഴും മദ്യപിക്കാറുണ്ടായിരുന്നുവെന്ന് അവർ സമ്മതിക്കുന്നു. “കൂട്ടുകാർ നിർബന്ധിക്കുമ്പോൾ വല്ലപ്പോഴും മാത്രമാണ് അദ്ദേഹം കുടിച്ചിരുന്നത്. തലവേദനയുമായി തിരിച്ചുവന്ന ദിവസം, കുടിച്ചിരുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞില്ല”.

മുകേഷിന്റെ മൃതദേഹം പരിശോധനയ്ക്ക് അയക്കുകയുണ്ടായില്ല. അതിനാൽ എന്താണ് സംഭവിച്ചതെന്നറിയാനുള്ള അവസരം അവർക്കൊരിക്കലുമുണ്ടാവുകയുമില്ല.

*****

യു.പി.-ബിഹാർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സിധ്ബാലിയ ബ്ലോക്കിലെ മൊഹമ്മദ്പുർ ഗ്രാമത്തിലെ ജനസംഖ്യ 7,273 (സെൻസസ് 2011) ആണ്. അതിൽ ഏകദേശം പത്തിലൊരു ഭാഗം (628) പട്ടികജാതി സമുദായങ്ങളാണ്. മിക്കവരും തൊഴിലന്വേഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നു. സാധിക്കാത്തവർ നാട്ടിൽത്തന്നെ ദിവസക്കൂലിത്തൊഴിലാളികളായി ജോലിയെടുക്കുകയും ചെയ്യുന്നു.

മുകേഷിന്റെ ജീവനെടുത്ത ഗോപാൽഗഞ്ച് ജില്ലയിലെ വ്യാജമദ്യദുരന്തത്തിൽ 18 പേർ മരിച്ചിരുന്നു. അതിൽ 10 പേർ, മുകേഷിനെപ്പോലെ ചാമർ ജാതിയിൽ‌പ്പെട്ടവരാണ്. ബിഹാറിൽ മഹാദളിത് വിഭാഗത്തിൽ‌പ്പെട്ടവരാണ് ചാമർ സമുദായം. ചത്തുപോയ കന്നുകാലികളുടെ തൊലിയുരിക്കുക, അവ വിൽക്കുക എന്നതൊക്കെയാണ് അവരുടെ തൊഴിൽ.

After Mukesh's death, the family is struggling to managing their expenses.
PHOTO • Umesh Kumar Ray
Prabhabati with her children, Preeti, Sanju and Anshu (from left to right)
PHOTO • Umesh Kumar Ray

മുകേഷ് മരിച്ചതിനുശേഷം കുടുംബം ചിലവുകൾ നടത്താൻ ബുദ്ധിമുട്ടുകയാണ്. പ്രഭാബതി തന്റെ മക്കൾ, പ്രീതി, സഞ്ജു, അൻഷു (ഇടത്തുനിന്ന് വലത്തോട്ട്) എന്നിവരോടൊപ്പം

ബിഹാർ സംസ്ഥാനത്ത്, വ്യാജമദ്യം കഴിച്ച് 72 പേർ മരിച്ചിട്ടുണ്ട്. 2016-നുശേഷം അത് 200 ആയി വർദ്ധിച്ചിരിക്കുന്നു. അവരുടെ കുടുംബങ്ങൾക്കൊന്നും ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.

പലപ്പോഴും പൊലീസും മറ്റ് ഉദ്യോഗസ്ഥരും ഇത്തരം മരണങ്ങളെ വ്യാജമദ്യത്തിന്റെ കണക്കിൽ‌ ഉൾപ്പെടുത്താത്തതിനാൽ കണക്കുകൾ തെറ്റാവാൻ സാധ്യതയുണ്ട്. മരണകാരണം വ്യാജമദ്യമാണെന്ന് സമ്മതിക്കാൻ പൊലീസ് പലപ്പോഴും വിസമ്മതിക്കുകയും ചെയ്യുന്നു.

