ഒന്നിന് 60 രൂപ നിരക്കിലാണ് അയാൾ ആ 'മഴത്തൊപ്പികൾ' വിറ്റിരുന്നത്. താൻ ഉണ്ടാക്കിയതല്ല ഈ തൊപ്പികൾ എന്ന് അയാൾ പറഞ്ഞു. അവയുടെ യഥാർത്ഥ നിർമ്മാതാക്കളുടെ - മലകളിൽ കഴിയുന്ന ആദിവാസികളുടെ - പക്കൽനിന്ന് ഈ തൊപ്പിയും അതുപോലെല മറ്റനവധി വസ്തുക്കളും വാങ്ങി, അവ വില്പന നടത്തുന്ന ഒരു ചെറുകിട കച്ചവടക്കാരൻ മാത്രമായിരുന്നു അയാൾ. ഒഡീഷയിലെ ഗഞ്ചം, കണ്ഡമാൽ ജില്ലകളുടെ അതിർത്തിപ്രദേശത്തുവെച്ചാണ് ഞങ്ങൾ അയാളെ കണ്ടുമുട്ടിയത്- 2009 ജൂണിൽ. മഴക്കാലം തുടങ്ങുന്ന നാളുകളിലൊന്നിൽ. മുളയും ഇലകളും ചേർത്ത് അതിസൂക്ഷ്മമായി നെയ്തെടുത്ത ഓരോ തൊപ്പിയും ഒരു കലാസൃഷ്ടിയായിരുന്നു. സൈക്കിളിൽ ദീർഘദൂരം സഞ്ചരിച്ച് തൊപ്പി ഒന്നിന് 60 രൂപവെച്ച് അയാൾ അവ വിൽക്കണമെങ്കിൽ, അതിലും എത്രയോ കുറഞ്ഞ തുകയ്ക്കാകണം അയാളത് ആദിവാസികളിൽനിന്ന് വാങ്ങിച്ചിട്ടുണ്ടാവുക.
ഗഞ്ചം ജില്ലയിൽ പാലാരി ( കാലാഹന്ദിയിൽ ഛാതുർ ) എന്നറിയപ്പെടുന്ന ഈ തൊപ്പിയുടെ പല വകഭേദങ്ങൾ കിഴക്കൻ ഇന്ത്യയിലും ചില കിഴക്കേഷ്യൻരാജ്യങ്ങളിലും കാണാനാകും. ഒഡീഷയിലെ ജനങ്ങൾ മഴക്കാലത്തിന്റെ തുടക്കത്തിൽ പാടത്ത് പണിയെടുക്കുമ്പോൾ ഇവ ധരിക്കുന്നത് ഞങ്ങൾ കണ്ടിരുന്നു. ബാക്കി സമയങ്ങളിലും ആളുകൾ ഈ തൊപ്പികൾ ധരിക്കാറുണ്ട് .പാടത്ത് പണിയെടുക്കുന്ന കർഷകരും തൊഴിലാളികളും പശുക്കളെ മേയ്ക്കുന്നവരും ആട്ടിടയന്മാരുമാണ് കൂടുതലും ഈ തൊപ്പി ഉപയോഗിക്കുന്നത്. എന്റെ സുഹൃത്തും സഹയാത്രികനുമായ പുരുഷോത്തം താക്കൂർ പറഞ്ഞത് ഈ തൊപ്പികൾ ‘പാവപ്പെട്ടവരുടെ കുടകൾ‘ ആണെന്നാണ്. പോയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കുടയുടെ ആകൃതി ഈ തൊപ്പിയ്ക്കുമുണ്ട്. ഉപയോഗിക്കുന്ന കാലമോ ആവശ്യമോ എന്തുതന്നെയാകട്ടെ, അവ ഓരോന്നും മനോഹരമായി നിർമ്മിക്കപ്പെട്ടവയാണ്.
പരിഭാഷ: പ്രതിഭ ആര്.കെ .