ചൂടുള്ള ഒരുദിവസം ഉച്ച കഴിഞ്ഞനേരം അക്രാണി താലൂക്കിലെ ദഡ്ഗാവ് പ്രദേശത്ത് സാരിത്തലപ്പ് കൊണ്ട് തലമറച്ചുകൊണ്ട് ശേവന്താ തഡ്വി തന്‍റെ ചെറിയ ആട്ടിൻപറ്റത്തിന് പിന്നാലെ ഓടുകയായിരുന്നു. ഒരു ചെറിയ ആട്ടിൻകുട്ടി അടുത്തുളള കുറ്റിക്കാട്ടിലേക്ക്, അല്ലെങ്കിൽ മറ്റാരുടെയോ കൃഷിയിടത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ അവർ കമ്പുകൊണ്ട് നിലത്ത് തട്ടി അതിനെ തിരിച്ച് കൂട്ടത്തിലേക്ക് ചേർത്തു. "എനിക്കിവയെ നന്നായി നോക്കണം. ചെറുതുകൾക്ക് കുസൃതി കൂടുതലാണ്. അവ എങ്ങോട്ടും ഓടും”, അവർ ചിരിച്ചു. "ഇപ്പോൾ അവയെനിക്ക് എന്‍റെ കുട്ടികളെപ്പോലെയാണ്.”
നന്ദൂർബാർ ജില്ലയിലെ ഹരൺഖുരി ഗ്രാമത്തിലെ മഹാരാജപാഡ ഊരിലെ തന്‍റെ വീട്ടിൽനിന്നും ഏകദേശം 4 കിലോമീറ്ററുകൾ അകലെയുള്ള കാട്ടിലേക്ക് അവർ നടന്നു. തന്‍റെ ആടുകളുടെയും, പാടുന്ന പക്ഷികളുടെയും, മർമരശബ്ദം കേള്‍പ്പിക്കുന്ന മരങ്ങളുടെയും ഇടയിൽ അവർ സ്വതന്ത്രയായിരുന്നു. വന്ധ്യയായ സ്ത്രീ, ശപിക്കപ്പെട്ട സ്ത്രീ, ദുഷ്ട എന്നിങ്ങനെ വിവാഹാനന്തരം 12 വർഷങ്ങളായി കേട്ടുകൊണ്ടിരുന്ന പഴികളില്‍നിന്നും അവർ സ്വതന്ത്രയായിരുന്നു.
“കുട്ടികളുണ്ടാകാത്ത പുരുഷന്മാരെ വിശേഷിപ്പിക്കാന്‍ എന്തുകൊണ്ട് മോശപ്പെട്ട പദങ്ങളില്ല?”, ശേവന്ത ചോദിച്ചു.
ഇപ്പോൾ 25 വയസ്സുള്ള ശേവന്ത (അവരുടെ യഥാർത്ഥ പേരല്ല) 14-ാം വയസ്സിൽ വിവാഹിതയായതാണ്. അവരുടെ ഭർത്താവും കർഷകത്തൊഴിലാളിയുമായ 32-കാരനായ രവിക്ക് പണിയുള്ളപ്പോൾ 150 രൂപയാണ് ദിവസക്കൂലി ലഭിക്കുന്നത്. അയാൾ മദ്യപനുമാണ്. മഹാരാഷ്ട്രയിലെ ആദിവാസികൾ കൂടുതലുള്ള ഈ ഈ ജില്ലയിലെ ഭിൽ ആദിവാസി സമുദായത്തില്‍പ്പെടുന്നവരാണ് അവർ. കഴിഞ്ഞ രാത്രി രവി (യഥാർത്ഥ പേരല്ല) തന്നെ വീണ്ടും തല്ലിയെന്ന് ശേവന്ത പറഞ്ഞു. "പുതിയ കാര്യമല്ല”, എന്ന അര്‍ത്ഥത്തില്‍ അവർ തോൾ വെട്ടിച്ചു. "അയാൾക്കൊരു കുഞ്ഞിനെ കൊടുക്കാൻ എനിക്കു കഴിയില്ല. എന്‍റെ ഗർഭപാത്രത്തിന് കുഴപ്പമാണ്, വീണ്ടും എനിക്ക് ഗർഭിണിയാകാൻ കഴിയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.”
കുഴപ്പമുളള്ള ഗർഭപാത്രമെന്ന് ശേവന്ത പറയുന്നത് 2010-ൽ ധഡ്ഗാവ് ഗ്രാമീണ ആശുപത്രിയിൽ തനിക്കുണ്ടെന്ന് സ്ഥിരീകരിച്ച പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പി.സി.ഓ.എസ്.) എന്ന അവസ്ഥയെക്കുറിച്ചാണ്. ഗർഭം അലസിയതിനെത്തുടർന്നാണ് ഇങ്ങനൊരു പ്രശ്നം കണ്ടെത്തിയത്. ആ സമയത്ത് അവർക്ക് 15 വയസ്സായിരുന്നു പ്രായം - മൂന്നു ദിവസം ഗർഭിണിയും.
പി.സി.ഓ.എസ്. എന്നത് പ്രത്യുൽപാദന പ്രായത്തിലുള്ള ചില സ്ത്രീകളിൽ കണ്ടുവരുന്ന ഹോർമോൺ തകരാറാണ്. ഇത് വിരളമായതൊ ക്രമരഹിതമായതൊ അതുമല്ലെങ്കില്‍ നീണ്ടുനിൽക്കുന്നതൊ ആയ ആർത്തവ ചക്രങ്ങൾക്കും, ഉയർന്ന ആൻഡ്രജൻ അളവിനും, അണ്ഡങ്ങൾക്ക് ചുറ്റുമുള്ള ലഘുപേശി മൂലം അണ്ഡാശയങ്ങൾ വലുതാകുന്നതിനും കാരണമാകുന്നു. ഈ തകരാര്‍ വന്ധ്യതയ്ക്കും ഗർഭം അലസുന്നതിനും അകാല ശിശുജനനത്തിനും കാരണമാകും.
"പി.സി.ഓ.എസ്. കൂടാതെ വിളർച്ച, അരിവാള്‍ രോഗം, കുറഞ്ഞ ശുചിത്വം, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവയും സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമാകുന്നു”, മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഓബ്സ്റ്റെട്രിക് ആൻഡ് ഗൈനോക്കളജിക്കൽ സൊസൈറ്റീസ് ഓഫ് ഇൻഡ്യയുടെ ചെയർപേഴ്സൺ ആയ ഡോ. കോമൾ ചവാൻ പറഞ്ഞു.
2010-ലെ മെയ് മാസം ശേവന്ത വിശദമായി ഓർമ്മിക്കുന്നു – തന്‍റെ ഗർഭം അലസിപ്പോവുകയും തനിക്ക് പി.സി.ഓ.എസ്. ആണെന്ന് കണ്ടെത്തുകയും ചെയ്ത സമയം. പാടത്ത് പണിയെടുത്തു കൊണ്ടിരുന്ന അവളുടെ ശിരസ്സിലേക്ക് കനത്ത വെയിൽ അടിക്കുകയായിരുന്നു. "രാവിലെ മുതൽ എന്‍റെ അടിവയറ്റിൽ വേദനയുണ്ടായിരുന്നു”, അവർ ഓർമ്മിച്ചെടുത്തു. “ഡോക്ടറെ കാണുന്നതിനായി കൂടെവരാൻ ഭർത്താവ് വിസമ്മതിച്ചപ്പോൾ വേദന അവഗണിച്ച് ഞാൻ ജോലിക്കു പോയി.” ഉച്ച കഴിഞ്ഞപ്പോൾ വേദന അസഹ്യമായി. “എനിക്ക് രക്തം പോകാൻ ആരംഭിച്ചു. എന്‍റെ സാരി മുഴുവൻ രക്തത്തിൽ കുതിർന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു”, അവർ പറഞ്ഞു. ബോധം നഷ്ടപ്പെട്ടപ്പോൾ മറ്റ് കർഷകത്തൊഴിലാളികൾ അവരെ 2 കിലോമീറ്റർ അകലെയുള്ള ധഡ്ഗാവ് ആശുപത്രിയിലെത്തിച്ചു.
പി.സി.ഓ.എസ്. നിർണ്ണയിച്ചു കഴിഞ്ഞതിനു ശേഷം അവരുടെ ജീവിതം ഒരിക്കലും പഴയതുപോലെ ആയി മാറിയില്ല.
വന്ധ്യതയ്ക്ക് കാരണമാകുന്ന ഒരു ശാരീരിക പ്രശ്നം ശേവന്തയ്ക്കുണ്ടെന്ന കാര്യം അവരുടെ ഭർത്താവ് സമ്മതിച്ചിരുന്നില്ല. “ഡോക്ടറെ കാണുകപോലും ഇല്ലെങ്കിൽ എനിക്ക് ഗർഭിണിയാകാൻ പറ്റില്ലെന്ന് അയാൾ എങ്ങനറിയും?", ശേവന്ത ചോദിച്ചു. അതിനുപകരം അയാൾ അവളെ തുടർച്ചയായി സുരക്ഷിതമല്ലാത്ത ലൈഗിംകബന്ധത്തിന് വിധേയയാക്കി, ചിലപ്പോൾ ലൈംഗികാതിക്രമങ്ങൾക്കും. "അത്രയധികം ശ്രമിച്ചിട്ടും എനിക്ക് മാസമുറ ആകുമ്പോൾ അയാൾ നിരാശനാകുമായിരുന്നു. അതയാളെ കൂടുതൽ അക്രമാസക്തനാക്കി [ലൈംഗിക ബന്ധ സമയത്ത്]”, ശേവന്ത പറഞ്ഞു. "എനിക്കതിഷ്ടമല്ല [ലൈഗിംക ബന്ധം]”, അവൾ ഗൂഢമായി പറഞ്ഞു. "അതൊരുപാട് വേദനിപ്പിക്കുന്നു, ചിലപ്പോൾ എരിച്ചിലുണ്ടാക്കുന്നു, ചിലപ്പോൾ ചൊറിച്ചിൽ ഉണ്ടാക്കുന്നു. തുടക്കത്തിൽ ഞാൻ കരയുമായിരുന്നു, ക്രമേണ കരച്ചിൽ നിർത്തി.”
വന്ധ്യതയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ അപമാനവും അരക്ഷിതാവസ്ഥയും ഒറ്റപ്പെടലും തന്‍റെ വിധിയാണെന്ന് അവർ കരുതുന്നു. "വിവാഹിതയാകുന്നതിനു മുൻപ് ഞാൻ വളരെ സംസാരപ്രിയയായിരുന്നു. ഞാനിവിടെ ആദ്യം വന്നപ്പോൾ അയൽപക്കത്തുള്ള സ്ത്രീകളൊക്കെ വളരെ സൗഹാർദ്ദമുള്ളവരായിരുന്നു. പക്ഷെ വിവാഹം കഴിഞ്ഞു രണ്ടുവർഷത്തിനു ശേഷവും ഗർഭിണിയാകാൻ പറ്റിയില്ല എന്നു മനസ്സിലാക്കിയപ്പോൾ അവരെന്നെ ഒഴിവാക്കാൻ തുടങ്ങി. അവരുടെ നവജാത ശിശുക്കളെ എന്നിൽനിന്നവർ മാറ്റിനിർത്തി. ഞാനൊരു പാപിയാണെന്ന് അവർ പറയുന്നു.”
കുറച്ചു പാത്രങ്ങളും കട്ടകൾ കെട്ടിയുണ്ടാക്കിയ അടുപ്പുമുള്ള കുടുംബവക ഒറ്റമുറി വീട്ടിൽ ഒറ്റപ്പെട്ട് ജീവിച്ചു മടുത്ത ശേവന്തയ്ക്ക് ഭർത്താവ് വേറെ വിവാഹം കഴിക്കുമോയെന്നും ഭയമുണ്ട്. “എനിക്കൊരിടത്തും പോകാനില്ല”, അവർ പറഞ്ഞു. "എന്‍റെ മാതാപിതാക്കൾ പുല്ലുമേഞ്ഞ വീട്ടിൽ താമസിക്കുകയും മറ്റുള്ളവരുടെ പാടത്ത് പ്രതിദിനം 100 രൂപയ്ക്ക് പണിയെടുക്കുകയും ചെയ്യുന്നു. എന്‍റെ ഇളയ 4 സഹോദരിമാർ സ്വന്തം ജീവിതത്തിന്‍റെ തിരക്കിലാണ്. എന്‍റെ ഭർതൃ മാതാപിതാക്കൾ ഭർത്താവിന് പുതിയ വധുക്കളെ തേടുന്നു. അയാൾ ഉപേക്ഷിച്ചാൽ ഞാനെവിടെ പോകും?"
കർഷകത്തൊഴിലാളിയെന്ന നിലയില്‍ ദിവസം 100 രൂപ കൂലിക്ക് ഒരു വർഷം ഏകദേശം 160 ദിവസം ശേവന്ത പണി കണ്ടെത്തുന്നു. പ്രതിമാസം 1,000-1,500 രൂപ കിട്ടിയാൽ ശേവന്ത ഭാഗ്യവതിയായി. പക്ഷെ ആ ചെറിയ വരുമാനം വിനിയോഗിക്കുന്നതിൽപ്പോലും അവർക്ക് കാര്യമായ സ്വാതന്ത്ര്യമില്ല. “എനിക്ക് റേഷൻ കാർഡില്ല”, അവർ പറഞ്ഞു. അരി, മണിച്ചോളം പൊടി, എണ്ണ, മുളകുപൊടി, എന്നിവയ്ക്കൊക്കെയായി ഒരുമാസം 500 രൂപ ഞാൻ ചിലവാക്കും. ബാക്കി പണം ഭർത്താവെടുക്കും... ആശുപത്രിച്ചിലവു പോകട്ടെ, വീട്ടുചിലവിനുപോലും അയാൾ എനിക്കൊരു പണവും നൽകില്ല. ചോദിച്ചാൽ എന്നെ അടിക്കും. ഇടയ്ക്കൊക്കെ പണി ചെയ്തുണ്ടാക്കുന്ന പണം മദ്യപാനത്തിനല്ലാതെ മറ്റെന്തിനൊക്കെയാണ് ചിലവഴിക്കുന്നതെന്ന് എനിക്കറിയില്ല.”
തനിക്കു പ്രിയപ്പെട്ട 20-ലധികം ആടുകൾ ഉണ്ടായിരുന്ന സമയം അവർക്കുണ്ടായിരുന്നു. പക്ഷെ അവരുടെ ഭർത്താവ് അവയെ ഓരോന്നായി വിറ്റു. ഇപ്പോൾ 12 എണ്ണം മാത്രമാണുള്ളത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും ശേവന്ത കുറച്ചുപണം വന്ധ്യതാ ചികിത്സയ്ക്കായി മാറ്റി വയ്ക്കുന്നു. അവരുടെ ഊരിൽനിന്നും 61 കിലോമീറ്റർ അകലെ ശഹാദ പട്ടണത്തിലുള്ള ഒരു സ്വകാര്യ ഡോക്ടറുടെ അടുത്താണ് ചികിത്സ. അണ്ഡോത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള ക്ലോമിഫീൻ തെറാപ്പിക്കായി മൂന്നു മാസത്തേക്ക് 2015-ലും മറ്റൊരു മൂന്നു മാസത്തേക്ക് 2016-ലും 6,000 രൂപ അവർ ചിലവഴിച്ചിരുന്നു. "അന്ന് ധഡ്ഗാവ് ആശുപത്രിയിൽ മരുന്നൊന്നും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അമ്മയോടൊപ്പം ശഹാദയിലുള്ള ഒരു സ്വകാര്യ ക്ലിനിക്കിൽ ഞാൻ പോയി”, അവർ എന്നോടു പറഞ്ഞു.
ഇതേ ചികിത്സ 2018-ൽ സൗജന്യമായി അവർക്ക് ധഡ്ഗാവ് ഗ്രാമീണ ആശുപത്രിയിൽ ലഭിക്കുമായിരുന്നു, പക്ഷെ മൂന്നാം തവണയും ഇത് പരാജയപ്പെട്ടു. "അതിനുശേഷം ചികിത്സയെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ അവസാനിപ്പിച്ചു”, കീഴടങ്ങിയ ശേവന്ത പറഞ്ഞു. "എന്‍റെ ആടുകളാണ് ഇപ്പോൾ എന്‍റെ കുട്ടികൾ.”
30 കിടക്കകളുള്ള ധഡ്ഗാവിലെ ഗ്രാമീണ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും റൂറല്‍ ഹെൽത്ത് ഓഫീസറുമായ ഡോ. സന്തോഷ് പർമാർ പറയുന്നത് ഓരോ കേസിലും ചികിത്സ വ്യത്യസ്തമാണെന്നാണ്. ഈ ആശുപത്രിയിലേക്ക് ചുറ്റുവട്ടത്തുള്ള 150 ഗ്രാമങ്ങളിൽ നിന്നും പ്രതിദിനം രോഗികളെത്തുകയും ഔട്ട്പേഷ്യന്‍റ് വിഭാഗത്തിൽ ഏകദേശം 400 പേർ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു. "ചിലർക്ക് ക്ലോമിഫീൻ സിട്രേറ്റ്, ഗോണാഡോട്രോപിൻസ്, ബ്രോമോ ക്രിപ്റ്റൈൻ എന്നിവയൊക്കെ മതിയാവും. മറ്റു കേസുകളിൽ ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്), ഇൻട്രായൂട്ടറിൻ ഇൻസെമിനേഷൻ (ഐ.യു.ഐ.) എന്നിവ പോലുള്ള കൂടുതൽ സങ്കീര്‍ണ്ണമായ പ്രത്യുൽപാദന സാങ്കേതിക വിദ്യകൾ ആവശ്യമാണ്.”
പുരുഷബീജ പരിശോധന, അണുക്കളുടെ എണ്ണം, രക്തവും മൂത്രവും പരിശോധിക്കൽ,
ജനനേന്ദ്രിയം പരിശോധിക്കൽ എന്നിവയൊക്കെ ധഡ്ഗാവ് ആശുപത്രിയിൽ സാദ്ധ്യമാണെന്നും,
പക്ഷെ കൂടുതൽ വികസിതമായ വന്ധ്യതാ ചികിത്സ ഇവിടെയോ അല്ലെങ്കില്‍ നന്ദൂർബാർ സിവിൽ ആശുപത്രിയിലോ പോലും ലഭ്യമല്ലെന്നും പർമാർ നിരീക്ഷിക്കുന്നു.
"അതുകൊണ്ട് വന്ധ്യതയുള്ള ദമ്പതികൾ വലിയതോതിൽ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുന്നു,
അവിടെ ആയിരക്കണക്കിന് രൂപയും ചിലവാകുന്നു”, അദ്ദേഹം
കൂട്ടിച്ചേർത്തു. ഗർഭനിരോധന മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ മുതൽ മാതൃ ആരോഗ്യവും
നവജാതശിശു പരിചരണവും വരെ കൈകാര്യം ചെയ്യുന്ന ആശുപത്രിയിലെ ഒരേയൊരു
ഗൈനക്കോളജിസ്റ്റ് ആണ് പർമാർ.
ഇന്ത്യയിൽ വന്ധ്യതയുടെ വ്യാപനവുമായി ബന്ധപ്പെട്ട തെളിവുകൾ "വിരളവും കാലഹരണപ്പെട്ടതും” ആണെന്ന്
ഹെൽത്ത് പോളിസി ആൻഡ് പ്ലാനിംഗ്
എന്ന ജേർണലിൽ 2009-ൽ പ്രസിദ്ധീകരിച്ച
ഒരു
പ്രബന്ധം
ചൂണ്ടിക്കാട്ടുന്നു. ദേശീയ കുടുംബാരോഗ്യ
സർവേയുടെ (The
National Family Health Survey -
NFHS-4
;
2015-16) കണക്കുപ്രകാരം 40-44 പ്രായ വിഭാഗത്തിലുള്ള
3.6 ശതമാനം സ്ത്രീകൾ ഒരിക്കലും പ്രസവിക്കാത്തവരൊ കുട്ടികൾ
ഇല്ലാത്തവരൊ ആണ്. ജനസംഖ്യ സ്ഥിരതയോടെ നിർത്തുന്നതിനു പ്രാധാന്യം നല്‍കുന്നതിനാൽ വന്ധ്യത
തടയുന്നതും വന്ധ്യതാ പരിചരണവും പൊതു ആരോഗ്യ സുരക്ഷയിൽ അത്ര മുൻഗണന നൽകാത്തതൊ അവഗണിക്കപ്പെടുന്നതൊ
ആയ ഒരു ഘടകമാണ്.
"ജനന നിയന്ത്രണത്തിനായി ഗർഭനിരോധന ഉറകളും ഗുളികകളും സർക്കാർ അയയ്ക്കുന്നു; അതുപോലെ വന്ധ്യതയ്ക്കുള്ള ചികിത്സയും സർക്കാരിന് സൗജന്യമായി നൽകിക്കൂടെ?" ഇങ്ങനെ ചോദിക്കുന്നതിലൂടെ ഈയൊരു കാര്യമാണ് ശേവന്ത ചൂണ്ടിക്കാണിച്ചത്.
ഇൻഡ്യൻ ജേർണൽ ഓഫ് കമ്യൂണിറ്റി മെഡിസിനിൽ 12 സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് 2012-13-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയത് മിക്ക ജില്ല ആശുപത്രികളിലും വന്ധ്യത തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങളും രോഗനിർണ്ണയത്തിനുള്ള സൗകര്യങ്ങളും ഉണ്ടെന്നും, ഭൂരിപക്ഷം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അവ ഇല്ലെന്നുമാണ്. 94 ശതമാനം പി.എച്.സി.കളിലും 79 ശതമാനം സി.എച്.സി.കളിലും പുരുഷബീജ പരിശോധന ലഭ്യമല്ല. കൂടുതൽ വികസിതമായ ലബോറട്ടറി സേവനങ്ങൾ 42 ശതമാനം ജില്ല ആശുപത്രികളിലും ലഭ്യമാണ്, പക്ഷെ 8 ശതമാനം സി.എച്.സി.കളിലെ അവ ലഭ്യമായിട്ടുള്ളൂ. രോഗനിർണ്ണയത്തിനുള്ള ലാപ്പറോസ്കോപ്പി 25 ശതമാനം ജില്ല ആശുപത്രികളിലും, ഹിസ്റ്റെറോസ്കോപ്പി 8 ശതമാനം ജില്ല ആശുപത്രികളിലുമാണ് ലഭ്യമായിട്ടുള്ളത്. ഇവയിൽ 83 ശതമാനം ആശുപത്രികളില്‍ ക്ലോമിഫീൻ സൗകര്യങ്ങളോടും 33 ശതമാനം ആശുപത്രികളില്‍ ഗോണാഡോട്രോപിൻ സൗകര്യങ്ങളോടും കൂടിയ അണ്ഡോത്പാദന പ്രേരക (ovulation induction) ചികിത്സയുണ്ട്. സർവെ നടത്തിയ ഒരു ആരോഗ്യകേന്ദ്രത്തിലെയും ജീവനക്കാർക്ക് തങ്ങളുടെ സേവനകാലയളവില്‍, വന്ധ്യത ചികിത്സാ നിർവ്വഹണവുമായി ബന്ധപ്പെട്ട്, ലഭിക്കേണ്ട പരിശീലനം ലഭിച്ചിട്ടില്ലെന്നും സർവെ വെളിപ്പെടുത്തുന്നു.