*****

മുൻ‌കൂട്ടി പറയാതെയാണ് പ്രഭാബതിയുടെ വീട് മുദ്രവെച്ചത്. അതിനാൽ, തുണികൾ, കിടക്ക, ഭക്ഷണം തുടങ്ങിയ അത്യാവശ്യസാധനങ്ങൾപോലും അവർക്ക് എടുക്കാൻ കഴിഞ്ഞില്ല. ഭർത്തൃസഹോദരിയും അയൽക്കാരുമാണ് അപ്പൊൾ സഹായത്തിനെത്തിയത്.

സിംലയിൽ ജോലി ചെയ്യുമ്പോൾ മുകേഷ് എല്ലാ മാസവും 5,000 – 10,000 രൂപ വീട്ടിലേക്ക് അയക്കുമായിരുന്നു. അയാളുടെ മരണശേഷം, നാല് കുട്ടികളെ – പെൺകുട്ടികളായ 15-ഉം 11-ഉം വയസ്സുള്ള സഞ്ജു, പ്രീതി എന്നിവരും, ആൺകുട്ടികളായ 7-ഉം, 5-ഉം വയസ്സുള്ള ദീപക്ക്, അൻഷു എന്നിവരും – പോറ്റാൻ പ്രഭാബതി കർഷകത്തൊഴിലാളിയായി ജോലിചെയ്യുന്നു. എന്നാൽ കൊല്ലത്തിൽ രണ്ടുമാസം മാത്രമേ ജോലിയുണ്ടാവൂ. ബാക്കിയുള്ള കാലത്ത്, പ്രതിമാസം കിട്ടുന്ന വിധവാ പെൻഷനായ 400 രൂപകൊണ്ടുവേണം ജീവിക്കാൻ.

കഴിഞ്ഞ വർഷം അവർ 10 കത്ത (ഏകദേശ, 0.01 ഏക്കർ) പങ്കാളിത്ത അടിസ്ഥാനത്തിൽ പാട്ടത്തിനെടുത്ത് നെല്ല് കൃഷി ചെയ്ത്. 250 കിലോഗ്രാം അരി വിളവെടുത്തു. ഭൂവുടമ അവർക്ക് വിത്തുകളും, പ്രഭാബതിയുടെ സഹോദരി വളവും കമ്പോസ്റ്റും മറ്റും വാങ്ങാൻ 3,000 രൂപയും കൊടുത്തിരുന്നു.

മുകേഷിന്റേയും പ്രഭാബതിയുടേയും മൂത്ത മകൻ ദീപക്ക് ചെറിയമ്മയുടെ കൂടെയാണ് താമസം. അവർ അവന്റ് വിദ്യാഭ്യാസം ഏറ്റെടുത്തിട്ടുണ്ട്. 500 രൂപയും 1,000 രൂപയും പലരിൽനിന്ന് കടം വാങ്ങിയ വകയിൽ പ്രഭാബതിക്ക് ഒരു 10,000 രൂപയുടെ കടവുമുണ്ട്. അതിനെ അവർ കടമായിട്ടല്ല ഒരു സഹായം എന്ന നിലയ്ക്കാണ് കാണുന്നത്. “ഒരാളോട് 500 ചോദിക്കും, മറ്റൊരാളോട് 1,000. കുറച്ചുദിവസങ്ങൾക്കുള്ളിൽ ഞാനത് തിരിച്ചുകൊടുക്കുകയും ചെയ്യും. അതുകൊണ്ട് പലിശ കൊടുക്കേണ്ടിവരാറില്ല”, അവർ പറയുന്നു.

Prabhabati has leased 10 kattha of land to cultivate paddy.
PHOTO • Umesh Kumar Ray
She stands next to small shop she was given by the Bihar government as part of a poverty alleviation scheme
PHOTO • Umesh Kumar Ray

നെല്ല് കൃഷി ചെയ്യാൻ 10 കത്ത സ്ഥലം പ്രഭാബതി പാട്ടത്തിനെടുത്തിട്ടുണ്ട്. ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെടുത്തി ബിഹാർ സർക്കാർ നൽകിയ ചെറിയൊരു കടയുടെ (വലത്ത്) മുമ്പിൽ പ്രഭാബതി