"ചികിത്സ ലഭ്യമാകുന്നത് ഒരു പ്രശ്നമാണ്, പക്ഷെ ഗ്രാമീണ ആരോഗ്യ രംഗത്ത് പ്രസവ ചികിത്സയ്ക്കുള്ള വിദഗ്ദരുടെ അഭാവമാണ് കൂടുതൽ പ്രധാനം”, ഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്‍റെ നാസിക് ഘടകത്തിന്‍റെ മുൻ പ്രസിഡന്‍റായ ഡോ. ചന്ദ്രകാന്ത് സങ്ക്ലേച ചൂണ്ടിക്കാണിച്ചു. “പരിശീലനം ലഭിച്ച യോഗ്യതയുള്ള ജീവനക്കാരും ഉയർന്ന സാങ്കേതികതയുള്ള ഉപകരണങ്ങളും വന്ധ്യത ചികിത്സയ്ക്ക് ആവശ്യമാണ്. സർക്കാരിന്‍റെ മുൻഗണനകൾ മാതൃആരോഗ്യവും നവജാതശിശു പരിചരണവുമായതിനാൽ താങ്ങാൻ പറ്റുന്ന ചിലവിൽ പി.എച്.സി.യിലോ സിവിൽ ആശുപത്രിയിലോ വന്ധ്യത ചികിത്സ ലഭ്യമാക്കുക എന്നത് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്.
ശേവന്തയുടെ ഊരിൽ നിന്നും 5 കിലോമീറ്റർ മാറി ബാരിസ്പാഡയിൽ പുല്ലുമേഞ്ഞ തന്‍റെ കുടിലിനു പുറത്ത് ഒരു പായയിൽ ഗീത വലവി വൻപയർ ഉണക്കാൻ നിരത്തുകയാണ്. 30-കാരിയായ ഗീത 45-കാരനായ സൂരജ് എന്ന കർഷകത്തൊഴിലാളിയെ വിവാഹം കഴിച്ചിട്ട് 17 വർഷമായി. വലിയ മദ്യപനാണയാൾ. അവരും ഭിൽ സമുദായത്തിൽ പെട്ടവരാണ്. പരിശോധന നടത്താൻ പ്രാദേശിക ആശാ പ്രവർത്തകയുടെ ആവർത്തിച്ചുള്ള ആവശ്യപ്പെടലിനു ശേഷം സൂരജിന് (യഥാർത്ഥ പേരല്ല) ബീജത്തിൽ എണ്ണക്കുറവുണ്ടെന്ന് 2010-ൽ സ്ഥിരീകരിച്ചു. അതിനു കുറച്ചു വർഷങ്ങൾക്കു മുൻപ് 2005-ൽ ഈ ദമ്പതികൾ ഒരു പെൺകുട്ടിയെ ദത്തെടുത്തിരുന്നു. പക്ഷെ ഗീതയുടെ ഭർതൃമാതാവും ഭർത്താവും പ്രസവിക്കാനുള്ള ശേഷിയില്ല എന്നു പറഞ്ഞുകൊണ്ട് അവരെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയായിരുന്നു. "കുഴപ്പങ്ങളൊക്കെ അയാളുടേതായിരുന്നപ്പോൾ, എന്‍റേതല്ലായിരുന്നപ്പോൾ, അയാൾ എന്നെ കുറ്റപ്പെടുത്തുകയായിരുന്നു. പക്ഷെ ഞാനൊരു സ്ത്രീയാണ്, ഏതെങ്കിലുമൊരാളെ എനിക്കു വിവാഹം കഴിക്കാൻ കഴിയില്ല”, ഗീത പറഞ്ഞു.
2019-ൽ ഗീതയ്ക്ക് (യഥാർത്ഥ പേരല്ല) തന്‍റെ ഒരേക്കർ നിലത്തുനിന്നും 20 കിലോഗ്രാം വൻപയറും ഒരു ക്വിന്‍റൽ മണിച്ചോളവും ലഭിച്ചു. "ഇത് വീട്ടിൽ കഴിക്കാനാണ്. എന്‍റെ ഭർത്താവ് പാടത്ത് ഒന്നും ചെയ്യില്ല. കാർഷികത്തൊഴിലിൽ നിന്നും ലഭിക്കുന്നതെല്ലാം കുടിച്ചും ചീട്ടുകളിച്ചും കളയും", ഗീത പറഞ്ഞു. ഞെരിച്ച പല്ലുകൾ അവരുടെ ദേഷ്യം വെളിവാക്കി. "അയാൾ വെറുതെ തിന്നുകയാണ്!”
"കുടിച്ചു വീട്ടിൽ വരുമ്പോൾ അയാളെന്നെ തൊഴിക്കും, ചിലപ്പോൾ വടികൊണ്ടടിക്കുകയും ചെയ്യും. ബോധം വരുമ്പോൾ എന്നോടൊട്ടും സംസാരിക്കുകയുമില്ല”, അവർ പറഞ്ഞു. വർഷങ്ങളായുള്ള ഗാർഹിക പീഡനം അവർക്ക് നടുവുവേദനയും തോളിലും കഴുത്തിലും തീരാവേദനയും ഉണ്ടാക്കിയിരിക്കുന്നു.
"ഞങ്ങൾ എന്‍റെ സഹോദരീ ഭര്‍ത്താവിന്‍റെ മകളെ ദത്തെടുത്തിട്ടുണ്ട്. പക്ഷെ എന്‍റെ ഭർത്താവിന് സ്വന്തം കുട്ടി വേണം, അതും ആൺകുട്ടി. അതുകൊണ്ട് ആശാതായ് പറഞ്ഞതുപോലെ കോൺഡം ഉപയോഗിക്കാൻ അയാൾ വിസമ്മതിക്കുന്നു, കുടിനിർത്താൻ വിസമ്മതിക്കുകയും ചെയ്യുന്നു”, ഗീത പറഞ്ഞു. ആശാ പ്രവർത്തക എല്ലാ ആഴ്ചയും അവരുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാൻ വരും. ബന്ധപ്പെടുമ്പോൾ വേദനയുണ്ടെന്നും വ്രണമുണ്ടാകുന്നുണ്ടെന്നും മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടെന്നും അസാധാരണമായ വെള്ളപോക്കുണ്ടെന്നും അടിവയറിനുതാഴെ വേദനയുണ്ടെന്നും പരാതിപ്പെട്ടതിൽപ്പിന്നെ ഭർത്താവ് കോൺഡം ഉപയോഗിക്കണമെന്നും അവർ നിർദ്ദേശിച്ചു. ഇതൊക്കെ ലൈംഗികമായി പകരുന്ന രോഗങ്ങളുടെയോ പ്രത്യുത്പാദന വ്യവസ്ഥയിലുള്ള അണുബാധയുടെയൊ തെളിവുകളാണ്.
വൈദ്യ പരിചരണം തേടണമെന്നും ആരോഗ്യ പ്രവർത്തക ഗീതയെ ഉപദേശിച്ചതാണ്. പക്ഷെ തന്‍റെ രോഗലക്ഷണങ്ങളെ അവഗണിച്ചുകൊണ്ട് പരിചരണം നടത്തുന്നതൊക്കെ അവർ നിർത്തി. " എന്തിനാണ് ഇപ്പോൾ ഒരു ഡോക്ടറെ കണ്ട് ചികിത്സിക്കുന്നത്?", ഗീത ചോദിച്ചു. "മരുന്നുകൾ എന്‍റെ ശാരീരിക വേദനകൾക്ക് ചികിത്സയാകുമായിരിക്കും, പക്ഷെ എന്‍റെ ഭർത്താവ് കുടി നിർത്തുമോ? അയാൾ എന്നെ പീഡിപ്പിക്കുന്നത് നിർത്തുമോ?"
വന്ധ്യതയുള്ള 4-5 ദമ്പതിമാരെയെങ്കിലും എല്ലാ മാസവും താൻ കാണുന്നുണ്ടെന്നും അവരുടെ പ്രധാനപ്രശ്നം മദ്യപനായ ഭർത്താവിന്‍റെ ബീജത്തിലുള്ള എണ്ണത്തിന്‍റെ കുറവാണെന്നും ഡോ. പര്‍മാര്‍ പറഞ്ഞു. "വന്ധ്യതയുടെ കാര്യത്തിൽ പുരുഷന്മാരുടെ ഭാഗത്തു നിന്നുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള അജ്ഞത സ്ത്രീകളെ വളരെ ക്രൂരമായി സമീപിക്കുന്നതിനു കാരണമാകുന്നു”, അദ്ദേഹം പറഞ്ഞു. "പക്ഷെ മിക്കപ്പോഴും സ്ത്രീകൾ ഒറ്റയ്ക്കാണ് വരുന്നത്. പക്ഷെ എല്ലാ പ്രശ്നങ്ങളും സ്ത്രീകളുടെമേൽ ആരോപിക്കാതെ പുരുഷന്മാർ കാര്യങ്ങൾ മനസ്സിലാക്കി പരിശോധനയ്ക്ക് വിധേയരാകേണ്ടത് പ്രധാനമാണ്.”
ജനസംഖ്യ സ്ഥിരതയോടെ നിർത്തുന്നതിനു പ്രാധാന്യം നല്‍കുന്നതിനാൽ വന്ധ്യത തടയുന്നതും വന്ധ്യതാ പരിചരണവും പൊതു ആരോഗ്യ സുരക്ഷയിൽ അത്ര മുൻഗണന നൽകാത്തതൊ അവഗണിക്കപ്പെടുന്നതൊ ആയ ഒരു ഘടകമാണ്. വന്ധ്യതയുടെ കാര്യത്തിൽ പുരുഷന്മാരുടെ ഭാഗത്തു നിന്നുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള അജ്ഞത സ്ത്രീകളെ വളരെ ക്രൂരമായി സമീപിക്കുന്നതിനു കാരണമാകുന്നു
മൂന്നു ദശകങ്ങളിലധികമായി കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിലെ ആദിവാസി മേഖലയിൽ പ്രത്യുത്പാദന ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോ. റാണി ബംഗ് വന്ധ്യതയെ വൈദ്യ പ്രശ്നം എന്നതിനേക്കാൾ ഒരു സാമൂഹ്യ പ്രശ്നമായാണ് വിവരിക്കുന്നത്. "പുരുഷ വന്ധ്യതയും ഒരു വലിയ പ്രശ്നമാണ്, പക്ഷെ വന്ധ്യതയെ ഒരു സ്ത്രീ പ്രശ്നമായാണ് കാണുന്നത്. ഈ മാനസികാവസ്ഥ മാറണം.”
ഹെൽത്ത് പോളിസി ആൻഡ് പ്ലാനിംഗ് എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു പ്രബന്ധത്തിൽ എഴുത്തുകാർ ഇപ്രകാരം നിരീക്ഷിക്കുന്നു: "ജനസംഖ്യയിലെ ചെറിയൊരു വിഭാഗം സ്ത്രീകളെയും ദമ്പതികളെയും മാത്രമെ വന്ധ്യത ബാധിച്ചിട്ടുള്ളെങ്കിലും ഇത് പ്രത്യുത്പാദന ആരോഗ്യവുമായും അവകാശങ്ങളുമായും ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്.”
8-ാം ക്ലാസ്സ് വരെ പഠിച്ച് 2003-ൽ 13-ാം വയസ്സിൽ വിവാഹിതയായ ഗീത ഒരു ബിരുദ ധാരിണിയാകണമെന്ന് ഒരിക്കൽ സ്വപ്നം കണ്ടിരുന്നു. ഇപ്പോൾ തന്‍റെ 20-കാരിയായ മകൾ ലത (യഥാർത്ഥ പേരല്ല) ആ സ്വപ്നം സാക്ഷാത്കരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ധഡ്ഗാവിലെ ഒരു ജൂനിയർ കോളേജിൽ ഇപ്പോൾ അവൾ 12-ാം ക്ലാസ്സിൽ പഠിക്കുന്നു. "അതുകൊണ്ട് അവൾ എന്‍റെ വയറ്റിൽ ജനിച്ചില്ലെങ്കിലെന്ത്? എന്‍റേതുപോലെ അവളുടെ ജീവിതം നിശിപ്പിക്കണമെന്ന് എനിക്കില്ല”, ഗീത പറഞ്ഞു.
വസ്ത്രധാരണം ആസ്വദിച്ച ഒരു സമയം ഗീതയ്ക്കുണ്ടായിരുന്നു. "മുടിയിൽ എണ്ണയിടാനും ശികകായ് കൊണ്ട് കഴുകാനും വെറുതെ കണ്ണാടിയിൽ നോക്കാനും ഞാൻ ഇഷ്ടപ്പെട്ടു.” മുഖത്ത് ടാൽക്കം പൗഡർ ഇടാനും മുടി ചീകുന്നതിനും മനോഹരമായി സാരി ധരിക്കുന്നതിനും അവർക്ക് വിശേഷ അവസരങ്ങൾ ആവശ്യമില്ലായിരുന്നു. പക്ഷെ വിവാഹിതയായി രണ്ടുവർഷത്തിനു ശേഷവും ഗർഭത്തിന്‍റെ ലക്ഷണമൊന്നും കാണാഞ്ഞതിനാൽ സുന്ദരിയായി നടക്കാൻ മാത്രം താത്പര്യപ്പെടുന്നവൾ എന്ന അർത്ഥത്തിൽ ഭർതൃമാതാവും ഭർത്താവും "നാണമില്ലാത്തവൾ” എന്ന് അവരെ വിളിക്കാൻ തുടങ്ങി. “സ്വന്തം കുട്ടിയില്ലാത്തതിൽ എനിക്കൊട്ടും മോശമായി തോന്നുന്നില്ല. പക്ഷെ സുന്ദരിയായി കാണപ്പെടാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്?”, അവർ ചോദിച്ചു.
ക്രമേണ ബന്ധുക്കൾ അവരെ വിവാഹത്തിനും പേരിടൽ ചടങ്ങുകൾക്കും കുടുംബ കൂട്ടായ്മകൾക്കും ക്ഷണിക്കുന്നത് നിർത്തി. സാമൂഹ്യ ഒഴിവാക്കൽ പൂർണ്ണമായിരുന്നു. "ആളുകൾ ഭർത്താവിനെയും ഭർതൃ മാതാപിതാക്കളെയും മാത്രം ക്ഷണിച്ചു. അവർക്കറിയില്ല എന്‍റെ ഭർത്താവിന്‍റെ ബീജത്തിന് ശക്തിയില്ലെന്ന്. ഞാൻ വന്ധ്യയല്ല. അയാളെക്കുറിച്ചറിഞ്ഞാൽ അവർ അയാളെ ക്ഷണിക്കുന്നതും നിർത്തുമോ?”, ഗീത ചോദിച്ചു.
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: റെന്നിമോന്‍ കെ. സി.