മുകേഷ് മരിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾ പ്രഭാബതിക്ക് ബിഹാർ സർക്കാർ, ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയുടെ കീഴിൽ ഒരു ചെറിയ കടയും (മരംകൊണ്ട് നിർമ്മിച്ച ചെറിയൊരു കട) 20,000 രൂപയ്ക്കുള്ള സാധനങ്ങളും നൽകി. “സർഫ് (അലക്കുപൊടി), കുർകുറെ (കറുമുറു സാധനം), ബിസ്ക്കറ്റ്, ഇതൊക്കെയാണ് വിൽക്കാൻ തന്നത്. ലാഭം വളരെ കുറവാണ്. ദിവസം അവസാനിക്കുമ്പോൾ 10 രൂപ കിട്ടും. എന്റെ കുട്ടികൾ ആ 10 രൂപകൊണ്ട് തിന്നാൻ എന്തെങ്കിലും വാങ്ങും. എങ്ങിനെ ലാഭമുണ്ടാക്കാനാണ്? അതിനും പുറമേ എനിക്ക് ചിലപ്പോൾ അസുഖമാവും. കടയിൽനിന്ന് കിട്ടുന്നതൊക്കെ ചികിത്സയ്ക്ക് ചിലവാകും”, അവർ പറയുന്നു.

ഭാവിയെക്കുറിച്ചോർത്ത് പ്രഭാബതിക്ക് ആശങ്കയുണ്ട്. “കുട്ടികളെ എങ്ങിനെ വളർത്തും? പെണ്മക്കളെ എങ്ങിനെ വിവാഹം ചെയ്യിപ്പിക്കും? ആലോചിക്കുമ്പോൾത്തന്നെ തല പെരുക്കുന്നു. ക്ഷീണിക്കുന്നതുവരെ ഞാൻ ചിലപ്പോൾ കരയും. കുട്ടികളെ പോറ്റാനും അവർക്ക് ഭക്ഷണം നൽകാനും ഞാൻ എന്ത് ചെയ്യും, എവിടെപ്പോവും എന്നൊക്കെയാണ് എന്റെ പേടി. എന്റെ ശത്രുക്കൾക്കുപോലും ഈ സങ്കടവും ദുരിതവും വരുത്തല്ലേ”.

ഭർത്താവിന്റെ മരണം ആ കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിനീക്കിയിരിക്കുന്നു. “അദ്ദേഹമുണ്ടായിരുന്നപ്പോൾ ഞങ്ങൾ ഇറച്ചിയും മീനുമൊക്കെ വാങ്ങാറുണ്ടായിരുന്നു. അദ്ദേഹം പോയതിൽ‌പ്പിന്നെ പച്ചക്കറികൾപോലും വാങ്ങാൻ സാധിക്കാതെയായി. സർക്കാരിൽനിന്ന് എന്തെങ്കിലും സഹായവും പണവും കിട്ടാൻ പാകത്തിൽ ഇതൊക്കെ ഒന്ന് നന്നായി എഴുതണേ”, നിരാശയോടെ അവർ പറയുന്നു.

സംസ്ഥാനത്തിലെ അധസ്ഥിതരുടെ സമരങ്ങളുടെ മുന്നിൽനിന്ന് പ്രവർത്തിച്ച ബിഹാറിലെ ഒരു തൊഴിലാളി നേതാവിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റിപ്പോർട്ടാണിത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Umesh Kumar Ray

उमेश कुमार राय साल 2022 के पारी फेलो हैं. वह बिहार स्थित स्वतंत्र पत्रकार हैं और हाशिए के समुदायों से जुड़े मुद्दों पर लिखते हैं.

की अन्य स्टोरी Umesh Kumar Ray
Editor : Devesh

देवेश एक कवि, पत्रकार, फ़िल्ममेकर, और अनुवादक हैं. वह पीपल्स आर्काइव ऑफ़ रूरल इंडिया के हिन्दी एडिटर हैं और बतौर ‘ट्रांसलेशंस एडिटर: हिन्दी’ भी काम करते हैं.

की अन्य स्टोरी Devesh
Editor : Sanviti Iyer

संविति अय्यर, पीपल्स आर्काइव ऑफ़ रूरल इंडिया में बतौर कंटेंट कोऑर्डिनेटर कार्यरत हैं. वह छात्रों के साथ भी काम करती हैं, और ग्रामीण भारत की समस्याओं को दर्ज करने में उनकी मदद करती हैं.

की अन्य स्टोरी Sanviti Iyer
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat